19/04/2026

പ്രണയാർദ്രം : ഭാഗം 08

രചന – അഞ്ജു തങ്കച്ചൻ

അമ്മയുടെ വാക്കുകൾ കേട്ട് ഗുപ്തൻ ഞെട്ടിത്തരിച്ചു..

ഇതെന്താണ് അമ്മയീ പറയുന്നത്.
ആ പെൺകുട്ടിയെ സ്നേഹിച്ചത്, അറിയാതെയാണെങ്കിലും മോഹിച്ചു പോയത് ഞാനാണ് അമ്മേ ഈ ഗുപ്തൻ.

അയാൾ തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു.

ദേ… ഗോപേട്ടാ.. എന്റെ മരുമകൾ ആയിട്ടെങ്കിലും ആ കൊച്ചിനെ എനിക്ക് വേണം. ഞാൻ അത്രക്ക് അതിനെ ഇഷ്ട്ടപ്പെടുന്നുണ്ട്

എന്റെ സൗദാമിനി നീയിത് എന്താ ഈ പറയുന്നത്?
അവർ ഏതോ ആദിവാസി ഊരിലെ ആളുകളല്ലേ, അവർക്ക് അവരുടേതായ ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. അല്ലെങ്കിൽ തന്നെ ജോലി,സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം കുടുംബപാരമ്പര്യം അങ്ങനെ എന്തൊക്കെ നോക്കിയാലാ ഒരു വിവാഹം നടക്കുന്നത്.

നമ്മുടെ മോന് കരൾ പകുത്തുതന്നപ്പോൾ നമ്മൾ ഇതൊന്നും നോക്കിയില്ലല്ലോ, ആരുടേതെങ്കിലും കിട്ടിയാൽ മതി എന്നാലേ ഉണ്ടായിരുന്നുള്ളൂ.

അതൊക്കെ ശരിയാ, എന്നാലും….

അവനൊരു പുതുജീവൻ നൽകിയത് കാർത്തുവാണ്. അവൾ മതി ഇനിയങ്ങോട്ട് കൂടെ..

നീയിതെല്ലാം കൂടെ സ്വയം ഇങ്ങനെ ആലോചിച്ചുറപ്പിക്കുവൊന്നും വേണ്ടാ.അതൊക്കെ പിന്നീട് ആലോചിക്കാം.

ദേ… ഗോപേട്ടാ, പണ്ടത്തെ പോലെ നൂറും നൂറ്റിപ്പത്തും വയസ് വരെയൊന്നും ആളുകൾ ജീവിച്ചിരിക്കില്ല. കൂടിവന്നാൽ അറുപതോ, എഴുപതോ വയസ്സ് വരെ ജീവിച്ചെങ്കിലായി, അതിനിടയിൽ ഇഷ്ട്ടമുള്ളവരുടെ കൂടെ സമാധാനമായി ജീവിക്കാൻ ശ്രമിക്കണം.

ഇപ്പോൾ നീ പോയി കാർത്തുവിനും കറുപ്പനും ഭക്ഷണം കൊടുക്ക്‌, ബാക്കിയൊക്കെ പിന്നെ ആലോചിക്കാം.

ശരി…ഞാൻ പോയിട്ട് വരാം.

ഗോപൻ അപ്പോഴും ഒരേ ഇരുപ്പായിരുന്നു.
പറഞ്ഞറിയിക്കുവാനാകാത്ത ഒരു സങ്കടംവന്ന് തിക്കുമുട്ടുന്നു.ഉള്ളിലാകെ ഒരു വീർപ്പുമുട്ടൽ.

ആദ്യമായി പ്രണയം എന്നൊരു വികാരം തോന്നിയത് കാർത്തുവിനോടാണ്. പക്ഷെ, തനിക്കറിയാം വൈകിപ്പോയി.സാന്ദ്രയും ഒരു പെണ്ണാണ് വിവാഹസ്വപ്നങ്ങൾ അവൾക്കും ഉണ്ടാകും. ഇഷ്ട്ടത്തോടെയോ ഇഷ്ടക്കേടോടെയോ അല്ലെങ്കിൽ കൂടിയും , സാന്ദ്രയും താനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതാണ്.

കാർത്തുവിനെ മറന്നേ പറ്റൂ…
അതെ, അവളെ മറക്കണം അവളെ പോലെ തുളസി കതിരിന്റെ നൈർമല്യതയുള്ള ഒരു പെണ്ണിനെ സ്വന്തമാക്കാനുള്ള യോഗ്യത തനിക്കില്ലായിരിക്കും.

അയാൾ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു. പക്ഷെ,എന്നിട്ടും… എന്നിട്ടും… എന്തിനാണെന്റെ ഹൃദയമേ നീയിങ്ങനെ നീറുന്നത്??

ആഹാ… നീയിതെപ്പോൾ വന്നു ഗുപ്ത, ഞാൻ കണ്ടില്ലല്ലോ നീ വരുന്നത്.
ഗോപൻ അകത്തേക്ക് കയറി വന്നു.

ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ അച്ഛാ..

അമ്മ ദേ… ഇപ്പോൾ അങ്ങ് പോയതേ ഉള്ളൂ. കാർത്തുവിന് ഭക്ഷണം കൊടുക്കാൻ.

ഉം…

എന്ത് പറ്റിയെടാ നിന്റെ മുഖം ആകെ വാടിയിരിക്കുന്നത്?

ഒന്നുമില്ല അച്ഛാ…

എനിക്കറിയാം, ഇന്നൊത്തിരി തിരക്കുണ്ടായിരുന്നല്ലേ?

ഹേയ്…ഇല്ലച്ഛാ.

എന്റെ മോൻ മിടുക്കനാ, എത്ര കുഞ്ഞുങ്ങളാ ഈ കൈകളിലേക്ക് പിറന്നു വീഴുന്നത്.
എല്ലാർക്കും ഗൈനക്കോളജിസ്റ്റ് ഗുപ്തനെക്കുറിച്ച് പറയാനേ നേരമുള്ളൂ…

ഓഹോ… എന്നിട്ടാണോ അച്ഛൻ , ഗൈനക്കോളജി എടുക്കണ്ട എന്ന് പറഞ്ഞത്.

അതിപ്പോ നീയൊരു ആണല്ലേ അതുകൊണ്ട്……

അതുകൊണ്ട്?

ഹേയ്.. ഒന്നുമില്ലെടാ. നീയാണ് ശരി.നീ മിടുക്കനാടാ..

ആണോ… ശരിക്കും.?

പിന്നല്ലാതെ…

അച്ഛന്റെ മോനല്ലേ അപ്പോൾ മിടുക്കനാവാതെ തരമില്ലല്ലോ,ഗുപ്തൻ അച്ഛന്റെ മീശ പിരിച്ച് വച്ചു.

ഗോപൻ ഉറക്കെ പൊട്ടിച്ചിരിച്ചു.

അച്ഛൻ ചായ കുടിച്ചായിരുന്നോ?

ഇല്ലെടാ.. ഞാൻ നിന്റെ വണ്ടി ഒന്ന് കഴുകി ഇടുവാരുന്നു.

എന്നാൽ വാ അച്ഛന് ഇന്ന് ഞാൻ ചായ ഇട്ട് തരാം.

ഇനി അതൊക്കെയെ നടക്കൂ.. നിന്റെ അമ്മക്കിപ്പോൾ കാർത്തുവിനെ ഊട്ടാനേ നേരമുള്ളൂ…

ഗുപ്തൻ ഒന്നും പറഞ്ഞില്ല.

അല്ല,അവളെ കുറ്റം പറയാൻ ഒക്കില്ല. അവൾക്ക് പെൺകുട്ടികളോട് അത്രയ്ക്ക് ഇഷ്ട്ടമാണ്.

അവൾക്ക് ഒരു കുഞ്ഞ് കൂടെ വേണമെന്ന് വല്യ ആശയായിരുന്നു.
അന്നത്തെ എന്റെ സാഹചര്യത്തിൽ ഒരു കുഞ്ഞിനെക്കൂടെ പോറ്റിവളർത്താനുള്ള സാഹചര്യം ഇല്ലായിരുന്നു.
അതുകൊണ്ടാണ് ഗൗതം കൂടി പിറന്ന് കഴിഞ്ഞപ്പോൾ,പ്രസവം നിർത്താമെന്ന് ഞാൻ അവളോട്‌ പറഞ്ഞത്.

ആഹ്…..ഇനിയിപ്പോൾ നിനക്കും സാന്ദ്രക്കും ആദ്യം പിറക്കുന്നത് ഒരു പെൺകുട്ടി ആയാൽ മതിയാരുന്നു.

അത് കേട്ടതും,ചായ ,ഗ്ലാസ്സിലേക്ക് പകരുകയായിരുന്ന ഗുപ്തന്റെ കൈയിൽ നിന്നും ഗ്ലാസ്സ് താഴെ വീണ് ചിതറി.

അയ്യോ.. കൈ പൊള്ളിയോടാ?
ഗോപൻ ഗുപ്തന്റെ കൈയിൽ പിടിച്ചു.

ഇല്ല പൊള്ളിയില്ല.

നീയങ്ങു മാറി നിൽക്ക്, ചില്ല് കാലിൽ കൊള്ളും.
ഞാനിത് വൃത്തിയാക്കാം.

വേണ്ടച്ചാ, ഞാൻ ചെയ്‌തോളാം.

നീയപ്രത്ത് പോയിരിക്ക്, ചായ വേറെ എടുത്ത് തരാം.

അയാൾ ഹാളിലേക്ക് പോയി.

എന്തോ കൈയും മനസും വിറക്കുന്നു.

മനസ്സ് തന്റെ കൈവിട്ട് അപ്പൂപ്പൻതാടി പോലെ എങ്ങോട്ടോ ഒഴുകി പോകുകയാണ്.

അയാൾ സെറ്റിയിൽ ചാരിക്കിടന്ന് കണ്ണുകളടച്ചു.

************

കാർത്തുവേ… ഇതെന്നതാ ഈ മുടി കാണിച്ച് വച്ചിരിക്കുന്നത് ഒരു ശകലം എണ്ണ പോലും വച്ചിട്ടില്ല.

സൗദാമിനി കാർത്തുവിനെ സ്നേഹത്തോടെ ശാസിച്ചു.

എന്ത് നല്ല തലമുടിയാ.. പനങ്കുല പോലെ എന്നൊക്കെ കേട്ടിട്ടേ ഉളളൂ ആദ്യായിട്ടാ കാണുന്നത്.

അവളുടെ അമ്മയ്ക്കും ഉണ്ടായിരുന്നു നല്ല മുടി.കറുപ്പൻ പറഞ്ഞു.
എന്റെ രേവമ്മയെ ഒന്ന് കാണണം എന്നാ ചേലായിരുന്നെന്നോ.
അവളെ എന്നും ഉഴിഞ്ഞിടും എന്റെ അമ്മ. കണ്ണേറു തട്ടും എന്ന് പറഞ്ഞ്. അത്രയ്ക്കും ശുന്ദരിയായിരുന്നു… കറുപ്പൻ വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി ചിരിച്ചു.

അതെയോ… ആ സൗന്ദര്യമാണോ കർത്തുവിന് കിട്ടിയത്??

ഹേയ്… ആ സൗന്ദര്യം മുഴുവനും കാർത്തുവിന് കിട്ടിയിട്ടില്ല. ഞങ്ങടെ ഊരിൽ ഏറ്റോം സുന്ദരി അവളായിരുന്നു എന്റെ രേവമ്മ.

അവള് നടന്ന് പോകുമ്പോൾ എന്തോരം ചെക്കന്മാരാ അവളെ കണ്ട് നോക്കി നിൽക്കുന്നതെന്നോ.
പുഴയിൽ കുളിക്കാൻ പോയാലും അത് തന്നെയാ അവസ്ഥ ഒളിഞ്ഞു നോട്ടം
ഒടുക്കം ഞാൻ കുടിലിന്റെ അടുത്ത് ഒരു മറപ്പെര കെട്ടിക്കൊടുത്തു ഞാൻ.

മലദൈവങ്ങൾ എനിക്ക് തന്ന നിധിയായിരുന്നു അവൾ

പക്ഷെ എന്റെ കാർത്തുവിനെ എനിക്ക് തന്നിട്ട് അവളങ്ങ് പോയി. അയാൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.

എന്റെ കാർത്തുവിന് ഞാനേ ഉളളൂ… അവളെ ആരുടെയെങ്കിലും കൈയിൽ എൽപ്പിച്ചിട്ട് വേണം എനിക്കെന്റെ രേവമ്മയുടെ അടുത്തേക്ക് പോകാൻ..

അപ്പാ… എന്തൊക്കെയാ ഈ പറയുന്നത്. എനിക്ക് അപ്പൻ മാത്രല്ലേ ഉള്ളൂ…

അതൊക്കെ പോട്ടേ, ഇനി ഒന്നും രണ്ടും പറഞ്ഞു വിഷമിക്കാതെ, ഇങ്ങ് വന്നേ ഈ മുടിയൊക്കെ ഒന്ന് ചെട വിടർത്തി കെട്ടി വയ്ക്കട്ടെ, സൗദാമിനി ചീപ്പും എണ്ണയുമെടുത്ത് കാർത്തുവിന്റെ അരികിൽ ഇരുന്നു.

കറുപ്പൻ പുറത്തേക്ക് ഇറങ്ങി പോയി.

ഗൗതമിന് ഇപ്പോൾ കൂട്ട് കറുപ്പനാണ്.
കാർത്തു ഉറങ്ങുമ്പോൾ കറുപ്പൻ, ഗൗതമിന്റെ അടുത്തേക്ക് പോകും.

തൊട്ടടുത്ത് ഹോസ്പിറ്റൽ ആയത് കൊണ്ട് പോകാനും വരാനും എളുപ്പമാണുതാനും.

ഗൗതം ഇപ്പോൾ ഉഷാറായി വരുന്നു. കറുപ്പന്റെ സംസാരവും കേട്ട് അയാൾ അങ്ങനെ കിടക്കും.
അവർ തമ്മിൽ വലിയ സൗഹൃദമാണ്.

കറുപ്പൻ ഒരുപാട് സംസാരിക്കുന്ന ആളാണ്, ഗൗതവും അങ്ങനെ തന്നെ അതുകൊണ്ടാകും അവർ തമ്മിൽ വല്ലാത്തൊരു സൗഹൃദം ഉടലെടുത്തിരുന്നു.

കറുപ്പൻ ചെല്ലുമ്പോൾ ഗൗതം എന്തോ ആലോചനയിൽ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു.

എന്നതാ ഇങ്ങനെ ആലോചിക്കുന്നത്??
കറുപ്പൻ അകത്തേക്ക് ചെന്നു.

ഓ… വന്നോ, എന്താ ഇത്രേം താമസിച്ചത്??

വെറുതെ… താമസിച്ചതാ..

ഇവിടെ ഇങ്ങനെ കിടന്നു മടുത്തു.ഞാൻ നിങ്ങള് വരാൻ നോക്കി ഇരിക്കുകയായിരുന്നു.

ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പോൾ കുറേ ആയില്ലേ ,ഇനി കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ വീട്ടിൽ പോകാം എന്ന് പറയുന്നത് കേട്ടു.പിന്നെ വീട്ടിൽ കിടന്നാൽ മതിയല്ലോ.

ഉം…

എന്നതാ ഒരു വിഷമം പോലെ..

ഒരുത്തി നൈസായിട്ട് എന്നെ തേച്ചെന്നു തോന്നുന്നു.

കറുപ്പൻ മനസിലാകാതെ അയാളെ നോക്കി.

ഞാനേ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു, ഇത്രേം ആയിട്ടും എന്നെ ഒന്ന് കാണാൻ പോലും അവൾ വന്നില്ല.

എന്നതാ പെങ്കൊച്ചിന്റെ പേര്?

സീത..

*********

തുടരും.