18/04/2026

താലി : ഭാഗം 25

രചന :ആയിഷ അക്ബർ

വാതിലിലുള്ള മുട്ട് കേട്ടാണ് കൃഷ്ണ കണ്ണുകൾ വലിച്ചു തുറന്നത്…….അവൾ വേഗം പുറത്തേക്ക് നോക്കി…..അതേ….. വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്…..അവൾ ധൃതിയിൽ തന്നെ എഴുന്നേറ്റു…..ഇന്നലെ രാത്രി ഉറങ്ങാൻ കഴിയാത്തതെന്ന വണ്ണം കണ്ണുകൾക്ക് വീക്കം വന്നിരുന്നവളുടെ……അവൾ വേഗം വാതിൽ തുറന്നു…….മോളെഴുന്നേറ്റില്ലേ ഇത് വരെ…..
ചന്ദ്ര അത് ചോദിച്ചതും അവൾക്കൊരു പ്രയാസം തോന്നിയിരുന്നു…..വേഗം മുഖമോക്കെ കഴുകി വാ…..

അവരതും പറഞ്ഞു പോയതിനു പിറകെയവൾ പെട്ടെന്ന് ബാത്‌റൂമിലേക്ക് കയറിയിരുന്നു…..
അടുക്കളയിലേക്കവൾ നടക്കും വഴി വരാന്തയിൽ നിരന്നു കിടക്കുന്ന കുട്ടികളെ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ നോക്കി നിന്നു…..
തനിക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെ യൊരു ബാല്യം…
അച്ഛനുമമ്മയും പോകും വരെ……അവരെ ഓർത്തതും ഇട നെഞ്ചിലെന്തോ ഒന്ന് തറഞ്ഞത് പോലെ തോന്നിയവൾക്…..അവൾ വരാന്ത കഴിഞ്ഞുള്ള ആ കോലായിലേക്ക് കടക്കുമ്പോഴാണ് ഫോൺ ചാർജിൽ വെച്ചു
തിരിയുന്ന കാർത്തിയെ അവൾ കാണുന്നത്…..

അവൾ ഒന്നവിടെ നിന്നു….അവനവളെ കണ്ടിട്ടില്ല…..പകരം അവന്റെ കണ്ണുകൾ നീണ്ടു പോയത് കോലായിൽ നിരന്നു കിടക്കുന്ന വരിലായിരുന്നു……കല്യാണ തലേന്ന് എല്ലാവരും കൂടിയിട്ടുള്ള ആ സന്തോഷത്തിൽ എല്ലാവരും കഥകൾ പറഞ്ഞു കിടന്നതാവാം….അതിൽ ശ്വേതയും സ്വാതിയും ഉൾപ്പെടെ അവരുടെ പ്രായക്കാരെല്ലാമുണ്ട്……കാർത്തി യോന്നവരെ നോക്കി…..പിന്നേ പതിയെ അവനോന്ന് കുനിഞ്ഞത് എന്തിനാണെന്ന് കൃഷ്ണ ഒന്നെത്തി നോക്കി…..
സ്ഥാനം തെറ്റി അല്പം കയറി കിടക്കുന്ന സ്വാതിയുടെ പാവാട തുമ്പവൻ ഒരേട്ടന്റെ കരുതലോടെ താഴേക്ക് വലിച്ചിട്ടു കൊണ്ടവളുടെ ദേഹത്തേക്ക് പുതപ്പ് നീക്കിയിടുമ്പോൾ എന്തിനോ കൃഷ്ണയുടെ ഉള്ളം പിടച്ചു……

ഇത്രയേറെ തന്നെ ചേർത്ത് പിടിക്കാൻ കടമയുള്ള ഒരുവനെ ഭയന്നാണ് താനിവിടെ നിൽക്കുന്നത് തന്നെ……കാർത്തിയോടവൾക്ക് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നി…….
കാർത്തി നേരെ അടുക്കളയിലേക്ക് നടന്നതും അവളും പതിയെ നടന്നു…….കല്യാണ വീടിന്റെ ആളും തിരക്കുകളും അവിടെ തുടങ്ങുന്നുണ്ട്…….
തന്നെ കാണുമ്പോൾ പുഞ്ചിരിചവർക്കെല്ലാം ഒരു പുഞ്ചിരി പകരം നൽകി അവൾ നടന്നു……..
ആ…… കല്യാണ പെണ്ണ് എഴുന്നേറ്റ് വന്നോ……
അടുക്കളപ്പടിയിൽ കയറാൻ മടിച്ചു നിന്നവളോട് നീലു അമ്മായി അത് ചോദിച്ചപ്പോഴാണ് അടുക്കള സ്ലാബിനു മുകളിലിരുന്നു പഴം പുഴുങ്ങിയത് കഴിച്ചു കൊണ്ടിരുന്ന കാർത്തി യും ഒന്നങ്ങോട്ട് നോക്കിയത്……..

അവളും പതിയെ അവനെയൊന്നു നോക്കി…..ഇത് വരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി മനസ്സ് മറ്റെന്തോ ഭാവത്തിൽ അവളെ നോക്കി കാണുന്നത് കാർത്തിയറിഞ്ഞു……അവന്റെ അധരങ്ങൾ ഒരു പുഞ്ചിരിയെ കൈ കൊണ്ടു…….വാ…. വന്നെന്തെങ്കിലും കഴിക്ക്…… ഒരുങ്ങി കഴിയണ്ടേ നിനക്ക്…..ചന്ദ്ര ധൃതിയിൽ അത് പറഞ്ഞതും അവൾ അടുക്കളയിലേക്ക് കടന്നു…..ദേ….. അവന്റെ അടുത്തേക്കിരുന്നോ…. അല്ലാത്തിടം മുഴുവൻ അഴുക്കാണ്…….കാർത്തിയുടെ അരികിലെ ഒഴിഞ്ഞ സ്ഥലം ചൂണ്ടി കാണിച്ചു ചന്ദ്ര അത് പറഞ്ഞതും അവൾ ഒന്നങ്ങോട്ട് തിരിഞ്ഞു….

അപ്പോഴും കാർത്തി അവളെ തന്നെ നോക്കി നിൽക്കുകയാണ്……അവൻ ഇരിക്കെ അവിടേക്ക് ചാടി കയറിയിരിക്കാൻ അവൾക്കൊരു പ്രയാസം തോന്നിയത് കൊണ്ട് തന്നെ അവൾ പതിയെ അവിടെ ചാരി നിന്നു…..കയറിയിരുന്ന് കഴിക്ക്…..
നിൽക്കുന്ന അവളെ കണ്ട് അവനതു പറഞ്ഞതും അവളൊന്നവനെ നോക്കി….പിന്നേ രണ്ടു കയ്യും കുത്തി കയറാൻ നിന്നതും അതവൾക്ക് പ്രയാസമാണെന്ന് തോന്നിയത് കൊണ്ട് തന്നെ ഒരു കയ്യിൽ അവൻ പിടിച്ചവളെ കയറാൻ സഹായിച്ചിരുന്നു……അവനോട് ചേർന്നിരിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ശ്വാസം മുട്ടൽ തോന്നി….

അവൾ തങ്ങൾക്കിടയിലുള്ള അകലം ഇടം കണ്ണാലെ പല വട്ടം അളന്നെടുത്തു…..അപ്പോഴാണ് അങ്ങോട്ട് നന്ദിനി വരുന്നത്…..രണ്ട് പേരും അടുത്തടുത്തിരിക്കുന്നത് കണ്ടതും അവരുടെ നെഞ്ചിലൊരു ആശ്വാസം നിറഞ്ഞു നിന്നു……
കേട്ട കാര്യങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞു മനസ്സ് തന്നെ ആശ്വസിപ്പിക്കും പോലെ…….അവർ വലിയ ചെമ്പട്ടിയിൽ നിന്നും പുഴുങ്ങിയ പഴത്തിന്റെ കഷ്ണങ്ങൾ പാത്രത്തിലേക്കെടുത്തു…..ഒരു ഗ്ലാസ്സിലേക്ക് ചൂട് കട്ടൻ ചായയും പകർത്തി അത് രണ്ടും കൃഷ്ണക്ക് അരികിലേക്ക് വെച്ചു കൊടുത്തതും കൃഷ്ണ മിഴികളുയർത്തി അവരെയൊന്ന് നോക്കിയെങ്കിലും ആ മുഖത്ത് നിറഞ്ഞ ഗൗരവം തന്നെയായായിരുന്നത് കൃഷ്ണയിലൊരു നിരാശ നിറച്ചിരുന്നു…..

അവൾ പതിയെ കാർതിയിലേക്ക് നോക്കി….അവൻ സാരമില്ലെന്ന അർത്ഥത്തിൽ അവൾക്ക് നേരെ കണ്ണുകളൊന്ന് അമർത്തി ചിമ്മി…….അവൾ ആ പഴത്തിൽ നിന്നൊരു കഷ്ണമെടുത് പതിയെ കടിച്ചു..പിന്നേ പതിയെ ചായ കുടിക്കാൻ തുടങ്ങുമ്പോഴാണ് കാർത്തി ക്ക് ചായ കിട്ടിയിട്ടില്ല എന്നവൾ ശ്രദ്ധിക്കുന്നത്…..പഴം മാത്രം കഴിച്ചു കൊണ്ടിരിക്കുന്ന അവനിലേക്ക് അവളാ ചായ ഗ്ലാസ്‌ നീട്ടി……..എനിക്ക് വേണ്ടാ…. താൻ കുടിച്ചോ…..ഞാൻ കട്ടൻ ചായ കുടിക്കാറില്ല….
അവനത് പറഞ്ഞോന്നു പുഞ്ചിരിച്ചതും തൂക്ക് പാത്രത്തിൽ നിന്നും റോഡിലൂടെ ഒഴുകിയ പാലും കട്ടൻ ചായ യാണ് ഇഷ്ടമെന്ന ആ ശബ്ദവും അവളുടെയുള്ളിൽ മുഴങ്ങി നിന്നു…….

അവളൊന്നും മിണ്ടാതെ കഴിച്ചു കൊണ്ടിരുന്നെങ്കിലും ഉള്ളിലെന്തൊക്കെയോ ഒന്ന് പൊള്ളിയടർന്നു കൊണ്ടിരുന്നു…..അപ്പോഴാണ് അടുക്കളയിലേക്ക് ദൃശ്യ എഴുന്നേറ്റ് വരുന്നത്……അടുത്തിരുന്നു കഴിക്കുന്ന കാർത്ഥിയെയും കൃഷ്ണ യെയും കണ്ടതും അവളുടെ നെഞ്ചോന്ന് പിടിച്ചിരുന്നു……ആ…. നീയെഴുന്നേറ്റോ….. ദേ…. ഇവിടിരുന്നു കഴിച്ചോ……ദൃശ്യ യേ കണ്ടതും പറഞ്ഞു കൊണ്ട് കാർത്തി എഴുന്നേറ്റ് താഴെക്കിറങ്ങിയതും ദൃശ്യ കൃഷ്ണ യേ ഒന്നമർത്തി നോക്കിയിരുന്നു……ദൃശ്യ യെയും കാർത്ഥിയെയും ഒരുമിച്ചു കണ്ടതും രാത്രി ദൃശ്യ പറഞ്ഞ കാര്യങ്ങളോരോന്നും കൃഷ്ണക്ക് നെഞ്ചിലങ്ങനെ തെളിഞ്ഞു നിന്നു…..എന്തോ ഒരു പിടപ്പ് ഉള്ളിലാകെ അലയടിച്ചു……അവൾ കഴിക്കൽ നിർത്തി എഴുന്നേറ്റ് നടക്കുമ്പോഴും ദൃശ്യ ദേഷ്യത്തോടെ അവളെ നോക്കുന്നുണ്ടായിരുന്നു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കുളിച് കഴിഞ്ഞു കൃഷ്ണ പുറത്തേക്ക് വന്നതും തന്നെ ഒരുക്കാൻ ബ്യൂട്ടീഷൻ വന്നിരുന്നു…..
അവർ തന്നെ ഒരുക്കി മിനുക്കിയെടുക്കുമ്പോഴും മനസ്സ് മരവിച്ചു പോയിരുന്നു……വെറുതെ ഒരു താലി മാത്രം കൈ വശപ്പെടുത്തുന്ന ഈ ചടങ്ങിന് ഇത്രയേറെഒരുക്കങ്ങളുടെആവശ്യമില്ലെന്നവൾക്കറിയാമായിരുന്നു…..പക്ഷെ തന്റെ ചുറ്റും നിൽക്കുന്നവർക്കതറിയില്ലല്ലോ……മണിക്കൂറുകൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷം അവൾ കണ്ണാടിയിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി…..

അതേ…… അത്രയേറെ മനോഹരിയായൊരു കല്യാണ പെണ്ണായി താൻ മാറിയിരിക്കുന്നു…..
അവൻ പറഞ്ഞത് പോലെ തന്നെ ചുവപ്പ് കളർ തനിക്ക് നന്നായി ചേരുന്നുണ്ട്……പക്ഷെ തന്റെ മനസ്സിന് ചേരാത്തത് ഈ വിവാഹം മാത്രമാണ്…….തന്നെ സംബന്ധിച്ച് അത്രയേറെ പവിത്രമായ വിവാഹം ഇന്ന് വെറുമൊരു വേഷം കെട്ടലാണ് തനിക്…എല്ലാവർക് മുമ്പിലും കല്യാണ പെണ്ണായി ഒരുങ്ങിയെങ്കിൽ തന്നെ സംബന്ധിച്ച് കെട്ടിയാടുന്നൊരു വിഡ്ഢി വേഷമാണിത്…….
അവളുടെ ഹൃദയം വല്ലാതെ നീറി…..ഇത്രയേറെ ചമയങ്ങളില്ലെങ്കിലും വിലകൂടിയ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളില്ലെങ്കിലും താൻ മനസ്സിൽ കണ്ടൊരു വിവാഹ സങ്കല്പം ഇതിനേക്കാളേത്രയോ മനോഹരമായിരുന്നു…..

വിധി നമുക്കായി വെച്ച് നീട്ടുന്ന ആ ബന്ധത്തെ ഹൃദയം കൊണ്ടായിരുന്നു തനിക്കേറ്റെടുക്കേണ്ടത്….
മനസ്സ് കൊണ്ടായിരുന്നു തനിക്കാ താലി കൈപറ്റേണ്ടത് …എന്നാൽ ഇന്നത്തെ അവസ്ഥയെന്താണ് ……ദൃശ്യ പറഞ്ഞ വാക്കുകൾ താൻ മറക്കാൻ ശ്രമിക്കുമ്പോഴും അതോർമ്മയിലങ്ങനെ തെളിഞ്ഞു കിടന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മനോഹരമായി അലങ്കരിച്ച കതിർ മണ്ഡപത്തിലേക്ക് അവൾ കടന്ന് ചെല്ലുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ഒരു വേള തിളങ്ങി……

കാർത്തിയും കണ്ണിമ വെട്ടാതെ അവളെ നോക്കിയിരുന്നു……

ചുവപ്പ് പട്ട് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു…….

അവൾ പതിയെ അവനരികിലേക്കിരുന്നു…..

അവനെ നോക്കാനെന്തോ അവൾക്ക് മനസ്സ് വന്നില്ലെങ്കിൽ കൂടി അവനവളെ തന്നെ നോക്കിയിരുന്നു….

അവൻ മാത്രമല്ല….. അവിടെ കൂടിയിരിക്കുന്ന ആർക്കും കണ്ണെടുക്കാൻ പറ്റാത്ത വിധം എന്തോ വശ്യമായ ഒരു സൗന്ദര്യം ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു……

പക്ഷെ അവളുടെ കണ്ണുകളിലെ തിളക്കമില്ലായ്മ കാർത്തിക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്നു…
അതവനെ വല്ലാതെ വേദനിപ്പിച്ചു….ചുറ്റുമുള്ള എല്ലാവരുടെയും മുഖത്തെ നിറഞ്ഞ സന്തോഷം അതിലേറെ അവനെ കുറ്റ ബോധത്തിന്റെ കയറിനാൽ വരിഞ്ഞു മുറുക്കി…….അവനാരുടെയും മുഖത്ത് നോക്കാൻ കഴിഞ്ഞില്ല…….

താൻ കണ്ട സ്വപ്നത്തിലിരിക്കുന്ന കൃഷ്‌ണയെ കണ്ട് ദൃശ്യക്ക് മാത്രം സഹിക്കാൻ കഴിഞ്ഞിരുന്നില്ല……
അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞു…..ഓടി ചെന്നാ താലി തട്ടിയെടുക്കാൻ അവൾക്ക് തോന്നിയിരുന്നു ……കാർത്തി താലി കൈകളിലെടുക്കുമ്പോൾ അവന്റെ കയ്യൊന്ന് വിറച്ചു ……അവളുടെ കഴുതിലേക്കത് നീട്ടിയതും നിറ മിഴികളുയർത്തി അവൾ തന്നെ നോക്കുമ്പോൾ അവൻ പാടെ തളർന്നു പോയിരുന്നു……ആ മിഴികൾ ഏറെ പ്രാർഥനയോടെ ആ താലിയെ ഏറ്റ് വാങ്ങുമ്പോൾ അവനും അത് മനസ്സറിഞ്ഞു അവളിലേക്ക് നൽകുന്നത് അവനറിഞ്ഞിരുന്നു…..

(തുടരും)