രചന – ആതിര
രാത്രി ഇത്തിരി വൈകിയാണ് അവർ വീട്ടിൽ എത്തിയത്..ഗൗരി മോള് ഇതിനോടകം തന്നെ ശ്രീരാഗിന്റെ തോളിൽ കിടന്ന് ഉറങ്ങിയിരുന്നു.. ചാരു ഭാഗിക്കൊപ്പം അവരുടെ വീട്ടിലേയ്ക്കാണ് കയറിയത്.. അതിനുമുൻപവൾ ശ്രീരാഗിന്റെ തോളിൽ നിന്നും കുഞ്ഞിനെ എടുത്തു.. ഉറക്കം തടസപ്പെട്ടതിനാൽ കുഞ്ഞ് കരയുകയും എന്നാൽ പെട്ടന്ന് തന്നെ അമ്മയുടെ തോളിൽ കിടന്ന് വീണ്ടും ഉറങ്ങുകയും ചെയ്തു.. ഇത്രയും നേരം അനുഭവിച്ച സന്തോഷം ശ്രീരാഗിന് പെട്ടന്ന് നഷ്ടമായി.. കുഞ്ഞിനേയും കൊണ്ടവൾ അകത്തേക്ക് തിരിഞ്ഞതും അവളുടെ പുറകിലൂടെ ചെന്ന് തോളിൽ കിടക്കുന്ന ഗൗരി മോളുടെ നെറ്റിയിലവൻ ഉമ്മവെച്ചു.. ‘അച്ഛേടെ പൊന്നേ ‘ നേർത്ത സ്വരത്തിൽ കുഞ്ഞിനെ വിളിച്ചിട്ട് ആ മുടിയിൽ തലോടി ശ്രീരാഗ് വീട്ടിലേക്ക് നടന്നു.. “ചാരു.. ഒന്നിങ്ങു വന്നേ..” അകത്തേയ്ക്ക് കയറുന്ന ചാരുവിനെ യദു വിളിച്ചു..ഒപ്പം ഭാഗിയോട് കണ്ണുകൊണ്ട് എന്തോ പറഞ്ഞു.. “മോളേ ഇങ്ങ് താ.. ഞാൻ കൊണ്ടുപോയി കിടത്താം..” ചാരുവിൻറെ തോളിൽ നിന്നും ഭാഗി കുഞ്ഞിനേയും എടുത്ത് കൊണ്ട് മുറിയിലേയ്ക്ക് പോയി..
“ചാരു..ശ്രീയേട്ടനാണ് ഗൗരിമോളുടെ അച്ഛനെന്ന് നിനക്ക് അറിയാമായിരുന്നിട്ടും എന്തിനാ നീ അതെന്നോട് മറച്ചുവെച്ചത്.. ഇത് നിന്നോട് അവിടെ വെച്ച് ചോദിക്കണ്ടന്നു കരുതിയാണ് ഇപ്പോൾ ചോദിക്കുന്നത്…” “എനിക്കറിയാമായിരുന്നു എന്റെ കുഞ്ഞിന്റെ അച്ഛനെ.. പക്ഷേ ശരിയായ മാർഗത്തിൽ എനിക്കുണ്ടായതാണോ എന്റെ കുഞ്ഞ്..എന്നെ ഓർത്തിരിയ്ക്കുന്നുണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. ഇങ്ങനെ ഒരു കുഞ്ഞുണ്ടോന്ന് അറിയാത്ത ഒരാളെ കാണിച്ചുതന്നാലും സമൂഹം എന്നെ മാത്രമെ പഴിക്കുള്ളൂ..ഇനി ഞാൻ ആ പേര് നിങ്ങളോട് പറയുന്ന നിമിഷം വരുണേട്ടൻ അടങ്ങിയിരിക്കുമോ.. നിങ്ങൾ രണ്ടുപേരും പരസ്പരം പിണങ്ങാനും അത് മതി..എത്രയൊക്കെ കൂട്ടാന്ന് പറഞ്ഞാലും യദുവേട്ടൻ സ്വന്തം ചേട്ടനോട് തോന്നുന്ന സോഫ്റ്റ്കോർണർ വരുണേട്ടന് തോന്നില്ല… ആ സമയത്തല്ലേ ശ്രീയേട്ടന്റെ കല്യാണവും ഉറച്ചത്.. ഞാൻ കാരണം ആരുടേയും സന്തോഷങ്ങൾ തകരേണ്ടന്ന് കരുതി..പിന്നെ എന്റെ മോൾക്ക് അങ്ങനൊരച്ഛനും വേണ്ടെന്ന് വെച്ചു..
പക്ഷേ എനിക്കുണ്ടായതൊക്കെയും നഷ്ടങ്ങൾ ആയിരുന്നു..” “നിനക്ക് ശ്രീയേട്ടനോട് പ്രണയമായിരുന്നോ…??” അവനിൽ നിന്നും വന്ന ആ ചോദ്യത്തിൽ ചാരുവൊന്ന് പതറി…ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ടവൾ പറഞ്ഞു തുടങ്ങി.. “ആയിരുന്നു… യദുവേട്ടനിൽ നിന്നും കേട്ട് ശീലിച്ച ആ ശ്രീയേട്ടനെ എപ്പോഴോ ഹൃദയവും കൊതിച്ചിരുന്നു.. ആ രൂപം എന്നിൽ അത്രയും പതിഞ്ഞുപോയിരുന്നു.. എന്നാൽ മറ്റൊരു പെണ്ണിന് വാക്ക് കൊടുത്തു എന്നറിഞ്ഞ നിമിഷം അവസാനിച്ചതാണത്..” “ഇപ്പോഴും നിനക്ക് എന്റേട്ടനെ ഇഷ്ടമാണോ..??” “അല്ല..എനിക്ക് ഇനി അതിന് കഴിയില്ല..” “ചാരൂ.. നീ..” “വേണ്ട യദുവേട്ട.. യദുവേട്ടൻ പറഞ്ഞാൽ ഞാൻ അനുസരിച്ച് പോകും.. അതാ എന്റെ ശീലം.. അതുകൊണ്ട് എന്നോട് വേറൊന്നും ആവശ്യപ്പെടരുത്.. എനിക്കെന്റെ മോള് മതി.. ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ വളരെ ഹാപ്പിയാണ്..യദുവേട്ടൻ ഇനി എന്നെയും മോളെയും ഓർത്ത് പേടിക്കണ്ട.. കണ്ടില്ലേ അവിടെ ഞങ്ങളെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട്..”
“നിനക്കവിടെ നിന്നൂടെ മോളേ..?” “അത് ശരിയാവില്ല.. ഓർഫനേജ് എന്റെ വീടാണ്.. അവിടെ നിൽക്കുന്നത് എനിക്ക് സന്തോഷമേയുള്ളൂ.. അതൊരു കുറച്ചിലായി എനിക്ക് തോന്നിട്ടോയില്ല..” കുഞ്ഞിന്റെ കരച്ചിൽ അകത്തു നിന്ന് കേട്ടതും ചാരു വെപ്രാളത്തോടെ അവനെ നോക്കി.. “പോകുവാ.. എഴുന്നേറ്റനാൽ എന്നെ കണ്ടില്ലേൽ മോള് കരയും..ശരി യദുവേട്ടാ..” അകത്തേയ്ക്ക് തിരക്കിപിടിച്ചു ഓടി പോകുന്നവളെ യദു നോക്കി നിന്നു.. ഭാഗിയെപ്പോലെ ഒരു മിണ്ടാപ്പൂച്ച പെണ്ണായിരുന്നു ചാരു,, ഇന്നവൾ ഒത്തിരി മാറിപ്പോയി.. പറയുന്നതൊക്കെ വളരെ പക്വതയോടെയാണ്.. 🌺🌺🌺 രാവിലെ തന്നെയവർ പുറപ്പെട്ടു.. ഗൗരിമോളെ ഒരുക്കി എടുത്തത് ഭാഗിയായിരുന്നു.. ഒരുക്കാൻ കിടന്ന് കൊടുക്കാൻ മാത്രം ഗൗരിമോൾക്ക് മടിയില്ല.. അല്ലാത്തപ്പോൾ എടുത്തോണ്ട് നടന്നില്ലെങ്കിൽ ഭൂമി ഇളക്കും പെണ്ണ്.. ശ്രീരാഗ് കുളിച്ചൊരുങ്ങി നേരത്തെ തന്നെ ഭാഗിയുടെ വീട്ടിലെത്തി..
കുഞ്ഞിപ്പെണിനെ കാണുക തന്നെ ലക്ഷ്യം.. അച്ഛനെ കണ്ടപ്പോൾ ഗൗരി കൈകാലിട്ട് അടിക്കുന്നുണ്ട്.. കുഞ്ഞിനേയും എടുത്തു കൊണ്ടാവൻ വെളിയിലേയ്ക്ക് നടന്നു.. “കുഞ്ഞന്തിയെ ഭാഗി..?? ” ഒരുങ്ങികഴിഞ്ഞു ചാരു കുഞ്ഞിനെ കാണാതെ ചോദിച്ചു.. “അവളെ അവടെച്ഛൻ എടുത്തോണ്ട് പോയി..” ദേഷ്യമാണോ സങ്കടമാണോ തോന്നുതെന്തെന്ന് ചാരുവിന് അറിയില്ല..അവൾ വെളിയിലേയ്ക്ക് നടന്നു.. കുഞ്ഞിനെ ഓരോന്നും കാണിച്ചുകൊടുത്ത് കൊണ്ട് മുറ്റത്തൂടെ നടക്കുകയാണ് ശ്രീരാഗ്.. അവന് ഇടയ്ക്ക് തിരിഞ്ഞപ്പോഴാണ് അവനെ നോക്കി നിൽക്കുന്ന ചാരുവിനെ കണ്ടത്.. അവളെ കണ്ടതും അവന്റെ കണ്ണൊന്നു മിഴിഞ്ഞു..അതോടൊപ്പം തന്നെ ചെറു ചിരി ചുണ്ടിൻകോണിലും വിരിഞ്ഞു.. തന്നെ നോക്കി നിൽക്കുന്ന ശ്രീരാഗിലേയ്ക്ക് സംശയത്തോടെ നോക്കിയതും അവൾക്ക് കാര്യം വ്യക്തമായി.. ചാരു ഉടുത്തിരിയ്ക്കുന്ന സാരിയുടെ അതേ കളർ ഷർട്ടാണ് ശ്രീരാഗും ധരിച്ചിരിയ്ക്കുന്നത്.. അവൾക്കൊരു വല്ലായ്മ തോന്നി..
ആ സാരി മാറാനും പറ്റില്ല.. നല്ല കാര്യങ്ങൾക്ക് പോകുമ്പോൾ ഉടുത്തത് മാറ്റി വേറൊന്ന് ഉടുക്കാറില്ലല്ലോ.. എല്ലാരും വന്നതും അവർ പുറപ്പെട്ടു.. ശ്രീരാഗിന്റെ കയ്യിൽ കുഞ്ഞിരിയ്ക്കുന്നത് അവളിൽ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി.. 🌺🌺🌺 ആദ്യം കുടുംബ ക്ഷേത്രത്തിലേക്കാണവർ പോയത്… മാലിനി നേർന്ന വഴിപാടൊക്കെ രസീതാക്കി നടയിൽ വെച്ചു.. ഭാഗി യദുവിനൊപ്പം മുട്ടിരുയിരുമ്മിയാണ് നടപ്പ്.. കുറെ കാലം കൂടിയല്ലേ എല്ലാവരും സന്തോഷിയ്ക്കുന്നത്.. അവൾക്കും യദുവിനോപ്പം അവൾ മാത്രമായ ചില നിമിഷങ്ങൾ വേണമായിരുന്നു.. കണ്ണടച്ചു പ്രാർത്ഥിയ്ക്കുമ്പോഴാണ് കഴുത്തിൽ ആരുടെയോ സ്പർശനം തോന്നിയത്..തലയുയർത്തി മുന്നോട്ട് നോക്കിയതും അവളോട് ചേർന്ന് നിൽക്കുന്ന ശ്രീരാഗും തങ്ങളെ തന്നെ നോക്കി മറ്റുള്ളവരും അടുത്ത് നിൽക്കുന്നു.. ഭാഗിയുടെ കൈകളിൽ ഗൗരി മോളും.. അവന്റെ കൈകൾ കഴുത്തിലൂടെ ഈഴഞ്ഞതും പിന്നിൽ കൈകോർക്കുന്നതും അറിഞ്ഞു ഒരുനേജറ്റോലെ മാറിലേയ്ക്ക് നോക്കി..
നെഞ്ചോരം മഞ്ഞ ചരടിൽ കോർത്ത താലി കണ്ടപ്പോൾ ചാരു നിശ്ചലയായി.. അതേ ഇപ്പോൾ താൻ ശ്രീരാഗിന്റെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു.. ആ മഞ്ഞലോഹം കാണുംതോറും പൊട്ടിക്കരയാൻ തോന്നി ചാരുവിന്..വീണ്ടും അനുവാദാമില്ലാതെ മറ്റൊന്ന് കൂടി.. ചുറ്റും നിൽക്കുന്നവരെ നിറഞ്ഞകണ്ണാലെ നോക്കുമ്പോൾ എല്ലാ മുഖത്തും സന്തോഷം മാത്രം..ഇതിനു വേണ്ടിയാണ് തന്നെ എങ്ങോട്ട് വിളിച്ചുകൊണ്ടു വന്നതെന്ന സത്യം അവൾ വേദനയോടെ മനസ്സിലാക്കി.. അവരോടൊപ്പം ഇറങ്ങിപുറപ്പെടാൻ തയാറായ സമയത്തെ പഴിച്ചു.. കണ്ണുകൾ പെയ്യാൻ തുടങ്ങി.. അപ്പോഴേക്കും സീമന്ത രേഖയെ ചുവപ്പിച്ചു കൊണ്ട് ശ്രീരാഗിന്റെ വിരലുകൾ കടന്ന് പോയി.. അവൾക്ക് തന്റെ വിവാഹത്തെ അംഗീകരിക്കാനായില്ല.. മനസ്സ് മരവിച്ചു പോയിരിക്കുന്നു.. വികാരങ്ങൾ ഇതുമില്ലാതെ മനസ്സും വിറകൊള്ളുന്നു.. യദു അവളുടെ കൈകൾ ശ്രീരാഗിന്റെ കൈകളിലേയ്ക്ക് വെച്ചുകൊടുത്തു.വരുണിന്റെ സ്ഥാനത്ത് എന്നപോലെ.. നെഞ്ചിലൊരു നേരിപ്പോടുമായി ശ്രീരാഗിനൊപ്പം ചാരു ക്ഷേത്രത്തിന് വലം വെച്ചു..
ഭാഗിയുടെ കൈയിലിരുന്ന് ഗൗരി കരയാൻ തുടങ്ങിയതും ശ്രീരാഗ് കൈനീട്ടി കുഞ്ഞിനെ വാങ്ങിച്ചു.. അതിഷ്ടപ്പെട്ടന്ന പോലെ ശ്രീരാജിനെയും ചാരുവിനെയും മാറി മാറി നോക്കി കൈകൊട്ടി ചിരിച്ചു.. ശ്രീരാഗ് ഗൗരിമോളെ ഉമ്മവെയ്ക്കുന്നപോലെ ചുണ്ട് കൂർപ്പിച്ചപ്പോൾ നനത്തോടെ അവന്റെ ചുമലിൽ തലചായ്ച്ചു.. ഒടനടി തലപൊക്കി അവനെ നോക്കി.. കുഞ്ഞുമായി അവർ അവസാന പ്രദക്ഷിണവും പൂർത്തിയാക്കി.. ആ ദൃശ്യം എല്ലാവറും അത്രമേൽ പ്രിയപ്പെട്ടതായി ഹൃദയത്തോട് ചേർത്ത് വെച്ചു.. 🌺🌺🌺 തിരിച്ചുള്ള മടക്കയാത്രയിൽ ചാരു ഗൗരിമോളെയും കെട്ടിപ്പിടിച്ച് കണ്ണീർ വാർത്തുകൊണ്ടേയിരുന്നു.. ആരോടും സംസാരിക്കാനോ ഒന്നും കേൾക്കാനോ അവൾക്ക് താല്പര്യം ഉണ്ടായില്ല.. അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ യദു എല്ലാവരെയും സമാധാനിപ്പിച്ചു..നിനച്ചിരിക്കാതെ വന്നുചേർന്ന ശ്രീരാഗിന്റെ ഭാര്യയെന്ന പദവി അവൾക്ക് അംഗീകരിക്കാനായില്ല.. കുഞ്ഞിൽ ശ്രീരാഗ് തന്നേക്കാൾ ആധിപത്യം സ്ഥാപിച്ചാലോ എന്ന ചിന്ത കാരണം ഗൗരിമോളെ ആരും ചോദിച്ചിട്ടും കൈമാറാതെ നെഞ്ചോട് ചേർത്തു പിടിച്ചു.. ഇടയ്ക്ക് കഴിക്കാൻ ഇറങ്ങിയെങ്കിലും ചാരു വരാൻ കൂട്ടാക്കിയില്ല…
“വേണ്ടായിരുന്നു ഒന്നും.. അവൾക്ക് എന്നെ വെറുപ്പായിരിക്കും.. ഇഷ്ടമില്ലാതെ താലി കെട്ടാൻ ഞാനും കൂട്ട് നിന്നു..” കാറിൽ ഇരിക്കുന്ന ചാരുവിനെ നോക്കി ശ്രീരാഗ് നെടുവീർപ്പെട്ടു..ആ അവഗണന അവന് താങ്ങാൻ കഴിയുന്നില്ല.. ഇതുവരെ അവളുടെ കണ്ണുകൾ തോർന്നിട്ടില്ല.. താൻ മൂലം എന്നും അവൾക്ക് സങ്കടങ്ങളും കണ്ണീരും മാത്രം..മുന്നിലുള്ള ആഹാരം കഴിക്കാതെ ശ്രീരാഗ് വെളിയിലേയ്ക്ക് പോയി കാറിൽ ചാരി നിന്നു.. “യദുവേട്ടാ…” ഭാഗി സങ്കടത്തോടെ വിളിച്ചു.. “ഒന്നുല്ല..ആരും വിഷമിക്കാതെ കഴിക്ക്.. ഇങ്ങനെയൊക്കെ വരുമെന്ന് എനിക്കറിയാമായിരുന്നു.. എന്നും പറഞ്ഞ് ചാരൂനെ ഒരു കുഞ്ഞുമായി ആയുഷ്കാലം മുഴുവൻ ഒറ്റക്ക് ജീവിക്കാൻ വിടണോ.ശരിയാണ് ഒരുപെണ്ണിനും അത്രപെട്ടന്ന് ക്ഷമിക്കാനും മറക്കാനും കഴിയുന്ന തെറ്റല്ല ശ്രീയേട്ടൻ ചെയ്തത്.. ഗൗരിമോളെ ഓർക്കണ്ടേ… അച്ഛൻ ജീവിച്ചിരിയ്ക്കെ അച്ഛനില്കാതെ വളരണോ നമ്മുടെ കുഞ്ഞ്..ഇന്ന് ഇത്തിരി വിഷമിച്ചാലും നാളെ അത് ഒത്തിരി സന്തോഷിക്കാനുള്ളത് ആയിരിക്കും.. ചാരൂനെ എനിക്കറിയില്ലേ.. പാവമാ.. സ്നേഹിക്കാൻ മാത്രേ അറിയൂ..”
വീട്ടിൽ തിരിച്ചെത്തിയ ഉടനെ ചാരു അകത്തു പോയി തന്റെ ബാഗും എടുത്ത് കൊണ്ട് വരുന്നതാണ് എല്ലാവരും കണ്ടത്… “ഇതെങ്ങോട്ടാ ഏട്ടത്തി..?” ഭാഗിയാണ് “ഞാൻ പോകുവാ..ഭാഗി ഇനി നീയെന്നെ അങ്ങനെ വിളിക്കരുത്.. ഞാൻ മുൻപ് പറഞ്ഞപോലെ പേര് വിളിച്ചാൽ മതി.. ആ വിളി വേണ്ട.. പ്ലീസ്…” “രണ്ടു ദിവസം കഴിഞ്ഞ് പോയാൽ പോരെ..” “വേണ്ട ഭാഗി നിങ്ങൾ ഒക്കെ അറിഞ്ഞുകൊണ്ടെന്നേ ചതിക്കുവായിരുന്നു.. അതിനു യദുവേട്ടനും കൂട്ട് നിന്നല്ലോ.. ആർക്കും ഒരു ബാധ്യതയാക്കാതെ മാറി തന്നതല്ലേ ഞാനും മോളും.. പിന്നെയും എന്തിനാ തേടി വന്നത്.. പോകുവാ.. ഇനിയും എന്നെ തേടി വരരുത്..” “ചാരൂ..” “യദുവേട്ടാ, പ്ലീസ്..ഇവിടെ എന്നെകൊണ്ട് നിൽക്കാൻ പറ്റില്ല.. എനിക്ക് ശ്വാസം മുട്ടുവാ..തിരിച്ച് വിളിക്കരുത്.. യദുവേട്ടന്റെ കടമയൊക്കെ തീർന്നില്ലേ..” യദു ഒന്നും പറഞ്ഞില്ല.. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ തന്നെ കേൾക്കാൻ പറ്റിയൊരു മാനസികാവസ്ഥായിൽ അല്ല അവസ്ളെന്ന് യദുവിനറിയാം.. അവൾ നടന്ന് ശ്രീരാഗിന് അടുത്തെത്തി…
“ഈ താലിയുടെയോ കുഞ്ഞിന്റെയോ പേരിൽ എന്നെ തേടി വരരുത്.. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ലോഹം മാത്രമാണ്.. സ്നേഹത്തോടെ ഒരു പെണ്ണ് സ്വീകരിക്കുമ്പോൾ മാത്രേ താലിയ്ക്ക് അതിന്റെ പവിത്രത ഉണ്ടാകൂ.. എനിക്കെന്റെ മോള് മാത്രേയുള്ളൂ..എന്റെ കുഞ്ഞിനെക്കൂടി നിങ്ങൾ എന്നിൽ നിന്നും അടർത്തിയെടുത്തതോണ്ട് പോകരുത്..” ഇത്രയും നേരം ചാരൂ ഇന്നവന്റെ ഭാര്യയാണെന്ന സത്യത്തിൽ സന്തോഷിച്ചിരുന്ന ശ്രീരാഗിന്റെ മനസ്സിനെ അവളുടെ വാക്കുകൾ നേരിപ്പോട് പോലെ നീറ്റി… ഹൃദയത്തിലെ മുറിവിലേയ്ക്ക് ഉപ്പ് വാരി വിതറുകയാണ് ചാരിവിന്റെ വാക്കുകളും ഒപ്പം അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളും.. “മോളേ.. മോളുടെ സമ്മതം ചോദിക്കാതെ ചെയ്തത് തെറ്റാണ്,, അറിയാം.. എങ്കിലും ക്ഷമിച്ചൂടെ ന്റെ മോനോട്.. ഒന്നിച്ചു ജീവിച്ചു തുടങ്ങിക്കൂടെ..” രാധിക വിഷമത്തോടെ ചോദിച്ചു..
“ശ്രീയേട്ടൻ ഒരു സഹതാപത്തിന്റെയോ തെറ്റ് തിരുത്താനോ വേണ്ടി കേട്ടിയതല്ലാ താലി.. ഒരുപാട് ഇഷ്ടത്തോടെ തന്നെയാ അണിയിച്ചത്.. നിങ്ങളോടൊപ്പം ഒരു ജീവിതം ശ്രീയേട്ടൻ കൊതിയ്ക്കുന്നുണ്ട്.. ചേച്ചി എന്നോ ഉപേക്ഷിച്ച ആ പ്രണയം ശ്രീയേട്ടൻ ഏറ്റെടുത്തിരിക്കുവാ.. പോകാതിരുന്നൂടെ.. മദറിനോട് ഇവിടുള്ളവർ വന്ന് കാര്യമെല്ലാം പറയാം..” ഭാഗി ചാരുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. ഒരു നിമിഷം ചാരൂ ശ്രീരാഗിന്റെ മുഖത്ത്തേയ്ക്ക് നോക്കി.. ഭാഗി പറഞ്ഞതെല്ലാം സത്യമായിരിക്കാം.. പ്രണയം… വേണ്ടാ.. ഒരിക്കൽ കുഴിച്ചു മൂടിയതൊന്നും കുഴിതോണ്ടി പുറത്തേയ്ക്ക് കൊണ്ടുവരാൻ കഴിയില്ലെനിക്ക്… “ഭാഗി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. യദുവേട്ടന് വേണ്ടി ജീവൻപോലും കളയാൻ ശ്രെമിച്ചവളാണ് നീ..കാരണം അത്രക്ക് നിനക്ക് പ്രിയപ്പെട്ടതായിരുന്നു യദുവേട്ടൻ.. പക്ഷേ എന്റെ കാര്യം അങ്ങനെയല്ല.. എന്നോ കയറി വന്ന് അതേ പോലെ തിരിച്ചുപോയതാണത്..ഒരു പെണ്ണും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്… ഞാൻ പോകാൻ തന്നെ തീരുമാനിച്ചു.. ഇനി അതിനൊരു മാറ്റവും ഇല്ല..അച്ഛനെന്ന അവകാശവും പറഞ്ഞ് എന്റെ മോള് ഒരിക്കലും ഇങ്ങോട്ട് വരില്ല.. അതോർത്ത് ആരും പേടിക്കണ്ട.. എന്ത് തീരുമാനവും നിങ്ങൾക്ക് എടുക്കാം..”
“മോളേ..” രാധികയും മാലിനിയും അവളുടെ ഇരുവശത്തുമായി ചെന്നു.. “വേണ്ടമ്മേ.. എന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്ക് ബോധ്യമായി.. ചെയ്ത് പോയ തെറ്റിനൊക്കെ ഇങ്ങനെയായിരിക്കും എനിക്ക് ശിക്ഷ കിട്ടുന്നത്.. സ്വന്തം മോള് പോലും വെറുക്കുന്ന ഒരച്ഛനാകാനാ എന്റെ വിധി..” ശ്രീരാഗ് സങ്കടത്തോടെ പറഞ്ഞു.. ചാരു മറുപടി ഒന്നും പറയാതെ യദുവിനടുതത്തേയ്ക്ക് നടന്നു.. “പോട്ടെ…” “പോകണ്ടന്ന് പറഞ്ഞാൽ നീ കേൾക്കുമോ.. എവിടെയെങ്കിലും പൊക്കോ..” ചാരു കുഞ്ഞിനേയും കൊണ്ട് ഇറങ്ങുന്നത് കണ്ട ശ്രീരാഗ് വെപ്രാളത്തോടെ അവളുടെ അടുത്തേയ്ക്ക് നടന്നു.. അവൻ ചാരുവിന്റെ കയ്യിലിരിയ്ക്കുന്ന ഗൗരിയെ എടുത്ത് നെഞ്ചോട് ചേർത്തു.. കുഞ്ഞിന്റെ കവിളിലും കയ്യിലും മുഖത്തുമെല്ലാം ഉമ്മകൾ കൊണ്ട് മൂടി.. ചാരൂ ബലം പ്രയോഗിച്ച് കുഞ്ഞിനെ തിരികെ വാങ്ങി.. “എന്നെങ്കിലും അച്ഛനെപ്പറ്റി ചോദിക്കുമ്പോൾ മോളോട് പറഞ്ഞേക്ക് മരിച്ചു പോയെന്ന്.. ഇങ്ങനെയൊരച്ഛൻ എന്റെ കുഞ്ഞിന് നാടക്കേടാണ്..” തിരിഞ്ഞുപോലും നോക്കാതെ ശ്രീരാഗ് അകത്തേയ്ക്ക് കയറി.. ചാരു കുഞ്ഞിനേയും കൊണ്ട് പുറത്തേക്കും.. (തുടരും…)

by