18/04/2026

ഭാര്യ : ഭാഗം 02

രചന – രോഹിണി ആമി

എന്നെ കീഴടക്കി കഴിഞ്ഞാൽ പിന്നെ അനിയനെ കല്യാണം കഴിക്കുകയല്ലേ നിവൃത്തിയുള്ളു.. അതറിഞ്ഞു ആ നിമിഷം ഇറങ്ങി അവിടുന്ന്…. അനു ദീർഘമായി ശ്വസിച്ചു.. അവൾക്ക് ഒരു ഗ്ലാസ്‌ വെള്ളം കൊടുക്കാൻ അയാൾ കൂടെയുള്ള പോലീസിനോട് പറഞ്ഞു.. അവൾ ആർത്തിയോടെ അതുമുഴുവൻ കുടിച്ചു… അവളുടെ കണ്ണിലെ ധൈര്യം അയാളെ അത്ഭുതപ്പെടുത്തി… പറഞ്ഞതൊന്നും കള്ളമായിരുന്നുവെന്നു തോന്നുന്നില്ല… രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞയാളുടെ ജീവൻ ആണിവിടെ ഇരിക്കുന്നത്… ഒരു കൈത്താങ്ങിനു വേണ്ടി… ഒരു കംപ്ലയിന്റ് എഴുതി തരൂ… അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.. ധൈര്യമായി പൊക്കൊളു… അയാൾ പറഞ്ഞു… ഒരു കംപ്ലയിന്റ് തരാനല്ല സർ ഞാൻ വന്നത്… നിങ്ങൾക്ക് പറ്റുമെങ്കിൽ എന്റെ കൂടെ വീടുവരെ വരുമോ…. കുറച്ചു നേരം മതി… ഞാൻ അധികം ശല്യപ്പെടുത്തില്ല… ഇതിലിപ്പോൾ എന്താ ഞാൻ ചെയ്യണ്ടത്…. വീട്ടിൽ എന്തിനാ വരുന്നത്… കംപ്ലയിന്റ് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ… അവൾ തല കുനിച്ചിരുന്നു…

അവളുടെ ദയനീയ അവസ്ഥ കണ്ടപ്പോൾ അയാൾ പറഞ്ഞു…. ശരി വരാം… പക്ഷേ കൂടെ ഒരു ലേഡി കോൺസ്റ്റബിൾ ഉണ്ടാവും… നാളെ ഇത് എനിക്കൊരു പൊല്ലാപ്പാവരുത്… അതിനുവേണ്ടി… എപ്പോൾ വരണം….. ശരി സർ…. നന്ദിയുണ്ട്…. ഒരുപാട് സമയം കളയില്ല സാറിന്റെ….. ഇപ്പോൾ വന്നാൽ ഉപകാരമായേനെ…. മ്മ്…. ശരി…. കുറച്ചുനേരം വെയിറ്റ് ചെയ്യൂ… ഇപ്പൊ വരാം…. അവളുടെ കൂടെ അവളുടെ വീട്ടിൽ എത്തി….. അധികം വലുതല്ലാത്ത ഒരു വീട്….. ഈ വീട് ഇത്രയും ആക്കിയെടുത്തതും സുധീഷിന്റെ കഷ്ടപ്പാടാണെന്ന് അവൾ പറഞ്ഞിരുന്നു… വെളിയിൽ രണ്ടുമൂന്നുപേർ കൂടിനിൽപ്പുണ്ട്…. അവൾ എല്ലാവരെയും പരിചയപ്പെടുത്തി…. പഞ്ചായത്ത്‌ മെമ്പർ, രണ്ടു മൂന്നു അയൽവാസികൾ, പിന്നെ ഞാനും…. എന്നിട്ടും അനു കാര്യമെന്തെന്നുമാത്രം പറഞ്ഞില്ല… ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി…. സബ് ഇൻസ്‌പെക്ടർ ഗിരിധർ…. പുതിയതായി ചാർജ് എടുത്തതേയുള്ളു…. വാർഡ് മെമ്പർ ഗിരിയോട് അനുവിനെ പറ്റി പറഞ്ഞു…

അവളുടെ ഇവിടുത്തെ അവസ്ഥ വളരെ മോശമാണെന്നും….. അനു വന്നു എല്ലാവരെയും അകത്തേക്കുവിളിച്ചു…. സുധീഷിന്റെ അമ്മയും അച്ഛനും അനിയനുമാണെന്നു തോന്നുന്നു ഒരു സൈഡിൽ നിൽപ്പുണ്ട്….. അവന്റെ മുഖത്തു എന്നെ കണ്ടപ്പോൾ ഒരു പേടി പോലെ….. അവൻ വിചാരിച്ചത് അനുവിനെ അപമാനിച്ചതിന് കംപ്ലയിന്റ് കൊടുത്തിട്ടു പോലീസ് വന്നതാണെന്നാണ്…. അവനും അമ്മയും അനുവിന്റെ അടുത്തേക്ക് വന്നു….. മോളെ നീ പ്രശ്നമൊന്നും ഉണ്ടാക്കരുത്…. നമുക്ക് പറഞ്ഞു തീർക്കാം… അവന്റെ അമ്മയാണ്…. ഏട്ടത്തി ….. ഞാൻ…. ഏട്ടത്തിയോ…… ഇപ്പോളാണോ നിനക്ക് മനസ്സിലായത് ഞാൻ നിന്റെ ഏട്ടത്തി ആണെന്ന്… അനു പൊട്ടിത്തെറിച്ചു…. ഇന്നലെ എന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ നീ ഇതല്ലല്ലോ പറഞ്ഞതും…. വിളിച്ചതും…. മാറി നില്ക്കു എന്റെ അടുത്തുനിന്നും…. നിന്നെപ്പോലെ ഉള്ളവന്മാർ പത്തടി മാറി നിൽക്കണം എന്റെ അടുത്തുനിന്നും….. കാരണം ഞാൻ ഒരു പട്ടാളക്കാരന്റെ ഭാര്യ ആണ്…. അദ്ദേഹം ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമില്ല…….ഞാൻ അതിനൊന്നുമല്ല ഇവരെ വിളിപ്പിച്ചത്… എല്ലാവർക്കും അവളോടുള്ള അലിവ് മുഖത്തു കാണാൻ കഴിയും… അനു ഒരു ബാഗ് എടുത്തുകൊണ്ടു വന്നു…. അത് മേശപ്പുറത്തു വച്ചു….

ഇതിൽ എന്റെ സുധിയേട്ടന്റെ ജീവന്റെ വിലയാണ്…. എനിക്കും കുഞ്ഞിനും കിട്ടിയത്… എത്രയുണ്ടെന്നുപോലും അറിയില്ല…. അല്ലെങ്കിലും ഇതിൽനിന്ന് ഒരു രൂപ പോലും എടുക്കാൻ എനിക്കു കഴിയില്ല….. ഇത് ഞാൻ നിങ്ങൾക്ക് തരുവാണ്…. ഇതിനുവേണ്ടിയല്ലേ നിങ്ങൾ എന്നെ……. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല… ഇത് നിങ്ങളെ ഏല്പിച്ചതിന് എനിക്കൊരു തെളിവ് വേണം…. അതിനുവേണ്ടിയാ ഇവരെ എല്ലാവരെയും വിളിച്ചത്…… അല്ലെങ്കിൽ നിങ്ങൾ പറയും…. ഞാൻ ഈ പണം കൊണ്ട് ആരുടെയെങ്കിലും കൂടെ പോയെന്നു…. എന്നും പറഞ്ഞു അനു അടുത്തുനിന്ന സ്ത്രീയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി…. ഇനി ഞാൻ പോകുവാണ്.. എന്നെ അന്വേഷിച്ചു പിറകെ വരരുത്..ഇവന്റെ അവകാശം പറഞ്ഞും .. വരില്ലന്നറിയാം . എന്നാലും പറഞ്ഞതാണ്.. . അനു എല്ലാവരോടും വന്നതിനു നന്ദി പറഞ്ഞു…. നിൽക്ക്…. ഗിരിയാണ്… നിങ്ങൾ എഴുതി ഒപ്പിട്ടു തരണം… ഇനി ഈ സ്ത്രീയെ ശല്യപ്പെടുത്തില്ലെന്നും…. കുഞ്ഞിൽ അവകാശം പറഞ്ഞു ചെല്ലില്ലന്നും… അവർ ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടു ഗിരിയെ ഏല്പിച്ചു….

ഗിരി ആ കുഞ്ഞിനെയാണ് നോക്കിയത്…. നല്ല ഒരു കുഞ്ഞ്…. അനുവിനെപ്പോലെ തന്നെ… അവളുടെ തോളിൽ ചാഞ്ഞുകിടന്നുറങ്ങുന്നു… അമ്മയുടെ ചുറ്റും എന്താണ് നടക്കുന്നതെന്നറിയാതെ….. സുധീഷിന്റെ വീട്ടുകാർ ആ കുഞ്ഞിനെ ഒന്നു നോക്കികൂടി ഇല്ല…. അവരുടെ കണ്ണു മുഴുവനും ആ ബാഗിലാണ്….. അനു ഒരു ചെറിയ ബാഗും കൈയിലെടുത്തു…. ഇറങ്ങാൻ നേരം അവൾ ഭിത്തിയിൽ മാലയിട്ടു വച്ചിരുന്ന ഒരു ഫോട്ടോ എടുത്തു… അതുകണ്ടപ്പോളേ മനസ്സിലായി സുധീഷ് ആണെന്ന്.. നല്ല ഓജസ്സുള്ള മുഖം… അനുവിന്റെ കണ്ണിലെ ധൈര്യം എവിടെനിന്നും പകർന്നുകിട്ടിയതാണെന്നു ആ ഫോട്ടോ കണ്ട ഗിരിക്ക് മനസ്സിലായി. ഈ ഫോട്ടോ പോകെപ്പോകെ നിങ്ങൾക്ക് ഒരു ഭാരമാകും.. ഞാൻ ഇതുമാത്രമേ ഈ വീട്ടിൽ നിന്നും എടുക്കുന്നുള്ളു… അനു അതും പറഞ്ഞിറങ്ങി…. എവിടാണെന്ന് പറയു വണ്ടിയിൽ കൊണ്ടുവിടാം…… ഗിരി പറഞ്ഞു…. വേണ്ട സർ ഞാൻ പൊക്കോളാം….. എല്ലാവരും അവൾ പോകുന്നത് നോക്കി നിന്നു.. ഗിരി വീട്ടിൽ വന്നു…. അമ്മയും ഒരു പെങ്ങളും… (ഗീതു.). മാത്രമേ ഉള്ളൂ ഗിരിക്ക്…. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി…..

സ്വന്തം സ്ഥലത്തു കൃഷിയും മറ്റും ചെയ്താണ് അമ്മ അവരെ വളർത്തിയത്… അച്ഛനില്ലാതെ വളർന്നതുകൊണ്ട് അനിയത്തിക്ക് ഏട്ടനും അച്ഛനുമാണ് ഗിരി…. ഗിരി അമ്മയോടും ഗീതുനോടും അനുവിനെപ്പറ്റി പറഞ്ഞു…. അവളാണ് പെണ്ണ്….. എത്ര പണത്തിനു വേണ്ടിയും പകരം വെക്കാനുള്ളതല്ല തന്റെ മാനം എന്നവൾ തെളിയിച്ചു….. നല്ല കുട്ടിയാണ്… അല്ലെങ്കിൽ ഇന്നത്തെ കാലത്ത് അത്രയും പണം നിസ്സാരമായി കൊടുക്കുമോ ആരെങ്കിലും…. ഇനിയാണ് അവൾ സൂക്ഷിക്കേണ്ടത്….. ആൺതുണ ഇല്ലാതെ സമൂഹത്തിൽ ജീവിക്കാൻ. മനസ്സ് കല്ലാക്കണം…. ഇനി അവളെ കാത്തിരിക്കുന്നത് എന്തെല്ലാമാണെന്ന് ദൈവത്തിനു മാത്രം അറിയാം… അവർ ഒരു ദീർഘശ്വാസം വിട്ടു… ഗിരിക്ക് മനസ്സിലായി അമ്മയുടെ അനുഭവങ്ങളാണ് ഇങ്ങനെ പറയിച്ചതെന്ന്… തുടരും…,.