21/04/2026

പതിനെട്ടാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇരുപതാമത്തെ വയസ്സിൽ അമ്മയായി.

രചന – ഷൈൻ

പതിനെട്ടാമത്തെ വയസ്സിലായിരുന്നു അവളുടെ വിവാഹം. ഇരുപതാമത്തെ വയസ്സിൽ അമ്മയായി. കൗമാരത്തിന്റെ വിഹ്വലതകൾക്ക് അപ്പുറം അമ്മയെന്ന റോളിൽ അവൾ മികച്ച അഭിനേത്രിയായി. മകളും, ഭർത്താവുമുളള കുഞ്ഞ് വീട്ടിൽ അവൾ സ്വപ്നക്കൂടൊരുക്കി.
“അമ്മേ…എനിക്കൊരു അനിയൻ വേണം എന്നമകളുടെ കൊഞ്ചിക്കുഴയിൽ അവളും ഒരു മകനായി സ്വപ്നം കണ്ടു. പക്ഷെ സ്വപ്നം സ്വപ്നമായി അവശേഷിച്ചു.

അമ്മയേക്കാൾ അവൾ മകൾക്കൊരു കൂട്ടുകാരിയായിരുന്നു. മകളിൽ കൗമാരം കതിരിട്ടപ്പോൾ അവൾ കണ്ണുചിമ്മാതെ കാവൽ നിന്നു. ഇരുപത് കഴിഞ്ഞാൽ പിന്നെ മുപ്പത്തിഅഞ്ചിലെ മാലയോഗം ഉളളൂയെന്ന രാശിപ്രവചനമാണ് മകളുടെ കല്യാണ ആലോചനകൾക്ക് വേഗതകൂട്ടിയത്. ബന്ധത്തിലുള്ള പയ്യന്റെ ആലോചന ഇരുവീട്ടുകാർക്കും സമ്മതമായി. കല്യാണചടങ്ങുകളുടെ ഓട്ടത്തിനിടയിൽ തളർന്നിരുന്ന ഭർത്താവ് “ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ ഈ സമയം ഒരു കൈതാങ്ങ് ആയേനെ…” എന്ന് പറഞ്ഞപ്പോൾ അവളിൽ ഒരു നെടുവീർപ്പ് ഉതിർന്നു.
കല്യാണം മംഗളമായ് നടന്നു. വിവാഹാനന്തരം മകളും, മരുമകനും അവരുടെ ലോകത്തേക്ക് പറന്നുപോയപ്പോഴാണ് അവൾ ശൂന്യതയുടെ ഭീകരത അറിഞ്ഞത്.
ആറാം മാസം മകൾ അമ്മയുടെ കാതിൽ കുളിമാറിയെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ മിന്നാമിന്നി വെട്ടത്തിൽ അവൾ അതിരുവിട്ട് ആഹ്ലാദിച്ചു.

മകളുടെ ഗർഭകാല അസ്വസ്ഥതകളായ നിർത്തായെയുളള ശർദ്ദിയും , ക്ഷീണവും അവളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തിയത്. ഇതെല്ലാം ഗർഭകാല ലക്ഷണങ്ങളാണെന്ന് അറിഞ്ഞിട്ടും എവിടെയോ ഒരു അസ്വസ്ഥത പുകഞ്ഞു. ശർദ്ദിച്ച് തളർന്ന മകൾ മരുമകന്റ മാറിൽ തലചായ്ച് കിടക്കുന്നത് കാണുമ്പോൾ ആത്മാർത്ഥമായ കരങ്ങളിൽ മകളെ ഏല്പിച്ചതിന്റ ചാരിതാർത്ഥ്യം അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു.
മൂന്നാം മാസ പരിശോധനക്ക് മകളോടൊപ്പം ആശുപത്രിയിൽ പോകാൻ തുടങ്ങിയപ്പോഴാണ് അവൾ മനംപുരട്ടലോടെ ശർദ്ദിച്ചത്.
“അമ്മക്കും ലോട്ടറി അടിച്ചോ…എന്ന മരുമകന്റ തമാശക്ക് മുന്നിൽ മകൾ ഏറെ നേരം ചിരിച്ചു.
“ഇന്നലത്തെ ആ കരിമീൻ കറി കൂട്ടിയപ്പോൾ തുടങ്ങിയതാണ് ഒരു മനംപുരട്ടൽ….” അവൾ കാരണം കണ്ടെത്തി വിശദീകരണം നല്കി. പക്ഷെ അറിയാത്തൊരു ഭയം അവളെ വേട്ടയാടി. മുറതെറ്റാതെ വരുന്ന മാസമുറ ഈ മാസം വന്നില്ല. ആശുപത്രിയിൽ പോയി വന്ന അവൾ ഏറെ ക്ഷീണിതയായി കാണപ്പെട്ടു. ഭർത്താവ് ഗോപാലകൃഷ്ണൻ അടുക്കളിൽനിന്ന് ഇഞ്ചികുത്തിപിഴിഞ്ഞ നീര് അവൾക്ക് നല്കിയതും, ഒറ്റ ശർദ്ദി.

ഭർത്താവ് മുറി വൃത്തിയാക്കുന്നത് കണ്ടിട്ടും അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റില്ല.
രാത്രിയിൽ ഭർത്താവിന്റ മാറിൽ തലചായ്ച് കിടക്കുമ്പോൾ അയാൾ അവളോട് ചോദിച്ചു…
“എന്നാ പറ്റി”
“എന്തോ പറ്റി”
“ഈ വയസ്സാം കാലത്ത് ലോട്ടറി അടിച്ചോ”
“അടിച്ചെന്നാ തോന്നണേ”
“അയ്യോ…ഇനി എന്നാ ചെയ്യും”
“എന്നാ ചെയ്യാനാ…നമ്മൾ വളർത്തും… നമ്മൾ ഏറെ കൊതിച്ച മകനെ നമുക്ക് വൈകിയവേളയിൽ ദൈവം തന്നു”

“എന്നാലും പിള്ളേരെന്നാ കരുതും…മകൾ ഗർഭിണി…ദേ ഇപ്പോൾ അമ്മയും”
“തന്ത ഇല്ലാത്ത കുഞ്ഞൊന്നുമല്ലല്ലോ ഉണ്ടാകണത്… നമുക്ക് ഇവനെ വളർത്തണം. അവന്റ മോതിരവിരലിലെ ദർഭമോതിരത്തിൽനിന്ന് ഇറ്റുചാടും തീർത്ഥ
കണമേറ്റുവാങ്ങി നമുക്ക് ജനിമൃതികൾ തേടണം”
“ഉം”
പിറ്റേന്ന് രാവിലെ മുറ്റം അടിക്കുമ്പോൾ അവൾ നിർത്താതെ ശർദ്ദിച്ചു.
“എന്നാമ്മേ പറ്റിയത്…”മകൾ ഓടി വന്നു.
“എന്തോ പറ്റി”
“എന്ത്”
“സംശയം ഇല്ലാതെയില്ല’
“അയ്യോ…ഈ വയസ്സാംകാലത്തോ”
“ചില കണിക്കൊന്നകൾ കാലം തെറ്റിപൂക്കും..കണ്ണന് മുന്നിലെ കണിയായി.
“എന്നാലും ഞാൻ ഇതെങ്ങനെ എന്റ ഭർത്താവിനോട് പറയും. അവരുടെ വീട്ടുകാർ പരിഹസിക്കില്ലേ..

.അമ്മക്കും, മകൾക്കും ഒരുമിച്ച് വയറ്റിലുണ്ടായ് എന്ന് നാട്ടുകാർ നാടാകെ പാടില്ലേ”
“നിനക്ക് ഒരു അനിയൻ കുട്ടനെ വേണ്ടേ…”
“വേണ്ട… എനിക്ക് എന്റ ജീവിതമാണ് വലുത്… ആളുകൾക്ക് ഇടയിൽ എനിക്ക് കോമാളിയാകാൻ കഴിയില്ല”
മകൾ മുറിയിൽ കയറി വാതിലടച്ച് അവളുടെ ഭർത്താവിനോട് വിവരങ്ങൾ പറഞ്ഞു.
കുളികഴിഞ്ഞ് ഡ്രസ്സ് ചെയ്ത് വന്ന മരുമകൻ അവളോട് പറഞ്ഞു.
“അമ്മേ… നമുക്ക് ഹോസ്പിറ്റൽ വരെ പോകാം…കാര്യങ്ങൾ സത്യമാണേൽ നമുക്ക് ഇത് വേണ്ടെന്ന് വെക്കാം..തുടക്കമായതിനാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല”
“പറ്റില്ല… എനിക്ക് വേണം”

“ഈ വയസ്സാംകാലത്ത് നിങ്ങൾക്ക് ഇത് എന്തിന്റ കേടാ…ഒരു മുറിയിൽ അമ്മയും, മകളും പെറ്റുകിടക്കുക…എന്തൊരു നാണക്കേടാ…ഞാൻ ഞങ്ങളുടെ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. നിങ്ങളുടെ തീരുമാനം ഉറച്ചതാണേൽ മകൾ വീട്ടിൽ നില്ക്കും.. എനിക്ക് വയ്യ ഈ നാണക്കേട് ഏല്ക്കാൻ”
“അമ്മേ… ഞങ്ങൾക്ക് ഞങ്ങടെ ജീവിതമാണ് വലുത്…ഈ വയസ്സാംകാലത്ത് അമ്മക്ക് സൂക്കേട് ഇളകി ഞങ്ങൾക്കൊരു പേര് ദോഷം വരുത്തരുത്.. ഇതൊക്കെ നടക്കേണ്ട കാലത്ത് നടക്കണമായിരുന്നു”
അച്ഛൻ എന്നാ പറയണു…മകൾ അച്ഛനോടായ് ചോദിച്ചു

“നിങ്ങൾ എന്ത് തീരുമാനം എടുത്താലും ഞാൻ അത് സമ്മതിക്കും…”അച്ഛൻ ഒറ്റവരിയിൽ വിശുദ്ധനായി
“എന്നാൽ റെഡിയാക്… നമുക്ക് ഹോസ്പിറ്റലിൽ പോകാം..” മകൻ കാറിന്റെ ഡോർ തുറന്ന് പറഞ്ഞു
പരിശോധനകളിലെ പോസ്റ്റിവിന് ശേഷം…ചുരണ്ടിമാറ്റിയ ഗർഭപാത്രത്തിലെ പിറക്കാതെ പോയ മകന്റെ ഓർമ്മപേറി അവൾ ലേബർറൂമിലെ കട്ടിലിൽ തളർന്ന് കിടന്നു