18/04/2026

നിന്നോളം : ഭാഗം 08

രചന – ഫൗസിയ യൂസഫ്

അത്രയൊന്നും എന്നിൽനിന്നും ഭദ്രേച്ചി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ മുഖം കണ്ടാലറിയാം… പറയണമെന്ന് ഞാനും കരുതിയതല്ല.. വീണ്ടും വീണ്ടും മുറിവേറ്റുകൊണ്ടിരിക്കുന്ന ഞാനെന്ന പെണ്ണിന്, ഒരൽപമെങ്കിലും ആശ്വാസം അത്യാവശ്യമായിരുന്നു…. “”വീണുപോകുമോ എന്ന് ഭയപ്പെടുമ്പോഴും, വീഴാതെ ഉറച്ചു നിൽക്കാൻ ശ്രമിച്ചോണ്ടിരിക്കാ ഞാൻ… ദയവുചെയ്ത് തളർത്തിക്കിടത്തരുത്! അപേക്ഷയാണ്…”” കൈകൾ കൂപ്പിക്കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.. “” നിക്കെടി അവടെ.. “” ഭദ്രേച്ചി ധൃതിയിൽ വന്നേന്റെ കൈത്തണ്ടയിൽ പിടിച്ചു.. “” കൊള്ളാലോടി.. കുറച്ചു ദിവസം, ഇവിടന്ന് മാറി നിന്നപ്പോഴേക്കും നിന്റെ ഉശിര് വല്ലാതങ്ങു കൂടിയല്ലോ.. ഇത് സ്വയം രൂപപ്പെട്ടതാണോ, അതോ നിന്റെ നീലിമേച്ചീടെ ട്രൈനിങ്ങോ? “” ഭദ്രേച്ചിയുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു..

“” എഴുനേൽക്കില്ല എന്നുറപ്പുണ്ടായിട്ടും,എതിരാളി നെഞ്ചത്തു ചവിട്ടി നിൽക്കുമ്പോ ആരായാലും അവസാന ശ്വാസത്തിനു വേണ്ടി ശ്രമിക്കില്ലേ ചേച്ചി…? അവരെ തള്ളിമാറ്റാൻ ശ്രമിക്കില്ലേ? പിന്നെ, നമ്മൾ തമ്മിലുള്ള സംസാരത്തിലേക്ക് നീലിമേച്ചിയെ വലിച്ചിഴക്കണ്ട… എനിക്ക്, എന്റേതായ ശരികളുണ്ട്.. അതുപോലെ പ്രവർത്തിക്കാൻ മറ്റൊരാളുടെ ഉപദേശം തേടേണ്ട ആവശ്യമില്ല! ഇതുവരെ മിണ്ടാതിരുന്നതും, അനുസരിച്ചതുമെല്ലാം ചാരുവിന് ധൈര്യമോ തന്റെടമോ ഇല്ലാഞ്ഞിട്ടാണെന്ന് കരുതരുത്… മറിച്ച്, സ്നേഹത്തിനും കടപ്പാടുകൾക്കും മുകളിൽ മറ്റൊന്നിനും വില കൊടുക്കാത്തത്കൊണ്ട് മാത്രമാണ്! “” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.. “” അപ്പൊ നീയെന്നെ അനുസരിക്കാതിരിക്കാൻ തന്നെയാണ് തീരുമാനം അല്ലേ? അങ്ങനെയാണെങ്കിൽ നിന്നെ അനുസരിപ്പിക്കാനുള്ള വഴിയൊക്കെ എനിക്കറിയാം.. “”

“” ആത്മഹത്യാ ഭീഷണിയാണോ അതോ, അച്ഛനെയും അമ്മയേയും കൊണ്ട് സമ്മതിപ്പിക്കും എന്നാണോ അതിനർത്ഥം?? രണ്ടായാലും എനിക്ക് പേടിയില്ല ഭദ്രേച്ചി.. ആത്മഹത്യ ചെയ്യാൻ പേടിയുള്ളവരാ പലപ്പോഴും അത് ചെയ്യുമെന്ന് പറഞ്ഞു നടക്കാറ്… അതുകോണ്ട് ചേച്ചിയതിന് മുതിരുമെന്ന് എനിക്ക് തോന്നുന്നില്ല! പിന്നെ, അച്ഛനുമമ്മയും എന്നോട് ചോദിക്കാതെ, എന്റിഷ്ടം നോക്കാതെ ഒരു തീരുമാനം എടുക്കില്ല… അതെനിക്കുറപ്പുണ്ട്!”” ഞാൻ പറഞ്ഞു. “” അതെന്താ നിനക്ക് ഇത്ര ഉറപ്പ്? “” ചേച്ചി പരിഹസിച്ചു.. “” ജനിച്ചത് ചേച്ചിയുടെ അനിയത്തിയായിട്ടല്ലെങ്കിലും, വളർന്നത് അങ്ങനാണല്ലോ… അപ്പൊ ചേച്ചീടെ കുറച്ചു ക്വാളിറ്റീസൊക്കെ എനിക്കും കിട്ടാതിരിക്കില്ലല്ലോ.. “” ഞാൻ ചെറുങ്ങനെയൊന്ന് പുഞ്ചിരിച്ചു… പിന്നെ, തിരിച്ചു നടന്നു…. മുറിയിലെത്തുമ്പോൾ, നീലിമേച്ചി രണ്ട് മൂന്നു തവണ വിളിച്ചിരുന്നു.. ഫോണെടുത്ത് അങ്ങോട്ട് വിളിച്ചു.. “” വീട്ടിലെത്തിയപ്പോൾ കോളെടുക്കാൻ പോലും സമയമില്ലാതായല്ലേ പെണ്ണേ.. “” ചേച്ചി പരിഭവിച്ചു..

“” അപ്രത്ത് ഭദ്രേച്ചിയോട് സംസാരിക്കാർന്നു.. ഫോണടിച്ചത് കേട്ടില്ല “” ഞാൻ പറഞ്ഞു. “” എന്തായി? അവള് നിന്നോട് സംസാരിച്ചു കഴിഞ്ഞോ? എന്താ ഉണ്ടായെന്നറിയാതെ ഇരിപ്പുറയ്ക്കുന്നില്ലെടി പെണ്ണേ എനിക്ക് “” ചേച്ചിയുടെ ചോദ്യത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു.. “” മ്ഹ്, സംസാരിച്ചു.. എല്ലാം വ്യക്തമായി പറഞ്ഞു, അങ്ങോട്ടും ഇങ്ങോട്ടും!”” ഞങ്ങൾ തമ്മിലുണ്ടായ മീറ്റിങ്ങിലെ അജണ്ടകളെ കുറിച്ചും, വാക്കു തർക്കങ്ങളെ കുറിച്ചും ഞാൻ ചേച്ചിക്ക് വിവരിച്ചു കൊടുത്തു.. “” കൊള്ളാലോടി പെണ്ണേ… നിനക്കപ്പൊ സംസാരിക്കാനൊക്കെ അറിയാമല്ലേ? നന്നായി.. അവൾക്കൊരു ഡോസ് കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.. “” “” ഒന്നും വേണോന്ന് വിചാരിച്ചു പറഞ്ഞതല്ല… എല്ലാം വിട്ടു കൊടുത്തിട്ടും, വീണ്ടുമെന്നെ….. കേട്ടുനിൽക്കാൻ കഴിഞ്ഞില്ല… വായിൽ വന്നതൊക്കെ പറഞ്ഞു.. ദേഷ്യം കൂടീട്ടുണ്ടാവും ഭദ്രേച്ചിക്കെന്നോട് “”

“” അവള് ഇരന്നു വാങ്ങിയതല്ലേ, സാരല്ല… നീയതോർത്തു ടെൻഷനാവണ്ട… ഞാൻ വെക്കുവാണേ… “” എന്നെ സമാധാനിപ്പിച്ച്, ചേച്ചി ഫോൺ വെച്ചു… അപ്പോഴാണ് താഴെനിന്ന് ബഹളം കേട്ടത്… ഞാൻ ഓടിച്ചെന്നു നോക്കിയപ്പോൾ, അമ്മയും നങ്ങേലിയും കൂടി ഭദ്രേച്ചിയെ താങ്ങിപ്പിടിച്ച്, കസേരയിലേക്കിരുത്തുന്നുണ്ട്… എനിക്കാകെ പേടിയായി… അന്വേഷിച്ചപ്പോൾ, ഭദ്രേച്ചിക്ക് തലകറങ്ങിയതാണെന്ന് അമ്മ പറഞ്ഞു… “” തമ്പ്രാട്ടീ, ഇത് അതെന്നെ.. “” നങ്ങേലി ചിരിയോടെ അമ്മയെ നോക്കി… ആ നിമിഷം, അമ്മേടെ മുഖത്തും അതേ ചിരിയുതിർന്നു… “” സത്യാണോ നങ്ങേലി? “” അമ്മ, അവിശ്വസനീയതയോടെ വീണ്ടും ചോദിക്കുന്നത് കേട്ടു.. “” അതേന്നേയ്… കുറച്ചീസായി ഞാൻ കുട്ടീനെ ശ്രദ്ധിക്കണു, ആകെക്കൂടി ഒരു ക്ഷീണോം വിളർച്ചയൊക്കെ.. “” നങ്ങേലി പ്രസ്ഥാവിച്ചു… “” കുറച്ചു ദിവസായി ഭക്ഷണോം കുറവാണ്… നിക്കും ഒരു സംശയം തോന്നായ്ക ഇല്ല്യ.. “” അമ്മേടെ മുഖത്തിന്‌ വല്ലാത്ത തിളക്കം… “” ഭഗവാനേ, നീയെന്റെ പ്രാർത്ഥന കേട്ടൂലോ “” അമ്മ പ്രാർഥനയോടെ നിന്നു…

എനിക്കാണെങ്കിൽ ഒന്നും മനസ്സിലായതും ഇല്ല… “” എന്താമ്മേ..? “” ഞാൻ ചോദിച്ചു.. “” നിന്റെ ഭദ്രേച്ചി ഒരമ്മയാവാൻ പോണൂന്ന്… അവൾക്ക് വിശേഷം ണ്ടെന്ന്!”” അമ്മ സന്തോഷത്തോടെ പറഞ്ഞു.. ഞാൻ, നേർത്തൊരു ചിരിയോടെ ഭദ്രേച്ചിയെ നോക്കിയതും, ഭദ്രേച്ചിയുടെ മുഖം കല്ലിച്ചിരിക്കുന്നത് കണ്ടു… “” പിന്നേ.. വിശേഷം! നിങ്ങക്കൊന്നും വേറെ പണിയില്ലേ അമ്മേ? “” അതുവരെ തളർന്നിരുന്ന ഭദ്രേച്ചി, പെട്ടന്ന് ദേഷ്യപ്പെട്ടു… നങ്ങേലി, അമ്മയെ നോക്കി കണ്ണുചിമ്മിച്ചിരിച്ചു… “” ന്റെ കുഞ്ഞേ, ആണും പെണ്ണുമായിട്ട് ആറ് പെറ്റവളാ ഞാൻ… ഒന്നേ ഉള്ളുവെങ്കിലും,കുഞ്ഞിന്റെ അമ്മയും പ്രസവിച്ചതാ… അതോണ്ട് ഞങ്ങൾക്ക് പെഴക്കില്ല! ഇത്, അതു തന്ന്യാ… ഗർഭം…!”” നങ്ങേലി തറപ്പിച്ചു പറഞ്ഞെങ്കിലും, ചേച്ചി ആസ്വസ്ഥമാകുന്നുണ്ടായിരുന്നു…. സന്തോഷിക്കേണ്ട സമയത്ത്, ചേച്ചിയുടെ മനോഭാവത്തിലെ മാറ്റം എന്നിൽ എന്തൊക്കെയോ സംശയങ്ങൾ മുളപ്പിച്ചു…

“” പ്രസവിച്ചിട്ടുണ്ടെന്ന് പറഞ്ഞ്, നിങ്ങളാരും ഡോക്ടർമാരാവില്ലല്ലോ… ഇത്ര ഉറപ്പിച്ചു പറയാൻ! “” ചേച്ചി, വീണ്ടും ദേഷ്യപ്പെട്ടു.. “” കുഞ്ഞിന് നങ്ങേലിയെ വിശ്വാസമില്ലെങ്കിൽ, നാളെത്തന്നെ പോയി ഒരു ഡോക്ടറെ കണ്ടോളെ… അല്ലെങ്കിപ്പോ എന്തിനാ ഡോക്ടറ്… വീട്ടിലിരുന്നെന്നെ ഇതൊക്കെ അറിയാനുള്ള സൂത്രങ്ങളൊക്കെ ണ്ടല്ലോ ഇപ്പഴ്… “” അതും പറഞ് നങ്ങേലി അടുക്കളയിലേക്ക് പോയി.. “” എന്തായാലും ഞാനിത്, അദ്ദേഹത്തോട് പറഞ്ഞിട്ടു വരാം.. ഒരു മുത്തച്ഛനാവാൻ പോകുന്ന വിവരം ആളും അറിയണ്ടേ.. “” അമ്മ അച്ഛനടുക്കലേക്ക് നീങ്ങിയതും, ഞാൻ പിന്നാലെ ചെന്നു.. “” അമ്മേ.. ഇക്കാര്യം ഇപ്പൊത്തന്നെ അച്ഛനോട് പറയണോ? ചേച്ചിക്ക് പോലും ഉറപ്പില്ലാത്ത സ്ഥിതിക്ക്… നങ്ങേലിയമ്മ പറഞ്ഞതുപോലെ ടെസ്റ്റ്‌ ചെയ്ത് ഉറപ്പുവരുത്തീട്ട് പറഞ്ഞാൽ പോരെ… ഇനി അങ്ങനല്ലെങ്കിൽ, അതൊരു സങ്കടത്തിന് കാരണാവില്ലേ.. “” ഞാൻ പറഞ്ഞു. “” ഞാനിന്നലെ, അവരെക്കുറിച്ചുള്ള സംശയം പറഞ്ഞോണ്ടാണോ നിനക്കിതിലിത്ര ആശങ്ക? നീയ് ചോദിച്ചോ അവളോട്?? “” “” ഏയ്, ഇല്ല “” “” ന്നാ, ചോദിക്കണ്ട.. ഒക്കെ ന്റെ വെറും തോന്നലാവും..

എന്തായാലും നീയ് പറഞ്ഞതല്ലേ, ഞാനിപ്പോ അച്ഛനോട് പറയണില്ല! ആദ്യം ഉറപ്പിക്കട്ടെ… ന്നിട്ട് പറയാം “” അമ്മ, എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. എന്താണെന്നറിയില്ല, എനിക്കപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി… അമ്മയ്ക്കുണ്ടായിരുന്നതുപോലെ ചില സംശയങ്ങൾ എന്റെ മനസ്സിലും മുളപൊട്ടിത്തുടങ്ങിയിരുന്നു… ചില പെരുമാറ്റങ്ങൾ…. അഭിപ്രായ വ്യത്യാസങ്ങൾ… എനിക്കുവേണ്ടിയുള്ള വിവാഹലോചന…. അങ്ങനെ പലതായിരുന്നു, അതിനുള്ള കാരണങ്ങൾ…. വൈകുനേരം, അമ്പലത്തിലൊന്ന് പോയി… തൊഴുതിറങ്ങി വരുമ്പോൾ, താഴെ കണ്ണേട്ടനുണ്ടായിരുന്നു… ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ കൂടിക്കാഴ്ച… “” എന്നും വൈകിയിട്ടേ എത്താറുള്ളൂ എന്നാണല്ലോ അമ്മ പറഞ്ഞത്.. “” ഞാൻ ചോദിച്ചു. “” എന്നും നേരത്തെ എത്തിയിട്ട് എന്തിനാന്നു കരുതും… ഇന്ന് നേരത്തെ ഇറങ്ങീതാ.. “” കണ്ണേട്ടന്റെ മറുപടിയിൽ, ഞാനത്ര തൃപ്തയായിരുന്നില്ല! “” ഞാനൊരു കാര്യം ചോദിച്ചാ കണ്ണേട്ടൻ സത്യം പറയോ? “”

“” ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതത്രയും നുണയായിരുന്നെന്ന് നിനക്ക് തോന്നിയിട്ടുണ്ടോ? “” “” ഭദ്രേച്ചിയുമായിട്ട് എന്തേലും പ്രശ്നമുണ്ടോ? “”” ഞാൻ പെട്ടന്ന് ചോദിച്ചു.. നേർത്തൊരു ചിരിയായിരുന്നു അതിനുള്ള മറുപടി… “” എന്തായിപ്പോ ഇങ്ങനൊരു സംശയം തോന്നാൻ? അവളെന്തേലും പറഞ്ഞു കാണും “” കണ്ണേട്ടൻ പറഞ്ഞു. “” ഭദ്രേച്ചി ഒന്നും പറഞ്ഞിട്ടില്ല… പിന്നെ, ഈ സംശയം എനിക്കു മാത്രല്ല, അമ്മയ്ക്കും ണ്ട്… അമ്മ അത് പറയേം ചെയ്തു ന്നോട് “” ഞാൻ കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കി.. ആളൊന്നും പറഞ്ഞില്ല! “”ഭദ്രേച്ചി കുറച്ചുമുമ്പൊന്ന് തലകറങ്ങി വീണു..”” “” എത്രപേര് ദിവസവും, ആക്സിഡന്റാലായും അല്ലാതെയും മരിക്കുന്നു… അതിലും വലുതാണോ ഒരു തലചുറ്റല്”” കണ്ണേട്ടന്റെ ആ മനോഭാവമെന്നെ അത്ഭുതപ്പെടുത്തി.. “” ഞാൻ പറഞ്ഞത് കണ്ണേട്ടന്റെ ഭാര്യയെ കുറിച്ചാണ്… എല്ലാരും പറയണത് ഭദ്രേച്ചിക്ക്…… “” ഞാനൊന്ന് നിറുത്തി. “” ഭദ്രേച്ചിക്ക്…….?? “” ” വിശേഷണ്ടെന്നാ… അതുകൊണ്ടാത്രേ തലചുറ്റി വീണത് “” അതുകേട്ടതും കണ്ണേട്ടൻ ഉറക്കെ ചിരിച്ചു… വീണ്ടും വീണ്ടും ചിരിച്ചു…. എനിക്കെന്തോ ആ ചിരിയത്ര പിടിച്ചില്ല! “” ഭാര്യ ഗർഭിണിയാണെന്ന് പറയുമ്പോൾ, ഇങ്ങനെ പൊട്ടിച്ചിരിക്കുന്ന ആദ്യത്തെ ഭർത്താവ് കണ്ണേട്ടനായിരിക്കും…

ഒന്ന് നിർത്തണുണ്ടോ ഈ ചിരി “” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. “” ചിരിക്കാതെ പിന്നെ? ഒരു നേരം പോലും,ഭാര്യയും ഭർത്താവുമായി ജീവിക്കാത്തവർക്കിടയിലേക്ക് ഒരു കുഞ്ഞ് വരുന്നു എന്നൊക്കെ പറഞ്ഞാൽ, ചിരിക്കാതെ പിന്നെ മറ്റെന്തുചെയ്യാനാടി… അതോ, ഇനി അവൾക്ക് വല്ല ദിവ്യഗർഭവും കിട്ടിയോ? “”” കണ്ണേട്ടൻ പരിഹാസത്തോടെ ചോദിച്ചതും, ഞാനാകെ തരിച്ചു നിന്നു….! അപ്പോൾ, ഇതുതന്നെയാണ് ഭദ്രേച്ചി, അമ്മയോടും നങ്ങേലിയോടും ദേഷ്യപ്പെടാൻ കാരണം… ഞാൻ ചിന്തിച്ചു… “” കണ്ണേട്ടാ നിങ്ങള്……? “” “” അതെ! നിന്റെ സംശയങ്ങളൊക്കെ ശരിയാണ്… ഞാനും ഭദ്രയും, മുമ്പ് എങ്ങനെയായിരുന്നോ അങ്ങനെത്തന്നെയാണ് ഇപ്പോഴും… വിവാഹം എന്ന പേരിനൊരു ചടങ്ങും, കഴുത്തിലൊരു താലിയും… അതിൽ കവിഞ്ഞൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല! ഇനി ഉണ്ടാകാനും പോകുന്നില്ല! അവളീജന്മം , എന്റെ കുഞ്ഞിനെ ഗർഭം ധരിക്കാനും പോകുന്നില്ല!””” കണ്ണേട്ടന്റെ അറുത്തുമുറിച്ച വാക്കുകൾ കേൾക്കേ, ഞാനാകെ മരവിച്ചു പോയി…

“” ഭദ്രയ്ക്കു വേണ്ടി, അവളുടെ വാശികൾക്കു വേണ്ടി നീ സ്വയം ഒഴിഞ്ഞു കൊടുത്തപ്പോഴും, നിങ്ങളൊന്നും കാണാതെ പോയ ഒന്നുണ്ട്.. എന്റെ മനസ്സ്! ആ മനസ്സിൽ ഒരാൾക്കേ ഞാൻ ഇടം കൊടുത്തിട്ടുള്ളൂ… അതിനിന്നും മാറ്റമൊന്നുമില്ല! ഒരു പുരുഷന് ആത്മാർത്ഥമായി ഒരു പെണ്ണിനെയേ സ്നേഹിക്കാൻ കഴിയൂ… കണ്ണൻ, ഈ ജന്മം സ്നേഹിച്ചത് ചാരുവിനെയാണ്… ചാരുവിനെ മാത്രം!!””” “” കണ്ണേട്ടനെനിക്ക് വാക്ക് തന്നതല്ലേ.. ഭദ്രേച്ചിയെ… പിന്നെന്താ ഇങ്ങനൊക്കെ? നിങ്ങൾക്കിടയിലെ അകലം കാരണം, ഒന്നുമറിയാതെ, സത്യമറിയാതെ ആട്ടമാടുന്ന രണ്ടുപേരുണ്ട്.. നമ്മടെ അച്ഛനും അമ്മയും… ഒരു പേരക്കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന അവരോട് എന്ത് സമാധാനാ കണ്ണേട്ടന് പറയാനുള്ളത്?”” ഞാൻ ക്ഷോഭിച്ചു. “” നീ ആവശ്യപ്പെട്ടത് ഞാൻ അനുസരിച്ചു…

ഭദ്രയ്ക്ക് പുടവ കൊടുത്തു… കൂടെ ജീവിച്ചോളാം എന്ന്, നമ്മൾ തമ്മിൽ കരാറില്ലല്ലോ… ഉണ്ടോ?? പിന്നെ അച്ഛന്റേം അമ്മേടേം കാര്യം.. അവരെ വിഷമിപ്പിക്കരുത് എന്ന് കരുതിയിട്ടു തന്നെയാ ഒന്നും ആരോടും പറയാതെ കൊണ്ടുനടക്കുന്നത്…. അവരുടെ സന്തോഷത്തിനു വേണ്ടി, ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ഭദ്രയുടെ മേൽ എന്റെ ആണത്തം തെളിയിക്കാൻ എനിക്ക് കഴിയില്ല ചാരൂ… നിനക്ക് കഴിയോ, ഈ ജന്മം മറ്റൊരുത്തന്റെ ഭാര്യയാവാൻ??”” ആ ചോദ്യമെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു… ഒരു മറുപടി എന്റെ കൈവശം ഉണ്ടായിരുന്നില്ല! പറഞ്ഞവസാനിപ്പിച്ച്, കണ്ണേട്ടൻ നടന്നു നീങ്ങിയതൊന്നും ഞാനറിഞ്ഞില്ല…. ദീർഘനേരം… ഒരേ നിൽപ്പ്…. മുറിയിൽ കിടക്കുകയായിരുന്നു കൃഷ്ണവർമ്മ…. “” എന്തേ ഈ നേരത്തൊരു കിടപ്പ്.. സുഖല്ല്യേ? “” ലക്ഷ്മി, അദ്ദേഹത്തിന്റെ നെറ്റിയിൽ തൊട്ടുകൊണ്ട് ചോദിച്ചു..

“” ഏയ്, ഒന്നൂല്ല്യടോ.. “” “” സന്ധ്യാനേരത്തൊരു കിടത്തം പതിവില്ലാത്തതാണല്ലോ… എന്തേലും വിഷമണ്ടോ മനസ്സില്? “” “” ഏയ്, ഒന്നൂല്ല്യ.. ഭദ്രയെവിടെ? “” “” അവള് മുറിയിലുണ്ട്…. പിന്നെ…. കുട്ടി ഇന്നൊന്ന് തലകറങ്ങി വീണു… ഞങ്ങടെ സംശയം…. “”” അവരൊന്നു നിർത്തി. “” എന്താ സംശയം.. അവൾ ഗർഭിണിയാണോ എന്നാണോ? “” ഭർത്താവിന്റെ ചോദ്യം കേൾക്കേ, ആദ്യം അവരൊന്ന് അമ്പരന്നു… പിന്നെ, ചിരിച്ചു… “” ഉവ്വ്,, ലക്ഷണം കണ്ടിട്ട്….. “” “” വേണ്ട ലക്ഷ്മി, നടക്കാത്ത സ്വപ്നങ്ങളൊന്നും മനസ്സിൽ കൂട്ടിവെക്കണ്ട…. ഭദ്ര…. അവള്, നിങ്ങളൊക്കെ കരുതുന്നതുപോലെ ഗർഭിണിയൊന്നും അല്ല… അങ്ങനൊന്ന് സംഭവിക്കാനും സാധ്യതയില്ല!”” അദ്ദേഹം കടുപ്പിച്ചു പറഞ്ഞു. “” ന്റെ ഈശ്വരാ… എന്തൊക്കെയാ നിങ്ങള് പറയുന്നേ.. എനിക്കൊന്നും മനസ്സിലാവണില്ലല്ലോ”” അവർ വെപ്പ്രാളപ്പെട്ടു.. “” നമ്മടെ മക്കള് മൂന്നാളും കൂടി നമ്മളെ, വിഡ്ഢികളാക്കുകയായിരുന്നു ലക്ഷ്മി…

നല്ല ഒന്നാന്തരം വിഡ്ഢികൾ!”” ഭർത്താവിന്റെ സ്വരമിടറുന്നത് തിരിച്ചറിഞ്ഞ ലക്ഷ്മി, അദ്ദേഹത്തോട് ചേർന്നിരുന്നു… ആ കൈകളെ, തന്റെ ഉള്ളം കയ്യിലേക്ക് ചേർത്തുവെച്ചു… “” നമ്മളെന്തേലും തെറ്റ് ചെയ്തിട്ടുള്ളതായി, ലക്ഷ്മി ഓർക്കുന്നുണ്ടോ? “” “” ഇല്ല… അറിഞ്ഞുകൊണ്ട് ഒരു തെറ്റും നമ്മൾ ചെയ്തിട്ടില്ല… നമ്മളെക്കൊണ്ട് കഴിയുംവിധം സഹായിച്ചിട്ടേ ഉള്ളൂ,, ആരേയും.. എന്തേ അങ്ങനെ ചോദിക്കാൻ?? “”” “” ചെയ്തു… നമ്മള് വലിയൊരു തെറ്റ് ചെയ്തു… തിരുത്താനാകാത്തൊരു തെറ്റ്! നമ്മടെ ഭദ്രേടെ വിവാഹം !!””” കൃഷ്ണവർമ്മ പറഞ്ഞതുകേട്ട്, ഒന്നും മനസ്സിലാകാതെ ലക്ഷ്മി ഭർത്താവിനെ നോക്കി… എന്തൊക്കെയോ അദ്ദേഹത്തിന്റെ മനസ്സിൽ മറഞ്ഞിരിക്കുന്നുണ്ടെന്ന് അവർക്കു തോന്നി….! കാത്തിരിക്കണേ…❤