രചന – നിള നന്ദ
ലന മാനവിന്റെ കവിളിൽ നിന്ന് കൈ എടുത്ത് കണ്ണിന് മുകളിലെ കെട്ട് താഴ്ത്തി.. മുന്നിൽ നിൽക്കുന്ന മാനവിനെ കണ്ടതും അവൾ അതിശയത്തിൽ കണ്ണുകൾ ചിമ്മി തുറന്നു..
പെട്ടന്ന് തന്നെ അവനിൽ നിന്ന് വിട്ടകന്ന് ചമ്മലോടെ അവൾ എല്ലാവരെയും നോക്കി..
” ഇവിടെ ഇത്രയും പേര് ഉണ്ടായിട്ടും കളിക്കാൻ ഇല്ലാത്ത മാനവിനെ നീ എന്തിനാ പോയി പിടിച്ചത്.. ”
നിഖിൽ അവളെ കളിയാക്കിയതും അവൾ അവനെ നോക്കി കണ്ണുരുട്ടി..
” അത് പിന്നെ.. ഞാൻ.. എനിക്ക് അറിയോ ഇവിടെ വന്ന് നിൽക്കുമെന്ന്.. ”
ലന മാനവിനെ ഒന്ന് പാളി നോക്കി..
മാനവിന്റെ നോട്ടവും അവളിൽ തന്നെ ആയിരുന്നു..
” കളിയൊക്കെ മതി.. സന്ധ്യ ആവാറായി.. ”
മുത്തശ്ശി പുറത്തേക്ക് വന്ന് പറഞ്ഞതും രക്ഷപെട്ട ഭാവത്തിൽ ലന വേഗം അകത്തേക്ക് പോയി..
അവൾക്ക് പുറകെ രോഹനും രോഹിത്തും പോയി.
” ചേച്ചി.. എന്നാലും നല്ല അടിപൊളി സീൻ ആയിരുന്നു.. ”
റൂമിലെ കട്ടിലിൽ ഇരിക്കുകയായിരുന്ന ലനയുടെ ഇടവും വലവും രണ്ടാളും ഇരുന്നു..
” എന്ത് സീൻ..? ”
പുരികം ചുളിച്ച് ലന രോഹിണിയെ നോക്കി..
” ചേച്ചി മാനുവേട്ടന്റെ കവിളിൽ കൈ വെച്ച് നിന്ന നിൽപ്പും ഏട്ടന്റെ നോട്ടവും.. ഉഫ്.. ഒരു വീഡിയോ എടുത്ത് റൊമാന്റിക് ബിജിഎമ്മും ഇട്ട് ഇൻസ്റ്റയിൽ ഇട്ടുരുന്നേൽ എത്ര ലൈക് കിട്ടിയേനെ.. ”
രോഹിണി വല്ല്യ സംഭവം പോലെ പറഞ്ഞു..
” നിങ്ങൾക്ക് അതിന് ഫോൺ ഇല്ലല്ലോ..? ”
പെട്ടന്ന് ലന ചോദിച്ചതും രോഹിണി ചുണ്ട് കൂർപ്പിച്ച് അവളെ നോക്കി..
” നശിപ്പിച്ചു.. ഞാൻ നല്ല റൊമാന്റിക് ആയി പറഞ്ഞ് വന്നതായിരുന്നു.. അതിന്റെ ഇടയിൽ ആണ് ഒരു ഫോൺ.. ഹോ.. ഈ ചേച്ചി.. ”
രോഹിണി തലയിൽ കൈ വെച്ച് പറഞ്ഞതും ലന അറിയാതെ ചിരിച്ചുപോയി..
” രോഹിണി പറഞ്ഞത് പോലെ ഏട്ടന്റെ നോട്ടം പൊളി ആയിരുന്നു.. അന്നത്തെ പോലെ ഇത് ഇനി ലവ് അറ്റ് സെക്കന്റ് സൈറ്റ് ആണോ.. ”
രോഹൻ ലനയെ ചിരിയോടെ നോക്കി..
” ഏയ്യ്.. സെക്കന്റ് സൈറ്റ് രാവിലെ തോടിന്റെ അവടെ വെച്ച് കഴിഞ്ഞെടാ.. ഇത് തേർഡ് സൈറ്റ് ആയിരിക്കും.. ”
രോഹിണി ചിരി അടക്കി പറഞ്ഞു..
” രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ.. ”
ലനയുടെ ശബ്ദം അൽപ്പം കടുത്തു..
” നിങ്ങൾക്ക് കണ്ണും കണ്ണും നോക്കി നിൽക്കാം.. പിന്നെ ഞങ്ങൾക്ക് അത് പറഞ്ഞാൽ എന്താ..? ”
രോഹൻ തിരിച്ചു ചോദിച്ചു..
ലന എഴുനേറ്റ് രണ്ടാളെയും നോക്കി..
” നിങ്ങൾക്ക് ചേച്ചിയെ പറ്റി ഒന്നും അറിയില്ല.. അറിഞ്ഞാൽ ചിലപ്പോ ഈ സ്നേഹം ഒന്നും ഉണ്ടാവില്ല.. വെറുതെ ആണെങ്കിലും രണ്ടാളും ഇത്തരം സംസാരങ്ങൾ ഒഴിവാക്കണം..”
രണ്ടാളെയും മാറി മാറി നോക്കി ലന റൂമിന് പുറത്തേക്ക് ഇറങ്ങി.. എന്തോ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു…
*********************
ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ച് രതീഷ് ഗ്ലാസ് മുന്നിലെ ചെറിയ ടേബിളിലേക്ക് ദേഷ്യത്തിൽ വെച്ചു.. ഇടത്തേ കയ്യിലിരിക്കുന്ന ഫോണിലെ ഫോട്ടോയിലേക്ക് നോക്കും തോറും അവന്റെ കോപം ഇരട്ടിച്ചു.. അകത്തേക്ക് വന്ന വിപിൻ രതീഷിനെ ഒന്ന് നോക്കി അവന് എതിർ വശത്ത് ഇരുന്നു..
” എന്തായി.. ഇവൻ ആരാണെന്ന് കണ്ടെത്തിയോ..? ”
ഫോണിൽ നിന്ന് കണ്ണെടുത്ത് രതീഷ് വിപിനെ നോക്കി..
” പേര് സാരംഗ് രവീന്ദ്രൻ.. അവളുടെ ഒപ്പം കോളേജിൽ പഠിച്ചത് ആണ്.. അവൾക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് ഇവൻ ആണ്.. രണ്ടും എപ്പോഴും ഒന്നിച്ച് ആയിരുന്നു.. ”
കുപ്പിയിലെ മദ്യം ഗ്ലാസിലേക്ക് പകർത്തി വിപിൻ പറഞ്ഞു..
” അവൾക്ക് അപ്പോ അവളുടെ തള്ളയുടെ സ്വഭാവം തന്നെ ആണെല്ലോ.. എന്റെ മുന്നിൽ ശീലാവതി ചമഞ്ഞതാണ്.. ”
കയ്യിലെ ഫോണിൽ രതീഷ് ദേഷ്യത്തിൽ അമർത്തി..
” അതൊക്കെ അവളുടെ അഭിനയം അല്ലേ അളിയാ.. ഒരുത്തനെ കുറേ കൂടെ കൊണ്ട് നടന്നിട്ടാ അവൾ നിന്നെ കെട്ടിയത്.. എന്നിട്ട് ഞാൻ ഒന്ന് തൊട്ടപ്പോൾ എന്തായിരുന്നു.. ഒന്നും ഞാൻ മറന്നിട്ടില്ല.. ”
പല്ല് ഞെരിച്ചുകൊണ്ട് വിപിൻ തലയിൽ ലന അടിച്ച ഭാഗത്ത് തലോടി..
” അവളിപ്പോ ഇവന്റെ കൂടെ തന്നെ കാണുമോ അതോ മറ്റാരെയെങ്കിലും കിട്ടിക്കാണുമോ..? ”
രതീഷ് വിപിനെ നോക്കി..
” ഇത്രയ്ക്ക് ഒക്കെ കണ്ട് പിടിച്ചില്ലേ.. ഇനി അത് കണ്ട് പിടിക്കാൻ ആണോ പാട്.. ”
വിപിന്റെ ചുണ്ടിൽ ക്രൂരമായ ഒരു ചിരി തെളിഞ്ഞു..
***********************
രാവിലെ ട്രിപ്പ് പോവാൻ എല്ലാരും ഒരുങ്ങി ഇറങ്ങി.. എല്ലാവരുടെ മുഖത്തും നല്ല സന്തോഷം ഉണ്ടായിരുന്നു..
” സൂക്ഷിച്ചു പോയിട്ട് വരണേ മക്കളെ.. ”
മുത്തശ്ശി എല്ലാവരെയും സ്നേഹത്തോടെ നോക്കി..
” രണ്ടാളും വെള്ളത്തിൽ അധികം ഇറങ്ങണ്ട.. മാനു.. ഇവരെ ഒന്ന് ശ്രെദ്ധിക്കണേ.. ”
സുമ രോഹിണിയോടും രോഹനോടും പറഞ്ഞതിന് ശേഷം മാനവിനെ നോക്കി..
” സ്നേഹം കൊണ്ട് ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ അമ്മേ.. ”
രോഹിണി സുമയെ നോക്കി ചുണ്ട് കൂർപ്പിച്ചു..
” രണ്ടിന്റെയും കുരുത്തക്കേട് അറിയാവുന്നത് കൊണ്ടാ ഞാൻ പറഞ്ഞേ.. പിന്നെ മാനു ഉള്ളാതാ ഒരു സമാധാനം.. ”
‘ ഞങ്ങടെ സമാധാനകേടും.. ‘
സുമ പറഞ്ഞതും രോഹൻ പിറുപിറുത്തു..
” നീ എന്തെങ്കിലും പറഞ്ഞോ..? ”
മാനു രോഹനെ തറപ്പിച്ചു ഒന്ന് നോക്കി..
” ഒന്ന് ഇല്ല ഏട്ടാ വേഗം പോവാന്ന് പറയായിരുന്നു. ”
രോഹൻ വളരെ നിഷ്കളങ്കമായി പറഞ്ഞു..
മാനു ഒന്ന് മൂളികൊണ്ട് പുറത്തേക്ക് ഇറങ്ങി..
അടക്കി ചിരിക്കുന്ന രോഹിണിയുടെ തലയിൽ ഒന്ന് കൊട്ടി രോഹൻ പുറത്തേക്ക് ഇറങ്ങി..
” നിങ്ങൾ രണ്ടാളും എന്റെ കൂടെ വന്നാൽ മതി.. ”
പുറത്തേക്ക് ഇറങ്ങിയതും രോഹനെയും രോഹിണിയെയും നോക്കി പറഞ്ഞ് മാനു കാറിൽ കയറി.. ഞെട്ടലോടെ രണ്ടാളും മുഖത്തോട് മുഖം നോക്കി.. പെട്ടന്ന് തന്നെ രണ്ടാളും സാരംഗിന്റെ ഒപ്പം കാറിൽ കയറാൻ പോയ ലനയെ തടഞ്ഞു നിർത്തി..
” ചേച്ചി.. ചേച്ചി ഞങ്ങളുടെ ഒപ്പം വാ ചേച്ചി.. ”
രോഹിണി ലനയുടെ കയ്യിൽ പിടിച്ചു..
” അതിനെന്താ.. നിങ്ങൾ ഇതിൽ കയറിക്കോ.. ”
സാരംഗ് രണ്ടാളെയും നോക്കി പറഞ്ഞു..
” അതിന് ഏട്ടൻ ഞങ്ങളോട് ഏട്ടന്റെ ഒപ്പം കയറാൻ ആണ് പറഞ്ഞത്.. ”
രോഹൻ സങ്കടത്തോടെ പറഞ്ഞു.. ലന അത് കേട്ട് രണ്ടാളെയും നോക്കി..
” ഏയ്യ്.. ഞാൻ ഒന്നും അതിൽ ഇല്ല.. ഞാൻ സാരംഗിന്റെ ഒപ്പം തന്നെ വന്നോളാം.. ”
” അങ്ങനെ പറയല്ലേ ചേച്ചി.. ചേച്ചി കൂടി ഇല്ലെങ്കിൽ ഞങ്ങൾക്ക് ബോറടിക്കും അതല്ലേ..”
രോഹിണി കൊഞ്ചലോടെ പറഞ്ഞു..
” അവർ നിർബന്ധിക്കുന്നതല്ലേ.. നീ അവരുടെ ഒപ്പം പൊക്കോ.. ”
സാരംഗ് കൂടെ പറഞ്ഞതും ലന പിന്നെ വേറെ നിവർത്തി ഇല്ലാതെ അവരുടെ ഒപ്പം പോയി.. രോഹിണിയും രോഹനും വേഗം പിന്നിൽ കയറി ഇരുന്നു.. അത് കണ്ട് അവരെ ഒന്ന് തറപ്പിച്ച് നോക്കി ലന മുന്നിലെ ഡോർ തുറന്ന് കയറി..
ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഫോണിൽ നിന്ന് കണ്ണെടുത്ത് മാനു സൈഡിലേക്ക് നോക്കി.. ലനയെ കണ്ടതും സംശയത്തോടെ പിന്നിലേക്ക് നോക്കി.. രോഹനും രോഹിണിയും ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കി ഇരുന്നു. ഒന്നും മിണ്ടാതെ മാനു കാർ സ്റ്റാർട്ട് ചെയ്തു.. ആരും കാണാതെ അവന്റെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു..
*******-*******-*******
” സന.. നീ എന്നാൽ സാരംഗിന്റെ ഒപ്പം കയറിക്കോ.. അവൻ അല്ലെങ്കിൽ തനിച്ച് ആവില്ലേ.. ഞാനും ശ്രെയേച്ചിയും നിഖിലിന്റെ ഒപ്പം വന്നോളാം.. ”
മാനവിന്റെ കാർ പോയതും മുക്ത പറഞ്ഞത് കേട്ട് സന സന്തോഷത്തോടെ അവന്റെ ഒപ്പം കയറി..
” ഇവിടെ വന്നത് മുതൽ നമുക്ക് ശരിക്ക് ഒന്ന് സംസാരിക്കാൻ പറ്റിയിട്ടില്ല.. ”
കാർ മുന്നോട്ട് പോയതും സന സാരംഗിനെ നോക്കി പറഞ്ഞു..
” ഇവിടെ വന്നത് മുതൽ എന്താ ഇത്ര പ്രതേകത.. സംസാരിക്കാൻ ഞാൻ ഇവിടെ തന്നെ ഇല്ലേ.. ”
” ഇവിടെ എപ്പോഴും ആരെങ്കിലും കാണില്ലേ.. മുൻപത്തെ പോലെ അല്ലല്ലോ..”
അവളുടെ സ്വരത്തിൽ പരിഭവം നിറഞ്ഞു..
” എന്താ ആരും കേൾക്കാതെ നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..? ”
സാരംഗ് കളിയായി ചോദിച്ചു..
പറയാൻ ഏറെ ഉണ്ടായിട്ടും പറയാൻ കഴിയാതെ മൗനമായി അവൾ പുറത്തേക്ക് നോക്കി..
” നിനക്ക് ഏറ്റവും ഇഷ്ട്ടം ആരോടാ..? ”
അൽപ്പം നേരത്തെ മൗനത്തിന് ശേഷം സന സാരംഗിനെ നോക്കി..
” എനിക്ക് ഏറ്റവും ഇഷ്ട്ടം ലനയെ ആണ്.. ”
ഒന്നാലോചിക്കാതെ സാരംഗ് മറുപടി പറഞ്ഞു..
” നിന്റെ.. നിന്റെ അച്ഛനെക്കാളും അമ്മയേക്കാളും ഇഷ്ടം ആണോ അവളെ.. ”
സനയുടെ ശബ്ദം ഇടറി..
” അതെ.. അച്ഛനെ സ്നേഹിക്കാൻ അമ്മ ഉണ്ട്.. അമ്മയ്ക്ക് അച്ഛനും.. പക്ഷേ അവളെ സ്നേഹിക്കാൻ ഞാൻ മാത്രേ ഉള്ളൂ.. ”
സാരംഗിന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ അവൾ മുഖം തിരിച്ചു.. അവൾക്ക് ഒരുപോലെ ദേഷ്യവും സങ്കടവും തോന്നി..
************************
കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം എല്ലാവരും പറഞ്ഞ സ്ഥലത്ത് എത്തി.. ചെറിയ ഒരു കാട് ആയിരുന്നു..
” കുറച്ച് നടക്കാൻ ഉണ്ട്.. ”
ശ്രേയ എല്ലാവരെയും നോക്കി പറഞ്ഞു.. എല്ലാവരും ഒന്നിച്ച് മുന്നോട്ട് നടന്നു..
” വൗ സൂപ്പർ.. ”
വെള്ളച്ചാട്ടത്തിന് മുന്നിൽ എത്തിയതും നിഖിൽ പറഞ്ഞു..
ലന ഇട്ടിരുന്ന പലാസോ കുറച്ച് ഉയർത്തി താഴെ കൂടി ഒഴുകുന്ന വെള്ളത്തിലേക്ക് ഒരു കാല് നീട്ടി നനയിച്ചു..
എല്ലാവരും അവരവരുടേതായ അടിച്ചുപൊളിയിലേക്ക് നീങ്ങി.. മാനവ് ഇതിലൊന്നും താല്പര്യം ഇല്ലാതെ മാറി നിന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി..
” വാ ചേച്ചി നമുക്ക് വെള്ളത്തിൽ ഇറങ്ങാം.. ”
രോഹിണി ലനയുടെ കയ്യിൽ പിടിച്ചു വലിച്ചു..
” ഞാൻ ഇല്ല.. എനിക്ക് നീന്താൻ അറിയില്ല.. ”
” ഏഹ് നീന്താൻ അറിയില്ലേ.. സെഡ്.. ”
രോഹിണി പറഞ്ഞത് കേട്ട് ലന ഒന്ന് ചിരിച്ചു..
” നിങ്ങൾ പോയി കളിച്ചോ.. ഞാൻ ഇവിടെ നിന്ന് ഇതൊക്കെ കണ്ട് ആസ്വദിച്ചോളാം.. ”
ലന രോഹിണിയുടെ കവിളിൽ ഒന്ന് തട്ടി.. ഒന്ന് മൂളികൊണ്ട് അവൾ പോയി..
ലന അടുത്തുള്ള ചെറിയ പാറയുടെ മുകളിൽ കയറി നിന്ന് വെള്ളത്തിലേക്ക് നോക്കി..
ഫോണിൽ സെൽഫി എടുത്ത് ചുറ്റി നടക്കുകയായിരുന്നു സന.. ലനയുടെ അടുത്ത് എത്തിയതും അവൾ ഒന്ന് നിന്നു.. സാരംഗ് പറഞ്ഞ വാക്കുകൾ അവൾക്ക് ഓർമ വന്നു.. ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി സന തിരിഞ്ഞ് നടന്നു..
” ഡീ.. ”
പിന്നിൽ നിന്ന് ഉറക്കെ ആരോ വിളിച്ചതും ലന ഒന്ന് ഞെട്ടി.. കാല് വഴുക്കി വിഴാൻ പോയ അവളെ കയ്യിൽ പിടിച്ച് മാനവ് ചേർത്ത് പിടിച്ചു.. ഉമിനീർ ഇറക്കി അവൾ അവന്റെ മുഖത്തേക്ക് നോക്കി..
” നമ്മൾ തമ്മിൽ ഒരു കടം ബാക്കി ഇല്ലേ..? ”
മാനവ് അവളുടെ കാതിൽ പതിയെ ചോദിച്ചു..
” മാനവ് പ്ലീസ്.. വേണ്ട.. എനിക്ക്.. ”
” ശൂ.. എനിക്ക് കടം ഒന്ന് ബാക്കി വെച്ച് ശീലം ഇല്ല.”
പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുൻപ് മാനവ് അവളെ വെള്ളത്തിലേക്ക് തള്ളി ഇട്ടിരുന്നു..
പെട്ടന്ന് ഒരു കാൾ വന്നതും മാനവ് അവളെ ഒന്ന് നോക്കി ദൃതിയിൽ തിരിഞ്ഞു നടന്നു..
ലനയെ കാണാതെ അന്നേഷിച്ച് വന്ന സാരംഗ് കാണുന്നത് വെള്ളത്തിൽ മുങ്ങി താഴുന്ന ലനയെ ആണ്.. മറ്റൊന്നും ആലോചിക്കാതെ അവൻ വെള്ളത്തിലേക്ക് ചാടി.. അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ഒരുവിധം അവൻ കരയിലേക്ക് നീങ്ങി.. നിഖിൽ രണ്ടാളെയും പിടിച്ച് കയറ്റി.. അപ്പോഴേക്കും മാനവ് ഒഴിച്ച് ബാക്കി എല്ലാവരും അവിടെ എത്തിയിരുന്നു..
” എന്താ ഉണ്ടായത്..?”
മുക്ത സാരംഗിനെയും ലനയെയും നോക്കി ചോദിച്ചു.. അത് ശ്രെദ്ധിക്കാതെ സാരംഗ് ലനയുടെ വയറ്റിൽ കൈ അമർത്തി.. അവളുടെ വായിലൂടെ വെള്ളം പുറത്തേക്ക് വന്നു.. അൽപ്പം കഴിഞ്ഞതും ലന കണ്ണ് തുറന്നു..
” നീന്താൻ അറിയാതെ നീ എന്തിനാ വെള്ളത്തിലേക്ക് ഇറങ്ങിയത്.. ”
സാരംഗ് അവളെ പിടിച്ച് എഴുനേൽപ്പിച്ച് ഇരുത്തി..
” അത് ഞാൻ.. ഞാൻ ആ പാറ പുറത്ത് നിന്ന് കാല് തെന്നി വീണതാ.. ”
ലന ചുറ്റും ഒന്ന് കണ്ണോടിച്ച് പറഞ്ഞു..
” വീണതാണോ അതോ ആരെങ്കിലും തള്ളി ഇട്ടതോ..? ”
രോഹിണി ചോദിച്ചത് കേട്ട് ലന അവളെ നോക്കി..
” നിങ്ങളാണോ ലനെച്ചിയെ തള്ളി ഇട്ടത്..? ”
രോഹൻ സനയുടെ നേരേ നിന്ന് ചോദിച്ചു..
എല്ലാവരും ഞെട്ടലോടെ സനയെ നോക്കി..
” ഞാനോ.. ഞാൻ എന്തിന് തള്ളി ഇടണം.. കാല് തെന്നി വീണത് ആണെന്ന് അവൾ പറഞ്ഞില്ലേ.. ”
സന ദേഷ്യത്തിൽ രോഹനെ നോക്കി..
” ഇവര് തന്നെ ആയിരിക്കും.. ഇവര് ഇവിടുന്ന് നേരത്തെ പോവുന്നത് ഞാൻ കണ്ടതാ.. പിന്നെ അന്ന് ലനെച്ചിയെ സ്റ്റെയർകേസിന്റെ മോളിന്ന് തള്ളി ഇട്ടിട്ട് കാല് തെന്നി വീണത് ആണെന്ന് തന്നെ അല്ലേ ഇവർ പറഞ്ഞത്.. ”
” രോഹിണി.. ”
ലന അവളെ താക്കിതോടെ വിളിച്ചു..
” ചേച്ചി ഒന്ന് മിണ്ടാതെ ഇരിക്ക്.. ഇനിയെങ്കിലും എല്ലാരും എല്ലാം അറിയട്ടെ.. ”
രോഹിണി ലനയെ നോക്കി..
സാരംഗ് ലനയുടെ അടുത്ത് നിന്ന് എഴുനേറ്റ് സനയുടെ നേരേ നിന്നു..
” ഇവര് പറഞ്ഞത് ശരിയാണോ.. നീയാണോ ലനയെ അന്ന് തള്ളിയിട്ടത്..? ”
സന ഒന്നും മിണ്ടാതെ മുഖം താഴ്ത്തി..
” ചോദിച്ചത് കേട്ടില്ലേ.. ആണോന്ന്..? ”
അവന്റെ ശബ്ദം ഉയർന്നു..
മുഖം ഉയർത്തി അവൾ അതെയെന്ന് തലയാട്ടി..
അപ്പോഴേക്കും സാരംഗിന്റെ വലം കൈ അവളുടെ ഇടത്തെ കവിളിൽ പതിഞ്ഞിരുന്നു…
( കാത്തിരിക്കുമല്ലോ.. )

by