19/04/2026

ശിവനയനം : ഭാഗം 07

രചന – നിള നന്ദ

” ദേ അച്ചുവേട്ടാ ഇയാളോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞോ…”

നയന അരവിന്ദനെ നോക്കി പരിഭവ സ്വരത്തിൽ പറഞ്ഞു.

” നിനക്ക് എന്നോട് ഒന്നും പറയാൻ കിട്ടുന്നില്ലെങ്കിൽ നീ മിണ്ടാതെ നിൽക്കെടി കാളി… ”

” പോടാ വെട്ട് പോത്തേ. ”

നയന അവൻ കേൾക്കാതെ പിറുപിറുത്തു.

” എന്താന്ന്…? ”

” ഒന്നൂലടാ വെട്ട് പോത്തേ… ”

എടീ എന്ന ശിവന്റെ അലർച്ച കേട്ടപ്പോൾ ആണ് എന്താ വിളിച്ചതെന്ന് അവൾക് ബോധം വന്നത്. അവന്റെ നോട്ടം കണ്ട് പേടിച്ച അവൾ പെട്ടെന്ന് മുന്നോട്ട് ഓടി.

ഓടുന്നതിന് ഇടയിൽ അവൾ തിരിഞ്ഞ് നോക്കി ഒന്നൂടെ അവനെ വെട്ട് പോത്തേ എന്ന് ഉറക്കി വിളിച്ചു. അവൻ അത് കേട്ട് രൂക്ഷമായി നോക്കുന്നത് കണ്ടതും അവൾ അവനെ നോക്കിയൊന്ന് ഇളിച്ചിട്ട് ഓടി.

അത് കണ്ട ശിവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

” എന്തുവാട രണ്ടും പിള്ളേരെ പോലെ കഷ്ട്ടം… ”

നയനയെ നോക്കി ചിരിക്കുന്ന ശിവനെ കണ്ടതും മഹി ചോദിച്ചു.

” എന്താന്നറിയില്ല അച്ചു അവള് മിണ്ടാതെ നിൽക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട്…”

ശിവൻ അരവിന്ദനെ നോക്കി കണ്ണിറുക്കി.

” നിന്റെ ഈ ബുദ്ധിമുട്ട് അവസാനം അവൾക്ക് ബുദ്ധിമുട്ട് ആവാതിരുന്നാൽ മതി… ”

അരവിന്ദ് അവനെ ആകെയൊന്ന് നോക്കി.

” ഒരു ബുദ്ധിമുട്ടും ആവില്ല. മോനിപ്പോ പണി എടുക്കാൻ നോക്ക്.. ”

ശിവൻ അരവിന്ദന്റെ ഒപ്പം പാടത്തേക്ക് ഇറങ്ങി.

ഉച്ച വരെ രണ്ടാളും ഓരോന്ന് പറഞ്ഞ് കളിച്ചും ചിരിച്ചും പണിയെടുത്തു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോവുന്ന നേരത്ത് ശിവൻ അരവിന്ദനെ കൂടെ വിളിച്ചെങ്കിലും അവൻ പോയില്ല. തോട്ടിലിറങ്ങി കയ്യും കാലും മുഖവും കഴുകി ശിവൻ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തി അകത്തേക്ക് കയറാൻ വാതിലിനടുത്ത് എത്തിയതും അകത്ത് നിന്നുള്ള ഒച്ച കേട്ട് ശിവൻ അവിടെ തന്നെ നിന്നു. ശിവൻ നോക്കുമ്പോൾ നയന അച്ഛന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അമ്മ രണ്ടാൾക്കും വിളമ്പി കൊടുത്ത് അടുത്ത് തന്നെ ഉണ്ട്.

ഇവള് ഇപ്പൊ എങ്ങനെ ഇവിടെ.. അച്ഛനും അമ്മയും ആയി എങ്ങനെ പരിചയം..

നയനയെ അവിടെ കണ്ടതും ശിവൻ ഒന്നും മനസിലാവാതെ നിന്നു.

” നീ എന്താ ശിവാ അവിടെ തന്നെ നിന്നത് കയറി വാടാ.. ”

ശിവന്റെ നിൽപ്പ് കണ്ട് മാലതി അവനെ അകത്തേക്ക് വിളിച്ചു. മാലതി പറയുന്നത് കേട്ടതും നയന മുഖം ഉയർത്തി നോക്കി. ശിവനെ കണ്ടതും നയന മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു.

ശിവൻ നയനയെ ഒന്ന് നോക്കി അവൾക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ പോയിരുന്നു. നയന അച്ഛനോട് എന്തോ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടതും ശിവൻ എന്തെന്ന ഭാവത്തിൽ രണ്ടാളെയും നോക്കി.

” ശിവാ…. ഈ കുട്ടിടെ പേരെന്താന്നു നിനക്ക് അറിയോ…? ”

കൃഷ്ണന്മാഷിന്റെ ചോദ്യം കേട്ടതും ശിവൻ നയനയെ ഒന്ന് നോക്കി.

” ശിവാ നിന്നോടാ ചോദിച്ചത് അറിയോന്ന്..?”

മാഷിന്റെ ചോദ്യം വീണ്ടും ഉയർന്നു.

” അറിയാം. നയന എന്നല്ലേ. ”

അച്ഛനോട് ഉത്തരം പറയുമ്പോഴും ശിവന്റെ കണ്ണുകൾ നയനയിൽ തന്നെ ആയിരുന്നു.

” അറിയാമെങ്കിൽ പിന്നെ എന്തിനാ മോളെ വേറെ ഓരോന്നൊക്കെ വിളിക്കുന്നത്..? ”

മാഷ് ശിവനെ കനപ്പിച്ചൊന്ന് നോക്കി.

ഓഹ് അപ്പൊ അതാണ്‌ കാര്യം. ഇവിടെ വന്ന് എനിക്കിട്ട് പാര വെച്ചിരിക്കാണ് മോള്.

ശിവൻ മനസ്സിൽ പറഞ്ഞ് നയനയിൽ നിന്ന് മുഖം തിരിച്ച് അച്ഛനെ നോക്കി.

” അത് അച്ഛാ ഞാൻ വെറുതെ… ”

” എന്റെ മോളെ ഭദ്രകാളി എന്ന് വിളിക്കുന്നത് ആണോടാ നിന്റെ തമാശ. ”

മാലതി വന്ന് ശിവന്റെ ചെവിക്ക് പിടിച്ചു.

” അമ്മേ വിട് വേദനിക്കുന്നു..”

മാലതിയുടെ കയ്യിൽ കയറി പിടിച്ച് ശിവൻ അലറി.

” നിനക്ക് കുറച്ച് വേദനിക്കണം. ഇനി ഞങ്ങടെ മോളെ അങ്ങനെ വല്ലതും വിളിക്കോ.. ”

” ഇല്ലമ്മേ വിട്.. ”

മാലതി ശിവന്റെ ചെവിയിലെ പിടുത്തം വിട്ട് നയനയെ നോക്കി പോരേ എന്ന് ചോദിച്ചു.
നയന മതിയെന്ന് തലയാട്ടി.

” ശിവാ ഇനി നീ ഞങ്ങടെ മോളെ ഓരോന്ന് വിളിച്ചും കളിയാക്കിയും വേദനിപ്പിച്ചെന്ന് ഞാൻ അറിഞ്ഞാൽ… എന്റെ പഴയ ചൂരൽ ഇപ്പോഴും ഇവിടെ ഉണ്ട് മറക്കണ്ട. ”

മാഷ് ശിവനെ നോക്കി ഒരു താക്കിതോടെ പറഞ്ഞ് എഴുനേറ്റു. പോവുന്ന വഴിക്ക് ശിവനെ നോക്കി മാഷൊന്നു കണ്ണടച്ച് കാണിച്ചു. അതിൽ നിന്ന് തന്നെ നയനയുടെ സന്തോഷത്തിന് വേണ്ടിയാ ഇതൊക്കെ പറഞ്ഞത് എന്ന് ശിവന് മനസിലാക്കാൻ കഴിഞ്ഞു. ഇത് പോലൊരു അച്ഛനെയും അമ്മയെയും കിട്ടിയതിൽ ശിവന് ഒരുപാട് സന്തോഷം തോന്നി.

” ഹലോ മാഷേ ഒന്നിങ്ങോട്ട് നോക്കിയേ…”

നയന ശിവന്റെ മുഖത്തിന്‌ നേരേ കൈ വീശി. അവൻ മുഖം ഉയർത്തി നയനയെ നോക്കി.

” ഇപ്പൊ മനസിലായോ എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന്. ഇനി എന്നെ അങ്ങനെ വിളിച്ചാൽ… മിസ്റ്റർ വെട്ടുപോത്തെ നിങ്ങൾ വിവരം അറിയും. ”

നയന ശിവനെ നോക്കി വിജയ ഭാവത്തിൽ പറഞ്ഞു.

” ഓഹോ.. ശെരിക്കും വിവരം അറിയോ…? ”

ശിവൻ നയനയെ നോക്കി പുരികം പൊക്കി.

” ആ അറിയും. ”

” എങ്കിൽ അത് അറിഞ്ഞിട്ട് തന്നെ കാര്യം. ”

ശിവൻ മീശ പിരിച്ച് അവളുടെ അടുത്ത് നടന്നു. അതനുസരിച്ച് നയന പുറകിലേക്കും. അവന്റെ കണ്ണിലേക്ക് നോക്കി നടന്നപ്പോൾ ചുറ്റും ഉള്ളതെല്ലാം അവൾ മറന്നു. ചുവരിൽ തട്ടിയാണ് ആ നടത്തം അവസാനിച്ചത്.

ചെറിയ പേടിയോടെ അവൾ അവന്റെ കണ്ണിലേക്ക് തന്നെ ഉറ്റു നോക്കി. അവൻ പതിയെ നയനയുടെ കാത്തിനടുത്തേക്ക് മുഖം അടുപ്പിച്ചു. അവന്റെ ശ്വാസം മുഖത്ത് തട്ടിയതും തന്നിൽ എന്തൊക്കെയോ മാറ്റം സംഭവിക്കുന്നത് അവൾ അറിഞ്ഞു.

” നിന്നെ ഭദ്രകാളി എന്ന് വിളിച്ചാൽ നീ എന്നെ എന്ത്‌ ചെയ്യുമെടി ഭദ്രകാളി…? ”

നയനയുടെ കാതിൽ പറഞ്ഞ് ശിവൻ മുഖം ഉയർത്തി അവളെ നോക്കി. നയന അപ്പോഴും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. നയനയിൽ നിന്ന് മറുപടി കിട്ടാതായപ്പോൾ ശിവൻ അവളെ നോക്കി പുരികം പൊന്തിച്ചു. കുറച്ച് കഴിഞ്ഞാണ് ശിവൻ എന്താ കാതിൽ പറഞ്ഞതെന്ന് അവളോർത്ത്. പിന്നെ ഒന്നും നോക്കിയില്ല അച്ഛാ എന്നൊരു അലറൽ ആയിരുന്നു.

” എടി കാളി മിണ്ടാതെ നിൽക്കെടി. ”

ശിവൻ വേഗം അവളുടെ വായ പൊത്തി. കിട്ടിയ അവസരം മുതലാക്കി നയന ശിവന്റെ കയ്യിൽ നല്ലൊരു കടി കൊടുത്തു. വേദന കൊണ്ട് ശിവൻ കണ്ണുകൾ മുറുക്കെ അടച്ച് കൈ വലിച്ചെടുത്ത് കുടഞ്ഞു.

” എടി എന്താടി കാണിച്ചത് എന്റെ കൈ.. ”

അവൻ അവളെ തറപ്പിച്ചൊന്ന് നോക്കി.

” ഇനി എന്നെ അങ്ങനെ വല്ലതും വിളിച്ചാൽ ശരിയാക്കി തരാം. ”

നയന ശിവനെ തള്ളിമാറ്റി മുന്നോട്ട് നടന്നു. ശിവൻ അവൾ പോയത് നോക്കി കൊണ്ട് കയ്യിൽ ഊതി. പിന്നെ കയ്യിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

*********

” അണ്ണാ അന്ത പൊണ്ണേ പറ്റി ഇൻഫർമേഷൻ ഒന്നും കിടയ്ക്കവേ ഇല്ല. ”

ആ വാക്കുകൾ കേട്ടതും സെൽവരാജ് കയ്യിൽ ഇരുന്ന മദ്യ ഗ്ലാസ്‌ വലിച്ചെറിഞ്ഞു.

” എങ്കിട്ടെ വന്ത് ഇപ്പടി ഒരു വാർത്തൈ സോൾവതിക്ക് ഉനക്ക് എപ്പടി ധൈര്യം വന്തത്…? ”

സെൽവരാജ് അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അലറി. ദേഷ്യം കൊണ്ട് സെൽവരാജിന്റെ കണ്ണൊക്കെ ചുവന്നിരുന്നു.

” മന്നിചിരിങ്കോ അണ്ണൈ…
എപ്പടിയാവത് നാൻ അന്ത പൊണ്ണേ… ”

അയാൾ പറഞ്ഞ് മുഴുവനാക്കുന്നതിന് മുൻപ് സെൽവരാജ് അയാളെ ചവിട്ടി താഴെ ഇട്ടു.

” ഉനക്ക് തെരിയുമാ… അവ ഇപ്പൊ എൻ പൊണ്ടാട്ടി ആയി എൻ കൂടെ ഇറുക്ക വേണ്ടിയവൾ… എങ്കെ ഇറുക്കുതാവത് പോലും തെരിയാത്. ”

ദേഷ്യം കൊണ്ട് അയാൾ വിറക്കുകയായിരുന്നു.

” ഇതുക്കെല്ലാം അന്ത ദേവ് മട്ടും താൻ കാരണം. അന്ത പൊണ്ണേ തേടി എൻ കയ്യിൽ
എങ്കിട്ടെ അണുപ്പുറെന്ന് സൊല്ലി എങ്കെ പോയി തോലഞ്ചത് അവൻ. ”

സെൽവരാജ് ദേഷ്യം കൊണ്ട് അലറി.

” ഉനക്ക് തേരിയിതാ അന്ത ദേവ് ഇങ്കിരിക്കുതെന്ന്..? ”

സെൽവരാജ് താഴെ കിടക്കുന്ന ആളെ നോക്കി.

” തെരിയും അണ്ണേ… ”

അയാൾ താഴെ നിന്ന് എഴുനേറ്റ് നിന്നു. മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി സെൽവരാജ് പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി.

********

” അച്ചുവേട്ടാ ദാ നോക്ക് ഇത് മതിയോ…? ”

നയന ഒരു സെറ്റ് മുണ്ട് ഉയർത്തി അരവിന്ദനെ നോക്കി.

” കൊള്ളാം നന്നായിട്ടുണ്ട്. അമ്മയ്ക്ക് ഇത് ചേരും. ”

അരവിന്ദ് നയനയുടെ കയ്യിൽ നിന്ന് സെറ്റ് മുണ്ട് വാങ്ങി നോക്കിയിട്ട് പറഞ്ഞു.

” അച്ചുവേട്ടാ ഇത് നോക്ക് നന്നായിട്ടില്ലേ.. ”

വിദ്യ അവരുടെ അടുത്തേക്ക് വന്ന് ഒരു സാരി നീട്ടി.

” എനിക്ക് ഇതാ ഇഷ്ട്ടപെട്ടത്… ”

വിദ്യ നീട്ടിയ സാരിയിലേക്ക് ഒന്ന് നോക്കി അരവിന്ദ് സെറ്റ് മുണ്ടിലേക്ക് തിരിച്ച് നോക്കി. അരവിന്ദന്റെ മറുപടി കേട്ടതും വിദ്യയുടെ മുഖം വാടി. അത് പുറത്ത് കാണിക്കാതെ അവളൊന്ന്‌ ചിരിച്ചു.

” മോള് ഒന്നും വാങ്ങുന്നില്ലേ.. ”

അരവിന്ദ് നയനയെ നോക്കി.

” എനിക്കൊന്നും വേണ്ട അച്ചുവേട്ടാ.. ”

” അതൊന്നും പറഞ്ഞാൽ പറ്റില്ല. വാ നമുക്ക് ഒരു സാരി വാങ്ങിക്കാം. ”

അരവിന്ദ് നയനയുടെ കയ്യിൽ പിടിച്ചു.

” അച്ചു.. നീ ഈ കാളിക്ക് സാരി വാങ്ങുന്നുണ്ടെങ്കിൽ ചുവന്ന കളർ വാങ്ങിയാൽ മതി. അതാ ഇവൾക്ക് കൂടുതൽ ചേരുന്നത്. ”

ശിവൻ നയനയെ നോക്കി കളിയാക്കി.

” ശെരിയാ റെഡ് കളർ എടുത്താൽ ചില വെട്ട് പോത്തിനെ ഒക്കെ ഓടിക്കാം. ”

നയന ശിവനെ നോക്കാതെ പിറുപിറുത്തു.

” എടീ നിന്നെ ഞാൻ… ”

” രണ്ടും ഒന്ന് നിർത്തുന്നുണ്ടോ…? ഒരു സമാധാനം തരില്ലെന്ന് വെച്ചാൽ. ”

അരവിന്ദ് രണ്ടാളെയും മാറി മാറി നോക്കി. പിന്നെ രണ്ടാളും ഒന്നും മിണ്ടിയില്ല.

അരവിന്ദ് കുറേ സാരി എടുത്ത് കാണിച്ച് കൊടുത്തിട്ടും നയനക്ക് അതൊന്നും ഇഷ്ടപ്പെട്ടില്ല. അവളുടെ കണ്ണ് മുഴുവൻ ഡിസ്പ്ലേയിൽ കിടന്നിരുന്ന ചുവന്ന സാരിയിൽ ആയിരുന്നു.

” അച്ചുവേട്ടാ എനിക്ക് അത് മതി ”

നയന ചൂണ്ടിയിടത്തേക്ക് അരവിന്ദ് നോക്കി. ആ സാരി കണ്ടതും അരവിന്ദന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

” അത് തന്നെ മതിയോ…? ”

ചിരി അടക്കി അവൻ നയനയെ നോക്കി. മതിയെന്ന് അവൾ തലയാട്ടി. അരവിന്ദ് ഒന്ന് ചിരിച്ച് സെയിൽസ് ഗേളിനോട് അത് എടുത്തോളാൻ പറഞ്ഞു.

” നയനെ… ”

ഷോപ്പിംഗ് മാളിൽ നിന്ന് പുറത്തിറങ്ങിയതും ആ വിളി കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി.

” നിനക്ക് എന്നെ ഓർമ്മ ഉണ്ടോ. നമ്മൾ ഒരുമിച്ച് കുറച്ച് നാൾ നാൾ വിമൻസ് ഹോസ്റ്റലിൽ താമസിച്ചിരുന്നു. ”

ഒരു പെൺകുട്ടി ഓടി വന്ന് നയനയുടെ കയ്യിൽ പിടിച്ചു.
നയന ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഓർമകൾ എല്ലാം ശൂന്യം ആണെന്ന് അറിയാമെങ്കിലും വെറുതെ ഒന്ന് ആ മുഖം തിരഞ്ഞു. നിരാശ ആയിരുന്നു ഫലം.

” എനിക്ക്….. എനിക്ക് ഓർമ്മ ഇല്ല. ”

അത്രമാത്രം പറഞ്ഞ് നിറകണ്ണുകളോടെ അവൾ വേഗം ചെന്ന് വണ്ടിയിൽ കയറി ഇരുന്നു. നയനക്ക് പുറകെ വിദ്യയും പോയി.

” കുട്ടി ആരാ….? ”

നയന പോയതും അരവിന്ദ് ചോദിച്ചു.

” എന്റെ പേര് ഗായത്രി. ഞാൻ ജോബിന്റെ ട്രൈനിങ്ങിനു ഇടയിൽ എറണാകുളത്ത് ഒരു
ഹോസ്റ്റലിൽ ഒരു മാസം താമസിച്ചിരുന്നു. നയന അവിടെ ഉണ്ടായിരുന്നു. അങ്ങനെ പരിചയം ആണ്. ഒരു വർഷം മുൻപ് ആണ്. ചിലപ്പോൾ മറന്ന് പോയി കാണും. ”

ഗായത്രി അരവിന്ദനെ നോക്കി പറഞ്ഞു.

” നയനയെ കുറിച്ച് തനിക്ക് വേറെ എന്തെങ്കിലും അറിയോ..? ”

ശിവൻ പ്രതീക്ഷയോടെ ചോദിച്ചു.

” ഇല്ല. ഞങ്ങൾ വേറെ റൂമിൽ ആയിരുന്നു. നയന അധികം ഒന്നും സംസാരിക്കാത്ത ടൈപ്പ് ആണ്. പേർസണൽ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. ”

ഗായത്രി രണ്ടാളെയും മാറി മാറി നോക്കി.

” നയനക്ക് കുറച്ച് ദിവസങ്ങൾ മുൻപ് ഒരു ആക്‌സിഡണ്ടിൽ ഓർമ്മ നഷ്ട്ടമായി. ഇപ്പൊ ഞങ്ങളുടെ ഒപ്പം ആണ്. ആ കുട്ടിയെ കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. തനിക്ക് അറിയാമെങ്കിൽ അതൊരു ഹെല്പ് ആവുമായിരുന്നു. ”

അരവിന്ദ് നിരാശയോടെ പറഞ്ഞു.

” സോറി എനിക്ക് ഒന്നും അറിയില്ല. നയനയുടെ റൂംമേറ്റ് ആയിരുന്ന അശ്വതിയെ എനിക്ക് അറിയാം. അവർ രണ്ട് പേരും നല്ല കൂട്ട് ആയിരുന്നു. അവൾക്ക് ചിലപ്പോ നിങ്ങളെ സഹായിക്കാൻ പറ്റും. ”

” ആ കുട്ടിയുടെ നമ്പർ ഉണ്ടോ..? ”

ശിവൻ ഗായത്രിയെ നോക്കി.

” ഉണ്ട്.. ”

ഗായത്രി അത് പറഞ്ഞതും ശിവന്റെയും അരവിന്ദന്റേയും മുഖം പ്രകാശിച്ചു. ഗായത്രിയിൽ നിന്ന് അശ്വതിയുടെ നമ്പർ വാങ്ങി ശിവൻ അവന്റെ ഫോണിൽ സേവ് ചെയ്തു.

( തുടരും )