രചന – ആരുണി കൃഷ്ണ
യുഗ’15 എന്ന കോളേജ് മാഗസിൻ കയ്യിൽ എടുത്തതും… ആ ഫോട്ടോകൾ ചിതറി… മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു….
***** ***** **** **** ***** ******* *******
അവൾ നിലത്ത് ഇരുന്ന്, ആ ഫോട്ടോസ് ഓരോന്നായി കയ്യിൽ എടുത്തു…
മിഥു സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ, അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു…
” The day, I met u for the first tym…” ( ഞാൻ നിന്നെ ആദ്യമായി കണ്ട ദിവസം )
“ഇത് അന്ന് ആ കാറിന് മുന്നിൽ നിന്ന് ഞാൻ രക്ഷിച്ച കുട്ടിയല്ലേ…” മിഥു ആ സംഭവം മനസ്സിൽ ഓർത്തു
….
റോഡ് അരികിലെ ഒരു വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആ കുട്ടി പെട്ടന്ന് ഒരു ബോളിന് പിന്നാലെ റോഡിലെക്ക് പോയി… അപ്പോഴേക്കും ഒരു കാർ വരുന്നുണ്ടായിരുന്നു… ക്ലാസ്സ് കഴിഞ്ഞു നടന്നു വന്ന മിഥു ഇത് കണ്ടതും, ആ കുഞ്ഞിനരികിലേക്ക് ഓടി അടുത്ത് കൊണ്ട് അതിനെ വാരി എടുത്തു.. അന്ന് ആ കാർകാര് ഒത്തിരി പഴി പറഞ്ഞു… അവൾ തിരിച്ചു ഒന്നും മിണ്ടിയില്ല…ആ കുഞ്ഞു ഒത്തിരി പേടിച്ചു പോയി, അവളെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഫോട്ടോ…
“അപ്പൊ ശ്രീഏട്ടൻ എന്നെ അന്നേ കണ്ടിരുന്നോ…? ” അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
മറ്റൊന്ന് അവൾക്ക് ഒരു മുത്തശ്ശി ഉമ്മ നൽകുന്ന ചിത്രം ആയിരുന്നു…
“ഇത് ‘തണൽ’ ലെ മുത്തശ്ശി അല്ലെ… ”
സ്കൂളിൽ വെച്ച് ഫ്രണ്ട്സ് എല്ലാരും ചേർന്ന് ആർട്സിന്റെ ഭാഗമായി ഉള്ള ചാരിറ്റിക്ക് അവിടെ പോയത് അവൾ ഓർത്തു…
അതിനു താഴെ എഴുതിയത് കണ്ട് മിഥുവിന്റെ ഇരു കവിളും നാണത്താൽ ചുവന്നു….
” The day I fell in luv with u…midhu .. ” ( മിഥു, നിന്നോടെനിക്ക് പ്രണയം തോന്നി തുടങ്ങിയ ദിവസം… )
“ഞാൻ കാണും മുൻപേ, അറിയും മുൻപേ എന്നോ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു അല്ലെ…
ഒന്നും, ഒന്നും ഞാൻ അറിയാതെ പോയല്ലോ ദൈവമേ… ”
“ഇത് അന്ന് ക്ഷേത്രത്തിൽ വെച്ച് എടുത്തതാണല്ലോ… ക്ഷേത്രത്തിലെ വിളക്ക് കൊളുത്തുന്ന പിക്ചർ തന്നെ… ഞാൻ കാണാതെ എങ്ങനെ ഇതൊക്കെ…? ”
അതിന് ചുവടെ ഉള്ള വരികൾ വായിച്ചപ്പോൾ അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല..
“Be mine for ever…. as mydhili sreeram…. ”
പിന്നെയും അവളുടെ ഒരുപാട് ഫോട്ടോസ് അവന്റെ ഡയറിയിൽ നിന്നും, ബുക്സിൽ നിന്നും അവൾക്ക് കിട്ടി… എല്ലാം നെഞ്ചോടു ചേർത്ത് വെച്ച് അവൾ വിതുമ്പി… ഒരു കരസ്പർശം ഏറ്റവൾ തല ഉയർത്തി നോക്കി…
“ശ്രീക്കുട്ടി… ”
“ഏട്ടത്തി…… ഇതൊക്കെ വിവാഹം കഴിഞ്ഞ അന്ന് തന്നെ ഏട്ടൻ, ഏട്ടത്തിയെ കാണിച്ചിട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്… ആരും കാണാതെ സൂക്ഷിച്ചു വെച്ചിരുന്നതാ… ഒരിക്കൽ അവിചാരിതം ആയി ഞാൻ കണ്ടതാ… ”
“ഇത്രയും എന്നെ സ്നേഹിച്ച മനസ്സിനെയാ മോളെ ഞാൻ തെറ്റിധരിച്ചത്… ഈ പ്രണയത്തെയാ ഞാൻ അഭിനയം എന്ന് പറഞ്ഞു കുത്തി നോവിച്ചത്… എത്ര മാപ്പ് പറഞ്ഞാൽ തീരും… എനിക്കറിയില്ല ശ്രീക്കുട്ടി… ”
“മാപ്പ് ഓക്കേ പറഞ്ഞോ, അതിന്റെ കൂടെ രണ്ടാളും മനസ്സും കൂടി ഒന്ന് തുറക്ക്… ഉള്ളിലെ പ്രണയം ആദ്യം ഒന്ന് തുറന്നു പറ… എനിക്ക് അറിയാം, ഏട്ടത്തിടെ മനസ്സ് നിറയെ ഏട്ടനോടുള്ള പ്രണയം ഉണ്ടെന്ന്… അന്ന് ഏട്ടൻ ക്ലാസ്സ് എടുത്തപ്പോൾ ഒക്കെ ഈ മനസ്സിൽ ആ പ്രണയം ഉണ്ടാർന്നില്ലേ… ? ”
“ശ്രീയേട്ടൻ, ശ്രീയേട്ടനെ എനിക്ക് ജീവനാ… എന്നും ഏട്ടന്റെ ഭാര്യയായി, ആ സ്നേഹത്തിൽ എനിക്ക് ഈ വീട്ടിൽ കഴിഞ്ഞാമതി… ”
മിഥു വിതുമ്പി… ശ്രീക്കുട്ടി അവളെ തോളോട് ചേർത്ത് സമാധാനിപ്പിച്ചു……
©ആരുണി കൃഷ്ണ ❤️
ശ്രീ തിരകളെ നോക്കി ഇരുന്നു… മുഖം നിസ്സംഗം ആണെങ്കിലും, മനസ്സ് കലുഷിതമാണ്, ആ കടൽ തിരകളെ പോലെ….
“ശ്രീകുട്ടാ…. “അഭി മെല്ലെ അവനെ വിളിച്ചു…
“ആ അഭി, പ്രതീക്ഷിച്ചു നിന്നെ.. ”
“മ്മ്….തോന്നി, ദേഷ്യം സങ്കടം ഒക്കെ ഉള്ളപ്പോൾ ഇവടല്ലേ നീ വരാറ്… ”
“ഇപ്പൊ അതൊന്നും ഇല്ല, നിർവികാരത മാത്രം….”
“മുഖത്ത് അങ്ങനെ ആവാം , പക്ഷെ മനസ്സ് അങ്ങനെ അല്ലെന്ന് നന്നായി എനിക്ക് അറിയാം… എല്ലാം അറിഞ്ഞു വെച്ച്കൊണ്ട് തന്നെ ചോദിക്കുവാ, നിനക്ക് നിന്റെ മിഥുവിനോട് ക്ഷമിച്ചൂടെ… ”
“ക്ഷമ,…. അതിന് അവൾ അല്ലല്ലോ, ഞാൻ അല്ലെ തെറ്റ് ചെയ്തത്… ഉള്ളിൽ തോന്നിയ പ്രണയം തുറന്നു പറഞ്ഞില്ല… ദൈവം ആയി തന്നെ എന്റെ പാതി ആയി ജീവിതത്തിൽ ചേർത്ത് വെച്ചപ്പോൾ ഒരുപാട് ഞാൻ അഹങ്കരിച്ചു… അവൾ എന്റെ ആണെന്ന്…അത് എന്റെ തെറ്റ്…. അവൾക്ക് വേണ്ടി കാത്തിരിക്കാം എന്ന് വാക്ക് നൽകിയത്, എന്റേതാകുന്ന നിമിഷം ഈ നെഞ്ചിൽ ഞാൻ സൂക്ഷിച്ച എല്ലാ പ്രണയവും അവൾക്ക് നൽകണം എന്ന് കരുതിയത്, ആ നല്ല നാളുകൾ സ്വപ്നം കണ്ട്, ഒരുപാട് സ്നേഹം അവൾക്ക് നൽകിയത്….എല്ലാം എന്റെ തെറ്റ്…
“ശ്രീകുട്ടാ… എനിക്ക് മനസ്സിലാകും നിന്റെ വേദന…”
“ഇല്ല, ആർക്കും മനസ്സിലാവില്ല… വർഷങ്ങൾ ആയി ഹൃദയത്തോട് ചേർത്ത് വെച്ചവൾ, എന്റെ പ്രണയത്തെ മനസിലാക്കുന്നു എന്ന് എനിക്ക് പ്രതീക്ഷ തന്നവൾ, എന്റെ ജീവന്റെ പാതി ആയവൾ, അവളാണ് എന്റെ സ്നേഹത്തെ നിഷേധിച്ചത്, അഭിനയം എന്ന് പറഞ്ഞു കുറ്റപ്പെടുത്തിയത്… ആ വേദന ആർക്കും മനസ്സിലാവില്ല… ”
“ഡാ , ഇപ്പൊ അവൾക്ക് എല്ലാം മനസ്സിലായി… ഒരു തെറ്റിദ്ധാരണയുടെ പേരിൽ അവൾക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കേണ്ടി വന്നതല്ലേ… നീ ഓർത്ത് നോക്ക് നിന്റെ അച്ഛന്റെ ജീവന്റെ വില വെച്ച് ഒരാൾ ഇതുപോലെ പറഞ്ഞാൽ നീയും ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടു പോകില്ലേ… ”
“അഭി, എല്ലാം സമ്മതിക്കുന്നു… പക്ഷെ എന്റെ സ്നേഹത്തിന്റെ സത്യം അറിയാൻ അഭിനയം അല്ലെന്ന് മനസ്സിലാക്കാൻ, എന്റെ മനസ്സ് മനസ്സിലാക്കിയാൽ മതിയായിരുന്നു… എന്റെ ഓരോ നോട്ടത്തിന്റെയും അർത്ഥം തിരിച്ചറിഞ്ഞാൽ മതിയായിരുന്നു… ”
“എടാ, നീ പറയുന്നതൊക്കെ ശരിയാണ്… പക്ഷെ നീ ഇഷ്ടപ്പെട്ട പോലെ വർഷങ്ങൾ ആയിട്ടില്ല അവൾ നിന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട്… നിന്നോട് അവൾക്ക് ഒരു ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ, വളരെ കുറച്ചു മാസവും ആഴ്ച്ചകളും മാത്രമേ ആയിട്ടുള്ളു.. അപ്പോൾ അവൾക്ക് നിന്നെ അറിയാൻ ഇനിയും സമയം വേണം എന്ന് കരുതാം… ”
“ഇനി എന്ത് സമയം, നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ല.. എനിക്ക് അവളോട് ഈ പറഞ്ഞ കാര്യത്തിൽ ഒന്നും ഒരു ദേഷ്യവും ഇല്ല… പക്ഷെ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ, എന്റെ സ്നേഹത്തിനു പകരം അവൾ എനിക്ക് തിരികെ തന്നതൊക്കെ എന്തായിരുന്നു… ? നീ പറ… മനസ്സിൽ എന്നോട് പക സൂക്ഷിച്ചു, സ്നേഹമുണ്ടെന്ന് നടിച്ചു… വിശ്വാസം നേടി എടുക്കും പോലെ അഭിനയിച്ചു… അതുകൊണ്ട് ആ സ്നേഹവും വിശ്വാസവും എനിക്ക് നഷ്ടമായി അഭി… ”
“ശ്രീക്കുട്ടാ…. !!” അഭിയുടെ ശബ്ദം ഉയർന്നു..
“ഞാൻ പോകുന്നു… ”
“എവിടേക്ക്, വീട്ടിലേക്ക് ചെല്ല്… എല്ലാരും വിഷമിക്കും… ”
ശ്രീ ഒരു നിമിഷം അവനെ നോക്കി നിന്നിട്ട്, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോയി…
©ആരുണി കൃഷ്ണ ❤️
ശ്രീയുടെ ബുള്ളെറ്റിന്റെ ശബ്ദം കേട്ട് അവൾ ബാൽക്കണിയിൽ വന്നു നോക്കി…
“ശ്രീയേട്ടൻ..”
അവനെ കണ്ടതും അവൾക്ക് ആശ്വാസം ഏറി….
മുകളിൽ നിന്ന് പടികൾ ഇറങ്ങി അവൾ എത്തിയതും ശ്രീ അവളെ നോക്കാതെ ദേവന്റെ മുറിയിലേക്ക് പോയി… മിഥു നിരാശയോടെ അടുക്കയിലേക്കും…
അൽപ്പ നേരം കഴിഞ്ഞു എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു… ദേവൻ ഓരോ തമാശകൾ പറഞ്ഞുകൊണ്ടിരുന്നെങ്കിലും, ശ്രീ ഒന്നും മിണ്ടിയില്ല… മിഥു അവനരികിൽ ഇരുന്നെങ്കിലും അവളുടെ നോട്ടത്തെ പാടെ അവൻ അവഗണിച്ചു… ഭക്ഷണം കഴിച്ചു ശ്രീ നേരെ മുറിയിലേക്ക് പോയി…
കുറച്ചു കഴിഞ്ഞു, അടുക്കളയിലെ ജോലികൾ തീർത്ത് മിഥുവും റൂമിൽ എത്തി… അവൻ അവളെ കണ്ടതും കട്ടിലിൽ നിന്ന് എഴുനേറ്റ്, തലയിണയും പുതപ്പും ആയി സോഫയിൽ പോയി കിടന്നു…
“ശ്രീയേട്ടാ….” അവളുടെ വിളി കേൾക്കാതെ അവൻ തിരിഞ്ഞു കിടന്ന് കണ്ണുകൾ അടച്ചു… കുറച്ചു നേരം മിഥു അവനെ നോക്കി നിന്ന ശേഷം അവളും കിടന്നു…
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി…ശ്രീയുടെ സമീപനം പലപ്പോഴും മിഥുവിനെ വേദനിപ്പിച്ചു… പക്ഷെ താൻ ഇതൊക്കെ അർഹിക്കുന്നു എന്ന ബോധത്തിൽ അവൾ എല്ലാം ക്ഷമിച്ചു…
ഒരു ദിവസം രാവിലെ മിഥു എണീറ്റപ്പോൾ ശ്രീ നല്ല ഉറക്കം ആയിരുന്നു… അവൾ മെല്ലെ ശ്രീക്ക് അരികിൽ എത്തി ആ മുടി ഇഴയിൽ മേല്ലേ തലോടി…തിരികെ നടക്കാൻ ഒരുങ്ങിയതും…
“മിഥു, എന്നെ വിട്ട് പോകല്ലേ… നീ എന്റെ ജീവനാ…. ”
ഒരു കുഞ്ഞിനെ പോലെ ചിണുങ്ങികൊണ്ട് ശ്രീ പാതിബോധത്തിൽ അത് പറഞ്ഞപ്പോൾ, അവൾ സ്നേഹപൂർവ്വം അവനരികിൽ മുട്ട് കുത്തി ഇരുന്നു ഇരുന്നു …
“അപ്പൊ ഈ മനസ്സിന്റെ കോണിൽ ഇപ്പോഴും ഞാൻ ഉണ്ടല്ലേ…? ”
മുഖത്തേക്ക് വീണു കിടക്കുന്ന ശ്രീയുടെ മുടി ഇഴ ഒതുക്കിവെച്ച്കൊണ്ട് അവൾ തന്റെ ചുണ്ടുകൾ ശ്രീയുടെ നെറ്റിയോട് ചേർത്തു….ആ നനുത്ത സ്പർശം ഏറ്റതും അവൻ ഉണർന്നു….അതറിഞ്ഞു അവൾ പെട്ടന്ന് അകന്ന് മാറി…. അവന്റെ രൂക്ഷമായ നോട്ടം നേരിടാൻ കഴിയാതെ മിഥു ഓടി…
“ഹോ, തനി അസുരൻ തന്നെ… നോക്കി ദഹിപ്പിച്ച് കളയുമല്ലോ… എന്തോ അപരാധം ചെയ്ത പോലെയാ നോട്ടം…ഒരു ഉമ്മ കൊടുത്തതിനാണോ..ശ്രീ പൊട്ടൻ.. ”
“മോളെന്താ ഒറ്റക്ക് നിന്ന് കാര്യം പറയുന്നത്… ”
“ഒന്നുമില്ലമ്മേ… “മിഥു ജോലികൾ തുടർന്നു..
“ഇന്ന് തൊട്ട് കോളേജിൽ പോകണം എന്നല്ലേ പറഞ്ഞത് …? ”
“ആ വേണം അമ്മേ..തുടങ്ങിയിട്ട് കുറച്ചു ദിവസം ആയല്ലോ…. ”
“അവൻ റെഡി ആയി കാണില്ലേ…? മോളും ചെന്ന് റെഡി ആയിക്കോ..ലേറ്റ് ആക്കണ്ട… ബാക്കി അമ്മ ചെയ്തോളാം… ”
ലത അവളെ നിർബന്ധിച്ചു പറഞ്ഞുവിട്ടു…
അവൾക്ക് ശ്രീയെ ഫേസ് ചെയ്യാൻ നല്ല മടി ആയിരുന്നു… അവനെ നോക്കാതെ, തന്റെ ഡ്രെസ്സും എടുത്ത്, അവൾ ഫ്രഷ് ആവാൻ പോയി… തിരികെ എത്തിയപ്പോ അവൻ സോഫയിൽ ഇരുന്ന് ലാപ്പിൽ എന്തൊക്കെയോ ടൈപ് ചെയ്യുക ആയിരുന്നു…
“ഓ, ഇന്നത്തെ ക്ലാസ്സിനുള്ള പ്രസന്റേഷൻ ആകും… ”
മിഥു അതോർത്ത് കൊണ്ട് കണ്ണാടിക്ക് മുന്നിൽ ഇരുന്നു ഒരുങ്ങാൻ തുടങ്ങി… ഇടക്ക് ഇടക്ക് അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ തനിക്ക് പിന്നിൽ ഇരിക്കുന്ന ശ്രീയിലെക്ക് പാളി… അവൻ തന്നെ നോക്കുന്നോ എന്നും കണ്ണാടിയിലൂടെ അവൾ നോക്കി…
“ഹ്മ്മ്, നോ രക്ഷ… ശ്രീപോട്ടൻ എന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ലല്ലോ… ”
കുറച്ചു കഴിഞ്ഞു ശ്രീ ലാപ്പും എടുത്ത് പുറത്തേക്ക് പോയി… പിന്നാലെ ബാഗും ആയി മിഥുവും…
“ആ വാ മക്കളെ ഭക്ഷണം കഴിക്കാം… വാ ദേവേട്ടാ ” ലത എല്ലാരേയും വിളിച്ചു..
“ശ്രീക്കുട്ടി എവിടെ ലതേ…? ” ദേവൻ തിരക്കി…
“ഒരുക്കം നടക്കുന്നതെ ഉള്ളു…. ഇനി കഴിക്കാതെ ഒരു ഓട്ടം ഉണ്ട്… ”
എല്ലാവരും കഴിച്ചിട്ട് ഇറങ്ങി…
“ഏട്ടത്തി ഞാൻ വണ്ടി എടുക്കുവാട്ടോ… നിങ്ങൾ എന്തായാലും ഒന്നിച്ചല്ലേ… ”
“ഇല്ല, എനിക്ക് വേറെ കുറച്ചു അത്യാവശ്യം ഉണ്ട്… ” ശ്രീയുടെ മുഖത്ത് നീരസം…
“എന്ത് അത്യാവശ്യം ആയാലും അത് പിന്നെ ചെയ്യാം… ഒന്നിച്ചു പോയാൽ മതി… ” ദേവൻ പറഞ്ഞു..
“അച്ഛാ…അത്, ഇവൾ ലേറ്റ് ആകും.. ”
“പ്ലീസ് ഏട്ടാ, ഏട്ടത്തിയെ കൂടി കൊണ്ട്പോ… എനിക്ക് ഇന്ന് നേരുത്തേ എത്തണം… ഇപ്പൊ തന്നെ ലേറ്റ് ആയി.. ”
അത് പറഞ്ഞു ശ്രീക്കുട്ടി വണ്ടിയും എടുത്തുകൊണ്ടു പോയി…
“ആ അഭിരാമി ഇല്ലേ…അതിന്റെ കൂടെവല്ലോം പൊക്കോ… ”
“അവൾടെ അച്ഛൻ നാട്ടിൽ എത്തി… ഇപ്പൊ അങ്കിളാ കോളേജിൽ കൊണ്ട് വിടുന്നത്…. ”
“ശ്രീകുട്ടാ , നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി… മോളെയും കൊണ്ട് പോ… ”
“ഓ എന്തേലും കാണിക്ക്… വാ കയറ്… ”
മിഥു പുഞ്ചിരിയോടെ ദേവനെയും ലതയെയും കൈവീശി കാണിച്ചു…
©ആരുണി കൃഷ്ണ ❤️
വിവാഹം കഴിഞ്ഞു ആദ്യമായിട്ട് കോളേജിൽ പോകുന്നതിന്റെ ചമ്മൽ രണ്ടാൾക്കും ഉണ്ടായിരുന്നു… പാർക്കിംഗ് ഏരിയയിൽ ബുള്ളറ്റ് നിർത്തിയപ്പോൾ മിഥു ഇറങ്ങി ശ്രീയെ കാത്തുനിന്നു… അവൻ അവളെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു…
അതെ കുറച്ചു പതുക്കെ നടക്കുവോ…?
“എനിക്ക് ആരും കൂടെ വരണം എന്ന് നിർബന്ധം ഇല്ല. ”
ശ്രീ പറഞ്ഞുകൊണ്ട് വീണ്ടും നടത്തത്തിന്റെ വേഗത കൂട്ടി…
“ഹ്മ്മ്, ശ്രീപൊട്ടൻ… ” അവൾ പതിയെ നടക്കാൻ തുടങ്ങി… ശ്രീ നടന്നു പോയി… എല്ലാവരും അവരെ തന്നെ ശ്രദ്ധിക്കുക ആയിരുന്നു….ശ്രീ ആർക്കും മുഖം കൊടുത്തില്ല… മിഥുവിന് ഒരു ചളിപ്പ് തോന്നി… സ്റ്റാഫ് റൂമിൽ എല്ലാവരും ശ്രീയെ അഭിനന്ദിക്കുന്ന തിരക്കിൽ ആയിരുന്നു… എല്ലാവർക്കും നന്ദി പറഞ്ഞു, അവൻ തന്റെ ക്യാബിനിൽ കയറി…
മിഥു ക്ലാസ്സിലേക്ക് എത്തിയതും അസൂയയുടെ കണ്ണുകൾ അവളെ വന്നു പൊതിഞ്ഞു……ആമി എത്തിയിട്ടുണ്ടായിരുന്നു..
“മിഥു, ഡി… നീയും സാറും ആണ് കോളേജിൽ ഇപ്പൊ ചർച്ചാ വിഷയം… ”
“ഞങ്ങളോ…? ”
“ആ പിന്നല്ലാതെ, പെട്ടന്ന് അല്ലെ നിങ്ങളുടെ വിവാഹം നടന്നത്… എന്തൊക്കെ കഥകൾ ആണെന്നോ പറയുന്നത്… ”
“എന്തൊക്കെയാ…? ” മിഥു ചിരിയോടെ ചോദിച്ചു..
“ഓ, നിനക്ക് തമാശ… പോടീ ഞാൻ പറയുന്നില്ല.. ”
“എന്റെ ആമി, നിന്റെ ഈ പറച്ചിൽ കേട്ട് ചിരിച്ചതല്ലേ… പറ.. ”
“നിങ്ങൾ തമ്മിൽ പണ്ടേ ലവ് ആയിരുന്നു… നിങ്ങളുടെ കല്യാണം ഒക്കെ ഉറപ്പിച്ചു വച്ചിരുന്നതാ വീട്ടുകാർ… ”
“അതാണോ, അതിൽ ഏറെക്കുറെ സത്യം ആണ്.. ”
“ങേ, എന്നിട്ട് ഒരു വാക്ക് നീ എന്നോട്..!!! ”
“അതിന് ഞാൻ വല്ലതും അറിയണ്ടേ…? ”
മിഥു, ആമിക്ക് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു കൊടുത്തു…
“അമ്പടാ സാറെ…അപ്പൊ നിന്റെ കെട്ടിയോന് നിന്നോട് അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു അല്ലെ. ”
അത്കേട്ട് മിഥു തലക്കുലുക്കി കൊണ്ട് ചിരിച്ചു…
“ഓ, അത് പറഞ്ഞപ്പോ അവൾടെ ഒരു നാണം… നിനക്ക് ഇതൊക്കെ ഉണ്ടാർന്നോ… ”
“ആമി… !!!”
“ഹഹ… എന്തായാലും കോളേജിലേ ഏറ്റവും ചുള്ളനെ നീ തട്ടി എടുത്ത വിഷമത്തിൽ ആണ്, ഇവിടുത്തെ തരുണികൾ… ആ അമൃതയുടെ ഒക്കെ ഒരു വിഷമം നീ കണ്ടോ…. ”
“ആണോ..? ” മിഥു തിരിഞ്ഞു നോക്കിയതും അമൃത മുഖം വീർപ്പിച്ചു കുനിഞ്ഞു ഇരിക്കുന്നു…
അർജുനും എം എൽ എ ദത്തനും പിടിയിൽ ആയത് കോളേജിലും പാട്ടാണെങ്കിലും, മിഥുവിനും ശ്രീക്കും അതിൽ ഉള്ള പങ്കും, അന്ന് നടന്ന സംഭവങ്ങൾ ഒന്നും പോലീസ് പുറത്ത് വിട്ടില്ല….അർജുന്റെ ഗാങ് അതിന് ശേഷം കോളേജിൽ വന്നതും ഇല്ല… എല്ലാ രീതിയിലും മിഥുവിന് ആശ്വാസം തോന്നി…
പെട്ടന്ന് ശ്രീ ക്ലാസ്സിലേക്ക് കയറി വന്നു… വിഷ് ചെയ്തു എല്ലാവരും ഇരുന്നതും, അസ്ഥാനത്തുള്ള ചില ചുമകൾ കേട്ടു.. അത് ഏറി വന്നപ്പോൾ, ശ്രീ ശക്തമായി ടേബിളിൽ അടിച്ചു… പിന്നീട് ക്ലാസ്സ് നിശബ്ദമായി… ശ്രീ ക്ലാസ്സ് തുടർന്നു… മിഥുവിന്റെ കണ്ണുകൾ ശ്രീയെ കണ്ണിമ ചിമ്മാതെ പിന്തുടർന്നു… പക്ഷെ ശ്രീ അവളെ ഒഴികെ മറ്റെല്ലാവരെയും നോക്കി… എല്ലാവരും ശ്രദ്ധിച്ചതും അത് തന്നെ ആയിരുന്നു…
“സർ ഒരു ഡൌട്ട്… “അമൃത ചാടി എഴുന്നേറ്റു..
ശ്രീ അടുത്തേക്ക് ചെന്ന് തിരക്കി…
“ഗുഡ് വൺ അമൃത, നന്നായി ശ്രദ്ധിച്ച ഒരാൾക്ക് മാത്രമേ ഈ ഡൌട്ട് ഉണ്ടാകു…നിങ്ങളിൽ ആര് ചോദിക്കും എന്ന് പ്രതീക്ഷിച്ചു ഇരിക്കുക ആയിരുന്നു… കീപ് ഇറ്റ് അപ്പ്… ”
ശ്രീ ചിരിയോടെ പറഞ്ഞുകൊണ്ട് മുഴുവൻ ക്ലാസിനുമായി ആ ഡൌട്ട് ക്ലിയർ ചെയ്തു കൊടുത്തു…
“ഇവൾ നിനക്കൊരു ഭീഷണി ആണ് മിഥു….!!”
“ഇവളുടെ മരണം എന്റെ കൈ കൊണ്ടാകും… ”
മിഥു ചെറഞ്ഞു കൊണ്ട് ആമിയെ നോക്കി പറഞ്ഞു..
“ഹ്മ്മ്, പിന്നെ കീപ് ഇറ്റ് അപ്പ്… ആർക്കും തോന്നാത്ത ഒരു ഡൌട്ട്… അതിന് ഇത്ര തേൻ പുരട്ടി അഭിനന്ദിക്കാൻ എന്തിരിക്കുന്നു…ഇങ്ങേർക്ക് ചിരിക്കാൻ അറിയില്ലേ അപ്പൊ…. ”
മിഥു മനസ്സിൽ ഓർത്തു…
ക്ലാസ്സ് കഴിഞ്ഞ് ശ്രീ പോയതും അമൃത തുടങ്ങി..
“എടിയെ, ഒരു മാസം കൊണ്ട് നമ്മുടെ ശ്രീറാം സാറിന്റെ ഗ്ലാമർ എല്ലാം അങ്ങ് പോയല്ലേ… ”
“പോയോ…? ”
“ആ ടി, ചിലപ്പോൾ ചിലരുടെ ഒക്കെ സൗന്ദര്യക്കുറവിനോട് ബാലൻസ് ചെയ്യാൻ ആയിരിക്കും അല്ലെ…? ”
“ഹഹ… ”
ക്ലാസ്സിൽ കൂട്ട ചിരി ഉയർന്നതും… മിഥു ഡെസ്കിൽ ഇരു കൈകൾ കൊണ്ടും ആഞ്ഞു ഇടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…
“ഹാ, ബെസ്റ്റ് സാറിന്റെ കെട്ടിയോൾ തന്നെ… ” ആമി പിറുപിറുത്ത് കൊണ്ട് അവൾക്ക് പിന്നാലെ പോയി…
“മിഥു… ”
“അവൾ ആരാ, എന്റെ കെട്ടിയോന്റെ ഗ്ലാമർ കുറഞ്ഞു എന്ന് പറയാൻ, അഥവാ കുറച്ചു കുറഞാൽ തന്നെ അത് ഞാൻ അങ്ങ് സഹിച്ചു…എന്റെ സൗന്ദര്യകുറവ് ബാലൻസ് ചെയ്യാൻ ആണെന്ന്… നീ കേട്ടോ ആമി… ഈ എന്നോട് അതും അവൾ… എന്റെയും ശ്രീയേട്ടന്റെ കാര്യത്തിൽ അവൾ എന്തിനാ തലയിടുന്നേ… ”
മിഥു ശ്വാസം എടുക്കാതെ പറഞ്ഞത് കേട്ടപ്പോൾ ആമിയുടെ കിളിപോയി..
“ഹോ, ഇതിപ്പോ നല്ല കൂത്ത്… ഞാൻ ആണോ അവളല്ലേ ചൊറിയാൻ വന്നത്… നേരിട്ട് ചോദിക്കരുതോ…?
” ചോദിക്കാൻ അറിയാഞ്ഞിട്ടു അല്ലെന്ന് അറിയാല്ലോ നിനക്ക്… വഴക്ക് ഉണ്ടാക്കാൻ ആണ് അവൾ ഇതൊക്കെ കാണിച്ചു കൂട്ടുന്നത്… മുൻപ് ആണെങ്കിൽ ഓക്കേ… ഇപ്പൊ ഞാൻ ആയി ഒരു പ്രോബ്ലം ക്രീയെറ്റ് ചെയ്താൽ അത് ശ്രീയേട്ടനെയും ബാധിക്കും.. ”
“ആ അറിയാല്ലോ… അപ്പൊ അതിനൊന്നും നീ ചെവി കൊടുക്കണ്ട… ”
“ഡി, എന്നാലും സത്യം പറ ഞാൻ ശ്രീയേട്ടന് ചേരില്ലെ…? ”
“എന്റെ പൊന്ന് മിഥു, നിങ്ങൾ കെട്ടിയോനും കെട്ടിയോളും പെർഫെക്ട് മാച്ച് ആണ്.. made for each other…”
മിഥു സന്തോഷത്തോടെ ആമിയെ ചേർത്ത് പിടിച്ചു തിരിഞ്ഞതും മുന്നിൽ ശ്രീ… മിഥു മെല്ലെ ആമിക്ക് പിന്നിലേക്ക് മറഞ്ഞു… ആമിക്ക് നല്ല ചിരി വരുന്നുണ്ടായിരുന്നു… ശ്രീ ഗൗരവത്തിൽ അവളെ ഒന്ന് നോക്കി നടന്നു പോയി..
“അയ്യോ… !!!”
മിഥു ഇരു കയ്യും തലയിൽ വെച്ച് നിന്നതും ആമി വാ പൊത്തി ചിരിക്കാൻ തുടങ്ങി…
©ആരുണി കൃഷ്ണ ❤️
അന്നത്തെ ക്ലാസ്സ് കഴിഞ്ഞു തിരികെ പോകാൻ നേരം, ആമി ചില കാര്യങ്ങൾ പറയാൻ ഉണ്ടെന്ന് മിഥുവിനോട് പറഞ്ഞു…. നാളെ ആവട്ടെ എന്ന് പറഞ്ഞു ആമി അവളുടെ അച്ഛന്റെ ഒപ്പം കാറിൽ കയറിപോയി…
“ഈ ശ്രീയേട്ടൻ ഇത് എവിടെയാ… ബാക്കി ടീച്ചർസ് ഒക്കെ വരുന്നുണ്ടല്ലോ.. ”
അവൾ പതിയെ വീണ്ടും അകത്തേക്ക് നടക്കാൻ തുടങ്ങിയതും രാധമണിയും വേറെ ഒന്ന് രണ്ടു ടീച്ചർസും വരുന്നുന്നത് കണ്ടു… അവൾ എങ്ങനെ ചോദിക്കും എന്ന് ഓർത്ത് പരുങ്ങി നിൽക്കുന്ന കണ്ടു രാധാമണി അങ്ങോട്ടേക്ക് വന്നു…
“എന്താ മോളെ, ശ്രീകുട്ടനെ കാത്ത് നിൽക്കു ആണോ…? ”
“അതെ എന്നവൾ തലയാട്ടി..”
“ആ കോറിഡോറിൽ ഉണ്ട്, സ്റ്റുഡന്റസ്ന് ഡൌട്ട്സ് ക്ലിയർ ചെയ്യുന്നു… ”
അവൾ ചെന്ന് നോക്കിയപ്പോൾ, ഒപ്പം അമൃത… മിഥുവിന് ദേഷ്യം ഇരട്ടിച്ചു…
“ഓ, കൊഞ്ചികുഴയുന്ന നോക്ക്… ഇവളുടെ കോഴിപനി ഇങ്ങേർക്ക് പിടിച്ചോ… ”
അവൾ അടുത്തേക്ക് ചെന്നതും, ശ്രീ ഗൗരവത്തിൽ ആയി…
“ശ്രീയേട്ടാ, അമ്മ വിളിച്ചിരുന്നു… ഇന്ന് നേരുത്തേ ചെല്ലാൻ പറഞ്ഞു…. ”
മിഥു അമൃതയെ കാണിക്കാൻ ശ്രീയുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു… ശ്രീ എങ്ങനെ പ്രതികരിക്കും എന്നൊരു ഭയം അവൾക്ക് ഉണ്ടായിരുന്നു… പക്ഷെ അവൻ ഒന്നും പറഞ്ഞില്ല…
“അമൃത, ബാക്കി നാളെ ക്ലിയർ ചെയ്തു തരാം… ”
“ഓക്കേ സർ… ”
“നിന്റെ സംശയങ്ങൾ ഒക്കെ ഞാനും തീർക്കുന്നുണ്ട്… ”
മിഥു പല്ല് കടിച്ചു കൊണ്ട് പതിയെ പറഞ്ഞു…
ശ്രീ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും മിഥു കയറി… പിന്നിൽ അമൃത നടന്നു വരുന്നത് കണ്ടപ്പോൾ മിഥുവിന്റെ കൈകൾ ശ്രീയെ ചുറ്റിപിടിച്ചു… അവൻ ഒന്ന് തിരിഞ്ഞു നോക്കിയിട്ടും അവൾ കൈ എടുത്തില്ല… അപ്പോൾ അവരെ നോക്കി അമൃത കടന്ന് പോയതും, ശ്രീ ഉള്ളിൽ ചിരിച്ചു…
“അപ്പൊ ഇതായിരുന്നു അല്ലെ മോളെ, നിന്റെ …. ” ശ്രീ മനസ്സിൽ ഓർത്തുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…
വീട്ടിൽ എത്തിയതും അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയ മിഥുവിന്റെ കയ്യിൽ പിടിച്ചിട്ട് ശ്രീ മുറിയിലേക്ക് വരാൻ പറഞ്ഞു… മിഥു അത്ഭുതത്തോടെ നിൽക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു….
തുടരും……

by