രചന : ആയിഷ അക്ബർ
വാതിൽ തുറന്നപ്പോൾ തന്നെ മുമ്പിൽ നില്കുന്നവന്റെ കണ്ണുകളിൽ പടർന്ന ആശ്വാസം അവൾ കണ്ടിരുന്നു ..അവളെന്തെന്ന ഭാവത്തിൽ അവനിലേക്കൊന്ന്
മിഴികളുയർത്തി……താൻ…. ഒന്നും കഴിച്ചില്ലല്ലോ…..വാ…..അവനതും പറഞ്ഞു കൊണ്ട് നടന്നതും അവൾ പിറകെ പോകാനൊന്ന് മടിച്ചു നിന്നു….അപ്പോഴേക്കും അവൻ നടന്നു അറ്റത്തു കാണുന്ന ആ കിച്ചണിൽ എത്തി അവിടെ നിന്നും ഒന്ന് കൂടി അവളെതിരിഞ്നോക്കി…..വരാൻ മടിച്ചു നിൽക്കുന്ന വളെ പതിയെ തല കൊണ്ടൊന്നടുത്തേക്ക് വിളിച്ചു…..അവൾ പതിയെ അങ്ങോട്ട് നടന്നു…….
ഏറെ ഭംഗിയുള്ള ആ അടുക്കളയിലേക്കവൾ കടന്നതും അടുക്കളയിൽ തന്നെ ഇട്ടിരിക്കുന്ന ഒരു ചെറിയ ടേബിളിലേക്ക് അവൻ പാത്രം എടുത്ത് വെച്ചിരുന്നു….ഇരിക്ക്…..അവൻ ഒരു കസേര നീക്കിയിട്ടു കൊണ്ടത് പറഞ്ഞതും അവൾ പതിയെ അതിലേക്കിരുന്നു…..അവൻ പാത്രത്തിന്റെ മൂടി തുറന്ന് അതിൽ നിന്നും കഞ്ഞി അല്പം വിളമ്പി അവൾക് വെച്ചു കൊടുത്തു…..എനിക്ക്….. എനിക്കിതൊന്നും ശീലമില്ല…..താൻ വിശന്നിരിക്കുകയല്ലേ എന്നോർത്തപ്പോൾ തട്ടി ക്കൂട്ടിയതാണ്….അവനൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ അവളാ കഞ്ഞി പതിയെ കുടിച്ചു തുടങ്ങി…….ഒരു പാത്രത്തിലേക്ക് അച്ചാറുമിട്ട് കൊണ്ടവൻ അവൾക്ക് മുന്നിലേക്ക് വെച്ചു കൊടുത്തു……ഇവിടുത്തെ ജോലികൾ ചെയ്യാനൊരു ചേച്ചി വരും….. അവര് ഇട്ട് വെച്ചതാ …….തന്റെ രുചിക്ക് പറ്റുമോയെന്നൊന്ന് അറിയില്ല….അവനത് പറഞ്ഞു നിർത്തുമ്പോൾ അവൾ പതിയെ അതൊന്ന് കഴിച്ചു നോക്കി…..അച്ചാർ കൊള്ളാം….പക്ഷെ കഞ്ഞി രസമില്ല…….കുക്കറിൽ ഉണ്ടാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു കഞ്ഞി വെള്ളത്തിനു വല്ലാത്ത കൊഴുപ്പ്…… മാത്രവുമല്ല അരി ശെരിക്കും വേവാത്തത് പോലെ…..
ശെരിക്കും അവനിത് ശീലമില്ലാത്ത ജോലികളാണെന്ന് അത് കഴിച്ചപ്പോഴേ അവൾക്ക് മനസ്സിലായിരുന്നു…..
എങ്കിലും കുഴപ്പമില്ല….. അവൻ തനിക്ക് വേണ്ടി ചെയ്ത് തന്നതല്ലേ…..അതും തനിക്ക് വേണ്ടി ഇത്രപോലും ചെയ്ത് തരാൻ ആരുമില്ലാത്ത ഇന്ന്……അവൾ വിശപ്പിന്റെ വിളി അസ്സഹനീയമായത് കൊണ്ട് തന്നെ വേഗം കഴിച്ചു തുടങ്ങി …..അവനൊരു നിമിഷം കണ്ണിമ വെട്ടാതെ അവളെയങ്ങനെ നോക്കിയിരുന്നു……
തന്നെ….. അന്ന് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ഒരു ഷെൽട്ടർ അത്യാവശ്യമാണെന്ന്…..അത് കൊണ്ടാണ് ഞാൻ എന്റെ താലി ഓഫർ ചെയ്തത് ……അവനൊരു കുസൃതിയോടെ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ മുഖമൊന്നുയർത്തി…..എന്തോ ആ മുഖത്ത് വല്ലാത്തൊരു ദയനീയത പടർന്നിരുന്നു…..
താലി എന്നാൽ നിങ്ങളെ സംബന്ധിച്ച് ഒരു താത്കാലികമായ താമസ സ്ഥലമാണ്…..
എന്റെ മനസ്സിന് …….അതുൾ കൊള്ളാൻ കഴിയില്ലെന്ന് തോന്നി….. അത് കൊണ്ടാണ് ഞാൻ……
അവൾ പറഞ്ഞു നിർത്തുമ്പോൾ അവൻ മനസ്സിലാകാത്തത് പോലെ അവളെയൊന്ന് നോക്കി…….താലി….. അതെന്നെ സംബന്ധിച്ച് ഏറ്റവും മൂല്യമേറിയതാണ്…..മരണം വരെ പരസ്പരം താങ്ങായി തണലായി കഴിയാമെന്ന ഒരുറപ്പാണ്…..സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കു വെക്കാനുള്ള ഒരു കൂട്ടാണ്…..
മറ്റൊരാളിലേക്ക് ഒഴുകാത്ത വിധം ഒരാളിൽ മാത്രം ലയിച്ചിരിക്കുന്ന പ്രണയമാണത്…….അവളൊരു പുഞ്ചിരിയോടെ അത്രയും പറഞ്ഞു നിർത്തുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു…..
വിവാഹത്തെ കുറിച്ച് ഇത്രയും സങ്കൽപ്പങ്ങളൊക്കെ ഈ കുഞ് തലയിലുണ്ടോ…..അവൻ അവളെ കളിയാക്കി ഒരു കുസൃതി ചിരിയോടെ അത് ചോദിച്ചതും അവൾ നാണം കൊണ്ടെന്ന പോലൊന്നു മുഖം താഴ്ത്തി…….കഴിക്ക്……അവനതേ ചിരിയോടെ അത് പറയുമ്പോൾ അവൾ പതിയെ കഴിച്ചു തുടങ്ങി….അപ്പോഴാണ് മേശ മേൽ വെച്ച അവന്റെ ഫോൺ റിങ് ചെയ്യുന്നത്…..അവൻ ഡിസ്പ്ലേയിലേക്ക് നോക്കിയതും ചൂണ്ടു വിരൽ ചുണ്ടിലേക്ക് ചേർത് വെച്ച് മിണ്ടരുതെന്ന് അവൾക്ക് ആംഗ്യം കാണിച്ചു……..
അവളെന്തെന്ന് മനസ്സിലാകാത്ത വിധം ആ കണ്ണുകൾ ഒന്ന് വിടർത്തിയിരുന്നു…..മെറിൻ…..
ക്ലാസ്സ് കഴിഞ്ഞോ… നേരത്തെ വിളിച്ചപ്പോൾ നീയെന്താ ഫോണെടുക്കാതിരുന്നത്….അത്രയേറെ വിടർന്ന മുഖത്തോടെ ചോദിച്ച അവന്റെ നേരേക്ക് ഫോണിലൂടെ ഉയർന്ന ആ ശബ്ദം വീഡിയോ കാളിലായിരുന്നത് കൊണ്ട് കൃഷ്ണ വ്യക്തമായി കെട്ടിരുന്നു…. ഞാൻ….. ഞാൻ കുറച്ചു തിരക്കിൽ…
ആ…. എന്നെക്കാൾ വലിയ തിരക്കൊക്കെ നിനക്കായല്ലോ……അവൻ വീണ്ടും പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീണ്ടും മെറിന്റെ ശബ്‍ദം…..
നീ…. നീ വല്ലതും കഴിച്ചോ…അവളുടെ ദേഷ്യത്തെ ഗൗനിക്കുന്നില്ലെന്ന വണ്ണം അവനേറേ സ്നേഹത്തോടെ അത് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം കൃഷ്ണ ശ്രദ്ധിച്ചിരുന്നു…..ഇല്ല… ഞാൻ കഴിക്കാൻ പോകുന്നേയുള്ളു….ഞാൻ ഭയങ്കര ടയർഡ് ആണ് കാർത്തി …. ഞാൻ നിന്നേ വിളിക്കാം…..അതും പറഞ്ഞു അപ്പുറത്ത് നിന്ന് കാൾ കട്ടായതും എന്തൊക്കെയോ പറയാൻ അവന്റെ ചുണ്ടുകളിൽ ബാക്കി വെച്ചിരുന്നതവൻ ഒരു നോവോടെ വിഴുങ്ങി….
കൃഷ്ണ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ഭാവിച് കഴിച്ചു കൊണ്ടിരുന്നു……അവന്റെ കണ്ണുകളിൽ കാണുന്ന ഭാവം അവൻ പറയാതെ തന്നെ അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…… ഞാൻ…. ഞാൻ കഴുകാം…. താൻ പോയി കിടന്നോ…
അവൾ കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി എടുക്കാൻ തുടങ്ങുമ്പോഴാണ് അവനത് പറഞ്ഞു അവളുടെ കയ്യിൽ നിന്നും പാത്രം വാങ്ങിയത്……
അവൾക്കത്ഭുതം തോന്നിയിരുന്നു….
തടയാണമെന്ന് തോന്നിയിടത് അവൾ അല്പം ഞെട്ടലോടെ നിന്നു….ഇങ്ങനെയൊരു പുരുഷനെ താനാദ്യമായാണ് കാണുന്നതെന്ന് അവളോർത്തു….ഒരു പക്ഷെ അവനു തന്നോടുള്ള കുറ്റ ബോധം കൊണ്ടാവാം ഇത്രയേറെ താഴ്ന്നു പെരുമാറയുന്നതെന്നും അവൾക്ക് തോന്നി…..
കൃഷ്ണാ……തിരിഞ് നടന്ന അവളെ പിറകിൽ നിന്നും വിളിച്ചതും അവളൊന്നു നിന്നു…..
നെറ്റിയിലെ ബാൻഡ് എയ്ഡ് നനഞ്ഞിട്ടുണ്ട്….
മറ്റൊന്ന് ഒട്ടിച്ചോളൂ…..അവൻ അലമാരയിൽ നിന്നും ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് അവൾക്ക് നേരെ നീട്ടിയാണത് പറഞ്ഞത്…..അവൾ അവിടെ തന്നെ ചുമരിൽ പിടിപ്പിച്ച ആ കണ്ണാടിയിലേക്കൊന്ന് നോക്കി..അതേ…. വല്ലാതെ നനഞ്ഞത് കൊണ്ട് അതിന്റെ പശ ഇളകിയത് പോലെയുണ്ട്…..അവൾ പതിയെ അതൊന്ന് വേർപ്പെടുത്താൻ ശ്രമിച്ചു……
വേദന കൊണ്ടവളുടെ മുഖം ചുളിയുന്നതോടൊപ്പം അവന്റെമുഖവുംഒന്ന്ചുളിഞ്ഞു…..ഞാൻ…ഞാനൊന്ന് ട്രൈ ചെയ്യട്ടെ….അവൾക്ക് എടുക്കാൻ കഴിയുന്നില്ലെന്ന വണ്ണം അവൾ കൈകൾ എടുത്തപ്പോഴാണ് അവൻ പതിയെ യത് ചോദിച്ചത്…..വേദനയുണ്ട്……അവൾ നിഷ്കളങ്കമായി അത് പറഞ്ഞതും അവനൊരു പുഞ്ചിരിയോടെ അവൾക്കടുത്തേക്ക് വന്നു…..ഞാൻ വേദനിപ്പിക്കാതെ എടുത്ത് തരാം….
അവനതും പറഞ്ഞു കൊണ്ട് ആ ബാൻഡ് ഐഡിൽ പിടിച്ചു പതിയെ പതിയെ പറിച്ചെടുക്കുമ്പോൾ അവന്റെ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും കൂടി കലർന്ന ഗന്ധം അവളുടെ ഉള്ളിൽപതിച്ചു…..അവൻ തന്നോടടുത് നിൽക്കുന്ന സമയം അവന്റെ ഹൃദയമിടിപ്പ് തനിക്ക് കേൾക്കാമെന്നവൾക്ക് തോന്നി……അവൾ മിഴികൾ പതിയെ അവനു നേരെയൊന്നുയർത്തി….അത് വരെ ബാൻഡ് ഐഡിൽ മാത്രം ശ്രദ്ധിച്ചിരുന്നവൻ പതിയെ ആ വിടർന്ന കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി നിന്നതും എന്തോ അവനു മിഴികൾ പറിച്ചെടുക്കാൻ കഴിഞ്ഞില്ല……
ആദ്യമായി കണ്ടത് മുതൽ തന്നെ അവളിലേ ക്ക് വലിച്ചടുപ്പിക്കുന്ന ആ വിടർന്ന മിഴികൾക്ക് അത്ര മേൽ വശ്യതയുണ്ട്…..ആരും നോക്കി നിന്ന് പോകുന്ന തരത്തിലുള്ള എന്തോ ഒരു മാന്ത്രികത….
അതിലേറെ അവയിൽ തിളങ്ങി നിൽക്കുന്ന നിഷ്കളങ്കത……അവന്റെ ചൊടിയിൽ പതിയെയോരു പുഞ്ചിരി വിരിഞ്ഞു….അവൻ അവളിലേക്ക് തന്നെ നോക്കി കൊണ്ട് ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഒരു ബാൻഡ് എയ്ഡ് എടുത്ത് അവളുടെ നെറ്റിയിൽ പതിയെ ഒട്ടിച്ചു കൊടുത്തു….
അവന്റെ നോട്ടത്തിലേക്ക് ഇഴുകി ചേർന്ന് നിൽക്കുന്നത് കൊണ്ട് തന്നെ അവളതറിഞ്ഞില്ലെന്നതായിരുന്നു ശെരി…..എങ്കി…. താൻ പോയി കിടന്നോ….. നാളെ രാവിലെ നേരത്തെ പോകേണ്ടതല്ലേ…..
അവൻ അതേ ചിരിയോടെ അവളെ നോക്കി അത് പറഞ്ഞതും ഒരു നിമിഷം ഇന്നിൽ നിന്നവളുടെ ഹൃദയം നാളെയിലേക്കെത്തിയിരുന്നു …..നാളെ ഈ നേരം…..അവളുടെ ശ്വാസമിടിപ്പൊന്നുയർന്നു ..
അവളുടെ കണ്ണുകളിൽ പെട്ടെന്ന് തെളിഞ്ഞു വന്ന ആ ഭാവം അവന്റെ പുഞ്ചിരിയെയും ഒരു നിമിഷം തല്ലി കെടുത്തിയിരുന്നു……
ആ യാത്രയേ കുറിച് പറയുമ്പോഴേല്ലാം ഒരേ ഭാവമാണ് ആ മിഴികൾക്ക് .. തന്നെ അത്രയേറെ വേദനിപ്പിക്കുന്നു ഒരു ഭാവം……എല്ലാത്തിനും കാരണക്കാരൻ ഞാനാണല്ലോ എന്ന കുറ്റ ബോധം താങ്ങാൻ കഴിയാത്തത്ര വിങ്ങലാണ് മനസ്സിന് നൽകുന്നത് …അവൾ നാളെ പോയാലും അവളെയോർത്ത് താനെങ്ങനെ മനസ്സമാധാനത്തോടെ ഉറങ്ങും…..ആ മുറിയെ ലക്ഷ്യമാക്കി നടന്നു പോകുന്നവളെ അവനൊരു നിമിഷം നോക്കി നിന്നു…മുറിയുടെ വാതിലടക്കാൻ അവൾ തിരിഞ്ഞതും അവന്റെ മുഖത്തെ കുറ്റ ബോധവും വേദനയും മനസ്സിലാക്കിയെന്ന വണ്ണം അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചിരുന്നു ……..അതവനെ കൂടുതൽ ആഴത്തിൽ മുറിപ്പെടുത്തിയതേയുള്ളു…..
(തുടരും)

by