രചന – ജിഷ
“അഭിയേട്ടന്റെ അമ്മ”
എന്തു സുന്ദരിയാണ്,
ഫോട്ടോയിൽ കാണുന്നതിനേക്കാൾ ചന്തമുണ്ട് നേരിട്ട് കാണാൻ… ഞാൻ മനസ്സിലോർത്തു..
അഭിയേട്ടൻ ഫോട്ടോയിൽ കാണിച്ച് തന്നിട്ടുള്ളതുകൊണ്ട്, നേരിട്ടു കണ്ടിട്ടില്ലേലും എനിക്ക് പെട്ടെന്ന് മനസ്സിലായി….
നീനമോൾ മോൾ അല്ലെ
മോൾക്ക് അമ്മയെ മനസ്സിലായോ,
മ്മ്മം, മനസ്സിലായി അമ്മെ, അഭിയേട്ടൻ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്, അഭിയേട്ടൻ എപ്പോഴും അമ്മയെക്കുറിച്ച് പറയും……
അഭിയേട്ടൻ ഒന്നും പറഞ്ഞില്ലലോ ‘അമ്മ വരുന്നതിനെ കുറിച്ച്…. അഭിയേട്ടൻ വന്നില്ലേ കൂടെ ?
അമ്മ ഒറ്റക്കാണോ വന്നത് ?
അഭിയേട്ടൻ എന്നെ പറ്റിക്കുകയാണോന്ന് അറിയാത്തത് കൊണ്ട് എന്റെ കണ്ണുകൾ മുറ്റത്തു കിടക്കുന്ന കാറിന്റെ ഉള്ളിലേക്ക് പതിഞ്ഞു…..
മോള് നോക്കണ്ട അവനില്ല, അവനറിയില്ല ഞാൻ ഇങ്ങോട്ടു വരുമെന്ന്…
ഞാൻ അച്ഛനെ ഒന്ന് കണ്ട് മോളെടു ഒരു കാര്യം പറഞ്ഞു പോകമെന്നു കരുതി വന്നതാ…
ഞാൻ ചിരിച്ചു കൊണ്ട് അമ്മയെ അകത്തേക്ക് ക്ഷണിച്ചു..
കയറി വാ അമ്മെ അകത്തിരിക്കാം,
അമ്മയിരിക്ക് ഞാൻ കുടിക്കാൻ ചായ എടുത്തിട്ട് വരാം…
അകത്തേക്ക് പോവാൻ തിരിഞ്ഞ എന്നെ അമ്മ തടഞ്ഞു…..
വേണ്ട മോളെ ഒന്നും വേണ്ട, അച്ഛൻ എവിടെ ?
അപ്പാ കിടക്കുന്നിടത്തേക്കു ഞാൻ അമ്മയെ കൊണ്ടു ചെന്നു, ഞാനും അവിടെ തന്നെ അമ്മയുടെ സംസാരം കേട്ടങ്ങനെ നിന്നു..
കുറച്ചു നേരം അപ്പയോട് സംസാരിച്ചിട്ട് ‘അമ്മ പോവാനായി എഴുന്നേറ്റു…
ഇനിയും വരാമെന്ന് അപ്പയോടു പറഞ്ഞിട്ട് ‘അമ്മ എന്റെ കൈയിൽ പിടിച്ചു പുറത്തേക്കു നടന്നു….
ഏറെ നേരം എന്റെ മുഖത്തേക്ക് നോക്കി ‘അമ്മ നിന്നു…
നീനെ,
മോളെ എനിക്ക് ഒരുപാട് ഇഷ്‌ടമായി, എന്റെ അഭിക്ക് മോളേക്കാൾ നല്ല ഒരു പെൺക്കുട്ടിയെ കിട്ടില്ല, അത്രയ്ക്ക് മിടുക്കികുട്ടിയാ നീ…….
എന്റെ അഭിയുടെ പെണ്ണായി എന്റെ മോൾ വരുന്നതുതന്നെയാണ് അമ്മയ്ക്കും ഇഷ്‌ടം..
പക്ഷേ മോളോട് അമ്മയ്ക്കൊരു കാര്യം പറയാൻ ഉണ്ട്…..
‘അമ്മ എന്നെ ചേർത്തു പിടിച്ചു…..
മോൾക്ക് അറിയാമല്ലോ അഭിയുടെ അച്ഛൻ മരിച്ചിട്ട് പത്തുവർഷമായി..
അഭിയും അഞ്ജുവും ഒന്നുമാകാത്ത പ്രായത്തിലാണ് അദേഹം ഞങ്ങളെ വിട്ടു പോയത്..
ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി നിന്നു,
ഇതൊക്കെ എന്നോട് എന്തിനാ പറയുന്നതെന്നു മനസ്സിലാവാതെ..
എന്റെ മുഖത്തെ ഭാവം മനസിലാക്കിയ പോലെ ‘അമ്മ പറഞ്ഞുതുടങ്ങി…
അറിയണം മോളെ, നീ എല്ലാം അറിയണം..
ഒരിക്കൽ ‘അമ്മ ഒന്നും അറിയാതിരുന്നതുകൊണ്ട് ഒരുപാട് നഷ്‌ടങ്ങൾ സംഭവിച്ചു, മോൾക്ക് അത് ഉണ്ടാവരുത്…
‘അമ്മ പറഞ്ഞു തുടങ്ങി…
അഭിയുടെ അച്ഛന്റെയും എന്റേതും പ്രണയവിവാഹമായിരുന്നു,
അഭിക്കും അഞ്ജു മോൾക്കും ഒന്നുമറിയില്ല,അവരോട് ഞങ്ങൾ ഇതൊന്നും പറഞ്ഞിട്ടുമില്ല, ഞങ്ങളുടെ വീട്ടുകാർക്ക് ഒഴികെ വേറെയാർക്കും ഇതൊന്നും അറിയില്ല,
അമ്മ എന്റെ കൈയിൽ മുറുക്കെ പിടിച്ചു..
അഭിയുടെ അച്ഛൻ എന്നെ സ്നേഹിക്കുന്ന സമയത്ത്, അദ്ദേഹത്തിന്റെ വീട്ടുകാർ, അദ്ദേഹത്തിന്റെ വിവാഹം അമ്മാവന്റെ മകളുമായി ആലോചിച്ചിരുന്നു…
ആ അമ്മാവനാണ് അദ്ദേഹത്തെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത്, അദ്ദേഹത്തോട് അഭിയുടെ അച്ഛന് അത്രയ്ക്കും കടപ്പാട് ഉണ്ടായിരുന്നു…
പക്ഷേ എന്നോടുള്ള ഇഷ്‌ടം കാരണം ആ വിവാഹത്തിനു സമ്മതിക്കാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല,
വീട്ടുകാരോട് എതിർത്തൊന്നും പറയാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല….
വിവാഹ തലേന്ന് ആരും അറിയാതെ അദ്ദേഹം എന്നെ രജിസ്റ്റർ മാര്യേജ് ചെയ്തു…
ഇതൊന്നും അറിയാതെ അദ്ദേഹത്തിന്റെ വീട്ടുകാർ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ നടത്തുകയായിരുന്നു…
അമ്മാവന്റെ മോളുമായിട്ടുള്ള കല്യാണം മുടങ്ങിയെങ്കിലും അതെ പന്തലിൽ വെച്ച് അദ്ദേഹം എന്റെ കഴുത്തിൽ ഒരിക്കൽ കൂടി മിന്നുകെട്ടി….
മകളുടെ വിവാഹം മുടങ്ങിയ ഷോക്കിൽ അമ്മാവന് സ്ട്രോക്ക് വന്നു,അധികം താമസിക്കാതെ അദ്ദേഹം മരിച്ചു…………
അമ്മാവന്റെ മരണശേഷം അദ്ദേഹം മാനസികമായി ഒരുപാട് തളർന്നു…
പക്ഷേ ഞാനിതെല്ലാം അറിയുന്നത് ഞങ്ങളുടെ വിവാഹശേഷമാണു……
ഒരുപക്ഷെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ, ആ കുട്ടിക്കു വേണ്ടി ഞാൻ ഒഴിഞ്ഞു മാറിയെനേം …
വിവാഹത്തോടെ ഞങ്ങൾ അവിടം വിട്ടു പോന്നു….
ഞങ്ങളുടെ കല്യാണത്തിന് ശേഷം അദ്ദേഹം ഒരിക്കൽ പോലും സന്തോഷത്തോടെ ജീവിച്ചിട്ടില്ല ,
കുറ്റബോധം ആയിരുന്നു മരണ സമയത്ത് സമയത്ത്പോലും…
പിന്നീട് ആ കുട്ടിയുടെ യുടെ വിവാഹം നടന്നെങ്കിലും, അത് ശാശ്വതമായില്ല, ഭർത്താവ് ഉപേക്ഷിച്ച് അവൾ വീട്ടിൽ വന്നപ്പോഴെക്കും അഞ്ചു മാസം ഗർഭിണിയുമായി, പിന്നീട് ഒരു വിവാഹത്തിന് അവൾക്കും സമ്മതായിരുന്നില്ല….
പിന്നീടുള്ള അവരുടെ ജീവിതത്തിൽ നഷ്‌ടങ്ങൾ മാത്രമായിരുന്നു….
ഇതുകൂടി ആയതോടെ അദേഹം കുറ്റബോധം കൊണ്ട് നീറി….
ഉള്ള് നീറി നീറി ചെറുപ്പത്തിൽ തന്നെ അദ്ദേഹം അസുഖക്കാരനായി…
വർഷങ്ങൾക്ക് ശേഷവും അദ്ദേഹം അതോർത്ത് വല്ലാതെ വേദനിച്ചു,
ഒരിക്കൽ എന്റെ നിർബന്ധപ്രകാരം നീലിമയേയും അമ്മായിയെയും കാണാൻ ഞങ്ങൾ പോയി….
അതുവരെ അടക്കി നിർത്തിയ സങ്കടം മുഴുവൻ അമ്മായിയുടെ കാൽക്കൽ ഇറക്കി വെച്ച് അവിടുന്നു ഇറങ്ങുമ്പോൾ അദ്ദേഹം നീലിമയ്ക്കും അമ്മായിയ്ക്കും ഒരു വാക്ക് കൊടുത്തിരുന്നു. ഞാൻ ചെയ്ത തെറ്റിന്റെ പ്രായിശ്ചിതമായി എന്റെ മോൻ അഭിയുടെ പെണ്ണായി നീലിമയുടെ മകൾ നിരഞ്ജനയെ ഞങ്ങൾക്ക് വേണമെന്ന്……
ഞങ്ങൾ വരും, നിന്റെ മോളെ എന്റെ മോന് വേണ്ടി പെണ്ണ് ചോദിക്കാൻ.. അപ്പോൾ നിറഞ്ഞ മനസ്സോടെ അവളെ ഞങ്ങൾക്ക് തന്നേക്കണം..
പക്ഷെ ഒന്നിനും നിക്കാതെ അദ്ദേഹം ഈ ലോകത്തുന്നു തന്നെ പോയി, ആശുപത്രി കിടക്കയിൽ വെച്ചുപോലും അവസാനനിമിഷം അദ്ദേഹം പറഞ്ഞത് അവരുടെ വിവാഹത്തെ കുറിച്ചായിരുന്നു..
എന്റെ മിഴികൾ നിറഞ്ഞൊഴുകി മുന്നിൽ നിൽക്കുന്ന അമ്മയെ പോലും കാണാൻ ആവാതെ ഒരാശ്രയത്തിനെന്നവണ്ണം ഞാൻ കൈവരികളിൽ മുറുകെ പിടിച്ചു…..
ഞാൻ അവനോടു ഇതിനെ കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചിരുന്ന സമയത്താണ്, അവൻ മോളുടെ കാര്യം എന്നോട് പറയുന്നത്,
മോളെ അമ്മയ്ക്ക് ഒരുപാട് ഇഷ്‌ടമാണ്, അമ്മയ്ക്ക് ഒരു മകൻ കുടി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും എനിക്കിങ്ങനെ വേദനിക്കേണ്ടി വരില്ലായിരുന്നു…
അഭിയെ ഒരുപാട് മനസ്സിലാക്കിയ പെണ്ണാണ് നീ, അവന്റെ സ്നേഹത്തിന്റെ ആഴം മോൾക്ക് നന്നായി അറിയാമല്ലോ, അവൻ നിന്നെ സ്നേഹിക്കുന്ന പോലെ നീയും അഭിയെ ഒരുപാട് സ്നേഹിക്കുന്നുണ്ടന്ന് അമ്മയ്ക്ക് അറിയാം, അഭിയുടെ പെണ്ണായി മോളെന്റെ വീട്ടിൽ വരുന്നത് അമ്മയ്ക്ക് ഒരുപാട് സന്തോഷവും ആണ്.
പക്ഷേ അഭിടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം, അത് കണ്ടില്ലെന്ന് നടിക്കാൻ ഈ അമ്മയ്ക്ക് ആകില്ല മോളെ….
അദ്ദേഹം ആ കുടുംബത്തെ ഒരിക്കൽ ചതിച്ചു . കുറ്റബോധത്തിൽ നിന്ന് കരകയറാൻ വീണ്ടും ആ കുടുബത്തിനു ആശ കൊടുത്തു. അറിഞ്ഞു കൊണ്ടല്ലെങ്കിലും വീണ്ടും അഭി കൂടി അങ്ങനെ ചെയ്താൽ അത് ഒരിക്കലും അദ്ദേഹത്തിന്റെ ആത്മാവ് സഹിക്കുകയില്ല മോളെ…
മോൾക്ക് ഈ ‘അമ്മ പറയുന്നത് മനസ്സിലാകുന്നുണ്ടോ?
അമ്മെ എനിക്ക്..
അമ്മെ അഭിയേട്ടനെ…..
വാക്കുകൾ കിട്ടാതെ ഞാൻ വിങ്ങി പൊട്ടി….
ഒന്നും പറയാൻ പോലുമാവാതെ ആ കല്പടവിൽ മുഖംപൊത്തി ഞാൻ ഇരുന്നു….
മനസ്സ് അലറി കരയുന്നു, പക്ഷേ പുറത്തേക്കൊരു ശബ്ദം പോലും വരാതെ അതെന്റെ തൊണ്ടകുഴിയിൽ കുടുങ്ങി പോയി….
കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു അമ്മയുടെ മുഖത്ത് നോക്കുമ്പോൾ കൂപ്പുകൈകളോടെ ‘അമ്മ എന്റെ മുൻപിൽ…
അമ്മെ അരുത്,
ഒരമ്മയുടെ ഗതികേടാണിത് മോളെ . മോളെന്നെ ശപിക്കരുത്, ഞാൻ മോൾടെ കാലു പിടിക്കാം അഭിയെ എങ്ങനെ എങ്കിലും പറഞ്ഞു തിരുത്തണം, അവന് ഇതൊന്നും മനസ്സിലാവില്ല, ഒരിക്കലും മറ്റൊരു വിവാഹത്തിന് അവൻ സമ്മതിക്കില്ല, എനിക്കവനെ വിഷമിപ്പിക്കാനും പറ്റില്ല…….
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അമ്മയോട് പറഞ്ഞു…..
എനിക്ക് അഭിയേട്ടനില്ലാത്ത ഒരു ജീവിതം ഓർക്കാൻ പോലും പറ്റില്ലമ്മേ, അഭിയേട്ടൻ ഇല്ലേൽ നീനയില്ല, പക്ഷേ അമ്മയ്ക്ക് വേണ്ടി എന്റെ ജീവൻ വരെ തരാൻ ഞാൻ തയ്യാറാണ്…
‘അമ്മ വിഷമിക്കരുത്..
ഞാൻ അഭിയേട്ടനെ അതിനു സമ്മതിപ്പിക്കാം…
അമ്മ യാത്ര പറഞ്ഞു പോകുമ്പോൾ എന്റെ നെറുകയിൽ ഒരുമ്മ നൽകി.
ആ നിമിഷം മുതൽ ഞാനൊരു ശവമായി,ജീവനുള്ളൊരു ശവം…
വർഷങ്ങളായി ഞാൻ പടുത്തുയുർത്തിയ എന്റെ സ്വപ്നങ്ങൾ ഏതാനും മണിക്കുറുകൾ കൊണ്ട് തകർന്ന് അടിഞ്ഞിരിക്കുന്നു…
നെഞ്ച് കുത്തിക്കിറുന്ന വേദനയാണെങ്കിലും മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച എന്റെ ജീവന്റെ ജീവനായ അഭിയേട്ടനെ എന്നിൽ നിന്ന് അകറ്റാൻ തീരുമാനിച്ചു, സ്നേഹനിധിയായ ആ അമ്മയ്ക്ക് വേണ്ടി….
എന്റെ മനസ്സ് നിറയെ അഭിയേട്ടന്റെ അമ്മയുടെ വാക്കുകളായിരുന്നു..
മോളെ നിന്നെ വിശ്വസിച്ചാണ് ഞാൻ പോകുന്നത്, അവനെ പറഞ്ഞു തിരുത്തണം..
പിന്നീടുള്ള ദിവസങ്ങളിൽ അഭിയേട്ടന്റെ ഫോൺ വിളികളിൽ നിന്ന് കുറേശ്ശേ ഒഴിഞ്ഞു മാറി…
അഭിയേട്ടനിൽ നിന്ന് അകലാൻ മനപ്പൂർവം കാരണങ്ങൾ ഉണ്ടാക്കി വഴക്കിട്ടു.
അവസാനം സഹികെട്ട് അഭിയേട്ടൻ എന്നെ കാണാൻ വീട്ടിലെത്തി…
അഭിയേട്ടന് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി ഞാൻ.. .
പക്ഷേ അഭിയേട്ടനെന്റെ പുറകെ വന്നു, എന്നെ പിടിച്ചു നിർത്തി… .
പൊന്നു പറയ് ..
ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തെ?
നീ എന്തിനാ എന്നെ ഇങ്ങനെ അകറ്റുന്നെ?
നീയില്ലാതെ എനിക്ക് വയ്യാ, നിന്നോട് മിണ്ടാതെ ഇരുന്നാൽ ഞാൻ മരിച്ചു പോകും…..
എന്തിനാ നീയിങ്ങനെ എന്നോട് പെരുമാറുന്നെ?
എനിക്കൊന്നും മനസ്സിലാകുന്നില്ല, എനിക്ക് ഭ്രാന്തുപിടിക്കും ഇങ്ങനെ പോവാണേൽ….
പൊന്നു ഞാൻ അറിയാതെ എന്തെങ്കിലും
വേദന നിനക്ക് തന്നിട്ടുണ്ടങ്കിൽ എന്നോട്
ക്ഷെമിക്കെടി, നിന്റെ അഭിയേട്ടനല്ലേ !
“അതെ എന്റെ അഭിയേട്ടനാണ്,”എന്റെ മാത്രമാണ്” ഉള്ളിലിരുന്നാരോ തേങ്ങി….
ഞാനിപ്പോൾ എല്ലാം മറന്ന് ആ മാറിലൊന്നു ചേർന്നു നിന്നാൽ തീരാവുന്നതേയുള്ളൂ ഞങ്ങളുടെ പിണക്കം…
പക്ഷെ പാടില്ല,ഇതുവരെ ചെയ്തതെല്ലാം വെറുതെയാകും ……
എന്റെ അഭിനയം എനിക്ക് തുടർന്നെ മതിയാവു.. അഭിയേട്ടന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണ്…
പോകാനായി തിരിഞ്ഞ എന്റെ കൈകളിൽ അഭിയേട്ടൻ പിടിമുറുക്കി…
തുടരും

by