17/04/2026

താലി : ഭാഗം 11

രചന : ആയിഷ അക്ബർ

കൃഷ്ണാ……അവൻ വാതിലിൽ മുട്ടിയതും അവൾ പതിയെ വാതിൽ തുറന്നു…….വാ….. ചായ കുടിക്കാം…..അവനത് പറഞ്ഞവളെ വിളിച്ചതും അവൾ അവനു പിറകെ നടന്നു…….അത് വരെ അവൾ റൂമിൽ തന്നെയിരിപ്പായിരുന്നു……നാളെ മുതൽ ഞാൻ ഓഫീസിൽ പോകും…അപ്പൊ പിന്നേ ഞാൻ വന്ന ശേഷം രാത്രി മാത്രം താൻ റൂമിൽ കുത്തിയിരുന്നാൽ മതി…..അത് വരെ പുറത്തൊക്കെ നിൽക്കാം……അവൾ മുറിയിൽ അവനെ പേടിച്ചിരുന്നെന്ന വണ്ണം അവൻ കളിയാക്കി കൊണ്ടത് പറയുമ്പോൾ അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി……

അവൾക്ക് മുമ്പിലേക്കവൻ ചായ കപ്പ്‌ നീട്ടിയതും അവളത് വാങ്ങി കുടിച്ചിരുന്നു…..അവനിടുന്ന ചായയെ കുറിച്ചൊന്നും പറയാനില്ല…അത്രമേൽ സ്വാദുണ്ടായിരുന്നാ ചായക്ക്…..പൂർണമായായും ശരീരത്തിന് ഉന്മേഷം തരുന്നത് പോലെ…….
അപ്പോഴാണ്അവന്റെഫോൺറിങ്ചെയ്യുന്നത്……മിണ്ടല്ലേ……അവൻ കൃഷ്ണയോടതും പറഞ്ഞു കൊണ്ട് ഫോണെടുക്കുമ്പോൾ അവൾ ചായ കുടിച്ചു കൊണ്ടിരുന്നു………മുമ്പത്തേത് പോലെയുള്ള ചുരുങ്ങിയ വാക്കുകൾ തന്നെ അവരുടെ സംഭാഷണം എങ്കിലും ആ ആള് അവനെത്ര പ്രിയപ്പെട്ടതാണെന് അവന്റെ കണ്ണുകളിൽ നിന്നവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….

വേറെ ആരാ അവിടെയുള്ളത്…. ടാപ് തുറക്കുന്ന ശബ്‍ടമുണ്ടല്ലോ…..അവരുടെ സംസാരങ്ങൾക്കിടക്ക് കൃഷ്ണ ചായ കുടിച കപ്പുമായി എഴുന്നേറ്റ് അത് കഴുകി വെക്കുമ്പോഴാണ് ഫോണിലൂടെ ആ ചോദ്യം അവൾ കേട്ടത്……അവൾ പെട്ടെന്നൊന്നു ഞെട്ടി തിരിഞ് നോക്കി….അവനും വല്ലാതെ വിയർത്തു….അത്…… അതിവിടെ ജോലിക്ക് നിൽക്കുന്ന ചേച്ചിയാണ് മെറി….അവൻ പെട്ടെന്നത് പറയുമ്പോൾ മറു തലക്കൽ അത്ര വിശ്വാസമില്ലാത്തൊരു മൂളൽ കേട്ടിരുന്നു…..

അപ്പോഴേക്കും ആരോ വന്നു വിളിച്ചെന്നു പറഞ്ഞവൾ ഫോൺ കട്ട് ചെയ്ത് പോകുമ്പോൾ ഫോൺ ടേബിളിലേക്ക് വെചവൻ ശ്വാസമൊന്നു നേരെ വിട്ടു……എന്തിനാ എന്നെ പറ്റി കള്ളം പറഞ്ഞത്…….അവൻ സോഫയിലേക്ക് വന്നിരുന്നപ്പോഴാണ് സോഫയെ ചാരി നിന്ന് കൊണ്ടവളവനോടത് ചോദിക്കുന്നത്……അവൻ അവൾക്ക് നേരെയോന്ന് മുഖമുയർത്തി……..
എന്തിനാണെന്ന് ചോദിക്കുന്നതിനു പകരം ആരെന്ന് ചോദിക്കാത്തതെന്താ കൃഷ്ണാ…..അവനൊരു ചിരിയോടെ അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു……

അത് ചോദിക്കാതെ തന്നെ ആ കണ്ണുകളിൽ എഴുതി വെച്ചിട്ടുണ്ട്….അവളൊരു കുസൃതി ചിരിയോടെ അത് പറഞ്ഞതും അവന്റെ കണ്ണുകളിൽ ഒരു തരം നാണം കലർന്നു…മനസ്സ് നിറഞ്ഞ ആ പുഞ്ചിരിയെ അവൻ ചുണ്ടാലേ കൂട്ടി പിടിച്ചു… പതിയെയവൻ മീശയൊന്ന് തടവി…….എങ്കി പറ ആരാ……
അവൻ മുടി മുകളിലേക്ക് മാടി വെച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളൊന്നു ചിരിച്ചു…..
വീട്ടുകാരുടെ മുമ്പിൽ എനിക്ക് വെറുതെ ഓഫർ ചെയ്ത ആ താലി മനസ്സ് കൊണ്ട് കരുതി വെച്ചത് ഇയാൾക്കാവും അല്ലെ…..

അവൾ കവിളുകളിൽ ഒരു പുഞ്ചിരി നിറച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവൻ മനോഹരമായോന്ന് പുഞ്ചിരിച്ചു…….ഞങ്ങളൊരു കോഫി ഷോപ്പിൽ വെച്ചാണ് ആദ്യമായി കണ്ട് മുട്ടിയത്…..ആ പരിചയം ഒരു പ്രണയത്തിലേക്ക് വഴി മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല…..
അവൾ എന്റെ നേരെ ഓപ്പോസിറ്റ് ആണ്…. വിവാഹം എന്ന കോൺസെപ്റ്റിനോടെ താല്പര്യമില്ല……ഞാനാണെങ്കിൽ ടിപ്പിക്കൽ നാട്ടിൻ പുറത്ത് കാരനും….ഏകദേശം തന്റെ ഒരു മൈൻഡ് സെറ്റ് തന്നെയായിരുന്നു എനിക്കും……
മുത്തശ്ശി ചെറുപ്പം മുതലേ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞു പഠിപ്പിച്ചത് അങ്ങനെയൊക്കെ ആയിരുന്നു….

പക്ഷെ എന്തോ…..അവളുടെ ഇഷ്ടങ്ങൾക്കാണ് മുൻഗണന കൊടുക്കാൻ തോന്നിയത്….അവൻ അത് പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിൽ വല്ലാത്തൊരു ആവേശം നിറഞ്ഞു കണ്ടിരുന്നു……
കൃഷ്ണ പതിയെ യൊന്നു പുഞ്ചിരിച്ചു…..എന്നിട്ട്…. ആളിപ്പോ എവിടെയാ…….അവളതേ ചിരിയോടെ താടിക്ക് കൈ കൊടുത്ത് കൊണ്ടാണത് ചോദിച്ചത്…..
ഈ വിവരം എങ്ങനെയോ എന്റെ വീട്ടിലറിഞ്ഞു…..
പിന്നേ പറയേണ്ടല്ലോ പുകില്…..ഒരു ക്രിസ്ത്യാനി പെണ്ണിനെ ആ തറവാട്ടിലേക്ക് മരുമോളായി കയറ്റാൻ മാത്രം വിശാലത്തയൊന്നും അവർക്കുണ്ടാവില്ല…..
ഇനി എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാം എന്നാണെങ്കിൽ തന്നെ മേറിന് വിവാഹത്തിനോട് ഒട്ടും താല്പര്യമില്ല താനും….

ആകെ കൂടി കുഴഞ്ഞ അവസ്ഥയിലായിരുന്നു ഞാൻ…..വീട്ട് കാരോട് ഒന്നും വിട്ട് പറയാൻ പറ്റാതേ ഞാൻ….അപ്പോഴേക്കും വീട്ടില് വിവാഹാലോചന തകൃതിയായി നടന്നു തുടങ്ങിയിരുന്നു …അപ്പൊ ഞങ്ങൾ രണ്ട് പേരും ഇവിടെ നിന്ന് മൈഗ്രേറ്റ് ചെയ്യാൻ തീരുമാനിച്ചു ….
ആ സമയത്താണ് അവളേറ്റവും ആഗ്രഹിച്ച ആ യൂണിവേഴ്സിറ്റി യിൽ അവൾക്ക് അഡ്മിഷൻ കിട്ടുന്നത്……അവളോട് പോകരുതെന്ന് പറയാൻ ഒത്തിരി ആഗ്രഹിച്ചെങ്കിലും ഒന്നും പറയാതെ അവളുടെ സ്വപ്നത്തിന് പിറകെ ഞാനവളെ യാത്രയാക്കി…..അവൾ വരും വരെ വീട്ടുകാർക്ക് മുമ്പിൽ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് അറിയാത്തത് കൊണ്ടാണ് ഞാൻ തന്നോടന്ന് അങ്ങനെയൊക്കെ പറഞ്ഞത്…

അവൻ നെറ്റിയിലൊന്നുഴിഞ്ഞു കൊണ്ട് അത് പറഞ്ഞു നിർത്തുമ്പോൾ പ്രണയിക്കുന്ന ഒരു പുരുഷൻ എന്തെന്നത് അവളടുത്തറിയുക യായിരുന്നു…….
ആ കണ്ണുകളിൽ കാണുന്ന തിളക്കത്തിലുണ്ട് അവന്റെ മനസ്സിൽ എത്രത്തോളം അവൾ പറ്റി പ്പിടിച്ചിട്ടുണ്ടെന്ന്……അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി….എന്നിട്ട് മെറിനെന്ത് പറയുന്നു…….അവളല്പം ആകാംക്ഷയോടെയാണത് ചോദിച്ചത്….അവളെന്തു പറയാൻ….അവളൊരു പ്രത്യേക സ്വഭാവമാണ്…..ഞാനെന്ന് വെച്ചാൽ അത്രയേറെ ഇഷ്ടമാകുന്നത് കൊണ്ടായിരിക്കും അത്രയേറെ പൊസ്സസ്സീവ് ആയി പെരുമാറുന്നത്…..

അത് കൊണ്ടാണ് ഇത് വരെ തന്നെ കുറിച് ഞാനവളോടൊന്നും പറയാത്തത്……കാർത്തി അത് പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ അവനെയൊന്ന് നോക്കി….വിവാഹത്തിനോടൊന്നും താല്പര്യമില്ലാത്ത വണ്ണം ഫ്രീ മൈൻഡ് ആയ ആളോട് എന്തിനാ മറച്ചു വെക്കുന്നത്…..ഒരാള് മുറിയിൽ ഒപ്പം കഴിഞ്ഞെന്ന് വെചെന്താ…..അപ്പൊ ഇയാളെ അത്ര പോലും വിശ്വാസമില്ലേ……കൃഷ്ണ പെട്ടെന്നത് ചോദിച്ചതും കാർത്തിയുടെ മുഖം വല്ലാണ്ട് മാറിയിരുന്നു…….
അവളുടെ വാക്കുകളിൽ പതിവ് നിഷ്കളങ്കതയിൽ നിന്നും ഒരു ഗൗരവമേറിയ ചോദ്യത്തിന്റെ മട്ടുണ്ടായിരുന്നു….ലോക പരിചയവും വിദ്യാഭ്യാസ വും ഇവളെക്കാലുള്ള മെറിനെക്കാളും അത്രയേറെ ആഴത്തിൽ ചിന്തിക്കുന്നത് പോലെ…….

വിശ്വാസതിന്റേതല്ല കൃഷ്ണാ……
അതിനേക്കാൾ മേലെ എന്നോടുള്ള സ്നേഹം ഒരു തരം ഭ്രാന്തായി മാറിയിരിക്കുകയാണ്….
അപ്പൊ ഒരു പക്ഷെ അവൾ ദേഷ്യപ്പെട്ടെന്ന് വരാം….. അതിലേറെ അവൾ സങ്കടപ്പെടും….
അതൊന്നും വേണ്ടെന്ന് വിചാരിച്ചിട്ടാണ് ഞാൻ…..
അവൻ വീണ്ടും അല്പം പ്രയാസത്തോടെയാണത് പറഞ്ഞു നിർത്തിയത്…… അവൾക്കവനോട് വല്ലാത്തൊരു അലിവ് തോന്നി…..സ്നേഹത്തിന്റെ ഏറ്റവും പൂർണമായ തലം കൊണ്ടൊരാളെ അന്ധമായി സ്നേഹിക്കുന്ന ഒരുവൻ….അവളെന്ന ലോകത്ത് അവനൊരു അന്ധനാണെന്ന് അവൾക്ക് തോന്നി പ്പോയി….

അവൾ സ്വന്തം സൗകര്യങ്ങൾക്കപ്പുറം മാത്രമേ അവനു പരിഗണന നൽകുന്നതുള്ളു എന്നവൾ ചിന്തിച്ചു……വീണ്ടും അവനെ മറ്റോന്നു പറഞ്ഞു മുറിപ്പെടുത്താൻ അവൾക്ക് തോന്നിയില്ല….
അവളൊരു പുഞ്ചിരിയോടെ ആ സംസാരത്തിന് തടയിട്ടു….അവളോടെല്ലാം തുറന്ന് പറഞ്ഞ സമാധാനം അവനും തോന്നിയിരുന്നു….ഞാൻ പോയി നമുക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ട് വരാം… അവന്നതും പറഞ്ഞു കൊണ്ട് കാറിന്റെ ചാവി എടുത്ത് പുറത്തേക്കിറങ്ങാൻ തുടങ്ങി……
അപ്പൊ ജോലിക്കൊരു ചേച്ചി വരുമെന്ന് പറഞ്ഞതോ……അവളത് ചോദിച്ചതും അവനൊന്നു തിരിഞ്ഞു……

അവരോട് ഒരാഴ്ച ഞാൻ വരേണ്ടെന്ന് പറഞ്ഞിരിക്കുകയാണ്…..വന്നാൽ താനിവിടെയുള്ളത് കാണില്ലേ…….അവനത് പറഞ്ഞതും അവളൊന്നു മിണ്ടിയില്ല…..എങ്കിൽ…എങ്കി ഞാൻ ഉണ്ടാക്കിക്കോട്ടേ ഭക്ഷണം……അവളല്പ നേരം നിന്ന് കൊണ്ടത് പറയുമ്പോൾ അവനവളെ യോന്നു നോക്കി….വൈ നോട് ….കൃഷ്ണക്ക് കുക്കിങ്ങോക്കെ ഇഷ്ടമാണോ….അവൻ വളരേ ആവേശത്തോടെ അത് പറഞ്ഞതും അവൾ പുഞ്ചിരിയോടെ തല കുലുക്കി……

ഇവിടെ കൂടുതൽ സാധനങ്ങളൊന്നും ഇരിപ്പില്ല…
വേണ്ടതെന്തെന്ന് വെച്ചാൽ പറഞ്ഞോ…നമുക്ക് കടയിലേക്ക് വിളിച്ചു പറയാം……അവൻ അകത്തേക്ക് തന്നെ കയറിയത് പറയുമ്പോൾ അവൾ അടുക്കളയിലേക്ക് നടന്നു….അവൾ അവിടെയുള്ള പച്ചക്കറികൾ എടുത്ത് വെച്ചു..അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊടുക്കുകയും ചെയ്തു…….അവൾ ചോറ് വെക്കുന്ന നേരം കൊണ്ട് കാർത്തി അവളെടുത്തു വെച്ച പച്ചക്കറികൾ മുറിച്ചു തുടങ്ങിയിരുന്നു…….അയ്യോ…. ഞാൻ ചെയ്തോളാം…..അവൻ ജോലി ചെയ്യുന്നത് കണ്ട് പെട്ടെന്നത് പറഞ്ഞതും അവനൊന്നവളിലേക്ക് നോക്കി…..താനിവിടുത്തെ ജോലിക്കാരിയൊന്നുമല്ല…. താനെന്റെ ഗസ്റ്റ് ആണ്….കണ്ട അന്ന് മുതൽ എത്ര തട്ടി മാറ്റിയാലും വീണ്ടും വീണ്ടും കണ്ട് മുട്ടുന്ന ഒരു സ്പെഷ്യൽ ഗസ്റ്റ്…….

അവനതും പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ അവളും ഒന്ന് പുഞ്ചിരിച്ചു…..അവൻ മുറിച്ചെടുത്ത സാമ്പാർ കഷ്ണങ്ങൾ സ്റ്റോവിനരികിലായി നിൽക്കുന്നവൾക്കടുത്തേക്ക് കൊടുത്ത തും അവളത് വാങ്ങിയ ഉടൻ അവൻ തിരിഞ്ഞപ്പോഴാണ് തിരിയാൻ കഴിയാത്ത വിധം എന്തോ ഒന്ന് കൂട്ടി പ്പിടിച്ചതായി ഇരുവരും അറിഞ്ഞത്…….അവളും ഒരു പിടപ്പോടെ മിഴികളുയർത്തി……അവളുടെ കയ്യിലിട്ടിരുന്ന കൈ ചെയ്ൻ അവന്റെ ഷർട്ടിലെ ബട്ടണിനോട് കൂട്ടി പിണഞ്ഞിരിക്കുക യാണ്…….അവൾ ഒട്ടൊരു പരിഭ്രാമത്തോടെകൈവലിച്ചു…..കിട്ടുന്നില്ല…..അവൾ സാമ്പാർ കഷ്ണങ്ങൾ പതിയെ താഴെ വലിച്ചു വെപ്രാളത്തോടെ വീണ്ടും വലിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല…..

അവൻ ഒന്ന് മുഖമുയർത്തി…….ആകെ വെപ്രാളത്തോടെയാണ് അവൾ നിൽക്കുന്നത്……
ചുരുണ്ട ആ മുടി തന്റെ കയ്യിനെ തൊട്ട് കൊണ്ടിരിക്കുന്നുണ്ട്……ടെൻഷൻ കൊണ്ടോയെന്തോ അവളുടെ മുഖമാകെ ചുവന്നു……അവൾ തന്റെ മുഖത്തേക്ക് നോക്കുന്നില്ലെങ്കിൽ കൂടി അതൊന്ന് വേർപ്പെടുത്താനുള്ള കഠിനമായ ശ്രമത്തിലാണ്…..
പെട്ടെന്ന് ചെയ്യുന്നത് കൊണ്ടാവാം അത് ശെരിയാകുന്നതുമില്ല….അവൻ അവളെ അങ്ങനെ നോക്കി നിന്നു…..തന്റെ നെഞ്ചിനോട് ചേർന്നവൾ നിൽക്കുമ്പോൾ കൂടുന്ന ആ ഹൃദയമിടിപ്പിൽ അവനു ഭയം തോന്നിയിരുന്നു…..അവൾക്കത് വേർപ്പെടുത്താൻ അല്പ നേരത്തേക്കെങ്കിലും കിട്ടരുതെന്ന് കൊതിക്കുന്ന മനസ്സിനെയും അവൻ കണ്ടില്ലെന്ന് നടിച്ചു…..അവന്റെ മിഴികൾ അവളെ തന്നെ ഒപ്പിയെടുത്തു…..

(തുടരും)