25/05/2026

താലി : ഭാഗം 5

രചന : ആയിഷ അക്ബർ

ആ വീടിന്റെ മുറ്റത് വീണ്ടും ആ കാറ് വന്നു നിന്നതും ഉമ്മറത്തിരിക്കുക യായിരുന്ന ശരണ്യ ഒന്നെഴുന്നേറ്റു…….കാറിൽ നിന്നിറങ്ങിയ മുത്തശ്ശിയും നന്ദിനിയും ചിത്രയും ശരണ്യയുടെ നെഞ്ചിലൊരു ഞെട്ടലുണ്ടാക്കി…..വിവാഹത്തിന് താല്പര്യമില്ലെന്ന് തീർത്തു പറഞ്ഞിട്ടും ഇവർ വരുന്നതിന്റെ ഉദ്ദേശമെന്തായിരിക്കുമെന്ന് അവളൊന്നോർത്തു നോക്കി……കാറിൽ നിന്നിറങ്ങിയ മൂന്ന് പേരും ശരണ്യ യെ നോക്കാനൊന്ന് മടിച്ചു നിന്നു…..കയറു….
അവൾ പെട്ടെന്നുള്ള ഞെട്ടൽ വിട്ട് മാറിയെന്നു തോന്നിയതും പതിയെ അവരോടായി പറഞ്ഞു….

അമ്മയില്ലേ മോളെ…..അവരു കയറിയ ഉടനെ അത് ചോദിച്ചതും അവൾ വിളിക്കാനെന്ന വണ്ണം അകത്തേക്ക് കയറി…..അമ്മേ….. ദേ…. അവര് വീണ്ടും വന്നിട്ടുണ്ട്….ആര്……ശരണ്യ യത് പറയുമ്പോൾ കറിയിളക്കി കൊണ്ടിരുന്ന രാഗി അലസമായാണത് ചോദിച്ചത്……അത്….. അത് അന്ന് പെണ്ണ് കാണാൻ വന്നില്ലേ….. അവര്…..
ശരണ്യ അത് പറയുമ്പോൾ മുഖമൊന്നു കുനിച്ചു…..
രാഗി പെട്ടെന്ന് അവൾക്ക് നേരെയൊന്ന് തിരിഞ്ഞു….അവരെന്തിനാ വീണ്ടും വന്നത്……..
ആ….എനിക്കറിയില്ല…..രാഗിയുടെ ചോദ്യത്തിന് ശരണ്യ അലസമായി പറഞ്ഞു……തേങ്ങ അരച്ച് കൊണ്ടിരുന്ന കൃഷ്ണ മുഖമൊന്നുയർത്തി അവരെ നോക്കി……അവളുട ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു…..രാഗി ദേഷ്യത്തോടെ അവൾക്ക് നേരെയൊന്ന് നോക്കി കൊണ്ട് കൈലവിടെ വെച്ച് പുറത്തേക്ക് നടന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

രാഗിയെ കണ്ട് അവരൊന്നു പുഞ്ചിരിച്ചെങ്കിലും അവർക്കൊരു ചിരി പകരം കൊടുക്കാൻ അവർ വല്ലാതെ പ്രയാസപ്പെട്ടിരുന്നു……പറഞ്ഞ കാര്യം തന്നെ വീണ്ടും പറഞ് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് കരുതരുത്……ഞങളുടെ കുട്ടി ഇവിടുത്തെ പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ് വാശി പിടിച്ചു നിൽക്കുകയാണ്….വീണ്ടും വരേണ്ടി വന്നത് ഞങളുടെ നിവൃത്തികേട് ഒന്ന് കൊണ്ട് മാത്രമാണ്…..മുത്തശ്ശി ദയനീയമായി അത് പറയുമ്പോൾ ആ സംസാരത്തിലേക്ക് സുദേവനും കടന്ന് വന്നിരുന്നു…….ഞങ്ങളും അതിനു മറുപടി പറഞ്ഞതാണല്ലോ…
അവൾക്ക് ഒട്ടും താല്പര്യമില്ല…..

സുദേവൻ അല്പം ഗൗരവത്തിൽ തന്നെ അത് പറഞ് നിർത്തി……എലാവരുടെയും മുഖം ഒരു പോലെ നിരാശയിലാണ്ടു….എങ്കിൽ …. ഞങ്ങളോരു തവണ അവളെയൊന്ന് കണ്ടോട്ടെ……നന്ദിനിയുടെ ചോദ്യം അത്രമേൽദയനീയമായിരുന്നു…..രാഗി….. അവളെ വിളിക്ക്…അവരിത്രയിടം വരെ വന്നതല്ലേ….. അവളെയൊന്ന് കണ്ടിട്ട് പൊയ്ക്കോട്ടേ…….സുദേവൻ രാഗിയോടത് പറഞ്ഞതും രാഗി വല്യ താല്പര്യമില്ലാത്ത മട്ടിലാണ് അകത്തേക്ക് പോയത് …രാഗി പോയി അൽപ സമയം കഴിഞ് തിരികെ വന്നതിനു പിറകിലായി അവളുണ്ടായിരുന്നു….പതിയെ നടന്നു വരുന്ന ആ കാലടിയിലേക്ക് എല്ലാവരുടെയും മിഴികളൊരു നിമിഷം തങ്ങി നിന്നതും അവരെല്ലാം മുഖമുയർത്തി….
വെണ്ണക്കൽ ശില്പം പോലെയുള്ള ആ പെണ്ണിനേ കണ്ടതും ഒരു നിമിഷം എല്ലാവരുടെയും മുഖം വല്ലാതെ പ്രകാശിച്ചിരുന്നു…..ചിത്ര നന്ദിനിയുടെ തുടയിലൊന്ന് കയ്യമർത്തി….

നന്ദിനി കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കിയിരിക്കുകയാണ്….അവളുടെ ചുരുണ്ട നീളൻ മുടി മാറത്തേക്ക് വീണു കിടക്കുന്നുണ്ട്….വളഞ്ഞു കിടക്കുന്ന നീളൻ കൺ പീലികൾക്ക് നടുവിലായി തിളങ്ങുന്ന കണ്ണുകൾ…..വരച്ചു വെച്ചത് പോലെയുള്ള അധരം….അത്ര മേൽ വശ്യമായ നിറവും……അത്രയും മുഷിഞ്ഞൊരു പാവാടയിലും അവളേറെ സുന്ദരിയായിരുന്നു….കാർത്തിയോട് അവളുടെ ചിത്രം അവരൊന്നു ചേർത്ത് വെച്ചു…..അവൻ പറഞ്ഞത് പോലെ ശെരിക്കും ഒരപ്സരസ്സ് തന്നെ അവളെന്നതിനു സംശയമില്ല ……നന്ദിനി പെട്ടെന്നൊന്നെഴുന്നേറ്റു…..
അവൻ വാശി പിടിച്ചതിനു തെറ്റ് പറയാൻ പറ്റില്ലാ…..നന്ദിനി അതും പറഞ് കൊണ്ട് അവളുടെ കയിൽ പിടിക്കുമ്പോൾ അവൾ മിഴികലുയർത്തി അവരെയൊന്നു നോക്കി…..രാഗിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…മോൾക്ക്…. ശെരിക്കും.. അവനെ ഇഷ്ടപ്പെടാത്തത് തന്നെയാണോ….
അതോ മറ്റു വല്ല കാരണവുമാണോ…..

മുത്തശ്ശി പതിയെ അവളുടെ വെളുത്തു മെലിഞ്ഞ കൈകളെ കവർന്നു കൊണ്ടത് ചോദിക്കുമ്പോൾ അവൾക്കെന്ത് പറയണമെന്നറിയില്ലായിരുന്നു……
അവന്റെ വാക്കുകൾ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു……ആദ്യമായി കണ്ടവൻ ആരുമറിയരുതെന്ന് പറഞ്ഞ ആ രഹസ്യം ഉള്ളിലങ്ങനെകിടക്കുന്നുണ്ട്…..അതേ…….എനിക്ക്…. എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ്…..
അവൾ പതിയെ പറഞ്ഞതും അവരുടെ മൂന്ന് പേരുടെയും മുഖത്തെ തെളിച്ചം പാടെ കെട്ട് പോയിരുന്നു……രാഗി ഉള്ള് കൊണ്ടൊന്നു ചിരിച്ചു…..ഇവളുടെ നിഴല് കണ്ടപ്പോഴേക്കും അവനിവളെ മതിയെന്ന് പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല….രാഗി തെല്ലൊരു നീരസത്തോടെ തന്നെയാണത് പറഞ്ഞത്…..

അല്ലാ….. അവൻ വരും വഴി തന്നെ മോളെ കണ്ടിരുന്നുവത്രേ….പുറത്ത് വെച്ച്…..ചിത്ര രാഗിയുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞതും ശരണ്യ ഒരു ഞെട്ടലോടെ കൃഷ്‌ണയെ നോക്കി….
കൃഷ്ണ അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തല താഴ്ത്തി നിന്നു…….മോള്….. ഒന്ന് കൂടി ആലോചിക്ക്……നിർബന്ധിക്കാൻ പറ്റുന്ന ഒരു കാര്യമല്ലല്ലോ ഇത്…..പിന്നേ…. ഇതെന്റെ യൊരു സന്തോഷത്തിനാണ്…
നന്ദിനി അതും കൂടി പറഞ് കയ്യിൽ കിടന്ന വള ഊരി കൃഷ്ണയുടെ കയ്യിലെക്കിട്ട് കൊടുക്കാൻ തുടങ്ങിയതും അവൾ പെട്ടെന്ന് കയ്യൊന്ന് പുറകിലേക്ക് വലിച്ചിരുന്നു…..ഇത്….. മറ്റൊന്നിനും വേണ്ടിയല്ല…..എന്റെ മോൻ കണ്ടിഷ്ടപ്പെട്ടെന്ന് പറഞ്ഞ ആദ്യത്തെ കുട്ടിയാ മോള്….. മാത്രവുമല്ല…….കണ്ട പാടെ എനിക്കും മോളെ വല്ലാതെ ഇഷ്ടപ്പെട്ടു…..

നീയെന്റെ മരു മോളാവില്ലായിരിക്കാം……
പക്ഷെ നമ്മൾ കണ്ടത് മറക്കാതിരിക്കാൻ ഒരു ചെറിയ സമ്മാനം… അത്ര കരുതിയാൽ മതി……
നന്ദിനി അതും കൂടി പറഞ്ഞതും കൃഷ്ണ സുധേവനെ ഒന്ന് നോക്കി……അയാൾക്കെന്ത് പറയണമെന്ന് പോലുമറിയില്ലായിരുന്നു……എങ്കി ഞങ്ങളിറങ്ങട്ടെ…..
മോളെ പേരെന്തായിരുന്നു…..കൃഷ്ണ……
ഇറങ്ങാൻ നേരം നന്ദിനി അത് ചോദിച്ചതും അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞിരുന്നു……
അവരോരു പുഞ്ചിരി കൂടി അവൾക്ക് നൽകി അവിടെ നിന്നിറങ്ങുമ്പോൾ അവൻ തനിക്ക് കിടപ്പാടമെന്ന വണ്ണം മാത്രമായി വെച്ച് നീട്ടുന്ന താലിയെ കുറിച്ചവളൊന്നോർത്തു…….അതൊന്നും അറിയാതെയാണ് അവരിത്രയും പറഞ്ഞതെന്നോർക്കേ അവൾക്കവരോടൊരു സഹതാപം തോന്നിയിരുന്നു…..

പക്ഷെ അവൻ പറയരുതെന്ന് പറഞ്ഞത് കൊണ്ട തന്നെ അവളതിനെ ഭദ്രമായി മനസ്സിൽ സൂക്ഷിച്ചു……നീ…… നീയവനെ ഇവിടെ വരുന്നതിനു മുൻപ് കണ്ടിട്ടുണ്ടെന്ന് അവര് പറഞ്ഞത് സത്യമാണോ……അവര് പോയി കഴിഞ്ഞതും ശരണ്യ കൃഷ്ണയോടത് ചോദിച്ചത് പെട്ടെന്നായിരുന്നു…..ഒരു നിമിഷം കൃഷ്ണയൊന്ന് ഞെട്ടി……ശെരിയാണ്…. അതൊന്നും താൻ അവളോട് പറഞ്ഞിട്ടില്ല….അതും കൂടി പറഞ്ഞവളെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്ന് കരുതിയത് കൊണ്ട് മാത്രമാണ്…….കൃഷ്ണ ദയനീയമായി അവളെ നോക്കി…..നിനക്കിപ്പോ മനസ്സിലായില്ലേ ഇവളുടെയൊക്കേ സ്വഭാവം……
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല…..
നിനക്ക് വന്ന ചെക്കനെ പുറത്ത് വെച്ചേ ഇവൾ മയക്കി…..അമ്മ മതിയാക്ക്….കൃഷ്ണ പറയട്ടെ….. കണ്ടിരുന്നോ ഇല്ലയോ…..

രാഗി അവളെ പറഞ് തുടങ്ങിയതിനിടക്ക് കയറി ശരണ്യ അതും പറഞ്ഞു കൃഷ്ണ ക്ക് നേരെ മിഴികൾ ചലിപ്പിക്കുമ്പോൾ കണ്ണുകളിൽ എന്തോ ഒരു ഭാവം മിഞ്ഞി മാഞ്ഞു കൊണ്ടിരുന്നു…..അത്….. കണ്ടിരുന്നു…..കൃഷ്ണ തെറ്റ് ചെയ്തവളേ പോൽ തല കുനിച്ചു കൊണ്ടത് പറഞ്ഞതും ശരണ്യ യുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു…….തന്നെ അത്രയേറെ വിശ്വസിച്ച അവളോട് താനത് പറയാത്തത് തെറ്റായി പ്പോയി എന്ന തിരിച്ചറിവിൽ കൃഷ്ണ തല കുനിച്ചു തന്നെ നിന്നു…..അച്ഛാ…… ഇനി ഇവളെ ഇവിടെ കണ്ട് പോകരുത്…..കൊണ്ട് വന്നയിടത്തേക്ക് തന്നെ കൊണ്ടാക്കിക്കോളൂ…..ഇപ്പോൾ….. ഈ നിമിഷം ഇവളിവിടെ നിന്നിറങ്ങണം….അല്ലെങ്കിൽ ഞാനീ വീട്ടിലുണ്ടാകില്ല……കാർത്തിയെ നഷ്ടപ്പെട്ടതിനേക്കാൾ അവൾ തന്നോട് കള്ളം പറഞ്ഞു എന്നതാണ് ശരണ്യയെ ഏറെ വേദനിപ്പിച്ചത്……

അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു…..
സുദേവൻ ഒരു നിമിഷം ഞെട്ടി പോയിരുന്നു…..
രാഗി എന്തൊക്കെ പറഞ്ഞാലും ശരണ്യയിൽ നിന്നങ്ങനെയൊന്ന് താനൊട്ടും പ്രതീക്ഷിച്ചതല്ല….
രാഗി ക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…..
അവർ അവസരം മുതലാക്കിയെന്ന വണ്ണം കൃഷ്ണയെ പറഞ്ഞു കൊണ്ടിരുന്നു…..കൃഷ്ണ ഒരു മരവിപ്പോടെ അങ്ങനെ നിൽക്കുകയാണ് ……ഇവിടെ വന്നത് മുതൽ ഇരുട്ടുവോളം ജോലികളാണെങ്കിൽ കൂടി തനിക്ക് ആരെയും പേടിക്കാതെ ഒന്ന് കണ്ണ് ചിമ്മാമായിരുന്നു…..
എന്നാൽ അവിടെയോ…..ഇരുട്ടിൽ തന്റെ മുറിയിലെ കതകിൽ മുട്ടുന്ന ആ ശബ്ദം അവളുടെ കാതുകളിൽ അലയടിച്ചു…….അവൾക്ക് ശ്വാസം ഒരു വേള നിലച്ചു പോയെങ്കിലെന്ന് തോന്നി പ്പോയി……
അവൾ ദയനീയമായി സുധേവനെ ഒന്ന് നോക്കി…..
അയാൾ നിസ്സഹായനാണെന്ന വണ്ണം മിഴികൾ അവളിൽ നിന്നും തെന്നി നീക്കി……

രാഗി അകത്തു പോയി അവളുടെ ബാഗ് എടുത്തു വന്ന് അവളുടെ മുമ്പിലേക്കിട്ട് കൊടുത്തു…..ദേ…. വണ്ടി കൂലിയും കൊടുത്ത് എവിടെക്കാണെന്ന് വെച്ചാൽ ബസ്സ് കയറ്റി വിട്ടിട്ട് നിങ്ങളിങ്ങോട്ട് വന്നാൽ മതി…..കേട്ടല്ലോ…..സുധേവനോട് രാഗി ദേഷ്യത്തോടെ അതും കൂടി പറഞ്ഞകത്തേക്ക് പോകുമ്പോൾ കൃഷ്ണ നിലത്തു കിടക്കുന്ന ബാഗെടുത് മാറോടു ചേർത്ത് പിടിച്ചിരുന്നു…..
അമ്മാവാ…. ഞാൻ …..സുധേവൻ അവൾക്കടുത്തേക്ക് വന്നതും അവൾ പൊട്ടി കരഞ്ഞു പോയിരുന്നു…..ഇത് പോലൊരു ദിവസം അപ്രതീക്ഷിതമായാണ് ഞാൻ നിന്നേ അവിടെ നിന്ന് കൂട്ടി കൊണ്ട് വന്നത്…..അത് പോലെ അപ്രതീക്ഷിതമായി നിന്നേ കൊണ്ട് വിടേണ്ടി വരുമെന്ന് കരുതിയിട്ടില്ല മോളെ …..സുദേവൻ ഒരു നിമിഷമതും പറഞ്ഞോന്നു വിതുമ്പി……വാ……
അയാൾ അവളുടെ കയ്യിലെ ബാഗ് വാങ്ങി മുമ്പിലായി നടന്നു……

ഞാൻ ചേച്ചിയോടൊന്ന് പറഞ്ഞിട്ട് വരാം….
അവൾ നിറ കണ്ണുകളോടെ അത് പറഞ്ഞു ശരണ്യയുടെ മുറിയുടെ വാതിൽ ക്കലെത്തിയതും അവളെ കണ്ട് ശരണ്യ ദേഷ്യത്തോടെ കതകടച്ചിരുന്നു…..കൃഷ്ണക്കത് താങ്ങാൻ പറ്റുന്നതിലു അപ്പുറമായിരുന്നു…..അവൾ കണ്ണുകൾ അമർത്തി തുടച്ചു തിരികെ നടന്നു …….ഇവിടെ താനൊരു വിരുന്നുകാരിയായിരുന്നു ..ഏത് നിമിഷവും ഇറങ്ങി പോകേണ്ടി വരുന്നൊരു വിരുന്നുകാരി….
അവളാ വീടിന്റെ പടിയിറങ്ങുമ്പോൾ ഒന്ന് കൂടി പിറകിലേക്ക് തിരിഞ്ഞു നോക്കിയിരുന്നു…..അകത്തെ മുറിയുടെ ജനാലയിലൂടെ ശരണ്യയെ കാണാനെന്ന വണ്ണം……
എന്നാൽ അവിടം ശൂന്യമായിരുന്നു…ആ മനസ്സിൽ മുഴുവൻ തന്നോടുള്ള വെറുപ്പാണെന്നോർക്കേ അവളുടെ ഹൃദയം വല്ലാതെ നോവുന്നുണ്ടായിയുന്നു……അപ്പോഴും തന്റെയീ അവസ്ഥക്ക് കാരണക്കാരനായ അവനെ യോർത് അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല……
(തുടരും)