രചന – ആതിര
“യദൂ…..” സന്ദീപാണ് വിളിക്കുന്നതെന്നവന് മനസ്സിലായി..യദു തിരിഞ്ഞു നോക്കി.. സന്ദീപ് നടന്ന് അവൻറെ അടുക്കലേക്ക് വന്നു.. “യദു..ഇന്ന് നടന്നതിനൊക്കെ നീ എന്നോട് വിരോധം കാട്ടരുത്..ഒന്നും എനിക്ക് അറിയില്ലായിരുന്നു..നീ പണ്ട് പറഞ്ഞപ്പോഴും ആവേശത്തിന്റെ പുറത്തായിരിക്കുമെന്നാണ് ഞാൻ കരുതിയത്..പിന്നെ സത്യം പറഞ്ഞാൽ ഭാഗ്യശ്രീയ്ക്ക് നിന്നോട് അങ്ങനെ കാണില്ലന്ന ഉറപ്പിൻ മേൽ ഒരു മുഴം നേരത്തെ എറിയാൻ വന്ന ഞാൻ ചമ്മി നാറി..അത്രേയുള്ളൂ.. നേരത്തേ ഭാഗ്യശ്രീയോട് ചോദിച്ചിരുന്നെങ്കിൽ.. പിന്നെ നീ ആ പഴയ പിണക്കം എടുത്ത് കളഞ്ഞേക്ക്.
സ്നേഹിക്കുന്നവരല്ലേ ഒന്നാകേണ്ടത്..അവൾക്ക് നിന്നെയാണ് ഇഷ്ടം..പിന്നെ ന്റെ അമ്മ പറഞ്ഞപോലെ എനിക്കുള്ളവൾ വേറെ ആരോ ആണ്..ഇനി മുതൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും.അല്ലേ യദു..” സന്ദീപ് യദുവിനു നേരെ വലത് കൈ നീട്ടി..യദുവും ചിരിയോട് കൂടി അവന്റെ കരം ഗ്രഹിച്ചു… യദുവിന്റെ ഫോൺ തുടർച്ചയായി ശബ്ദിക്കുന്ന കേട്ടാണ് ശ്രീരാഗ് മുറിയിലേയ്ക്ക് വന്നത്..യദു കുളിക്കുവായിരുന്നു… “ടാ..കുറെ നേരമായല്ലോ ഫോൺ അടിക്കുന്നു..അത്യാവശ്യക്കാർ വല്ലതും ആണോ..” “ഇനി കോൾ വന്നാൽ ശ്രീയേട്ടൻ ഒന്ന് അറ്റൻഡ് ചെയ്ത് ഞാൻ കുളിക്കുവാന്ന് പറ..” വീണ്ടും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി..ഏതോ നമ്പർ ആണ്.. “ഹലോ..”(ശ്രീരാഗ്) “ഹലോ..യദുവേട്ടാ..പനിയാണോ ശബ്ദമെന്താ വല്ലാണ്ട് ഇരിക്കുന്നേ..?”
“സോറി ഞാൻ യദുവല്ല.. ശ്രീരാഗാണ്.. യദുവിന്റെ ബ്രതർ..ആരാ വിളിക്കുന്നത്..?” “ഞാൻ ..ഞാൻ ..സാരംഗി..” ഫോണ് ഉടൻ തന്നെ അങ്ങേത്തലയ്ക്കൽ നിന്നും കട്ട് ചെയ്തുവെന്ന് ശ്രീരാഗിന് മനസ്സിലായി.. അവനോട് ഇത്ര അധികാരത്തിൽ സംസാരിക്കുന്ന പെണ്ണ് ആരായിരിക്കുമെന്ന് ശ്രീരാഗ് ചിന്തിച്ചു..’സാരംഗി’ ആ പേര് അവന്റെ ചുണ്ടുകൾക്കിടയിൽ ഉച്ചരിക്കപ്പെട്ടു.. ചാരൂന് വല്ലാത്തയൊരു വെപ്രാളവും സന്തോഷവും തോന്നി.. “ശ്രീയേട്ടൻ ആരുന്നോ??” അവളുടെ മനസ്സ് പലതവണ തുടികൊട്ടി..ആ ശബ്ദം പതിഞ്ഞത് തന്റെ ഹൃദയത്തിന്റെ അടിത്തട്ടിലാണെന്നവൾക്ക് തോന്നി.. “ആരാ ശ്രീയേട്ടാ വിളിച്ചത്..?” കുളിച്ചിറങ്ങിയ യദു ചോദിച്ചു.. “സാരംഗീ ന്നാ പറഞ്ഞേ..നിന്നെ യദുവേട്ടാന്നൊക്കെ വിളിക്കുണ്ടായിരുന്നു.
അല്ല ആരാത്?” “ഓഹ്..ചാരു ആരുന്നോ..ഞാൻ നാളെ പുറപ്പെടുവെന്ന് വരുണിനോട് പറഞ്ഞായിരുന്നു..അതറിഞ്ഞ് വിളിച്ചതാവും..” അവൻ പറഞ്ഞതൊന്നും ശ്രീരാഗിന് വ്യക്തമായില്ലെന്ന് അവന്റെ മുഖത്ത് നിന്നും യദു വായിച്ചു.. “അതേ എന്റെ കൂടെ ജോലി ചെയ്യുന്ന വരുണില്ലേ..അവന്റെ പെങ്ങളാണ് സാരംഗി…ചാരൂ..പാവം നമ്മുടെ ഭാഗിയെപോലെ..എന്നെ വല്യ കാര്യവാ..ഞാൻ ഇടയ്‌ക്കൊക്കെ അവളെ ശ്രീയേട്ടന്റെ പേര് പറഞ്ഞ് ഇളക്കാറുണ്ട്..ചാരൂന് ഏട്ടനെ പിടിച്ച മട്ടാണ്..” “വെറുതെ പെണ്കുട്ടികളെ കളിയാക്കരുത്.എന്നേം എന്തിനാടാ ഇതിലേക്ക് വലിച്ചിടുന്നേ..” “ശ്രീയേട്ടൻ അവളെ കെട്ട്..നല്ല കുട്ടിയാണ്.. അമ്മ എന്തായാലും പെണ്ണ്കെട്ടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുവാ..” “നീ ഒന്ന് പോയെ യദുവേ..അവനും അവന്റെയൊരു ചാരുവും..”
“അയ്യടാ.. ഇതേ നിങ്ങടെ പെങ്ങള് തന്നെ എന്നോട് പറഞ്ഞതാ.. ചാരൂനെ നാത്തൂനായിട്ട് കിട്ടിയാൽ കൊള്ളാമെന്ന്” “ഭാഗി അങ്ങനെ പറഞ്ഞോ..” “അതെയെട്ടാ..ചുമ്മ ഒന്ന് ആലോചിച്ചാലോ..” “ഇപ്പൊ നീ അതിനെപ്പറ്റി തലപുകയ്ക്കണ്ടാ കെട്ടോ..” അതും പറഞ്ഞ് ശ്രീരാഗ് മുറിവിട്ട് പോയി.. “ദൈവമേ ഇനി ശ്രീയട്ടന് വല്ല ലൈനും.. ഏയ്.. കാണില്ലായിരിക്കും..ഇനി ഉണ്ടായിരിക്കുമോ..??” ഇതേസമയം ചാരൂവും വല്ലാത്തൊര അവസ്ഥയിൽ ആയിരുന്നു..ആ പേര് കേട്ടപ്പോൾ തുടിച്ച് ഹൃദയം ഇപ്പോഴും പൂർവസ്ഥിതിയിൽ ആയിട്ടില്ല.. ആദ്യമായി യദുവേട്ടന്റെ ഫോണിൽ കണ്ടനേരം തന്നെ എന്തുകൊണ്ടോ മനസ്സിൽ പതിഞ്ഞുപോയൊരു മുഖം..അറിയാം അങ്ങനൊരു കുടുംബത്തിലേക്ക് മരുമകളായി കടന്ന് ചെല്ലാൻ തനിക്ക് യോഗ്യതയില്ലെന്ന്..
എത്രയൊക്കെ സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും അനാഥരായ ഞങ്ങളെ ആരും അംഗീകരിക്കില്ല..മനസ്സ് അർഹിക്കാത്തത് ആഗ്രഹിച്ചു പോകുകയാണ്..വേണ്ട കിട്ടാത്തത് മോഹിച്ചിട്ടോടുക്കം കരയേണ്ടി വരും..താൻ തളർന്നാൽ തോറ്റ് പോകുന്നതെന്റെ വരുണേട്ടനായിരിക്കും. അതുകൊണ്ട് വേണ്ട..ഒന്നും വേണ്ട..ആരും അറിയാത്ത മനസ്സിന്റെ ഒരു കോണിൽ അങ്ങനെ കിടന്നോട്ടെ..ചാരൂ പഴയ ചാരു ആണ്.. മനസ്സിൽ മദിച്ചു നിന്ന് ചിന്തകൾ അവളുടെ ബുദ്ധി തിരുത്തികൊടുത്തു.., രാവിലെ ശ്രീരാഗും യദുവും ഒന്നിച്ചാണ് തിരിച്ചത്…പതിവ് പോലെ അമ്മമാരുടെ കരച്ചിലും ഭാഗിയുടെ കണ്ണ് നിറയ്ക്കലും മുറപോലെയുണ്ടായിരുന്നു..പക്ഷേ ഇത്തവണ പോകുമ്പോൾ യദുവിന് സമാധാനായിരുന്നു..ഭാഗിയ്ക്ക് അവസാന സെമസ്റ്റർ പരീക്ഷകൾക്ക് മുന്നോടിയായി സ്‌പെഷ്യൽ ക്ലാസ്സുണ്ട്…അതിനാൽ തന്നെ അവർ പോയശേഷം ഭാഗിയും കോളേജിലേക്ക് തിരിച്ചു..
“അങ്ങനെ എല്ലാം കലങ്ങി തെളിഞ്ഞല്ലേ..ഇനി ശ്രീയേട്ടന്റെ കല്യാണം കഴിയാൻ കാത്തിരുന്നാൽ മതിയല്ലോ..എന്നാലും യദുവേട്ടനും ഈ സന്ദീപ് സാറും തമ്മില് ഇങ്ങനൊരു ഫ്ലാഷ് ബാക്ക് ഉള്ള കാര്യം അമലേട്ടൻ പോലും എന്നോട് പറഞ്ഞിട്ടില്ല.. വീട്ടിൽ വരുന്നതിനുമുൻപ് നിന്നോട് ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ നാണം കേടണ്ടായിരുന്നു..അഹ് പറഞ്ഞിട്ടെന്താ.!!” ബസ് സ്റ്റോപ്പിൽ വെച്ച് ഇന്നലെ നടന്നതെല്ലാം അനുവിനോട് ഭാഗി പറഞ്ഞു..അതിനുള്ള മറുപടിയായാണ് അനു ഇത്രയും പറഞ്ഞത്.. “അഹ്..അങ്ങാനൊക്കെ നടന്നു..വന്നേ ബസ് വന്നു..” ഭാഗിയുടെ ക്ലാസ്സിലാണ് സന്ദീപിന്റെ രാവിലത്തെ ക്ലാസ്സ്.. പണ്ടത്തെപ്പോലെ അവന്റെ കണ്ണുകൾ തന്നെ മാത്രം തേടിവരാതെ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ശ്രദ്ധിക്കുന്നുണ്ടന്ന് അനുവിനും ഭാഗീയ്ക്കും മസ്‌നസ്സിലായി..
ക്ലാസ്സ് തീർന്ന് ക്ലാസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുൻപായി ഭാഗിയെ അവൻ ക്ലാസ്സ് റൂമിലേയ്ക്ക് വിളിച്ചു..അന്നും ഭാഗി അനുവിനൊപ്പമാണ് സ്റ്റാഫ് റൂമിൽ ചെന്നത്.. “അനുശ്രീ..പ്ലീസ് 2 മിനിറ്റ്സ് ഒന്ന് വെളിയിൽ നിൽക്കുമോ..” അനു വെളിയിലേക്ക് നടന്നു.. “ഭാഗ്യശ്രീ..ഇന്നലെ നടന്ന സംഭവങ്ങൾക്ക് സോറി..ഒന്നും അറിയില്ലായിരുന്നു..തന്നെ ഒരുപാട് ഇഷ്‌ടായിരുന്നു..അമ്മയുടെ നിർബദ്ധം ആയിരുന്നു..ഇല്ലെങ്കിൽ തന്നോട് ചോദിച്ചിട്ടെ വരുമായിരുന്നുള്ളൂ..എന്നോട് വിരോധം ഒന്നും തോന്നരുത്.. അതൊക്കെ നമുക്ക് മറക്കാം..ഇനി മുതൽ ഞാൻ സാറും തനെന്റെ വിദ്യാർത്ഥിനിയും..ആ ഒരു ബന്ധം മതി നമുക്കിടയിൽ..എങ്കിൽ ശരി ഭാഗ്യശ്രീ പൊയ്ക്കോളൂ.. ഇതൊന്ന് പറയുന്നവരെ മനസ്സിൽ ആകെ ഒരു തിക്ക്മുട്ടൽ ആയിരുന്നു..ഇപ്പൊ ഹാപ്പിയായി…”
“താങ്ക്യൂ സർ..” ഭാഗി വെളിയിൽ വന്ന് അനുവിനെയും കൂട്ടിക്കൊണ്ട് പോയി..എന്തായിരിക്കും പറയുന്നോർത്ത് നഖം കടിക്കുകയായിരുന്നു അനു.. “എന്താടി സർ പറഞ്ഞത്..അയാൾ ഇനിയും വല്ല പ്രേശ്നത്തിനും വരുവോ..??” ഭാഗി സന്ദീപ് പറഞ്ഞതെല്ലാം അനുവിനോട് പറഞ്ഞു… “ഹോ..അങ്ങനെ ഏറെ നാൾ കൊണ്ടുനടന്ന പ്രേശ്നത്തിന് പരിഹാരമായി..വാ ഇതിന്റെ സന്തോഷത്തിന് കാന്റീനിൽ പോയി ചേച്ചിയ്ക്കൊരു ഐസ്ക്രീം വാങ്ങിത്തന്നേ..” “നീ വാ..” 🪔🪔🪔🪔🪔🪔🪔🪔🪔 പഴയതു പോലെ എല്ലാം മൂന്നോട്ട് നീങ്ങി..ചാരുവും വരുണുമായി യദുവിന് വല്ലാത്തൊരു ആത്മബന്ധമായി…ഭാഗിയ്ക്ക് സെമസ്റ്റർ പരീക്ഷകൾ തുടങ്ങിയത് കൊണ്ട് തന്നെ പഴയപോലെ ഫോൺ വിളികളുടെ ദൈർഘ്യം കുറഞ്ഞു..പഠന കാര്യത്തിൽ യദുവും അവളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു..ജിവിതം അങ്ങനെ ശാന്തമായി ഒഴുകകയാണ്… (തുടരും..)

by