25/05/2026

താലി : ഭാഗം 04

രചന – ആയിഷ അക്ബർ

എടി ഒരുമ്പെട്ടോളെ….. നീ ഇതിനാണോ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്…..

നേരം അല്പം അങ്ങ് നീങ്ങിയിട്ടേ ഉണ്ടാവു…..

രാഗി ദേഷ്യത്തോടെ വന്നതും പറഞ്ഞവളുടെ കൈ പിടിച്ചു വലിച്ചു മുറിക്ക് പുറത്തേക്ക് നിർത്തി……

വേണ്ട രാഗി….. അവളെന്തു ചെയ്യാനാ….. അവളറിഞ്ഞു കൊണ്ടാണോ ഇത്……

നിങ്ങള് മിണ്ടരുത്…. നിങ്ങളോരോറ്റ ആള് കാരണമാ…..
അവളവനെ കണ്ണും കയ്യും കാട്ടി വശീകരിച്ചിട്ടുണ്ടാവും….
അത് തന്നെ കാര്യം…….

സുദേവന്റെ വാക്കുകൾക്ക് നേരെ രാഗി കയർത്തു…..

കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു……

അവരെയും കുറ്റം പറയാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു…..

സ്വന്തം മകൾക്ക് വേണ്ടി അത്രയേറെ ആഗ്രഹിച്ച ഒരു വിവാഹം നടക്കില്ലെന്നു
വരുമ്പോഴുള്ള അവരുടെ സങ്കടമാണ് തന്നോടുള്ള ദേഷ്യമായി പുറത്ത് വരുന്നതെന്നറിയെ അവൾ ഒന്നും മിണ്ടിയില്ല…..

ഇവളെ ഇപ്പൊ തിരികെ കൊണ്ടാക്കണം….
ഇനി ഈ അസത്തിനെ ഇവിടെ ഞാൻ നിർത്തില്ല….

രാഗി സുധേവനോടത് പറഞ്ഞതും കൃഷ്ണയുടെ തൊണ്ട വരളും പോലെ തോന്നിയിരുന്നു…..

ഇനിയും തിരിച്ചു പോകുക എന്നാൽ…..

അവളുടെ ഓർമകളിൽ ഇരുട്ട് പടർന്നു…..
ആ ഇരുട്ടിൽ എന്തൊക്കെയോ വ്യക്തമല്ലാത്ത ചിത്രങ്ങൾ….

അവളുടെ ശ്വാസമിടിപ്പ് കൂടി…..

ശരീരം തന്റെ കൈ പിടിയിലൊതുങ്ങുന്നില്ലെന്ന് തോന്നിയ ആ നിമിഷം അവൾ താഴെക്കൂർന്നു പോയിരുന്നു…….

കണ്ണുകൾ തുറക്കുമ്പോൾ കണ്ണിനു മുകളിൽ വെള്ള തുള്ളികൾ തടഞ്ഞു നിൽക്കും പോലെ….

അവൾ അല്പം പ്രയാസപ്പെട്ടു തന്നെ മിഴികൾ തുറന്നു…….

ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞപ്പോഴേക്കും അവളുടെയൊരു അഭിനയം കണ്ടില്ലേ…
ഇവിടെയങ് സുഖിച്ചു വാഴാമെന്നാണ് പൂതി…….

അമ്മ ഒന്ന് നിർത്തിക്കെ….

രാഗി അത് പറഞ്ഞതും ശരണ്യ ഇടയിൽ കയറിയത് പറഞ്ഞത് പെട്ടെന്നായിരുന്നു……

കൃഷ്ണ മിഴികൾ അവളിലേക്ക് നീക്കി….

ആ പയ്യന് അവളെ ഇഷ്ടമായതിനു അവളെന്തു പിഴച്ചു….
അവൾക്ക് താല്പര്യമാണെങ്കിൽ ഈ വിവാഹം നടത്തി കൊടുക്കാം……

ശരണ്യ അത് പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു….

കൃഷ്ണക്ക് അവളോട് വല്ലാത്തൊരു അലിവ് തോന്നി….

ഇത്രയേറെ സ്നേഹമുള്ള അവൾ താൻ കാരണം വേദനിച്ചു എന്നോർക്കുമ്പോൾ നന്ദയുടെ ഹൃദയം ചുട്ടു പൊള്ളി…
അതറിയാതെയാണെങ്കിൽ കൂടി…..

രാഗി ദേഷ്യത്തോടെ പല്ലിറൂമ്മി പുറത്തേക്ക് നടന്നു…..

മോളെ ഓർത്തു സുധേവന് വല്ലാത്തൊരു അഭിമാനം തോന്നിയിരുന്നു…

അയാൾ പുഞ്ചിരിയോടെ ശരണ്യയുടെ തോളിൽ പതിയെ യൊന്നു തട്ടി അവിടെ നിന്നും പോയി….

നിനക്ക്…. നിനക്ക് പയ്യനെ ഇഷ്ടമായോ…..

ശരണ്യ കൃഷ്ണയുടെ താടി തുമ്പുയർത്തി അത് ചോദിച്ചതും കൃഷ്ണ അവളെ കെട്ടി പ്പിടിച്ചു പൊട്ടി കരഞ്ഞു പോയിരുന്നു…

എനിക്ക് വേണ്ട ചേച്ചി…
എനിക്കാ വിവാഹം വേണ്ട….
ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാണ് ആ പയ്യന് എന്നെ മതിയെന്ന് പറയാൻ തോന്നിയത്….

കൃഷ്ണ അത് പറയുമ്പോൾ ശരണ്യ സംശയത്തോടെ അവളെ നോക്കി…..

അവനെന്നോട് സംസാരിച്ചത് എന്താണെന്നറിയുമോ……
വിവാഹത്തിന് താല്പര്യമില്ലെന്നും മറ്റൊരു താമസ സ്ഥലം വേണമെങ്കിൽ മാത്രം ഈ വിവാഹത്തിന് സമ്മതിക്കാമെന്നും…..
പിന്നെ ഇത് മറ്റാരും അറിയരുതെന്നും പറഞ്ഞു…..

കൃഷ്ണ അത് പറയുമ്പോൾ ശരണ്യ യിൽ സംശയങ്കളുണ്ടായിരുന്നെങ്കിൽ കൂടി അവൾ കൃഷ്ണയെ വിശ്വസിക്കുക തന്നെ ചെയ്തു………

ഇനി അതവൾ തന്നേ ആശ്വസിപ്പിക്കാൻ പറയുന്നതാണെങ്കിൽ കൂടി സാരമില്ല…..
ഒരു നിമിഷം അവനവളെ കണ്ടിഷ്ടപ്പെട്ടത് ആ വാതിലിനു മറവിൽ നിന്നല്ലേ ..
അതിനവളെന്ത് പിഴച്ചു……

ശരണ്യ ഒന്ന് പുഞ്ചിരിച്ചു അവളെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് പോയിരുന്നു……

അപ്പോഴും മനസ്സിൽ പറ്റി പിടിച്ചിരിക്കുന്ന കാർത്തിയുടെ മുഖവും ആ ചുറു ചുറുക്കുമെല്ലാം മറക്കാൻ അവൾ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എന്തായി പോയ കാര്യം…..

കാറിൽ നിന്ന് അവരിറങ്ങിയ പാടെ മനക്കലെ വീടിന്റെ ഉമ്മറത്തെ ചാരു കസേരയിൽ നിന്ന് തലയുയർത്തി മുത്തശ്ശനത് ചോദിച്ചത് വലിയ പ്രതീക്ഷയൊടെയായിരുന്നു…

അവനു പെൺകുട്ടിയെ ഇഷ്ടമായി….
പക്ഷെ നടക്കുമോയെന്ന് ഉറപ്പില്ല……

മുത്തശ്ശി അതും പറഞ്ഞു കൊണ്ട് തിണ്ണയിലേക്കിരുന്നു…..

അതെന്താ…..

മുത്തശ്ശൻ സംശയത്തോടെ ചോദിച്ചു….

അവനിഷ്ടപ്പെട്ടത് കാണാൻ ചെന്ന കുട്ടിയെ യല്ല….
വാതിലിന്റെ പിറകിൽ നിന്ന് കണ്ട അവരുടെ പെങ്ങളുടെ മോളെയാണ്…..
അതൊരു അനാഥക്കുട്ടിയാണച്ചാ….

അത് പറഞ്ഞത് വിജയനായിരുന്നു…..

അതിനെന്താ ഡാ…..
അനാഥ യാണെങ്കിൽ അവന്റെ ഭാര്യയായി വന്നാൽ നമ്മളെല്ലാവരും അവൾക്ക് സ്വന്തക്കാരല്ലേ…
അവനിഷ്ടപ്പെട്ടു എന്ന് പറഞ്ഞത് തന്നെ വലിയ കാര്യമല്ലേ…..

മുത്തശ്ശൻ അത് പറയുമ്പോൾ ആ കണ്ണുകൾ വിടർന്നിരുന്നു..

അതിനു പ്രശ്നം നമുക്കല്ല അച്ഛാ….
ആ പെൺകുട്ടിക്കും ആ വീട്ടുകാർക്കും ഒക്കെ സമ്മതമാവണ്ടേ……

നന്ദിനി അത് പറയുമ്പോൾ അത് ശെരി വെച്ചത് കൊണ്ട് തന്നെ മുത്തശ്ശൻ കസേരയിലേക്കമർന്നു…

അതും പോരാന്നിട്ട് ആ കുട്ടിയെ യല്ലാതെ ഇനി മറ്റൊരു വിവാഹം കഴിക്കില്ലെന്നും പറഞ്ഞിട്ടാ അവനവിടെ നിന്ന് ഇറങ്ങിയിരിക്കുന്നത് തന്നെ…..

മുത്തശ്ശി ഒരു നെടു വീർപ്പോടെ അത് പറഞ്ഞതും മുത്തശൻ ശെരിക്കും ഞെട്ടിയിരുന്നു..

അപ്പോഴേക്കും അവന്റെ കാറ് ആ മുറ്റത് വന്നു നിന്നു…

ഡാ……ഇക്കണ്ട പെൺകുട്ടികളെയൊന്നും ഇഷ്ടമായില്ലെന്ന് പറഞ്ഞിരുന്ന നിനക് അവളെ മാത്രം മതിയെന്ന് പറയാൻ മാത്രം അത്ര സുന്ദരിയാണോടാ അവൾ….

അവൻ ഷൂ അഴിച്ചു വെച്ച് അകത്തേക്ക് കയറി പോകുമ്പോഴാണ് ചിത്രയത്‌ ചോദിച്ചത്….

അവൻ അവർക്ക് നേരെയൊന്ന് നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് പോയിരുന്നു….

കണ്ണുകളിൽ ആ ചുരുണ്ട മുടിക്കാരി തെളിഞ്ഞു വന്നു…..

ഇത്ര ദിവസം താൻ കാണാൻ പോയ പെൺകുട്ടികളോടൊന്നും തന്നെ തന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞിട്ടില്ല….

എന്നാൽ ഇവളോട് പറയണമെന്ന് തോന്നി….

അതൊരു പക്ഷെ അവളോടുള്ള സഹതാപം കൊണ്ടാവാം…..

അത്രയും സങ്കടങ്ങളുള്ള അവൾ ഇനി നല്ലൊരു ജീവിതം സ്വപ്നം കണ്ടൊരിക്കലും തന്റെ ഭാര്യ യാവരുതെന്ന് തോന്നി….

എന്തോ അവളെ അറിഞ്ഞു കൊണ്ട് വിഷമിപ്പിക്കാൻ കഴിയില്ലെന്ന് തോന്നി…..

എന്തായാലും ആ വീട്ടിൽ നിന്ന് എന്നത്തേയും പ്പോലെ ഇറങ്ങി പ്പോരാൻ വീട്ടുകാർ സമ്മതിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഒരു പ്രതീക്ഷയെന്നോണം അവളെ കാണുന്നത്…..

അവളെ നോവിച്ചാൽ ചോദിക്കാൻ ആരുമില്ലെന്നറിയാമെങ്കിൽ കൂടി എന്തോ അതിനു കഴിയില്ലെന്ന് മനസ്സിൽ തോന്നിപ്പോയി…..

ഓർമകളിൽ അവൾ കലർന്നു തുടങ്ങിയപ്പോഴേക്കും മറ്റെന്തൊക്കെയോ അവനെ പിടിച്ചു കുലുക്കി തുടങ്ങിയിരുന്നു….

ചിന്തകൾ അവനെ വരിഞ്ഞു മുറുക്കും നേരം ജനലഴികളിൽ അവൻ വിരലുകൾ മുറുക്കിയിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രണ്ട് ദിവസമായില്ലേ….
അവര് വിളിക്കാത്ത സ്ഥിതിക്ക് നമുക്ക് വേറൊരു ആലോചന നോക്കുകയല്ലേ നല്ലത്…..

ഭക്ഷണം കഴിക്കാൻ ആ വലിയ മേശക്ക് ചുറ്റുമായിരിക്കുമ്പോഴാണ് മുത്തശ്ശി അത് പറഞ് വെച്ചത്…..

അതെങ്ങനെ ശെരിയാവും….ഞാൻ പറഞ്ഞതല്ലേ വിവാഹം ചെയ്യുകയാണെങ്കിൽ അത് ആ കുട്ടിയെ യുള്ളൂ വെന്ന്…….

കാർത്തി പെട്ടെന്നത് പറഞ്ഞപ്പോഴേക്കും എല്ലാവരുടെയും മുഖം മാറിയിരുന്നു…..

അവർക്ക് താല്പര്യമില്ലെന്ന് വെച് നീയിങ്ങനെ നിത്യ കന്യകനായി നിൽക്കുകയാണോ വേണ്ടത്….

അല്ലെങ്കിലും വാതിലിനു മറവിൽ നിൽക്കുന്ന ആ കുട്ടിയെ ഞങ്ങളാരും കണ്ടില്ലല്ലോ…..

ഒരു മിന്നായം കണ്ടപ്പോഴേക്കും അവൾ അസ്ഥിക്ക് പിടിച്ചെന്ന് പറഞ്ഞാൽ ഞങ്ങളെങ്ങനെ വിശ്വസിക്കും…..

നീ ഞങ്ങളെ വിഡ്ഢികളാക്കാനല്ലേ ഇതൊക്കെ പറയുന്നത്…..

നിന്റെ ഇഷ്ടമില്ലാതെ കല്യാണം നടത്തുന്നതിന് നീ ഞങ്ങളെയിട്ട് കളിപ്പിക്കുകയല്ലേ…..

ഭക്ഷണം കഴിക്കുന്നിടത് നിന്നും എഴുന്നേറ്റ് നിന്ന് ദേഷ്യത്തോടെ അവനു നേരെ നന്ദിനിയത് പറയുമ്പോൾ ഒരു നിമിഷം എല്ലാവരും ഒന്ന് സ്ഥബ്ദരായി….

കാർത്തി കയ്യിലെടുത്തിരുന്ന ചോറുരുള പാത്രത്തിലേക്ക് തന്നെ വെച്ചു…..

അമ്മക്കെന്തായിപ്പോ അറിയേണ്ടത്…..

കാർത്തിയുടെ സ്വരം ഏറെ ശാന്തമായിരുന്നു….

എങ്കി പറ…… ഒരു മിന്നായം കണ്ട് മതി മറക്കാൻ മാത്രം അത്ര വലിയ അപ്സരസ്സാണോ അവൾ…

നന്ദിനി അത് ചോദിക്കുമ്പോഴും അവനോടുള്ള ദേഷ്യം വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു…..

അവളുടെ മിന്നായം മാത്രം കണ്ടത് നിങ്ങളാണ്…..
ഞാൻ ആ വീട്ടിലേക്ക് വരും വഴിയിൽ വെച്ചു തന്നെ അവളെ കണ്ടിരുന്നു….

കാർത്തി അത് പറഞ്ഞതും അക്ഷരാർത്ഥത്തിൽ എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു……

പിന്നെ…. അപ്സരസ്സാണോ എന്നൊക്കെ അവളെ കാണുമ്പോൾ അമ്മക്ക് മനസ്സിലായിക്കോളും…

അതും പറഞ്ഞു കാർത്തി കൈ കഴുകി കൊണ്ട് അവിടെ നിന്നും നടക്കുമ്പോൾ ആ ചുരുണ്ട മുടിയും വിടർന്ന കണ്ണുകളും മനസ് ഓർമപ്പെടുത്തിയിരുന്നു….

നന്ദിനിയും അവിടെയുള്ള ഓരോരുത്തരും അന്തം വിട്ടങ്ങനെയിരുന്നു….

(തുടരും)