23/04/2026

നിന്നോളം : ഭാഗം 12

രചന –  ഫൗസിയ യൂസഫ്

“” മോളെ… “”

എന്റെ ചുമലിൽ തൊട്ടത്, അച്ഛന്റെ കൈത്തലമായിരുന്നു….

ഞാൻ കണ്ണുകൾ തുടച്ച്, ഒന്നു ചിരിക്കാൻ ശ്രമിച്ചു….

“”ഞാൻ.. ഞാൻ തിരിച്ചുപോവാ അച്ഛാ.. അതാ നല്ലത് “” ഞാൻ പറഞ്ഞു.

“” നീ പോയാ, നിന്റെ ചേച്ചിയെ നോക്കാനാരാ…?””

അച്ഛന്റെ ചോദ്യം കേട്ട്,ഞാൻ മുഖമുയർത്തി നോക്കി..

“” നീയല്ലേ പറയാറ്, ഭദ്രേച്ചി കാരണമാണ് നിനക്കൊരു ജീവിതം ഉണ്ടായത്… ഭദ്രേച്ചിക്കു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറാണെന്നൊക്കെ…. എന്നിട്ട്, ഭദ്രേച്ചിയിങ്ങനെ കിടക്കുമ്പോ നീ പോകുന്നത് ശരിയാണോ? “”

അച്ഛന്റെ ചോദ്യമെന്നെ സങ്കടപ്പെടുത്തി….
എന്റെ കണ്ണുകൾ, പെയ്യാൻ തയ്യാറായി നിന്നു….
അതുകാണെ, അച്ഛനെന്നെ ചേർത്തു പിടിച്ചു…

“” മോൾടെ മനസ്സിലെന്താന്ന് അച്ഛനറിയാം…
ചേച്ചീടെ അവഗണന നിന്നെ എത്രമാത്രം സങ്കടപ്പെടുത്തുന്നുണ്ടെന്നും അറിയാം””

അച്ഛനെന്നെയൊന്ന് നോക്കിയ ശേഷം കുറച്ചു നേരത്തേക്ക് നിശബ്ദനായി…
പിന്നെ പറഞ്ഞു,

“” ഭദ്രയിപ്പോ ശാരീരികമായി ആകെ തളർന്നിരിക്കാ… കുറച്ചെങ്കിലും ബലമുള്ളതിപ്പോ അവളുടെ മനസ്സിനാ… പക്ഷെ, ആ ബലത്തിനും അധികനേരം ആയുസ്സുണ്ടാവില്ല…
ഒരു സ്ത്രീയുടെ നഷ്ടങ്ങളിൽ വലിയൊരു നഷ്ടമാണ്, അവൾക്ക് അമ്മയാവാനുള്ള ഭാഗ്യം ഇല്ലാതാവുന്നത്….
അത്, അവളറിയുന്ന നിമിഷം, അവളാകെ തകർന്നു പോകും….
ഇതുവരെ കാണിച്ച ധൈര്യമൊന്നും അവളിലുണ്ടാവില്ല….

കണ്ണനെ നഷ്ടപ്പെടാതിരിക്കാൻ അവള് കാട്ടിക്കൂട്ടിയതൊക്കെ നമുക്കറിയാം… ഇനി ഇതുംകൂടിയാകുമ്പോ, എന്റെ മോൾടെ മനസ്സ് പിടിവിട്ടുപോകും…
അവളുടെ സമനില തെറ്റിപ്പോകോ എന്നുവരെ അച്ഛന് പേടിയുണ്ട് മോളേ… “”

അച്ഛന്റെ ശബ്‍ദമിടറുന്നത് തിരിച്ചറിഞ്ഞ ഞാൻ, ആ കൈകളിൽ അമർത്തിപ്പിടിച്ചു….

“” അങ്ങനൊന്നും സംഭവിക്കില്ലഛാ..
നമ്മളൊക്കെ കൂടെയുള്ളപ്പോ ഭദ്രേച്ചിക്ക് ഒന്നും സംഭവിക്കില്ല…
പിന്നെ, കണ്ണേട്ടനോട് ഞാൻ പറഞ്ഞോളാം.. പറഞ്ഞു സമ്മതിപ്പിച്ചോളാം…
കണ്ണേട്ടന്റെ സ്നേഹം മാത്രം മതി, ഭദ്രേച്ചിക്ക് ജീവിതം തിരിച്ചുപിടിക്കാൻ…. “” ഞാൻ പറഞ്ഞു.

“” അരുത് മോളേ… ഇനിയവനെ നിർബന്ധിക്കരുത്… അത് പാടില്ല!
അന്നുഞാൻ, അവനോട് എന്ത് തീരുമാനം വേണെങ്കിലും എടുത്തോളാൻ പറഞ്ഞു. അപ്പോഴും, എന്റെ മനസ്സിൽ അവന് ഭദ്രയെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു… ഒരച്ഛന്റെ സ്വാർത്ഥ മനസ്സ് അങ്ങനല്ലേ ആഗ്രഹിക്കൂ…
പക്ഷെ, ഇന്നിപ്പോൾ എനിക്കത് ആഗ്രഹിക്കാൻ കഴിയില്ല…
കാരണം, വിവാഹം കഴിഞ്ഞ ഏതൊരു പുരുഷനും അടുത്ത സ്വപ്നം ഒരു കുഞ്ഞിന്റെ അച്ഛനാവുക എന്നതാണ്….
ആ സ്വപ്നം നിറവേറ്റിക്കൊടുക്കാൻ കഴിവില്ലാത്ത എന്റെ മോളെ സ്വീകരിക്കാൻ കണ്ണനോട് പറയുന്നത് ദൈവത്തിന് നിരക്കാത്ത തെറ്റാണ്….
ഞങ്ങൾക്കു വേണ്ടി മോളത് അവനോട് ആവശ്യപ്പെടരുത്…. “”

അച്ഛൻ പറഞ്ഞപ്പോഴാണ്, ഞാനും അതേപ്പറ്റി ചിന്തിച്ചത്…
കാലം, കണ്ണേട്ടനെ ഭദ്രേച്ചിയുമായി ചേർത്തുവെക്കും, അവർ ഒന്നിച്ചൊരു ജീവിതം തുടങ്ങും എന്നൊരു പ്രതീക്ഷയിലാണ് ഇഷ്ടമില്ലാതിരുന്നിട്ടും ഞാൻ, കണ്ണേട്ടനെ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്….
ഇനിയും നിർബന്ധിക്കാൻ കഴിയില്ല…

“” മോളേ.. “”
അച്ഛൻ വീണ്ടും വിളിച്ചു.

“” ഭദ്ര… അവള്, വഴക്കു പറഞ്ഞെന്നുവരും… ബഹളം വെച്ചെന്നും വരും… എന്നാലും മോളിവിടെ, അവളുടെ അടുത്ത് തന്നെ വേണം….
അവളെ പഴയ ഭദ്രയാക്കിയെടുക്കാൻ മോൾക്ക് കഴിയും… മോൾക്കേ കഴിയൂ… “”

അച്ഛൻ പറഞ്ഞു തീർന്നപ്പോഴേക്കും കണ്ണേട്ടൻ അങ്ങോട്ടു വന്നു…
ആകെ പരിഭ്രമിച്ച മട്ടുണ്ട് ആള്…

“” എന്താ കണ്ണാ… താനെന്താ
വല്ലാതെ? “”” അച്ഛൻ ചോദിച്ചു.

“” ഭദ്ര… അയാളവിടെ ബഹളം വെക്കുന്നുണ്ട്… അമ്മ, കാര്യങ്ങൾ സൂചിപ്പിച്ചെന്നാ തോന്നുന്നേ… “‘

കണ്ണേട്ടന്റെ വാക്കുകളിൽ എനിക്ക് ഭയമേറി…
ഞാൻ, ആരേയും കാക്കാതെ വേഗം മുറിയിലേക്കോടി…

ചെന്നു കാണുമ്പോൾ ഭദ്രേച്ചി കണ്ണടച്ച് കിടക്കുകയായിരുന്നു….
അമ്മ, അരികിലിരുന്ന് തേങ്ങുന്നുണ്ട്…

“” അമ്മേ എന്താ ണ്ടായേ..? “”

“” ഞാനവളോടെല്ലാം പറഞ്ഞു മോളേ.. പറയാതിരുന്നിട്ടെന്താ.. നാളത്തെ കഴിഞ്ഞാ… “” അമ്മ വിതുമ്പി.

“” അമ്മേ, ഭദ്രേച്ചി….. “”

“” കുറേ കരഞ്ഞു… സ്വന്തം ശരീരമോ വേദനയോ നോക്കാതെ എന്തൊക്കെയോ ചെയ്തു കൂട്ടി…
ഇനി ജീവിക്കണ്ടാന്നും പറഞ്, ഒരേ ബഹളായിരുന്നു… “” അമ്മ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

“” ഞാൻ ഒരു വിധത്തിലാ പിടിച്ചു കിടത്തീത്… പിന്നെ, ഒന്നും മിണ്ടിയിട്ടില്ല… “” അമ്മ കൂട്ടിച്ചേർത്തു.

ഞാൻ ആദ്യമൊന്ന് സംശയിച്ചു നിന്നു..
ഭദ്രേച്ചിയെ വിളിക്കണോ വേണ്ടയോ എന്ന്…
പിന്നെ, അച്ഛൻ പറഞ്ഞതുപോലെ എന്തു പറഞ്ഞാലും ഏറ്റുവാങ്ങാൻ തയ്യാറായിക്കൊണ്ട് അരികിലേക്ക് ചെന്നു…

“” ഭദ്രേച്ചി… “” ഞാൻ വിളിച്ചു.

ഭദ്രേച്ചി, കണ്ണ് തുറക്കുകയോ മറുപടി പറയുകയോ ചെയ്തില്ല…
ഞാൻ ആവർത്തിച്ചു വിളിച്ചെങ്കിലും, ഭദ്രേച്ചി അതേ കിടപ്പ് തുടർന്നു…

അച്ഛനും അരികിൽ വന്ന് ഒത്തിരി വിളിച്ചു.. അപ്പോഴും, മാറ്റമൊന്നും ഉണ്ടായില്ല!

‘”” പെട്ടന്ന് കേട്ടപ്പോഴുണ്ടായൊരു ഷോക്ക്, അത്രയേ ഉള്ളു… ഇനി, മറ്റെന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ നമുക്കിവിടെ തന്നെ കൗൺസിലിങ് നടത്താം… “” അതായിരുന്നു അൻവർ ഡോക്ടറുടെ നിർദ്ദേശം…

അന്ന് മുഴുവനും ഭദ്രേച്ചി, മൗനിയായിരുന്നു….
ഒന്നും കഴിക്കാനും കൂട്ടാക്കിയിരുന്നില്ല.

“” കണ്ണേട്ടനൊന്ന് സംസാരിച്ചൂടെ ഭദ്രേച്ചിയോട്?
കണ്ണേട്ടൻ സംസാരിച്ചാൽ ഭദ്രേച്ചിയുടെ സങ്കടം മാറും… ഭദ്രേച്ചി മിണ്ടും “” ഞാൻ പറഞ്ഞു.

എന്റെ ആവശ്യം, അംഗീകരിക്കപ്പെടുന്നതല്ലെന്ന് ആ മൌനത്തിൽ നിന്നും എനിക്ക് മനസ്സിലായി….

“” ഭദ്രേച്ചിയെ ഇത്തരമൊരു മാനസീകാവസ്ഥയിൽ എത്തിച്ചത് നമ്മളല്ലേ…. ഇങ്ങനെ അകറ്റിനിർത്താനായിരുന്നു ഉദ്ദേശമെങ്കിൽ, എന്തിനായിരുന്നു എന്റെ ആവശ്യം നിറവേറ്റിയത്…?
ഭദ്രേച്ചിയെ വേളി കഴിച്ചത്…? “” ഞാൻ ചോദിച്ചുപോയി…

“” ഒറ്റയടിക്ക് എല്ലാം നഷ്ടപ്പെട്ടവന്റെ വേദന നിനക്കറിയില്ല….
ആ വേദന മാറാൻ, എനിക്കവളെ സ്വീകരിക്കണമായിരുന്നു…. മോഹിച്ചു കിട്ടാത്തവന്റെ നോവെന്താണെന്ന്, അതിന്റെ ഇരട്ടിയായി എനിക്കവൾക്ക് കാണിച്ചു കൊടുക്കണമായിരുന്നു….

എന്നിൽ നിന്നു മാത്രമല്ല, ആ വീട്ടിൽ നിന്നുപോലും അവള് നിന്നെ അകറ്റിയില്ലേ….
ഒന്നും അറിയാത്തവളെപ്പോലെ ഞങ്ങൾക്കുമുന്നിൽ അഭിനയിച്ചില്ലേ…
അതിനെല്ലാമുള്ള തിരിച്ചടിയായിരുന്നു ഞാനുമായുള്ള അവളുടെ വിവാഹം…!”””

കണ്ണേട്ടനെ ഇത്രമേൽ ശൗര്യത്തോടെ ഞാൻ, മുമ്പ് കണ്ടിട്ടില്ലായിരുന്നു…
തിരിച്ചു പറയാൻ വാക്കുകൾ തേടിക്കൊണ്ടിരിക്കുമ്പോഴാണ്, ഗൗതം സർ ഞങ്ങൾക്കടുത്തേക്ക് വന്നത്…
കൂടെ ഒരു കൊച്ചുപെൺകുട്ടിയും ഉണ്ടായിരുന്നു…
അതായിരിക്കാം സാറിന്റെ മോള്…
ഞാൻ ചിന്തിച്ചു.

“” എന്തായി ഇവിടത്തെ കാര്യങ്ങൾ?
ഭദ്രയ്ക്ക് എങ്ങനെയുണ്ട്?”” വന്നപാടെ അദ്ദേഹം അന്വേഷിച്ചു.

“” സർ വിളിച്ചപ്പോ ഞാൻ പറഞ്ഞില്ലേ, അതുതന്നെയാ ഇപ്പോഴും അവസ്ഥ…
ഇതുവരെ ഭദ്ര ആരോടും, ഒന്നും മിണ്ടിയിട്ടില്ല!””” കണ്ണേട്ടൻ പറഞ്ഞു.

“” എനിക്ക് കാണണം ആ ആന്റീനെ “” മോള് പറഞ്ഞു.

“” പറയാൻ മറന്നു.. ഇതാ എന്റെ മോള് അല…
ഇന്നലെ ഇവളോട് എല്ലാ കാര്യങ്ങളും പറയേണ്ടിവന്നു…
അപ്പൊ തുടങ്ങിയ വാശിയാ ഭദ്രയെ കാണണം, ഡാഡിക്കു വേണ്ടി സോറി പറയണം എന്നൊക്കെ….
പോരണ്ടെന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ല കക്ഷി… “” അദ്ദേഹം പുഞ്ചിരിയോടെ അലമോളെ തഴുകി.

ഞാൻ, അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും അവൾ മുഖം തിരിച്ചു…

“” സോറി, അവളെങ്ങനെയാ… പെട്ടന്നാരോടും അടുക്കുന്ന പ്രകൃതമല്ല “”” സർ എന്നോട് പറഞ്ഞു.

“” അത് സാരല്ല…
പിന്നെ, സോറി പറയേണ്ടത് ഞാനാ..
സത്യമെന്താന്ന് പോലും ചോദിച്ചറിയാതെ ഞാനല്ലേ സാറിനെ ഷൗട്ട് ചെയ്തത്… ഐ ആം സോറി.. “”

“” ഇട്സ് ഓക്കേ… “” അദ്ദേഹം വീണ്ടും പുഞ്ചിരിച്ചു..

അന്നേരം അലമോളെന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു…
ഡാഡിയെ വഴക്കു പറഞ്ഞെന്ന് കേട്ടപ്പോൾ, ആൾക്കിത്തിരി ദേഷ്യം തോന്നിയ മട്ടുണ്ട്…

“” നമുക്ക് ആന്റിയെ കാണാം… “” അവൾ തിടുക്കം കൂട്ടി.

കണ്ണേട്ടൻ, അവരേയും കൊണ്ട് മുറിയിലേക്ക് നടന്നു..
നീലിമേച്ചിയുടെ കോൾ അറ്റന്റ് ചെയ്തുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നു…

അച്ഛൻ പറഞ്ഞതുപോലെ, ഞാൻ ഭദ്രേച്ചിക്കൊപ്പം നിൽക്കാൻ തീരുമാനിച്ച വിവരം അറിയിച്ചപ്പോൾ, നീലിമേച്ചിക്കതത്ര സ്വീകാര്യമായി തോന്നിയില്ല…
എങ്കിലും, ആ കുടുംബത്തോടുള്ള എന്റെ സെന്റിമെന്റ്സ് എന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്ന് ചേച്ചിക്കറിയാമായിരുന്നു….

കഞ്ഞിപ്പാത്രത്തിനു മുന്നിൽ ആലോചനാ ഭാവത്തിൽ ഇരിക്കുകയായിരുന്നു ഭദ്ര….

“” കുടിക്ക് മോളേ… എത്രനേരായി ഈ ഇരിപ്പ് തുടങ്ങീട്ട്.. കുറച്ചെങ്കിലും കഴിക്ക് “” ലക്ഷ്മി, അവരുടെ പരമാവധി പറഞ്ഞു നോക്കുന്നുണ്ട്.

കൃഷ്ണ വർമ്മയും, നിസ്സാഹായനായി നിൽക്കുമ്പോഴാണ് കണ്ണൻ, ഗൗതമിനേയും കൊണ്ട് ചെന്നത്..
ലക്ഷ്മി വേഗം, ഇരുന്നിടത്തു നിന്നും എഴുനേറ്റു..

“” അമ്മ ഇരുന്നോളൂ.. “” ഗൗതം സൗമ്യനായി പറഞ്ഞു.

“” ഇതാണ് മോള് കാണണമെന്ന് പറഞ്ഞ ആന്റി… മോള് വിളിച്ചുനോക്ക് ആന്റിയെ.. “” ഗൗതം, അലമോളെ ഭദ്രയ്ക്കരികിലേക്ക് നീക്കി നിറുത്തി..

അല, കുറേ സമയം ഭദ്രയെതന്നെ നോക്കി നിന്നു…
അവളുടെ കുഞ്ഞു മുഖത്ത് ഒരേ സമയം, വിഷാദവും അമ്പരപ്പും നിഴലിച്ചുനിന്നു…

“” മോള് വിളിക്കുന്നില്ലേ ആന്റിയെ?”” ഗൗതം കുസൃതിയോടെ ചോദിച്ചു.

അല, ഡാഡിയെ നോക്കി…

പിന്നെ ഭദ്രയേയും….

“” ആന്റി… “” അവൾ പതിയെ വിളിച്ചു.

ഭദ്ര നോക്കിയില്ല!

“” ആന്റി നോക്ക്… അലമോളാ വിളിക്കുന്നെ… ഞാൻ സോറി പറയാനാ വന്നേ… എന്റെ ഡാഡിക്കു വേണ്ടി… “”

അല, ഭദ്രയെ തൊട്ടുവിളിച്ചു…

ഭദ്ര, വിദൂരതയെ വിട്ട് അവളെ നോക്കി…
പെട്ടന്ന് ആ മുഖത്ത്, അത്ഭുതവും ലാളനയും വന്നുനിറഞ്ഞു…

ആ കാഴ്ച, ചുറ്റുമുള്ളവരിലും അത്ഭുതം സൃഷ്ടിച്ചു…
അലമോളുടെ മുഖത്തൊരു ചിരി പരന്നു…

“” ഡാഡി, ദേ ആന്റി നോക്കുന്നു “”

അല , ഗൗതമിനെ നോക്കി സന്തോഷത്തോടെ പറഞ്ഞതും, ഭദ്ര അവളുടെ കുഞ്ഞു മുഖം തന്റെ കൈക്കുള്ളിലാക്കിയിരുന്നു….

“” കുഞ്ഞാവേ… “” ഭദ്ര, വിടർന്ന കണ്ണുകളോടെ അലയെത്തന്നെ ഉറ്റുനോക്കി..

“” ഞാൻ കുഞ്ഞാവയല്ല… അലയാ… അല ഗൗതം മേനോൻ “” അല, ഇത്തിരി ഗമയിൽ പറഞ്ഞു.

“” അല്ലല്ലോ.. കുഞ്ഞാവേടെ പേര് എനിക്കറിയാലോ… ചേച്ചി പറയട്ടെ? “”

ഭദ്ര കുറുമ്പോടെ ചോദിച്ചപ്പോൾ, അല മാത്രമല്ല, മറ്റുള്ളവരും അമ്പരപ്പോടെ അവളെ നോക്കിനിന്നു…

“” ചാരു….
ചാരൂന്നല്ലേ ന്റെ കുഞ്ഞാവേടെ പേര്..
ചേച്ചിക്കറിയാലോ… “” ഭദ്ര പൊട്ടിച്ചിരിച്ചു….

ആ പൊട്ടിച്ചിരിയിൽ, തരിച്ചു നിൽക്കുകയായിരുന്നു അവൾക്ക് ചുറ്റുമുള്ളവരെല്ലാം……

കാത്തിരിക്കണേ…. ❤