23/04/2026

നിന്നോരം : ഭാഗം 01

രചന – ആതിര

“ഭാഗി… ഭാഗി…ദേ…പെണ്ണേ ഒരഞ്ചു മിനിറ്റൂടി..അത് കഴിഞ്ഞാൽ ഞാൻ അങ്ങ് പോകും..പിന്നെ മുഖം വീർപ്പിച്ച് വന്നാലാ..എടി..എടി ഭാഗീ….”🚲”ട്രണീം..ട്രണീം..”🚲സൈക്കിളിന്റെ ബെൽ അടിക്കുന്നതിനൊപ്പം ആ വീടിന്റെ മുന്നിൽ നിന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അവൻ…ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന വിനയൻ ശബ്ദം കേട്ട് തലപൊക്കി നോക്കി…

“എടിയെ നമ്മടെ മോൾടെ ഡ്രൈവർ വന്നടി..”അവനെ നോക്കി ചിരിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് അയാൾ വിളിച്ചു പറഞ്ഞു ..ആ വീടിനുള്ളിൽ നിന്നും സാരി ധരിച്ചൊരു സ്ത്രീ അയാളെയും കടന്ന് അവനടുത്തേക്ക് നടന്നു വന്നു..സ്വതവേ ചുണ്ടിൽ വിരിയുന്നൊരു പുഞ്ചിരി അവർക്ക് മാറ്റേകി..”യദു മോനേ… കുഞ്ഞേ നീ പോകാൻ നോക്ക്..ഈ വീട്ടിലെ രാജകുമാരി ഒരുങ്ങി വരുമ്പോഴേക്കും നീ താമസിക്കും..” “സാരമില്ല മാനിലിയമ്മേ..അവൾ എന്നും എന്റെ കൂടല്ലേ വരുന്നേ.
ഞാൻ ചുമ്മ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ..”

“അതേ നിങ്ങൾ അകത്ത് ചെന്ന് അവളോട് വേഗം ഇറങ്ങാൻ പറ..അതെങ്ങെനയാ കൊഞ്ചിച്ചു വെച്ചിരിക്കുവല്ലേ..ഒന്നേ ഒള്ളേങ്കിലും ഓലക്ക്ക്ക് അടിക്കണോന്നാ..”പത്രം വായിച്ചിരിക്കുന്ന വിനയനെ നോക്കിയവർ പറഞ്ഞു…

🌟🌟🌟🌟🌟🌟🌟🌟🌟

വിനയൻ അവളുടെ മുറിയിൽ ചെന്നപ്പോൾ ഭാഗി കണ്ണാടിയുടെ മുൻപിൽ നിന്ന് ഒരുങ്ങുകയാണ്..”മോളേ ദേ അവിടെ നിന്റമ്മ ഉലക്കയെടുക്കുന്നന്നൊക്കെ പറഞ്ഞ് തുടങ്ങി..യദു നിന്നെ നോക്കി നിക്കുവാ..വേഗം ആകട്ടെ””തീർന്ന് അച്ഛാ..ഈ കണ്മാഷീം കൂടി എഴുതിയാൽ മതി…”

വേഗം തന്നെയവൾ കരിമഷിയാലെ കണ്ണുകറുപ്പിച്ചു..വേഗം തന്നെ കട്ടിലിൽ കിടന്ന ബാഗും തോളിലിട്ട് വെളിയിലേക്ക് ഓടി..മുറ്റത്തെത്തിയതും മലിനിയുടെ കൂർത്ത നോട്ടം കണ്ടവൾ പതിയെ നടന്നു..അവരുടെ അടുത്തെത്തിയതും ആ കവിളിൽ രണ്ടും പിടിച്ച് വലിച്ചുവിട്ടവൾ അവന്റെ സൈക്കിളിന്റെ പിന്നിലേക്ക് ഓടിക്കയറി..

“ആ പോട്ടെ റൈറ്റ്…”അവൾ കയറിയതും യദു സൈക്കിലെടുത്തു…”അതേ ഭാഗി ഇനി ഇങ്ങനെ താമസിക്കുവാണേൽ നീ ഇനി തന്നെ പോയാ മതി സ്കൂളിലേക്ക്..എനിക്ക് മേലാ ഇങ്ങനെ കാത്ത് കെട്ടിക്കിടക്കാൻ..നിന്നെ പോലെ ഏഴിൽ അല്ല ഞാൻ പത്തിലാ..പത്തിൽ..””ഓ..ഒരു പഠിത്തക്കാരൻ വന്നിരിക്കുന്നു..യദുവേട്ടന് പറ്റില്ലെങ്കിൽ ഞാനേ ആ അപ്പുറത്തെ സന്ദീപിന്റെ കൂടെ പൊയ്‌ക്കൊളം…”

“ആഹ് പൊക്കോ..നാളെ മുതൽ നിന്നേം വെച്ച് ഇങ്ങനെ ചവിട്ടണ്ടല്ലോ””ന്റെ യദുവെട്ടാ..ഇങ്ങനെയൊക്കെ പറഞ്ഞാലും നാളെ വീടിന്റെ മുൻപിൽ ഹാജർ വെയ്ക്കൂന്ന് എനിക്കറിയാല്ലോ..”ഓഹ്..മിണ്ടാതിരിക്ക് നീ..ന്റെ കോൺസെൻട്രഷൻ തെറ്റുന്നു..””ഓഹ് വലിയ പൈലറ്റ് വന്നേക്കുന്നു..””ഭാഗീ….””ശരി ..ഞാൻ മിണ്ടുന്നില്ലേ…”

ഇരുവശവും തിങ്ങി വളരുന്ന ചെമ്പരത്തിയാൽ തീർത്ത വേലികൾക്കരികിലൂടെ നാട്ടുവഴിയിൽ കൂടി ആ സൈക്കിൾ മുന്നോട്ട് നീങ്ങി…ഇടവഴികൾ പിന്നിട്ട് ടാറിട്ട റോഡിലേക്ക് കയറിയതും അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനങ്ങൾ കേൾക്കുക്കാൻ തുടങ്ങി…അമ്പത്തിന്റെ ഇടത് വശത്തൂടെയുള്ള വഴി കടന്നാൽ സ്കൂൾ ആയി…സ്കൂളിലേക്കുള്ള തിരിവിൽ അങ്ങിങ്ങായി കുഞ്ഞ് കുഞ്ഞ് പെട്ടിക്കടകൾ കാണാം.ബുക്കുകളും പേനകളുംഅനുബന്ധപഠനോപകരങ്ങളും വിൽക്കുന്നെണ്ടങ്കിലും മുന്നിലുള്ള തടിമേശയിൽ നിരത്തി വെച്ചിരിക്കുന്ന ചില്ലു ഭരണിയിലാണ് കുട്ടികൾ വീണുപോകുന്നത്..നോട്ടം മുഴുവൻ അങ്ങോട്ടാണ്..

തൂവെള്ള ചില്ലുഭരണിയിൽ ഉപ്പും മുകളും ചേർത്ത മിശ്രിതത്തിൽ നെല്ലിക്കയും മാങ്ങയും അമ്പഴങ്ങയും ഗ്ലൂബിക്കയും അങ്ങനെ പൊങ്ങിക്കിടക്കുന്നു..പല നിറത്തിൽ അവയങ്ങനെ പരലസിച്ചു കിടക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറും.. ചെറിയ കവറുകളിൽ സായിപ്പിൻ പൂട എന്നറിയപ്പെടുന്ന പഞ്ഞിമുട്ടായി, പുളിമുട്ടായി,ശർക്കര മുട്ടായി,തേൻമുട്ടായി തുടങ്ങിയവ വേറെ..ഇവയിൽനിന്നെല്ലാം വ്യത്യസ്തമായി സ്വർണത്തിന്റെ ഫോയിലിൽ നാണയത്തിന്റെ രൂപത്തിൽ പൊതിഞ്ഞ ചോക്ലേറ്റ് മുട്ടായിയുണ്ട്..

അതുകൊണ്ടൊക്കെ തന്നെ സ്കൂളിലേക്ക് വരുമ്പോഴും ആ കടകളുടെ മുന്നിൽ പോകുമ്പോഴും കുട്ടികളുടെ തിരക്കാണ്…
ഭാഗിയും യദുവും വീട്ടിലേക്ക് പോകുമ്പോഴാണ് അവിടെ കയാറാറ്..രണ്ടുരൂപ കൊടുത്താൽ കിട്ടുന്ന ഉപ്പിലിട്ട നെല്ലിക്കയാണ് ഇരുവർക്കും പ്രിയം…

🌟🌟🌟🌟🌟🌟🌟🌟🌟

സ്കൂളിലെത്തിയതും ഭാഗിയെ ഇറക്കി യദു മറ്റുകുട്ടികളുടെ സൈക്കിൾ വെച്ചിരിക്കുന്നതിനടുത്ത് അവന്റെ സൈക്കിളും ലോക്ക് ചെയ്ത് വെച്ചു…”ഭാഗി….”ദൂരെ നിന്നു നടന്ന് വരുന്ന കൂട്ടുകാരിയുടെ ശബ്ദം കേട്ടതും അവനോട് യാത്ര പറഞ്ഞവൾ കൂട്ടുകാരിയുടെ അടുത്തേക്ക് നടന്നു..അനു.. ഭാഗിയുടെ ഉറ്റമിത്രം..
എഴുത്ത് കളരിയിൽ നിന്നും കൂടെകൂടിയ കൂട്ടുകാരി…”

ഭാഗി ഇന്നല്ലേ കണക്ക് പരീക്ഷയുടെ പേപ്പർ തരുന്നേ..ഞാൻ പൊട്ടും..നീ ജയിക്കുവോ..??””അറിയില്ല …നിനക്ക് അറിയാവുന്നതല്ലേ കണക്കും ഞാനുമായിട്ട് അത്ര രസത്തിലല്ലെന്ന്..ആ രാഗിണി ടീച്ചർ ആണെങ്കിൽ പരീക്ഷയ്ക്ക് തോറ്റാൽ കൈതല്ലിപോളിക്കും..എന്തൊരു അടിയാണോ..ഹോ…പിന്നെ സ്ഥിരം ഡയലോഗും യദുകൃഷ്ണനുവായിട്ട് നല്ല കൂട്ടല്ലേ..അവന് എപ്പഴും കണക്കിൽ ഫുൾ മാർക്ക് ആയിരുന്നല്ലോ..അവനോട് ചോദിച്ച് പഠിക്കാൻ മേലേ..അങ്ങനെ തൊടങ്ങുവല്ലേ ഉപദേശം…””അത് ശരിയല്ലേ യദുവേട്ടനോട് പറഞ്ഞാൽ പഠിപ്പിച്ചു തരില്ലേ…””ഓഹ്..എനിക്കെങ്ങും മേലേ… അതൊക്കെ പഠിപ്പയാ..തുമ്പിയെക്കൊണ്ട് കല്ലെടുക്കാൻ പറ്റുവോ..നീ വാ..വരുന്നടുത് വെച്ച് കാണാം…”

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

ഭാഗ്യശ്രീയെന്ന ഭാഗി…എക്‌സ് മിലിട്ടറി ആയ വിനയന്റെയും മാലിനിയുടെയും ഒറ്റ മകൾ..തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്നത് കൂട്ടുകാരൻ മുരളീകൃഷ്ണനും ഭാര്യ രാധികയും..അവർക്ക് രണ്ട് മക്കൾ..മൂത്തവൻ ശ്രീരാഗും..
ഇളയവൻ യദുവും..

മുരളിയും വിനയനും പണ്ടേ കൂട്ടുകാരാണ്..പട്ടാളത്തിൽ ജോലി ചെയ്തതും ഒരുമിച്ച്…വിനയൻ മാലിനിയെ പെണ്ണുകാണാൻ പോയപ്പോൾ മുരളിയ്ക്ക് അവിടെവെച്ച് കണ്ടിഷ്ടപ്പെട്ടതാണ് മലിനിയുടെ കൂട്ടുകാരി രാധികയെ..
അങ്ങനെ മാലിനിയ്ക്കൊപ്പം രാധികയും അവരുടെ ജീവിതത്തിന്റെ ഭാഗമായി…

എന്നാൽ മരളിയ്ക്കും രാധികയ്ക്കും രണ്ട് കുട്ടികൾ ജനിച്ചിട്ടും വിനയനും മാലിനിയ്ക്കും ആ ഭാഗ്യം നീണ്ടുപോയി..വഴിപാടിന്റെയും പ്രാർത്ഥനയുടെയും ഫലമായി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകളാണ് ഭാഗി..അന്ന് ശ്രീരാഗിന് പത്ത്‌ വയസ്സും യദുവിന് നാലും.. മലിനിയമ്മയ്ക്ക് കുഞ്ഞുവാവ വരുന്നുണ്ടന്നറിഞ്ഞമുതൽ അത് തന്റെ വാവയെന്ന് പറഞ്ഞു നടന്നതാണ് കുഞ്ഞ് ശ്രീരാഗ്..ഉണ്ടായത് പെൺകുഞ്ഞായതിൽ വിനയനേക്കാളും മാലിനിയേക്കാളുമേറെ സന്തോഷിച്ചതും ശ്രീരാഗ് തന്നെ..
കുഞ്ഞിപ്പെങ്ങളെ കിട്ടിയ സന്തോഷത്തിലായിരുന്നു അവൻ..തന്റെ പേരിന് സാമ്യമുള്ള പേര് കുഞ്ഞിപ്പെണ്ണിന്
കണ്ടെത്തിയതും അവൻ തന്നെ..
ശ്രീരാഗും ഭാഗ്യശ്രീയും..

🌟🌟🌟🌟🌟🌟🌟🌟🌟

വീട്ടിലേക്ക് വന്നപാടെ മുറിക്കകത്തേയ്ക്ക് ഭാഗി ഒടിക്കയറി.പുസ്തകത്തിനുള്ളിൽ നിന്നും കണക്ക് പരീക്ഷാപേപ്പർ എടുത്ത് നോക്കിയവൾ.അമ്പതിൽ ഇരുപത് മാർക്ക്..ജയിച്ചതിനാൽ ടീച്ചറിന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയില്ല..പക്ഷേ അതിലും വലിയൊരു കടമ്പയാണ് ഇനി താൻ താണ്ടേണ്ടതെന്നോർത്തതും അവൾക്ക് പേടിയായി…ക്ലാസ്സിലെ മുഴുവൻ കുട്ടികളും
ഉത്തസരക്കടലാസിൽ രക്ഷകർത്തവിന്റെ ഒപ്പ് വാങ്ങി ചെല്ലണമെന്ന് ടീച്ചർ പറഞ്ഞിരുന്നു.

അച്ഛൻ ഒപ്പിട്ട് തരണമെങ്കിൽ അമ്മയുടെ ശിപാർശ ഇല്ലാതെ പറ്റില്ല…അമ്മയുടെ മുന്നിൽ ഈ മാർക്കും കൊണ്ട് ചെന്നാൽ ടീച്ചർ തരാഞ്ഞത് അമ്മ തരുമെന്നുറപ്പ്..
പതിയെ പേപ്പർ എടുത്തവൾ അടുക്കളയിലേക്ക് നീങ്ങി..അടുക്കളയിൽ ചായ തിളപ്പിച്ച് മറ്റൊരു പാത്രാതത്തിലേക്ക് അരിച്ചൊഴിക്കുവാണ് മാലിനി..

“അമ്മേ..കണക്കിന്റെ പേപ്പർ തന്നു..ആകെ ആ ശ്യാമയ്ക്ക് മാത്രേ നല്ല മർക്കുള്ളൂ..ഒത്തിരിപ്പേര് തോറ്റു..””നീയോ..???””ഞാൻ ജയിച്ചമ്മേ…”അവൾ ആ ഉത്തരക്കടലാസ് മാലിനിയ്ക്ക് നേരെ നീട്ടി..മാർക്ക് നോക്കിയതും മാലിനി ചൂല്വെച്ചിടത്തേക്ക് തിരിഞ്ഞ് ഈർക്കിലി ചൂലിൽ നിന്നും രണ്ടീർക്കിലി വലിച്ചെടുത്തു..അത് കണ്ടതും ഭാഗി ഓടി വിനയനടുത്തേക്ക് ചെന്നു അയാളുടെ പുറകിൽ ഒളിച്ചു..
പിന്നാലെ വന്ന മാലിനി അവളോട് മാറി നിൽക്കാൻ പറഞ്ഞിട്ടും അച്ഛന്റെ പിന്നിൽ തന്നെ ഒളിച്ചു നിന്നവൾ..അതിനിടയ്ക്ക് ചെറിയൊരു അടി അവൾക്ക് കിട്ടി.. “അച്ഛാ..ഈ അമ്മയെന്നെ ജയിച്ചിട്ടും തല്ലുവാ..”

“എന്തിനാടി ഈ എന്റെ കൊച്ചിനെ തല്ലുന്നേ..അവള് ജയിച്ചില്ലേ..””പിന്നെ ജയിച്ച് ..കൊട്ടപ്പടി മാർക്ക്മായിട്ടാ വന്നേക്കുന്നേ.. അമ്പതിലെ പൊന്നുമോൾക്ക് കിട്ടിയിരിക്കുന്നത് ഇരുപത് മാർക്ക്..ഇവർക്കൊക്കെ ഇവിടെ എന്തിന്റെ കുറവുണ്ടായിട്ടാ..””ആണോ മോളേ…”(വിനയൻ)”അച്ഛാ..ബാക്കി എലാത്തിനും എനിക് നല്ല മാർക്കില്ലേ..കണക്ക് എത്ര പഠിച്ചാലും എനിക്ക് ശരിയാകത്തില്ല..അച്ഛാ പേപ്പറിൽ ഒപ്പിട്ട് തരണം..”

“ന്റെ കുഞ്ഞിന് ബാക്കിയെല്ലാത്തതിനും നല്ല മർക്കില്ലേടി..അവൾക്ക് കണക്ക് ഇഷ്ടല്ലാത്തകൊണ്ടല്ലേ..ഒപ്പിട്ട് കൊടുത്തേക്കാം..””മോൾടെ താളത്തിനനുസരിച്ച് തുള്ളിക്കോ പുന്നരായച്ഛൻ.. ഒരു പെങ്കൊച്ചാന്നോർത്തോണം..
ഇക്കാലത്ത് നല്ല പഠിപ്പില്ലേൽ നല്ലൊരാണിന് കൈപിടിച്ചു കൊടുക്കാൻ പറ്റുവോ..”

“ന്റെ മാലൂ.. അവൾ കുഞ്ഞല്ലേടി..ഇപ്പഴേ വേണോ കല്യാണം..””ഓഹ് ഞാൻ ഒന്നും പറയുന്നില്ല..നിങ്ങൾ എന്നാന്നാ വെച്ചാ കാണിക്ക്..പക്ഷേ നിന്നെ ഇനി ഇങ്ങനെ വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല..”പിറ്റേന്ന് പതിവുപോലെ യദുവിനൊപ്പം പോകാൻ ഇറങ്ങിയതാണ് ഭാഗി..”വൈകിട്ട് വന്നിട്ട് മേൽകഴുകി നേരെ അപ്പുറതത്തേക്ക് നിന്റെ രാധമ്മേടടുത്തേക്ക് പൊയ്ക്കോണം..ഇനി മുതൽ യദു നിനക്ക് കണക്കിന് ട്യൂഷൻ എടുത്തോളും..”

അവളുടെ ബാഗിൽ ചോറ്റ് പാത്രം വെച്ചുകൊണ്ട് മാലിനി പറഞ്ഞു…
ഭാഗി യദുവിനെ നോക്കി കൊഞ്ഞനം കുത്തി..അവൻ മുഖം കൂർപ്പിച്ച് അവളെ നോക്കി..”യദുവേട്ടന് ഒത്തിരി പഠിക്കാൻ കാണും..അതിനിടയിൽ വെറുതെ എന്തിനാമ്മേ ബുദ്ധിമുട്ടിക്കുന്നത്..”
ഞാൻ യദൂനോട് പറഞ്ഞിട്ടുണ്ട്.
അവനില്ലാത്ത ബുദ്ധിമുട്ടണല്ലോ നിനക്ക്..ഇനി ഒന്നും പറയേണ്ട.വൈകിട്ട് പോയാൽ മതി..”

അവൾ മുഖം വീർപ്പിച്ച് കൊണ്ട് സൈക്കിളിൽ കയറി..” ഭാഗി..ഇനി മുതൽ വൈകിട്ട് അങ്ങോട്ട് വന്നേക്കണം..ഒരു മുട്ടൻ വടി വെച്ചിട്ടുണ്ട് ഞാൻ..അപ്പോ എങ്ങനാ തുടങ്ങുവല്ലേ …”അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് ആ നാട്ടിടവഴിയുടെ സൈക്കിൾ മുന്നോട്ട് പായിച്ചു…….തുടരും….