രചന – ആതിര
ചാരു ശ്രീരാഗിന് പുറകെ കുഞ്ഞിനേയും കൊണ്ട് പോകുന്നത് എന്തിനെന്നറിയാതെ മറ്റുള്ളവർ നോക്കി നിന്നു… അവൾ നേരെ ശ്രീരാഗിന്റെ മുറിയിലേയ്ക്ക് ചെന്നു…കട്ടിലിന്റെ ക്രാസിയിൽ ചാരി കാലും നീട്ടി കണ്ണടച്ചിരിക്കുകയുമായിരുന്നു ശ്രീരാഗ്.. തന്റെ മടിയിൽ എന്തോ ഭാരം പോലെ തോന്നിയതും അവൻ കണ്ണുതുറന്നു.. ഗൗരിമോളാണ് മടിയിൽ… തലയുയർത്തി നോക്കിയതും അവനെ തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന് ചാരുവിനെ കണ്ടു… ഗൗരി അച്ഛന്റെ മടിയിലെത്തിയ സന്തോഷത്തിൽ അവന്റെ തോളിൽ പിടിച്ചുയർന്നു മുഖത്തൊക്കെ കുഞ്ഞിവിരലുകൊണ്ട് തൊട്ട് നോക്കുന്നുണ്ട്..കുഞ്ഞിഗൗരി മുഖം ശ്രീരാഗിന്റെ മുഖത്തേക്ക് ചേർത്ത് വെച്ച് ചിരിച്ചതും ഇത്രയും നേരം അടക്കിവച്ചിരുന്ന വാത്സല്യത്താൽ നിമി നേരത്തിൽ കുഞ്ഞിനെ തിരികെ ഉമ്മവെച്ചു.. കുഞ്ഞിപ്പെണ്ണ് അച്ഛന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കുടുകുടെ പൊട്ടിച്ചിരിച്ചു..അവന്റെ താടിയിലും മുടിയിലും ഒക്കെ വിരലോടിച്ചു അവന്റെ തോളിൽ മുഖമമർത്തി കിടന്നു..
അവന്റെ കവിളിനെ തഴുകി ഒഴുകിയിയിറങ്ങിയത് സന്തോഷപ്പെയ്ത്തിന്റെ തുള്ളികൾ ആയിരുന്നു.. “ഇപ്പൊ മോളെ എടുക്കാൻ നിങ്ങൾക്ക് കൈപൊങ്ങിയോ.. ഇത്രയും നേരം എന്റെ കുഞ്ഞിനെ നിങ്ങൾക്ക് വേണ്ടായിരുന്നല്ലോ. പാലാണ്,തേനാണ്, സുന്ദരിമണിയെന്നൊക്കെയാണ് മോളെ കാണുമ്പോൾ പറച്ചിൽ…ആ പാവം നിങ്ങളെ എന്തുമാത്രം സ്നേഹിക്കുന്നുണ്ട്…നിങ്ങൾ പോയപ്പോൾ മുതൽ ഓരോ നിമിഷവും അവൾ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞതാണ്.. സ്വന്തം മോളോടും കാണിച്ചത് ഇനി കള്ളസ്നേഹം ആയിരുന്നോ…??” “ചാരൂ..!!”എന്തിനാടി നീ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത്.. ധർമ്മസങ്കടത്തിലാക്കുന്നത്..നീ തന്നല്ലേ പറഞ്ഞത് കുഞ്ഞിനെ ഞാൻ നിന്നിൽ നിന്നും തട്ടിയെടുക്കാനാ വന്നതെന്നും നിനക്ക് ഞാനൊരു ശല്യമാണെന്നും.. അതുകൊണ്ടാ ഞാനായിട്ട് നിനക്കിനി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്ന് തീരുമാനിച്ച് തിരികെ പോന്നത്.. ഒരുപാട് പ്രതീക്ഷങ്ങളുമായി വന്നവൻ തിരികെ പോയത് സ്വപ്നങ്ങൾക്ക് പോലും വിലക്കുമായിട്ടായിരുന്നു.. അതാ നീ മോളെയും കൊണ്ട് വരുന്നെന്നു അറിഞ്ഞിട്ടും കൺവെട്ടത്ത് വരാതെ ഒഴിഞ്ഞ് മാറിയത്..മോള് എന്നെ കാണുമ്പോൾ,മോൾക്ക് എന്നോടുള്ള സ്നേഹം കാണുമ്പോൾ ഭയമായിരുന്നു..
അറിയാതെ കുഞ്ഞിനെയൊന്ന് എടുത്തുപോയാൽ പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ ആകില്ല.. മനസ്സ് കല്ലാക്കിയാ നടന്നത്.. ഞാൻ ഗൗനിക്കുന്നില്ലെന്ന് കണ്ടാൽ കുഞ്ഞല്ലേ, അവൾ പയ്യേ എന്നെ മറന്നോളും എന്ന് കരുതി.. അവിടെയും ന്റെ കുഞ്ഞെന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചു…നീ എത്രയും പെട്ടന്ന് കുഞ്ഞിനേയും കൊണ്ട് പൊക്കോ.. ഇനീം നിന്നാൽ ഞാൻ എന്റെ മോളെ കൊണ്ട്പോകാൻ നിന്നെ സമ്മതിച്ചെന്ന് വരില്ല..” അവൻ കുഞ്ഞിനെ ചാരുവിന്റെ കയ്യിലേയ്ക്ക് നീട്ടി.. എന്നാൽ ചാരൂ കൈകെട്ടി നിന്നതല്ലാതെ കുഞ്ഞിനെ കൈനീട്ടി വാങ്ങിയില്ല… അവളുടെ മനസ്സ് എന്താന്ന് അവന് മനസ്സിലായായതെയില്ല.. സ്ത്രീകളുടെ മനസ്സ് പിടികിട്ടാത്ത മഹാപ്രഹേളികയാണെന്ന് പറയുന്നത് സത്യമാണെന്ന് ആ നിമിഷം ശ്രീരാഗിന് തോന്നി.. “നിങ്ങൾക്കിപ്പോഴും കുഞ്ഞിനെ മാത്രമാണ് വേണ്ടത്.. ഒരു പക്ഷേ കുഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങൾ എന്നെ ചേർത്ത് പിടിക്കുകമായിരുന്നില്ലല്ലോ..അതാ ഞാൻ പറയുന്നത് സഹതാപം മാത്രമാണ് എന്നോട്.. അതെനിക്കിഷ്ട്ടമല്ല..ഞാൻ അനുഭവിച്ച സങ്കടങ്ങളുടെ ആഴം നിങ്ങൾക്കറിയില്ല.. വീണ്ടും എന്നോട് തെറ്റിന് മേൽ തെറ്റല്ലേ ചെയ്യുന്നത്..” ഞാനും ഒരു പെണ്ണല്ലേ.. എന്റെ മാനസികാവസ്ഥ എന്നെങ്കിലും നിങ്ങള് മനസ്സിലാക്കിയിട്ടുണ്ടോ..?? ”
“ചാരൂ.. ഞാൻ നിന്നോട് പെരുമാറിയത് തെറ്റായി പോയി.. അനുവാദമില്ലാതെ ശരീരത്തിൽ തൊടാൻ പാടില്ലായിരുന്നു.. കുഞ്ഞിനോടൊപ്പം തന്നെ നീയും കേറിക്കൂടിയതാ ഈ നെഞ്ചിൽ.. ശരിയാ നീ പറഞ്ഞത്, എന്റെ കുഞ്ഞിന് വേണ്ടിയാ അനുവാദം ചോദിക്കാതെ നിന്റെ കഴുത്തിൽ താലിച്ചാർത്തിയത്..പക്ഷേ അന്നാ രാത്രിയിൽ തീരുമാനിച്ചതാണ്,ഊരും പേരും അറിയില്ലെങ്കിൽ കൂടിയും ഞാനായികളങ്കപ്പെടുത്തിയ നീ മാത്രമേ എനിക്കിനി വേണ്ടൂന്ന്.. അന്ന് തുടങ്ങിയ അന്വേഷണമായിരുന്നു… കണ്ടുകിട്ടയതോ, എന്റെ രക്തത്തിൽ പിറന്ന കുഞ്ഞുമായി..നിന്നിലൂടെ അറിഞ്ഞ എന്നോടുള്ള പ്രണയം എപ്പോഴോ എന്നിലും വേരുപിടിച്ചു തുടങ്ങിയിരുന്നു..അടുക്കളയിൽ വെച്ച് പിന്നിലൂടെ കെട്ടിപ്പിടിച്ചത് ആ പ്രണയം കൊണ്ടായിരുന്നു.. അതിൽ അല്പം പോലും കാമം കലർന്നിട്ടില്ല.. നിന്റെ ശരീരം അല്ല മനസ്സാണ് എനിക്ക് വേണ്ടത്..” ശ്രീരാഗ് കുഞ്ഞിനേയും എടുത്തുകൊണ്ട് അവൾക്കരികിലേയ്ക്ക് വന്നു.. അവളുടെ കൈയ്യും കുഞ്ഞിന്റെ കയ്യും അവൻ പൊതിഞ്ഞു പിടിച്ചു..
“പ്ലീസ് ചാരു.. ഞാൻ തെറ്റാണ് ചെയ്തത്..അത് തിരുത്താനുള്ള അവസരം നിഷേധിക്കരുത് നീ.. മോളോടൊപ്പം നിന്നെയും എനിക്ക് വേണം..പൊന്നുപോലെ നോക്കാം ഞാൻ.. വിഷമിപ്പിക്കില്ല.. എന്നെ തിരിച്ച് സ്നേഹിച്ചിങ്കിലും വെറുക്കാതിരുന്നാൽ മതി.നമ്മൾ അകന്നിരുന്നാൽ നഷ്ടമാകുന്നത് നമ്മുടെ കുഞ്ഞിന്റെ നല്ല ബാല്യമാണ്.. അമ്മയുടെ സ്നേഹത്തിനൊപ്പം എന്റെ കുഞ്ഞ് അവളുടെ അച്ഛന്റെ സ്നേഹവും ആഗ്രഹിക്കിന്നുണ്ടെന്ന് നീ തന്നല്ലേ പറഞ്ഞത്..മോൾക്ക് വേണ്ടിയെങ്കിലും, പ്ലീസ് ചാരൂ..” ചാരൂ ഒന്നും മിണ്ടിയതെയില്ല.. ഉള്ളിൽ ഉയരുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തലിലായിരുന്നു അവൾ.. “നിന്റെ ഈ മൗനം എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്.. സാരമില്ല..ഒന്നിനും വേണ്ടിയും ഞാൻ നിന്നെ പിടിച്ചു നിർത്തുന്നില്ല.. മോളെയും കൊണ്ട് തിരികെ പൊക്കോ.. ഞാൻ അറിഞ്ഞോ അറിയാതയോ ചെയ്തു പോയ തെറ്റുകൾക്ക് കാലം മറുപടി തരുന്നത് എന്റെ കുഞ്ഞിന്റെ സ്നേഹം നിഷേധിച്ചു കൊണ്ടാവാം.. നിനക്ക് എന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ലന്ന് ഞാൻ മറന്നു പോയി..പൊയ്ക്കോ ശ്രീരാഗിന്റെ പേരുപോലും നിന്റെ ജീവിതത്തിന്റെ സ്വസ്ഥത കളയാതിരിക്കട്ടെ..നിനക്ക് ഞാനുമായി ജീവിക്കാൻ കഴിയില്ലെന്ന് അന്നെനിക്ക് ബോധ്യമായതാണ്..ഞാൻ കെട്ടിയ താലി പോലും നിനക്കൊരു ഭാരമാണെന്ന് ബോധ്യമായപ്പോഴേ മനസ്സിൽ എടുത്ത ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു.. മനസ്സുണ്ടായിട്ടല്ല.. നിനക്ക് വേണ്ടി.. നിന്റെ സന്തോഷങ്ങൾക്ക് ഞാനൊരു തടസമാകരുതെന്ന് കരുതിയത്കൊണ്ട്..പക്ഷേ അതൊക്കെ വെറുതെയായിരിക്കുമെന്ന് ഈ നിമിഷം വരെ മനസ്സ് മോഹിച്ചു..പക്ഷേ… ഇപ്പൊ..” അവൻ കുഞ്ഞിനെ ചാരുവിന്റെ കയ്യിൽ കൊടുത്ത് അലമാര തുറന്നു..
അതിൽ നിന്നുമൊരു കടലാസ് അവളെ ഏൽപ്പിച്ചു.. ചാരു അത് വായിച്ചു നോക്കിയതും ഞെട്ടി ശ്രീരാഗിനെ നോക്കി.. “നിന്റെ നല്ല ജീവിതത്തിനു തടസമായി ഞാൻ ഇനി വരില്ല.. മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ ആണ്.. അന്ന് തിരികെ വന്ന് ആദ്യം ചെയ്തത് ഇതായിരുന്നു..എന്നെ ഒരു ഭർത്താവായി കാണാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറി തരേണ്ടതല്ലേ നല്ലത്..ആറുമാസം തികയുമ്പോൾ അപ്ലൈ ചെയ്യാം.. ഞാൻ ഒപ്പിട്ടേക്കാം.. നിന്നെ കണ്ടത് മുതൽ വേണ്ടാത്തൊരു മോഹം കയറിക്കൂടി.. ഒന്നിച്ചു ജീവിച്ചു തുടങ്ങാണെന്നൊരു കൊതിതോന്നി പോയി.. സാരമില്ല.. എന്റെ കുഞ്ഞിന് പോലും ചിലപ്പോൾ അമ്മയെ ചതിച്ച അച്ഛനോട് വെറുപ്പ് തോന്നും.. ഇപ്പോൾ ഇവൾ കുഞ്ഞല്ലേ.. ബുദ്ധിയുറച്ച് തുടങ്ങും നേരം വെറുപ്പും തുടങ്ങും.. ഞാനില്ലാത്ത ജീവിതമാണ് നീ ആഗ്രഹിക്കുന്നത്.. എന്നെങ്കിലും പറ്റിയൊരാളെ കണ്ടുമുട്ടുകയാണെങ്കിൽ നിനക്ക് സ്വീകരിക്കാൻ ഞാനൊരു തടസമാകില്ല..” ഒഴികിയിറങ്ങിയ കണ്ണീരിനെ തുടച്ചുകൊണ്ട് ഇടറുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു നിർത്തി.. അവൻ വിറയ്ക്കുന്ന കൈകളോടെ പേപ്പറിൽ സൈൻ ചെയ്ത് ചാരുവിന്റെ കയ്യിൽ കൊടുത്തു..ചാരു ഒരു പുച്ഛച്ചിരി ചിരിച്ചുകൊണ്ട് ആ പേപ്പർ അവന്റെ മുൻപാകെ കീറിക്കളഞ്ഞു.. ശ്രീരാഗ് അവളുടെ പ്രവൃത്തിയിൽ വിശ്വാസം വരാതെ തുറിച്ചു നോക്കി..
“നിങ്ങൾക്ക് ഇനിയും എന്നെ മനസ്സിലായില്ലേ ശ്രീയേട്ടാ..!!??എന്തിനാ എന്നെ വീണ്ടും തോൽപ്പിക്കുന്നത്.. നിങ്ങളെ ഉപേക്ഷിച്ചിട്ട് മറ്റൊരാളെ സ്വീകരിക്കണം അല്ലേ.. ഒരു കുഞ്ഞിനേയും തന്ന്, അനുവാദം ചോദിക്കാതെ താലിയും ചാർത്തി, ഇപ്പൊ ഞാൻ നിങ്ങൾക്ക് മാറ്റാരുടെയെങ്കിലും കൂടെ പോയിത്തരണം അല്ലേ.. മനസ്സില്ലെനിക്ക്.. ഞാൻ ഒരാളയെ പ്രണയിച്ചിട്ടുള്ളൂ.. അയാളെ ആദ്യമായി നേരിട്ട് കണ്ടപ്പോൾ പ്രേതീക്ഷിക്കാതെ സംഭവിച്ചത് ഞാനെന്നല്ല ഒരുപെണ്ണും സഹിക്കില്ല.. അത്ര പെട്ടന്ന് അതൊന്നും മറക്കാനും ആവില്ലെനിക്ക്..” “ചാരൂ.. ഞാൻ..” “മിണ്ടരുത് എന്നോട്..” ചാരൂ കുഞ്ഞിനേയും പിടിച്ചുകൊണ്ടു കരയാൻ തുടങ്ങി.. അവൾ കരയുന്നത് കണ്ടതും ശ്രീരാഗിനും സങ്കടമായി.. എന്തിനവൾ കരയുന്നെന്നുപോലും ശ്രീരാഗിന് വ്യക്തമായില്ല.. തന്നെ ചാരൂ സ്നേഹിക്കുന്നുണ്ടോ എന്നവനോട് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു.. അവൻ അവളുടെ തോളിൽ കൈവെച്ചതും അവൾ പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ തലചായ്ച്ചു.. ശ്രീരാഗിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..തന്നെ ആട്ടിയകറ്റിയവളാണ് ഇന്ന് മനസ്സാലേ ചേർന്ന് നിൽക്കുന്നത്.എങ്കിലും അവളെയും കുഞ്ഞിനേയും ചേർത്ത് പിടിക്കാൻ അവന്റെ കൈകൾക്ക് ഭയമായിരുന്നു..ഒരിക്കൽ കൂടി അവൾ തള്ളിപ്പറയുമോയെന്ന പേടിയായിരുന്നു..
“നിങ്ങള് യദുവേട്ടനോടും അമ്മയോടും പറയുന്നതൊക്കെ ഞാൻ കേട്ടു.. നിങ്ങളെ ഞാൻ പട്ടിണിക്കിട്ടിട്ട് പോലും എന്നോട് പരിഭവമോ പരാതിയോ പറഞ്ഞില്ല.. നിങ്ങള് പോയി കഴിഞ്ഞാണ് നിങ്ങടെ കൂട്ടുകാർ എന്നോട് അന്ന് നടന്നത് തുറന്ന് പറയുന്നത്.. യദുവേട്ടൻ പലപ്പോഴായി ഈ കാര്യം തുറന്ന് പറയാൻ വന്നപ്പോഴൊക്കെ സ്വന്തം ചേട്ടന്റെ ന്യായീകരണം കേൾക്കണ്ടെന്ന് തീർത്തു പറഞ്ഞിട്ടുണ്ട് ഞാൻ.. എത്ര നിരപരാധി ആണെങ്കിലും എന്റെ മനസ്സിൽ അയാൾ കുറ്റവാളിയാണെന്നും മാപ്പ് കൊടുക്കില്ലെന്നും ഞാൻ പറഞ്ഞതുകൊണ്ട് പിന്നീട് പറഞ്ഞിട്ടില്ല.. ഒരു പക്ഷേ യദുവേട്ടൻ പറഞ്ഞു വിട്ടതാവും അവരെ.. അവരുടെ വായിൽ നിന്ന് തന്നെ സത്യം ഞാൻ കേൾക്കാൻവേണ്ടി..ഇവിടെ വന്നുകഴിഞ്ഞ് പല തവണ ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴിക്കെയും എന്നെ ശ്രദ്ധിക്കാതെ അകന്ന് മാറി നടന്നു.. അന്ന് പിന്നാമ്പുറത്ത് നിൽക്കുന്നകണ്ട് സംസാരിക്കാൻ വേണ്ടി വന്നപ്പോഴാണ് എല്ലാം കേട്ടത്..അച്ഛന്റെ അവഗണന എന്റെ കുഞ്ഞിന് എത്രമാത്രം സങ്കടം ഉണ്ടാക്കിയെന്ന് നിങ്ങള് പോയി കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്.. ഞാൻ കാരണം ന്റെ മോൾക്ക് അവളുടെ അച്ഛനോടുള്ള സ്നേഹം ഇല്ലാണ്ടാവരുത്..അന്ന് നിങ്ങള് എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചപ്പോൾ ദേഷ്യപ്പെട്ടത് തല്ലിയതൊക്കെ എന്തിനാണെന്നോ.. ഒരിക്കൽ പോലും എന്റെ മനസ്സിൽ എന്താണ് ചോദിക്കാതെ എന്റെ മനസ്സിനെക്കാൾ പ്രാധാന്യം ശ്രീയേട്ടനെന്റെ ശരീശമാണെന്ന് തോന്നിപോയി..
ശരിക്കും ദേഷ്യവും സങ്കടവും നിങ്ങളെ പട്ടിണിക്കിട്ട കുറ്റബോധവും ഒക്കെചേർന്ന് തല്ലിപ്പോയതാ..” കുഞ്ഞൊന്ന് ശബ്ദം ഉണ്ടാക്കിയപ്പോഴാണ് താൻ ഇപ്പോൾ ശ്രീരാഗിന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുവാണെന്ന് ചാരുവിന് മനസ്സിലായത്.. അവൾ ചമ്മലൊടെ അവനിൽ നിന്നും അടർന്നു മാറി.. എന്നാൽ ഗൗരി ചാരുവിന്റെ കൈകളിൽ ഇരുന്ന് ശ്രീരാഗിന്റെ കഴുത്തിൽ കൈചേർത്ത് പിടിച്ചതിനാൽ അവൾക്ക് അകന്ന് മാറാൻ ആയില്ല.. ശ്രീരാഗിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയ്ക്ക് അന്ന് പത്തരമാറ്റായിരുന്നു.. അവൻ ചാരൂനെ തന്നിലേയ്ക്ക് ചേർത്തണച്ചു… സങ്കടത്തിന്റെ വാക്കുകളാലെ മനസ്സറിയാതെയാണ് കുറച്ചുമുൻപവന്റെ നെഞ്ചോരം ചാഞ്ഞത്.. എന്നാൽ ഇപ്പോൾ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ അവളിൽ വല്ലാത്തൊരനുഭൂതി നിറഞ്ഞു.. ശരീരം തൂവൽ പോലെ ഭാരമില്ലാതായപോലെ..അകന്ന് മാറാൻ ബുദ്ധിപറയുമ്പോഴും മനസ്സുകൊണ്ട് ആ ചേർത്ത് നിർത്തൽ അവളാഗ്രഹിച്ചിരുന്നു.. “ചാരൂ.. തമ്മിൽ പഴിചാരുന്നത് നിർത്തി നമ്മുക്ക് ഒന്നിച്ചു ജീവികൂടെ.. കൊതിയാടി നീയും മോളുമായൊരു ജീവിതം..” “അറിയില്ല.. അത്രപെട്ടന്ന് മനസ്സ്കൊണ്ട് എല്ലാം മായ്ച്ചു കളയാൻ പറ്റില്ലെനിക്ക്.. പക്ഷേ എനിക്കെന്റെ കുഞ്ഞിന്റെ അച്ഛനെ വേണം.. ഒരു ഭാര്യയെന്ന കടമകൾ എന്നെകൊണ്ട് ആവില്ല.. പക്ഷേ ശ്രമിക്കാം ഞാൻ..”
“മതി.. നിന്റെ മനസ്സിന്റെ മുറിവുകൾ സ്നേഹം കൊണ്ട് ഞാൻ മായ്ച്ച് കളഞ്ഞോളാം..നിനക്ക് പൂർണമായും എന്നിലെ ഭർത്തതാവിനെ എന്ന് ഉൾകൊള്ളനാവുമോ അതുവരെ ഞാൻ കാത്തിരുന്നോളാം.. കാത്തിരിപ്പിന് മധുരം കൂടുമെന്നല്ലേ..” ശ്രീരാഗ് നിറഞ്ഞ പ്രണയത്താലേ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു.. ചാരൂ ഞെട്ടിപ്പിടഞ്ഞ് അവനെ നോക്കി.. കണ്ണിൽ തന്നെയും മോളെയും മാത്രം ആവാഹിച്ചു നിൽക്കുന്നവനെ കാണെ ചാരൂ തലതാഴ്ത്തി..അതെന്തോ ഇഷ്ടപ്പെടാതെ കൊണ്ട് കുഞ്ഞിപ്പെണ് മുഖം വീർപ്പിച്ച് ചിണുങ്ങി..ശ്രീരാഗ് ചിരിയോടെ മോളുടെ കവിളിൽ ഉമ്മവെച്ചതും അമ്മേടെ കയ്യിൽ നിന്നും അച്ഛന്റെ മേലയ്ക്ക് പൂർണമായും ചേക്കേറിയവൾ.. “ച്ഛേ ” “എന്റെ കുശുമ്പത്തിപ്പാറുവാണോ ഇത് ” ശ്രീരാഗ് കൊഞ്ചലോടെ ചോദിച്ചു.. അവന്റെ നെഞ്ചിൽ ചവിട്ടി മേലേയ്ക്ക് കേറുന്നുണ്ടവൾ.. അവന്റെ മുഖത്തും ചാരുവിന്റെ മുഖത്തും മാറി മാറി ഉമ്മവെച്ചു കളിക്കുവാണവൾ.. “അതേ പിന്നോണ്ടല്ലോ.. എന്നെ ഇനി നിങ്ങളോന്നൊന്നും വിളിക്കരുത്.. ഇടയ്ക്ക് നീ വിളിക്കുന്നപോലെ ശ്രീയേട്ടാന്ന് വിളിക്കുവോ.. അതുപോലെ എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന് പറയാതെ നമ്മുടെ കുഞ്ഞെന്ന് പറയണം.. പിന്നെ ഈ നെറുകിൽ ഇത്തിരി സിന്ദൂരവും.. ഇതൊക്കെ നിനക്ക് സമ്മതമാണെങ്കിൽ മാത്രം മതി.. നിർബന്ധിക്കില്ല..”
“എനിക്ക് സമ്മതമാണ്.. ഇങ്ങോട്ട് പോരുന്നതിന് മുൻപേ എന്റെ അമ്മ (മദർ )എന്നോട് പറഞ്ഞിരുന്നു അനാവശ്യ വാശികൾ കാരണം ബന്ധങ്ങൾ അറ്റുപോകാൻ എളുപ്പമാണെന്ന്, അത് കൂട്ടിച്ചർക്കാൻ പാടാണെന്നും.. എന്റെ.. അല്ല.. നമ്മുടെ കുഞ്ഞിന് വേണ്ടി ശ്രീയേട്ടനെ സ്നേഹിക്കാൻ ശ്രമിക്കാം ഞാൻ.. നാളെ മോള്, അവളെ അച്ഛനിൽ നിന്നും അകറ്റിയെന്ന് എന്നെ കുറ്റപ്പെടുത്തിയാൽ ഞാൻ സഹിച്ചെന്നുവരില്ല.. അവൾക്ക് ശ്രീയേട്ടൻ സ്നേഹനിധിയായ അച്ഛനാണ്..” അവൾ ശ്രീരാഗിലേയ്ക്ക് ഒന്നൂടി ചേർന്ന് നിന്നു.. ആ നെഞ്ചിലേയ്ക്ക് സങ്കടങ്ങളെയെല്ലാം ഒഴുക്കിവിട്ട് നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ വല്ലാണ്ടൊരു സുരാക്ഷിതബോധം അവൾക്ക് തോന്നി.. ശ്രീരാഗിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. ഈ നടക്കുന്നത് സ്വപ്നമാണോയെന്നു പോലും തോന്നിപ്പോയവന്.. ഒരുപാട് കൊതിച്ചതാണ് ഈ മുഹൂർത്തം, കുഞ്ഞിനേയും ചാരുവിനെയും നെഞ്ചോട് ചേർത്തതങ്ങനെ നിൽക്കുന്നത്.. 🌺🌺🌺🌺 ചാരു കുഞ്ഞിനേയും എടുത്ത് കൊണ്ട് ശ്രീരാഗിന് പുറകെ പോയത് കണ്ട് മറ്റുള്ളവർക്ക് അത് അടുത്ത വഴക്കിനുള്ള പോക്കാണോ എന്ന് പേടിയായിരുന്നു..ചാരു പോയി അധികം വൈകാതെ അവളുടെ പുറകെ തന്നെ അവരും ചെന്നിരുന്നു..എന്നാൽ അവർതമ്മിലുള്ള സംഭാഷണം ഉച്ചത്തിലായതിനാൽ മുറിക്ക് പുറത്ത് നിന്നു.. കുറച്ചു നേരം അകത്തു നിന്ന് ചാരുവിനയേയും ശ്രീരാഗിന്റെയും ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ ഭാഗി മുറിയിലേക്ക് എത്തിനോക്കി..
ഷോക്കടിച്ച കാക്കയെ പോലെ നിൽക്കുന്നവളെ കണ്ട് അവളുടെ നോട്ടം പോയിടത്തോട്ട് നോക്കിയതും ശ്രീരാഗിന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന ചാരുവിനെയും മോളെയുമാണ് യദു കണ്ടത്..ശ്രീരാഗിന്റെ കൈകളും ചാരുവിനെ ചുറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടവൻ ഭാഗിയെ നോക്കി.. അവിടെയും ഇതൊക്കെ തന്നെ അവസ്ഥ.. “യദുവേട്ടാ.. ഒന്ന് പിച്ചിക്കേ എന്നെ.. ഞാൻ സ്വപ്നം കാണുവാണോന്ന് സംശയം..” കൈ യദുവിന് നേരെ നീട്ടിക്കൊണ്ട് ഭാഗി പറഞ്ഞു..യദു ഭാഗിയുടെ കൈകളിൽ നുള്ളി.. “ഹോ…” ഭാഗി എരിവ് വലിച്ചു.. “നുള്ളിപ്പറിച്ചല്ലോ.. ഒന്ന് പതിയെ പിച്ചാൻ പറഞ്ഞതിന് തൊലി പറിച്ചെടുത്തു.. ഹോ..” കൈ തൂത്തുകൊണ്ട് യദുവിന് നേരെയവൾ മുഖം വീർപ്പിച്ചു.. “രണ്ടുപൂച്ചകളും കൂടി പാല് കട്ടുകുടിയ്ക്കുവാല്ലേ..” ഭാഗി ആകത്തേക്ക് ചെന്ന് ചോദിച്ചതും ശ്രീരാഗും ചാരുവും ഞെട്ടിപ്പിടഞ്ഞ് അകന്ന് മാറി.. അപ്പോഴാണവർ മുറിയ്ക്ക് പുറത്ത് നിൽക്കുന്നവരെ കണ്ടത്.. എല്ലാവരുടെ നോട്ടവും തങ്ങളിലാണെന്ന് കണ്ടതും ചാരുവിന് ജാള്യത തോന്നി.. അവൾ മുഖം കുനിച്ചു നിന്നു…അപ്പോഴും ചരുവിന്റെ കൈ ശ്രീഗിന്റെ കയ്യിൽ ഭദ്രമായിരുന്നു..
രാധിക അവരുടെ അടുത്തേക്ക് വന്നു.. കുഞ്ഞു ഗൗരിയെ കയ്യിൽ വാങ്ങി ചാരുവിന്റെ മുഖം ഉയർത്തി നെറുകിൽ ഉമ്മ വെച്ചു.. “അമ്മയ്ക്ക് സന്തോഷമായി മക്കളെ..നിങ്ങള് ഇങ്ങനെ ചേർന്ന് നിൽക്കുന്നത് കാണാനാണ് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നത്..കഴിഞ്ഞു പോയതെല്ലാം മറന്ന് ഒരുമിച്ച് ജീവിക്കണം.. ഒരുപാട് ജീവിതം മുന്നോട്ടുണ്ട്.. എന്റെ മോനെ ഉൾക്കൊള്ളാൻ മോൾക്ക് സമയം വേണമെന്നറിയാം..നിങ്ങള് സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം..” മുറിയിലേയ്ക്ക് എല്ലാവരും കയറി അവരെ രണ്ടുപേരെയും കണ്ണ് നിറച്ച് കണ്ടു.. കുഞ്ഞിനേയും എടുത്ത് കൊണ്ട് മുറിവിട്ട് പോകുമ്പോൾ ഓരോരുത്തരുടെയും മനസ്സ് കാർമേഘം പെയ്തുതോർന്ന തെളിഞ്ഞ ആകാശമായിരുന്നു.. അന്ന് രാത്രിയിൽ തെളിഞ്ഞ, നിറഞ്ഞ മനസാലെ കുഞ്ഞിനേയും ചാരുവിനെയും ചേർത്ത് പിടിച്ചുറങ്ങുമ്പോൾ ശ്രീരാഗിനും ചാരുവിനും വേണ്ടിയൊരു ഒരു വസന്ത കാലം വരവറിയ്ക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു … (തുടരും…)

by