16/04/2026

നിന്നോരം : ഭാഗം 28

രചന -ആതിര

ഹോസ്പിറ്റലിൽ എത്തുന്നത് വരെ യദുവിന് ശ്വാസം നേരെ വീഴുന്നുണ്ടായിരുന്നില്ല..കണ്ണടച്ചാൽ തെളിയുന്നതൊക്കെ വെള്ളപ്പുതച്ചു കിടക്കുന്ന ചാരുവും കുഞ്ഞും.. അരുതാത്തതൊന്നും സംഭവിക്കില്ലന്ന് ഓരോ വട്ടവും പറഞ്ഞിട്ടും അനുവാദം ചോദിക്കാതെ കടന്ന് വരുന്നതൊക്കെയോ വേണ്ടാത്ത ചിന്തകൾ മാത്രം.. യദുവും മുരളിയും പോയ പുറകെ തന്നെ വീട്ടിൽ ഇരുപ്പുറയ്ക്കാതെ ശ്രീരാഗും ഹോസ്പിറ്റലിലോട്ട് ഇറങ്ങി.. ഹോസ്പിറ്റൽ മോർച്ചറിയുടെ വാതിൽ യദുവിനായി തുറന്ന് കൊടുത്തു.. അവനൊപ്പം എസ് ഐയും ചെന്നു.. മോർച്ചറി ജീവനക്കാരൻ വെള്ളപ്പുതച്ച ശരീരത്തെ മറച്ചിരുന്ന തുണി മാറ്റി കാണിച്ചു.. ഒന്നേ നോക്കിയുള്ളൂ.. യദു വെളിയിലേയ്ക്കോടി.. പുറത്തേ ചുവരിൽ ചാരി നിന്ന് കരഞ്ഞുകൊണ്ട് കിതപ്പടക്കാൻ പാട്പ്പെട്ടു..

എസ് ഐ യും അവന് ഒന്ന് ഓക്കേ ആകെട്ടെയെന്ന് കരുതി..വിനയനും യദുവിന്റെ കണ്ണീരുകണ്ട് തളർന്നു പോയി.. അവന്റെ തോളിൽ തട്ടി അയാൾ അവനെ ആശ്വസിപ്പിച്ചു.. ഈ രംഗം കണ്ടുകൊണ്ടാൻ ശ്രീരാഗ് വന്നത്.. കരയുന്ന യദുവിനെ കണ്ടതും ശ്രീരാഗിന് പിടിച്ചു നിൽക്കാനായില്ല. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ തോന്നി.. “എന്റെ ചാരൂ.. ഞങ്ങടെ കുഞ്ഞ്.. ചതിച്ചല്ലോ ദൈവമേ…” നെഞ്ചുപൊട്ടുമാറുച്ചത്തിൽ വിളിച്ചു കൊണ്ടോവാൻ മോർച്ചറിയിലേയ്ക്ക് ഓടി.. എന്നാൽ അതിനടുത്ത്തേയ്ക്ക് എത്തും മുൻപേ അവന്റെ കയ്യിൽ യദുവിന്റെ പിടി വീണു.. യദുവിന്റെ മുഖത്തേയ്ക്ക് വ്യഗ്രതയോടെ ശ്രീരാഗ് നോക്കിയതും അവൻ വിലങ്ങനെ തല ചലിപ്പിച്ചു.. മനസ്സിലായില്ലെന്നപോലെ ശ്രീരാഗ് അവനെ മിഴിച്ചു നോക്കി.. “പോകണ്ടേട്ടാ.. അത്.. അത്.. നമ്മുടെ ചാരുവല്ല..” അവന് നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു.. “ചാരുവാകരുതേയെന്ന് ഓരോ നിമിഷവും പ്രാർത്ഥിക്കുകയായിരുന്നു.. അല്ലെന്ന് അറിഞ്ഞതും വന്നത് ആനന്ദക്കണ്ണീരാണ്.. ദൈവത്തോടെ നന്ദി പറയുവാരുന്നു..

” ശ്രീരാഗിനും സമാധാനമായി.. എങ്കിലും ഇപ്പോഴും അവര് തന്നിൽ നിന്ന് അകലെയാണെന്നത് അവനിൽ നോവുണർത്തി.. “സോറി ഫോർ തേ ട്രബിൾ..നിങ്ങൾ തിരഞ്ഞു നടക്കുന്ന ആളല്ലല്ലോ..” യദുവിന്റെ വാക്കുകൾ കേൾക്കെ എസ് ഐ പറഞ്ഞു.. “അല്ല സർ.. താങ്ക്സ്..” വളരെ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്… എന്തായി മോനെ പോയ കാര്യം..?? മടങ്ങിവന്ന അവരോട് മാലിനി വേവലാതിയോടെ ചോദിച്ചു.. അവർ വന്നതറിഞ്ഞ് ഭാഗിയും അങ്ങോട്ട് ചെന്നു.. “പേടിക്കണ്ട.. അത് നമ്മുടെ ചാരുവും മോളും അല്ല.. നമ്മളെ പറ്റിക്കാൻ എവിടെയോ ഒളിച്ചിരിക്കുവല്ലേ കുഞ്ഞിനേയും കൊണ്ടവൾ.. ശ്രീരാഗ് നോവോടെയാണ് പറഞ്ഞ് നിർത്തിയത്..താൻ മൂലം അപമാനഭാരത്താൽ എത്രമാത്രം അവൾ സങ്കടപ്പെട്ടിട്ടുണ്ടാവും.. തനിച്ചായത് പോലെ തോന്നിയിട്ടുണ്ടാവില്ലേ..അതൊക്കെ ഇപ്പൊ താനും അനുഭവിക്കുകയാണ്…നീയും മോളും കഴിഞ്ഞിരുന്ന മുറിയാണ് എന്നെന്റെ ലോകം..

ഭാഗി വീണ്ടും ജോലിക്ക് പോകാൻ തുടങ്ങി.. ഭാഗിയുടെ നിർബന്ധം കാരണം യദുവും നാട്ടിൽ തന്നെ ജോലിക്ക് ശ്രമിച്ചു.. അവനും ബാംഗ്ലൂർ നഗരത്തിന്റെ ഓർമകളിൽ നിന്നും പൂർണമായൊരു മടക്കം വേണമായിരുന്നു.. അപ്പോഴും ഒരു തീക്കനലായി ചാരുവിനെയും മോളെയും കണ്ടുപിടിക്കാൻ പറ്റിയില്ലല്ലോ എന്ന ചിന്ത മനസ്സിനെ പൊള്ളിക്കുന്നു.. പുതിയ ഓഫീസിലെ എന്തോ ആവശ്യത്തിനായി പണ്ട് ജോലി ചെയ്തിരുന്ന ഓഫീസിലെ ചില പേപ്പേഴ്സ് വേണമായിരുന്നു.. അന്ന് അവിടുന്ന് പോന്നതിൽ പിന്നെ അതെല്ലാം കൊണ്ട് മുറിയിലെ അലമാരയിൽ വെച്ചിരിക്കുകയായിരുന്നു.. വേണ്ടത്തെല്ലാം എടുത്ത് അലമാര അടയ്ക്കുമ്പോഴാണ് മുകളിൽ വെച്ചിരിയ്ക്കുന്ന ബോക്സ്‌ ശ്രദ്ധയിൽ പെട്ടത്.. വരുണിന്റെ ചില സാധനങ്ങൾ അടങ്ങിയ കാർഡ്ബോർഡ് ബോക്സ്‌ ആയിരുന്നു അത്.. എന്തോ ഒരുൾപ്രേരണയാൽ യദു അതെടുത്തു… അവന്റെയും ചാരുവുന്റെയും ഫ്രെയിം ചെയ്ത ഫോട്ടോസും പിന്നെ പലതിന്റെയും ഫോട്ടോസ്റ്റാറ് കോപ്പിസും അവന്റെ സർട്ടിഫിക്കസും ആയിരുന്നു അതിൽ..ഫഴയ ഓർമകളിലേക്ക് മനസ്സ് ഊളയിട്ടതും ഇന്നിന്റെ പൊള്ളുന്ന യാഥാർഥ്യം അവയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ഒരു ദീർഘശ്വാസം എടുത്ത്കൊണ്ട് അവനത് യഥാ സ്ഥാനത്ത് വെച്ചു.

എന്നാൽ താഴെ കിടക്കുന്ന ഒരു കുഞ്ഞ് പേപ്പർ കണ്ടവൻ അത് കുനിഞ്ഞു കയ്യിലെടുത്തു..ഒരു റസീപ്റ്റ് പേപ്പർ ആയിരുന്നു അത്.. എന്നാൽ എന്തോ ഒന്ന് കണ്ണിൽ ഉടക്കിയതും അവൻ വീണ്ടുമാ ബോക്സ്‌ എടുത്തു.. ചാരുവും വരുണുമുള്ള ഫോട്ടോസിൽ അവൻ തേടിയത് കണ്ടെത്തി..കയ്യിലെ രസീതിലേയ്ക്കവൻ മാറി മാറി നോക്കി..അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..ഇത്രയും നാൾ അലട്ടിയ പ്രേശ്നത്തിന് പരിഹാരമാറിയിരിക്കുന്നു.. ഇനി ഒത്തുചേരലുകളുടെ ദൂരം മാത്രം.. 🌺🌺🌺 “അമ്മേ,, ശ്രീയേട്ടാ,, അച്ഛാ…” യദു വളരെ സന്തോഷത്തോടെ അവരെ വിളിച്ചു.. “ഞങ്ങൾ ഉമ്മറത്തുണ്ട്..ഇങ്ങ് വാ..” അതീവ സന്തോഷത്തോടെ അവൻ രാധികയെ കെട്ടിപ്പിടിച്ചു.. “ശ്രീയേട്ടാ നമ്മൾ അന്വേഷിച് നടന്നതെന്തോ അത് കിട്ടി..” യദു രസീതും ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും ശ്രീരാഗിനെ ഏൽപ്പിച്ചു.. “ഇതെന്താ..എനിക്ക് മനസ്സിലായില്ല..” “ഇത് നോക്ക് ശ്രീയേട്ടാ,,ഇത് ക്യാഷ് ട്രാൻസ്ഫർ ചെയ്ത അഡ്രെസ്സ് ആണ്.. നോക്കിക്കേ സെന്റ്.ജോസഫ് ഓർഫൻനേജ് ചന്ദനക്കാവ് (*സങ്കല്പിക പേര് *) ശ്രീരാഗിനോ മറ്റുള്ളവർക്ക് അവന് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല..

“ഏട്ടാ.. ചാരുവും വരുണും ഇവിടെയാണ് താമസിച്ചിരുന്നത്.. ഈ ഒരു ഓപ്ഷൻ ഞാൻ ചിന്തിച്ചതേയില്ല..അവൾക്ക് പോകാനുള്ള ഏക സ്ഥലം ഇതാണ്.. ഒരു പക്ഷേ ചാരു ഗൗരിമോളെയും കൊണ്ട് പോയത് ഇവിടേക്കാണെങ്കിലോ..” എല്ലാരുടെയും കണ്ണിൽ പ്രതീക്ഷയുടെ പൊൻതിരി തെളിഞ്ഞു.. “പോകാം നമുക്ക്.. എന്റെ ചാരൂം കുഞ്ഞും അവിടെ തന്നെ കാണും..എനിക്ക് ഉറപ്പാണ്..എത്രേം പെട്ടന്ന് നമുക്ക് പോകാം..” ശ്രീരാഗിന് സന്തോഷം അതിന്റെ ഉച്ഛസ്ഥായിയിൽ ആയിരുന്നു.. ചാരൂനെയും കുഞ്ഞിനേയും ഇനി കൂടെകൂട്ടാം.. എന്റെ മോളേ വീണ്ടും എനിക്കീ നെഞ്ചിൽ തട്ടിയുറക്കാം.. അവളുടെ ചിരിയും കൊഞ്ചലും തിരികെ കിട്ടാൻ പോകുന്നു.. ശ്രീരാഗിനെ മനസ്സിലെ സന്തോഷം പലവിധ ചിന്തകൾക്ക് വഴിമാറി.. നിറമുള്ള സ്വപ്നങ്ങളായി അവ പരിണമിച്ചു… “മോനെ നമുക്ക് എല്ലാവർക്കും കൂടെ പോകാം.. ഞങ്ങളും വരുന്നുണ്ട്.. എനിക്കും ചാരുവിനെയും ഗൗരിമോളെയും കാണാൻ തിടുക്കമായി..” രാധിക അതീവ സന്തോഷത്തോടെ പറഞ്ഞു.. വിരങ്ങൾ എല്ലാവരോടും പറഞ്ഞപ്പോൾ അവരും രാധികയുടെ അഭിപ്രായത്തെ പിന്താങ്ങി.. –

പിറ്റേന്ന് രാവിലെ തന്നെയവർ ചന്ദനക്കാവിന് പുറപ്പെട്ടു.. ഇവിടെനിന്നും മൂന്ന് മണിക്കൂറോളം യാത്രയുണ്ട് അങ്ങോട്ടേക്ക്.. യദു ബൈക്കിലും മറ്റുള്ളവർ കാറിലുമായി യാത്ര തിരിച്ചു… “അമ്മേ ഇപ്പൊ ഗൗരിയ്ക്ക് നാലുമാസം ആയിക്കാണില്ലേ.. കുഞ്ഞിന് നമ്മളെയൊക്കെ മനസ്സിലാകുവോ..??” ഭാഗി വളരെ സന്തോഷത്തിലായിരുന്നു.. “ആവോ..ഇപ്പൊ കുറേയായില്ലേ നമ്മളെയൊക്കെ കണ്ടിട്ട്.. ഇനി നമ്മുടെ കൂടല്ലേ അവര്,,അത് മാറിക്കോളും..” (മാലിനി ) “പാവം പെറ്റ് എഴുന്നേറ്റിട്ട് മാസം ഒന്ന് തികയുന്നതിന് മുൻപേ യദുവുമായി ഇങ്ങ് പോന്നില്ലേ.. പ്രസവ രക്ഷയൊന്നും കിട്ടിയിട്ടില്ലല്ലോ.. അന്ന് യദുവിന്റെ കയ്യിൽ ചാരുവിന് വേണ്ടി കുറച്ചു ലേഹ്യം ഉണ്ടാക്കി കൊടുത്തിരുന്നു.. അല്ലാതെ ആ അവസ്ഥയിൽ എനിക്ക് എല്ലാം അറിഞ്ഞകണ്ട് ചെയ്യാൻ പറ്റില്ലായിരുന്നല്ലോ.. ആ.. അല്പം താമസിച്ചെങ്കിലും വീട്ടിൽ വന്നിട്ട് എല്ലാം അതിന്റെ മുറ പോലെ ചെയ്ത് കൊടുക്കണം..” രാധിക ഒരമ്മയെന്ന നിലയിൽ ചെയ്യേണ്ട കർത്തവ്യങ്ങളെ കുറിച് വാചാലയായി..

“അവരെ തിരികെ കൊണ്ടുവന്നിട്ട് നമ്മുക്ക് അമ്പലങ്ങളിൽ ഒക്കെ പോകണം.. കുറെ വഴിപാട് ഉണ്ട്.. ചാരു ആശുപത്രിയിൽ കിടന്നപ്പോഴും ചാരൂനെയും കുഞ്ഞിനേയും കാണാതെ പോയപ്പോഴും ഞാൻ നേർന്നിരുന്നത്…”(മാലിനി ) “അമ്മേ ഞാൻ ചാരൂനെ ഇനി ചാരുവേട്ടത്തീന്ന് വിളിക്കട്ടെ.. ശ്രീയേട്ടനും ചാരുവേട്ടത്തീം.. നല്ല രസോണ്ടല്ലേ..” അവളാ പേര് വീണ്ടും ഉച്ചരിച്ചു നോക്കി *ചാരുവേട്ടത്തി*… ” “അതേ രാധികേ ചാരുവിനെ തിരികെ കൊണ്ടുവന്നാൽ ഉടനെ നല്ല മുഹൂർത്തം നോക്കി ശ്രീയുടെയും ചാരുവിൻറെയും കല്യാണം നടത്തണം.. ഇനീയും വെച്ചു താമസിക്കുന്നതിൽ അർത്ഥമില്ല…” അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന മുരളി അഭിപ്രായപ്പെട്ടു.. “അതിന് ചാരൂ സമ്മതിക്കുമോ..??” അത്രയും നേരം എല്ലാം സന്തോഷത്തോടെ കേട്ടുകൊണ്ടിരുന്ന ശ്രീരാഗ് രാധികയുടെ ആ ചോദ്യത്തിൽ ഒരു നിമിഷം തറഞ്ഞു നിന്നു.. ചാരു ക്ഷമിക്കുമോ തന്നോട്.. പെട്ടന്ന് പൊറുക്കാൻ കഴിയുന്ന തെറ്റല്ല ചെയ്തത്.. ഒരു വേള അവൾ കൂടെവരാൻ കൂട്ടാക്കാതിരിക്കുമോ എന്ന് പോലും അവൻ ഭയപ്പെട്ടു..

നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.. “സമ്മതിപ്പിക്കണം..ഗൗരിമോൾ വളർന്നു വരികയാണ്..മോളേ ഓർത്തെങ്കിലും ചാരുവിനോട് സമ്മതിക്കാൻ പറയണം.. ഉടനെ ഒന്നും ജീവിച്ചു തുടങ്ങാൻ രണ്ടാൾക്കും പറ്റില്ലന്നറിയാം.. പോകെ പോകെ എല്ലാം ശരിയായിക്കോളും ” ആ മറുപടി ശ്രീരാഗിന്റെ ഉള്ളം കുറച്ചൊന്നുമല്ല തണുപ്പിച്ചത്.. എന്നോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല ചാരൂ..ശ്രീരാഗിന്റെ ഭാര്യ നീ തന്നെയാണ്.. എനിക്കൊരു കുടുംബ ജീവിതമുണ്ടെങ്കിൽ അത് നിനക്കും നമ്മുടെ മോൾക്കൊപ്പവുമാണ്.. ഇനിയും കുഞ്ഞിൽനിന്നും നിന്നിൽ നിന്നും അകന്ന് നിൽക്കാൻ പറ്റില്ലെനിക്ക്.. – 🌺🌺🌺 – – കാർ നഗരത്തിന്റെ തിരക്കുകളും പിന്നിട്ട് ചന്ദനക്കാവിലെത്തി.. നഗരത്തിന്റെ കെട്ടുമാറാപ്പുകളില്ലാത്ത എന്നാൽ അത്യാവശ്യ സൗകര്യങ്ങളുള്ളൊരു നാട്ടിൻപുറം.. അവിടുന്ന് പത്ത് മിനിറ്റോളം യാത്രയുണ്ട് ഈ പറഞ്ഞ ഓർഫനേജിലേക്ക്.. കറക്റ്റ് സ്ഥലം അറിയാത്തതിനാൽ വായിൽ ഒന്ന് രണ്ട് പേരോട് ചോദിച്ചാണ് യാത്ര തുടർന്നത്..

നീണ്ട യാത്രയ്ക്ക് ശേഷം അവർ ലക്ഷ്യ സ്ഥാനതത്തേയ്ക്ക് എത്തി ചേർന്ന്.. കാറിൽ നിന്നിറങ്ങിയവർ അവിടെയുള്ള ബോർഡിലേയ്ക്ക് നോക്കി.. “സെന്റ്. ജോസഫ് ഓർഫനജ്, ചന്ദനക്കാവ്..” ജീവിതത്തിലെ പുതിയൊരു അദ്ധ്യായത്തിനു തുടക്കം കുറിയ്ക്കാൻ കാലം തടഞ്ഞ് നിർത്തിയിരുന്ന സമയം ആ മണ്ണിൽ അവസാനിക്കുകയാണ്.. ജീവിതത്തിലേക്ക് എന്നെന്നും ചേർത്ത് വെക്കാനുള്ള കൂടികാഴ്ചകൾക്ക് വേദിയൊരുങ്ങാൻ നിയതി തീരുമാനിച്ച സമയം സമാഗതമാവുകയായിരുന്നു..
(തുടരും..)