രചന – ആതിര
സെന്റ് . ജോസഫ് ഓർഫനജ്.. അനാഥകുട്ടികളെ സംരക്ഷിക്കുക മാത്രമല്ല മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരേയും അച്ഛന്മാരെയും ആരോരും ഇല്ലാത്ത അഗതികളെയും തിരുവസ്ത്രമണിഞ്ഞ മാലാഖാമാരാൽ സംരക്ഷിക്കപ്പെടുന്ന ഇടം.. പണ്ടെന്നോ വരുൺ പറഞ്ഞത് യദുവിന്റെ മനസ്സിലൂടെ കടന്ന് പോയി.. വിശാലമായ മുറ്റത് അങ്ങിങ്ങായി കുഞ്ഞ് സിമന്റ് ബഞ്ചുകൾ.. അവിടെ ചിരിച്ചും സസംസാരിച്ചും ഇരിക്കുന്ന പലപ്രായത്തിലുള്ളവർ.. ചെറുപ്പക്കാരും, പ്രായമായ മുത്തശ്ശിമാരും, കുഞ്ഞിക്കുട്ടികളും അങ്ങനെ പ്രായഭേദ്യമെന്യേ ഉണ്ട്..ഒരു ദേവാലയത്തിന്റെ അതേ അന്തരീക്ഷം അവിടെ അനുഭവപ്പെടുന്നുണ്ട്… എല്ലാവരും അവിടെയുള്ളൊരു സിസ്റ്ററിന്റെ അടുത്തേയ്ക്ക് നടന്നു.. “ഞങ്ങൾ അല്പം ദൂരെ നിന്നാണ്..ഇവിടുത്തെ അധികാരികൾ ആരാന്ന് അറിഞ്ഞാൽ കൊള്ളാം..” മുരളിയാണ് പറഞ്ഞത്.. “മദർ സൂപ്പീരിയർ ഓഫീസിൽ ഉണ്ട്.. ഇവിടുന്ന് കാണുന്ന ആദ്യത്തെ മുറിയിൽ..” അവരെയെല്ലാം നോക്കിക്കൊണ്ട് ആ കന്യാസ്ത്രീ ഉത്തരം കൊടുത്തു..
“വരൂ റസ്റ്റ് റൂം കാണിച്ച് തരാം..” അവരുടെ പുറകെ എല്ലാവരും പോയി.. “കുറച്ച് സമയം കാത്തിരിക്കണേ.. മദർ ഇപ്പൊ പ്രയർ ഹാളിൽ ആണ്..” അവർ അക്ഷമയോടെയാണ് കാത്തിരുന്നത്.. അല്പസമയത്തിന് ശേഷം തിരുവസ്ത്രമണിഞ്ഞ പ്രായമുള്ള ഒരു കന്യാസ്ത്രീ അവരെ കാണാൻ ചെന്നു.. അതാണ് മദർ സൂപ്പരിയർ എന്ന് എല്ലാവർക്കും മനസ്സിലായി.. “എന്നെ തിരക്കി ദൂരെ നിന്ന് വന്നതാണെന്ന് സിസ്റ്റർ പറഞ്ഞു.. ഞാൻ എന്ത് സഹായമാണ് ചെയ്ത് തരേണ്ടത്…” സൗമ്യമായി അവർ ചോദിച്ചു.. “മദർ..സാരംഗി.. ഇവിടെ താമസിച്ചിരുന്ന.. ഈയിടെ എങ്ങോട്ട് തന്നെ മടങ്ങി വന്ന വരുണിന്റെ പെങ്ങൾ..” പറയുന്നത്തിനോപ്പം മൊബൈലിൽ അവളുടെ ഫോട്ടോയും യദു കാണിച്ചു കൊടുത്തു.. “ചാരുവും നിങ്ങളുമായി..??” ആ ചോദ്യം തന്നെ അവർക്കെല്ലാം ആശ്വാസമായി തോന്നി.. “ഞാൻ യദു..യദു കൃഷ്ണൻ..എന്നെ നല്ലപോലെ ചാരൂന് അറിയാം.. ഇങ്ങോട്ട് വരുന്നതിന് മുൻപ് ങ്ങളുടെ വീട്ടിലാണ് താമസിച്ചത്..” അവർക്ക് വിശ്വാസം വരാനായി അവൻ ചാരുവും വരുണും തന്റൊപ്പം നിൽക്കുന്ന ഫോട്ടോസ് കാണിച്ചു കൊടുത്തു..
“അപ്പൊ mr. ശ്രീരാഗ്..??” “അല്ല.. ഇതാ.. എന്റെ ചേട്ടനാ..” യദു അതിശയത്തോടെ ശ്രീരാഗിനെ നോക്കിക്കൊണ്ട് പറഞ്ഞു.. “ആ ചാരു പറഞ്ഞിരുന്നു എല്ലാം.. എല്ലാമെന്ന് പറഞ്ഞാൽ എല്ലാം.. ” ഇത്തിരി കടുപ്പിച്ചാണ് അവർ അത് പറഞ്ഞത്.. “ചെറുപ്രായം തുടങ്ങി എനിക്ക് ചാരുവിനെയും വരുണിനേയും അറിയാം.. അച്ഛനമ്മമാരെ നഷ്ടപ്പെട്ട അവർക്ക് ഞങ്ങൾ ആയിരുന്നു എല്ലാം.. വരുണിന് ജോലി കിട്ടി കഴിഞ്ഞാണ് ചാരുമൊളേ ഇവിടുന്ന് അവൻ കൊണ്ടുപോയത്.. എന്നാൽ ഒരു മാസത്തിന് മുൻപ് കയ്യിലൊരു കുഞ്ഞുമായി രാത്രിയിൽ കയറി വന്നതാണവൾ.. അവളോട് എനിക്കൊരു പ്രേത്യേക വാത്സല്യം ആണ്.. ഞാൻ ഇവിടെ വന്നപ്പോഴാണ് ചാരുവും വരുണും ഇവിടെ എത്തുന്നത്.. അന്ന് മുതലേ അവൾക്ക് എന്നോടൊരു പ്രേത്യേക ഇഷ്ടമാണ്.. എനിക്കും.. എന്നോട് കള്ളം പറയാൻ ആകില്ലവൾക്ക്.. അതുകൊണ്ട് തന്നെ എന്നെ കെട്ടിപ്പിടിച് കരഞ്ഞുകൊണ്ടെല്ലാം പറഞ്ഞു തീർത്തിട്ടാണ് അവൾ അന്ന് ഭക്ഷണം പോലും കഴിച്ചത്.. ചതിക്കപ്പെട്ട എന്റെ കുഞ്ഞിനെ കാണേണ്ടി വന്ന എന്നിലെ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്ന ഒന്നല്ലായിരുന്നു അവൾക്ക് സംഭവിച്ചത്..
എങ്കിലും എല്ലാം മറക്കാനും പൊറുക്കാനും ഞാൻ പറഞ്ഞു.. കുഞ്ഞിനും ചാരുവിനും അവൾ താമസിച്ചിരുന്ന ആ പഴയ മുറി തന്നെ കൊടുത്തു.. താമസിയാതെ അവൾക്കൊരു ജോലിയും.. ഗൗരി മോളേ നോക്കാൻ ഇവിടെ അമ്മമാരും മുത്തശ്ശിമാരും ചേട്ടന്മാരും ചേച്ചിമാരും ഒക്കെ മത്സരമാണ്.. അതുകൊണ്ട് ചാരുവിന് പേടിക്കാതെ ജോലിക്ക് പോകാം.. അത്ര ദൂരെയൊന്നും അല്ല.. ഞങളുടെ തന്നെ മഠത്തിലെ ക്ലറിക്കൽ വർക്ക് ചെയ്യണം.. ഈ മതിൽക്കട്ടിനപ്പുറത്തെ ബിൽഡിങ്ങിൽ… ജോലിക്ക് പോകാൻ തുടങ്ങിയത് മുതൽ അവൾ ഇവിടെയല്ല താമസം.. ഇവിടെ വർക്ക് ചെയ്യുന്നവർക് വേണ്ടി മാത്രം ഒരു കോട്ടർസ് ഉണ്ട്..അവിടെ..ഒരു ചുവരിനപ്പുറം വേറെ ആൾക്കാരും ഉണ്ട്.. ചിലർ കുടുംബമായിട്ട് താമസിക്കുന്നവർ. ചാരു രാവിലെ ജോലിയ്ക്ക് പോകുമ്പോൾ കുഞ്ഞിനെ ഇവിടെ തരും.വൈകിട്ട് ജോലികഴിഞ്ഞ് തിരികെ കൊണ്ടുപോകും.. അല്ല നിങ്ങൾ വന്നത് എന്തിനാണെന്ന് പറഞ്ഞില്ല..” “അത് ചാരൂനെയും കുഞ്ഞിനേയും തിരിച്ചു കൊണ്ടുപോകാൻ…” ശ്രീരാഗ് മടിച്ചു കൊണ്ടാണത് പറഞ്ഞത്.. ഇത്രയും പറഞ്ഞതിൽ നിന്നും മനസ്സിലായത് മുന്നിലിരിയ്ക്കുന്നത് അവളുടെ അമ്മ തന്നെയാണ്.. “അവളോട് കാണിച്ച നീതികേടിനെ പറ്റിയൊന്നും ഞാൻ സംസാരിക്കുന്നില്ല.. .
ഗൗരി നിങ്ങളുടെ മോളായിപ്പോയി.. അവൾ കുഞ്ഞിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്ന പേര്.. പിന്നെ യദുവിന്റെ ചേട്ടൻ എന്ന കോൺസിഡറേഷൻ ഒക്കെ കൊണ്ട് മാത്രം എന്നിലെ അമ്മ കൂടുതൽ പറയുന്നില്ല..പാപികളെയല്ല അവരുടെ പാപത്തെ വെറുത്താൽ മതിയെന്ന ഞങ്ങളുടെ നാഥൻ പറയുന്നത്.. പശ്ചാത്താപമാണ് പ്രായശ്ചിത്തം.. പക്ഷേ അത് ചാരുവാണ് തീരുമാനിക്കേണ്ടത്.. നിങ്ങൾ അവളെ നിർബന്ധിച്ചു കൂടെകൊണ്ടുപോകാൻ സമ്മതിക്കില്ല..സ്വമേധയാ വന്നാൽ കൊണ്ടുപോകാം..വൈകിട്ടായാലേ ചാരു വരൂ.. അതുവരെ നിങ്ങൾക്ക് ഗസ്റ്റ് റൂം ഉപയോഗിക്കാം.. ഉച്ചയ്ക്ക് ഇവിടുള്ളവർ കഴിയ്ക്കുന്ന ഫുഡ് ഉണ്ട്..നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ കഴിക്കാം..” “ഇല്ല.ഞങ്ങൾക്ക് ഒരു വിരോധവുമില്ല..” (രാധിക ) “എനിക്ക് എന്റെ മോളേ ഒന്ന് കാണാൻ പറ്റുവോ..?” ശ്രീരാഗാണ് ചോദിച്ചത്.. അവനെ ഒന്ന് നോക്കിയിട്ട് അവർ എഴുനേറ്റ് നടന്നു.. അവർക്ക് പുറകെ ചെന്നു ചേർന്നത് ഒരു മുറിയിലേയ്ക്കാണ്.. കുഞ്ഞിനെ കട്ടിലിൽ കിടത്തി തലയണ ഇരുസൈഡിലും വെച്ചിട്ടുണ്ട്.. ആ റൂമിൽ കുഞ്ഞിനൊപ്പം ഒരു സിസ്റ്ററും ഉണ്ട്.. കുഞ്ഞിനെ കണ്ടതും എല്ലാവരുടെയും മിഴികൾ തിളങ്ങി..
ബേബി പിങ്ക് കളർ ഫ്രോക്കാണ് വേഷം.. കരിമഷികൊണ്ട് പുരികവും കണ്ണും എഴുതിയിട്ടുണ്ട്..നെറ്റിയിൽ ഒരു വലിയ വട്ടപ്പൊട്ടും കണ്ണേറ് കിട്ടാതിരിക്കാൻ കവിളിൽ ഒരു പുള്ളിയും കുത്തിയിട്ടുണ്ട്.. കയ്യിലെ പെരുവിരൽ ചപ്പിയാണ് കിടപ്പ്.. കണ്ടാൽ ഒരു മാലാഖകുട്ടി തന്നെ.. “മാർഗരറ്റ്..” “എന്താ മദർ..” “വാവ ഇപ്പൊ ഉറങ്ങിയതേയുള്ളോ..” “അല്ല.. എഴുനേൽക്കേണ്ട സമയം ആയി..” സംസാരം കേട്ടിട്ടോ എന്തോ കുഞ്ഞിക്കണ്ണുകൾ പതിയെ വിടർന്നു വന്നു.. ഉറക്കം തെളിയുന്ന സമയത്ത് കുഞ്ഞിപ്പെണ്ണിനോരു കരച്ചിൽ പതിവാണ്.. കുഞ്ഞ് കരയാൻ തുടങ്ങിയതും രാധിക കുഞ്ഞിനെ എടുത്ത് മാറോടണച്ചു.. അവർക്ക് കുഞ്ഞിനെ വിട്ടുകൊടുത്തു കൊണ്ട് മദറും ആ സിസ്റ്ററും അവിടെ നിന്നും നടന്നു… “വാവേ.. ചിറ്റയാ കേട്ടോ..” രാധികയുടെ കയ്യിലിരിയ്ക്കുന്ന കുഞ്ഞിനെ കൈകളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ഭാഗി പറഞ്ഞു.. കുഞ്ഞിന് ചുറ്റും എല്ലാവരും ഇരുന്ന് കളിപ്പിയ്ക്കുകയാണ്..ഗൗരി എല്ലാരേയും പരിചയമുള്ള മട്ടിൽ കണ്ണ് വിടർത്തി നോക്കുന്നുണ്ട്.. ഇതെല്ലാം കണ്ടുകൊണ്ട് ശ്രീരാഗ് മാറി നിൽകുന്നു..
അവൻ സന്തോഷത്തിൽ മതി മറന്നു നിൽക്കുകയാണ്.. ജീവൻ തിരികെ കിട്ടിയ പോലെ.. എന്നാൽ അത് പൂർണമാകണമെങ്കിൽ അവളെ കാണണം.. ചാരുവിനെ.. “മോനെ.. ദാ കുഞ്ഞ്..” രാധിക കുഞ്ഞിനെ അവന്റെ കൈകളിലേയ്ക്ക് വെച്ചു കൊടുത്തു.. “മോൾടെ അച്ഛനാടാ വാവേ..” കണ്ണുകളിൽ നിന്നും ഉതിർന്ന് വീണ നീർതുള്ളികൾ കുഞ്ഞിന്റെ കയ്യിൽ ചിന്നി ചിതറി.. ഗൗരി മനസ്സിലായന്നപോലെ അച്ഛനെനോക്കി ചിരിയൊക്കെ പാസാക്കുന്നുണ്ട്.. സന്തോഷത്തോടെ കുഞ്ഞിന്റെ കവിളിൽ ഉമ്മ വെക്കുമ്പോൾ കുഞ്ഞിപ്പെണ് കുലുങ്ങി ചിരിയ്ക്കുന്നുണ്ട്..ഒപ്പം അവന്റെ താടി രോമങ്ങളും ഇടയ്ക്ക് മുറ പോലെ വലിച്ചു വേദനിപ്പിയ്ക്കുന്നുമുണ്ട്… അന്ന് വൈകുന്നേരം വരെ ഗൗരിമോളായിരുന്നു അവരുടെ ലോകം.. പെട്ടന്ന് ഇണങ്ങുന്ന പ്രകൃതം ആയത് കൊണ്ട് കുഞ്ഞ് എല്ലാ കൈകളിലും മാറി മാറി വരുന്നുണ്ട്… 🌺🌺🌺 വൈകുന്നേരം ജോലി കഴിഞ്ഞ് കുഞ്ഞിനെ കൊണ്ടുപോകാൻ വന്നതായിരുന്നു ചാരു.. “അമ്മേ…” മറ്റുള്ളവർക്കെല്ലാം മദർ സുപ്പീരിയർ ആയിരുന്നവർ അവൾക്ക് അമ്മയായിരുന്നു.. കുഞ്ഞിനെ കൊണ്ടുപോകാനായി മദറിനൊപ്പം അവളും ആ മുറിയിലേയ്ക്ക് നടന്നു..
എന്നാൽ മുറിയിലിരിയ്ക്കുന്നവരെ കണ്ട് ചാരൂ തറഞ്ഞ് വാതിൽക്കൽ നിന്നു.. “ചാരു… അല്ലല്ല.. ചാരുവേട്ടത്തി..” ഭാഗി സന്തോഷത്തോടെ ഓടിപ്പോയി ചാരുവിനെ കെട്ടിപ്പിടിച്ചു..എല്ലാവരും അവളുടെ അടുത്തേയ്ക്ക് ചെന്നു..രാധിക അവളെ കയ്യിൽപ്പിടിച്ചു ബെഡിലേയ്ക്ക് ഇരുത്തി.. അവൾക്ക് എല്ലാരേയും നോക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു… “എന്തിനാ മോളേ ആരെയും അറിയിക്കാതെ വീട്ടിൽ നിന്ന് പോയത്.. ഇവിടെ വരുന്നവരെ ഞങ്ങൾ എന്തുമാത്രം വിഷമിച്ചിരുന്നുന്നോ.. തേടാത്ത സ്ഥലങ്ങൾ ഇല്ല..മോള് കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ല.. ന്റെ മോൻ കാരണമല്ലേ നീയിതൊക്കെ അനുഭവിക്കേണ്ടി വന്നത്.. അപ്പൊ നീ ഞങ്ങടെ ഉത്തരവാദിത്തം അല്ലേ മോളേ..? ” ചാരുവിന്റെ ചുണ്ടിന്റെ ഒരുകോണിൽ ഒരു പുച്ഛച്ചിരി വിടർന്നു.. “അമ്മേടെ മകൻ കാരണമാണ് ഇതൊക്കെ സംഭവിച്ചന്നുള്ള കുറ്റബോധം കൊണ്ടാണ് എന്നെ കാണാൻ വന്നതെന്ന് എനിക്ക് മനസ്സിലായി.. അത് വേണ്ട.. എന്നോടും കുഞ്ഞിനോടും ആരും സഹതാപം കാണിക്കണ്ട.. ഇവിടെ ഒരുപാട് അനാഥകുട്ടികൾ ഉണ്ട്..അവരിൽ ഒരാളായി എന്റെ കുഞ്ഞും വളർന്നോളും..എന്റെ മോൾക്ക് ഞാനുണ്ട്..ഞാൻ മാത്രം മതി..” ചാരു ഉറച്ച വാക്കുകളുടെ പറഞ്ഞു..
“അയ്യോ മോളേ.. ഒരു സഹതാപത്തിന്റെ പുറത്തല്ല ഞാൻ നിന്നെ വീട്ടിലേക്ക് വിളിക്കുന്നത്. എന്റെ ശ്രീരാഗിന്റെ പെണ്ണായിട്ട് അമ്മ മനസ്സ് നിറഞ്ഞാണ് വിളിക്കുന്നത്..പെണ്മക്കളില്ലെനിക്ക്.. അതുകൊണ്ട് തന്നെ വീട്ടിൽ കയറി വരുന്ന മരുമക്കൾ എനിക്ക് മക്കൾ തന്നെയാണ്.. എല്ലാം മറക്കാനും പൊറുക്കാനും പറ്റുന്നതല്ലെന്ന് അറിയാം.. എങ്കിലും ഇനിയും ജീവിതം മുന്നോട്ട് കിടക്കുവല്ലേ .. ഗൗരി മോൾക്ക് അമ്മ മാത്രം മതിയോ അച്ഛനും വേണ്ടേ.. മോൾടെ അമ്മ തന്നാ ഞാൻ ..അങ്ങനെ വേണം കരുതാൻ..” രാധിക അവളുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു… “നിങ്ങളുടെ സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട്.. പക്ഷേ എനിക്ക് പറ്റില്ലമ്മേ..ശ്രീയേട്ടൻ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോട്ടെ..എനിക്കൊരിക്കലും ശ്രീയേട്ടന്റെ ഭാര്യ ആകാൻ കഴിയില്ല.. ഗൗരി മോള് ശ്രീയേട്ടന്റെ കുഞ്ഞാണ്.. അതാണ് സത്യം.. പക്ഷേ എന്റെ കുഞ്ഞറിയണ്ട ഇങ്ങനെയൊരുച്ഛനെ..ഇഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിച്ച് കുട്ടിയൊക്കെ ആകുമ്പോൾ എന്റെ മോളേ മറന്നോളും..അച്ഛന്റെ അവകാശം ചോദിച്ച് വരില്ല ഞങ്ങൾ.. എന്നോട് അല്പമെങ്കിലും കരുണ ബാക്കിയുണ്ടെങ്കിൽ എന്നെയും കുഞ്ഞിനേയും കാണാൻ ഇനി വരരുത്.. എനിക്ക് ആകെയുള്ളത് ന്റെ മോളാ..എന്റെ കുഞ്ഞിനേയും കൂടെ എന്നിൽ നിന്ന് തട്ടിയെടുക്കരുത്…” ചാരു നിരകണ്ണുകളോടെ അവർക്ക് മുൻപിൽ കൈകൂപ്പി…
“മോളേ വാശിപ്പിടിക്കരുത്.. നാളെ വളർന്നു വരുമ്പോൾ ഗൗരി, അച്ഛനെ അവളിൽ നിന്ന് അകയറ്റിയെന്താണെന്ന് ചോദിച്ചാൽ എന്ത് ഉത്തരം പറയും..അച്ഛന്റെ സ്നേഹം ആഗ്രഹിക്കുന്ന ചില സമയങ്ങൾ ഉണ്ട്… ഇപ്പൊ മോള് കുഞ്ഞാ.. എന്നാൽ വലുതായി വരും തോറും അവളും ആഗ്രഹിക്കും അച്ഛന്റെ സ്നേഹം..നിന്നെ ഞാൻ എന്റെ ഭാഗിയെപ്പൊലേ തന്നെ കാണുവാ..മാലിനിയുടെയും വിനയന്റെയും മൂത്ത മോളാണ് സാരംഗി..അമ്മ പറയുന്നതാണെന്ന് കരുതണം.. അമ്മേടെ വാക്ക് തള്ളിക്കളയരുത്..നിന്നെയും കുഞ്ഞിനേയും കാണാതായത് മുതൽ ഞങ്ങൾ കാണുന്നതാ ശ്രീരാഗിന്റെ വിഷമം.. ഇപ്പോഴാ അവനൊന്നു ചിരിച്ചു കണ്ടത്.. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കരയാത്ത ഒരൊറ്റ ദിവസം ഇല്ല.. ഒന്ന് ക്ഷമിച്ചൂടെ മോളേ..” “ഇല്ലമ്മേ.. എനിക്ക് ക്ഷമിക്കാൻ കഴിയില്ല.. ഒരു പക്ഷേ ക്ഷമിച്ചാൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതിയാകും.. ഞാനൊരു ആത്മാഭിമാനം ഇല്ലാത്തതു പെണ്ണായി പോകില്ലേ..എന്റെ മനസാക്ഷി അതിന് സമ്മതിക്കില്ല.. ആരെയും ഞാൻ ശപിക്കില്ല..” “ചാരുവേട്ടത്തി..”(ഭാഗി ) “വേണ്ട ഭാഗി.. ആ വിളി എനിക്ക് ചേരില്ല.. ചേച്ചിന്നോ ചാരൂന്നോ വിളിച്ചാൽ മതി..” “ഞാൻ അങ്ങനെയേ വിളിക്കൂ.. എന്നോട് ഇഷ്ടക്കേട് തോന്നിയാലും സാരമില്ല..” ഭാഗി ചാരുവിന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു..
എല്ലാരിൽ നിന്നും മാറി,തിരിഞ്ഞു നിൽക്കുന്ന യദുവിനെ അപ്പോഴാണ് ചാരു കണ്ടത്.. “യദുവേട്ടാ…!!” അവൾ യദുവിനടുതത്തേയ്ക്ക് ചെന്ന് ആ തോളിൽ കൈവെച്ചു.. അവൻ തോള് വെട്ടിച്ചു..ചാരു അവനെ തിരിച്ചു നിർത്തി.. “യദുവേട്ടാ..” “വേണ്ട ചാരൂ.. ഞാൻ നിന്റെ ആരും അല്ലല്ലോ.. വരുണിനെപ്പോലെ എന്ന് പറച്ചിലല്ലേ.. അവനൊപ്പം എങ്ങനാ ഞാൻ ആകുന്നേ..എല്ലാർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടല്ലോ. ഇല്ല സങ്കടങ്ങളും നിനക്ക് വേണ്ടി സഹിച്ചു.. ഭാഗിയെപ്പോലും നിനക്ക് വേണ്ടി തള്ളിക്കളഞ്ഞു..എന്തിനാ നീ എന്റെ സ്വന്തം കൂടപ്പിറപ്പെന്ന് തോന്നിയ കൊണ്ട്.. നിന്റെ കണ്ണീർ കണ്ടുകൊണ്ട് എനിക്കൊരു ജീവിതം വേണ്ടന്ന് തോന്നിയത് കൊണ്ട്.. നീയോ എന്നോട് പറയാതെ എങ്ങോട്ടോ ഓടി പോയിരിക്കുന്നു.. ഇതുവരെ ഞാൻ അനുഭവിച്ച മാനസിക സംഘർഷം നിനക്കറിയുമോ..എന്നും ചേർത്ത് പിടിച്ചിട്ടല്ലേയുള്ളൂ.. എന്തിനാ മോളേ നീ..” ചാരു സങ്കടത്തോടെ യദുവിനെ കെട്ടിപ്പിടിച്ചു.. ആ ചേർത്ത്പിടിക്കലിൽ സാഹോദര്യമായിരുന്നു.. “ക്ഷമിക്കണേ യദുവേട്ടാ.. ആരെയും ബുദ്ധിമുട്ടിക്കണ്ടെന്നോർത്താ..” “നീ എനിക്ക് വേണ്ടി തിരിച്ചു വരണം..” “യദുവേട്ടാ എന്നെ നിർബന്ധിക്കരുതേ.എനിക്ക് ആ വീട്ടിൽ.. പറ്റില്ല..” “മോളേ യദുവിന്റെയും ഭാഗിയുടെയും നിശ്ചയം നടത്താൻ തീരുമാനിച്ചു..
ശ്രീയ്ക്ക് കല്യാണം വേണ്ടന്ന് തീർത്തു പറഞ്ഞു.. ഒരാളുയെങ്കിലും വിവാഹം നടന്ന് കാണാൻ ഞങ്ങൾക്കും ആഗ്രഹം കാണില്ലേ..അതിന് മുന്നേ കുറച്ചമ്പലങ്ങളിൽ വഴിപാട് ഉണ്ട്.. മോളുടെയും ഗൗരികുഞ്ഞിന്റെയും പേരിലും നേർന്നിട്ടുണ്ട്.. അതിന് മോളും കുഞ്ഞും ഞങളുടെ ഒപ്പം വരണം..” (രാധിക ) “വിളിക്കണ്ടമ്മേ അവൾ വരില്ല. എന്നെ പോലും അന്യനായി കണ്ടു തുടങ്ങി..” യദുവിന്റെ വാക്കുകൾ ചാരുവിൽ സങ്കടം തീർത്തു.. “ഞാൻ വരാം.. പക്ഷേ ആ വീട്ടിൽ നിൽക്കാൻ മാത്രം പറയരുത്.. അമ്പലത്തിലേയ്ക്ക് വരാം..” “മോളേ ഒരുപാട് സ്ഥലങ്ങളിൽ പോകണം.. രണ്ടു ദിവസം എങ്കിലും പിടിയ്ക്കും..യദുവിന്റെ വീട്ടിൽ നിൽക്കാൻ മടിയാണെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് വാ.. അതും പ്രശ്നമാണോ..” “മ്മ്.. അവിടെ നിൽക്കാം..” യദുവിന് ദേഷ്യം വന്നെങ്കിലും അവൻ എല്ലാം നല്ലതിന് വേണ്ടിയല്ലേയെന്ന് മാത്രം സമാധാനിച്ചു.. “അയ്യോ മോള്… അമ്മേ ന്റെ കുഞ്ഞെവിടെ..?” ഇത്രയും നേരം അവരോട് സംസാരിച്ചിരുന്നപ്പോൾ അവൾ ഗൗരി മോളേ മറന്നുപോയി.. “മോള് അപ്പൂപ്പന്മാരുടെ കയ്യിലാ… അവർ വെളിയിൽ നിൽപ്പുണ്ട്..” അങ്ങനെയാണ് രാധിക പറഞ്ഞത്.. മുറിക്ക് വെളിയിലുള്ള വരാന്തയുടെ അറ്റത്ത് വിനയനും മുരളിയും നിൽക്കുന്നത് കണ്ട് ചാരു അങ്ങോട്ട് ചെന്നു..
“അച്ഛാ..” അവളുടെ ശബ്ദം കേട്ടവർ അവളെ നോക്കി ചിരിച്ചു.. തിരിച്ചവളും.. “ഇനി ഇങ്ങനെ ബുദ്ധിമോശം ഒന്നും കാണിക്കരുത് കേട്ടോ..” മുരളി അവളുടെ തലയിൽ അരുമായി തലോടി.. “ചാരു മോളേ നമ്മളങ് കൊണ്ടുപോകുവല്ലേ.. എന്റെ മാലിനി പറയുന്നപോലെ ഈ വിനയൻറെയും മാലിനിയുടെയും മൂത്ത മോളായി..അങ്ങനെ ഇനി കാണാവൂ..”(വിനയൻ ) ചാരുവിന് കണ്ണുകൾ നിറഞ്ഞു.. പണ്ടെന്നോ ഓർമയിൽ മാത്രമുള്ള തന്റെ അച്ഛന്റെ മുഖം അവൾ വിനയനിൽ തിരഞ്ഞു.. “ഗൗരി മോള്..” കുഞ്ഞിനെ കാണാതെ അവൾ ചോദിച്ചു.. മുരളി അല്പം ദൂരേക്ക് കൈചൂണ്ടി കാണിച്ചു.. അവിടെ ശ്രീരാഗിനെ കണ്ടതും ഹൃദയം വേഗത്തിൽ മിടിച്ചു തുടങ്ങി.. അവിടെ കുഞ്ഞിനേയും കൊണ്ട് കളിപ്പിക്കുകയാണവൻ.. ഗൗരിമോൾക്കും ആളെ പിടിച്ച പോലെ.. ” അച്ഛേടെ പൊന്നേ… ” ശ്രീരാഗിൽ നിന്നും വരുന്ന വാക്കുകൾ അവൾക്ക് അരോചകമായി തോന്നി..ഗൗരിയെ എടുത്തുയർത്തി നിൽക്കുവാണ്.. അവളോ അവന്റെ നെഞ്ചിൽ കാലുകൾ കൊണ്ട് ചവിട്ടി മുഖത്തൊക്കെ തൊട്ട് നോക്കി ചിരിക്കുന്നു.. ഗൗരിമോള് കയ്യിൽ നിന്നും കുതറി ചാടുന്നു ..കുഞ്ഞിന്റെ നോട്ടം പുറകിലാണെന്ന് കണ്ട് തിരിഞ്ഞു നിന്നു.. തന്റെ പുറകിൽ നിൽക്കുന്ന ചാരുവിനെ കണ്ടതും അവന്റെ നെഞ്ചും തുടികൊട്ടാൻ തുടങ്ങി..
ശരീരമാകെ നേർത്ത കുളിര് പൊതിയുന്നപോലെ.. എന്നാൽ ചാരു അവനെ നോക്കാതെ അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തിരിച്ചു നടന്നു… മദറിനോടും മറ്റും യാത്ര പറഞ്ഞ് ചാരൂ കുഞ്ഞിനേയും കൊണ്ട് ക്വട്ടഴ്സിലേയ്ക്ക് പോയി..കുറച്ചു സമയത്തിന് ശേഷം ഒരു ബാഗുമായി അവൾ വന്നു.. മറ്റുള്ളവർ നേരത്തെ തന്നെ കയറി ഇരുന്നു.. അമ്മമാർ രണ്ടും പുറകിലുള്ള സീറ്റിൽ ഇരുന്നു.. ഭാഗി അവൾക്ക് വേണ്ടി നീങ്ങി ഇരുന്നു കൊടുത്തു..ചാരുവിന് കയറാനായി കുഞ്ഞിനെ ശ്രീരാഗ് അവളിൽ നിന്നും എടുത്തു.. അവൾക്കത് ഇഷ്ടമായില്ലെങ്കിലും മറ്റുള്ളവർ ഒപ്പമുള്ളത്കൊണ്ട് ഒന്നും മിണ്ടിയില്ല.. കുഞ്ഞിനെ അവളുടെ കൈകളിൽ ഏൽപ്പിച്ചെങ്കിലും കുഞ്ഞിപ്പെണ് ശ്രീരാഗിന്റെ ഷർട്ടി മുറുക്കെ പിടിച്ചിരിയ്ക്കുവാണ്.. അവനെ അടുത്തേയ്ക്ക് വലിയ്ക്കുന്നുമുണ്ട്.. കുഞ്ഞിന്റെ കൈവിടുവിക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.. ചാരുവിന് ഇഷ്ടമാകില്ലെന്ന് അറിയാമെങ്കിലും അവന് ചാരുവിനടുത്തായി ഇരുന്നു..
ശ്രീരാഗിനും ഭാഗിയ്ക്കും നടുവിലായി ചാരു കുഞ്ഞിനേയും കൊണ്ടിരുന്നു.. ശ്രീരാഗിനോട് ചേർന്നുള്ള ഇരിപ്പ് ചാരുവിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ തീർത്തിരുന്നു.. ഗൗരിമോളാണെങ്കിൽ ചാരുവിൻറെ മടിയിൽ നിന്ന് ശ്രീരാഗിലേയ്ക്കും തിരിച്ചും ചാടികളിക്കുന്നുണ്ട്.. അപ്പോഴൊക്കെ തമ്മിൽ മുട്ടിയുരുമുന്ന ശരീരം ചാരുവിൽ ഒരു വിറവൽ പടർത്തുന്നുണ്ട്.. കുറെ കഴിഞ്ഞപ്പോൽ ഗൗരി അമ്മയുടെ കയ്യിൽ തന്നെ വന്നു.. അവളുടെ മാറിലായി കൈകൾ പരതിയതും ചാരൂ ഞെട്ടലോടെ കുഞ്ഞിന്റെ കൈകൾ വിടുവിച്ചു.. ശ്രീരാഗിന്റെ സാമിപ്യം തന്നെ കാരണം.. അതിന്റെ പ്രതിഷേധമെന്നോണം ഗൗരി ഉറക്കെ കരയാൻ തുടങ്ങി… “മോളേ.. കുഞ്ഞിന് വിശപ്പ് കാണും.. നീ പാല് കൊടുക്ക്.. വണ്ടി ഇത്തിരി പതിയെ ഓടിക്കണേ..” ചാരുവിനോട് പറയുന്നത്തിനൊപ്പം കാർ ഓടിച്ചിരുന്ന മുരളിയോടും രാധിക പറഞ്ഞു.. ചാരുവിന് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. ഗൗരി പാല് വേണമെന്ന വാശിയിൽ മാറിൽ തല്ലുന്നുണ്ട്.. അവളുടെ ബുദ്ധിമുട്ട് മനസ്സിലായതിനാൽ ശ്രീരാഗ് അല്പം ചെരിഞ്ഞ് വെളിയിലേയ്ക്ക് നോക്കി ഇരുന്നു..അവന്റെ നോട്ടം വെളിയിലേയ്ക്കാണെന്നത് കണ്ട് ചാരുവിന് ആശ്വാസം തോന്നി..
കുഞ്ഞിനെ സാരിക്കിടയിൽ കിടത്തി അവൾ പാലുകൊടുത്തു.. ഇടയ്ക്ക് പൊങ്ങി അമ്മയെയും അച്ഛനെയും നോക്കും.. വീണ്ടും പാലുകുടിയ്ക്കും.. അതന്നെ അവളുടെ കളി.. പാലുകുടിച്ചു മതിയായതും അവൾ അച്ഛന്റെ മേലേയ്ക്ക് ചാടി..ശ്രീരാഗ് കുഞ്ഞിചുണ്ടിലെ പാല് തുടച്ചുകൊണ്ട് ഗൗരി മോളുടെ പാൽമണമോലും കവിളിൽ ഉമ്മവെച്ചു…വയർ നിറഞ്ഞതിനാലാവാം പതിയെ ഗൗരിമോൾ കണ്ണുകൾ അടച്ചു തുടങ്ങി.. തന്റെ നെഞ്ചിൽ ചേർത്തു കിടത്തി അവന് കുഞ്ഞിനെ തട്ടിയുറക്കി… അവന്റെ നെഞ്ചിലപ്പോൾ ആരോരും കേൾക്കാതെ നിശബ്ദമായി കുഞ്ഞിനുവേണ്ടിയൊരു താരാട്ട് ഒഴുകുന്നുണ്ടായിരുന്നു.. ശ്രീരാഗിനിത് പുതിയ ജീവിതത്തിന്റെ കാൽവെപ്പ് ആയിരുന്നു.. ഇടയ്ക്കെപ്പോഴോ തന്റെ തോളിൽ ഉറങ്ങിവീണ ചാരുവിനെയും നെഞ്ചിൽ മയങ്ങുന്ന ഗൗരിമോളെയും അവൻ ചേർത്ത് പിടിച്ചു.. ഒരിയ്ക്കലും കൈവിടില്ലെന്നപോലെ.. എല്ലാവരുടെയും കണ്ണുകൾ ആ ദൃശ്യം ഒപ്പിയെടുത്തു..എന്നും ഇങ്ങനെത്തന്നെയാകണേയെന്ന് ഓരോ നാവിലും പ്രാർത്ഥന നിറഞ്ഞു.. അവർക്കായി തന്റെ കണക്ക് പുസ്തകത്തിലെ താളുകളിൽ അവർക്കായി കുറിയിക്കാൻ നേരമായ പോലെ കാലവും ആ രാവിൽ അവരിലേക്ക് മിഴിനട്ടിരുന്നു… (തുടരും…)

by