10/05/2026

സ്നേഹമയി : ഭാഗം 32

രചന – ആരുണി കൃഷ്ണ

“ഇല്ലടാ, എനിക്ക് മിഥുവിനോട് കള്ളം പറയേണ്ടി വന്നു, പോകാൻ തീരുമാനിച്ചു എന്ന്… ”

ഒരു ഞെട്ടലോടെ മിഥു പിന്നിലേക്ക് മാറി…

“എടാ, ഞാൻ മുൻപ് ആഗ്രഹചിരുന്നു എന്നത് സത്യമാണ്… പക്ഷെ കോളേജിൽ ജോയിൻ ചെയ്തത് മുതൽ, മിഥുവിനെ വിട്ട് പോകാൻ എനിക്ക് കഴിയില്ലായിരുന്നു… അവളോടുള്ള ഇഷ്ടംകൊണ്ട് അവളെ കാണാൻ വേണ്ടിയാ ആ കോളേജിൽ അധ്യാപകൻ ആയി പോയത് എന്ന് നിനക്ക് അറിയാല്ലോ… പക്ഷെ, വിവാഹം കഴിഞ്ഞു, അവളുമായി പിണങ്ങി ഇരുന്നപ്പോൾ ആ പ്രശ്നങ്ങൾക്ക് ഇടയിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെയിൽ വന്നപ്പോ എങ്ങനെയെങ്കിലും, നാട്ടിൽ നിന്ന് പോകണം എന്ന് കരുതി എല്ലാം ഫോർവേഡ് ചെയ്തതാ… പക്ഷെ ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ലന്ന്… ആരും അറിയരുത് എന്ന് കരുതി മാറ്റി വെച്ചിട്ടും അത് അവൾ കണ്ടു… എങ്ങനെയാഡാ 2 വർഷം അവളെ കാണാതെ, അവൾ ഇല്ലാതെ…എനിക്ക് കഴിയില്ല… കണ്ട നാൾ തൊട്ട് ഒളിഞ്ഞും തെളിഞ്ഞും അവൾക്ക് പിന്നിൽ ഞാൻ ഉണ്ടായിരുന്നു… പക്ഷെ അവളുടെ വാശി, ഒന്നു തീരുമാനിച്ച് കഴിഞ്ഞാൽ അവൾ മാറില്ല…. അത് അറിയുന്നത് കൊണ്ടാണ്, ഇപ്പൊ എനിക്ക് ഈ കള്ളം പറയേണ്ടി വന്നത്… ”

“അപ്പൊ എന്നോട് വെറുതെ പറഞ്ഞതാണോ? ….വേണ്ട ശ്രീയേട്ടാ എല്ലാം ഞാൻ പറഞ്ഞതല്ലേ…. !! എനിക്ക് വേണ്ടി… ”
അവളുടെ ഉള്ളിൽ വേദന നിറഞ്ഞു…

“എടാ, പക്ഷെ ഇനി ഒരാഴ്ച്ച കൂടി അല്ലെ ഉള്ളു… വീട്ടിൽ പറയാതെ, ജോലി റിസൈൻ ചെയ്യാതെ നീ ഇരുന്നാൽ അവൾക്ക് സംശയം തോന്നില്ലേ…. ”
അപ്പുറത്ത് നിന്നും അഭിയുടെ സംശയങ്ങൾ തുടർന്നു….

“തത്കാലം, അഡ്മിഷൻ ഡേറ്റ് ചേഞ്ച്‌ ചെയ്തു, ഒരു ആറു മാസത്തിനു ശേഷം ഉള്ളു… അതുകൊണ്ട് ടിക്കറ്റ് ക്യാൻസൽ ചെയ്തു എന്ന് പറയാം…. പെട്ടന്ന് ഞാൻ കയറി ഇങ്ങനെ പറഞ്ഞാൽ അവൾ വിശ്വസിക്കില്ലഡാ…പോകാതെ ഇരിക്കാൻ ഞാൻ കള്ളം പറയുന്നു എന്നെ കരുതു… അതാ പോകാൻ തീരുമാനിച്ചു എന്ന് പറയേണ്ടി വന്നത്.. ഇനി ഒരുപക്ഷെ ഇനി അവൾ വിശ്വസിക്കും, പിന്നീട് എല്ലാം അറിയുമ്പോൾ ദേഷ്യപ്പെടും….എന്നാലും എനിക്ക് വയ്യടാ പിരിഞ്ഞിരിക്കാൻ… ”

“ഡാ അപ്പൊ നിന്റെ ആഗ്രഹം…..? ”

“എന്റെ അഭി, പി എച് ഡി ഒക്കെ ഇവിടെ ആയാലും ചെയ്യാം, പിന്നെ ഈ സ്കോളർഷിപ്പ് നഷ്ടപ്പെടും എന്നെ ഉള്ളു… എന്റെ മിഥുവിനും അപ്പുറം ഒന്നും എനിക്ക് വലുതല്ല… ”

“ഇല്ല, ശ്രീയേട്ടൻ പോയെ മതിയാകു… അതിനൊരു മാർഗം കണ്ടെത്തണം… ”
എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച്‌ ഉറപ്പിച്ച് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് പോയി….

വൈകുന്നേരം തന്നെ ആമിയും എത്തിയിരുന്നു, ശ്രീക്കുട്ടിയുമായി ഇപ്പൊ ആമിയും നല്ല കൂട്ടാണ്… അതുകൊണ്ട് അവൾ തന്നെ പോയി ആമിയെ കൂട്ടികൊണ്ട് വന്നു…

കോട്ടൂർ നിന്നും എല്ലാവരും എത്തിയിരുന്നു… പ്രധാന വിശേഷം ദേവയാനിയും കുടുംബവും എത്തിയതായിരുന്നു… ഇനി പ്രവീണയുടെയും മിഥുവിന്റേയും വിവാഹത്തിന് ഒരാഴ്ച കൂടി….വിവരം അറിഞ്ഞു മിഥു അവരെ കാണാൻ തിടുക്കം കൂട്ടി….

“ശ്രീക്കുട്ടി ഞാൻ വീട്ടിൽ പോയിട്ട് വരാട്ടോ, ദേവു വല്യമ്മയും ഏട്ടന്മാരും വന്നിട്ടുണ്ട്… ”

ശ്രീക്കുട്ടി ഫോണിൽ ഏതോക്കെയോ ഫ്രണ്ട്സിനെ ക്ഷണിക്കുകയും വിശേഷം പറയേം ചെയ്യുന്ന തിരക്കിൽ ആയിരുന്നു…അവൾ മിഥുവിന് നേരെ ഫോൺ ഉയർത്തി കാണിച്ചു നിസ്സഹായമായി പറഞ്ഞതും, മിഥു ചിരിച്ചുകൊണ്ട് തുടർന്നോളാൻ പറഞ്ഞു… ഹാളിൽ നോക്കിയപ്പോൾ ആമി അവിടെയില്ല, ചുറ്റിനും ഒന്ന് കണ്ണോടിച്ചപ്പോൾ അടുക്കളയിൽ നിന്ന് അവളുടെ ചിരി കേട്ടു… നോക്കിയപ്പോ അവിടെ സ്ലാബിന് മുകളിൽ കയറി ഇരുന്ന് അമ്മയോട് കത്തി വെക്കുകയാണ്.. കയ്യിൽ ഒരു ടിന്ന് നിറയെ ഉണ്ണിയപ്പവും ഉണ്ട്…

“ഈശ്വരാ, എന്റെ ഉണ്ണിയപ്പം…”

മിഥു മനസ്സിൽ പറഞ്ഞതാണെങ്കിലും ശബ്ദം പുറത്തേക്ക് വന്നു പോയി… ലത അത് കണ്ട് ചിരിക്കാൻ തുടങ്ങി…

മിഥു അടുത്ത് വന്നതും ആമി കൈപൊക്കി തടഞ്ഞു …

“നിക്ക്, ഇനി ഒരു ടിന്നും കൂടി ആന്റി ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് നീ തിന്നോ… ഇത് എനിക്ക് വേണം.. ”

കേട്ട് നിന്നവർ എല്ലാവരും അവളുടെ മട്ടും ഭാവവും കണ്ടു ചിരിക്കാൻ തുടങ്ങി… മിഥുവും അവർക്ക് ഒപ്പം കൂടി…

“ഡി, നീ വീട്ടിലേക്ക് വരുന്നോ… അവിടെ ദേവു വല്യമ്മ വന്നു… ”

“ഞാൻ ഇല്ല.. നീ പൊക്കോ.. ”

“ദേവു വന്നോ മോളെ…? ”

“ആ അമ്മേ, കുറച്ചു മുന്നേ എത്തി… ഇപ്പൊ മായേച്ചി വിളിച്ചു വെച്ചതെ ഉള്ളു…..അരുണേട്ടനും വരുണും വന്നിട്ടുണ്ട്….”
മിഥു അത് പറഞ്ഞു ആമിയെ ഒന്ന് നോക്കി… അവൾ പെട്ടന്ന് കഴിപ്പ് നിർത്തി…

“ആണോ, ഒത്തിരി കാലായി രണ്ടാളെയും കണ്ടിട്ട്… ആ നാളെ വരുമ്പോ കാണാല്ലോ… മോള് പോയിട്ട് വാ.. ”

“മിഥു നിക്ക് ഞാനും വരുന്നു.. ”

“നീയല്ലേ കുറച്ചു മുന്നേ വരുന്നില്ലന്ന് പറഞ്ഞത്… ”

“ആ ഇപ്പൊ വരാൻ തോന്നി… പ്രവീണേച്ചിയെ ഒന്ന് കാണണം… ”

“മ്മ്… ”

“നിന്റെ കണവൻ എവിടെടി…? ” ആമി തിരക്കി…

“ഏട്ടന്റെ ഒരു ഫ്രണ്ടിനെയാ കാറ്ററിംഗ് ഏൽപ്പിച്ചിരിക്കുന്നെ, അവിടെ വരെ പോയി…”

മുറ്റത്ത് ചെന്നപ്പോഴേ കണ്ടു, മുടിയൊക്കെ കളർ ചെയ്ത് പത്തിരുപത് വള്ളിയുള്ള ഒരു ഷൊർട്സും ഇട്ട്, ചെവിയിൽ ഹെഡ് ഫോണും വെച്ച് ഉമ്മറത്തു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും തലചരിച്ചും തിരിച്ചും പൊട്ടൻകളി നടത്തുന്ന ഒരു ജീവിയെ…

“ഡി, അതെന്താ ചാധനം… ഈ മാക്കനെ കാണാനാണോ ദൈവമേ ഞാൻ ഓടിവന്നത്… ”

“എന്തോ എങ്ങനെ…. ആദ്യം വരുന്നില്ല എന്ന് പറഞ്ഞവൾ പെട്ടന്ന് ഇവരുടെ പേര്, കേട്ടപ്പോ ഓടി ചാടി വന്നത് കണ്ടപ്പോഴേ തോന്നി…”

“പോടീ പുല്ലേ, ഇതാണോ അമേരിക്കൻ ഇറക്കുമതി… ”

“ഡി, ഇത് വല്യമ്മേടെ ഇളയ മകൻ, വരുൺ… എന്നേക്കാൾ 2 വർഷം മൂത്തതാ, എങ്കിലും ഇവനെ ഏട്ടാ എന്നൊന്നും വിളിക്കാൻ തോന്നില്ല… അവനും ഈ ഡ്യൂഡ് വിളി ഒക്കെയാ ഇഷ്ടം… എഞ്ചിനീയറിംഗ് കഴിഞ്ഞു…. ഇപ്പോ വർക്ക്‌ ചെയ്യുന്നു… ”

മിഥു ഓടിപ്പോയി അവന്റെ മുതുകിൽ ഒരു ഇടി കൊടുത്തു….

“ആഹ് ….വാട്ട്‌ ദി…? ”

ദേഷ്യത്തോടെ തിരിഞ്ഞതും മുന്നിൽ നടുവിന് കൈകൊടുത്തു കൊണ്ട് നിൽക്കുന്ന മിഥു..

“മിഥു…ഹായ് ഡ്യൂഡ്..”

അവൻ ഹെഡ് ഫോൺ ചെവിയിൽ നിന്ന് കഴുത്തിലേക്ക് മാറ്റിയിട്ട്, അവളുടെ തോളിലൂടെ കയ്യിട്ടു..

“ഡാ ചെക്കാ എന്ത് കോലമാഡാ… ”

“Yeah, midhu don’t underestimate my style… ”

“ഹ്ഹ്, സ്റ്റൈലോ… വെള്ളരി കണ്ടത്തിലെ കോലം പോലുണ്ട്… ” ആമി പിറുപിറുത്തു…

“ഊവേ, freakness ന് ഒക്കെ ഒരു ലിമിറ്റ് ഇല്ലേടെ… ” മിഥു അവന്റെ ചകിരി മുടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“ഈൗ…” വരുൺ നന്നായി ഒന്ന് ഇളിച്ചു…

“എവിടെ അരുണേട്ടൻ… ”

“അകത്തുണ്ട്, പ്രണവേട്ടനും ആയി some chit chats….അല്ല, where is your hubby, my അളിയൻ…”

“പുറത്ത് പോയിരിക്കാ, കുറച്ചു കഴിഞ്ഞു വരും… ”

“മ്മ്, ഡാ ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട്, അഭിരാമി… ആമി എന്ന് വിളിക്കും… ”

“ഹൈ ആമി” അവൻ അവൾക്ക് നേരെ കൈ നീട്ടി…

“ഹൈ…. “അവളും തിരിച്ചു കൈ നൽകി…

“ഞാൻ അരുണേട്ടനെ കണ്ടിട്ട് വരാട്ടോ…” മിഥു അകത്തേക്ക് ഓടി…

വരുണിനെ നോക്കി പതിയെ ഒന്ന് ചിരിച്ചിട്ട് ആമിയും അകത്തേക്ക് നടന്നു… വരുൺ വീണ്ടും ഹെഡ് ഫോൺ ചെവിയിൽ വെച്ച് പൊട്ടനാട്ടം കളിക്കാൻ തുടങ്ങി….

“ഹലോ ഡോക്ടർ സർ…..”

“മിഥുകുട്ടാ….. ”
അവൾ ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു… അരുൺ അവളുടെ തലയിൽ മെല്ലെ തഴുകി….

“വേണ്ട, എന്നോട് മിണ്ടടാ… എത്ര നാളായി ഒന്ന് വിളിച്ചിട്ട്… വലിയ ഡോക്ടർ ആയപ്പോ നമ്മളെ ഒന്നും വേണ്ട…. ” മിഥു ചിണുങ്ങിക്കൊണ്ട് പറഞ്ഞു….

“ഓ, മഞ്ജു ഇപ്പൊ പരാതി പറഞ്ഞിട്ട് പോയെ ഉള്ളു… അപ്പോഴേ ഓർത്ത് ഏറ്റവും വലിയ പരാതിക്കാരി എവിടെ എന്ന്… തിരക്കായിരുന്നു മോളെ……”

ഇതെല്ലാം കണ്ടു അതിശയത്തോടെ നോക്കി നിൽക്കുകയായിരുന്നു ആമി…

“ഇതാരാ മിഥു…? ”

“അയ്യോ ഞാൻ പരിചയപെടുത്താൻ വിട്ടു പോയി… ഇത് എന്റെ ചങ്ക്, മൈ ബെസ്റ്റി മൈ ക്ലാസ്‌മേറ്റ്… അഭിരാമി എന്ന ആമി… ”

“ആമി, ഇതാണ് ദേവു വല്യമ്മയുടെ മൂത്ത മോൻ… അരുൺ… വെറും അരുൺ അല്ലാട്ടോ… ഡോ. അരുൺ… ന്യൂറോളജിസ്റ്റ് ആണ്… ” മിഥു പറഞ്ഞു..

“ഹായ് ആമി…”

അരുൺ പറഞ്ഞതും, ആമി അരുണിനെ അടിമുടി നോക്കി പറഞ്ഞു…. ഒരു ടീഷർട്ടും മുണ്ടുമാണ് അരുണിന്റെ വേഷം… നല്ല കട്ടി മീശ, താടിയില്ല… ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി… പിന്നെ ഫ്രെയിംലെസ്സ് ഗ്ലാസ്സിലൂടെ കാണുന്ന കുസൃതി നിറഞ്ഞ ചെറിയ കണ്ണുകൾ…

“ഹ…യ്… പക്ഷെ ഇത്…. പുറത്ത് നിൽക്കുന്ന ആളും ഇതും… ” ആമി അമ്പരപ്പോടെ പറഞ്ഞു..

“ഹഹ…. ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്, അല്ലെ ആമി, അരുണും വരുണും തമ്മിൽ… ” പ്രണവ് ആയിരുന്നു..

ആമി ചിരിച്ചുകൊണ്ട് അരുണിനെ നോക്കിയപ്പോൾ അവിടെയും ചിരി തന്നെ…

“അവൻ പക്കാ ഫ്രീക് ആണെടോ… ഇവൻ ഒരു ഫോർമൽ പ്ലസ് നാടനും … അവന് പോപ്പും റോക്ക് മ്യൂസിക് ഒക്കെ ആണ് ഇഷ്ടം എങ്കിൽ ഇവിടെ ഒരുത്തനു ഗസൽസ് ഭയങ്കര ഇഷ്ടാ… ഡ്രസിങ്, ലൈഫ് സ്റ്റൈൽ, ഫുഡ്‌ എല്ലാത്തിനും ഇതുപോലെ തന്നെ… ”

പ്രണവ് പറഞ്ഞത് കേട്ട് ആമി അത്ഭുതത്തോടെ നോക്കി നിന്നു… അവർ തമ്മിലുള്ള വ്യത്യാസത്തെക്കാൾ അവളെ അത്ഭുതപ്പെടുത്തിയത് അരുണിന്റെ പെരുമാറ്റം ആയിരുന്നു ….

“മിഥു, ശ്രീറാം എവിടെ…? ”

“ശ്രീയേട്ടൻ പുറത്ത് പോയിരിക്കാ… നാളെ ശ്രീക്കുട്ടിടെ എൻഗേജ്മെന്റ് അല്ലെ… ”

“മ്മ്, ദേവൻ അങ്കിൾ അച്ഛനെ വിളിച്ചിരുന്നു… ശ്രീക്കുട്ടൻ ഞങ്ങളെയും …. ”

“ഓ, അപ്പൊ പിന്നെ എന്നെ വിളിക്കുന്നത് എന്തിനാ അല്ലെ… അളിയന്മാർ തമ്മിൽ പറയുന്നുണ്ടല്ലോ വിശേഷങ്ങൾ എല്ലാം.. ”

“Ya… ofcourse … അളിയൻ എല്ലാം ഞങ്ങളെ അപ്പപ്പോൾ അറീക്കുന്നുണ്ട്… ”

വരുണും അവളുടെ അടുത്തേക്ക് വന്ന് മിഥുവിന്റെ തോളിൽ കയ്യിട്ടു… പിന്നെ അവിടെ ഒരു മേളം ആയിരുന്നു… ആമി അവരെ നോക്കി ചിരിയോടെ നിന്നു…

“മിഥു, യൂ ആർ റിയലി ലക്കി…”
ആമിയുടെ പെട്ടന്ന് ഉള്ള പറച്ചിൽ കേട്ട് മിഥു അത്ഭുതത്തോടെ നോക്കി…

“സത്യം, ഇങ്ങനെ ഒരു ഫാമിലി… ഇത്രയും സ്നേഹമുള്ള കുറെ ഏട്ടന്മാർ ചേച്ചിമാർ… അനിയത്തി… അമ്മായി അമ്മാവൻ, വല്യച്ഛൻ, വല്യമ്മ മുത്തശ്ശി… റീയലി ലക്കി.. ”
ആമിയുടെ കണ്ണുകൾ നിറഞ്ഞു…

മിഥു അവളെ ചേർത്ത് പിടിച്ചു…

“ഒന്നും ഓർക്കേണ്ട….അതൊക്കെ മറന്നേക്ക്… ”

“ഏയ്‌, എനിക്ക് സങ്കടം ഒന്നുല്ല മിഥു…അച്ഛന്റെ കുടുംബക്കാരൊക്കെ, ആരോരും ഇല്ലാത്ത അമ്മയെ അച്ഛൻ സ്നേഹിച്ചു കല്യാണം കഴിച്ചതിന്റെ പേരിൽ ഞങ്ങളെ അകറ്റി നിർത്തിയപ്പോൾ, ആ സ്നേഹം കൂടി അച്ഛൻ തന്നിട്ടുണ്ട്… എങ്കിലും മനസ്സിൽ ബന്ധങ്ങൾ, ഞാനും ഇടക്കൊക്കെ ആഗ്രഹിക്കാറുണ്ട്… കുറച്ചു കഴിയുമ്പോ ഞാൻ തന്നെ എല്ലാം മറക്കും… ”

“എല്ലാം എനിക്ക് അറിയുന്നതല്ലേ ആമി കുട്ടാ… ദാ, ഈ വീട്ടിൽ എനിക്ക് ആരൊക്കെ ഉണ്ടോ അവരൊക്കെ നിന്റെയും കൂടിയാ… കേട്ടല്ലോ… അതുകൊണ്ട് ഇനി എന്റെ കൊച്ച് ഇത് പറഞ്ഞു കണ്ണ് നിറക്കരുത്… ചിരിച്ചേ…”

ആമി ഒന്ന് പുഞ്ചിരിച്ചു…

“പിന്നെ ആമിമോളെ, ഇനി ഇതൊക്കെ മോൾക്ക്‌ സ്വന്തം ആയി വേണമെങ്കിൽ ഒരു വഴിയുണ്ട്… ”

“എന്ത് വഴി…? ”

“എന്റെ ഡോക്ടർ ഏട്ടനെ മോളു കെട്ടിക്കോ… ”

ആമി ഒരു മങ്ങിയ ചിരിയോടെ അത് കേട്ട് നിന്നു…

“എന്താടി നിന്റെ ചിരിക്ക് ഒരു വോൾടേജ് ഇല്ലല്ലോ… എന്റെ അരുണേട്ടന് എന്താടി ഒരു കുറവ്.. ”

ആമിയുടെ മനസ്സിൽ ഇപ്പോഴും അഭിയേട്ടൻ ഉണ്ടോ എന്നൊരു ഭയം മിഥുവിന് തോന്നാതെ ഇരുന്നില്ല…

“ആ മനുഷ്യന് ഒരു കുറവും ഇല്ല… ശരിക്കും എങ്ങനെ ഇത്ര സിമ്പിൾ ആവാൻ കഴിയുന്നു… അതും അമേരിക്കയിൽ ഒക്കെ പഠിച്ചു വളർന്ന ഒരാൾക്ക്…. പിന്നെ എന്തേലും കുറവ് ഉണ്ടെങ്കിലും കൂടുതലായിട്ട് അനിയന് കൊടുത്തിട്ടുണ്ടല്ലോ… ”

“ഹ്ഹ്, കാണുന്ന ആ വട്ടൊക്കെ ഉള്ളെടി… വരുണും പാവമാ.. ”

“മ്മ്, പാവം ആയിരിക്കും.. പക്ഷെ ആ വെള്ളരി കണ്ടത്തിലെ കോലം പോലുള്ള ഡ്രെസ്സും, പൊട്ടനാട്ടവും എല്ലാം… പെറ്റ തള്ള സഹിക്കൂല്ല.. ” ആമി പഴയ ഫോമിലേക്ക് വന്നു..

“പൊട്ടനാട്ടമോ…”

“ആ പിന്നല്ലാതെ…. “അത് പറഞ്ഞു ഹെഡ് ഫോൺ വെച്ച് പാട്ട് കേൾക്കുമ്പോ ഉള്ള വരുണിന്റെ ആക്ഷൻസ്‌ ആമി അനുകരിക്കാൻ തുടങ്ങി… മിഥു അത് കണ്ട് വയറു പൊത്തി ചിരിച്ചു… ഒപ്പം ആമിയും ചേർന്നു…

ഇതെല്ലാം കണ്ട് അവർക്ക് പിന്നിൽ നിന്ന ആളുടെ കണ്ണിൽ ഒരു കുസൃതി നിറഞ്ഞ ചിരി വിരിഞ്ഞു…

രാത്രി ഭക്ഷണം കഴിഞ്ഞു, മിഥുവും ആമിയും ശ്രീനിലയത്തിലേക്ക് പോയി… മൂന്നാളും കൂടി ശ്രീക്കുട്ടിയുടെ റൂമിൽ ആയിരുന്നു കിടന്നത്… വെളുപ്പിനെ എഴുന്നേറ്റു കുളിച്ചിട്ട് എല്ലാവരും കൂടി ശ്രീകുട്ടിയെ ഒരുക്കാൻ തുടങ്ങി…. കോട്ടൂർ നിന്നും എല്ലാരും എത്തിയിരുന്നു… മായയും പ്രവീണയും അവർക്കൊപ്പം ചേർന്നു…

മെറൂൺ ബോർഡർ ഉള്ള ഒരു ടിഷ്യു സെറ്റ് സാരി ആയിരുന്നു ശ്രീക്കുട്ടിയുടെ വേഷം… അതിന് ചേർന്ന ഡിസൈനർ ബ്ലൗസ് കൂടി ആയപ്പോൾ ശരിക്കും ഭംഗി ആയി.. റൂബി സ്റ്റോൺ വർക്ക്‌ ഉള്ള ഒരു സിമ്പിൾ നെക്ക്ലെസും അതിന് ചേർന്ന വളകളും കമ്മലും അവൾ അണിഞ്ഞു… അപ്പൊ ലത ഒരു നാഗപട മാല കൂടി കൊണ്ട് വന്നു അവൾക്ക് ഇട്ട് കൊടുത്തു…..മുടി മുന്നിൽ ചെറുതായി പഫ് ചെയ്ത് ബാക്കി അഴിച്ചിട്ടു, എന്നിട്ട് മുല്ലപ്പൂ ചുറ്റി ഒതുക്കി നിർത്തി…

“നമ്മുടെ ശ്രീക്കുട്ടി ഇപ്പൊ ഒരു കൊച്ചു സുന്ദരി ആയിട്ടുണ്ട്, അല്ലെ മിഥു… ”

“എന്റെ നാത്തൂൻ പണ്ടേ സുന്ദരിയാ, കണ്ണ് വെക്കേണ്ട മായേച്ചി …”

മിഥു കൈകൾ കൊണ്ട് ഉഴിഞ്ഞിട്ടു കൊണ്ട് പറഞ്ഞു …

“ഹ്ഹ്, ഇങ്ങനെ ചെന്നാൽ അഭിയേട്ടൻ ഇന്ന് തന്നെ അങ്ങ് കൊണ്ട് പോകും… ”
ആമിയുടെ വാക്കുകൾ കേട്ട് ശ്രീക്കുട്ടിയുടെ കവിളുകൾ ചുവന്നു…

“മിഥു ആന്റി…. ”

“എന്താ അമ്മൂട്ടാ… ” തന്റെ അടുത്തേക്ക് ഓടിവന്ന അമ്മുവിനെ പൊക്കി എടുത്ത് കൊണ്ട് അവൾ തിരക്കി…

“ആന്റിയെ ശ്രീ അങ്കിൾ വിളിക്കുന്നു… മുകളിൽ ഉണ്ട്… ”

“മ്മ്…. ”

“ചെല്ല് ഏട്ടത്തി, എല്ലാരും റെഡി ആയി… ഏട്ടത്തിയും പോയി റെഡി ആയി വാ… ”
മായ അമ്മുവിനെ മിഥുവിൽ നിന്ന് വാങ്ങി..

റൂം തുറന്ന് അകത്തു ചെന്നപ്പോൾ ആരും ഇല്ലായിരുന്നു… വാഷ് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ ശ്രീ അതിൽ ഉണ്ടെന്ന് മനസ്സിലായി…

അവൾ ശ്രീക്കുള്ള ഷർട്ടും മുണ്ടും എടുത്തു വെച്ചതും, അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നു…. ഒരു ടവൽ മാത്രമായിരുന്നു വേഷം…. നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളിൽ നിന്ന് വെള്ളം ഇറ്റ് വീണു ശരീരത്തിൽ അങ്ങ് ഇങ്ങ് ആയി പറ്റി ചേർന്നു….അവൻ അവൾക്ക് അരികിലേക്ക് വന്നു, മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു…പെട്ടന്ന് അവൻ തല കുടഞ്ഞു… അവന്റെ മുടിയിലെ ജലകണങ്ങൾ അവളുടെ മുഖത്ത് പതിച്ചു..

“എന്താ ശ്രീയേട്ടാ ഇത് , ഞാൻ കുളിച്ചതാ.. ”

“ഹ്ഹ്… “കുസൃതി നിറഞ്ഞ ചിരിയോടെ അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു…

“എന്താ മോനെ ശ്രീപൊട്ടാ ഉദ്ദേശം… ”

“ശ്രീപ്പൊട്ടൻ നിന്റെ കെട്ടിയോൻ… ”
പറഞ്ഞു കഴിഞ്ഞാണ് ശ്രീ അബദ്ധം പറ്റിയത് ഓർത്തത്..

മിഥു അപ്പോഴേക്കും അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ചിരിക്കാൻ തുടങ്ങി…..അവൻ അവളെ ഒന്നൂടെ ഇടിപ്പിലൂടെ ചേർത്ത് പിടിച്ചതും സ്വിച്ച് ഇട്ട പോലെ ആ ചിരി നിന്നു…

“ഇങ്ങനെ നിന്ന് ചിരിക്കാൻ ആണെങ്കിൽ മോള് ശ്രീപ്പൊട്ടാ എന്ന് വിളിച്ചോ… ”

“കൊഞ്ചാതെ മാറിക്കെ… ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ… ”

“ആ വാ… ”

“എങ്ങോട്ടാ..? ”

“നമുക്ക് ഡ്രസ്സ്‌ മാറ്റണ്ടേ… ”

“അയ്യടാ, ഒറ്റക്ക് അങ്ങ് മാറ്റിയാ മതി.. അത് പറഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു കൊണ്ട് അവൾ സാരിയും എടുത്ത് ഡ്രസിങ് റൂമിലേക്ക് ഓടി… ”

റോയൽ ബ്ലു കളർ സന സിൽക്ക് സാരി ആയിരുന്നു മിഥുവിന്റെ വേഷം…..സാരി ഓൺ പ്ലീറ്റ് ഇട്ട്, മുടി അഴിച്ചിട്ട്, സിമ്പിൾ ഐ മേക്കപ്പ് ചെയ്തു… ഒരു കൈ നിറയെ ബ്ലു കുപ്പിവളകൾ അണിഞ്ഞു… മറു കൈ ഒഴിച്ചിട്ടു… താലിമാലക്ക് ഒപ്പം ബ്ലു സ്റ്റോൺസ് പതിപ്പിച്ച ഒരു പ്ലാറ്റിനം ചെയിനും അതിന് ചേർന്ന കമ്മലും അവൾ അണിഞ്ഞു…

ശ്രീക്ക് കാൾ വന്നത് കൊണ്ട് അവൻ റെഡി ആയി പെട്ടന്ന് താഴേക്ക് പോയി… ഒരുങ്ങി ഇറങ്ങി വരുന്ന മിഥുവിനെ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു… അതറിഞ്ഞു അവളുടെ കവിളുകളും ചുവന്നു…..

“അളിയാ, സ്വന്തം പ്രോപ്പർട്ടി തന്നെ അല്ലെ അത്…എന്തിനാ ഇങ്ങനെ വാ തുറക്കുന്നത്. ”

പ്രണവ് അവനെ ഒന്ന് തട്ടിക്കൊണ്ട് കളിയാക്കി ചിരിച്ചു…

“പോടാ നാറി… സ്വന്തം ആയത് കൊണ്ടഡാ പുല്ലേ നോക്കുന്നെ… ”

നിശ്ചയത്തിനായി ഒരുക്കിയ മണ്ഡപത്തിൽ അഭിയും, ശ്രീപ്പിയും പരസ്പരം നോക്കി ഇരുന്നു… വാസുദേവനും ദേവരാജനും പരസ്പരം ജാതകങ്ങൾ കൈമാറി… ഇരുവരും എല്ലാവരുടെയും അനുഗ്രഹത്തോടെ പരസ്പരം മോതിരം ചാർത്തി…

ഇടക്ക് ആമി ചുറ്റും കണ്ണോടിച്ചു… അരുൺ ഒരു ലൈറ്റ് ഗ്രീൻ ഷർട്ടും, അതെ കരയുള്ള മുണ്ടും ആയിരുന്നു വേഷം… ഒരു നിമിഷം അവൾ മനസ്സിൽ ഒരു കുളിർമ തോന്നി… പക്ഷെ അടുത്ത നിമിഷം അത് പോയി കിട്ടി…

വരുൺ !!

ഒരു ബോബ് മർലിയുടെ പിക് ഉള്ള ബ്ലാക്ക് ടീഷർട്ടും സ്കിൻ ഫിറ്റ്‌ ജീൻസും, അതും ഇപ്പൊ ഊരിപ്പോകും എന്ന അവസ്ഥയിൽ…

“ഹ്മ്മ്… ലോ വേസ്റ്റ് ആണ് പോലും… ഒരു നല്ല ഫങ്ക്ഷൻ അല്ലെ… ഇവന് ഇച്ചിരി വൃത്തിയുള്ള ഡ്രസ്സ്‌ ഇട്ടൂടെ… ” ദേഷ്യത്തോടെ മനസ്സിൽ ഓർത്ത് തുറിച്ചു നോക്കി നിന്നതും അവൻ മുഖം ഉയർത്തി എന്താ എന്ന് ചോദിച്ചു..

“ങ്‌ഹും… ” ഒന്നുല്ല എന്ന് അവൾ തലയാട്ടി..

പിന്നെ ഫുൾ ഫോട്ടോ സെഷൻ ആയിരുന്നു… ഫോട്ടോഗ്രാഫർമാരുടെ കൊല്ലാകൊല്ലക്ക് ശേഷം കുട്ടികൾ മുതൽ കുഴിയിലോട്ട് കാലും നീട്ടി ഇരിക്കുന്നവർടെ വക സെൽഫി വേറെയും… ശ്രീകുട്ടിക്ക് അപ്പോഴേക്കും വയറു കാളാൻ തുടങ്ങിയിരുന്നു….

“അഭിയേട്ടാ എനിക്ക് വിശക്കുന്നു… ”

“ഡി ഞാൻ രാവിലെ excitement കാരണം ഒന്നും കഴിച്ചിട്ടില്ല… എന്റെ മോള് എത്ര ദോശ കഴിച്ചെന്നാ പറഞ്ഞെ… ”

“അത് വെറും 6 എണ്ണം..അതൊക്കെ ആവി ആയിപ്പോയി… എനിക്ക് excitement വന്നാൽ വിശപ്പ് കൂടും… ഈ… ”

“എന്റെ ദൈവമേ, കെട്ട് കഴിഞ്ഞു എന്റെ പോക്കറ്റ് കീറുമല്ലോ…

“ഹ്ഹ്… ”

“വാ നടക്ക്… “അഭി ശ്രീപ്പിയുടെ കയ്യിൽ പിടിച്ചു ഫോട്ടോഗ്രാഫർമാരുടെ കണ്ണ് വെട്ടിച്ചു കഴിക്കാൻ പോയി… കുറച്ചു കഴിഞ്ഞപ്പോ അവിടെയും സ്വസ്ഥത കൊടുക്കാതെ പിറകെ ചെന്നു…

അഭിയും കുടുംബവും ബന്ധുക്കളും യാത്ര പറഞ്ഞു ഇറങ്ങി… അങ്ങനെ ആളും ആരവും ഒക്കെ ഒഴിഞ്ഞു പതിയെ എല്ലാവരും പോയി തുടങ്ങി… ശ്രീനിലയത്തെയും കോട്ടൂരെയും ആൺപട മുറ്റത്തു ഒത്തുകൂടി… പെൺപട ലിവിങ് റൂമിൽ ഇരുന്ന് പരദൂഷണവും തുടങ്ങി… ആമിയും മിഥുവും കൂടി അവളുടെ റൂമിൽ പോയി…

“ഡാ പ്രണവേ… ഞാൻ ഒന്ന് കിടക്കട്ടെ… വല്ലാത്ത ക്ഷീണം… നീ അവന്മാരോടും കൂടെ പറഞ്ഞേക്ക്… ”
അരുണിനെയും വരുണിനെയും നോക്കി പറഞ്ഞിട്ട് ശ്രീ അകത്തേക്ക് കയറി…

പെൺ പടയ്ക്ക് ഇടയിൽ അവന്റെ കണ്ണുകൾ മിഥുവിനെ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം…

റൂമിന്റെ ഡോർ ഹാൻന്റിലിൽ ശ്രീ പിടി മുറുക്കിയതും മിഥുവിന്റെ ശബ്ദം ഉയർന്നു…

“ഇല്ല ആമി, ശ്രീയേട്ടൻ ഓസ്ട്രേലിയയിലേക്ക് പോകണം… ”

“ഓഹോ, എന്റെ പോക്കിനെ കുറിച്ചാണല്ലോ സംസാരം… നിന്നെ വിട്ട് ഞാൻ പോകില്ല മോളെ… ” ശ്രീ ചിരിയോടെ മനസ്സിൽ പറഞ്ഞു…

“ശ്രീയേട്ടൻ ഇവിടെ നിന്നാൽ എനിക്ക് എന്റെ സ്വപ്നങ്ങളും അച്ഛന്റെ ആഗ്രഹങ്ങളും എല്ലാം നഷ്ടപ്പെടും… ”

“മിഥു…. “ആമിയുടെ ശബ്ദം നേർത്തിരുന്നു..

“അതെ ആമി, നിനക്ക് അറിയില്ലേ എന്റെ ലക്ഷ്യങ്ങൾ, പഠിത്തം… ശ്രീയേട്ടനാണ് ഇപ്പൊ അതിനെല്ലാം തടസ്സം… ഏട്ടൻ കൂടെ ഉള്ളപ്പോ എനിക്ക് അതെല്ലാം വിദൂരമാണ്… അതുകൊണ്ട് ഏട്ടൻ പോയെ മതിയാകു…”

മിഥുവിന്റെ വാക്കുകൾ കേട്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അവൻ ഡോർ തുറക്കാതെ തിരിഞ്ഞു നടന്നു… എന്തോ ആലോചിച്ചു ഉറപ്പിച്ചു കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൻ താഴേക്ക് ഇറങ്ങി….

ആമി വാതിൽ പതിയെ തുറന്നതും, കണ്ണുകൾ തുടച്ചു താഴേക്ക് ഇറങ്ങി പോകുന്ന ശ്രീയേ കണ്ടു…. ആ മുഖത്ത് വേദന നിഴലിച്ചിരുന്നു… മിഥു കട്ടിലിൽ തറഞ് ഇരുന്നു….

“മിഥു, സർ പോയി… ”

“മ്മ്… ”

“എല്ലാം കേട്ടു കാണും.. ”

“മ്മ്…”

“ഇത് വേണർന്നൊ മിഥു, സാറിന് നിന്നോട് ദേഷ്യം തോന്നില്ലേ.. ”

“തോന്നട്ടെ…..വെറുക്കട്ടെ…”

“മിഥു… മോളെ…. !!”

“ശ്രീയേട്ടനെക്കാൾ എനിക്ക് വലുത് എന്റെ സ്വപ്‌നങ്ങൾ ആണെന്ന് കരുതട്ടെ…. അങ്ങനെ എങ്കിലും ഏട്ടന്റെ സ്വപ്‌നങ്ങൾ ഏട്ടന് സ്വന്തം ആവട്ടെ.. ”
അണപൊട്ടി ഒഴുകിയ കണ്ണീരോടെ അവൾ ആമിയെ പുണർന്നു… ആമി ആ നെറുകിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

തുടരും…..