The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അഞ്ജു തങ്കച്ചൻ
പെട്ടന്നാണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നത് അയാൾ കണ്ടത്.
അതിൽ നിന്നും, നിളയുടെ അച്ഛനും അമ്മയും ഇറങ്ങി.
അച്ഛൻ ഇറങ്ങി ചെല്ലുന്നതും,അവരെ ചിരിയോടെ അകത്തേക്ക് ക്ഷണിക്കുന്നതും കണ്ടുകൊണ്ടാണ് ഗൗതം മുറ്റത്തേക്ക് കയറി വന്നത്.
ആ…ഗൗതം ഇവിടെ ഉണ്ടായിരുന്നോ ?
ഉവ്വ്. ഇന്ന് വർക്കിംഗ് ഡേ അല്ലല്ലോ അതുകൊണ്ട് എവിടേക്കും പോയില്ല
അവർ അകത്തു കയറി ഇരുന്നു.
അവരുടെ മുഖത്തേക്ക് നോക്കാൻ ഗൗതമിന് എന്തോ ഒരു മടി തോന്നി.
അല്ല,കുട്ടികൾ തമ്മിൽ എന്തോ ഒരു പിണക്കം.
എന്നാൽ പിന്നെ അതൊന്ന് ചോദിച്ചറിയാം എന്ന് കരുതി. പപ്പ ഗൗതമിന്റെ അച്ഛനോടായി പറഞ്ഞു.
അവർ ഇച്ചിരി പിണങ്ങിയൊക്കെ ഇരിക്കട്ടെടോ, ഒന്ന് പിണങ്ങി, ഇണങ്ങുന്നതിന്റെ സുഖം അവരും ഒന്നറിയട്ടെ…
ഗൗതമിന്റെ അച്ഛൻ ചിരിയോടെ പറഞ്ഞു.
അത് ശരിയാ….പക്ഷെ പിണക്കം മാറ്റാൻ രണ്ടാൾക്കും ഒരു മടി.
അതുകൊണ്ടാണ് ഞങ്ങൾ ഇന്നിങ്ങു വന്നത്.
അവർ ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ അവർക്കിടയിൽ ഉള്ളൂ.അച്ഛൻ പറഞ്ഞു.
ആയിരിക്കും. പക്ഷെ ഇവിടെ തെറ്റുകാർ നിളയോ, ഗൗതമോ അല്ല. ഞാനും ഇവളുമാണ്. നിളയുടെ പപ്പ പറഞ്ഞു.
ഞാൻ എന്നും ബിസിനസിന്റെ തിരക്കിലായിരുന്നു, നിളയുടെ അമ്മയും അവളുടെ ജോലിയിൽ കൂടുതൽ ശ്രെദ്ധ കൊടുത്തു.
ഞങ്ങൾ രണ്ടാളുടെയും തിരക്കുകൾക്കിടയിൽ, ഒരു കുഞ്ഞ് എന്ന സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
പക്ഷെ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ, ആഗ്രഹിച്ചു കിട്ടിയതല്ലെങ്കിലും ഞങ്ങൾ ആ കുഞ്ഞിനായി കാത്തിരുന്നു.
ജനിച്ചു മൂന്ന് മാസം ആയതോടെ അവളെ ജോലിക്കാരുടെ കൈകളിൽ ഏൽപ്പിച്ച് ഞങ്ങൾ വീണ്ടും, ഞങ്ങളുടെ ജോലിത്തിരക്കുകളിലേക്ക് പോയി.
അവൾക്ക് ഒരു കുറവുംഞങ്ങൾ ഉണ്ടാക്കിയില്ല. നോക്കാൻ ജോലിക്കാർ,ഇഷ്ട്ടം പോലെ പണം,അവൾക്കായി ഓരോന്നും വാങ്ങിക്കൂട്ടാൻ ഞങ്ങൾ മത്സരിച്ചു.
പക്ഷെ സ്നേഹം മാത്രം കൊടുത്തില്ല. അവൾക്കായി സമയം മാറ്റിവച്ചില്ല. അവളെ കേട്ടില്ല….
പപ്പയുടെ ശബ്ദം ഇടറി…
ഗൗതമിനൊപ്പം ജീവിതം തുടങ്ങിയപ്പോൾ അവൾ മുഴുവൻ സ്നേഹവും ഗൗതമിനുമാത്രമായി നൽകി.അവളുടെ ലോകം നീ മാത്രമായിപ്പോയി ഗൗതം.
സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ അവൾക്ക് കൊതിയാണ്.
സ്നേഹവും കരുതലും കൊണ്ട് അവൾ ഗൗതമിനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
എനിക്കറിയാം ഗൗതം ഒരുപാട് അഡ്ജസ്റ്റ് ചെയ്തു.
അവൾക്കിപ്പോൾ അവളുടെ തെറ്റുകൾ മനസിലായി…. ഗൗതമിനെ കാണണമെന്നും, വേദനിപ്പിച്ചതിൽ മാപ്പ് പറയണമെന്നും അവൾക്ക് ആഗ്രഹമുണ്ട്.നിളയുടെ അമ്മ പറഞ്ഞു.
അവൾക്ക് ഒരവസരം കൂടെ കൊടുക്കാൻ തനിക്കു പറ്റുമോടോ??
പപ്പ ഗൗതമിന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.
ചെല്ലടാ… പോയി എന്റെ കുട്ടിയെ ഇങ്ങ് വിളിച്ചുകൊണ്ടുവാ…
ഗൗതമിന്റെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ചെല്ലെടാ… എന്നിട്ട് വന്നാൽ മതി നീയിങ്ങോട്ട്…
ശരി അച്ഛാ…ഗൗതം പറഞ്ഞു..
അവളും കൂടെ വന്നിട്ടുണ്ട്.അമ്മ പറഞ്ഞു
എവിടെ…? ഗൗതം ചോദിച്ചു.
ആ പാടത്തിന്റെ അടുത്തെത്തിയപ്പോൾ അവൾ വണ്ടിയിൽ നിന്നിറങ്ങി. അവിടെ ഒരു ആമ്പൽക്കുളം ഉണ്ടല്ലോ അവിടെ നിൽപ്പുണ്ട്.
ശരി ഞാൻ പോയി വിളിച്ചോണ്ട് വരാം..
എന്നാൽ പോയി അവരെ വിളിച്ചോണ്ട് വാ..അമ്മ പറഞ്ഞു.
അവരോ? വേറെ ആരാ കൂടെ ഉള്ളത്?
അതൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം.
പപ്പ ചെറുചിരിയോടെ പറഞ്ഞു.
ഗൗതം ചെല്ലുമ്പോൾ നിള ആമ്പൽക്കുളത്തിനരികിൽ നിൽക്കുകയാണ്.
അവനെ കണ്ടതും അവൾ പുഞ്ചിരിച്ചു.
ആ നിറഞ്ഞ പുഞ്ചിരികണ്ടപ്പോൾ ഉള്ളിൽ ഉണ്ടായിരുന്ന സകല പിണക്കവും അലിഞ്ഞു പോകുന്നതും. പകരം ഹൃദയം സ്നേഹം കൊണ്ട് നിറയുന്നതും അവൻ തിരിച്ചറിഞ്ഞു.
ആരോ കൂടെ ഉണ്ടെന്ന് അമ്മ പറഞ്ഞു, എവിടെ?? ആരാ ഉള്ളത്??
അയാൾ ചുറ്റിലും നോക്കി.
ഇങ്ങനൊന്നും നോക്കിയാൽ കാണില്ല.
പിന്നെ…?
അവൾ ഗൗതമിന്റെ കൈ തന്റെ ഉദരത്തിലേക്കുചേർത്ത് വച്ചു.ദാ…. ഇവിടെയാണ് ആള് ഉള്ളത്.
അയാളുടെ കൈകളിൽ ഒരു വിറയൽ പടർന്നു. തന്റെ ജീവന്റെ ഒരംശം പിറവിഎടുത്തിരിക്കുകയാണ്….
അയാൾ അവളെ ചേർത്തണച്ച് ആ നെറുകിൽ ചുംബിച്ചു.
ഗൗതമിനെ ഞാൻ വല്ലാതെ വേദനിപ്പിച്ചു അല്ലേ??
അതൊന്നും ഇനിയോർക്കണ്ട. അപ്പോഴത്തെ ദേഷ്യത്തിന് ഞാനും എന്തൊക്കെയോ പറഞ്ഞു പോയി. അതൊക്കെ നമുക്ക് മറക്കാം.
അതെ ഗൗതം, കഴിഞ്ഞതെല്ലാംകഴിഞ്ഞു, ഒരിക്കൽക്കൂടി നമുക്ക് ശ്രെമിച്ചു നോക്കാമല്ലേ പരസ്പരം നോവിക്കാതിരിക്കാൻ.
ഉം…
ഒരു കാര്യം ഞാൻ തീരുമാനിച്ചിട്ടുണ്ട് ഗൗതം. നമ്മുടെ കുഞ്ഞ് സ്നേഹത്തിൽ നിന്നും… നമ്മുടെ അടങ്ങാത്ത മോഹത്തിൽ നിന്നും പിറവി കൊണ്ടതാണ്. ഈ കുഞ്ഞ് ഒരിക്കലും എന്നെപോലെ സ്നേഹം കിട്ടാതെ വളരരുത്.
ഇല്ലെടോ… നമ്മുടെ കുഞ്ഞല്ലേ… നമ്മൾ പൊന്നുപോലെ വളർത്തില്ലേ..
വളർത്തും അതെനിക്കറിയാം. നമുക്ക് ഇനി ഇവിടെ അച്ഛനോടൊപ്പം ജീവിച്ചാൽ മതി.ഒരിക്കൽ സ്വാർത്ഥതകൊണ്ട് ഞാൻ അച്ഛനിൽ നിന്നും അകന്നു.ഈ കുഞ്ഞ്, മണ്ണിന്റെ മണമറിഞ്ഞ്, നന്മയുള്ള മനുഷ്യനായി വളരണം,നമ്മുടെ അച്ഛനെപ്പോലെ…
അതിനിവിടം തന്നെയാണ് നല്ലത്.
ഗൗതം നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു.
ഇളം കാറ്റിൽ എവിടെ നിന്നോ ഒരമ്മയുടെ താരാട്ടിന്റെ ഈണം ഒഴുകി വരുന്നുണ്ടായിരുന്നു…
അത് കേട്ടതും അവർ പരസ്പരം നോക്കി.
ഒരു കുഞ്ഞിന്റെ അച്ഛനുമമ്മയുമാകുകയാണ് തങ്ങൾ എന്നറിയുമ്പോൾ മാത്രം അനുഭവിച്ചറിയാൻ കഴിയുന്ന ദിവ്യമായ ഒരനുഭൂതി അവരെ പൊതിഞ്ഞു.
അവളെ ചേർത്ത് പിടിച്ച് അയാൾ പതിയെ നടന്നു.
ഇനിയവർ ഒരിക്കലും പിണങ്ങാതിരിക്കട്ടെ.തിരുത്തലുകൾ അവരുടെ ജീവിതത്തെ ഏറെ മനോഹരമാക്കട്ടെ.
അല്ലെങ്കിലും സ്വാതന്ത്രത്തിന് തടസ്സം നിൽക്കാത്തപക്ഷം ,ദാമ്പത്യത്തിനോളം മധുരാനുഭൂതിപകരുന്ന മറ്റൊരു ബന്ധമില്ലല്ലോ ഉലകിൽ .
**********
ശുഭം.