രചന – ആതിര
തന്റെ കാലിൽ പിടിച്ചു കരയുന്ന യദുവിനെ വിനയൻ തോളിൽ പിടിച്ചുയർത്തി.. “യദൂ.. ന്റെ കുഞ്ഞ് മരണത്തെ മല്ലിട്ട് ജീവിതത്തിലേക്ക് വന്നതേയുള്ളൂ.. ഇനിയും അവളെ പരീക്ഷക്കരുത്..ഇനിയും താങ്ങാനുള്ള ശക്തിയില്ല ആ മനസ്സിന്.. നിനക്ക് വേണ്ടെങ്കിൽ അവള് ഇനി നിങ്ങളുടെ ഇടയിലേയ്ക്ക് വരില്ല.. പിന്നെ അവള് കല്യാണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും നിന്നെ ബാധിക്കുന്ന കാര്യമല്ല.. നീ പോയി കണ്ടിട്ട് വാ..” യദു ഹൃദയ ഭാരത്തോട് കൂടി മുറിയിലേയ്ക്ക് കയറി.. കട്ടിലിൽ കിടക്കുന്ന ഭാഗിയെ കണ്ടവന്റെ ഹൃദയം മുറിഞ്ഞു.. തന്നെ സ്നേഹിച്ചതിനു ജീവൻപോലും പണയപ്പെടുത്തിയവളാണ് കട്ടിലിൽ കിടക്കുന്നത്.. ഒരു ദിവസം കൊണ്ട് അവളാകെ ക്ഷീണിച്ചപോലെ.. കയ്യിലെ മുറിവിൽ കെട്ടിവെച്ചിട്ടുണ്ട്.. അത് കാണെ സ്വയം നഷ്ടമാകുന്നതറിഞ്ഞവൻ.. തന്റെ പെണ്ണ്.. തന്റെ പ്രാണൻ.. ഭാഗി.. ആ ഒറ്റ പേരായിരുന്നു തന്റെ ജീവശ്വാസം.. പക്ഷേ… ഭാഗി ഉറങ്ങുകയായിരുന്നു..
അവൻ ഭാഗി കിടക്കുന്ന ബെഡിനടുത്തുള്ള കസേര ശബ്ദം കേൾപ്പിക്കാതെ വലിച്ചിട്ടിരുന്നു.. ഇടതു കൈ പതിയെ എടുത്ത് മുറിവിൽ ചുണ്ട് ചേർത്തതും ഭാഗി ഒരു ഞരക്കത്തോടെ കണ്ണ് തുറന്നു.. മുന്നിൽ ഇരിക്കുന്ന യദുവിനെ കണ്ടവൾക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.. എന്നാൽ നിമിഷ നേരം കൊണ്ടത് മാറിമറഞ്ഞു.. അപ്പോഴും യദു അവളുടെ മുറിവിൽ ചുണ്ട് പതിപ്പിക്കുകയായിരുന്നു.. ഭാഗി വാശിയോടെ തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന യദുവിന്റെ കൈ തട്ടിമാറ്റി.. ആ പ്രവൃത്തിയിൽ അവളുടെ കൈ താങ്ങി.. നോവിനാൽ ഭാഗി കണ്ണടച്ചു.. “ഭാഗി…” “വേണ്ട ഇനിയെന്നെ അങ്ങനെ വിളിക്കണ്ട..” “ഭാഗി ഞാൻ.. ” “എനിക്കൊന്നും കേൾക്കണ്ടന്ന് പറഞ്ഞില്ലേ..” അവള് മുഖം ചരിച്ചു കിടന്നു.. “ചത്തോന്നറിയാൻ വന്നതാരിക്കും അല്ലേ.. അവിടെയും ഭാഗി തോറ്റ് പോയി.. ജനിപ്പിച്ചവരുടെ കണ്ണീരിന്റെ ശക്തി കൊണ്ട് ദൈവം ജീവൻ തിരിച്ചു തന്നു.. അല്ലേലും ഞാൻ എന്തൊരു മണ്ടിയായിരുന്നു.. മറ്റുള്ളവർക്ക് വേണ്ടി ജീവൻ കളയാൻ നിന്നില്ലേ.. പാവം ന്റെ അച്ഛനും അമ്മയും.. അവരെയൊരു നിമിഷം മറന്ന് എന്നെ വേണ്ടാത്തയൊരാൾക്ക് വേണ്ടി..” ഭാഗിയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു..
“പേടിക്കണ്ട ഇനി ഞാൻ ആ വീട്ടിലേക്ക് കാലുകുത്തില്ല.. ആ പഴയ ഭാഗി മരിച്ചുപോയി.. വേറെർക്കും വേണ്ടിയല്ലെങ്കിലും ന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കണം.. ഞാൻ ഇങ്ങനെ ജീവിക്കുന്നെന്നത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.. പക്ഷേ ഇനി ഈ ജീവിതത്തിൽ ഭാഗിയ്ക്കൊരു കൂട്ട് വേണ്ട.. ഇനിയും ഒരു ചതി കൂടി ഏറ്റവാങ്ങാൻ എനിക്ക് ത്രാണിയില്ല..” “ഞാൻ പറയുന്നതൊന്ന്….” “ഇത്രയും നാൾ പറയാത്തതൊന്നും ഇനി പറയണ്ട.. എനിക്ക് കേൾക്കണ്ട.. ദയവ് ചെയ്ത് എവിടുന്ന് ഇറങ്ങിപോണം.. എനിക്കിനി നിങ്ങളെ കാണണ്ട… പോകാൻ.. പോകാനാ പറഞ്ഞത്.. അച്ഛാ… അച്ഛാ…” അവളുടെ വിളി കേട്ട് വിനയൻ ഓടി വന്നു..
“അച്ഛാ ഇയാളോട് പോകാൻ പറ..” യദുവിനെ ഒന്ന് നോക്കാതെ,ഒരു ദയയും കാണിക്കാതെയവൾ വിനയനോട് പറഞ്ഞു.. “യദു..” “പോകുവാ വിനയച്ഛാ..” അവൻ തകർന്ന മനസ്സുമായി വെളിയിലേക്കിറങ്ങി…അവന് പുറകെ വിനയനും.. “യദൂ….” “ന്റെ മോള് എങ്ങനെ ജീവിക്കണമെന്നത് അവളുടെ തീരുമാനമാണ്..അത് നിന്നെ ബാധിക്കുന്ന പ്രശ്നമല്ല.. ഇനി അവളുടെ ജീവിതത്തിൽ നീ ഉണ്ടാകരുത്.. മറ്റൊരു പെണ്ണും കുഞ്ഞും നിന്റെ ജീവിതത്തിൽ ഉണ്ട്.. അവിടെക്ക് ഒരു പകരക്കാരിയാകാൻ ന്റെ മോള് വരില്ല.. ഞാൻ അതിന് സമ്മതിക്കില്ല.. പിന്നെ എന്റെ മോള് ചിലപ്പോൾ കല്യാണം കഴിക്കാതെ ജീവിക്കാനാണ് ആഗ്രഹിക്കുന്നന്തെങ്കിൽ അവളെ വിവാഹത്തിന് ഞങ്ങളായി നിർബന്ധിക്കില്ല.. അവൾക്കൊരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ പറയട്ടെ.. എന്തിനും അവളുടെയൊപ്പം മരണം വരെ ഞങ്ങൾ ഉണ്ടാവും.. പിന്നെ വരുന്നതെല്ലാം ന്റെ കുഞ്ഞിന്റെ വിധി.. എങ്കിലും ഇനിയവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.. ഇനി യദു അവളെ കാണാൻ വരരുത്..
എന്റെ അപേക്ഷയാണ്..” തന്റെ നേരെ കൈകൂപ്പി പറയുന്ന വിനയന്റെ കൈകളിൽ ചേർത്ത് പിടിച്ചവൻ.. കണ്ണീരിൽ കുതിർന്നൊരു ചിരി സമ്മാനിച്ച കൊണ്ട് അവിടെ നിന്നും നടന്നു.. ഹോസ്പിറ്റലിന്റെ ഒരു മൂലയ്ക്ക് പോയിരുന്നവൻ കരഞ്ഞു.. ഭാഗി പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു..ഹൃദയം ആർത്ത് കരയുകയാണ്.. അവളുടെ ഓരോ വാക്കുകളും മുള്ളുകണക്കെ അവനിൽ തറയ്ക്കുന്നപോലെ തോന്നി യദുവിന്.. അതിൽ നിന്നും ചോര പൊടിയുന്നു.. സഹിക്കാൻ കഴിയുന്നില്ല.. എല്ലാം തുറന്ന് പറയാൻ വൈകിപ്പോയി.. ന്റെ ഭാഗിയെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ട്.. വാക്കുകൾ കൊണ്ട് കൊല്ലാതെ കൊന്നില്ലേ.. അതുകൊണ്ടല്ലേ അവള് ജീവൻ പോലും വേണ്ടന്ന് വെയ്ക്കാൻ തുനിഞ്ഞത്..പൊറുക്കില്ലവൾ.. ഞാനെന്തൊരു പാപിയായിപ്പോയി.. മനസ്സവനെ പ്രതിക്കൂട്ടിൽ കയറ്റി വിസ്ത്തരിക്കുകയാണ്.. എല്ലാം തെറ്റും ചൂണ്ടപ്പെടുന്നത് അവന് നേരെയാണ്..മനസാക്കിയുടെ കോടതിയിൽ അവന് തെറ്റുകാരാനായി..അതേ സമയം ഭാഗിയ്ക്കും സങ്കടം അടക്കാനായില്ല. അവനെ മറക്കാൻ കഴിയുന്നില്ല..
മറക്കണമെന്ന് വാശിപിടിക്കുമ്പോഴും യദു അവളിൽ ആഴത്തിൽ പതിയുകയാണ് ഓരോ നിമിഷവും.. ചാരു കുഞ്ഞിനേയുംകൊണ്ട് ഭാഗി കിടക്കുന്ന മുറിയിലേയ്ക്ക് വന്നപ്പോൾ എല്ലാരും തന്നെ അവിടെയുണ്ടായിരുന്നു..ശ്രീരാഗ് ഒഴിച്ച്..അവൻ എല്ലാവർക്കും കഴിക്കാൻ ആഹാരം വാങ്ങാൻ പോയിരിക്കുകയായിരുന്നു.. “നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..ഇനീം എന്റെ കുഞ്ഞിനെ വിഷമിപ്പിക്കരുത്..” മാലിനിയുടെ വാക്കുകൾ കേൾക്കെ ഭാഗിയും മറ്റുള്ളവരും ചാരുവിനെയും കയ്യിലിരിക്കുന്ന കുഞ്ഞിനേയും നോക്കി.. എല്ലാവരുടെയും നോട്ടം ഒരു നിമിഷം ചാരുവിന്റെ കയ്യിലിരിയ്ക്കുന്ന ഗൗരിയിൽ എത്തുനിന്നു.. ഒന്നും അറിയാതെ അമ്മയുടെ കയ്യിലിരുന്ന് പുഞ്ചിരിക്കുകയാണാ കുരുന്ന്.. ആ മോണകാട്ടിയുള്ള ചിരിയിൽ ഹൃദയം വരെ അലിഞ്ഞുപോകുകയാണ്.. രാധികയെ കണ്ടതും കുഞ്ഞ് മനസിലായപോലെ ചിരിക്കുന്നുണ്ട്..രാധിക സങ്കടത്തോടെ മുഖം താഴ്ത്തി..
“അമ്മേ.. എനിക്ക് ഭാഗിയോട് സംസാരിക്കണം.. ദയവ് ചെയ്ത് എന്നെ അതിന് അനുവദിക്കണം..” “വേണ്ട ചാരു.. നീ കാരണം മോള് ഒരുപാട് അനുഭവിച്ചു.. പേടിക്കണ്ട നിന്റെയും യദുവിന്റെയും ജീവിതത്തിലേക്ക് ഇനി ഭാഗി വരില്ല.. നിന്റെ കുഞ്ഞിന്റെ അച്ഛനല്ലേ യദൂ..ആ യാഥാർത്ഥ്യം എന്തായാലും അംഗീകരിക്കണ്ടേ..” രാധിക കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു.. “അമ്മേ പ്ലീസ്.. ഭാഗി,, നീയെങ്കിലും എന്നെയൊന്ന് പറയാൻ സമ്മതിക്കണം..ഇനിയും അത് പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തു പോകും..” “എനിക്കൊന്നും കേൾക്കണ്ട.. അമ്മ പറഞ്ഞപോലെ യദുവേട്ടനിൽ ഒരാധികാരവും പറഞ്ഞ് ഞാൻ വരില്ല.. അല്ലേലും ഭാഗിയ്ക്കെന്ത് അധികാരമാണ് യദുവേട്ടനിൽ..” ചാരൂ ഗൗരിയെ ഭാഗിയുടെ കാൽക്കൽ കിടത്തി..കുഞ്ഞിന്റെ കൈകൊണ്ട് ഭാഗിയുടെ കാലിൽ പിടിച്ചു..അത് കണ്ട് ഭാഗിയും മറ്റുള്ളവരും വല്ലാതെയായി..
രാധികയും ആ കാഴ്ച കണ്ട് വിതുമ്പി..അവരുടെ കുഞ്ഞല്ലേ.. യദുവിന്റെ ചോരയല്ലേ… “എന്താ നീ കാട്ടുന്നെ..” ഭാഗി എഴുനേറ്റിരുന്നു തന്റെ കാലിൽ പിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ കൈയ്യിൽ പിടിച്ച് കുഞ്ഞ്ഗൗരിയെ തന്റെ മടിയിലേയ്ക്ക് എടുത്ത് കിടത്തി.. “ഭാഗി ന്റെ കുഞ്ഞിനെ ശപിക്കരുത് നീ..നിനക്ക് മാത്രമേ യദുവേട്ടനിൽ എന്നും അധികാരമുള്ളൂ.. ഞാനും യദുവേട്ടനും തമ്മിൽ തെറ്റായൊരു ബന്ധമുണ്ടായിട്ടില്ല..എന്റെ മോള് നിങ്ങൾ വിചാരിക്കുന്നത് പോലെ യദുവേട്ടന്റെ കുഞ്ഞല്ല.. കേട്ടത് വിശ്വസിക്കാനാകാതെ ഭാഗി ചാരുവിന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കി.. മറ്റുളള്ളവരുടെയും അവസ്ഥയും മറിച്ചായിരുന്നില്ല.. ചാരുവിൽനിന്നും ബാക്കി അറിയാനായി എല്ലാവരും കാത്തോർത്തിരുന്നു.. (തുടരും….)

by