18/04/2026

താലി : ഭാഗം 26

രചന : ആയിഷ അക്ബർ

മനസ്സിൽ എന്നോ വരച്ചു ചേർത്തിരുന്ന സ്വപ്നങ്ങളിൽ കൃഷ്ണ ജീവിക്കുമ്പോഴും ഒന്നിലും വരച്ചു ചേർക്കാനിഷ്ടപ്പെടാത്തൊരു വിങ്ങൽ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു…..വിറക്കുന്ന വിരലുകളാൽ സിന്ദൂരം അവളുടെ നെറുകിൽ ചാർത്തുമ്പോൾ അവന്റെ കണ്ണുകൾ അവളിൽ മാത്രം പതിഞ്ഞു…..അവൾ മിഴികളുയർത്തി അവനെ നോക്കി……ആ കണ്ണുകളിൽ മുഴുവൻ മെറിന്റെ ഓർമകളായി കൃഷ്ണക്ക് തോന്നിയതും അവൾക്കൊരു പിടച്ചിലനുഭവപ്പെട്ടു…….
കൃഷ്ണ യുടെ ദയനീയതയും മെറിന്റെ ഓർമകളും കാർത്തിയെ ആ നിമിഷം വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു ….

അപ്പോഴും അവളുടെ കഴുത്തിൽ താൻ കെട്ടിയ താലി തിളങ്ങുന്നത് അവൻ നോക്കി കണ്ടു…..
അതേ….. ഇത് വരെയില്ലാത്ത പുതിയൊരു ബന്ധം തങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു……
അത്രയേറെ പരിശുദ്ധമായൊരു ബന്ധം…….എന്തൊക്കെ കരടുകൾ തങ്ങൾക്കിടയായിലുണ്ടെന്നാലും അതിനെയെല്ലാം കാറ്റിൽ പറത്തി തങ്ങളെ പരസ്പരം ആരോക്കെയോ ആക്കി നിർത്തുന്നൊരു ബന്ധം……..
കാർത്തിക്ക് ആകെ ക്കൂടെ ഒരു നിർവികാരത തോന്നിയിരുന്നു…..തന്റെ വിവാഹം നടന്നു കണ്ട സന്തോഷം ചുറ്റും നിൽക്കുന്ന ഓരോ മുഖങ്ങളിലുമുള്ളത് അവനെയേറെ വേദനിപ്പിച്ചു…..

അതിലേറെ തന്റെ താലിയും പേറി ഒരു ജീവ ചവം കണക്കെ ഇരിക്കുന്നവൾ മനസ്സിൽ മുറിവ് തീർത്തിരുന്നു……താലി കെട്ട് കഴിഞ്ഞതും മുത്തശ്ശിയും മുത്തശ്ശനും അവരെ രണ്ട് പേരെയും കെട്ടി പ്പിടിച്ചു…… അച്ഛനും ചെറിയച്ഛനും അമ്മയും ചെറിയമ്മയും എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്നത് അവനൊരു വിങ്ങലോടെയാണ് കണ്ടത്…….അവനെന്തോ കണ്ണുകളിലെ കാഴ്ച മറയുന്നത് പോലെ തോന്നിപ്പോയൊരു നിമിഷം…….

താലി കെട്ട് കഴിഞ്ഞിറങ്ങുമ്പോഴും അവിടെ നിറഞ്ഞു നിന്ന അപരിചിതത്തിനാലാവാം കൃഷ്ണ അവനോട് ചാരി നടന്നു…..എപ്പോഴുമെന്ന പോൽ അവനും അവളെ മനസ്സിലാക്കി അവൾക്കൊപ്പം നടക്കാൻ ശ്രമിച്ചു……എന്ത് തന്നെയായാലും അവളുടെ ഈ അവസ്ഥക്ക് കാരണം താനാണ്…..അത് കൊണ്ട്….. തനിക്ക് ജീവനുള്ളിടത്തോളം താനവളെ സംരക്ഷിക്കുക തന്നെ ചെയ്യും…… അതിനി ഭാര്യ യുടെ സ്ഥാനതായാണെങ്കിൽ അങ്ങനെ….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
വീട്ടിലെത്തിയതും നന്ദിനി നില വിളക്ക് കൊണ്ട് വന്നവൾക്ക് നേരെ നീട്ടി…….വലത് കാലു വെച്ച് കൊണ്ടാ വീടിന്റെ പടികൾ അവൾ കയറുമ്പോൾ പതിയെ അവനെയൊന്ന് നോക്കാൻ മറന്നിരുന്നില്ല….അവനിലെ നിർവികാരത സത്യത്തിൽ അവളെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു….എപ്പോഴും തന്റെ കൂടെ പുഞ്ചിരിയോടെ നിൽക്കുന്ന വനെയാണ് തന്റെ മനസ്സാഗ്രഹിക്കുന്നത്…..പക്ഷെ അവനിഷ്ടമില്ലാത്ത കാര്യങ്ങൾക്കും താനത് പ്രതീക്ഷിക്കുന്നത് തെറ്റല്ലേ……

മാത്രവുമല്ല……. വെറുമൊരു വേഷം കെട്ടലാണെന്നറിഞ്ഞിട്ടും തന്റെ മനസ്സെന്തിനാണ് ഇത്രയേറെ ഇതിനു മൂല്യം കൊടുക്കുന്നത്……നോവ് നിറഞ്ഞ ഹൃദയ വുമായി അവളാ പടികൾ കയറുമ്പോൾ ചുറ്റും നിൽക്കുന്നവരെല്ലാം അത്ര മേൽ ആനന്ദത്തിലായിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അകത്തേക്ക് കയറിയതും ഇട നാഴിയിലെ ആ ഒഴിഞ്ഞ മുറിയിൽ കയറി കാർത്തി വാതിലടച്ചു……മനസ്സ് കൈകളിൽ നിന്നൂർന്നു പോകുന്നത് തടയാനെന്ന വണ്ണം അവൻ ജനൽ കമ്പിയിൽ കൈകൾ മുറുക്കി……മൊബൈൽ കയ്യിലെടുത്തു…….ഒന്ന് കൂടി മെറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്യമ്പോളെന്തോ ഇത് വരെയില്ലാത്തൊരുപിടപ്പ്അവനറിയുന്നുണ്ടായിരുന്നു……..വിവാഹത്തിന് വധുവായി ഒരിക്കലും ഞാൻ മെറിനെ സ്വപ്നം കണ്ടിട്ടില്ല…..കാരണം അവളെ സംബന്ധിച്ച് വിവാഹമെന്നത് വെറുമൊരു ചടങ്ങ് മാത്രമാണ്……..

പക്ഷെ….. മെറിൻ വരുന്നതിനു മുൻപ് ഏതൊരു ആണിനെയും പോലെ താനും ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്….പവിത്രമായ ആ ബന്ധത്തെ കുറിച് മുത്തശ്ശി പറയുമ്പോഴൊക്കെയും കണ്ണുകൾ വിടർത്തി താൻ കേട്ടിരിക്കുമായിരുന്നു…. ആ സ്വപ്നങ്ങളിലൂടെയാണ് അല്പം മുൻപ് താൻ കടന്ന് പോയത്…..അത് കൊണ്ട് തന്നെയായിരിക്കാം മനസ്സ് പതിവിന് വിപരീതമായി പിടക്കുന്നത്……അതേ നിമിഷം തന്നെ കൃഷ്ണയെ കുറിച് അവനൊന്നോർത്തു നോക്കി……..ഒരു ദീർഘ നിശ്വാസത്തോടൊപ്പം അവനാ കട്ടിലിലേക്ക് വീണു പോയിരുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അയ്യേ….. ചേച്ചി…… ഇനി ഞങ്ങളുടെ കൂടെ കിടത്തില്ലാട്ടോ…….നില വിളക്ക് പൂജാ മുറിയിലേക്ക് വെച്ച് പ്രാർത്തിച്ച ശേഷം മുറിയിലേക്ക് കടക്കാൻ തുടങ്ങുമ്പോഴാണ് സ്വാതി പൊട്ടി ചിരിയോടെ അത് പറഞ്ഞത്…..അപ്പോഴാണ് കൃഷ്ണയും അതോർക്കുന്നത്…..ഇനി മുതൽ തൻ കിടക്കേണ്ടത് അവരുടെ കൂടെയല്ലല്ലോ…..എല്ലാവരും ചിരിയോടെ തന്നെ നോക്കി നിൽക്കുകയാണ്…..അവൾക്ക് വല്ലാത്ത ജാള്യത തോന്നി……

ഇനിയും ഞങ്ങളുടെ കൂടെ കിടന്നാൽ ഏട്ടൻ പൊക്കിയെടുത്തോണ്ട് പോകും……
സ്വന്തമാക്കി കഴിഞ്ഞ് മുകളിലേക്ക് കൊണ്ട് പോകുമെന്ന് ആള് പറഞ്ഞിരുന്നത് കേട്ടതല്ലേ…..
തന്നെ കളിയാക്കി കൊണ്ട് ശ്വേത അതും കൂടി പറഞ്ഞതും മനസ്സിൽ നിർവികാരത യാണ് സ്ഥാനം പിടിച്ചതെങ്കിൽ കൂടി ചുറ്റും നിൽക്കുന്നവരുടെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു പ്രയാസം തോന്നിയിരുന്നു…….ചെറിയ വായിൽ വലിയ വർത്തമാനം പറഞ് നിൽക്കാതെ ചേച്ചിയെ മുകളിലേക്ക് ആക്കി കൊടുത്തേ രണ്ട് പേരും…….

എന്തൊക്കെയാ പറയേണ്ടതെന്ന് അറിയില്ല രണ്ടിനും……കൃഷ്ണയുടെ പ്രയാസം മനസ്സിലാക്കി ചന്ദ്ര അവരെ നോക്കി കെറുവിച്ചു കൊണ്ടത് പറഞ്ഞതും അവർ വേഗം കൃഷ്ണയുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നിരുന്നു…. ആ മുറിയുടെ പടിയിലെത്തിയപ്പോഴേ കൃഷ്ണക്ക് ശരീരം വിറക്കുന്നത് പോലെ തോന്നി……അവൾ വിറച്ചു കൊണ്ടകത്തേക്ക് കാലു വെച്ചു…..അവിടമാകെ അവന്റെ ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്…..ഇനി മുതൽ ഇതാണ് ചേച്ചിയുടെ മുറി…..
എന്ന് വെച്ച് ഞങ്ങളുടെ കൂടെ കിടക്കാൻ പാടില്ല എന്നൊന്നുമില്ല കേട്ടോ….ശ്വേത അതും പറഞ്ഞവളെ ചുറ്റി പിടിച്ചതും അവളൊന്നു പുഞ്ചിരിച്ചു…….

കൃഷ്ണ ആ മുറിയിലൂടെ ഒന്നാകെ കണ്ണുകളോടിച്ചു….ഹാങ്ങറിൽ വെച്ച ഷർട്ടുകളും ടേബിളിൽ വെച്ച ലാപ്ടോപ്പും അങ്ങനെ തുടങ്ങി അവന്റേ സാധനങ്ങൾ മാത്രം ആ മുറിയിലുള്ളത് കൊണ്ട് തന്നെ അതിലേക്ക് കടന്ന് ചെല്ലാൻ അവൾക്കൊരു ഭയം തോന്നിയിരുന്നു……ഒരു വീട്ടിൽ അവനോടൊപ്പം തനിച് താമസിച്ചിട്ടുണ്ടെങ്കിലും അന്ന് തനിക്കവൻ ആരുമായിരുന്നില്ല……
അത് കൊണ്ട് തന്നെ ഒന്നും പ്രതീക്ഷിച്ചിട്ടില്ല താൻ….. അല്പം കരുണയല്ലാതെ…..ഇന്നവൻ തനിക്കെല്ലാമാണെങ്കിൽ കൂടി ഒന്നും പ്രതീക്ഷിക്കാൻ അർഹതയില്ല……അവളുടെ കണ്ണുകൾ നിറയുമോയെന്നവൾക്ക് ഭയം തോന്നി…..

സാരിയും ആഭരണങ്ങളുമൊക്കെ അഴിച്ചു തരാൻ കൃഷ്ണക്കൊപ്പം സ്വാതിയും ശ്വേതയുമുണ്ടായിരുന്നു….. എന്തൊക്കെയോ കല പില സംസാരിച്ചു കൊണ്ടേയിരിക്കുന്നുണ്ടവർ……..
അവൾ ഒരു പുഞ്ചിരിയോടെ അവരെ കേട്ടിരിക്കുമ്പോഴും ഉള്ളിലെന്തോ ഒന്ന് ആളി കത്തുന്നത് പോലെ…..ഉടുത്തു മാറാൻ ഒരു ചുരിദാറെടുത്തു കൃഷ്ണ ബാത്‌റൂമിലേക്ക് കയറിയപ്പോഴാണ് വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത്….ശ്വേത പോയി പെട്ടെന്ന് വാതിൽ തുറന്നതും ദൃശ്യയായിരുന്നത്……അവളുടെ കണ്ണുകൾ ആ മുറിയിലാകെ ധൃതിയിൽ ഓടി നടന്നു…..

ചേച്ചി കുളിക്കുവാണ്…..കാർത്ഥിയെവിടെ……
ദൃശ്യ തിരയുന്നത് കൃഷ്ണയെ ആണെന്ന് തോന്നിയത് കൊണ്ട് തന്നെ സ്വാതി അത് പറഞ്ഞതും ദൃശ്യയുടെ മറു ചോദ്യം പെട്ടെന്നായിരുന്നു…….ഏട്ടൻ….. താഴെ ഉണ്ടാവും…..സ്വാതി അത് പറയുമ്പോഴും ദൃശ്യയുടെ കണ്ണുകൾ ആ മുറിയിലൂടെ ഒഴുകി നടന്നു……അവാൾ പെട്ടെന്ന് ഹാങ്ങറിലേക്കൊന്ന് നോക്കി….അവന്റെ ഷർട്ടിന്റെ അരികിലായി അവളുടെ ഡ്രെസ്സും സ്വാതി വെക്കുകയാണ്…….

മേശ മേലിരിക്കുന്ന അവന്റെ ലാപ്ടോപ്പ് നും മറ്റും അരികിലായി തന്നെ അവളഴിച്ചു വെച്ച ആഭരണങ്ങളിരിക്കുന്നുണ്ട്….അവന്റേതെന്ന് തോന്നുന്ന എല്ലാത്തിലും അവളുടെ നിഴൽ കൂടി പതിഞ്ഞതു കണ്ടതും ദൃശ്യക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നിയിരുന്നു…..ഒന്നും കാണാൻ കഴിയുന്നില്ലെന്ന വണ്ണം അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു….അവൾ ഇറങ്ങി അൽപ സമയം കഴിഞാണ് ചെറിയൊരു മയക്കം കഴിഞ്ഞ് കാർത്തി മുറിയിലേക്ക് കയറി വരുന്നത്……..മ്മ്……
മുറിയിൽ നിൽക്കുന്ന ശ്വേതയെയും സ്വാതിയെയും കണ്ടതും അവൻ പുരിമുയർത്തുമ്പോൾ അവർ രണ്ടും പേരും ഒന്നുമില്ലെന്ന തരത്തിൽ ചുമൽ കൂചി അവനെയൊന്നു തട്ടി കൊണ്ട് പുറത്തേക്ക് നടന്നിരുന്നു…..

ആ ഒരോറ്റ കിടത്തത്തിൽ നല്ലൊരു ഉറക്കം പിടി കൂടിയതിന്റെ എല്ലാ ഗൗരവവും അവന്റെ മുഖത്തുണ്ട്….മറ്റൊന്നിലേക്കും ശ്രദ്ധ പോകുന്നില്ലെന്ന വണ്ണം തലക്കൊരു ഭാരം തോന്നിയിരുന്നവന്….അവൻ തലയിൽ അല്പം വെള്ളം ഒഴിക്കാൻ വേണ്ടി ഷർട്ടിന്റെ ബട്ടൺ അഴിച്ചു തുടങ്ങി…….അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം ഇറ്റി വീഴുന്ന ശബ്ദം അവന്റെ കാതുകളിലെത്തുന്നത്….ആരായിരിക്കും എന്ന ചോദ്യം മനസ്സിൽ നിറച്ചു കൊണ്ട് ഷർട്ടൂരി മാറ്റുമ്പോഴും അവളവന്റെ ചിന്തകളിൽ നിന്ന് വളരേ വിദൂരത്തായിരുന്നു….

അവൻ അഴിച്ച ഷർട്ട്‌ ഹാങ്കറിൽ വെക്കുമ്പോഴാണ് അവിടെ യുള്ള ആ ഡ്രസ്സ്‌ അവന്റെ കണ്ണുകളിൽ പതിഞ്ഞത്….ഒരു നിമിഷം അവളെന്നൊരു ചിത്രം മനസ്സിലൂടെ മിഞ്ഞി മാഞ്ഞു…..അവൻ പതിയെ യൊന്നു തിരിഞ്ഞതും ടേബിളിൽ വെച്ചിരുന്ന തന്റെ ലാപ്ടോപ്നടുത്തായി നിരന്നു കിടക്കുന്ന ആ ആഭരണങ്ങൾ കൂടി കണ്ടതും അവന്റെ ചിന്തകൾ അവളിലേക്ക് പൂർണമായും തിരിഞ്ഞിരുന്നു…..അവൻ ചുമരി ൽ പതിപ്പിച്ച കണ്ണാടിയിലേക്കൊന്ന് നോക്കിയതും അവളുടെ നെറ്റിയിൽ കണ്ട പൊട്ടവിടെയുണ്ടായിരുന്നു …

തന്റെ മുറി മറ്റൊരാൾ കൂടി പങ്കിട്ടെടുത്ത കാര്യം അവന്റെ തിരിച്ചറിവിലേക്ക് വരുമ്പോഴും അത് കൃഷ്ണയാണെന്ന ത് കൊണ്ട് മാത്രം അവനതിലൊരു പ്രയാസം തോന്നിയില്ല…. അവളുടെ നിഷ്കളങ്ക മായ കണ്ണുകൾ മാത്രം അവനിൽ തെളിഞ്ഞു നിന്നു……അതിനേക്കാളേറെ അവളെ താൻ ഒരു താലി ചരടിനാൽ തന്റെതാക്കിയിരിക്കുന്നു എന്ന് കൂടി മനസ്സ് ഓർമ്മപ്പെടുത്തി………മേറിനു വേണ്ടിയാണ് താൻ വിവാഹസങ്കല്പങ്ങളിൽ നിന്ന് ഒളിച്ചോടിയത്…
കഴുത്തിൽ കെട്ടിയ താലി വെറുമൊരു ചരടല്ലെന്ന് തനിക്കും വിശ്വാസമുള്ളത് കൊണ്ടാവാം മനസ്സ് അവളെ തന്റെതാക്കി നിർത്താൻ ശ്രമിക്കുന്നത്……
അപ്പോഴാണ് ബാത്‌റൂമിന്റെ വാതിൽ തുറന്നു കൊണ്ടവൾ പുറത്തിറങ്ങിയത്…….അവൻ പെട്ടെന്ന് അവളിലേക്കൊന്നു തിരിഞ്ഞു……

(തുടരും)