രചന – ആരുണി കൃഷ്ണ
“ഓ… ഈ ഇടിയറ്റ് ശ്രീ പൊട്ടൻ ഫാമിലിയിൽ എത്ര പാവമാണ്.. പെർഫെക്ട് ജന്റിൽമാൻ .. ബാക്കി ഉള്ളവരോട് കലിപ്പും.. ” ദേവന്റെയും ശ്രീയുടെയും കളിചിരികൾ കണ്ട മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു… ഒരു നിമിഷം അവൾ തന്റെ അച്ഛനെ ഓർത്തു…. “അതെ ഇനി എല്ലാരും കൂടെ ആ വിളക്ക് എല്ലാം തെളിയിച്ചോളു… ” ക്ഷേത്രത്തിലെ തിരുമേനി വന്നു പറഞ്ഞപ്പോഴേക്കും എല്ലാവരും തിരി തെളിയിക്കാൻ ഒരുങ്ങി… “അച്ഛേ… അമ്മുനെ എത്തോ… എത്തോ അച്ഛേ എനിച്ചും കത്തിക്കണം… ” “അയ്യോ അമ്മു മോൾടെ കൈ പൊള്ളുടാ…, ” “പറ്റില്ല… എത്തോ… ” ഒടുവിൽ അവൾടെ വാശിക്ക് മുന്നിൽ പ്രണവിന് അടിയറവ് പറയേണ്ടി വന്നു….
“അച്ചൂട്ടാ, കൈപൊള്ളിക്കല്ലേ ” “ധോണ്ട് വറി അമ്മ… ” അവൻ താഴത്തെ വരിയിൽ തിരി കൊളുത്താൻ പ്രവീണയോടൊപ്പം കൂടി… “ഓ, ശരി സർ.. ” “മിഥു… വരുന്നോ നമുക്ക് ആ കാൽവിളക്കിൽ തിരി കൊളുത്താം… ” ശ്രീക്കുട്ടി വന്ന് മിഥുവിനെ കൂട്ടികൊണ്ട് പോയി… അവർ ഇരുവരും ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു പെട്ടന്ന് കൂട്ടായി… “അയ്യോ, ശ്രീക്കുട്ടി നിന്റെ ഡ്രെസ്സിൽ കരി… ” “അയ്യോ…. എവിടെ..? ” “ദാ പിന്നിൽ.. വിളക്കിൽ നിന്ന് പറ്റിയതാകും…” “ശേ… ഇത് കൂടുതൽ ഉണ്ടല്ലോ… എവിടാ ഒന്ന് കഴുകുന്നെ…? “അവൾ സങ്കടത്തോടെ മിഥുവിനോട് തിരക്കി… “ആ ശരിയാക്കാം.. മഞ്ചു…. ” “എന്താ ചേച്ചി… മോളെ ഈ വിളക്ക് ബാക്കി കൂടി ഒന്ന് തെളിയിക്ക്.. ഞങ്ങൾ ഇതൊന്ന് കഴുകിയിട്ടു വരാം… ” “ആ ചേച്ചി… ” മിഥു ശ്രീകുട്ടിയെയും കൂട്ടി, ക്ഷേത്രത്തിനു പുറത്തുള്ള പൈപ്പിന് അരികിലേക്ക് നടന്നു….
പൈപ്പിനോട് ചേർന്നുള്ള മതിലിൽ കുറച്ചു പേര് ഇരിക്കുന്നുണ്ടായിരുന്നു… “ഡാ… ഏതാ രണ്ട് കിളികൾ… ” “ആ സാരിക്കാരി കൊള്ളാല്ലോ അളിയാ… ” ശ്രീക്കുട്ടി ഡ്രസ്സിന്റെ അറ്റം പിടിച്ചു കഴുകാൻ തുടങ്ങി… മിഥു അവളെ സഹായിച്ചു.. “സത്യം അളിയാ, പൊളി ഐറ്റം… കെട്ടുന്നവന്റെ ഭാഗ്യം…. നമുക്ക് കിട്ടുവോഡാ …” മിഥുവിന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കണ്ണുകളുമായി അവരിൽ ഒരുത്തൻ പറഞ്ഞു… ആരുമില്ല അവിടെ എന്ന ധൈര്യത്തിൽ അവന്മാരുടെ ശബ്ദം ഉയർന്നു… ശ്രീകുട്ടിക്ക് രക്തം തിളച്ചു.. “വേണ്ടഡാ .. അവന്മാർക്ക് വേണ്ടതും ഇത് തന്നെയാ… നമ്മൾ അവന്മാരോട് കോർക്കാൻ ചെല്ലണം… വിട്ടേക്ക്… ” ശ്രീക്കുട്ടിയുടെ കയ്യിൽ പിടിച്ചു, തിരിച്ചുപോകാൻ ഒരുങ്ങിയ മിഥുവിന്റെ മുന്നിലേക്ക് ഒരുത്തൻ ചാടി വീണു…
“ശേ… ഇവൾ എവിടെ പോയി… കീരിയും പാമ്പും പോലെ നടന്നിട്ട്, അവളെ തിരക്കുന്നത് എങ്ങനാ ഇനി… ആരോടും ചോദിക്കാനും പറ്റില്ലല്ലോ ദൈവമേ… അത് അവൾ അറിഞ്ഞാൽ തീർന്നു… ” ശ്രീ ചുറ്റുപാടും നോക്കി.. “മഞ്ജു, മിഥു എവിടെ…? ” സുഭദ്ര ആയിരുന്നു… വൈദ്യൻ കല്പ്പിച്ചതും, രോഗി ഇച്ഛിച്ചതും… സെയിം പിഞ്ച്.. ” എന്ന് മനസ്സിൽ ഓര്ത്തുകൊണ്ട് ശ്രീ കാതോർത്തു.. “ചേച്ചി, ശ്രീക്കുട്ടി ചേച്ചിടെ കൂടെ പുറത്തോട്ടു പോയി… ഡ്രെസ്സിൽ കരി പറ്റിയത് കഴുകാൻ.. ” “അവർ വരുമ്പോ, അകത്തേക്ക് വന്നോ… പൂജ തുടങ്ങാറായി.. ” അത് പറഞ്ഞു സുഭദ്ര പോയി.. “അങ്ങനെ അങ്ങ് പോയാലോ മോളെ… മോളു കേട്ടില്ലേ ആ ചേട്ടൻ ചോദിച്ചത്… കിട്ടുവോ..? ” “അനാവശ്യം പറയുന്നോഡാ…? ” മിഥു അവന് നേരെ കയ്യോങ്ങിയതും അവൻ ആ കയ്യിൽ കയറി പിടിച്ചു… ശ്രീകുട്ടി അയാളെ പിടിച്ചു മാറ്റാൻ നോക്കി…
അവൻ അവളെ തന്നിലേക്ക് അടുപ്പിക്കാൻ ഒരുങ്ങിയപ്പോൾ….. ദാ കിടക്കുന്നു അവൻ നിലത്ത്…. ശ്രീകുട്ടന്റെ ഒരൊറ്റ ചവിട്ടിൽ!!!!. നെഞ്ച് തടവി എണീക്കാൻ നോക്കിയവന്റെ കരണകുറ്റി നോക്കി ഒന്നുടെ പൊട്ടിച്ചു… “ഡാ, ഇനി മേലിൽ ഇവളോട് എന്നല്ല ഒരു പെണ്ണിന് നേരെയും പൊങ്ങരുത് നിന്റെ ഒരുത്തന്റെയും നാവും ഈ കയ്യും..” എന്ന് പറഞ്ഞു, അവനെ പൊക്കി എടുത്ത് കൈ പിടിച്ചു തിരിച്ചു… അപ്പോഴേക്കും കൂടെ ഉള്ളവന്മാർ ജീവനും കൊണ്ട് ഓടിയിരുന്നു… തൊട്ട് പിന്നാലെ ഇവനും ഓടി… “നിന്നോട് ഒക്കെ ആരാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്…? ” അപ്പോഴും ശ്രീയുടെ മുഖത്തെ ദേഷ്യം മാറിയിരുന്നില്ല…
“അത് ഏട്ടാ ഡ്രെസ്സിൽ കരി പറ്റിയപ്പോൾ… ” “സന്ധ്യ കഴിഞ്ഞു ഇറങ്ങുമ്പോ, ആരെങ്കിലും കൂട്ടി വന്നൂടെ… അതെങ്ങനാ സാമർഥ്യവും തന്റേടവും ആവശ്യത്തിൽ കൂടുതൽ ഉള്ളവരുണ്ടല്ലോ കൂടെ… എവിടേലും വായിനോക്കി നോക്കി നടന്ന് ഓരോന്ന് പറയിപ്പിക്കാൻ… ” അത്രെയും പറഞ്ഞതും മിഥുവിന്റെ മുഖത്ത് നോക്കി ആയിരുന്നു… അവൾ അനങ്ങിയില്ല.. തലകുനിച്ചു തന്നെ നിൽക്കുന്നുണ്ടായിരുന്നു… “ഇനി എന്ത് കാഴ്ച്ച കാണാൻ നിക്കാ രണ്ടും… പൊക്കൂടെ ” “ഹോ, ഇതെന്ത് കാട്ടുപോത്താ… ” ശ്രീ മുറുമുറുത്തു കൊണ്ട് മിഥുവിന്റെ കൈകളിൽ പിടിച്ചു… “വാ മിഥു… ” അപ്പോൾ അവൾ മുഖം ഉയർത്തി ശ്രീകുട്ടനെ ഒന്ന് നോക്കി… അവളുടെ കണ്ണുകൾ ചുവന്നു കലങ്ങി കണ്മഷി പടർന്നിരുന്നു… ഇരുകവിളിലും ചോരത്തുടിപ്പ്… മുഖത്തെ സങ്കടം അവനോടുള്ള ദേഷ്യത്തിന് വഴിമാറിയിരിക്കുന്നു…
ചാട്ടുളി പോലെ ആ നോട്ടം അവന്റെ നെഞ്ചിലേക്ക് ആഴ്ന്ന് ഇറങ്ങി… അവൾ നടന്നകലുമ്പോൾ, ശ്രീകുട്ടന് ഒരു വേദന തോന്നി… ” അത്രയും പറയണ്ടായിരുന്നു… അവൾക്ക് ഒരുപാട് ഫീൽ ചെയ്തിട്ടുണ്ട്… പാവം… സോറി പെണ്ണെ.. നിന്റെ കയ്യിൽ ഒരുത്തൻ പിടിച്ച് അനാവശ്യം പറഞ്ഞപ്പോ എന്റെ നിയന്ത്രണം വിട്ട് പോയി… ആ ദേഷ്യത്തിൽ പറ്റിപോയതല്ലേ…സാരമില്ല… ഇതൊക്കെ വെറും ടെസ്റ്റ് ഡോസ് അല്ലെ… കൂടെ ജീവിക്കുമ്പോ ഒരു പൂരം തന്നെ കാണാൻ കിടക്കുന്നു… ” അവൻ പുഞ്ചിരിച്ചുകൊണ്ട് ക്ഷേത്രത്തിനു അകത്തേക്ക് പോയി… ©ആരുണി കൃഷ്ണ ❤️ ഭഗവാന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ മനസ്സ് വല്ലാതെ ശൂന്യമായി മിഥുവിന് തോന്നി… കാരണമില്ലാതെ ആ കണ്ണുകൾ നിറഞ്ഞു…
ശ്രീയുടെ പെരുമാറ്റമോ ദേഷ്യമോ മാത്രം അല്ല കണ്ണീരിനു കാരണം എന്ന് അവൾ അറിയുന്നുണ്ടായിരുന്നു… ” ഏതോ ഒരാൾ മോശമായി പെരുമാറിയപ്പോൾ, ഓടി വന്ന് രക്ഷിച്ചു…. എന്നോ നഷ്ടപെട്ട സുരക്ഷിതത്വം തിരിച്ചു കിട്ടിയ പോലെയാ തോന്നിയത്… പക്ഷെ ആശ്വാസ വാക്കുകൾ പ്രതീക്ഷിച്ചുനിന്ന എനിക്ക് കിട്ടിയതോ… അപ്പൊഴുത്തേ എന്റെ മാനസികാവസ്ഥ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിലോ … അച്ഛൻ ഉണ്ടായിരുന്നെങ്കിൽ… ” ശ്രീകൊവിലിന് മുന്നിൽ നിലക്കാത്ത കണ്ണീരോടെ അധികനേരം നിൽക്കാൻ അവൾക്കായില്ല…. എല്ലാവരും ദീപാരാധന തൊഴുന്നതിന് ഇടയിൽ ആരുടേയും കണ്ണിൽ പെടില്ല എന്ന വിശ്വാസത്തോടെ അവൾ ഊട്ട് പുരക്ക് അരികിലേക്ക് മാറി നിന്നു… മനസ്സിലെ സങ്കടക്കടൽ ഒഴുക്കി കളയാൻ … പക്ഷെ അവൾ പോലും അറിയാതെ അവളെ പിന്തുടർന്ന ശ്രീയുടെ കണ്ണുകളും അറിയാതെ ഒന്ന് നിറഞ്ഞു… അവൻ അവൾ കാണാതെ മറഞ്ഞു നിന്നു….
“നിന്നെ ഒന്ന് ചേർത്ത് നിർത്തി, ഒരുത്തനും നിന്നെ തൊടില്ല… കൂടെ ഞാൻ ഉണ്ടാവും എന്ന് പറയാൻ കഴിവില്ലാഞ്ഞിട്ടല്ല… പക്ഷെ ഇനിയും കാത്തിരിക്കണം… ഈശ്വരാ, ഞാൻ പറഞ്ഞത് ഓർത്തിട്ടാണോ ഈ കരച്ചിൽ… ഒരു സോറി പറഞ്ഞാലോ… പറയാ..ല്ലേ… ” എന്നോർത്ത് അവൻ മെല്ലെ അവൾക്ക് അരികിലേക്ക് അടുത്തു… “മൈഥിലി… ” അവൾ ഞെട്ടി തിരിഞ്ഞതും ശ്രീ അവൾക്ക് മുന്നിൽ നില്കുന്നു… “താൻ എന്തിനാ കരയുന്നത്, അവിടെ വെച്ച് നടന്നത് ഓർത്തിട്ടാണോ… എങ്കിൽ സോ… ” അവൻ പറഞ്ഞു തീരും മുന്നേ അവൾ കൈകൾ ഉയർത്തി മതി എന്ന് കാണിച്ചു… “ഞാൻ കരഞ്ഞാൽ തനിക്ക് എന്താ ചേതം… ഇയാൾ ആരാ അത് തിരക്കാൻ, എന്റെ കാമുകനോ, അതോ ഭർത്താവോ…? അവിടെ നടന്നതിന്റെ പേരിലോ, തന്നെ പോലെ ഒരാൾ കുറെ ചീപ്പ് ഷോ കാണിച്ചെന്നോ പറഞ്ഞു ഇരുന്ന് കരയാൻ മാത്രം വിഡ്ഢിയല്ല ഈ മൈഥിലി നന്ദഗോപാൽ….
ഞാൻ ചിരിക്കും കരയും… സൊ പ്ലീസ് ഗെറ്റ് ലോസ്റ്റ്… ” അവൾ മനസ്സിൽ നുരഞ്ഞു പൊന്തിയ ദേഷ്യവും സങ്കടവും എല്ലാം അവന്റെ മുന്നിലേക്ക് വർഷിച്ചു.. ഒരു നിമിഷം ശ്രീയും സ്തബ്ധൻ ആയി നിന്നുപോയി… പക്ഷെ പൊടുന്നനെ തന്നെ മറികടന്നു പോകാൻ ഒരുങ്ങിയ മിഥുവിന്റെ കൈകളിൽ അവൻ പിടുത്തമിട്ടു… ഇരുകൈകളും പിന്നിലേക്ക് ചേർത്ത് പിടിച്ചു ശ്രീ അവളെ തന്നിലേക്ക് അടുപ്പിച്ചു… ഇപ്പോൾ അവരുടെ നെഞ്ചുകൾ തമ്മിൽ ഇരു ഹൃദമിടിപ്പിന്റെയും കേവല ദൂരം മാത്രം.. ശ്രീയുടെ കണ്ണുകളിൽ കോപാഗ്നിയും, മിഥുവിൽ ഭയവും കളിയാടുമ്പോഴും ഇരു ഹൃദയതാളങ്ങളും ഒരേ ഈണത്തിൽ ആയിരുന്നു.. ഇടനെഞ്ചിൽ പരിഭ്രമം കൂടിക്കൂട്ടി അവർ ചേർന്ന് നിന്നു… “ഡോ… താനെന്താ ഈ കാണിക്കുന്നത്, വിടടോ എന്നെ.. ” മിഥു സ്വബോധം വീണ്ടെടുത്ത് കുതറി മാറാൻ ശ്രമിച്ചപ്പോൾ അവന്റെ കൈകൾ ഒന്നുകൂടി മുറുകി.. അവൾ വേദനയാൽ പുളഞ്ഞു…
ഒടുക്കം ആ കൈകൾ അയഞ്ഞു… അവൾ കൈകൾ കുടഞ്ഞുകൊണ്ട് നിറകണ്ണുകളോടെ ഓടി… “ഭഗവാനെ ഞാൻ എന്താ ഈ ചെയ്തത്… വേദനിപ്പിച്ചതിന് സോറി പറയാൻ പോയിട്ട്… പിന്നെയും പിന്നെയും വേദനപ്പിക്ക ആണല്ലോ… ” തിരികെ വീട്ടിലേക്ക് പോകും നേരവും ശ്രീക്കുട്ടൻ മിഥുവുനെ നോക്കുന്നുണ്ടായിരുന്നു… പക്ഷെ അവൾ അവനെ തീരെ ശ്രദ്ധിച്ചില്ല.. എല്ലാവരും കേക്ക് കട്ടിങ് ഒക്കെ ആയി ഹാപ്പി ആയിരുന്നപ്പോഴും മിഥു മാത്രം ഒന്നിനും ഉന്മേഷം ഇല്ലാതെ ഇരുന്നു…. പലരും കാര്യം തിരക്കിയപ്പോഴും ചില കള്ളങ്ങൾ ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.. എത്രയും വേഗം അവൾക്ക് റൂമിലേക്കു പോകാൻ തോന്നി…. © ആരുണി കൃഷ്ണ ❤️ ” സുഭദ്രേ… ” “ഇത്രയും കാലം അവിടെ നീ ഒറ്റക്ക് കഴിഞ്ഞു… കുട്ടികൾടെ പഠിപ്പാണെങ്കിൽ, അത് ഇവിടെ നിന്നും പോകാല്ലോ… അതല്ലേ കുറച്ചുകൂടി സൗകര്യം… നന്ദൻ നിനക്കും മക്കൾക്കും എല്ലാം തന്നിട്ട് തന്നെയാ പോയത്… ഒക്കെ എനിക്കറിയാം.. പക്ഷെ എന്ന് കരുതി നിന്നിൽ എനിക്കുള്ള സ്നേഹവും കടമയും അവസാനിച്ചെന്ന് കരുതരുത്….
അതുകൊണ്ട് മറുത്തൊരു തീരുമാനം വേണ്ട… നീയും മക്കളും ഇവിടെ കഴിഞ്ഞാൽ മതി ഇനി… ” “നന്ദേട്ടന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണാ അത്… അവിടം വിട്ട് വരാൻ.… ” പറഞ്ഞവസാനിക്കും മുന്നേ അവർ വിതുമ്പി… “ഭദ്രേ, മോളെ…. ” ആ വിളിയിൽ തന്റെ പഴയ ഏട്ടനെ അവൾ അറിഞ്ഞു… “മോളെ….നമ്മുടെ മിഥു, അവൾ ഇവിടെ എല്ലാരോടും ഒപ്പം ആണെങ്കിൽ ഒരുപാട് നല്ലതല്ലേ… ഒരിക്കൽ കൂടി ആ മനസ്സിൽ വേദനകൾ കൊണ്ട് നിറക്കണോ… നീ പറഞ്ഞപോലെ, നന്ദന്റെ ഓർമ്മകൾ… അത് പക്ഷെ മിഥുവിന് എന്നും ഒരു നോവാണ്… ” “അമ്മേ ശരിയാ…..ചേച്ചി ആ വീട്ടിൽ നിന്നാൽ അച്ഛന്റെ ഓർമ്മൾ മനസ്സിലിട്ട് ആധിപിടിപ്പിക്കും… ഇവിടെ എല്ലാരും ഉള്ളപ്പോ ഒരു ആശ്വാസമാ… “മഞ്ചു പറഞ്ഞു.. “അതിനു അവൾ സമ്മതിക്കുമോ…? ” “അതിനൊക്കെ വഴിയുണ്ട് അമ്മായി ടെൻഷൻ ആകേണ്ട… “പ്രവീണ അവർക്ക് ഉറപ്പ് നൽകി… “മോളെ, ഈ കിളവിക്ക് ഇതിലും വലിയ സന്തോഷം വേറെന്താ… ഈ കോട്ടൂർ തറവാട്ടിൽ എന്റെ മക്കൾ എല്ലാം ഒരുമിച്ച് സന്തോഷത്തോടെ കഴിയണം…
കണ്ണടയും വരെ അമ്മക്ക് അത് കാണണം… ” മഹേശ്വരിയമ്മ നിറകണ്ണുകളോടെ അത് പറഞ്ഞുകൊണ്ട് സുഭദ്രയെ ചേർത്ത് നിർത്തി… “അച്ഛേ അച്ഛക്ക് ഫോൺ… ” ” ആരാടാ.. ” പ്രണവ് തിരക്കി… ” ശ്രീ അങ്കിൾ…വേഗം താ അച്ഛേ…എനിച്ച് പബ്‌ജി കളിച്ചണം.. ” “ഓടിക്കോ… അവന്റെ ഒരു പബ്‌ജി… ” അച്ചു സങ്കടപ്പെട്ട് ഓടിപോയി.. “എന്താടാ…? ” “ഡാ നാളെ നീ ഓഫീസിൽ പോകും വഴി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണെ … ” “ആ ഡാ… അല്ല നിന്റെ വണ്ടി എവിടെ… ” “ബുള്ളറ്റ് വർക്ക്‌ഷോപ്പിൽ, ചെറിയൊരു പണിയുണ്ട്.. പിന്നെ, കാറ് അച്ഛന് നാളെ എന്തോ അർജന്റ് മീറ്റിംഗ് പോലും… രാവിലെ തന്നെ പോണം… ” “ആ ശരി ഡാ, രാവിലെ ഇങ്ങ് പോരെ… അപ്പോ ഗുഡ് നൈറ്റ് ” “ആ ഗുഡ് നൈറ്റ് ” ശ്രീ ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു… മിഥുവിനെ ഒന്ന് കാണാൻ ഇതിലും നല്ല മാർഗം വേറെ ഇല്ലല്ലോ… “എന്താ പ്രണവേട്ടാ..? ” “ശ്രീക്കുട്ടനാ ടി… അവനെ നാളെ കോളേജിൽ ഒന്ന് ഡ്രോപ്പ് ചെയ്യണം എന്ന്, വണ്ടി വർക്ക് ഷോപ്പിൽ ആണെന്ന്.. ” “ഓ നാളെ ഫസ്റ്റ് ഡേ ആണല്ലോ… അല്ല ഏത് കോളേജിലാ… അത് പറഞ്ഞില്ലല്ലോ… ” “അത് നമ്മുടെ ശങ്കേഴ്സ് അക്കാദമി ഓഫ് ടെക്നോളജി യിൽ.. ” “ആ… ” “ങേ… ” പെട്ടന്ന് പ്രണവ് ഞെട്ടി എഴുന്നേറ്റു … “നമ്മുടെ മിഥുവിന്റെ കോളേജിലാ ഡി… ” “അടിപൊളി അപ്പൊ ആ കാര്യത്തിൽ ഒരു തീരുമാനം ആയി… ” തുടരും…..

by