രചന – ആരുണി കൃഷ്ണ
കോളേജ് ഒഫീഷ്യൽ സൈറ്റിൽ സ്റ്റുഡന്റസ് ലോഗിൻ ചെയ്ത് അവൾ ഹോം പേജ് ഐക്കൺ ക്ലിക്ക് ചെയ്തു… “ഫസ്റ്റ് ഇയർ റിസൾട്ട് പ്ബ്ലിഷ്ഡ്…. “എന്ന് സ്റ്റാറ്റസ് ബാറിൽ സ്‌ക്രോൾ ചെയ്തു വരുന്നത് കണ്ടപ്പോൾ മിഥുവിന്റെ ഹൃദയമിടിപ്പിന് വേഗമേറി…. അവൾ അതിൽ ക്ലിക്ക് ചെയ്തു…. “മൈഥിലി നന്ദഗോപാൽ, യൂണിവേഴ്സിറ്റി ടോപ്പേർ, ജി പി എ : 9.4….” ഒരുനിമിഷം അവൾ അന്ധാളിച്ചു നിന്നുപോയി… ” അമ്മേ, മുത്തശ്ശി, അമ്മായി, മായേച്ചി എല്ലാരും വായോ… മഞ്ചു, പ്രവീണേച്ചി, ഏട്ടാ എല്ലാരും വാ… ” മിഥുവിന്റെ വിളികേട്ട് എല്ലാരും ഓടിവന്നു… പെട്ടന്ന് തനിക്ക് മുന്നിൽ ഇരുന്ന ലാപ് മിഥു സുഭദ്രക്ക് അരികിലേക്ക് നീക്കി… ഒരു നിമിഷം വീണ്ടും അത് വായിക്കപ്പെട്ടു…
“മൈഥിലി നന്ദഗോപാൽ, യൂണിവേഴ്സിറ്റി ടോപ്പേർ, ജി പി എ : 9.4….” സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… മിഥുവിനെ ചേർത്ത് പിടിച്ചു കവിളിൽ അവർ തുരുതുരാ ഉമ്മ നൽകി… മുത്തശ്ശിയും ഒട്ടും കുറച്ചില്ല.. മായയും പ്രവീണയും മഞ്ചുവും അവളെ ചേർത്ത് പിടിച്ചു… സുജാതയുടെ കണ്ണുകളിലും തിളക്കം… ആ സന്തോഷം അനന്ദനെ അറീക്കാൻ അവർ തിരക്കിട്ട് പോയി.. എല്ലാം കണ്ട് പ്രവീൺ മാത്രം എന്തോ ആലോചിച്ചു മാറി നിൽക്കുന്നത് കണ്ട മിഥു അവനരികിലേക്ക് ചെന്നു… “ഏട്ടൻ ഇതെന്താ ആലോചിക്കുന്നേ, എനിക്ക് ഒരു കൺഗ്രറ്റസ് എങ്കിലും പറ മനുഷ്യാ… ” “അല്ലടാ, നമുക്ക് റീ ഇവാലുവേഷന് കൊടുത്താലോ..? ” ” എന്തിന്… എനിക്ക് മാർക്സ് ഓക്കെ ആണ്… കിട്ടാൻ ഒന്നുല്ല ഇനി.. ” ” അതാ പറഞ്ഞത്, വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത എന്റെ അനിയത്തിക്ക് തന്നെയാണോ ഇത്രേം മാർക്ക് കിട്ടിയേ എന്ന് ഒന്ന് അറിയണോല്ലോ… ” “ഏട്ടാ… ” പിന്നെ അവിടെ ഒരു ടോം ആൻഡ് ജെറി പ്ലേ ആയിരുന്നു…
എല്ലാരും മിഥുവിന്റെ ആ സന്തോഷം കണ്ട് ഒരുപാട് ആശ്വസിച്ചു… ഒടുക്കം ഓടി തളർന്നപ്പോൾ പ്രണവ് സുല്ലിട്ടു.. എന്നിട്ട് മിഥുവിനെ ചേർത്ത് നിർത്തിമ്പോൾ എന്തോ പ്രണവിന്റെ കണ്ണുകൾ അവന്റെ കുഞ്ഞനിയത്തിയുടെ സന്തോഷത്തിൽ തിളങ്ങി… ആ കൺകോണിലെ നീർത്തിളക്കം കണ്ട മായ മെല്ലെ അവനരികിലേക്ക് നിന്നു… “പ്രണവേട്ടാ…സെന്റി അടിച്ചു സന്തോഷം കളയല്ലേ… ” പെട്ടന്ന് തന്നെ പ്രണവ് ഉറക്കെ വിളിച്ചു പറഞ്ഞു… “ലെറ്റ്സ് സെലിബ്രേറ്റ്… ” “എന്നാപിന്നെ ഇന്നത്തെ ഈവെനിംഗ് തന്നെ ഒരു വിക്ടറി സെലിബ്രേഷൻ നടത്താം… ” പ്രവീണ ആവേശത്തോടെ പറഞ്ഞു… “എന്തിനാ ചേച്ചി, ഫൈനൽ റിസൾട്ട് വരുമ്പോ ഇതൊക്കെ മാറിമറിയും… വെറുതേ…” ” എന്ത് വെറുതെ… പഠിച്ച ക്ലാസ്സിൽ ഒക്കെ എന്റെ ഈ ചേച്ചിപ്പെണ്ണ് ടോപ്പർ ആയിട്ടുണ്ടെങ്കിൽ… ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും… ” മഞ്ചുവിന്റെ വാക്കുകൾ എല്ലാവരും ആവർത്തിച്ചു…മിഥുവിനും ഒടുക്കം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളേണ്ടി വന്നു…
” എന്തായാലും വൈകിട്ട് ക്ഷേത്രത്തിൽ പോയി തൊഴുത് വന്നോളൂ.. എന്നിട്ട് മതി എല്ലാം.. ” മഹേശ്വരിയമ്മയുടെ വാക്കുകൾ മിഥുവിന് ആശ്വാസം ഏകി… “പ്രണവേട്ടാ… മിഥുവിന് ഈ ആഘോഷങ്ങൾക്ക് ഒന്നും താല്പര്യം ഇല്ലെന്ന് തോന്നുന്നു… ” “മ്മ്, അറിയാം മായേ…അതൊന്നും അവളെകൊണ്ട് ഇപ്പോഴും കഴിയില്ല… അവളുടെ മനസ്സിൽ ഇപ്പോഴും ആ ഓർമകളുടെ ഭയമുണ്ട് … നമ്മടെ സ്നേഹവും കെയറും അവളുടെ പഴയ കളിയും ചിരിയും ഒക്കെ തിരിച്ചു കൊണ്ടുവന്നില്ലേ… അവൾ പൂർണമായും നമ്മുടെ പഴയ മിഥു ആകും… “പ്രണവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു… മെറൂൺ ബോർഡർ ഉള്ള കസവു സാരിയും , അതിന് ചേരുന്നു മെറൂൺ ബ്ലൗസും അണിഞ്ഞു പടികൾ ഇറങ്ങി വന്ന മിഥുവിനെ കണ്ട് സുഭദ്രയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… “ഇത് എന്റെ മോൾക്ക് മുത്തശ്ശിയുടെ സമ്മാനം… ” മിഥുവിന്റെ കഴുത്തിലേക്ക് ഒരു മാങ്ങാപിഞ്ച് മാല ചാർത്തികൊടുത്തുകൊണ്ട് മുത്തശ്ശി പറഞ്ഞു..
“മിഥു ആന്റി, കൺഗ്രാറ്റ്സ്… ” അച്ചുവും അമ്മുവും കോറസ് പോലെ പറയുന്നത് കേട്ട് അവൾ ചിരിച്ചുകൊണ്ട് രണ്ടാളെയും വാരിപ്പുണർന്നു… “താങ്ക് യൂ അച്ചൂട്ടാ, താങ്ക് യൂ അമ്മൂട്ടീ… ” “ആ എല്ലാരും വാ….” പോർച്ചിൽ നിന്നും തന്റെ ഇന്നോവ ക്രിസ്റ്റ റിവേഴ്‌സ് എടുത്ത്കൊണ്ട് പ്രവീൺ പറഞ്ഞു… മായ പ്രണവിനൊപ്പം മുന്നിൽ കയറി… സുഭദ്രയും മുത്തശ്ശിയും സുജാതയും നടുക്കും, മിഥുവും മഞ്ചുവും കുട്ടികളും ഏറ്റവും പിന്നിലും സ്ഥാനം ഉറപ്പിച്ചു… പ്രവീണ അനന്ദനോടൊപ്പം ദീപാരാധനയ്ക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞു… അതുവരെ അവൾക്ക് സ്വസ്ഥമായി ആകാശിനോട് സംസാരിക്കാം…. ദേവയാനിയും മഹേന്ദ്രനും, വിവാഹ നിശ്ചയം കഴിഞ്ഞപാടെ മഹേന്ദ്രന്റെ തറവാട്ടിലേക്ക് പോയി…. രണ്ട് ദിവസത്തിനുള്ളിൽ അവർ തിരിച്ചു അമേരിക്കയിലേക്ക് പോകും… അവരും ക്ഷേത്രത്തിൽ എത്താം എന്ന് പറഞ്ഞിട്ടുണ്ട്….
©ആരുണി കൃഷ്ണ ❤️ ശ്രീക്കുട്ടി, ഡി വേഗം ഒരുങ്ങി ഇറങ്ങുന്നുണ്ടോ നീ…? ശ്രീയുടെ ക്ഷമ നശിച്ചിരുന്നു…. “അവൾ ഒരുങ്ങാട്ടേഡാ… പെൺകുട്ടികൾ നന്നായി ഒരുങ്ങി നടക്കണം… ” ദേവൻ ചിരിച്ചുകൊണ്ട് അവനെ സമാധാനിപ്പിച്ചു… “ഞാൻ റെഡി ആയി ഏട്ടാ… ഈ അമ്മയാ… ” “ഒന്ന് പോടീ, നീയല്ലേ … ചുരിദാർ എവിടെ… പൊട്ട് എവിടെ എന്ന് പറഞ്ഞു നടന്നത്.. ” “ഒന്ന് വേഗം കയറുന്നോ … സന്ധ്യ ആകാറായി..” ശ്രീ തിടുക്കം കൂട്ടി… “അല്ല നിന്നെ ആരെങ്കിലും അവിടെ കാത്ത് നില്കുന്നുണ്ടോ… ഇത്ര തിരക്ക് കൂട്ടാൻ… ” അമ്മയുടെ ചോദ്യം കേട്ട് ശ്രീകുട്ടൻ ഒന്ന് പരുങ്ങി… “എന്നെ ആര് കാത്തുനിൽക്കാൻ… ഇന്ന് ആയിരത്തിരി ആണ്.. തിരക്കുണ്ടാവും ” “ശരിയാ… ഞാൻ അത് മറന്നു… ” ലത മറ്റെന്തോ ഓർത്ത് പറഞ്ഞു…
അവർ ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും കോട്ടൂർ നിന്നും എല്ലാവരും എത്തിയിരുന്നു… “മോനെ ശ്രീകുട്ടാ… ” സുജാതയുടെ വിളികേട്ട് ശ്രീ തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണുകൾ ഉടക്കിയത് തൊട്ടരികിൽ നിൽക്കുന്ന മിഥുവിലേക്ക് ആയിരുന്നു….. സുജാതമ്മായി കാണും മുൻപേ അവൾ ശ്രീയെ കണ്ടിരുന്നു… മ്യുറൽ പെയിന്റിംഗ് ഡിസൈൻ ഉള്ള വൈറ്റ് കളർ ജുബ്ബയും, കസവ് മുണ്ടും ഉടുത്തു ക്ഷേത്രത്തിന്റെ പടികൾ കയറി ശ്രീ വരുമ്പോൾ അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…എപ്പോഴും ദേഷ്യം മാത്രം ഉള്ള അവന്റെ മുഖം ഇന്ന് ശാന്തമാണ്… ആ മുഖത്തത് യോജിക്കുന്നില്ലെന്ന് അവൾക്ക് തോന്നി…. ആ കലിപ്പ് കാണാനും ഒരു രസം ഉണ്ട്… അതോർത്തപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു…അവൻ തനിക്ക് നേരെ നടന്നു വരുന്നത് കണ്ടവൾ നോട്ടം മാറ്റുമ്പോഴും, ഇടയ്ക്കിടെ ആ മിഴികൾ അവനെ തേടുന്നുണ്ടായിരുന്നു.. ചുറ്റമ്പലത്തിലേ കൽവിളക്കിലേക്ക് എണ്ണ പകരുമ്പോൾ അവളുടെ മുഖത്തെ പുഞ്ചിരിക്ക് കൂടുതൽ പ്രഭയുള്ളതായി ശ്രീക്കു തോന്നി…
ഒരു നിമിഷം കണ്ണിമ ചിമ്മാതെ അവളിലേക്ക് അവൻ മിഴിയൂന്നി…. “ഡാ നീ ഒറ്റയ്ക്കാണോ… ” പ്രണവിന്റെ ചോദ്യം ശ്രീകുട്ടനെ ഒരു സുന്ദര സ്വപ്നത്തിൽ നിന്നും ഉണർത്തി… “അല്ലടാ… എല്ലാരും ഉണ്ട്… ഞാൻ പറഞ്ഞില്ലേ, നാളെ ജോയിൻ ചെയ്യുവാ…അപ്പൊ അമ്മയ്ക്ക് നിർബന്ധം ഒന്ന് തൊഴാൻ വരണം എന്ന് … ” “ആ നന്നായി… വീട്ടിൽ നിന്നും എല്ലാരും വന്നിട്ടുണ്ടെടാ… പിന്നെ ഒരു സന്തോഷവാർത്ത ഉണ്ട്… മിഥു ഫസ്റ്റ് ഇയർ കോളേജ് ടോപ്പർ ആയി… ” “ആഹാ, എന്നാപിന്നെ ഞാൻ ഒരു കൺഗ്രാറ്റ്സ് പറഞ്ഞില്ലെന്നു വേണ്ട.. ” ശ്രീ ഒരു ചിരിയോടെ പറഞ്ഞു.. “അത് വേണോ.. നിങ്ങൾ തമ്മിൽ പിന്നെ വളരെ നല്ല terms ൽ ആണല്ലോ… ” “നീ വാ… ” മിഥുവിന് ഉറപ്പായിരുന്നു, പ്രണവ് അവളെകുറിച്ച് ശ്രീയോട് പറയും എന്ന്… അങ്ങനെ ഒരു കൺഗ്രാറ്റ്സ് പ്രതീക്ഷിച്ചു പതുക്കെ അവൾ തന്റെ ജോലി തുടർന്നു… തനിക്ക് അരികിലേക്ക് നടന്നു വരുന്ന ശ്രീക്കുട്ടനെ ഒളിക്കണ്ണാലെ അവൾ കണ്ടു… പെട്ടന്ന് കയ്യിൽ നിന്ന് തിരി താഴെ വീണു, അവൾ അതെടുത്തു നിവർന്നപ്പോഴേക്കും ശ്രീയുടെ പൊടിപോലും അവിടെ ഇല്ലായിരുന്നു… വല്ലാത്തൊരു നിരാശയോടെ അവൾ അവിടെ നിന്ന് എത്തി വലിഞ്ഞു പുറത്തേക്ക് നോക്കാൻ തുടങ്ങി…
“ങേ, ഇങ്ങേരെന്താ കുട്ടിചാത്തനോ… നിന്നനില്പിൽ മാഞ്ഞു പോകാൻ… ” എന്നോർത്ത് തിരിഞ്ഞതും അവൾ ആരുടെയോ നെഞ്ചിലേക്ക് ചെന്നിടിച്ച് വീഴാൻ പോയി… പിന്നോട്ടാഞ്ഞ അവളെ ആ കൈകൾ തന്നെ വലിച്ചു വീണ്ടും നെഞ്ചിലേക്ക് ഇട്ടു… ഒന്ന് നേരെ നിന്നപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്… “സോ… ” ആ സോറി അവൾക്ക് മുഴുമിപ്പിക്കേണ്ടി വന്നില്ല.. “നിനക്കെന്താ കണ്ണ് കാണില്ലേ, മാനത്തും നോക്കി നടന്നോണം… എപ്പോഴും എവിടേലും ഒക്കെ പോയി ഇടിച്ചു വീഴണം…കഷ്ടകാലം പിടിക്കാൻ എന്റെ മുന്നിൽ തന്നെ വീഴും ചെയ്യും… എന്നാ ഒന്ന് നോക്കി നടന്നൂടെ… വായിനോക്കി.. ” “ഡോ… നിർത്തഡോ… ക്ഷേത്രം ആയിപോയി… താൻ ആരാന്നാ തന്റെ വിചാരം…ഓ ഒരു രക്ഷകൻ വന്നേക്കുന്നു… ഞാൻ വീണാൽ ഇയാൾക്ക് എന്താ… ഇയാളാരാ ഹിന്ദി സീരിയൽലേ നായകനോ… കൃത്യം ടൈമിംഗ് നോക്കി ഞാൻ വീഴുമ്പോ പിടിക്കാൻ… ഇങ്ങോട്ട് കേറി വരാൻ ഞാൻ പറഞ്ഞോ…? ” “ഓ ഇല്ല… ഇനി വരില്ല… അല്ലേലും വായിനോക്കി നടന്നിട്ട് ഓരോന്ന് വീഴുമ്പോ സഹായിക്കാൻ പോയത് എന്റെ തെറ്റ്… ”
“വായിനോക്കി തന്റെ കെട്ടിയോൾ, പോടാ ശ്രീപൊട്ടാ… ” പിറുപിറുത്തുകൊണ്ടവൾ അവനെ മറികടന്നു പോകുമ്പോൾ ശ്രീയുടെ ഉള്ളം അവളെ ചേർത്ത് നിർത്താൻ വല്ലാതെ മോഹിച്ചു… “ഈ പൊട്ടിത്തെറിയെ എന്റേത് മാത്രം ആകും ഞാൻ, ഇതേ നടയിൽ വെച്ച്… എന്റെ കൃഷ്ണാ ഒന്ന് കട്ടക്ക് കൂടെ നിന്നെക്കണെ… ” എല്ലാം കണ്ടു പറന്നു പോയ കിളികളെയും നോക്കി നിൽക്കുന്ന പ്രണവിനെ കണ്ട് ശ്രീകുട്ടന് ചിരി വന്നു… ” ഡാ അളിയാ, ഇതായിരുന്നോ നിന്റെ കൺഗ്രാറ്റ്‌സ്… വല്ല കാര്യവും ഉണ്ടോ..? ” “പിന്നെ ഇങ്ങോട്ട് ഓരോന്ന് കാണിക്കുമ്പോ… ദേഷ്യം വരില്ലേ… ” “മ്മ്… ഈ ദേഷ്യം ഇത്തിരി കൂടുതലാ.. ” ഒന്ന് ഇരുത്തി മൂളി പറഞ്ഞു കൊണ്ട് പ്രണവ് നടന്നു… “ഈശ്വരാ, ഇവന് എനി ഡൌട്ട്… നോ വേ… എനിക്കറിയാല്ലോ മണ്ടനാ… പറയും ഞാൻ, ആദ്യം നീ തന്നെ അറിയണം… നിന്റെ കുഞ്ഞുപെങ്ങളെ ഈ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങിട്ട് ഒരുപാട് നാളായി… ഒരുപാട്… എനിക്ക് തന്നേക്കുവോ എന്റെ പെണ്ണായിട്ട് എന്ന് ചോദിക്കാൻ ഞാൻ വരും, അതുവരെ ഇത് ഇങ്ങനെ ഇരിക്കട്ടെ… ” ശ്രീക്കുട്ടൻ മനസ്സിൽ കണക്ക് കൂട്ടി…
“ആ പിശാശിന്റെ അടുത്തുന്നു നല്ല വാക്ക് പ്രതീക്ഷിച്ച എന്നെ വേണം തല്ലാൻ… മിഥു, നെവർ ഏക്സ്‌പെക്ട് എനിതിങ് ഫ്രം എനിവൺ എന്ന് പറയാറുള്ള നീയാണോ, ആ ജാഡ തെണ്ടിയിൽ നിന്ന് കൺഗ്രാറ്റ്സ് പ്രതീക്ഷിച്ചത്… അയ്യേ… എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു… എന്ത് ധൈര്യത്തിലാ അവൻ എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത്…. idiot…ശ്രീ പൊട്ടൻ… ” അവൾ പിറുപിറുത്തുകൊണ്ട് നടക്കുന്നതിനിടയിൽ ആരെയും ശ്രദ്ധിച്ചില്ല… “മിഥു മോളെ… ” ഈശ്വരിയമ്മ, മിഥുവിനെ, ദേവനും കുടുംബത്തിനും പരിചയപെടുത്തി… അവരും അവളെ അഭിനന്ദിച്ചു… അവർക്കരികിലേക്ക് സുഭദ്ര നടന്നു വന്നപ്പോൾ എന്തോ ദേവന് മനസ്സിൽ ഒരു ഭാരം ഉരുണ്ടുകൂടി.. ഇരുവരും വ്യർത്ഥമായൊന്ന് ചിരിച്ചു…. ആ ചിരിയിലെ വോൾടേജ് കുറവ്, ശ്രീക്കു പെട്ടന്ന് മനസ്സിലായി… എല്ലാവരും നടന്നു പോയപ്പോൾ, ശ്രീ ചെന്ന് അച്ഛന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു… ” അച്ഛാ, അച്ഛന് സുഭദ്ര ആന്റിയെ ഇഷ്ടര്ന്നോ…? ” അവന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം അയാൾ ചൂളിപോയി… പിന്നെ ഒരു നിമിഷം നിന്നിട്ട് ഒരു വേദന നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു തുടങ്ങി…
” ആയിരുന്നോ എന്ന് ചോദിച്ചാൽ, അതെ… ” ” തിരിച്ചോ…? ” ” സുഭദ്രയുടെ കാര്യം എനിക്കറിയില്ല… ” “ഹഹ… ഹഹഹ ” ശ്രീക്കു ചിരി അടക്കാൻ കഴിഞ്ഞില്ല… ” ബെസ്റ്റ് പ്രേമിച്ച പെണ്ണ് കെട്ടി, 2 പിള്ളേരായി അതിനെയും കെട്ടിക്കാറായി… പക്ഷെ ഇങ്ങോട്ട് ഇഷ്ടം ഉണ്ടായിരുന്നോ എന്ന് അറിയില്ല പോലും .. ” ” ഇന്നത്തെ കാലം ഒന്നും അല്ലല്ലോഡാ… അന്ന് ഒരു ഇഷ്ടം തോന്നിയത്, ഒരു എഴുത്തിൽ എഴുതി അവൾക്ക് നേരെ നീട്ടി… അവൾ അത് നേരെ കൊടുത്തത് സ്കൂൾ ടീച്ചർ ആയ എന്റെ അമ്മേടെ കയ്യിൽ… അവളുടെ അച്ഛൻ സ്കൂളിലെ ഹെഡ് മാസ്റ്റർ ആണ്… അദ്ദേഹം അറിഞ്ഞെങ്കിലോ…? എന്ത് ധൈര്യത്തിലാടാ ഇത് ചെയ്തത് എന്ന് ചോദിച്ചു അമ്മയുടെ വക കുറെ കിട്ടി …” “എന്നിട്ട്… ” “എന്നിട്ടെന്താ… ആ പ്രേമത്തിന്റെ ആയുസ്സ് അവിടെ അവസാനിച്ചു…പിന്നീട് എന്റെ അമ്മയോട് പറഞ്ഞു തല്ല് വാങ്ങി തന്നതിന്റെ ഒരു കുറ്റബോധം, അത് മാത്രമേ ഞാൻ സുഭദ്രയിൽ കണ്ടിട്ടുള്ളു…
അന്നും ഇന്നും… ” “അച്ഛാ… താങ്ക് യൂ… ” “ങേ.. ഇവിടെ ഇപ്പോ എന്തിനാടാ താങ്ക് യൂ.. ” “ഏയ്.. അങ്ങനെ ആ പ്രേമം ചീറ്റിയത് കൊണ്ടല്ലേ നമുക്ക് അമ്മയെ കിട്ടിയത്.. അതാ… ” “എനിക്ക് മിഥുവിനെയും.. ” അവൻ മനസ്സിൽ ഓർത്തു.. ” അതുകൊണ്ട് നിന്റെ അമ്മക്ക് എന്നെ കിട്ടി എന്ന് പറ… ” “ഓഹോ…തള്ള് വണ്ടി പോരട്ടെ, ദീപാരാധനയായി.. ” ” ഓട്രാ.. ” “ഓ… ഈ ഇടിയറ്റ് ശ്രീ പൊട്ടൻ ഫാമിലിയിൽ എത്ര പാവമാണ്.. പെർഫെക്ട് ജന്റിൽമാൻ .. ബാക്കി ഉള്ളവരോട് കലിപ്പും.. ” ദേവന്റെയും ശ്രീയുടെയും കളിചിരികൾ മാറി നിന്ന് കണ്ട മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു… ഒരു നിമിഷം അവൾ തന്റെ അച്ഛനെ ഓർത്തു….. തുടരും……

by