25/04/2026

സ്നേഹമയി : ഭാഗം 27

രചന – ആരുണി കൃഷ്ണ

“ഏയ്‌, എനിക്ക് സങ്കടം ഇല്ലച്ഛാ.. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചതാ, പിന്നെ ദേവൻ അങ്കിൾ ഇങ്ങോട്ട് ഒരു പ്രൊപോസൽ വെച്ചപ്പോൾ വീണ്ടും ഒന്ന് ആഗ്രഹിച്ചു പോയി… സാരല്യ… അവൾ എവിടെ ആയാലും സന്തോഷം ആയി ഇരുന്നാ മതി… ”

അത്രയും പറഞ്ഞു വാസുദേവന് മുഖം നൽകാതെ അഭി തിരിഞ്ഞു നടന്നു…

അതെ സമയം അഭിയേയും അവന്റെ ശ്രീപ്പിയെയും ഒരു സർപ്രൈസിലൂടെ ഒന്നിപ്പിക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു ശ്രീ….
********* ******** ******* ******** *******

രാത്രി കഴിക്കാൻ ഇരുന്നപ്പോഴും ശ്രീക്കുട്ടി ഒന്നും മിണ്ടിയില്ല… ആദ്യം വേണ്ടന്നൊക്കെ വാശി പിടിച്ചെങ്കിലും ഒടുക്കം മിഥു അവളെ പിടിച്ചിരുത്തി കഴിപ്പിച്ചു… പക്ഷെ അവൾ അപ്പോഴും ആ ലോകത്തെ അല്ലെന്ന മട്ടിൽ ഭക്ഷണത്തിൽ കയ്യിട്ട് ഇളക്കിക്കൊണ്ടിരുന്നു… പകുതി കഴിച്ചു അവൾ എഴുന്നേറ്റ് പോയതും മിഥു ശ്രീയെ നോക്കി… അവൻ ഒന്നുമില്ല എന്ന പോലെ കണ്ണടച്ച് കാണിച്ചു….

“അച്ഛന്റെ ശ്രീമോൾക്ക് എന്താ പറ്റിയെ… ഒന്നും കഴിച്ചില്ലല്ലോ… “മുറിയിലേക്ക് പോകാൻ തുടങ്ങിയ ശ്രീകുട്ടിയെ നോക്കി ദേവൻ ചോദിച്ചു…..

“ഒന്നുല്ല അച്ഛാ, നല്ല തലവേദന… ”

“പനിക്കോള് വല്ലതും ഉണ്ടോ..? ” അയാൾ അവളുടെ നെറ്റിയിൽ മെല്ലെ കൈവെച്ചു… അച്ഛന്റെ കയ്യുടെ തണുപ്പ് ആ വാത്സല്യം അവൾക്ക് കുറച്ചു ആശ്വാസം നൽകി…

“ഇല്ലച്ഛാ… ഒന്ന് കിടന്നാ മതി… ”

“എന്നാ മോള് കിടന്നോ… “കുറച്ചു നേരം കൂടി അവളെ നോക്കി നിന്ന ശേഷം അയാളും റൂമിലേക്ക് പോയി…

©ആരുണി കൃഷ്ണ ❤️

ശ്രീ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഗഹനമായ ചിന്തയിൽ ആയിരുന്നു…

“ശേ, ചുമ്മാതെ അങ്ങ് രണ്ടിനെയും ഒന്നിപ്പിച്ചാൽ ഒരു ത്രില്ല് ഇല്ല… പിന്നെ ഇത് എന്റെ ഒരു റിവെഞ്ച് ആണ്… ഒരിക്കൽ പോലും രണ്ടും എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ… 2 ദിവസം കുറച്ചു ടെൻഷൻ അടിക്കട്ടെ…എന്താ ഇപ്പൊ ഒരു സർപ്രൈസ് കൊടുക്കണോല്ലോ…? ”

പെട്ടന്ന് എന്തോ ഐഡിയ കിട്ടിയ പോലെ ശ്രീ വിരൽ ഞൊടിച്ചതും ഫോൺ റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു…

“മിഥു കാളിങ്… !!”

“ങേ, ഇവളോ…ഇവളെന്തിനാ ഫോണിൽ വിളിക്കുന്നെ… ”

“ഹലോ… നീ എവിടാ പെണ്ണെ… റൂമിൽ വാ… ”

“ശ്രീയേട്ടാ, ഞാൻ ശ്രീക്കുട്ടിടെ കൂടെ കിടക്കാ…”

“ങേ, എന്തിന്…? ”

“അവൾ ആകെ സങ്കടപ്പെട്ട് ഇരിക്കാ… ആരോടും ഒന്നും പറയാനും പറ്റുന്നില്ല… ഞാൻ ഒന്ന് സമാധാനിപ്പിക്കട്ടെ.. ”

“എന്നാ സമാധാനിപ്പിച്ചിട്ട് വേഗം വാ… ”

“ഓ ഈ മനുഷ്യൻ… എന്റെ ശ്രീയേട്ടാ… അവളുടെ മനസ്സ് ശരിയല്ല… എന്തെങ്കിലും വേണ്ടാത്ത ചിന്ത ഒക്കെ വന്നു കൂടും… ”
മിഥു പറഞ്ഞതു കേട്ട് പെട്ടന്ന് ശ്രീയുടെ ഉള്ളൊന്ന് കാളി…

“മ്മ്, ശരി ഡാ… ഗുഡ് നൈറ്റ്‌… ”

“മ്മ്, ഗുഡ് നൈറ്റ്‌ ഏട്ടാ … ”

“വെക്കല്ലേ, വെക്കല്ലേ… ”

“എന്താ… ”

“ഉം…. മ്മാ…. ” ശ്രീ തന്റെ ഫോണിൽ അമർത്തി ചുംബിച്ചു…

“മ്മ് ഇനി വെക്കട്ടെ.. ”

“തിരിച്ചു താടി കോപ്പേ… ”

“അയ്യോ, ശ്രീക്കുട്ടി കേൾക്കും… ”

“ആ കേൾക്കട്ടെ, ചോദിച്ചാ നിന്റെ കെട്ട്യോന് കൊടുത്തതാ എന്ന് പറഞ്ഞാ മതി… ”

“അയ്യടാ… പൊക്കോണം… ”
മിഥു ഫോൺ കട്ട്‌ ചെയ്തു ശ്രീക്കുട്ടിയുടെ അടുത്തേക്ക് നടന്നു…

“ഹ്മ്മ്, ഇങ്ങനെ ഒരു അൺ റൊമാന്റിക് മൂരാച്ചിയെ ആണല്ലോ ഈശ്വരാ നീ എനിക്ക് തന്നത്… ഒരു ഉമ്മ പോലും തന്നില്ല… ഇവൾക്കൊക്കെ ഉമ്മശാപം കിട്ടും നോക്കിക്കോ….”

©ആരുണി കൃഷ്ണ ❤️

മിഥു രാവിലെ തന്നെ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞ ശേഷം ശ്രീ യെ വിളിക്കാൻ ആയി മുകളിലേക്ക് പോയി…

“അയ്യോടാ ഉറക്കം നോക്കിക്കേ….
സാറെ, സാറൊന്നു എണീറ്റെ…. സമയം എത്ര ആയെന്നാ വിചാരം… മണി 7 ആയി… ”

“മിഥു ഒരു ഉമ്മ താ പ്ലീസ്… ”
ശ്രീ ഉറക്കപ്പിച്ചിൽ ഒന്ന് തിരിഞ്ഞു മിഥുവിന് അഭിമുഖം ആയി കിടന്നു പറഞ്ഞു…

“ഓ എപ്പോഴും ഈ ഒരു ചിന്ത മാത്രമേ ഉള്ളു… ഹ്ഹ് ”

അവൾ ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ പതിയെ മാറ്റി അവളുടെ ചുണ്ടുകൾ അവിടെ അമർത്തി… പെട്ടന്ന് ശ്രീയുടെ കൈകൾ അവളെ വരിഞ്ഞു മുറുക്കി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു…

“കള്ളൻ, അപ്പൊ ഉറക്കത്തിൽ ചോദിച്ചത് അല്ലല്ലേ..”.

“അല്ലേ അല്ല….ഹ്ഹ് ” അവൻ അവളിലുള്ള പിടി മുറുക്കിക്കൊണ്ട് പറഞ്ഞു…

“വിടു ശ്രീയേട്ടാ… ”

“ഇല്ല, നിനക്ക്‌ ഇപ്പൊ എന്നെക്കുറിച്ചു ഒരു വിചാരവും ഇല്ല … ”

“അയ്യോടാ, ഇപ്പൊ എന്താ അങ്ങനെ ഒരു പരാധി…. ”

“പിന്നെ അല്ലാതെ, ഞാൻ ഒരുത്തൻ ഇവിടെ ഈ റൂമിൽ എത്ര ദിവസായി ഒറ്റക്ക് കിടക്കുന്നു… നീ എന്നെ ഒന്ന് ഓർത്തോ… ”

“ഓർത്തല്ലോ, എപ്പോഴും ഓർക്കാറുണ്ട്… പിന്നെ ഒറ്റക്ക് കിടക്കാൻ എന്താ പേടിയാണോ… ”

“മോൾക്ക് ചെറിയ പേടി ഉണ്ടെന്ന് എനിക്ക് അറിയാം… അത് ചേട്ടൻ മാറ്റി തരട്ടോ… ”
അവൻ മെല്ലെ അവളുടെ മൂക്കിൻ തുമ്പിൽ തന്റെ മൂക്ക് കൊണ്ട് ഉരസി പറഞ്ഞു…

“വേണ്ട ശ്രീയേട്ടാ … ചുമ്മാ കളിക്കാതെ വിട്ടേ… കോളേജിൽ പോകണ്ടേ… ”

ഈറൻ മാറാത്ത അവളുടെ മുടിയിഴകൾ അവന്റെ നെഞ്ചിൽ അമർന്നതും അവനിലെ വികാരങ്ങൾക്ക് വേലിയേറ്റമുണ്ടായി.. അവൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഒരു കൈകൊണ്ടു അവളുടെ തല അവനിലേക്ക് അമർത്തി… അവളുടെ ചുണ്ടുകൾ വല്ലാതെ വിറച്ചു… ഇരുവരുടെയും ചുണ്ടുകൾ ഒരു നൂലകലത്തിൽ എത്തിയതും പെട്ടന്നവൻ ചാടിപ്പിടഞ്ഞു എഴുന്നേറ്റു…

“എന്താ ശ്രീയേട്ടാ…? ”

“കോളേജിൽ പോകാൻ ടൈം ആയില്ലേ… ? ”

“മ്മ്….”
മിഥു ആ ചുംബനം വല്ലാതെ കൊതിച്ചു എന്ന് അവളുടെ മുഖഭാവം കണ്ട ശ്രീക്ക് മനസ്സിലായി… അവൻ ഉള്ളിൽ ചിരി അടക്കിപിടിച്ചു നിന്നു…

“എന്റെ മിഥുകുട്ടാ, അപ്പൊ മോൾക്ക് റൊമാൻസ് ഒക്കെ വരുമല്ലേ… ശരിയാക്കിത്തരാം… ”

ശ്രീ മിഥുവിനെ നോക്കി ഊറിചിരിച്ചുകൊണ്ട് കുളിക്കാനായി കയറി…. മിഥു കണ്ണാടിക്ക് അഭിമുഖമായി നിന്ന് മുടി ചീകി ഒതുക്കാൻ തുടങ്ങി…കുറച്ചു കഴിഞ്ഞപ്പോ, ബാത്റൂമിലെ ഡോറിൽ ഒരു മുട്ട് കേട്ട് മിഥു തിരിഞ്ഞു…

“മിഥു, ഡാ ഞാൻ ടവൽ എടുത്തില്ല… ഒന്നെടുത്ത് തായോ… ശ്രീ വിളിച്ചു പറഞ്ഞു…”

“നിക്ക് ശ്രീയേട്ടാ, ഒരു മിനിറ്റ്… ”
“ആ വാതിൽ തുറക്ക്, ഇന്നാ ടവൽ… ”

വാതിൽ പതിയെ തുറന്നു… ടവൽ നീട്ടിയ മിഥുവിന്റെ കൈകളിൽ പിടുത്തം ഇട്ടുകൊണ്ട് അവൻ അവളെ അകത്തേക്ക് വലിച്ചു… ശ്രീയുടെ നെഞ്ചിൽ വീണ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ വാതിൽ അടച്ചു…

“ശ്രീയേട്ടാ… !!”

“എന്താ മോളെ..? ”

“എന്താ ഈ കാണിക്കുന്നേ…? ”

“അയ്യേ ഈ പെണ്ണ്… ഒന്നും കാണിച്ചില്ലല്ലോ… കാണിക്കാൻ പോകുന്നതല്ലേ ഉള്ളൂ… ”
മിഥുവിന്റെ കാതോരം ചേർന്ന് നിന്ന് അവൻ അത് പറയുമ്പോ അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു…

“കൊഞ്ചാതെ പോയെ, കോളേജിൽ പോകേണ്ടതാ…ഇങ്ങനെ നിക്കാൻ … ”

മിഥു പറഞ്ഞു അവസാനിക്കുംമുന്നേ അവളുടെ ചുണ്ടിൽ അവൻ വിരൽ വെച്ചു… പതിയെ ആ കൈ വിരലുകൾ താഴേക്ക് ഇറങ്ങി അവളുടെ ഇടുപ്പിൽ അമർന്നതും, അവൾ ഒന്ന് വിറച്ചു… അനുനിമിഷം ശ്രീ അവന്റെ ചുണ്ടുകൾ മിഥുവിന്റെ ചുണ്ടുകളോട് കോർത്തു… കണ്ണുകൾ കൂമ്പി അടച്ചു മിഥു അവന്റെ നെഞ്ചിൽ കൈവെച്ചു… അവരുടെ നിശ്വാസം വേഗതയോടെ ഇഴുകി ചേർന്നു… മിഥുവിന്റെ വിരലുകൾ അവന്റെ തലമുടിയിൽ ഇഴഞ്ഞു… ഉമിനീരിനോടൊപ്പം രക്തത്തിന്റെ സ്വാദ് അലിഞ്ഞപ്പോൾ അവൾ അവനിൽ നിന്ന് കിതപ്പോടെ അകന്ന് മാറി… അവൾ ശ്വാസം എടുക്കാൻ പാട് പെടുന്നത് കണ്ട് ശ്രീ ഒരു ചിരിയോടെ തന്റെ ചുണ്ടിൽ തലോടി… അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല… ശ്രീ മെല്ലെ അവളെ ഒന്നൂടെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ചു.. അവൾ അവനെ ഇറുക്കെ പുണർന്നു…

“ഓ, ഈ പെണ്ണ് എന്നെ നന്നാവാൻ സമ്മതിക്കില്ല… ”
ശ്രീ അത് പറഞ്ഞപ്പോ മിഥു പെട്ടന്ന് കുതറി മാറാൻ തുടങ്ങി…

“അങ്ങനെ അങ്ങ് പോയാലോ, വാ നമുക്ക് കുളിക്കാം..”

“അയ്യേ, വഷളൻ… ”

“ഓ ഈ വഷളന്റെ ഉമ്മ വേണം… നീയാ എന്റെ കണ്ട്രോൾ കളഞ്ഞത്… ”

“അയ്യടാ തന്നെ അങ്ങ് കുളിച്ചാ മതി..ഞാൻ കുളിച്ചു..”
.
അത് പറഞ്ഞു പുറത്ത് ഇറങ്ങാൻ തുടങ്ങിയതും മിഥുവിന്റെ ഇടുപ്പിൽ പിടിച്ചു പൊക്കി എടുത്തു…. എന്നിട്ട് അവളെയും ചേർത്ത് ഷവറിന്റെ അടിയിൽ ചെന്ന് ടാപ് തുറന്നു… അവന്റെ കൈകൾ അവളെ കുസൃതിയോടെ തലോടിക്കൊണ്ടിരുന്നു… പതിയെ അവളുടെ എതിർപ്പുകൾ, ആ ജലകണങ്ങളോടൊപ്പം അലിഞ്ഞു ചേരുന്നത് അവർ അറിഞ്ഞു…

“ശ്രീകുട്ടാ, ശ്രീകുട്ടാ… ”

റൂമിന് പുറത്ത് നിന്നും ലതയുടെ ശബ്ദം കേട്ടതും അവർ അകന്ന് മാറി… ഷവർ നിർത്തി…

“എന്താ അമ്മേ… ”

“ഹോ, എത്ര നേരായി വിളിക്കുന്നു കുട്ടികളെ… കഴിക്കാൻ വാ.. മോള് നിന്നെ വിളിക്കാൻ വന്നിട്ട് കണ്ടില്ലല്ലോ.. ? ”

“അമ്മ പൊക്കൊ, അവൾ ഇപ്പൊ വരും.. ”

“ഹാ… ”
ലത ചുണ്ടിൽ ചെറിയൊരു ചിരിയോടെ പടികൾ ഇറങ്ങി…

“ഹോ, അമ്മ എന്ത് കരുതി കാണുവോ എന്തോ…”

“പിന്നെ, എന്ത് കരുതാൻ…? ”

ശ്രീ പറഞ്ഞു തീർന്നു നോക്കിയതും, നനഞ്ഞൊട്ടി നിൽക്കുന്ന മിഥുവിന്റെ ശരീരം ആ നേർത്ത വസ്ത്രത്തിനുള്ളിൽ നിന്ന് അനാവൃതമായി കാണപ്പെട്ടു… കാര്യം മനസ്സിലാക്കിയ അവൾ ആ ടവൽ എടുത്തു പുറത്തൂടെ ഇട്ട് വാതിൽ തുറന്നു…

“റൂമിൽ വെള്ളം ആകും പെണ്ണെ… ഇവിടെ നിന്ന് ഡ്രസ്സ്‌ മാറ്റ്… ”
ശ്രീ ഒരു കള്ളചിരിയോടെ പറഞ്ഞതും അവൾ ഒന്ന് കൂർപ്പിച്ചു നോക്കി… എന്നിട്ട് പുറത്തേക്ക് ഇറങ്ങി…
ശ്രീ കുളി കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ മിഥുവിനെ കണ്ടില്ല… മെല്ലെ നടന്ന് റൂമിൽ നിന്ന് തുറക്കുന്ന ബാൽക്കണിയിലേക്ക് ഉള്ള ഡോർ തുറന്നു, അവിടെ അവളുടെ ഒരു സ്റ്റാൻഡിൽ, ആ നനഞ്ഞ തുണി വിരിച്ചിട്ടിട്ടുണ്ട്…

“ഓ, ഞാൻ ഇറങ്ങും മുന്നേ ഓടിയതാണല്ലേ… ‘

ശ്രീ റെഡി ആയി താഴെ എത്തി, ഭക്ഷണം കഴിച്ച് ഇരുവരും കോളേജിലേക്ക് പോയി… ശ്രീകുട്ടിയും വീട്ടിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടും എന്ന് കരുതി കോളേജിൽ പറഞ്ഞുവിട്ടു… കോളേജിൽ നിന്ന് തിരികെ വരുമ്പോൾ മിഥുവും ശ്രീയും കോളേജിൽ നടന്ന ഒരു വിശേഷങ്ങളും പങ്ക് വെക്കുക ആയിരുന്നു…

“ശ്രീയേട്ടാ, ശ്രീക്കുട്ടിടെയും അഭിയേട്ടന്റെയും കാര്യത്തിൽ എന്താ ചെയ്യാൻ പോകുന്നെ… ”

“ശ്രീ പെട്ടന്ന് ബുള്ളറ്റ് ഒരു സൈഡിലെക്ക് ഒതുക്കി.. ”

“നമുക്ക് ഒന്ന് നടക്കാം മിഥു… ”

“മ്മ്… ”

” ചിലതൊക്കെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ട്… നാളെ തന്നെ എല്ലാം ഓക്കേ ആകണം.. ”

“നാളെയോ…? ”

“ആ അതെ, അല്ലെങ്കിൽ അവളുടെ സങ്കടം കൂടി വരും… പിന്നെ എന്റെ പെണ്ണിനെ എനിക്ക് കാണാൻ പോലും കിട്ടില്ല.. ”

“ഓ നല്ല ശുഷ്‌കാന്തി… ”

“അല്ലടാ, 2 ദിവസായി കണ്ടില്ലേ.. അവൾ ആകെ മാറി… എന്റെ കുസൃതികുടുക്ക ഇപ്പൊ എന്റെ മുഖത്ത് പോലും നോക്കുന്നില്ല… ”
അത് പറയുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു… മിഥു അവന്റെ കൈകളിൽ മുറുക്കെ പിടിച്ചു…

“എന്താ പ്ലാൻ…? ”
ശ്രീ മിഥുവിനോട് കാര്യങ്ങൾ വിശദീകരിച്ചു..

“പക്ഷെ, അങ്ങനെ പറഞ്ഞാൽ അവൾ വരുമോ…? ”

“ഡി പൊട്ടി, നാളെ ഹോളിഡേ അല്ലെ അഭിയെയും കൂട്ടി ഞാൻ ആദ്യം എത്തും, നീ പതിയെ അവളെയും കൂട്ടി വരണം… ഞാൻ നിങ്ങൾ രണ്ടാളോടും വരാൻ പറഞ്ഞു എന്ന് മാത്രം മോള് പറഞ്ഞാമതി…. ”

പിറ്റേദിവസം, ഉച്ച കഴിഞ്ഞപ്പോ മിഥുവിന് ശ്രീയുടെ കാൾ വന്നു…

“ഡാ, നീ പോയി പറ… വേറൊന്നും പറയേണ്ട, കാര്യം നിനക്ക് അറിയില്ല എന്ന് മാത്രം പറഞ്ഞാൽ മതി… ”

“മ്മ്.. ”

“പിന്നെ ഞാൻ പറഞ്ഞിട്ട് ഇറങ്ങിയാൽ മതി… ഞാൻ അഭിയുടെ വീട്ടിൽ എത്തി… ശരി വിളിക്കാം… ”

“ശ്രീകുട്ടാ, വാ മോനെ… ”

“അഭി എവിടെ അങ്കിളെ…? ”

“മുറിയിൽ ഉണ്ട്… ”

“എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ… ”

“ഹലോൺ…. എന്താ സാറെ ഇപ്പൊ നമ്മളെ ഒന്നും മൈൻഡ് ഇല്ലേ…? ”
അഭിരമ്യ പിന്നിൽ നിന്ന് വിളിച്ചതും, ശ്രീ അവൾക്ക് അരികിലേക്ക് പോയി…

“ഓ തമ്പുരാട്ടി ഇവിടുള്ള വിവരം അടിയൻ അറിഞ്ഞില്ല… ”

“മിണ്ടണ്ട എന്നോട്, കല്യാണത്തിന് എന്നെ വിളിച്ചോ.. എന്തൊക്കെ പ്രതീക്ഷ ആയിരുന്നു.. നാത്തൂൻ ആയി വിലസി നടക്കാൻ ഉള്ള എല്ലാ ചാൻസും കളഞ്ഞില്ലേ…”

“അതാണോ നിന്റെ പരാതി.. അതിനൊക്കെ ഉള്ള വഴി ഉടനെ ശരിയാക്കാം .. ”

“എന്ത് വഴി…? ”

“ഹഹ…അത് അറിയാൻ നീ ആയിട്ടില്ല… കാരണം നീ കുട്ടിയാണ്… ”
ശ്രീ രമ്യയുടെ തലയിൽ ഒരു കൊട്ട് കൊടുത്ത് മുകളിലേക്ക് കയറി…

ശ്രീ റൂമിൽ എത്തിയതും അഭി തന്റെ ഡയറിയിലെ ശ്രീപ്പിയുടെ ഫോട്ടോ നോക്കി ഇരിക്കായിരുന്നു…

“അഭി… !!”

“ആ നീയോ… ”
അഭി ഡയറി പെട്ടന്ന് കബോർഡിൽ ഇട്ടുകൊണ്ട് പറഞ്ഞു…

“ഡാ നീ ഫ്രീ ആണോ.. ”

“ആ അതെഡാ.. ഈവെനിംഗ് വരെ മറ്റ് തിരക്കൊന്നും വന്നില്ലെങ്കിൽ ഫ്രീ ആണ്.. ”

“എന്നാ വാ ഒരിടം വരെ പോകാം..”

“എങ്ങോട്ടാ…? ‘

“ജ്വല്ലറി വരെ… ഒരു റിങ് വാങ്ങണം.. ”

“ആർക്കാ മിഥുവിന് ആണോ…? ”

“അല്ലഡാ, ഇനി സസ്പെൻസ് ഇടുന്നില്ല… ശ്രീക്കുട്ടിടെ വിവാഹം ഉറപ്പിച്ചു… ”

അഭി ഒന്ന് നടുങ്ങി…നെഞ്ച് പിടഞ്ഞു പോകുന്ന പോലെ തോന്നി അവന്… അത് മറച്ചു വെക്കാൻ അവൻ നന്നേ പാട്പെട്ടു…. ശ്രീ അവന്റെ മുഖത്തെ ഭാവഭേദങ്ങൾ വായിച്ചെടുക്കാൻ ശ്രമിക്കയായിരുന്നു… അഭിയുടെ വിഷമം ശ്രീയെ ഒന്ന് തളർത്തി…ശ്രീ അഭിയെ നോക്കിയതും യാന്ത്രികമായൊരു പുഞ്ചിരി അവൻ ശ്രീക്ക് നൽകി…

“ആരാ ആള്..? ”

“പേര് ആരവ്… കാനഡയിൽ നിന്ന് എംബിഎ കഴിഞ്ഞു… ഇപ്പൊ അവരുടെ ബിസിനസ്‌ ഒക്കെ നോക്കുന്നു… ഞാൻ നിന്നോട് നേരുത്തേ പറഞ്ഞിട്ടില്ലേ… അച്ഛന്റെ ഒരു ഫ്രണ്ട്, ഒരു സാഗർ…അയാളുടെ മകന് വേണ്ടി ശ്രീയെ ആലോചിച്ചു എന്ന്…ആ കക്ഷി… അന്ന് അത് അത്ര കാര്യായി പ്രൊസിഡ് ചെയ്തില്ല… അച്ഛന്റെ മനസ്സിൽ നിങ്ങളുടെ കാര്യം ആയിരുന്നു… ബട്ട്‌ നിങ്ങൾ രണ്ടാളും അങ്ങനെ ഒന്നും പരസ്പരം കണ്ടിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോ ഈ അല്ലൈൻസ് നോക്കാം എന്ന് കരുതി… ”

“ശ്രീപ്പി എന്ത് പറഞ്ഞു…? ”

“അവൾ ഭയങ്കര ഹാപ്പിയാ… ചെക്കനെ കണ്ടതോടെ ആള് ഫ്ലാറ്റ്… ”

“ഹാ, നന്നായി…”

“ഇന്നലെ അവർ വന്നു കണ്ടു പോയി.. എല്ലാം പെട്ടന്ന് ആയിരുന്നു… നെക്സ്റ്റ് സൺ‌ഡേയാ എൻഗേജ്മെന്റ് കല്യാണം അവളുടെ പഠിത്തം കഴിഞ്ഞു മതി എന്ന് കരുതി… ഇന്നിപ്പോ റിങ് എടുക്കാം എന്ന് കരുതി ഇരുന്നതാ… അപ്പൊ ആരവിനു ഒരു ബിസിനസ്‌ ട്രിപ്പ്‌, എൻഗേജ്മെന്റിന്റെ തലേന്നെ വരൂ എന്ന്… അതാ നിന്നെയും വിളിച്ചത്… എനിക്ക് ഒറ്റക്ക് അത്ര പരിചയം ഇല്ല… പിന്നെ മിഥു ശ്രീക്കുട്ടിയും ആയി വരാം എന്ന് പറഞ്ഞു… ”

“ഡാ, നീ വേഗം റെഡി ആയി വാ… ഞാൻ താഴെ വെയിറ്റ് ചെയ്യാം… പിന്നെ ഇവിടെ എല്ലാരോടും തിരിച്ചു വരുമ്പോ പറയാം… വിശദമായി വിളിക്കാൻ ഞങ്ങൾ വരുന്നുണ്ട്… ”

“എന്ത് ചെയ്യും, പോകാതെ ഇരിക്കാൻ കഴിയില്ലല്ലോ… എന്തെങ്കിലും പറഞ്ഞു ഒഴിഞാൽ ഇവന് വിഷമം ആകും.. ശ്രീപ്പിയും അന്വേഷിക്കില്ലേ…. പോകണം… എല്ലാം മറന്ന്, പോകണം… ”

📌📌📌📌📌📌📌📌📌📌📌📌📌📌📌

മിഥു റെഡി ആകുന്നതിന് ഇടയിൽ ഫോൺ റിങ് ചെയ്തു…

“ശ്രീയേട്ടൻ കാളിങ്… ”

“മിഥു നിങ്ങൾ റെഡി ആയോ…? ”

“ആ റെഡി ആകുവാ… അവൾ ആദ്യം വരുന്നില്ല എന്ന് പറഞ്ഞു.. പിന്നെ നിർബന്ധിച്ചു റെഡി ആകാൻ പറഞ്ഞു വിട്ടു.. ”

“ഹ്മ്മ്, ഞങ്ങൾ ഒരു 5 മിനിറ്റ് ഉള്ളിൽ ഇറങ്ങും… നിങ്ങളും അപ്പോഴേക്കും ഇറങ്ങിക്കോ… ഇവിടുന്ന് അടുത്തല്ലേ… ഞങ്ങൾ ആദ്യം എത്തും… പിന്നെ അവിടെ എത്തുമ്പോ എന്നെ വിളിച്ചിട്ട് അകത്തേക്ക് വന്നാമതി… എത്താറാകുമ്പോ പറ്റുമെങ്കിൽ മെസ്സേജ് ചെയ്യ്… ”

സിറ്റിയിലെ പ്രമുഖ ജ്വല്ലറിയുടെ മുന്നിൽ ശ്രീയുടെ ബുള്ളറ്റ് നിന്നു…

“വാ ഡാ… ”

“ഹലോ സർ, വെൽക്കം… എന്താണ് വേണ്ടത്… ”
ഒരു പെൺകുട്ടി വന്നു ചോദിച്ചു..

“ആക്ച്വലി…. എൻഗേജ്മെന്റ് റിങ് വേണം… പക്ഷെ ഒരാൾ കൂടി വരാൻ ഉണ്ട്… എന്നിട്ട് സെലക്ട്‌ ചെയ്യാം.. ”

“ഓക്കേ സർ… മുകളിൽ വെയിറ്റ് ചെയ്തോളു… ”

താഴെ ഡയമണ്ട് സെക്ഷൻ ആയിരുന്നു… ഫസ്റ്റ് ഫ്ലോറിൽ ആയിരുന്നു ഗോൾഡ്‌.. അവർ ഇരുവരും ഒരു സോഫയിലേക്ക് ഇരുന്നു… പെട്ടന്ന് ശ്രീ യുടെ ഫോൺ വൈബ്രേറ്റ് ചെയ്തു.. മിഥുവിന്റെ മെസ്സേജ്..

“ശ്രീയേട്ടാ ഞങ്ങൾ എത്താറായി… ”

“മ്മ്… ”

അവൻ റിപ്ലൈ നൽകി ഫോൺ പോക്കറ്റിൽ ഇട്ടു…

“ഡാ, ഒരു മിനിറ്റ് നീ ഇവിടെ ഇരിക്ക്… ഇപ്പൊ വരാം ഞാൻ… ”

“മ്മ്.. ”

ശ്രീയുടെ അടുത്ത് നിന്ന് ഒന്ന് മാറാൻ അവൻ മനസ്സിൽ ആഗ്രഹിക്കാതെ ഇരുന്നില്ല…

“ഏട്ടത്തി, എന്താ ഇവിടെ… ”

“എന്നോട് ഇങ്ങോട്ട് വരാനാ പറഞ്ഞത്…. ”

സ്കൂട്ടി സൈഡിൽ ഒതുക്കിയതും ശ്രീ അവർക്ക് അരികിലേക്ക് നടന്നെത്തി….

“എന്താ ഏട്ടാ ഇവിടെ…? ”

“അഭിയുടെ എൻഗേജ്മെന്റ് ആണ്, നെക്സ്റ്റ് സൺ‌ഡേ… ”

“അഭിയേട്ടന്റെയോ…. “വേച്ചു വീഴാതെ ഇരിക്കാൻ ശ്രീക്കുട്ടി സ്കൂട്ടിയുടെ ഹാൻഡ്ലിളിൽ മുറുക്കെ പിടിച്ചു…

“ആ അതെ, അവന്റെ ഒരു ഡിസ്റ്റൻഡ് റിലേറ്റീവാ കുട്ടി…നേരുത്തേ ഈ അല്ലയൻസ് ഉണ്ടായിരുന്നു, പിന്നെ അന്ന് പ്രൊസീഡ്‌ ചെയ്തില്ല… ഇപ്പൊ നിങ്ങൾ തമ്മിൽ ഉള്ള പ്രൊപോസൽ ശരിയാവില്ല എന്ന് മനസ്സിലായപ്പോ വാസുദേവൻ അങ്കിൾ എടുത്ത ഡിസിഷനാണ്… ”

കല്ല് വെച്ച നുണ തട്ടി വിടുന്ന തന്റെ കെട്ട്യോനെ നോക്കി മിഥു അന്തം വിട്ട് നിന്നു…

“അഭിയേട്ടൻ എന്ത് പറഞ്ഞു… ”

“അതല്ലേ രസം… അവന് സ്വപ്നയെ നേരുത്തേ ഇഷ്ടം ആയിരുന്നു… ആ സ്വപ്ന എന്നാണ് കേട്ടോ പേര്…
അത് ബാംഗ്ലൂർ എം ബി എ ചെയ്യാ, എൻഗേജ്മെന്റിന്റെ തലേന്നേ വരൂ….അതാ റിങ് എടുക്കാൻ നിങ്ങളെ കൂടി വിളിച്ചത്… ”

ശ്രീക്കുട്ടിക്ക് ശരീരം തളരുന്ന പോലെ തോന്നി… ഒന്ന് ആർത്തലച്ചു കരയാൻ തോന്നി….ഉള്ളിലെ സങ്കട കടൽ കണ്ണുകളിൽ ഇരമ്പി തുടങ്ങി… ഇനിയും കരയാതെ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയില്ല എന്ന് തോന്നിപ്പോയി..

“വാ, അവൻ അകത്തു വെയിറ്റ് ചെയ്യുവാ… ”

ശ്രീ മുന്നോട്ട് തിരിഞ്ഞു നടന്നതും, ശ്രീക്കുട്ടി പൊട്ടിക്കരഞ്ഞു…

“മോളെ, കരയല്ലേ ആരെങ്കിലും ശ്രദ്ധിക്കും… ഇന്ന് തന്നെ എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് വിചാരിച്ചതാ, പക്ഷെ ഇങ്ങനെ ഒക്കെ ആയി തീരും എന്ന് അറിഞ്ഞില്ല… നീ വരാതെ ഇരുന്നാൽ അഭിയേട്ടൻ എന്ത് കരുതും… ”

“വാ, പോകാം… എനിക്ക് കുഴപ്പമില്ല ”
ശ്രീക്കുട്ടി മുഖം അമർത്തി തുടച്ചുകൊണ്ട് ഉള്ളിലേക്ക് നടന്നു…

ദൂരെ നിന്ന് തന്നെ ശ്രീക്കുട്ടി കണ്ടു… തന്നെ നോക്കിയിരിക്കുന്നു അഭിയെ…

“ഈശ്വരാ, ആ പേരിൽ ഒരു മുദ്ര മോതിരം എന്റെ ഈ വിരലിൽ അണിയാൻ ഞാൻ എത്ര കൊതിച്ചതാ… അഭിയേട്ടൻ കെട്ടിയ താലി നെഞ്ചോട് ചേർത്ത്, അവസാന ശ്വാസം വരെയും ഏട്ടന്റെ പെണ്ണായി കഴിയണം എന്ന് ഒത്തിരി മോഹിച്ചു… എല്ലാം വെറും പാഴ്മോഹം മാത്രം ആയല്ലോ… ഞാൻ മനസ്സിൽ സൂക്ഷിച്ച എന്റെ പ്രണയം ഇനി മുതൽ മറ്റാരുടേതോ ആണ്… മനസ്സിലെ ഇഷ്ടം എങ്കിലും അഭിയേട്ടനോട് തുറന്നു പറയണം എന്ന് കരുതിയതാ, പക്ഷെ നന്നായി പറയാതിരുന്നത്… ആ ഹൃദയത്തിൽ എനിക്ക് സ്ഥാനമില്ല, മറ്റൊരാൾ അവിടെ എനിക്കും മുന്നേ അവിടെ സ്ഥാനം നേടി… നേരുത്തേ അറിഞ്ഞിരുന്നെങ്കിൽ മോഹിക്കില്ലായിരുന്നു ഞാൻ .. ”

ചിന്തകളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ട പോലെ അവൾ എന്തൊക്കെയോ ഓർത്തുകൊണ്ടിരുന്നു… ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞില്ല..… അഭിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല… ഇരുവരും സന്തോഷം നടിച്ച് ഒന്ന് പുഞ്ചിരി തൂകാൻ ശ്രമിച്ചു…

തുടരും…