രചന – ആരുണി കൃഷ്ണ
മിഥുവും അറിയുന്നുണ്ടാരുന്നു, തന്നെ തന്നെ നോക്കി ഇരിക്കുന്ന ശ്രീയെ, ആദ്യമായി ആ കണ്ണുകളിൽ ദേഷ്യത്തിനും ഗൗരവത്തിനും പകരം മറ്റൊരു ഭാവം അവൾ കണ്ടു…പേരറിയാത്ത ആ ഭാവത്തിൽ നിന്ന് തന്റെ അച്ഛന്റെ സാമീപ്യവും കരുതലും അറിയുന്നത് എങ്ങനെ എന്ന് അവൾ അതിശയിച്ചു….
********************************************
“സർ, ശ്രീറാം സാറിന്റെ ഫ്രണ്ട് ആണോ… ” ആമി തിരക്കി..
“മ്മ്… അതെ… ”
“ഓ സാറിനെ കാണാൻ വന്നതാണല്ലെ… ”
“അതും നടന്നു… ബട്ട് ശരിക്കും അമ്മയെ കാണാൻ വന്നതാ… ”
“ങേ, അമ്മയെയോ….അമ്മയും കോളേജിൽ പഠിക്കുവാ…? ”
“ഹഹ.. പഠിക്കുവല്ല, പഠിപ്പിക്കുന്നു… പ്രൊഫസർ ആണ്…”
“പേര്… ”
“രാധാമണി… ”
“രാധാമണി മാഡത്തിന്റെ മോനാണോ… ”
“മ്മ്, അതേടോ… വിശ്വാസം വരുന്നില്ലേ ”
അവൻ തന്റെ ഫോണിന്റെ ഡിസ്പ്ലേ ഓൺ ചെയ്തു ഫാമിലി ഫോട്ടോ കാണിച്ചു കൊടുത്തു… അതിൽ നല്ല താടി ഒക്കെ ഉണ്ട്… ഇപ്പൊ ക്ലീൻ ഷേവ് ആണ്.. ഡ്യൂട്ടിയിൽ ആയത് കൊണ്ടാകും…
“മ്മ്, ഒരു നിവിൻ പോളി ലുക്ക് ഒക്കെ ഉണ്ട്.. ” അവൾ ഫോട്ടോയിലേക്കും അവന്റെ മുഖത്തേക്കും അവൾ മാറി മാറി നോക്കി…
“ഇത് എന്റെ അനിയത്തി അഭിരമ്യ, തന്നെ പോലെയൊക്കെയാ ഏതാണ്ട് അവളുടെ നേച്ചറും…വർത്തമാനം ഒക്കെ.. സോ അതാ എനിക്ക് ഇയാളോടും പെട്ടന്നൊരു അടുപ്പം തോന്നി.. ”
“ഈശ്വരാ പെങ്ങളെ പോലെ എന്നാണോ ഇങ്ങേരു ഉദ്ദേശിച്ചത്…. എന്റെ നിവിൻ പോളി… !!” അവൾ ഒന്ന് നെടുവീർപ്പിട്ടു…
“ആമി… ഫ്രണ്ട്‌സ്… ” അഭി അത് പറഞ്ഞു അവൾക്ക് നേരെ കൈ നീട്ടി…
അവൾ ഒരുനിമിഷം ഒന്ന് പകച്ചു, പിന്നെ പുഞ്ചിയോടെ അവന്റെ കൈകളിലേക്ക് അവളുടെ കൈ ചേർത്തു…
© ആരുണി കൃഷ്ണ ❤️
ഭക്ഷണം കഴിച്ചു ഇറങ്ങിയപ്പോൾ, ശ്രീ മിഥുവിനൊപ്പം തന്നെ നടന്നു…
“നേരുത്തേ എന്തോ ചോദിച്ചല്ലോ… ”
“എന്ത്.. ”
“അല്ല ഡ്രസ്സ്….”
“ആ പുറത്ത് ആരെങ്കിലും ഉണ്ടാവും എന്ന ബോധത്തോടെ വേണം ഓരോ കോലം കെട്ടാൻ… ”
“ഹ്മ്മ്, ഇയാൾക്ക് എന്ത് വേണം, ഞാൻ എന്റെ ഇഷ്ടം അനുസരിച്ചു ഡ്രസ്സ് ചെയ്യും ” അവൾ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞതും ശ്രീ ഒന്ന് നിന്നു…
“ഇത്തരത്തിലുള്ള ഇഷ്ടം ഒക്കെ നിന്റെ പ്രൈവസിക്ക് ഉള്ളിൽ നിൽക്കണം… ”
“ദൈവമേ, ഈ പൊട്ടന് മൈൻഡ് വോയിസും അറിയുമോ… ”
പതിവിന് വിപരീതമായി അവന്റെ മുഖത്ത് ദേഷ്യം മിഥു കണ്ടില്ല… പകരം ആ പറച്ചിലിൽ എവിടെയോ ഒരു ശാസനയും കരുതലും അവൾ അനുഭവിച്ചു…
ഓരോന്ന് ആലോചിച്ചു അവനെ നോക്കി നടന്നപ്പോൾ, ഒരു കൂട്ടം ആൾക്കാർ അവരെ തട്ടിയും മുട്ടിയും പോകുന്നത് അവൾ അറിഞ്ഞു…
ശ്രീ മെല്ലെ, ആൾക്കൂട്ടത്തിൽ നിന്ന് അവളെ പൊതിഞ്ഞു പിടിച്ചു തന്നിലേക്ക് ചേർത്തു… അവൾ മറുത്തൊന്നും പറയാതെ അവനോട് ചേർന്ന് നിന്നു…
“എന്തോ ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു…ഒപ്പം നടന്നോ മിഥു ”
മിഥു എന്ന അവർത്തിക്കപ്പെടുന്ന വിളി അവനിലേക്ക് വീണ്ടും അവളെ അടുപ്പിച്ചു… അവൻ ഒരു കൈകൊണ്ടു അവളെ ചേർത്ത് പിടിച്ചു, മറുകൈയാൽ ആളുകളെ വകഞ്ഞു മാറ്റി ഹോസ്പിറ്റലിനകത്തേക്ക് കയറി…. തിരക്കൊഴിഞ്ഞപ്പോഴും അകന്ന് മാറാൻ ഇരുവരും ഒരു നിമിഷം മറന്നു പോയി…
അവന്റെ കരവലയത്തിനുള്ളിലെ സുരക്ഷിതത്വം അവളെയും, അവളുടെ സാമീപ്യം അവനെയും വീണ്ടും ചേർന്ന് നിൽക്കാൻ മോഹിപ്പിച്ചു…
“ഓഹോ, കീരിയും പാമ്പും എന്ന് പറഞ്ഞിട്ട് പബ്ലിക് ആയി നിന്ന് റൊമാൻസ് കളിക്കുന്നത് നോക്ക്… ” ദൂരെ നിന്നും അവരുടെ നിൽപ് കണ്ട അഭിക്ക് ചിരി വന്നു..
“ഡാ… “അഭിയുടെ വിളികേട്ട് ഇരുവരും അകന്ന് മാറി..
“അതെ നിങ്ങൾ ആമിയുടെ അടുത്തേക്കൊന്ന് ചെല്ല്…എനിക്ക് അർജന്റ് ഒരു കാൾ വന്നു… പിന്നെ ഞാൻ ഈവെനിംഗ് എത്താം… വേറെ വണ്ടി ഒന്നും വിളിക്കണ്ട… ”
“മ്മ്… ” ശ്രീ ഒന്ന് ഇരുത്തി മൂളി
“മിഥു, റൂമിലേക്ക് ചെല്ല്… ഞാൻ വരാം… ” അവൾ അത് കേട്ട് അഭിയെ നോക്കി ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് പോയി…
“അളിയൻ ഒന്ന് വന്നേ… എന്താ നിന്റെ ഉദ്ദേശം.. ” ശ്രീ കൈകെട്ടി നിന്ന് കൊണ്ട് ചോദിച്ചു…
“എന്ത്… ”
“സാധാരണ കുളക്കോഴിയെ പിടിക്കാൻ പോലീസ് വരും… ഈ പോലീസ് കുളക്കോഴിയെ എന്ത് ചെയ്യും ഡാ… ”
“പോടാ പുല്ലേ, കുളക്കോഴി നിന്റെ വല്യപ്പൻ…”
“സത്യം പറയടാ, ഓ എന്തൊക്കെ ആയിരുന്നു, മിണ്ടാതെ നോക്കി നില്കുന്നു…സുഖം അന്വേഷിക്കുന്നു ഫുഡ്ഡ് കഴിക്കാൻ എന്നെയും മിഥുവിനെയും കൂടി പറഞ്ഞു വിടുന്നു, ഹോ നിനക്ക് ഒരു തേപ്പ് കിട്ടി മതിയായില്ലേ… ”
“ഇതാണ്, ഒരു സഹായം ചെയ്യാം എന്ന് കരുതുമ്പോൾ…. നിങ്ങൾക്ക് ഒന്നിച്ച് ഇരിക്കാൻ ഒരു അവസരം തന്നില്ലേ… നന്ദി വേണം ഡാ നന്ദി…. അല്ലാതെ എനിക്ക് എന്താ… ഞാൻ കാരണം ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായി.. അത്കൊണ്ട് ഒരു സഹായം… ”
“മ്മ് പിന്നെ…. എന്നും ഇത് തന്നെ പറയണേ… ”
” ആ ശ്രമിക്കാം… അത്യാവശ്യം ആയി ചെല്ലണം… ഞാൻ പോയിട്ട് വേഗം വരാം…”
“മ്മ്.. ” ശ്രീ റൂമിലേക്ക് പോയി…
©ആരുണി കൃഷ്ണ ❤️
“ലത ആന്റി, ആന്റി… ”
“ഓ ആ പിശാശ് ആണെന്ന് തോന്നുന്നു…ഇപ്പോ എന്തിനാണോ കെട്ടി എടുക്കുന്നെ… ”
“ശ്രീക്കുട്ടി, കൂടുന്നുണ്ട് നിനക്ക്, മിണ്ടാതെ ഇരുന്നോ.. ”
“ആരാ ലതേ, ദേവൻ തിരക്കി… ”
“അത് ലക്ഷ്മി ആ ഏട്ടാ… ”
“അങ്കിൾ ഞാനാ…. ”
“ആ കയറി വാ, എന്താ വിശേഷിച്ച്… ”
“ഇവിടെ വരാൻ എനിക്ക് വിശേഷം എന്തേലും വേണോ അങ്കിൾ… ജസ്റ്റ് ഏ വിസിറ്റ്… ”
“ആന്റി റാം എവിടെ… ”
“ഏട്ടൻ കോളേജിൽ പോയി… ”
“ഓ, കോളേജിൽ പോയോ… ഞാൻ റാമിന്റെ കോളേജ് വരെ പോയിരുന്നു…ഒരു ഫ്രണ്ടിന്റെ സിസിനെ കാണാൻ… അപ്പൊ റാമിനെ തിരക്കി, ലീവ് ആണെന്നാ പറഞ്ഞത്… ”
“ലീവോ… ഇല്ല മോളെ, അവൻ രാവിലെ കോളേജിലേക്ക് ആ പോയത്… ”
“ആ എന്നാ ആന്റി ഞാൻ അധികം നില്കുന്നില്ല… പിന്നെ റാമിനെ പോലെ ഒരാളെ ഞാനിന്ന് കോഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് കണ്ടു… ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു… ”
“ഏയ്യ്, അത് ഏട്ടൻ ഒന്നുമാവില്ല… ”
“ആ, ചിലപ്പോ എനിക്ക് തോന്നിയതാകും… ”
“ലക്ഷ്മി യാത്ര പറഞ്ഞു ഇറങ്ങി.. ”
“അവൻ എന്തിനാകും ദേവേട്ടാ ഹോസ്പിറ്റലിൽ പോയത്, കൂടെ ഉള്ള പെൺകുട്ടി ഏതാണോ ആവോ ..? ” ലത തലപുകക്കാൻ തുടങ്ങി…
“അവൻ ആരെയെങ്കിലും ഫ്രണ്ട്‌സിനെ കാണാൻ പോയതാകും… വരുമ്പോ ചോദിക്കാല്ലോ… നീ എന്തിനാ ലതേ ഇതിനൊക്കെ ടെൻഷൻ ആകുന്നെ… ”
“അമ്മക്ക് ഇത്ര ബുദ്ധി ഇല്ലാതെ പോയോ… ആ ലക്ഷ്മി ഏട്ടന്റെ പിന്നാലെ സി ഐ ഡി ആയി നടക്കുവാ… ഇത് വേറെയാ അസുഖം… പ്രേമം…ഏട്ടൻ എവിടെ എന്ന് അറിയാൻ ഉള്ള ഓരോരോ നമ്പർ ആണിത്… ”
നിന്നോട് ഇതൊക്കെ ആര് പറഞ്ഞു ശ്രീക്കുട്ടി…
“ആ കാള വാല് പൊക്കുമ്പോഴേ അറിഞ്ഞൂടെ അച്ഛാ.. ”
“ശ്രീക്കുട്ടി, നിനക്ക് കൂടുന്നുണ്ട്… ഓരോ അധികപ്രസംഗം…ഒന്നുല്ലേലും അവളും നമ്മുടെ കുട്ടി അല്ലെ…ശ്രീക്കുട്ടന് ചേരും… അല്ലെ ദേവേട്ടാ ”
“ആര്, ലക്ഷ്മി പിശാശോ…. അമ്മേടെ വകയിലെ ഒരേട്ടന്റെ മോളൊക്കെ തന്നെ…. പക്ഷെ അതിനെ ഏട്ടന് കണ്ണെടുത്താ കണ്ടൂടാ… എന്റെ നാത്തൂനേ കുറിച്ച് എനിക്ക് ചില സങ്കല്പം ഒക്കെ ഉണ്ട്… ഏട്ടന് വേറെ നല്ല അടിപൊളി കുട്ടിയെ കിട്ടും…. ”
“അത് എന്റെ മോള് പറഞ്ഞത് കറക്റ്റ് “ദേവൻ അത് പറഞ്ഞു ചിരിയോടെ മുകളിലേക്ക് കയറിപോയി… ലതയിലും അത് ചെറുതല്ലാത്ത ഒരു സന്തോഷം ഉണ്ടാക്കി….
ദേവനും ലതയും പോയപ്പോൾ ശ്രീകുട്ടി പതിയെ ശ്രീയുടെ മുറിയിൽ കയറി വാതിൽ അടച്ചു…. ശ്രീയുടെ ഷെൽഫിൽ ഭദ്രമായി വെച്ചിരിക്കുന്ന പഴയ ബുക്സിനിടയിൽ അവൾ കാര്യമായി പരതി…
പെട്ടന്ന് ആ പഴയ കോളേജ് മാഗസിൻ അവളുടെ കണ്ണിൽ ഉടക്കി…
യുഗ ’15….
“ആ ഇത് തന്നെ ഏട്ടന്റെ സിസ്റ്റത്തിൽ കണ്ട ആ പേജിന്റെ ഫൂട്ടറിൽ ഉണ്ടായിരുന്ന പേരും, യുഗ’15…ആ കവിതയുള്ള പേജ് ഈ മാഗസിനിൽ തന്നെ ഉണ്ടാവും… ”
അവൾ മെല്ലെ ഷെൽഫിൽ നിന്നും ആ മാഗസിൻ എടുത്തതും, കുറച്ചധികം ഫോട്ടോസ് താഴെ വീണു…
“ങേ ഇത് മിഥു അല്ലെ… ”
ഇൻസ്റ്റന്റ് ക്യാമിൽ എടുത്ത കുറെ പിക്ചർസ്… ഓരോന്നിന് താഴെയും ഓരോ വരികൾ…
മിഥു സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ, അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു…
” The day, I met u for the first time…” ( ഞാൻ നിന്നെ ആദ്യമായി കണ്ട ദിവസം )
മറ്റൊന്ന് അവൾക്ക് ഒരു മുത്തശ്ശി ഉമ്മ നൽകുന്ന ചിത്രം ആയിരുന്നു… അതിനു താഴെ എഴുതിയത് കണ്ട് ശ്രീക്കുട്ടി ശരിക്കും ഞെട്ടി…
” The day I fell in luv with u…midhu .. ” ( മിഥു, നിന്നോടെനിക്ക് പ്രണയം തോന്നി തുടങ്ങിയ ദിവസം… )
“അമ്പടാ ഏട്ടാ, അവളെ ഇത്ര ജീവൻ ആയിട്ടാണോ, കാണുമ്പോ കടിച്ചു കീറാൻ നിൽക്കുന്നത്… ആ അപ്പൊ ഞാൻ പറഞ്ഞത് വെറുതെ ആയില്ല… നല്ല അടിപൊളി ഒരു സുന്ദരികുട്ടിയെ തന്നെ കിട്ടി… ”
“Be mine for ever…. as Mydhili Sreeram…. ”
“ദൈവമേ ഇത് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പോയപ്പോ മിഥു ഉടുത്ത സാരി അല്ലെ… അതെ ക്ഷേത്രത്തിലെ വിളക്ക് കൊളുത്തുന്ന പിക്ചർ തന്നെ… ഇതും എടുത്തോ… ഇത് അസ്ഥിക്ക് പിടിച്ചു എന്ന് തോന്നുന്നല്ലോ…തിരിച്ചു മിഥുവിന് ഈ ഇഷ്ടം ഉണ്ടോ… ചോദിച്ചാലോ…? വേണ്ട ഇനി ഏട്ടൻ പറഞ്ഞില്ലെങ്കിലോ… ഏട്ടനോട് ചോദിച്ചാലോ… അല്ലേൽ വേണ്ട… ഒന്നും പറയില്ല ആ മരങ്ങോടൻ … എവിടെ വരെ പോകുമെന്ന് അറിയാല്ലോ… പിന്നെ ഇതൊരു പിടിവള്ളിയാണ്…ഏട്ടന്റെ പ്രണയം ഇട്ട് തരുന്ന പാലത്തിലൂടെ എന്റെ കാര്യം വീട്ടിൽ പറയാല്ലോ… ” അതും ഓർത്തവൾ ഫോട്ടോസ് അടുക്കി വെച്ചിട്ട്, മാഗസിൻന്റെ ഓരോ പേജുകൾ മറിച്ചുകൊണ്ട് താൻ കാണാൻ ആഗ്രഹിച്ച വരികൾക്കായ്, അതെഴുതിയ മുഖത്തിനായ് അവൾ പരതി …
ശ്രീക്കുട്ടി തേടിയ ആ മുഖം, അവയിൽ ഒരു പേജിൽ ഉണ്ടായിരുന്നു…
” അഞ്ചിതൾ പൂവ് … ” ആ തലക്കെട്ട് അവളിൽ പ്രണയ വസന്തം നിറച്ചു…
ഒരുപാട് ഇഷ്ടത്തോടെ ഏറെ പ്രിയപ്പെട്ടവന്റെ വരികൾ ഓരോന്നും അവൾ മനസ്സിൽ ആവാഹിച്ചു…
“നിന്റെ നെഞ്ചിലെ ആ അഞ്ചിതൾ പൂവായി വിരിയാൻ എന്നും മോഹം ”
പതിയെ ആ കവിതയുള്ള പേജ് ചീന്തി എടുത്ത് അവൾ തന്റെ നെഞ്ചോടു ചേർത്തു…
കവിതക്കൊപ്പം ഉള്ള ഫോട്ടോയിലേക്ക് മിഴികൾ നട്ട് അവൾ താഴെയുള്ള ആ പേരിലൂടെ വീണ്ടും കണ്ണോടിച്ചു…
തുടരും………

by