22/04/2026

താലി : ഭാഗം 18

രചന: ആയിഷ അക്ബർ

പിറ്റേന്ന് രാവിലെ ചന്ദ്ര കഴിക്കാൻ വിളിച്ചപ്പോൾ മാത്രമാണ് കൃഷ്ണ ആ മുറിയിൽ നിന്ന് പുറത്തിറങ്ങിയത് ……അപ്പോഴേക്കും ശ്വേതയും സ്വാതിയുമെല്ലാം. സ്കൂളിൽ പോയിട്ടുണ്ട്…….
കഴിക്കാൻ പോകാനെന്തോ തോന്നുന്നില്ല……
എല്ലാവരുടെയും മുഖത്ത് നോക്കണ്ടേ…….
വയ്യ……എങ്കിലും അവൾ അവർക്ക് പിറകെ നടന്നു……എല്ലാവരും ടേബിളിന് ചുറ്റുമുള്ളത്‌ കൊണ്ട് തന്നെ അവൾ തലയുയർത്തിയില്ല……
എങ്കിലും മിഴികൾ അവനു വേണ്ടിയൊന്ന് പരതാൻ മറന്നിരുന്നില്ല……പക്ഷെ…..അവനില്ലവിടെ….മനസ്സിനാകെ ഒരു പ്രയാസം തോന്നിയിരുന്നവൾക്ക്…..

ഈ വീട്ടിൽ വന്നതിൽപ്പിന്നെ അവനെ അടുത്തൊന്നു കണ്ടിട്ടേയില്ല…….അവൾ കഴിച്ചെന്നു വരുത്തി വീണ്ടും ആ മുറിയിൽ തന്നെ ഇരിപ്പായി…..
എന്തെങ്കിലും ചെയ്താലോ ചെയ്തില്ലെങ്കിലോ തെറ്റായി പ്പോകുമോയെന്ന് പോലുമറിയാതേ മനസ്സ് ആശങ്കയിലാണ്…..ശ്വേതയും സ്വദിയുമുണ്ടായിരുന്നെങ്കിൽ അവനെവിടെയെന്ന് അവരോടേങ്കിലും ചോദിക്കാമായിരുന്നു…..
അവളാകെ പ്രയാസത്തിലായി…….ഉച്ച ഭക്ഷണം കഴിക്കാൻ ചന്ദ്ര വന്നു വിളിച്ചപ്പോൾ അവളൊന്നു മടിച്ചു നിന്നു….

അവർക്കരികിലിരുന്നു കഴിക്കുന്നത് തന്നെ കഷ്ടമാണെന്നതിൽ കവിഞ്ഞു അവൻ ഇവിടെയില്ല താനും……ഞാൻ….. ഞാൻ പിന്നേ കഴിച്ചോളാം…….കാർത്തി യേ കാത്തിരിക്കുവാണോ….അവൻ വൈകുമെന്ന് പറഞ്ഞിരുന്നതല്ലേ…..മോള് വന്നു കഴിച്ചോ…..അവൾ പതിയെ അത് പറഞ്ഞതിന് ചന്ദ്ര അവൾ പ്രതീക്ഷിച്ച മറുപടി തന്നെ നൽകിയെങ്കിലും അവൻ തന്നോടൊന്നും പറയുക പോലും ചെയ്തില്ല എന്നത് അവളിലൊരു പ്രയാസം തീർത്തു……എനിക്ക്…. വിശപ്പില്ല….. അതാ……അവൾ പതിയെ അത് പറയുമ്പോൾ തല കുനിച്ചിരുന്നു…..

ആയിക്കോട്ടെ…. മോൾക്ക് വിശക്കുമ്പോൾ കഴിച്ചോ കേട്ടോ……ചന്ദ്ര സ്നേഹത്തോടെ അത് പറഞ്ഞു പോകുമ്പോഴും അവളുടെ മനസ്സിലൊരു കരട് പെട്ടിരുന്നു…..അവനു….. തന്നോടൊന്ന് പറയാമായിരുന്നു…..അവനല്ലേ തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്…..ഇവിടെ തനിക്ക് അവൻ മാത്രമേ യുള്ളുവെന്ന് അറിയുന്നതല്ലേ…….
മനസ്സ് എന്തൊക്കെയോ ചിന്തിച് കൂട്ടി വേദനിക്കുന്നു….മറ്റൊന്നും ആലോചിക്കാനില്ലെന്ന പോൽ…..അവൾക്ക് സ്വയം പുച്ഛം തോന്നി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കാർത്തി ഡ്രൈവ് ചെയ്യുമ്പോഴെല്ലാം മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നു…..
മെറിന്റെ രണ്ട് മൂന്ന് ഫ്രണ്ട്സിനെ ഇപ്പൊ പോയി താൻ നേരിട്ട് കണ്ടു….പക്ഷെ അവരുടെ ആരുടെ അടുത്തും താൻ പ്രതീക്ഷിച്ചത് പോലെ അവളെ കുറിച്ചു മറ്റൊരറിവുമില്ല……..അവനാകെ യൊരു പ്രയാസം തോന്നി…..എല്ലാ വഴികളും തന്റെ മുമ്പിൽ അടയുന്നത് പോലെ……വിധി മറ്റെന്തൊക്കെയോ കൂട്ടിയിണക്കി കാത്തു വെച്ചത് പോലെ….
കൃഷ്ണയുടെ മുഖം ഓർക്കുമ്പോഴാണ് ഉള്ളിലൊരു വിങ്ങൽ……ആ കുട്ടി വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും ഒത്തിരി സ്വപ്നം കണ്ടവളാണ്…..പേരിനായൊരു താലി ആ കഴുത്തിൽ വീണു അവളെ കളങ്കപ്പെടുത്താതെ നോക്കേണ്ടത് തന്റെ കടമയാണ്……താന്നതിനു ഏതറ്റം വരെയും പോകും……ഈ വിവാഹം എങ്ങനെയെങ്കിലും മുടക്കിയെ തീരു……..
അവൻ സ്റ്റിയറിങ്ങിൽ കയ്യൊന്ന് കൂടി അമർത്തി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
സ്കൂൾ കഴിഞ്ഞു സ്വാതിയും ശ്വേതയും വീട്ടിലേക്ക് തിരികെ വന്നപ്പോഴാണ് കൃഷ്ണക്ക് അല്പമെങ്കിലും ആശ്വാസം തോന്നിയത്……അവരുടെ ചിരിയും സംസാരങ്ങളുമെല്ലാം തന്നിലെ ദുഖങ്ങളെ താൽക്കാലത്തെക്കെങ്കിലും മറവിക്ക് വിട്ട് കൊടുക്കുന്നുണ്ട്……അവരുടെ സംസാരങ്ങളിൽ അവളങ്ങനെ കുരുങ്ങി കിടക്കുമ്പോഴാണ് ആ മുറ്റത്തൊരു ജീപ്പിന്റെ ശബ്ദം കടന്നു വന്നത് …
മോളെ…. കൃഷ്ണാ….. നിന്നേ അന്ന്വേഷിച്ചാരോ വന്നിട്ടുണ്ട്……ചന്ദ്ര ഒരു തിടുക്കത്തോടെ മുറിയിലേക്ക് വന്നത് പറഞ്ഞതും അവൾ അല്പം ആശങ്കയോടെ തന്നെയാണ് എഴുന്നേറ്റത്….

തന്നെ അന്വേഷിച്ചു വരാനുള്ളവർ താനുമായി ബന്ധമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനിയാരെന്ന ചോദ്യവുമായി അവൾ ഉമ്മറത്തേക്ക് നടന്നു…..
വാതിലിനപ്പുറം തിണ്ണയിലായിരിക്കുന്ന വനെ കണ്ടതും ഒരു നിമിഷം അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുറിച്ചിരുന്നു……വിനയേട്ടൻ……അവളുടെ ഹൃദയം ഒരു നടുക്കത്തോടെയാണ് ആ പേരുച്ചരിച്ചത്….സാധാരണം ഇടുന്നത് പോലെ ചുളിവ് നിവരാത്ത വെള്ള മുണ്ടും ഒരു നീല ഷർട്ടുമാണ് അവനിട്ടിരിക്കുന്നത്….അവളെ കണ്ടതും വിനയനൊരു പുഞ്ചിരിയോടെ എഴുന്നേറ്റപ്പോഴും ആ കണ്ണുകളിൽ മിഞ്ഞി മാഞ്ഞിരുന്ന ഭാവങ്ങൾ കൃഷ്ണക്ക് മാത്രമായി കാണാൻ കഴിഞ്ഞിരുന്നു……

കൃഷ്ണാ…. മോളെ…. എന്തൊക്കെയാ ഞാനീ കേൾക്കുന്നത്…… വിവാഹമാണെന്നോ മറ്റോ ഇവര് പറയുന്നു… ഞങ്ങളെയൊന്നും അറിയിക്കാതെ എങ്ങനെ…. വീട്ടിലേക്ക് വരുന്നെന്നു വിളിച്ചു പറഞ്ഞിട്ട് പെട്ടെന്ന് നിന്നേ കാണാതായപ്പോ ഞങ്ങളെത്ര ടെൻഷനടിച്ചെന്ന് നിനക്കറിയുമോ…… വിനയൻ അങ്ങേയറ്റം വാത്സല്യം കണ്ണുകളിൽ പിടിപ്പിച്ചു കൊണ്ടത് പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചതും അവൾക്ക് സ്വയം അറക്കുന്നത് പോലെ തോന്നി…അവന്റെ ഓരോ സ്പർശനങ്ങളും തന്നിൽ അറപ്പും വെറുപ്പുമാണ് ഉണ്ടാക്കുന്നത്….ആ വീട്ടിലെ എല്ലാവരും അങ്ങനെ നിൽക്കുകയാണ്……
കൃഷ്ണയെ വിനയൻ കൂട്ടി കൊണ്ട് പോയാൽ വിവാഹം മുടങ്ങുമെന്ന ഭയത്തിൽ നന്ദിനി ഉരുകി……കൃഷ്ണക്ക് എന്ത്‌ പറയണമെന്നറിയില്ലായിരുന്നു…..

നിങ്ങൾ…. നിങ്ങൾ തെറ്റിദ്ധരിച്ചതാവും ഇവളെ…..അവള് ഞങ്ങളുടെ അടുത്തേക്ക് വരാൻ വേണ്ടിയാണ് അവിടെ നിന്നിറങ്ങിയത്…..ഒരാഴ്ച ആയപ്പോഴേക്കും പ്രേമം വിവാഹമെന്നൊക്കെ പറഞ്ഞു കൊച്ചിനെ ഇവിടെ പിടിച് വെച്ചിരിക്കുന്നതെന്തിനാ ……വിവാഹമെന്നത് നിങ്ങള് തനിച്ചങ് തീരുമാനിച്ചാൽ മതിയോ….നിങ്ങളുട മകന് വല്ല മുടന്തോ മറ്റോ ഉണ്ടോ…..വിനയൻ അത് പറഞ്ഞു നിർത്തിമ്പോഴേക്കും പിടിച്ചു നിർത്താൻ ശ്രമിച്ച അവന്റെ തനി സ്വരൂപത്തിലെ അമർഷം ആ വാക്കുകളിൽ കലർന്നിരുന്നു……സൂക്ഷിച്ചു സംസാരിക്കണം….ആരും കൃഷ്ണയേ പിടിച്ചു വെച്ചിട്ടില്ലിവിടെ……എന്റെ മോന്റെ കൂടെയാണ് അവളിങ്ങോട്ട് വന്നത്…സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന് പറയുമ്പോൾ പിന്നേ എവിടെ പോയി അന്വേഷിക്കും ഞങ്ങൾ…..അവള് വരുന്നെങ്കിൽ നിങ്ങൾക്കീ നിമിഷം അവളെ കൊണ്ട് പോകുകയും ചെയ്യാം…..ഇനിയീ മുറ്റത് കിടന്നു കൂടുതൽ സംസാരിക്കരുത്…..

വിനയന്റെ വാക്കുകൾ വിജയനെ ചൊടിപ്പിച്ചത് കൊണ്ടാണ് വിജയൻ ദേഷ്യത്തോടെ അത്രയും പറഞ്ഞു നിർത്തിയത് ……അവൻ കൃഷ്ണയിലേക്കൊന്ന് നോക്കി…..കൃഷ്ണ വാ…. നമുക്ക്…. നമ്മുടെ വീട്ടിലേക്ക് പോകാം……
വിനയൻ കൃഷ്ണക്ക് നേരെ നിന്നത് പറയുമ്പോൾ ആ കണ്ണുകളിലെ ഭാവം അവളെ വല്ലാതെ ഭയപ്പെടുത്തി……അവന്റെ കൂടെ പോയാലുള്ള അവസ്ഥ തനിക്ക് നന്നാറിയാം…… എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടേണ്ടി വരുന്നൊരു മാൻ കുഞ്ഞിനെ പോലെ ഭയന്നുള്ള രാത്രികൾ….
എവിടെയും തനിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ…….വല്യച്ഛൻ ദൂരെ സ്ഥലങ്ങളിലേക്ക് കച്ചവടത്തിന് പോകും…..വല്യമ്മ വലിയമ്മയുടെ ജോലികൾ കഴിഞ്ഞാൽ മുറിയിൽ കതകടച്ചൊരെയിരിപ്പാണ്…..

ഫോൺ വിളിയാണ്…..വീട്ടില് കല്ല് പണിക്ക് വരുന്ന സുകുമാരൻ ചേട്ടനുമായി നല്ലതല്ലാത്ത വലിയമ്മയുടെ സംസാരങ്ങൾ താൻ പലവട്ടം കണ്ടിട്ടുണ്ട്…..
അവർക്ക് സ്വന്തം മകനെ നോക്കാനൊന്നും സമയമില്ല……..ഇത് വരെ മുത്തശ്ശിയായിരുന്നു ആശ്രയം……ഇപ്പൊ മുത്തശ്ശിയും കിടപ്പിലായതതും വിനയേട്ടന്റെ ശല്യം വല്ലാതെ കൂടി…..അത് കൊണ്ടാണ് താനന്ന് അമ്മാവനോടൊപ്പം ഇറങ്ങി പ്പോന്നത്….അതവനോട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
അത് കൊണ്ട് തന്നെ ഇനി അവിടെ ചെന്ന് പെട്ടാൽ ഒരു തിരിച്ചു വരവുണ്ടാകില്ല തനിക്ക് ….അവളുടെ ഹൃദയം ആലില പോൽ വിറച്ചു…..വരുന്നില്ലെന്ന് തീർത്തു പറയാൻ നാവിലവൾ കരുതി വെച്ച ആ സമയത്താണ് ഒരു നിമിഷം കാർത്തിയെ കുറിച്ചവളൊന്നാലോചിച്ചത് …..

തന്നെ രക്ഷിച്ചവനാണ് …. സംരക്ഷിച്ചവനാണ്….
പകരം കിട്ടിയതൊന്നും നല്ലതായിരുന്നില്ല…..ഇപ്പൊ ദേ…. ഈ വിവാഹം പോലും……അത് മുടങ്ങാനെന്ത് ചെയ്യുമെന്ന് വഴിയാലോചിച്ചാണ് അവൻ നില്കുന്നത് …ഇപ്പൊ താൻ വിനയേട്ടനൊപ്പം പോയാൽ തന്റെ ജീവിതം ഒന്നുമല്ലാതായി പ്പോകുമായിരിക്കും….എന്നാൽ…….. അവൻ താനെന്ന കുരുക്കിൽ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടും…….വീട്ടുകാർ അവനു വീണ്ടും സമയം കൊടുക്കും…..മെറിനെ പറഞ്ഞു മനസ്സിലാക്കി അവർക്ക് ഒന്നിക്കാൻ പറ്റും……നിറഞ്ഞു വന്ന കണ്ണുകൾ അവൾ അമർത്തി തുടച്ചു …വരാമെന്ന അർത്ഥത്തിൽ അവൾ പതിയെ തല കുലുക്കുമ്പോൾ വിനയന്റെ മുഖത്തൊരു വിജയ ചിരി വിരിഞ്ഞു….
ഒരു നിമിഷം അവൾ വരില്ലെന്ന് പറയുമോയെന്ന ഭയം അവനെ വിട്ടോഴിഞ്ഞത് പോലെ…..

എന്നാൽ അവൾ വരില്ലെന്ന് പറഞ്ഞിരുന്നെങ്കിലെന്ന പ്രതീക്ഷയിൽ ചുറ്റും നിൽക്കുന്നവരുടെ മുഖതെല്ലാം നിരാശ പടർന്നു…നന്ദിനി അടഞ്ഞോരു അധ്യായം പോലെ അവളെ നോക്കി……എങ്കി നിന്റെ സാധനങ്ങളെടുത്ത് വാ….വിനയേട്ടനിവിടെ കാത്ത് നിൽക്കാം…..ചട്ടനും പൊട്ടനുമായ മകന്നവർ വേറെ പെണ്ണിനെ കാണട്ടെ……വിനയൻ അവിടെയുള്ള എല്ലാവരെയും പുച്ഛത്തോടെ നോക്കി കൃഷ്ണയോടത് പറയുമ്പോൾ ജയൻ ദേഷ്യം കൊണ്ടൊന്നു മുന്നോട്ട് വന്നെങ്കിലും വിജയൻ വേണ്ടെന്ന തരത്തിൽ അയാളുടെ കയ്യിൽ പിടിച്ചിരുന്നു…..വിനയൻ പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത് കത്തിച്ചു ചുണ്ടോടു ചേർത് നിൽക്കുമ്പോൾ അവന്റെ കൂടെ കൃഷ്ണയെ വിടാൻ പോലും അവിടെയാർക്കും മനസ്സ് വന്നിരുന്നില്ല…എങ്കിലും അവൾ പോകണമെന്ന് പറയുമ്പോൾ തടയുന്നതെങ്ങിനെ…..അതും വെറുമൊരു ദിവസത്തെ പരിചയം മാത്രമുള്ള തങ്ങളെന്ന ചിന്തയിൽ ആരും ഒന്നും മിണ്ടിയില്ല…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ചേച്ചി….. ഏട്ടൻ….. വന്നിട്ട് പോയാൽ പോരെ…..കൃഷ്ണ നിറ കണ്ണുകളോടെ ബാഗെടുക്കുബോഴാണ് സ്വാതിയും ശ്വേതയും കണ്ണുകൾ നിറച്ചു കൊണ്ടവളോടത് ചോദിച്ചത്……..എല്ലാം ഏട്ടന് വേണ്ടി തന്നെയാണെന്ന് അവരോടെങ്ങനെ പറയുമെന്നറിയാത്തത് കൊണ്ടവൾ അവരുടെ കവിളിൽ സ്നേഹത്തോടെ തൊട്ട് കൊണ്ടൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു …പിന്നേ പതിയെ അവിടെ നിന്നും നടന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ബാഗും കയ്യിലേക്ക് ചേർത്ത് പിടിച്ചു നടന്നു വരുന്ന കൃഷ്ണയെ കണ്ടതും വിനയൻ ഒരു ചിരിയോടെ കയ്യിലെ സിഗററ്റ് പുറത്തേക്കെറിഞ്ഞു…….
കൃഷ്ണ എല്ലാവരെയും ഒന്ന് നോക്കി…..ആ കണ്ണുകളിൽ ഒരു സാഗരം ഇളകി മറിയുന്നുണ്ട്……
പറയത്തക്ക പരിചയമൊന്നും ഈ ഒരു ദിവസം കൊണ്ട് വന്നിട്ടില്ലെന്ന് അവൾക്കറിയുന്നത് കൊണ്ട് തന്നെ ഒരു യാത്ര പറച്ചിലിനിടം നൽകണോ എന്ന ചിന്തയിൽ അവളങ്ങനെ നിന്നു…..പിന്നേ മിഴികൾ കൊണ്ടെല്ലാവരോടും പോകുകയാണെന്ന് പറയാൻ ശ്രമിച്ചു…..അപ്പോഴും ചുണ്ടുകൾ ഏറെ വിതുമ്പുന്നത് പോലെ….അവളെ വിടാൻ മനസ്സില്ലെന്ന വണ്ണം നന്ദിനി അവളെ തന്നെ നോക്കി നിന്നു…….വാ…….പോകാൻ വരട്ടെ…..

വിനയൻ അവളുടെ കയ്യിലെ ബാഗ് വാങ്ങി അതും പറഞ്ഞു തിരിഞ്ഞതും പെട്ടെന്നായിരുന്നു ചന്ദ്രയുടെ ശബ്ദം അവിടെ യുയർന്നത്…..എല്ലാവരും അവരെ നോക്കി…..അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് ഞങ്ങളാരുമല്ല….അവനാണ്…….അത് കൊണ്ട് തന്നെഞങ്ങളോട്പറഞ്ഞിട്ടല്ലഅവളെഇവിടെനിന്ന്കൊണ്ട്പോകേണ്ടത്…..അവളെ കൊണ്ട് വന്നവൻ ഇപ്പൊ എത്തും…. അത് കഴിഞ്ഞ് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാം….ചന്ദ്ര അല്പം മുന്നിലേക്ക് വന്നു നിന്ന് കൊണ്ടത് പറയുമ്പോൾ വിനയന്റെ മുഖം മാറി…..അവൻ ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി..

ഇവളെന്റെ ചോരയാണ്…. ഇവളെ കൊണ്ട് പോകാൻ വിനയന് ആരെയും കാത്തു നിൽക്കേണ്ട കാര്യമില്ല……വിനയൻ പുച്ഛത്തോടെ അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് ആ കാറ് പൊടി പറത്തി കൊണ്ടാ മുറ്റത് വന്നു നിന്നത്……കാത്തു നിൽക്കേണ്ട കാര്യമൊന്നുമില്ല….ദേ അവൻ വന്നു ……ചന്ദ്ര പുച്ഛത്തോടെ അത് പറയുമ്പോഴും വിനയന്റെ കണ്ണുകൾ കാറിൽ നിന്നിറങ്ങുന്നവനിലേക്ക് തന്നെയായിരുന്നു……കൃഷ്ണയുടെ ഹൃദയവും വല്ലാതെ മിടിച്ചു…….

കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയവനെ കണ്ട് വിനയൻ ശെരിക്കും ഞെട്ടി പോയിരുന്നു……ബ്രൗൺ കളർ ഷർട്ടും ക്രീം പാന്റുമാണ്അവനിട്ടിരിക്കുന്നത്….ഉയരത്തിലേക്കൊത്ത വണ്ണത്തിൽ അവന്റെ ശരീര സൗന്ദര്യം എടുത്ത് കാണുന്നുണ്ടായിരുന്നു…കറുത്ത കട്ടിയുള്ള മീശയും വെട്ടിയൊതുക്കിയ ഇട തൂർന്ന താടിയും അവന്റെ മുഖത്ത് പൌരുഷം നിറച്ചു….എന്തോ അറിഞിട്ടുണ്ടെന്ന വണ്ണം അത്രമേൽ ഗൗരവത്തോടെ അവൻ ഷർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ട് നടന്നു വരുമ്പോൾകയ്യിലെമുന്തിയഇനംവാച്ച്തിളങ്ങുന്നുണ്ടായിരുന്നു……വിനയൻഅപ്പോഴുംഅതേഞെട്ടലിൽതന്നെയായിരുന്നു……ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത് എന്ന പോൽ……..

(തുടരും)

ഇനി ഒരു മാസക്കാലം ഒരു വേർപിരിയലാണ്….
എന്റെസ്ഥിരവായനക്കാർക്ക്അറിയുമായിരിക്കാം……ഞാൻ നോമ്പ് സമയം എഴുതാറില്ല …അല്പം മാറി നിൽക്കും….അത് കഴിഞ്ഞ് മാസം കണ്ട് പെരുന്നാള് ഉറപ്പിക്കുന്ന ദിവസം നമുക്ക് കാണാം…..
Insha allah…..പ്രാർഥനയിൽ ഉൾപ്പെടുത്തുക…… ❤️