10/05/2026

സ്നേഹമയി : ഭാഗം 31

രചന – ആരുണി കൃഷ്ണ

ഓരോ വരി വായിക്കും തോറും, മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…

“അപ്പോൾ ശ്രീയേട്ടൻ, എനിക്ക് വേണ്ടിയാണോ… പാടില്ല…. ”

******* ********** *********** ************

മിഥു ആ പപ്പേഴ്സിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു… മെൽബൺ യൂണിവേഴ്സിറ്റിയിൽ പി എച് ഡി ക്ക് ശ്രീയേട്ടന് അഡ്മിഷൻ ശരിയായതിന്റെ പേപ്പേഴ്സ്… അതും ഇന്ത്യയിൽ വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന കോമൺവെൽത്ത് സ്കോളർഷിപ്പോടെ… ഓസ്ട്രേലിയയിലേക്ക് ഉള്ള ടിക്കറ്റ് വിസ എല്ലാം അതിൽ ഉണ്ട്… അവൾ ഫ്ലൈറ്റ് ടിക്കറ്റിലെ ഡേറ്റും ടൈമും നോക്കി…

ഏപ്രിൽ 27, 9.30 pm !!!

“ഏപ്രിൽ 27 വിവാഹ ദിവസം…. ശ്രീയേട്ടൻ എന്നിട്ടും ഒരു വാക്ക് പോലും ഇതുവരെ പറഞ്ഞില്ലല്ലോ…എന്താ ഏട്ടന്റെ മനസ്സിൽ, ഇനി എനിക്ക് വേണ്ടി പോകുന്നില്ല എന്ന ചിന്തയോ മറ്റോ….. ”

മിഥുവിന്റെ കാതിൽ പണ്ട് മായ പറഞ്ഞ വാക്കുകൾ ഓർമ വന്നു…

“അച്ഛന്റെ കോടിക്കണക്കിനു വരുന്ന ബിസിനസ്സ് നോക്കി നടത്താൻ ഒന്നും ശ്രീയേട്ടന് താല്പര്യമില്ല… പി എച് ഡി ചെയ്യണം, കോളേജ് പ്രൊഫസ്സർ ആകണം..”

“ഒരിക്കൽ ശ്രീകുട്ടിയും പറഞ്ഞിട്ടില്ലേ ഏട്ടന് പുറത്ത് പോയി phd ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ടെന്ന്… അതിനു വേണ്ട പ്രോസീജുർസ്‌ എല്ലാം ഏട്ടൻ നോക്കുന്നുണ്ട് എന്നും പറഞ്ഞിരുന്നു അവൾ… പക്ഷെ അന്ന് ഏട്ടനോടുള്ള ദേഷ്യം കാരണം അതൊന്നും കാര്യമാക്കിയില്ല…ഇത്ര പ്രാധാന്യം ഉള്ളൊരു കാര്യം ഏട്ടൻ എല്ലാവരിൽ നിന്നും മറച്ചു വെച്ചെങ്കിൽ എന്തിനായിരിക്കും… വിവാഹദിവസം തന്നെയാണ് പോകേണ്ടത് എന്ന് അറിഞ്ഞിട്ട് കൂടി ശ്രീയേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ… ഏട്ടൻ പോകണം..ഒന്നിന്റെ പേരിലും ഏട്ടൻ തന്റെ സ്വപ്‌നങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല… ”
മിഥു അവളുടെ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ഒരു തീരുമാനം എടുത്തു…

പെട്ടന്ന് മുറിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ ആ ഫയൽ ടേബിളിൽ വെച്ചു തിരിഞ്ഞു നിന്നു…

“എന്റെ കൃഷ്ണാ, ശ്രീയേട്ടന്റെ ഒരു നോട്ടം കൊണ്ട് പോലും എന്റെ മനസ്സ് അശക്തമാകും എല്ലാം നേരിടാനുള്ള ശക്തി തരണേ ഭഗവാനെ… ”

ശ്രീ പിന്നിലൂടെ ചെന്ന് അവളെ ഇറുക്കെ പുണർന്നു…അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിൽ പതിഞ്ഞു… പക്ഷെ തിരിച്ചു പ്രതികരണം ഒന്നും ഇല്ലാതെ അവൾ നിന്നപ്പോൾ ശ്രീ അവളെ അവന് അഭിമുഖം ആയി തിരിച്ചു നിർത്തി…

“എന്താണ് ഈ ശ്രീരാമന്റെ സീതാദേവിയുടെ മുഖത്ത് ഒരു വിഷാദഭാവം… 2 ആഴ്ച ഇവിടുന്ന് മാറി നിൽക്കുന്നത് കൊണ്ടാണോ… എങ്കിൽ അത് പരിഹരിക്കണമല്ലോ… ”

അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ചു കൊണ്ടവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു… പക്ഷെ അവളുടെ കണ്ണുകളിൽ പതിവ് നാണമോ ചിരിയോ ഒന്നും ഇല്ലായിരുന്നു…. പകരം സങ്കടം മാത്രം… മിഥു അവന്റെ കൈകളെ അടർത്തി മാറ്റി പുറകിലേക്ക് മാറി…

“എന്താ മോളെ, നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ… ” മിഥുവിന്റെ മുഖം കൈകുമ്പിളിൽ കോരി എടുത്തുകൊണ്ടാവൻ ചോദിച്ചു… അവൾ ടേബിളിൽ നിന്ന് ആ ഫയൽ എടുത്ത് അവന് നേരെ നീട്ടിയതും ശ്രീ ഒന്ന് നടുങ്ങി…

“അത് മിഥു…. ”

“വേണ്ട ശ്രീയേട്ടാ, ഏട്ടന്റെ തീരുമാനം എന്താ എന്ന് എനിക്ക് അറിയണം… ”

“ഞാൻ പോകുന്നില്ല.. ”

“എന്ത്കൊണ്ട്…? ”

“എനിക്ക് താല്പര്യം ഇല്ല… ”

“ശ്രീയേട്ടന്റെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിച്ചു കളയാൻ മാത്രം എന്താ കാരണം എന്നാ എനിക്ക് അറിയേണ്ടത്… ”

“എനിക്ക് നിന്നെ വിട്ട് പോകാൻ കഴിയില്ല… ഇനിയും ഒരു അകൽച്ച എനിക്ക് കഴിയില്ല മിഥു… ഇതൊന്നും അല്ല എന്റെ ഏറ്റവും വലിയ സ്വപ്നം അത് നീ ആയിരുന്നു… എന്റെ 18 ആമത്തെ വയസ്സ് മുതൽ ഞാൻ മനസ്സിൽ താലോലിക്കുന്ന എന്റെ സ്വപ്നം… നിന്നെ എന്റെ നെഞ്ചോടു ചേർത്ത് നിർത്തുമ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമാ മിഥു എനിക്ക്… ”

അവൻ അത് പറഞ്ഞു അവളെ പുണരാൻ മുതിർന്നതും, മിഥു കൈകൾ കൊണ്ട് തടഞ്ഞു…

“പരസ്പരം പ്രണയിക്കുമ്പോൾ മനസ്സിൽ ഇങ്ങനെ പലതും തോന്നും ശ്രീയേട്ടാ, തന്റെ നല്ലപാതി മാത്രമാണ് നമ്മുടെ ലോകമെന്ന് നമ്മൾ സ്വയം കരുതും…എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവർക്ക് വേണ്ടി വേണ്ടെന്ന് വെക്കും, പക്ഷെ ഒന്നിച്ചു ജീവിച്ചു തുടങ്ങി കുറച്ചു കാലം കഴിയുമ്പോ ഈ പ്രണയം ഒക്കെ അവസാനിക്കും, അന്ന് നഷ്ടബോധം തോന്നും, ആ നഷ്ടം തന്റെ പങ്കാളി കാരണമാണെന്ന തോന്നലിൽ സ്വയം വേദനിക്കും, പരസ്പരം സ്നേഹിക്കാൻ പോലും മറന്ന് പോകും… ഇനി എല്ലാം ഉള്ളിൽ ഒതുക്കി നടന്നാലും എപ്പോഴെങ്കിലും ആ വേദന തികട്ടി വരും…. ശ്രീയേട്ടന്റെ ഭാവി തട്ടിതെറിപ്പിച്ചു കൊണ്ടൊരു ജീവിതം എനിക്ക് വേണ്ടാ… ”

“മിഥു, നീ ഇല്ലാതെ എന്റെ ജീവിതം പൂർണമാകില്ല.. ”

“ഞാൻ മാത്രം ആയാലും ശ്രീയേട്ടന്റെ ജീവിതം പൂർണമാകില്ല.. ആഗ്രഹിച്ചു കഷ്ടപ്പെട്ട് നേടിയെടുത്ത ഈ ഒരു അവസരം എപ്പോഴും കിട്ടിയെന്ന് വരില്ല… എനിക്ക് വേണ്ടി അത് ഉപേക്ഷിക്കാൻ ഞാൻ സമ്മതിക്കില്ല… ”

“മിഥു നീ എന്താ പറഞ്ഞു വരുന്നത്… ”

“ഏട്ടൻ ഓസ്ട്രേലിയയിലേക്ക് പോകണം… ”

“പറ്റില്ല… ഒരുപാട് കാത്തിരിപ്പിനും, സങ്കടങ്ങൾക്കും ശേഷമാ നിന്നെ എനിക്ക് കിട്ടിയത്… ഒത്തിരി അനുഭവിച്ചില്ലേ… ഇനിയും നിന്നെ തനിച്ചാക്കി പോകാൻ എനിക്ക് പറ്റില്ല… നിന്നെ ഒരിക്കലും ഒറ്റക്ക് ആക്കില്ല എന്ന് ഞാൻ നിന്റെ അമ്മയ്ക്കും, മനസ്സ് കൊണ്ട് നിന്റെ അച്ഛനും വാക്ക് കൊടുത്തതാ…പിന്നെ ഒരിക്കലും എന്റെ ഒരു സ്വപ്നനത്തിന്റെയും പേരിൽ നിനക്ക് വേദനിക്കേണ്ടി വരില്ല.. ”

“ഇല്ല, ഇപ്പൊ ശ്രീയേട്ടൻ നഷ്ടപ്പെടുത്തുന്ന ഈ അവസരം ഞാൻ കാരണം ആണെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.. അത് മനസ്സിൽ ഉള്ളിടത്തോളം നമ്മുടെ ജീവിതത്തിൽ എനിക്ക് സന്തോഷവും സമാധാനവും കിട്ടില്ല….അങ്ങനെ ഒരു ജീവിതത്തിന് എനിക്ക് താല്പര്യവും ഇല്ല… ”

“മിഥു…. ” ശ്രീയുടെ ശബ്ദം ഉയർന്നു…

“ഇനി ശ്രീയേട്ടൻ എങ്ങനെ പ്രതികരിച്ചാലും എനിക്ക് ഒന്നേ പറയാനുള്ളു… ഓസ്ട്രേലിയയിലേക്ക് പോകാം എന്ന് എനിക്ക് ഉറപ്പ് തന്നാൽ മാത്രമേ, ഏട്ടന്റെ ഭാര്യയായി ഞാൻ ഈ വീട്ടിൽ ഉണ്ടാവുള്ളു… ”

കണ്ണുകളിലൂടെ മിഴിനീർ, ചാലുകൾ ആയി ഒഴുകുമ്പോഴും അവളുടെ ശബ്ദം ദൃഢമായിരുന്നു…

“മിഥു… ”
ശ്രീയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു…

ഇരു കൈകളാൽ ശ്രീ അവളുടെ മുഖം കോരി എടുക്കാൻ തുനിയവെ അവൾ അത് കൈകളാൽ തട്ടി മാറ്റി ബാഗും ആയി പുറത്തേക്ക് ഇറങ്ങി… കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു പടികൾ ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ, ശ്രീയുടെ നെഞ്ചിൽ മുഖം ചേർത്ത് ഒന്ന് കരയാൻ അവളുടെ മനസ്സ് തുടിച്ചു…

“വേണ്ട, ശ്രീയേട്ടന്റെ സ്വപ്‌നങ്ങൾക്ക് ഞാൻ ഒരു തടസ്സം ആയി എന്ന് ഒരിക്കലും ആരും പറയാൻ പാടില്ല… എനിക്ക് അറിയാം മറ്റെന്തിലും അധികം ഇപ്പൊ എന്നെയാണ് ആഗ്രഹിക്കുന്നത് എന്ന് , സ്നേഹിക്കുന്നത് എന്ന്…പക്ഷെ വേണ്ട ശ്രീയേട്ടാ, ഈ കാര്യത്തിൽ ഞാൻ ഒരു സ്വാർത്ഥത കാണിച്ചാൽ നമ്മുടെ ജീവിതത്തിൽ എന്നും ഒരു വേദനയാകും അത്… ” പടികളിൽ നിന്ന് മിഥു ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് കണ്ട് ശ്രീപ്രിയ അടുത്തേക്ക് ചെന്നു…

“എന്താണ്, എന്റെ ഏട്ടത്തിയമ്മ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്… 2 ആഴ്ചത്തെ കാര്യമല്ലേ… അത് കഴിഞ്ഞു ഇങ്ങ് പോരാല്ലോ… പിന്നെ എന്നും കൂടെ കാണില്ലേ… ”

മിഥുവിന്റെ താടിയിൽ പിടിച്ചു ശ്രീക്കുട്ടി ചോദിച്ചതും അവൾ ചിരിച്ചെന്ന് വരുത്തി…

“എന്താണ് ഈ ചിരിക്ക് വോൾടേജ് പോരല്ലോ…? ”

“ഏയ്‌, ഒന്നുല്ല….? ”

“എന്റെ പൊന്ന് ഏട്ടത്തി, തൊട്ട് അപ്പുറത്ത് തന്നെ അല്ലെ… കാണാൻ തോന്നുമ്പോ ഇങ്ങ് ഓടി പോരേ എന്നും കോളേജിൽ വെച്ച് ഏട്ടനെ കാണുകയും ചെയ്യാം… ഇതിലും സൗകര്യം വേറെ ആർക്ക് കിട്ടും…”

“മ്മ്… “മിഥു വെറുതെ ഒന്ന് മൂളി..

“പിന്നെ നിശ്ചയത്തിന് രണ്ട് ദിവസം ഇവിടെ തന്നെ നിന്നേ പറ്റു.. ”

“ഞാൻ വരാഡി… ”

“മോള് ഇറങ്ങിയോ, ശ്രീക്കുട്ടൻ എവിടെ…? ”

“റൂമിലുണ്ട് അച്ഛാ…”

“ആ കൊണ്ട് വിടാം എന്ന് അവൻ പറഞ്ഞില്ലേ, എവിടെ… ”

എന്ത് പറയണം എന്ന് അറിയാതെ മിഥു ഒരു നിമിഷം നിന്നതും, പടികൾ ഇറങ്ങി താഴേക്ക് വന്നുകൊണ്ട് ശ്രീ പറഞ്ഞു…

” വാ , പോകാം.. ”

ഒന്ന് കാലെടുത്തു വെച്ചാൽ എത്തുന്ന ദൂരമേ കോട്ടൂരേക്ക് ഉള്ളു…. പക്ഷെ മിഥുവിന് ആ ദൂരം പോലും കൂടുതൽ ആയി തോന്നി… എത്രയും വേഗം ശ്രീയിൽ നിന്ന് ഓടി അകലാൻ അവൾ ആഗ്രഹിച്ചു, പക്ഷെ അതെ മനസ്സ് തന്നെ അവനോട് കൂടുതൽ ചേർന്ന് നിൽക്കാനും അവളോട്‌ പറഞ്ഞു… അവളുടെ മനസ്സിലെ ദ്വന്ദയുദ്ധം തുടർന്നു…

📌📌📌📌📌📌📌📌📌📌📌📌📌📌

കോട്ടൂർ എത്തിയതും മിഥുവിനെ നോക്കി എല്ലാവരും പുറത്ത് ഉണ്ടായിരുന്നു… അവൾ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി…ശ്രീക്ക് അവളോട്‌ ഒന്ന് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു… എല്ലാരോടും കുറച്ചു നേരം വർത്തമാനം പറഞ്ഞു അവൻ ശ്രീനിലയത്തിലേക്ക് മടങ്ങി…

ചെന്ന ഉടനെ മുറിയിൽ കയറി വാതിൽ അടച്ചു കട്ടിലിലേക്ക് വീഴുകയായിരുന്നു മിഥു … അതുവരെ മനസ്സിൽ പിടിച്ചു കെട്ടിയ സങ്കടങ്ങൾ അണപൊട്ടി ഒഴുകി… തലയിണ നനഞ്ഞു കുതിർന്നപ്പോൾ എഴുന്നേറ്റ് മുഖം അമർത്തി തുടച്ചുകൊണ്ട് അവൾ ഫോൺ കയ്യിലെടുത്തു…. ആമിയെ വിളിച്ചു കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി…

പിറ്റേന്ന് അതി രാവിലെ തന്നെ എഴുന്നേറ്റ്, കുളിച്ചൊരുങ്ങി മിഥുവും ഈശ്വരിയമ്മയും നിർമ്മാല്യം തൊഴാൻ കുടുംബ ക്ഷേത്രത്തിലേക്ക് പോയി… മടങ്ങി എത്തി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ, ബുള്ളറ്റുമായി ഗേറ്റിന് മുന്നിൽ ശ്രീ നിൽക്കുന്നു… ശ്രീയെ ശ്രദ്ധിക്കാതെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് അവളും പോയി…

ആമിയുടെ വീടിന് മുന്നിൽ അവൾ ഉണ്ടായിരുന്നു..

“ഡി, നിന്റെ കെട്ടിയോൻ ദേ പിന്നിൽ ഉണ്ടല്ലോ… എന്നാ പിന്നെ ഒന്നിച്ചു വന്നാ പോരായിരുന്നോ രണ്ടാൾക്കും…”

“ഒന്ന് മിണ്ടാതെ ഇരിക്കാൻ എന്തെങ്കിലും തരണോ ഞാൻ… ”

“ആ കേട്ടിയോനോട് വഴക്ക് ഇട്ടിട്ട് ഇനി എന്റെ മെക്കിട്ട് കേറിക്കോ … ഞാൻ ഒന്നും പറയുന്നില്ല… ”

കോളേജ് എത്തും വരെ ഇരുവരും മൗനമായി ഇരുന്നു…

അന്നത്തെ ക്ലാസ്സിൽ ശ്രീ ആകെ കലിപ്പിൽ ആയിരുന്നു… ഒന്നിച്ചു വരാൻ കൂട്ടാക്കാത്തതിന്റെ ദേഷ്യമാണെന്ന് മിഥുവിന് മനസ്സിലായി… ഇടയ്ക്കിടെ ശ്രീയുടെ നോട്ടം അവളിലേക്ക് പാളി വീഴുന്നുണ്ട്..
എല്ലാവരും അതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്… പക്ഷെ മിഥു മാത്രം കണ്ട ഭാവം നടിച്ചില്ല…

ക്ലാസ്സ്‌ കഴിഞ്ഞു ശ്രീ പോയതും, പലരും അവൾ കേൾക്കേയും അല്ലാതെയും അവളെ കളിയാക്കാൻ തുടങ്ങി…

“ഇങ്ങേരു കെട്ടിയോളോട് വഴക്കിട്ടിട്ട് വന്നതാണെന്ന് തോന്നുന്നു…. എന്തായിരിക്കും അളിയാ കാരണം… ”

“അത് ചിലപ്പോൾ കെട്ടിയോൾ അങ്ങേരെ പട്ടിണിക്ക് ഇട്ട് കാണുമെടാ…. ”

“ഹഹ…. “അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു..

“ഇവന്മാരെ ഇന്ന് ഞാൻ… ” ആമി കലിപ്പോടെ എഴുന്നേൽക്കാൻ തുടങ്ങിയതും മിഥു അവളെ തടഞ്ഞു… ആമിക്ക് അത്ഭുതം തോന്നി പഴയ മിഥു ആയിരുന്നെങ്കിൽ ഇപ്പൊ ആ പറഞ്ഞവന്റെ കരണം പുകഞ്ഞെനെ…അവൾ ആകെ വിഷമത്തിൽ ആണെന്ന് മനസ്സിലാക്കി, ആമി മിഥുവിനൊപ്പം തന്നെ നിന്നു…ശ്രീയുടെ മനസ്സിലും ആകെ സങ്കടം ആയിരുന്നു…

ദിവസങ്ങൾ കൊഴിഞ്ഞു, മിഥുവിന്റെ സമീപനത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല..… ശ്രീക്കുട്ടിക്ക് എൻഗേജ്മെന്റിനും മിഥുവിന്റെ ശ്രീയുടെയും വിവാഹത്തിനും ഡ്രെസ്സും ഒർണമെന്റ്സും എടുക്കാൻ എല്ലാവരും കൂടി ഷോപ്പിംഗിനു പോയപ്പോഴും, ശ്രീ പലതവണ അവളോട്‌ സംസാരിക്കാൻ തുനിഞ്ഞു…. പക്ഷെ അവൾ കേൾക്കാൻ തയ്യാറായില്ല….

“നാളെ ശ്രീക്കുട്ടിയുടെ നിശ്ചയമാണ്… ഇന്ന് തന്നെ അങ്ങോട്ട്‌ ചെല്ലണം എന്നാ ശ്രീക്കുട്ടിയും അമ്മയും പറഞ്ഞിരിക്കുന്നത്… ”
വെളുപ്പിനെ കുടുംബക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ അവൾ ഓർത്തു… താഴേക്ക് ഇറങ്ങി ചെന്നതും മുത്തശ്ശി വന്നു…

“വാ, മുത്തശ്ശി പോകാം… ”

“ഇന്ന് ഞാൻ ഇല്ല മിഥു…. ”

“പിന്നെ ഇത്ര കാലത്ത് ഞാൻ ഒറ്റക്ക് പോകണോ..? ”

“വേണ്ട നിന്നെ കൊണ്ടുപോകാൻ പുറത്ത് ആള് നിൽപ്പുണ്ട്…”
ഒരു ചിരിയോടെ മുത്തശ്ശി അത് പറഞ്ഞു അകത്തേക്ക് പോയി…

“അതിന് ഇത്ര ചിരിക്കാൻ എന്താ…? ”

മിഥു പുറത്തേക്ക് ഇറങ്ങിയതും, ഫോണിൽ നോക്കി ബുള്ളെറ്റിൽ ചാരി നിൽക്കുന്ന ശ്രീയെ കണ്ടു… ഒരു സ്കൈ ബ്ലു ഷർട്ടും, അതെ കരയുള്ള മുണ്ടുമാണ് വേഷം….താടിയൊക്കെ ചെറുതായി ട്രിം ചെയ്തിട്ടുണ്ട്… ഒന്നുകൂടി മുഖം തുടുത്തിട്ടുണ്ട്…

“ഈശ്വരാ ഇങ്ങേർക്ക് ഇത്രയും ഗ്ലാമർ ഉണ്ടാർന്നോ…വെറുതെ അല്ലെ കോളേജിൽ കുറേ കോഴിക്കുഞ്ഞുങ്ങൾ കൊത്തിപെറുക്കി പുറകെ പോകുന്നത്…. സ്വന്തം കെട്ടിയോനെ വായിനോക്കേണ്ടി വരുന്ന ഒരു അവസ്ഥ… ”

മുകളിലെ ബട്ടൺ തുറന്നിട്ട ഷർട്ടിന്റെ ഉള്ളിലെ ആ നെഞ്ച് അവൾക്ക് ഇപ്പൊ നന്നായി കാണാം…
രോമാവൃതമായ നെഞ്ചിൽ ഓം മാതൃകയിലുള്ള ഗോൾഡ് ലോക്കറ്റ് പറ്റിച്ചേർന്ന് കിടക്കുന്നു… മങ്ങിയ വെളിച്ചത്തിലും അതിന്റെ തിളക്കം അവൾ അറിഞ്ഞു…

അവൻ തല ഉയർത്തി നോക്കിയതും തന്നെ തന്നെ നോക്കി നിൽക്കുന്ന മിഥുവിനെ കണ്ടു… ഒരു ഓറഞ്ച് യെല്ലോ യും ലൈറ്റ് ഗ്രീനും കലർന്ന കോട്ടൺ സിൽക്ക് സാരി ആയിരുന്നു അവളുടെ വേഷം… കഴുത്തിൽ pearl വർക്സ് ചെയ്ത ഒരു സിമ്പിൾ ചെയിൻ അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു… ഒരു നിമിഷം അവളെ തന്നെ അവനും നോക്കി നിന്നു… പെട്ടന്ന് എന്തോ ഓർത്ത് കുറച്ചു ഗൗരവത്തോടെ അവൾക്ക് അടുത്തേക്ക് ചെന്നു…

“വായിനോക്കി നിൽക്കാതെ വണ്ടിയിൽ കയറുന്നെങ്കിൽ കയറ്… എനിക്ക് വേറെയും ജോലി ഉള്ളതാ… ”

“ഓ അത്ര തിരക്കുള്ളവർ എന്തിനാ ബുദ്ധിമുട്ടി വന്നത്..? ”

“മുത്തശ്ശി പറഞ്ഞിട്ടാ… ”

“എന്നാൽ ഞാൻ നടന്ന് പൊക്കോളാം…”

“ഇപ്പോ തന്നെ താമസിച്ചു… ആ ഇനി നീ നടന്ന് അങ്ങ് എത്തുമ്പോ നിമ്മാല്യം ഒക്കെ എപ്പോഴേ കഴിഞ്ഞിട്ടുണ്ടാവും… വെറുതെ വ്രതം മുടക്കേണ്ടെങ്കിൽ വന്ന് വണ്ടിയിൽ കയറ്.. ”

“ഹ്മ്മ്, ശ്രീപ്പൊട്ടൻ… ” അവൾ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട് അവന്റെ ബുള്ളെറ്റിനു പിന്നിൽ കയറി…

“വല്ലതും പറഞ്ഞാരുന്നോ നീ..? ”

“എന്താ… ഇല്ല.. ”

“മ്മ്…”

ശ്രീ ഒന്ന് മൂളികൊണ്ട് വണ്ടി എടുക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു… ഒരുപാട് ദിവസങ്ങൾക്ക് ശേഷം അവളുടെ ശ്രീപോട്ടൻ എന്ന വിളിയിലൂടെ ആ കുറുമ്പിയെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു അവന്…

ക്ഷേത്രത്തിൽ എത്തി തൊഴുത് നിൽക്കുമ്പോൾ അവളുടെ മനസ്സിൽ മുഴുവൻ ശ്രീ ആയിരുന്നു..

“ഈശ്വരാ മനസ്സ് കൈവിട്ടു പോകാതെ കാക്കണേ… ശ്രീയേട്ടനെ പറഞ്ഞയക്കണം… അതിന് വേണ്ടി സങ്കടമൊന്നുമില്ല എന്ന് അഭിനയിക്കാ ഞാനിപ്പോ… മനസ്സ് കല്ലാക്കി വെച്ച്, ഒന്നും പുറത്ത് കാണിക്കാതെ ഇരിക്കാ… എല്ലാം പറയാൻ എനിക്ക് ഇപ്പൊ നീ മാത്രെ ഉള്ളു… മനശക്തി തരണേ ന്റെ കൃഷ്ണാ…. ”

പ്രാർത്ഥിച്ചു തിരിച്ച് ഇറങ്ങുമ്പോഴും ഇരുവരും മൗനമായിരുന്നു… ശ്രീയുടെ ബുള്ളറ്റ് വീട്ടിലേക്ക് ഉള്ള വഴിയിൽ നിന്ന് തിരിഞ്ഞു പോകുന്നത് കണ്ടപ്പോ തന്നെ അവൾ നിശബ്ദത വെടിഞ്ഞു..

“ഇത് എങ്ങോട്ടാ ഈ പോകുന്നെ.. ”

“പോക്കുവല്ലേ, മിണ്ടാതെ അടങ്ങി ഇരുന്നോണം… ”

ശ്രീയുടെ ശബ്ദം കനത്തതും അവൾ വീണ്ടും നിശ്ശബ്ദയായി… ഒരു റബ്ബർ എസ്റ്റേറ്റ് ആയിരുന്നു അത്.. ആകെ അതിന് അടുത്ത് അടച്ചിട്ടിരിക്കുന്ന ഒരു വലിയ ഷെഡ് ഉണ്ട്…

“ഇറങ്ങ്…. ”

മിഥു ഇറങ്ങിയതും ശ്രീ ബുള്ളറ്റിന്റെ ചാവിയും എടുത്ത് അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു…

“എങ്ങോട്ടാ ശ്രീയേട്ടാ ഈ പോകുന്നെ, ഏതാ ഈ സ്ഥലം…”
ശ്രീ കൂടെ ഉണ്ടായിട്ടും മിഥുവിന് ഭയം തോന്നി… അതറിഞ്ഞു ശ്രീ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു നടന്നു…

“ഇത് നമ്മുടെ എസ്റ്റേറ്റ് ആണ്… ”

കൃത്യം എസ്റ്റേറ്റ് നടുക്ക് എത്തിയതും തിട്ടകൾ കെട്ടിയ ഒരു കുളം അവിടെ ഉണ്ടായിരുന്നു… അവന്റെ കൈകൾ മെല്ലെ അയഞ്ഞു… അവൻ ആ പടിക്കെട്ടിലേക്ക് ഇരുന്നു…. കുറച്ചു നേരം ഒന്ന് ശങ്കിച്ചു നിന്ന ശേഷം അവൾ ആ പടിക്കെട്ടിൽ അവന്റെ അരികിൽ ഇരുന്നു…

“ഞാൻ ഓസ്ട്രേലിയയിലേക്ക് പോകാൻ തീരുമാനിച്ചു… ”
ശ്രീ പെട്ടന്ന് പറഞ്ഞു.. അത് കേട്ട് മിഥുവിന്റെ കണ്ണുകൾ തിളങ്ങി..

“എന്താ വിശ്വാസം വരുന്നില്ലേ…? ഞാൻ വളരെ സീരിയസ് ആയി പറഞ്ഞതാ… പോകാൻ തീരുമാനിച്ചു… നിനക്ക് വേണ്ടി… ”

“ശ്രീയേട്ടാ, താങ്ക്യു…. “അവൾ അവന്റെ തോളിലേക്ക് മെല്ലെ ചാഞ്ഞു…

എന്തിന് എന്ന രീതിയിൽ ശ്രീ തല ചരിച്ചു സംശയത്തോടെ നോക്കിയതും അവൾ തുടർന്നു…

“എനിക്ക് അറിയാം, 2 വർഷം പോയിട്ട് 2 സെക്കന്റ്‌ പോലും പിരിഞ്ഞിരിക്കാൻ ശ്രീയേട്ടന് വിഷമമാണെന്ന്… എനിക്കും ഉണ്ട് അതെ സങ്കടം … പക്ഷെ ഒരിക്കൽ കൈയകലത്തിൽ എത്തിയ ഏട്ടന്റെ വലിയ സ്വപ്‌നങ്ങളെ എന്റെ സ്വാർത്ഥതയുടെ പേരിൽ നഷ്ടപ്പെടുത്തി എന്ന് ഒരു പഴി കേൾക്കാൻ വയ്യ… ആരും പറഞ്ഞില്ലെങ്കിൽ പോലും, ഏട്ടൻ പോകാതെ ഇരുന്നാൽ ആ കുറ്റബോധം എന്നെ അലട്ടും, എന്നെന്നും… അതാ ഞാൻ ഇങ്ങനെ ഒക്കെ കാണിച്ചത്… ”

“മ്മ്…”ശ്രീ ഒന്ന് മൂളുക മാത്രം ചെയ്തു..

“സോറി ശ്രീയേട്ടാ…”

“മിഥു നീ ഇങ്ങനെ മിണ്ടാതെ, പിണങ്ങി നടക്കുമ്പോ ഭ്രാന്ത് പിടിക്കും എനിക്ക്… വാശിയും ദേഷ്യവും ഓക്കെ കൂടും… ഇനിയെങ്കിലും എന്നെ അവോയ്ഡ് ചെയ്യാതെ ഇരുന്നൂടെ… ”

ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“അയ്യോടാ, എന്റെ കലിപ്പൻ കരയുന്നോ… അങ്ങനെ അങ്ങ് അവോയ്ഡ് ചെയ്യാൻ പറ്റുമോ എനിക്ക്..
മിഥു ഇരു കൈകളും അവന്റെ കവിളിൽ ചേർത്ത് വെച്ച് അവനോട് കുറച്ചുകൂടി ചേർന്നിരുന്നു.. പതിയെ ഉയർന്നു നെറ്റിയിൽ ചുംബിക്കാൻ ആഞ്ഞതും, പെട്ടന്ന് എന്തോ ഓർത്ത് അവൾ പുറകോട്ടു നീങ്ങി അവനിൽ നിന്ന് മാറിയിരുന്നു..

“മിഥു, എന്താ….?” ശ്രീ സംശയത്തോടെ അവളെ നോക്കി…

“അത് , വ്രതം…” അവൾ ദയനീയമായി അവളെ നോക്കി…

“ഒരു മുത്തം തരാൻ പാടില്ല എന്നൊന്നും നിന്റെ മുത്തശ്ശി പറഞ്ഞിട്ടില്ലല്ലോ… ” ശ്രീ ചോദിച്ചു…

“മേത്ത് തൊട്ടാ അപ്പൊ മയ്യത്ത് ആവുന്നാ പറഞ്ഞേക്കണേ… ” പരമാവധി നിഷ്കളങ്കത വരുത്തി മിഥു പറയുന്നത് കേട്ടതും, ശ്രീക്ക് അടക്കി വെച്ചിരുന്ന ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞില്ല… അവൻ തലകുത്തി ചിരിക്കാൻ തുടങ്ങി, ഒപ്പം മിഥുവും…

“മ്മ്, വാ പോകാം… ഇനി അധികം ഇവിടെ നിന്നാൽ ഞാൻ പലതും മറക്കും… ”

“ങേ, എന്ത്… ”

“ഇത് നമ്മുടെ ബെഡ്‌റൂം ആണെന്ന് അങ്ങ് കരുത്തുമെന്ന്… ”

മിഥു ഒന്ന് ഞെട്ടി അവനെ നോക്കിയതും, അവൻ ഒരു കള്ള ചിരിയോടെ തന്നിലേക്ക് അവളെ വലിച്ച് അടുപ്പിച്ചു….അവന്റെ നിശ്വാസം അവളുടെ മുഖത്ത് ഏറ്റതും ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോയി… പക്ഷെ പെട്ടന്ന് ഓർത്ത് കൊണ്ട് അവനെ തള്ളി മാറ്റി..

“ശ്രീയേട്ടാ വ്രതം… ”

“ഓ…ഒടുക്കത്തെ ഒരു വ്രതം…”
അതും പറഞ്ഞു ചവിട്ടിത്തുള്ളി പോകുന്ന ശ്രീയെ കണ്ട് മിഥു ചിരിച്ചുകൊണ്ട് അവന് പിന്നാലെ പോയി…

“ശ്രീയേട്ടാ വീട്ടിൽ എല്ലാരോടും പറയണ്ടേ… ഏട്ടൻ പോകുന്ന കാര്യം…? ” ശ്രീക്ക് പിന്നിൽ ഇരിന്നു ബുള്ളെറ്റിൽ പോകുമ്പോൾ അവൾ ചോദിച്ചു

“മ്മ്… പറയാം… നാളെ കഴിയട്ടെ.. ”

എല്ലാർക്കും പെട്ടന്ന് കേൾക്കുമ്പോ വിഷമം ആകും… നാളെ എൻഗേജ്മെന്റ് അല്ലെ… സന്തോഷിക്കേണ്ട ദിവസം… അത് കഴിഞ്ഞു പറയുന്നതാകും നല്ലത് എന്ന് മിഥുവിനും തോന്നി…

©ആരുണി കൃഷ്ണ ❤️

എൻഗേജ്മെന്റ് ചെറിയ രീതിയിൽ മതി എന്ന് തീരുമാനിച്ചത്കൊണ്ട് ശ്രീനിലയത്തിന്റെ മുറ്റത്ത് തന്നെ പന്തൽ ഒരുങ്ങി…. പക്ഷെ അത്യാവശ്യം ആഡംബരങ്ങൾ ഒരുക്കങ്ങളിൽ നിറഞ്ഞു നിന്നു…. നാളെയാണ് നിശ്ചയം എങ്കിലും, ശ്രീ തിരക്കുകളിൽ ആയിരുന്നു… അവൻ തന്നെ എല്ലാം മുന്നിൽ നിന്ന് ചെയ്തു… അടുത്ത ചില ബന്ധുക്കൾ ഒക്കെ എത്തിയിട്ടുണ്ട്…. മിഥുവും ശ്രീക്കുട്ടിയും കൂടി കയ്യിൽ മെഹന്ദി ഇടാൻ ഡിസൈൻസ്‌ തപ്പുകയായിരുന്നു…

“ശേ, ഇതൊന്നും അത്ര പോര ഏടത്തി… എനിക്ക് ഇഷ്ടായില്ല… ”

“ആ…. എന്റെ കയ്യിൽ കുറച്ചു ഡിസൈൻസ്‌ ഉള്ള ഒരു ബുക്ക്‌ ഉണ്ട്… നീ ഇവിടെ ഇരിക്ക് ഞാൻ എടുത്തിട്ടു വരാം… ”

മിഥു ഓടി മുകളിലെ അവരുടെ മുറിയിൽ ചെന്ന് കബോർഡ്‌ തുറന്നു അതിൽ നിന്നും മെഹന്ദി ഡിസൈൻസ്‌ ഉള്ള ബുക്ക് എടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അവരുടെ റൂമിൽ നിന്ന് തുറക്കുന്ന ബാൽക്കണിയിൽ ഒരു ആളനക്കം കേട്ടത്… ആരാണെന്നു നോക്കാൻ അങ്ങോട്ട് ചെന്നതും ശ്രീ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടു… ആ സംസാരം കേട്ട് ഒരു നിമിഷം മിഥു ഒന്ന് നടുങ്ങി…

തുടരും…..