22/04/2026

ആത്മരാഗം : ഭാഗം 44

രചന – ഗൗരി ലക്ഷ്മി

നിസ്സഹായമായ ആദിയുടെ നിൽപ്പ് കണ്ടതും ക്രിസ്റ്റി ഒരാശ്വാസത്തിനെന്നോണം അവന്റെ തോളിൽ കൈ അമർത്തി..

റോയിച്ചൻ കാർത്തി പോകുന്നതും നോക്കി നിന്ന ശേഷം തിരിഞ്ഞു ആദിയെ നോക്കി..

അവൻ നിന്നതുകൊണ്ടാ നിന്നോട് ഞാനൊന്നും പറയാഞ്ഞത്..

ഇതായിരുന്നു അപ്പോൾ നിങ്ങൾക്കിടയിലുള്ള പ്രശ്നം അല്ലേ..

റോയ് ചോദിച്ചതും ആദി തലകുനിച്ചു..

നിനക്കും എല്ലാം അറിയാമായിരുന്നു അല്ലെ..

ക്രിസ്റ്റിയോട് ചോദിച്ചതും അവൻ ആദിയെ നോക്കി..

റോയിച്ചാ അത്.. ഇവൻ ചിലതൊക്കെ പറഞ്ഞിരുന്നു..

എന്നിട്ട് നീ അത് ആരോടെങ്കിലും പറഞ്ഞോ.. അതല്ലെങ്കിൽ ഇവർ തമ്മിലുള്ള പ്രശ്‌നം തീർക്കാൻ എന്നേലും ചെയ്തോ..

റോയിച്ചൻ ചോദിച്ചു..

ഞാൻ അല്ലിയോട് സംസാരിക്കാൻ ശ്രമിച്ചതാ റോയിച്ചാ.. അവൾ പിടിതന്നില്ല.. കാർത്തി ആദ്യം ഇവനെ വന്നു കണ്ടതൊന്നും ഞങ്ങൾ അവളോട് പറഞ്ഞില്ല.. കാർത്തി ആദ്യം ചെന്നവളെ കണ്ടു കഴിഞ്ഞപ്പോ മുതൽ ആദിയോട് അവനിനി വന്നാൽ അവനോട് ക്ഷമിക്കും എന്നൊക്കെ അവൾ പറഞ്ഞു.. പിന്നെ അവരെ ഒന്നിച്ചു കണ്ടതും കാർത്തി പറഞ്ഞതും കൂടെ ആയപ്പോ..

ക്രിസ്റ്റി അർത്ഥോക്തിയിൽ പറഞ്ഞു നിർത്തി..

ആയപ്പോ അവൾ ഇവനെ ഡിവോഴ്‌സ് ചെയ്ത് അവനെ കെട്ടാൻ പോവാണെന്നുറപ്പിച്ചു അല്ലെ..

ആദി തലയുയർത്തി അയാളെ നോക്കി..

ഇപ്പൊ കാർത്തി പറഞ്ഞത് കേട്ടല്ലോ.. നിനക്ക് അവളെ ഇഷ്ടമാണ് എന്നവൾക്ക് അറിയാമായിരുന്നു.. ആദിയെ അറിയാൻ അവൾക്ക് വേറെ ആരുടെയും സഹായം വേണ്ടിവന്നില്ല.. നിനക്കോ ആദി..

റോയിച്ചാ ഞാൻ..

കുറ്റം പറഞ്ഞതല്ല ആദി.. ഈ നിമിഷം നീ അനുഭവിക്കുന്ന സങ്കടം എനിക്ക് മനസ്സിലാകും.. പക്ഷെ ഒന്നുണ്ട് ആദി.. എനിക്കോ ഇവനോ പോലും നിങ്ങടെ കുടുംബകാര്യത്തിൽ കേറി ഇടപെടാൻ ഒരു ലിമിറ്റ് ഉണ്ട്.. പക്ഷെ ആ ലിമിറ്റ് നിങ്ങൾക്കിടയിൽ പാടില്ല..

മനസ്സിൽ എന്തേലും ഉണ്ടേൽ അത് തുറന്ന് ചോദിച്ചും പറഞ്ഞും പരിഹരിക്കണം.. മോശമായത് ഒന്നുമില്ലാത്ത ഒരു കുടുംബവുമില്ല ലോകത്ത്.. മോശമായവ മറക്കാനും നല്ലത് ഒക്കെ ഓർത്തുവെയ്ക്കാനും കഴിയണം നമുക്ക്..

നിങ്ങൾ രണ്ടാളും ഒട്ടും പ്രതീക്ഷിക്കാതെ നടന്നുവന്ന ജീവിതമാണ് ഇത്.. പൊരുത്തക്കേട് ഉണ്ടാകും.. എന്നാലും ഒരു പരിധിയ്ക്കപ്പുറം തെറ്റിദ്ധാരണയോ കലഹങ്ങളോ ഉണ്ടാകാൻ പാടില്ല.. ഉണ്ടായാൽ പിന്നെ ആ ബന്ധം നിലനിൽക്കില്ല.. മനസ്സിലായോ..

റോയിച്ചൻ അവനെ ചേർത്തുപിടിച്ചു ചോദിച്ചു.. അവൻ മെല്ലെ തലയനക്കി..

ഇപ്പൊ നടന്നതൊക്കെ നടന്നു.. ഒക്കെ കഴിഞ്ഞു.. അല്ലിമോള് ചിലപ്പോ ദേഷ്യം കാണിക്കും.. പിണങ്ങും.. എന്നാലും അതൊക്കെ എത്ര നാളത്തേയ്ക്കാ.. അവൾ നിന്റെ ഭാര്യയാണ്.. അതിലുപരി നിങ്ങൾ നല്ല സുഹൃത്തുക്കളാണ്.. ഇനിയേലും ഇമ്മാതിരി പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്ത് ഒന്നിച്ചു മര്യാദയ്ക്ക് ജീവിക്കാൻ നോക്ക്.. നിങ്ങൾക്കിടയിൽ ഇപ്പോഴുമുള്ള ഈ ഗ്യാപ്പ് കൊണ്ടാ വല്ലോനും ഒക്കെവന്നിടയ്ക്ക് കേറുന്നത്.. അതുകൊണ്ട് ഇനിയേലും ആ ഗ്യാപ്പ് ഫിൽ ചെയ്തു ജീവിക്കാൻ നോക്ക്..

അവളെ റൂമിലോട്ട് കൊണ്ടുവന്നു.. പോ.. പോയി കാണു..

റോയിച്ചൻ പറഞ്ഞതും ആദി ക്രിസ്റ്റിയെ നോക്കി..

നീ വരുന്നില്ലേ..

അവനാരാ നിന്റെ കെട്യോളോ.. നിന്റെ കെട്യോളെ ആദ്യം പോയി കണ്ടുള്ള പ്രശ്നം പരിഹരിക്ക് ചെക്കാ.. ഇവനും അവളും തമ്മിൽ ഒരു പ്രശ്നവുമില്ല.. അതുകൊണ്ട് ഞങ്ങൾ പിന്നാലെ വന്നോളാം.. അല്ലെ ക്രിസ്റ്റി..

മ്മ്..

ക്രിസ്റ്റി ചെറു ചിരിയോടെ മൂളി..

ആദി നിസ്സഹായമായി റോയിച്ചനെ നോക്കി.. ശേഷം ക്രിസ്റ്റിയെയും..രക്ഷയില്ലെന്ന് കണ്ടതും ആദി മെല്ലെ റൂമിലേയ്ക്ക് നടന്നു..

ആ നിമിഷവും അവന്റെ ഹൃദയമിടിപ്പിന്റെ താളം ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു..

പ്രക്ഷുബ്ധമായ ഹൃദയത്തിന്റെ താളമെന്ന പോലെ..

*****************

വേദന തോന്നുന്നുണ്ടോ മോളെ..

മീന ചോദിച്ചതും അല്ലി അവരെ കൂർപ്പിച്ചൊന്നു നോക്കി..

ശേഷം ഇല്ലെന്ന് തലയനക്കി..

ആന്റി.. എനിക്കിത്തിരി വെള്ളം വേണം..

അല്ലി പറഞ്ഞതും ഭാമ മീനയെ നോക്കി.. റൂമിൽ വന്നതുമുതൽ അവർ അവളോട് സംസാരിക്കാൻ ശ്രമിക്കുകയാണ്.. അവൾ കാര്യമായി പ്രതികരിക്കുന്നതുമില്ല..

എന്താവശ്യം വന്നാലും ഒന്നുകിൽ തന്നോടോ അല്ലെങ്കിൽ ജോളിമ്മയോടോ ആണ് പറയാറ്..

ഭാമ ഒന്നും മിണ്ടാതെ ഒരു ഗ്ലാസിലേയ്ക്ക് വെള്ളം പകർന്ന് അവൾക്ക് നൽകി..

ഞാൻ പിടിച്ചു തരട്ടെ..

വേണ്ട.. എന്റെ ഇടത്തെ കൈക്കൊരു കുഴപ്പവുമില്ല..

മീനയുടെ ചോദ്യത്തിന് മറുപടി നല്കുന്നതിനൊപ്പം അല്ലി ഭാമയുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു തുടങ്ങിയിരുന്നു…

വീട്ടിൽ ആരുണ്ട് ജോളിമ്മേ..

ജോയിച്ചനുണ്ട് എന്നവർ കൈകൊണ്ട് കാണിച്ചു.. ശേഷം ശ്രദ്ധിക്കേണ്ടേ എന്ന് ചോദിച്ചതും അവളൊന്ന് ചിരിച്ചു..

ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടല്ല.. ആ ലോറി ഡ്രൈവർ ഉറങ്ങിപോയത് കൊണ്ടാണെന്ന് തോന്നുന്നു..

എന്നിട്ട് ആ ലോറി ഡ്രൈവറെ കണ്ടെത്തിയോ..

ഭാമ ചോദിച്ചു…

അയാൾ വണ്ടി വിട്ടുപോയി..

അല്ലി പറഞ്ഞു..

പോലീസ് അന്വേഷിക്കുന്നുണ്ട്..

പ്രസാദ് പറഞ്ഞു..

അപ്പോഴാണ് ആദി വാതിൽ തുറന്ന് വന്നത്..

നെറ്റിയിലും കയ്യിലും വലിയ കെട്ടുമായി കിടക്കുന്ന അല്ലിയെ കാണേ അവന്റെ കണ്ണു നിറഞ്ഞു.. അല്ലി അപ്പോഴും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കണ്ണടച്ചു കിടക്കുകയായിരുന്നു..

നീ വന്നോ.. എത്ര നേരമായി ഞങ്ങൾ നോക്കി ഇരിക്കുന്നു.. എവിടായിരുന്നു..

ഭാമ ചൂടായി..

അത്.. ക്യാന്റീനിൽ.. ക്രിസ്റ്റിയുടെ കൂടെ..

മ്മ്..

അവരൊന്നു മൂളി..

നിങ്ങളൊക്കെ കഴിച്ചോ..

അവൻ പെട്ടെന്ന് ചോദിച്ചു..

കഴിച്ചു..

മുരളി പറഞ്ഞു..

അല്ലിക്ക് എങ്ങനെയുണ്ട്..

ഭാമ ആ ചോദ്യം കേട്ടതും അവനെ രൂക്ഷമായി ഒന്ന് നോക്കി.. അതോടെ അവൻ മുഖം താഴ്ത്തി..

അപ്പോഴേയ്ക്കും ഫോണുമായി നിയയും അകത്തേയ്ക്ക് വന്നു..

എല്ലാവരും കൂടെ ഇവിടെയിങ്ങനെ നിൽക്കേണ്ടല്ലോ.. ആ നേഴ്‌സ് വന്നാൽ വഴക്ക് പറയും.. നമുക്കെന്നാൽ ഇറങ്ങിയാലോ ജോളിമ്മേ..

റോയിയും ക്രിസ്റ്റിയും കൂടെ അകത്തേയ്ക്ക് വന്നു ചോദിച്ചതും ജോളിമ്മ അല്ലിയെ നോക്കി.. അവൾ അവർക്കൊരു പുഞ്ചിരി നൽകി..

എനിക്കിപ്പോ ഒരു കുഴപ്പോമില്ല.. ജോളിമ്മ പൊയ്ക്കോ.. ഞാൻ വിളിച്ചോളാം.. അവിടേം ഷൈനി ചേച്ചിയും ജോയിച്ചനും തന്നെയല്ലേയുള്ളൂ..

അല്ലി പറഞ്ഞു..

നിങ്ങളും ഇറങ്ങുവല്ലേ.. ഇവിടെ ആദി പോരെ..

റോയ് മീനയെ നോക്കി ചോദിച്ചു..

ഞാൻ നിൽക്കാം.. ആദിമോന് ഒറ്റയ്ക്ക് പാടായിരിക്കും..

മീന പറഞ്ഞു..

എന്നാൽ ഒരു കാര്യം ചെയ്.. തൽക്കാലം നിങ്ങളെല്ലാവരും എന്റെ കൂടെ വാ.. എന്നിട്ട് ഫ്ലാറ്റിൽ ചെന്ന് തൽക്കാലം ആവശ്യത്തിനുള്ള സാധനങ്ങളും എടുത്തിട്ട് പോരെ.. അതുവരെ ആദി ഇവിടെ നിൽക്കട്ടെ..

റോയിച്ചൻ പറഞ്ഞു..

റോയിച്ചാ.. എന്റെ കാർ..

അത് വർക്ക്ഷോപ്പിലാ.. ഏതായാലും ഇനിയത് ആക്രിവിലയ്ക്ക് കൊടുക്കാൻ അല്ലാതൊന്നിനും കൊള്ളില്ല.. ആ കാറിന്റെ പരുവം കാണണം..

റോയ് അവൾക്ക് നേരെ കണ്ണുരുട്ടി..

അവളൊന്ന് പുഞ്ചിരിച്ചു..

അത് പോട്ടെ.. ഏതായാലും കൂടുതലൊന്നും സംഭവിച്ചില്ലല്ലോ.. ഇന്ഷുറന്സിന്റെ പേപ്പർ ഒക്കെ മൂവ് ചെയ്യണം..

മുരളി പറഞ്ഞു..

ഒത്തിരി ആഗ്രഹിച്ചു വാങ്ങിയ കാറായിരുന്നു..

അവൾ പറഞ്ഞു..

ജീവനോളം വലുതല്ലല്ലോ കാർ.. പോയത് പോട്ടെ.. ഇനി ഒറ്റയ്ക്ക് എങ്ങോട്ടും പോകാൻ നിൽക്കേണ്ട..

മീന പറഞ്ഞു..

ഒറ്റയ്ക്ക് പോകാതെ.. അമ്മയ്ക്കെന്താ.. ഞാൻ വീട്ടിൽ അടച്ചുപൂട്ടിയിരിക്കണോ..

പിന്നെ.. ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചിട്ടല്ലേ.. ശ്രദ്ധിക്കണം.. രാത്രി വാശിക്ക് ഇറങ്ങിപോയില്ലായിരുന്നെങ്കിൽ ഇങ്ങനെ വല്ലോം സംഭവിക്കുമായിരുന്നോ.. നിനക്കെന്താ.. ഒന്നേയുള്ളൂ ഞങ്ങൾക്ക്.. നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങളുടെ അവസ്ഥ നീ ഓർത്തിട്ടുണ്ടോ.. ഇത്രേം നേരം എങ്ങനെയാ പിടിച്ചുനിന്നതെന്ന് എനിക്കുമെന്റെ ഈശ്വരനുമേ അറിയൂ..

മീന ദേഷ്യത്തിൽ തുടങ്ങിയെങ്കിലും കരഞ്ഞുപോയിരുന്നു..

എന്താ മീനേ ഇത്.. ശ്ശെ.. കൊച്ചു പിള്ളേരെ പോലെ..

അമ്മേ.. പ്ലീസ്.. ഞാനതിനൊന്നും പറഞ്ഞില്ലല്ലോ.. എന്തിനാ കരയുന്നത്.. അമ്മേ..

അല്ലി സങ്കടത്തോടെ വിളിച്ചു..

ഞാൻ തൽക്കാലം ഇവിടെ ആശുപത്രിയിലല്ലേ.. ഇവിടുന്ന് എങ്ങോട്ട് പോകാനാ.. ‘അമ്മ ചുമ്മാ വഴക്ക് ഉണ്ടാകാതെ ഇരിക്ക്.. ‘അമ്മ റോയിച്ചൻ പറഞ്ഞപോലെ ഡ്രെസ് ഒക്കെ എടുത്തിട്ട് വാ.. എനിക്കും ഒന്ന് മേല് കഴുകണം.. മൊത്തത്തിൽ മുഷിഞ്ഞിരിക്കുവാ.. ചോര മണം..

അല്ലി പറഞ്ഞതും ആദിയും ക്രിസ്റ്റിയും പരസ്പരം നോക്കി..

മീനയെ സമാധാനിപ്പിച്ചു എല്ലാവരും കൂടി ഇറങ്ങിയതും ആദിയും ക്രിസ്റ്റിക്കൊപ്പം പുറത്തേക്കിറങ്ങി..

ദേ.. എല്ലാരും പോവാ.. ഉള്ള നേരം കൊണ്ട് അവളുടെ പിണക്കം മാറ്റി നിൽക്കണേ.. ഞാൻ വൈകീട്ട് വരാം.

റോയിച്ചൻ പറഞ്ഞു..

ടാ.. ഇപ്പൊ നിന്റെ സങ്കടമൊക്കെ മാറിയില്ലേ.. കാർത്തി എന്ന ശല്യവും ഒഴിഞ്ഞു.. ഇനി മനസ്സിലുള്ളതൊക്കെ കെട്ടിപൂട്ടി വെച്ചോണ്ടിരിക്കാതെ അവളോട് തുറന്ന് പറയാൻ നോക്ക്..

ക്രിസ്റ്റി അവന്റെ തോളിൽ തട്ടി പറഞ്ഞു..

ആദി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

അവർ യാത്ര പറഞ്ഞു നടക്കുന്നതും നോക്കി നിൽക്കുമ്പോഴും ആദിയുടെ മനസ്സിൽ അല്ലിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചിന്തയായിരുന്നു..

****************

അല്ലി..

കണ്ണടച്ചു കിടക്കുമ്പോഴായിരുന്നു ആദിയുടെ ശബ്ദം കേട്ടത്.. അല്ലി കണ്ണുതുറന്നു നോക്കി..

ആദി അവൾക്കരികിൽ ചെന്നിരുന്നു..

സോറി..

എന്തിന്..

അവൾ ചോദിച്ചു..

ഇന്നലെ രാത്രി അങ്ങനെയൊക്കെ സംഭവിച്ചതിന്.. ശെരിക്കും ഞാൻ മനസ്സിൽ പോലും അങ്ങനെയൊന്നും കരുതിയില്ല..

ആദിയുടെ കണ്ണു നിറഞ്ഞു..

നിനക്കെത്രയാ ആദി പ്രായം..

അവൻ സംശയത്തോടെ അവളെ നോക്കി..

ഇരുന്ന് കരയാൻ നാണമില്ലേ നിനക്ക്.. കുടിച്ചു ബോധമില്ലാതെ വന്നോരോന്നു വിളിച്ചുകൂവിയിട്ട് അവന്റെ കരച്ചിൽ..

നീരസത്തോടെ അല്ലി പറഞ്ഞു..

എന്നു മുതലാ നീയിങ്ങനെ കുടിക്കാൻ തുടങ്ങിയത്.. ഇത്രേം ബോധമില്ലാതെ.. എല്ലാരും ഇന്നലെ എത്ര ടെന്ഷനടിച്ചു എന്നറിയോ..

സോറി.. എല്ലാം കൂടെ.. എന്റെ കൈവിട്ട് പോകും പോലെ തോന്നി..

അല്ലി ഒന്നും മിണ്ടിയില്ല..

നീ എന്നോട് പിണങ്ങി ഇരിക്കല്ലേ അല്ലി.. സോറി. സത്യമായിട്ടും ഞാനിനി കുടിക്കില്ല.. പ്രോമിസ്..

അവൻ പറഞ്ഞു..

അവൾ അവനെ നോക്കി..

എത്ര നാളത്തേയ്ക്കാ.. ഞാൻ ഡിവോഴ്‌സ് വാങ്ങി കാർത്തിയെ കെട്ടുന്നത് വരെയാണോ..

അല്ലിയുടെ ചോദ്യം കേട്ടതും ആദിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..

എന്തിനാ കിണിക്കുന്നേ..

കാർത്തി വന്നിരുന്നു… എല്ലാം പറഞ്ഞു..

ഓഹോ.. എന്നിട്ട്.. എത്രേം പെട്ടെന്നെന്നെ കെട്ടിച്ചുവിടാം എന്നു പറഞ്ഞോ..

അല്ലി ചോദിച്ചു..

അതിനെന്നെ മാത്രം കുറ്റം പറയേണ്ട.. നീയല്ലേ അന്നങ്ങനൊക്കെ പറഞ്ഞത്..

മ്മ്.. കാർത്തി ആദ്യം നിന്നെ വന്നു കണ്ടത് എന്നോട് നീ പറഞ്ഞോ..

ആദി ഒന്നും മിണ്ടിയില്ല..

അപ്പൊ അത്രയ്ക്ക് വിശ്വാസമുള്ളതുകൊണ്ടാകുമല്ലോ നീ അവനെ എന്റടുത്ത് എത്തിക്കാതെ പറഞ്ഞുവിടാൻ നോക്കിയത്..

അങ്ങനല്ല അല്ലി..

പിന്നെങ്ങനെയാണ് ആദി.. ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ.. നമ്മൾ തമ്മിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നായതെയുള്ളൂ.. അതിനും എത്രയോ കൊല്ലം മുൻപ് കാണാൻ തുടങ്ങിയതാ നമ്മൾ തമ്മിൽ.. എന്നിട്ടും എന്തിനാ ആദി എന്നിൽ നിന്ന് നീ ഓരോന്ന് മറച്ചുപിടിക്കുന്നത്..

നിന്റെയൊരു നോട്ടമോ സംസാരമോ മതി നിന്റെയുള്ളിലുള്ളത് എനിക്ക് മനസ്സിലാക്കാൻ.. ആ എന്റടുത്താ നീ ..

സോറി അല്ലി.. ഇനി ഒരിക്കലും റിപ്പീറ്റ് ചെയ്യില്ല ഞാൻ.. സോറി..

മ്മ്..

അല്ലി മൂളിയതും ആദി മെല്ലെ അവളുടെ കയ്യിൽ പിടിച്ചു..

മ്മ്..

എന്തെന്ന അർത്ഥത്തിൽ അല്ലി മൂളി..

ഒന്നുമില്ലെന്നവൻ ചുമൽ കൂച്ചി..

താങ്ക്സ് അല്ലി.. ഇത്രത്തോളം എന്നെ മനസ്സിലാക്കിയതിന്..

അവളാ കൈകളിൽ പിടിച്ചു..

വെറുതെയാണ് ആദി.. നമ്മൾ പറയും പോലെ മറ്റൊരാളെ നമുക്കത്രവേഗം മനസ്സിലാക്കാൻ കഴിയില്ല.. പിന്നെ നിന്നെ മനസ്സിലാകുന്നത്.. അത് നിന്റെ മനസ്സിൽ കള്ളമില്ലാത്തത് കൊണ്ടാ..

മനസ്സിൽ കള്ളമൊളിപ്പിച്ചൊരാൾ മുന്നിൽ വന്നാൽ അയാളുടെ മനസ്സ് ആർക്കും വായിച്ചെടുക്കാൻ കഴിയില്ല.. അതെത്ര പ്രിയപ്പെട്ടവരായാലും..

ആദി സംശയത്തോടെ അവളെ നോക്കി..

ഒന്നൂല്ല..

അവൾ കണ്ണുചിമ്മി..

ആദി..

അവനവളെ നോക്കി..

ഹാപ്പി ബർത്ത്ഡേ..

അവൾ പറഞ്ഞതും അവൻ കണ്ണുചിമ്മി പുഞ്ചിരിച്ചു..

ഐ നീഡ് യു.. ഐ നീഡ് യു ആസ് മൈ ലൈഫ് പാർട്ണർ..

അല്ലി അവനൊരു പുഞ്ചിരി നൽകി..

പിന്നെയാ കൈകളിൽ മുറുകെ പിടിച്ചു..

എനിക്ക് കിടക്കണം ആദി.. പിന്നെ ഈ കൈക്ക് നല്ല പെയിൻ ഉണ്ട്… നെറ്റിയിലും..

കിടന്നോ.. പെയ്‌നിന്റെ കാര്യം പറയണോ അവിടെ..

ഹേയ്.. ഇത്തിരി കഴിയുമ്പോ ഡോക്ടർ വരുമായിരിക്കും റൗണ്ടസിന്.. ഒന്ന് പറഞ്ഞാൽ മതി..

മ്മ്.. നീ കിടന്നോ..

അതും പാറഞ്ഞാദി അവളെ പിടിച്ചു നേരെ കിടത്തി..

മെല്ലെ അവനൊരു പുഞ്ചിരി നൽകി കണ്ണടച്ചു കിടക്കുമ്പോഴും വിശ്വാസവഞ്ചനയിൽ മുറിവേറ്റ ആ ഹൃദയം നീരുന്നുണ്ടായിരുന്നു..

ഒപ്പം ആ കണ്ണുകളും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..

*******************

നല്ലോണം വായിച്ചു നോക്ക് റോയ്.. ഇതൊക്കെ അത്രയും ഇമ്പോർട്ടന്റ് ഡോക്യുമെന്റ് ആണ്..

റോയ് ഒന്ന് ചിരിച്ചു..

എന്റെ അവറാച്ചാ.. ഞാൻ പറഞ്ഞതൊക്കെത്തന്നല്ലിയോ നീ ഇതിനകത്ത് കുത്തി കുറിച്ചു വെച്ചിരിക്കുന്നത്..

റോയ് ചിരിയോടെ ചോദിച്ചതും അഡ്വക്കേറ്റ് ഡെന്നിസ് എബ്രഹാം ഒന്ന് ചിരിച്ചു..

എന്നാലും വായിച്ചു നോക്ക്.. എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലോ..

ഞാൻ ഇന്നലെ ഒക്കെ വായിച്ചു നോക്കിയതാടാ ഉവ്വേ..

അതും പറഞ്ഞു റോയ് മുന്പിലിരുന്ന പേപ്പർ സൈൻ ചെയ്തു നൽകി..

ഇതെന്നാ ഇപ്പൊ എടുപിടി എന്നു വിൽപത്രം ഉണ്ടാക്കാൻ തോന്നാൻ..

മനുഷ്യനല്ലേ അവറാച്ചാ.. ഇത് എത്രയും പെട്ടെന്ന് രെജിസ്റ്റർ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യണം.. ഇന്നോ നാളെയോ എനിക്കെന്നേലും പറ്റിയാലും ഞാനിക്കണ്ട കാലം സമ്പാദിച്ചതൊക്കെ കൃത്യമായ അവകാശികളിൽ എത്തി ചേരണം.. അന്യാധീനപ്പെട്ട് പോകരുത്.. ഞാനായിട്ടുണ്ടാക്കിയതിന്റെ പേരിൽ ആരും തമ്മിൽ തല്ലുകേമരുത്..

റോയ് പറഞ്ഞു…

തീരുമാനമൊക്കെ നല്ലത് തന്നെയാ റോയ്.. ഇതൊക്കെ വീട്ടുകാരത്തിയോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ..

പിന്നെ.. എന്റെ ജോളിമ്മ അറിയാതെ ഞാനെന്നതേലും ചെയ്യോ അവറാച്ചാ..

എന്നയാലും ഇതിന്റെ കാര്യങ്ങൾ തൽക്കാലം വേറെ ആരും അറിയേണ്ട.. രജിസ്‌ട്രേഷൻ കഴിഞ്ഞു സൗകര്യം പോലെ ഞാൻ തന്നെ എല്ലാരോടും പറഞ്ഞോളാം..

റോയ് പറഞ്ഞുകൊണ്ടെഴുന്നേറ്റു..

എന്നാൽ ഞാനിറങ്ങുവാടാ ഉവ്വേ.. സമയം പോലെ ഇടയ്ക്കൊക്കെ നീ അങ്ങോട്ടും വാ കേട്ടോ..

ശെരി.. ആയിക്കോട്ടെ..

അയാൾ പറഞ്ഞതും റോയ് പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി..

തന്റെ ലക്ഷ്യം നിറവേറിയ സന്തോഷത്തോടെ..

*********************

അല്ലി..

കണ്ണാടിയിൽ നോക്കി ഇടം കയ്യാൽ സസൂക്ഷ്മം കണ്ണെഴുതികൊണ്ടു നിൽക്കുമ്പോഴാണ് നിയയുടെ വിളി കേട്ട് അല്ലി തിരിഞ്ഞു നോക്കിയത്..

എന്താ നിയാ..

ഞാൻ നാളെ തിരിച്ചുപോകുകയാണ്..

അല്ലി സംശയത്തോടെ അവളെ നോക്കി…

നാട്ടിലേയ്ക്കല്ല.. ഡൽഹിക്ക്.. ഫ്ലൈറ്റ് ടിക്കറ്റ് ആന്റി ബുക്ക് ചെയ്തിട്ടുണ്ട്..

ഇതെന്താ പെട്ടെന്ന്..

പെട്ടെന്നല്ലല്ലോ.. ഇപ്പൊ രണ്ടാഴ്ച്ചയോളമായില്ലേ ഇവിടെ തന്നെ.. പിന്നെ ടു ബി ഫ്രാങ്ക്.. എനിക്കൊരു ചെയ്ഞ്ച് ആവശ്യമാണ്..

നിയ പറഞ്ഞു..

അല്ലി ഒന്ന് പുഞ്ചിരിച്ചു..

സോറി നിയാ.. ഇവിടെ വന്നിട്ടും കാര്യമായി നിന്നെ ശ്രദ്ധിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല.. ഓഫീസിലെ പ്രശ്നങ്ങളും എൻ്റെ ആക്സിഡൻ്റും ഒക്കെ കൂടി നിനക്കൊപ്പം കുറച്ചു ടൈം സ്പെൻ്റ് ചെയ്യാൻ പോലും കഴിഞ്ഞില്ല…

അല്ലി പറഞ്ഞു..

അതിലെനിക്ക് പ്രശ്നമൊന്നുമില്ല അല്ലി.. അല്ലെങ്കിൽ തന്നെ ഞാൻ ഇങ്ങോട്ട് എന്ത് അധികാരത്തിലാണ് വന്നതെന്ന് പോലും അറിയില്ല.. നിങ്ങളെ ഏറ്റവും ഉപദ്രവിച്ചിട്ടുള്ള ഒരാളുടെ മോളല്ലെ ഞാൻ.. ഞാനും അറിഞ്ഞോ അറിയാതെയോ അത് മാത്രേ ചെയ്തിട്ടുള്ളൂ..

എന്നിട്ടും നിങ്ങളെനിക്ക് ഒരു ഷെൽട്ടർ തന്നു.. ലൈഫിൽ ഏറ്റവും ഒറ്റപ്പെട്ട് നിന്നപ്പോൾ പോലും കൂടെ നിന്നു.. സ്നേഹം തന്നു.. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല.. ആൻ്റിക്ക് പെട്ടെന്ന് നാട്ടിലേയ്ക്ക് വരാൻ ബുദ്ധിമുട്ടുണ്ട്.. രണ്ടുമൂന്ന് ദിവസമായി എന്നോട് അങ്ങോട്ട് ചെല്ലാൻ പറയുന്നു.. നീ ഹോസ്പിറ്റലിൽ നിന്ന് വരട്ടെ എന്ന് ആദ്യം കരുതി.. പിന്നെയോർത്തു ഒന്ന് ഓക്കേ ആകട്ടെന്ന്.. എന്തായാലും നീ ഇന്ന് മുതൽ ഓഫീസിൽ പോയി തുടങ്ങുവല്ലെ..

ഇനി നിങ്ങൾക്കിടയിൽ ഞാൻ ഉണ്ടാകാൻ പാടില്ല.. പിന്നെ അന്നുണ്ടായ പ്രശ്നങ്ങൾ ഒക്കെ ആദി ബോധമില്ലാതെ വിളിച്ചു പറഞ്ഞതാണ് എന്ന് അവൻ എല്ലാവരോടും പറഞ്ഞു.. എല്ലാവരെയും പോലെ ഞാനും അത് വിശ്വസിക്കുവാണ്.. അവനൊരുപാടിഷ്ടമാണ് അല്ലി നിന്നെ.. നിങൾ ഒന്നിച്ചു ജീവിക്കണമെന്ന് ദൈവമായി തീരുമാനിച്ചതാണ്.. അതുകൊണ്ടാ ഇത്രയുമൊക്കെ സംഭവിച്ചത്..

നിങ്ങൾ നന്നായി ജീവിക്കണം.. ഒരു ബെസ്റ്റ് പാർട്ണറെ ലൈഫിൽ കിട്ടാൻ വല്യ പാടാണ്.. അങ്ങനെ ഒരാളില്ലെങ്കിൽ ലൈഫ് വല്ലാതെ ഡ്രൈ ആയിപോകും.. ലൈഫിൽ നമുക്കായി മാത്രം കുറച്ചു സ്നേഹം കരുതി വെയ്ക്കുന്ന ഒരാളെങ്കിലും വേണം.. അതിപ്പോ നിനക്കുണ്ട്.. വലിച്ചെറിഞ്ഞു പോരാൻ എളുപ്പമാണ്.. പക്ഷേ ഒരിക്കൽ എനിക്കും കാർത്തിക്കും സംഭവിച്ചത് തന്നെയാകും നിനക്കും സംഭവിക്കുക..

തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷം ആ ജീവിതം നമുക്കൊരുപാട് അകലെയായിപോകും..

നിയ അല്ലിയുടെ കൈപിടിച്ചു..

ഞാൻ പ്രാർത്ഥിക്കാം..

അല്ലി പുഞ്ചിരിച്ചു..

ഞാനും.. ഡിവോഴ്സ് കേസ് നടക്കുവല്ലെ.. അത് കഴിഞ്ഞാൽ നീ സ്റ്റഡീസ് കോൺസന്റ്രേറ്റ് ചെയ്യണം.. പിന്നെ ഏറ്റവും ബെസ്റ്റ് എന്നൊരാളെ കണ്ടെത്തി ലൈഫിൽ കൂടെ കൂട്ടണം.. ഡിവോഴ്സ് ഒന്നിൻ്റെയും അവസാനമല്ല.. ഒരു തെറ്റായ ലൈഫിൽ നിന്ന് നീ പുറത്തുവന്നു എന്നേയുള്ളൂ..

പിന്നെ എന്താവശ്യത്തിനും കൂടെ ഒരു കൂട്ടായി ഞാനുണ്ടാകും.. ഒരു ഫോൺ കോളിനിപ്പുറം.. അത് മറക്കേണ്ട..

നിയ പുഞ്ചിരിച്ചു..

സന്തോഷമുണ്ട്.. നിനക്ക് ഇത്രയെങ്കിലും പറയാൻ തോന്നിയല്ലോ…

എനിക്ക് മാത്രമല്ല.. നിൻ്റെ ഡാഡിക്കും മമ്മിക്കും ഒക്കെ പറയാൻ കാണും.. ഇപ്പോഴല്ല മനസ്സ് ക്ലിയർ ആയി കഴിഞ്ഞു അവർക്കും നീ കാത് കൊടുക്കണം..

നിൻ്റെ അച്ഛനും അമ്മയുമാണ്.. അവർക്ക് വേറെ ആരുമില്ല…

നിയ ഒന്ന് പുഞ്ചിരിച്ചു..

ഞാനെന്നാൽ ഇറങ്ങുകയാണ്.. ആദി പോയാൽ പിന്നെന്നെ മെയ്ൻ ഡോർ കടത്തില്ല നിൻ്റെ മീനാൻ്റി..

അല്ലി പറഞ്ഞു..

അങ്ങനെ സ്നേഹിക്കപ്പെടുന്നതും ഒരു യോഗമാണ് അല്ലി.. അതിനും ഭാഗ്യം വേണം.. നീ ഇനി നിന്ന് താമസിക്കേണ്ട.. പോയിട്ട് വാ..

അവൾ പറഞ്ഞതും അല്ലി അവൾക്ക് ഹൃദ്യമായ ഒരു പുഞ്ചിരി നൽകി ഇറങ്ങി..

അല്ലി പോകുന്നത് നോക്കി നിൽക്കുമ്പോഴും നഷ്ടപെട്ട പ്രണയത്തിൻ്റെ ഓർമയിൽ അവലുടെയുള്ളം വിംഗുന്നുണ്ടായിരുന്നു..

തീവ്രമായി..

*****************

എല്ലാവരും വന്നോ…

ആദിയെയും അല്ലിയേയും ക്രിസ്റ്റിയെയും നോക്കി റോയ് ചോദിച്ചു..

റോയിച്ചനല്ലേ അത്യാവിശമായി കാണണം എന്ന് പറഞ്ഞത്..

അല്ലി പറഞ്ഞു..

നിനക്കെങ്ങനെയുണ്ട്.. വേദന ശെരിക്ക് മാറിയോ..

ഇപ്പൊ ഒരു കുഴപ്പവുമില്ല.. നിങ്ങടെയൊക്കെ കെയറിങ് മാത്രമാണ് ഇപ്പോഴത്തെ പ്രശ്നം.

റോയിച്ചൻ ചോദിച്ചതും അവൾ ചെറു ചിരിയോടെ ഉത്തരം നൽകി..

അത് ശെരി.. കറങ്ങി നടക്കാൻ തുടങ്ങിയോ നീ..

വീൽ ചെയറിൽ സ്റ്റെഫിയെ ഉരുട്ടികൊണ്ടു വന്നു ജോയിച്ചൻ ചോദിച്ചതും അല്ലി അത്ഭുതത്തോടെ അവരെ നോക്കി.. ശേഷം എഴുന്നേറ്റോടി ചെന്നവരുടെ അരികിൽ ഇരുന്നു..

സ്റ്റെഫിയാന്റി.. ഇങ്ങനെ പുറത്തിറങ്ങാൻ തുടങ്ങിയതൊന്നും എന്നോടാരും പറഞ്ഞില്ലല്ലോ..

അവൾ പറഞ്ഞു..

ഇന്നലെ ചെക്കപ്പ് ഉണ്ടായിരുന്നു.. ഡോക്ടർ പറഞ്ഞതു കൊണ്ടാ ഇങ്ങനെ ആക്കിയത്.. സ്റ്റെഫിയുടെ റൂം താഴേയ്ക്ക് മാറ്റി..

ജോയിച്ചൻ പറഞ്ഞു..

എന്തായാലും സന്തോഷമായി.. ഇനി ആന്റി പെട്ടെന്ന് നടക്കും.. കണ്ടോ..

അവൾ പറഞ്ഞു..

അതേ.. ഞങ്ങൾ പെട്ടെന്ന് ഈ വീല്ചെയറൊക്കെ കളഞ്ഞു എഴുന്നേറ്റ് പഴയപോലെ കലപില ചിലച്ചുകൊണ്ടോടി നടക്കും.. അല്ലെ സ്റ്റെഫി..

ജോയിച്ചനത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നതും ഷർട്ടിന്റെ ഷോള്ഡർ ഭാഗത്ത് അയാൾ കണ്ണു തുടയ്ക്കുന്നതും ആദി കണ്ടിരുന്നു..

അല്ല റോയിച്ചനെന്തിനാ വിളിച്ചത്..

ആദി ചോദിച്ചു..

അപ്പോഴേയ്ക്കും ജോളിമ്മയും വന്നിരുന്നു..

എല്ലാരോടുമായി എനിക്കും എന്റെ പ്രിയ പത്നിക്കും ഒരു കാര്യം പറയാനുണ്ട്..

എല്ലാവരും അയാളെ നോക്കി.. റോയ് ചെന്ന് ജോളിമ്മയുടെ തോളിൽ കയ്യിട്ട് ചേർത്തു നിർത്തി..

ഈ മാസം 24ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണല്ലോ..

എല്ലാ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു..

ആ ദിവസം ഞങ്ങൾ ഞങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ ഭാഗം വെയ്ക്കാൻ തീരുമാനിച്ചു..

അത് കേട്ടതും എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി..

റോയിച്ചാ..

ആദി വിളിച്ചു..

ഇതിന്റെയൊക്കെ ആവശ്യം ഇപ്പൊ ഉണ്ടോ..

അല്ലി തെല്ല് ഭയത്തോടെ ചോദിച്ചു..

പിന്നില്ലാതെ.. ഓരോ കൊല്ലം കൂടുംതോറും മനുഷ്യന് പ്രായം കൂടി വരുവാണ്.. എന്നും ഓരോ ഫയലും ചുമന്നെന്നെ വിഷമിപ്പിക്കാതെ നിങ്ങളൊക്കെ നിങ്ങളുടേതായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഈ അപ്പനേം അമ്മയേം രക്ഷിക്കണം.. എനിക്കും എന്റെ ജോളിമ്മയ്ക്കും ഇനിയേലും ഒരു ഹണിമൂൺ ഒക്കെ പ്ലാൻ ചെയ്യണം..

അല്ലാതെ വയസ്സാംകാലത്തും കമ്പനി മീറ്റിങ്, ബിസിനസ് മീറ്റിങ്, ഒപ്പിടൽ, ഫയൽ നോട്ടം.. എനിക്ക് മേല ഇതൊന്നും.. എന്ന ജോയിച്ചാ..

അതാ റോയിച്ചാ അതിന്റെ ശെരി.. സ്റ്റെഫി കൂടെ ഒന്നെഴുന്നേറ്റ് നടന്നാൽ നമുക്കൊന്നിച്ചു പോകാമെന്നെ ഫാമിലി ടൂറിന്..

ജോയിച്ചൻ പറഞ്ഞതും സ്റ്റെഫിയുടെ കൈകൾ മടിയിൽ നിന്നുതിർന്നു താഴേയ്ക്ക് വീണു..

സ്റ്റെഫി..

ജോയിച്ചൻ വെപ്രാളത്തോടെ വിളിച്ചു.. ആ വിളി കേട്ട് എല്ലാവരും ഞെട്ടലോടെ അയാളെ നോക്കി..

അപ്പോഴേയ്ക്കും സ്റ്റെഫിയുടെ ബോധം പൂർണ്ണമായും മറഞ്ഞുപോയിരുന്നു..

***************

എന്തായി ഡോക്ടർ..

റൂമിൽ നിന്നിറങ്ങി വന്നതും ജോയ് വെപ്രാളത്തോടെ ചോദിച്ചു..

ഹേയ്.. പേടിക്കാൻ ഒന്നുമില്ല.. സ്റ്റെഫി കയ്യനക്കാൻ ശ്രമിച്ചതാണ്.. ഒരുപാട് ടെന്ഷനായി സ്‌ട്രെസ് ചെയ്തപ്പോൾ ബി പി ഷൂട്ട് ആയി.. വേറെ പ്രോബ്ലെം ഒന്നുമില്ല.. എന്നു മാത്രമല്ല.. സ്റ്റെഫിയുടെ ഇടം കൈ ചെറുതായി ചലിച്ചു തുടങ്ങിയിട്ടുമുണ്ട്..

ഡോക്ടർ പറഞ്ഞതും എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു..

എന്തായാലും ഇതൊരു പൊസിറ്റിവ് സൈൻ ആണ്.. സ്റ്റെഫി എഴുന്നേറ്റ് നടക്കും. അതിപ്പോ മുന്പത്തെക്കാൾ ഉറപ്പുണ്ട് എനിക്ക്..

ഡോക്ടർ പറഞ്ഞതും റോയിച്ചൻ സന്തോഷത്തോടെ ജോളിമ്മയെ ചേർത്തുപിടിച്ചു..

എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം നിറഞ്ഞുനിന്ന ആ വേളയിലും അല്ലിയുടെ കണ്ണുകളിൽ മാത്രം ഭയം നിറഞ്ഞു നിന്നു..

മറ്റൊരു കണ്ണുകളിൽ വന്യമായ ഒരു പുഞ്ചിരിയും..

**********************

ചേച്ചി.. ഞനെന്നാൽ ഇറങ്ങിക്കോട്ടെ..

ഷൈനി ചോദിച്ചതും ജോളിമ്മ പുറത്തേയ്ക്ക് നോക്കി…

സന്ധ്യ ആയി തുടങ്ങുന്നു..

ഇരുട്ടി തുടങ്ങിയല്ലോ എന്നവർ ചോദിച്ചു.

ഓ.. സാരമില്ല.. ഏഴ് മണിക്കല്ലേ ബസ്… ഇവിടുന്ന് ഓട്ടോ പിടിച്ചു സ്റ്റാണ്ടിലെത്തിയാലും സമയമുണ്ട്.. ഇന്നൊരു മഴക്കാറുണ്ട്.. അതാ നേരത്തെ ഇറങ്ങാമെന്നു വെച്ചത്..

അവർ പറഞ്ഞു..

റോയ് സർ നേരത്തെ വരില്ലേ..

വന്നുകൊണ്ടിരിക്കുകയാണ് എന്നവർ മറുപടി നൽകി..

മഴ പെയ്താൽ ബുദ്ധിമുട്ടാകും അല്ലേൽ സർ വന്നിട്ടേ ഞാൻ ഇറങ്ങത്തൊള്ളായിരുന്നു..

അത് സാരമില്ല ഇപ്പൊ എത്തും എന്നവർ മറുപടി നൽകി..

ഞാൻ എന്നാൽ പോയിട്ട് വെള്ളിയാഴ്ച രാവിലെ വരാം..

ശെരി എന്നവർ തലയനക്കി..

ഷൈനി ജോളിമ്മയ്ക്കൊരു പുഞ്ചിരിയും നൽകി ഇറങ്ങി നടന്നു.. അവർ പോകുന്നതും നോക്കി നിന്ന ശേഷം അവർ വാതിലടച്ചു അടുക്കളയിലേക്ക് നടന്നു..

സ്റ്റെഫിക്ക് കൊടുക്കാനുള്ള കഞ്ഞി ചൂടാറ്റി പാത്രത്തിലേക്ക് പകർന്ന് ഉപ്പും ചമ്മന്തിയും ഇട്ടിളക്കി സ്പൂണും എടുത്തവർ സ്റ്റെഫിയുടെ മുറിയിലേയ്ക്ക് നടന്നു…

പുറത്ത് മഴ രൗദ്രഭാവമെടുത്തു തുടങ്ങിയിരുന്നു..

പതിവില്ലാത്തവിധം മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് അവരറിഞ്ഞു..

അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ…

ഉള്ളിലിരുന്നെന്തോ വിങ്ങുന്നത് പോലെ..

കഞ്ഞി കൊണ്ടുപോയി സ്റ്റെഫിയുടെ മുറിയിൽ വെച്ചു നോക്കുമ്പോഴും അവർ ഉറക്കമാണ്.. കഞ്ഞി അടച്ചുവെച്ചു ഹാളിലേക്ക് വന്നു ഫോണെടുത്തു റോയിയുടെ നമ്പർ ഡയൽ ചെയ്തതും മുകൾ നിലയിൽ എന്തോ വലിയൊരു ശബ്ദം ഉയർന്നുകെട്ടു..

ഒപ്പം പുറമെ മുഴങ്ങിയ ഇടിയുടെ ശബ്ദം കൂടിയായതും തൊണ്ടയിൽ ഉമിനീരുപോലും വറ്റിയത് പോലെ ഭയന്നുപോയി ആ സ്ത്രീ..

കയ്യിലിരുന്ന ഫോണിൽ നിന്ന് മറുപുറം സ്വിച്ച് ഓഫ് എന്ന മറുപടി വന്നതും അവർ പെട്ടെന്ന് തന്നെ അല്ലിയുടെ നമ്പറിൽ ഡയൽ ചെയ്തു..

പക്ഷെ അതിന് മുൻപ് തന്നെ സ്റ്റെഫിയുടെ മുറിയിൽ എന്തോ ശബ്ദം കേട്ടിരുന്നു..

കയ്യിലിരുന്ന ഫോൺ അവിടെവെച്ചവർ അവിടേയ്‌ക്കോടുമ്പോൾ ആ വീട്ടിലേയ്ക്കുള്ള വഴിയേ അതിവേഗം പായുന്ന റോയിയുടെ കാർ ലക്ഷ്യമാക്കി ഒരു ലോറി പാഞ്ഞടുക്കുന്നുണ്ടായിരുന്നു..

അപകടകരമാം വിധം..

തുടരും…