19/04/2026

ശിവനയനം : ഭാഗം 05

രചന – നിള നന്ദ

” ശിവാനന്ദ്… എന്റെ കൂട്ടുകാരൻ ആണ്. ഞാനും ശിവയും വിവേകും ഒരുമിച്ച് കളിച്ച് വളർന്നവരാ. ഇവിടെ ഹൈ സ്കൂൾ അധ്യാപകൻ ആണ്.. പൊതുവെ ആളൊരു ശാന്ത സ്വഭാവകാരൻ ആണ്. പക്ഷേ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. സാക്ഷാൽ പരമശിവനെ പോലെ. ” അരവിന്ദ് പറഞ്ഞ് നിർത്തിയതും നയന ശിവനെ ഒന്ന് നോക്കി. തോട്ടിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരി എടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു ശിവനപ്പോൾ. മുഖത്തെ ചെളി പോയതും നയന ശിവന്റെ മുഖം ശെരിക്ക് കണ്ടു. ഇരു നിറത്തിൽ നല്ല വട്ട മുഖവും കട്ടി മീശയും. നീണ്ട് തിങ്ങി നിറഞ്ഞ കറുത്ത മുടിയിലേക്ക് വെള്ളം ഒഴിച്ച് ശിവ മുടി കുടയുന്നത് നയന കണ്ണെടുക്കാതെ നോക്കി നിന്നു. ” എന്താടി കാളി നോക്കി നിൽക്കുന്നേ…? ” നയനയുടെ നോട്ടം കണ്ടതും ശിവ അവളെ കനപ്പിച്ചൊന്ന് നോക്കി. ” എന്റെ കണ്ണ് കൊണ്ട് ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളിടത്തേക്ക് നോക്കും. അതിന് തനിക്ക് എന്താടോ.. ” ഇത്തവണ നയനയും വിട്ട് കൊടുത്തില്ല. ” നീ നിനക്ക് ഇഷ്ട്ടം ഉള്ളിടത്തേക്ക് നോക്കിക്കോ. എനിക്ക് ഒന്നും ഇല്ല. പക്ഷേ എന്നെ നോക്കണ്ട. ”

” അയ്യടാ നോക്കാൻ പറ്റിയ ഒരു സാധനം. വെട്ട് പോത്ത്.. ” നയന പരിഭവത്തിൽ മുഖം തിരിച്ച് പിറുപിറുത്തു. ” എന്താടി കാളി നീ എന്നെ വിളിച്ചത്… വെട്ട് പോത്തെന്നോ…? ” ” അതെ…. വെട്ട് പോത്ത് തന്നെ. തനിക്ക് എന്നെ കാളിന്ന് വിളിക്കാമെങ്കിൽ എനിക്ക് തന്നെ വെട്ട് പോത്തെന്ന് വിളിച്ചാൽ എന്താ.. വെട്ടുപോത്ത്‌ വെട്ടുപോത്ത്‌….. ” നയന പരിസഹിച്ചുകൊണ്ട് വീണ്ടും വീണ്ടും വിളിച്ചതും ശിവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ” അച്ചു…. ഇവളെ വിളിച്ച് എന്റെ കണ്മുന്നിൽ നിന്ന് പൊയ്ക്കോണം അല്ലെങ്കിൽ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല. ” ഇത്തവണ ശിവന്റെ അലർച്ച കേട്ടതും നയന ഒന്ന് ഞെട്ടി. ” നയന വീട്ടിൽ പോയി ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്യ്… ” അരവിന്ദ് അവളെ നോക്കി ശാന്തനായി പറഞ്ഞതും ശിവനെ ഒന്ന് നോക്കി നയന വേഗം നടന്നു. ” ഏതാടാ അച്ചു അവള്…? നിന്റെ വീട്ടിലെ ഗസ്റ്റ്‌ ആയത് കൊണ്ടാ അല്ലെങ്കിൽ എന്റെ കയ്യിന്റെ ചൂട് അവള് അറിഞ്ഞേനെ.” ശിവന്റെ പറച്ചില് കേട്ട് അരവിന്ദ് ഒന്ന് ചിരിച്ചു.

” നീ എന്തായാലും വീണത് നന്നായി. വന്നപ്പോൾ മുതലുള്ള നിശബ്ദത വിട്ട് അവളൊന്ന്‌ വാ തുറന്ന് സംസാരിക്കുന്നത് ഇപ്പോഴാ.. ” അരവിന്ദ് ശിവന്റെ ചുമലിൽ കൈ വെച്ച് പറഞ്ഞു. ” എന്തൊക്കെയാടാ നീ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല. ” ശിവൻ നെറ്റിചുളിച്ച് അരവിന്ദനെ നോക്കി. ” അതൊക്കെ ഞാൻ പറയാം. നീ കല്യാണത്തിന് പോവാൻ ഇറങ്ങിയത് അല്ലേ. വീട്ടിൽ പോയി ഡ്രസ്സ്‌ മാറി പോയിട്ട് വാ സമയം കളയണ്ട.. ” ” ശരി ടാ. നമുക്ക് വൈകിട്ട് കാണാം. ” അരവിന്ദനെ നോക്കിയൊന്ന് പുഞ്ചിരിച്ച് ശിവ വീട്ടിലേക്ക് നടന്നു. *

ഞാൻ ഭദ്രകാളി ആണ് പോലും… ഞാൻ മനഃപൂർവം അല്ലല്ലോ അറിയാതെ ചെന്നിടിച്ചത് അല്ലേ… കാര്യം അനേഷിക്കണ്ടത്തിനു പകരം എന്നോട് വെറുതെ ദേഷ്യപ്പെട്ടിരിക്കുന്നു. എന്നിട്ട് ഞാൻ ഭദ്രകാളി ആണെന്ന് പോലും വെട്ട് പോത്ത്… നയന പിറുപിറുത്തോണ്ടു വീട്ടിലേക്ക് വരുന്നത് കണ്ട് ദേവകി അമ്പരന്ന് അവളെ നോക്കി. ” എന്താ മോളെ തന്നെ സംസാരിക്കുന്നത്..? അല്ല എന്താ ഈ കോലത്തിൽ..? ” ” അത് പിന്നെ അമ്മേ ഞങ്ങളൊന്ന് വീണതാ.. ” ” ഞങ്ങളോ….? ” ” ആഹ്.. ഞാനും ആ വെട്ട് പോത്തും… ” ” വെട്ട് പോത്തോ..? നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്…? ” ദേവകി ഒന്നും മനസിലാവാതെ നയനയെ നോക്കി. നയന ഉണ്ടായതെല്ലാം ദേവകിയോട് പറഞ്ഞു. എല്ലാം കേട്ട് ദേവകി വാ പൊത്തി പൊരിഞ്ഞ ചിരി ആയിരുന്നു. ” ശിവനെ ആണോ മോളെ നീ വെട്ട് പോത്തേന്ന് വിളിച്ചത്…? അവനാളൊരു പാവം ആണ്.. ”

” പിന്നെ ഒരു പാവം. അങ്ങേരുടെ കലിപ്പ് ഭാവവും എന്നെ കാളിന്ന് വിളിച്ചതും കേട്ട് അങ്ങേരുടെ മോന്തയ്ക്കിട്ടു ഞങ്ങൊന്നു കൊടുക്കാത്തത് അച്ചുവേട്ടന്റെ കൂട്ടുകാരൻ അല്ലെന്ന് ഓർത്തിട്ട് ആണ്… ഇനിയും എന്നെ അങ്ങനെ വിളിച്ചാൽ ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട്. ” നയന എന്തൊക്കെയോ ചിന്തിച്ച് ദേവകിയെ നോക്കി. ” അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ഇപ്പൊ എന്റെ കുട്ടി കുളിച്ച് ഈ വേഷം ഒക്കെ ഒന്ന് മാറിട്ട് വാ… ” ദേവകി വാത്സല്യത്തോടെ നയനയുടെ കവിളിൽ തലോടി. നയന ദേവകിയെ നോക്കിയൊന്ന് ചിരിച്ച് റൂമിലേക്ക് പോയി. ഫ്രഷ് ആയി വന്നതിൽ പിന്നെ നയന ദേവകിയുടെ കൂടെ തന്നെ ആയിരുന്നു. ഓരോന്ന് പറഞ്ഞ് കളിച്ച് ചിരിച്ച് സമയം ചിലവിട്ടു. ഇന്നലെ വന്നപ്പോൾ ഉണ്ടായിരുന്ന നയനയുടെ വിഷമം ഒക്കെ മാറി ചുരുങ്ങിയ സമയം കൊണ്ട് അവളാ വീടിന്റെ ഒരു ഭാഗം ആയി മാറി. വൈകിട്ട് മുറ്റത്തെ പൂന്തോട്ടത്തിൽ സംസാരിച്ചിരിക്കയിരുന്നു ദേവകിയും നയനയും.

” എനിക്ക് അങ്ങോട്ട് വരവോ…? ” ആ ചോദ്യം കേട്ടതും ദേവകിയും നയനയും ഒരുമിച്ച് തിരിഞ്ഞ് നോക്കി. ” ആരിത് വിദ്യ മോളോ…? വരട്ടെന്നൊക്കെ ചോദിക്കണോ നിനക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വന്നൂടെ..? ” ദേവകി സന്തോഷത്തോടെ വിദ്യയെ അടുത്തേക്ക് വിളിച്ചു. ” ഇതാണോ പുതിയ ആള്… ഏട്ടൻ പറഞ്ഞിരുന്നു.. ” വിദ്യ നയനയെ നോക്കിയൊന്ന് ചിരിച്ചു. നയന ആളെ മനസിലാവാതെ ദേവകിയെ നോക്കി. ” വിവേകിന്റെ അനിയത്തിയാ നയന മോളെ ഇത്. വിദ്യ… ഏട്ടനെ പോലെ അനിയത്തിയും ഒരു ഡോക്ടർ ആവാനുള്ള പരിശ്രെമത്തിൽ ആണ്. ഇപ്പൊ ഫൈനൽ ഇയർ ആണ്. ഗൈനക്കോളജി വിഭാഗം. ” ദേവകി പറഞ്ഞത് കേട്ട് നയന വിദ്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ” എന്റെ ദേവകിയമ്മേ ഇങ്ങനെ എല്ലാം പറയാതെ എനിക്കും ഒരവസരം താ.. ” ” വിദ്യ കുട്ടി പറയാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ലല്ലോ അതാ ഞാൻ തന്നെ പറഞ്ഞത്… ”

” അങ്ങനെ എല്ലാം പറയണ്ട… കുറച്ച് ഞാൻ പറഞ്ഞോളാം.. ” ” ഓഹ് ആയിക്കോട്ടെ.. ” ദേവകിയുടെയും വിദ്യയുടെയും സംസാരം പുഞ്ചിരിയോടെ നയന കേട്ടിരുന്നു. ” തനിക്ക് ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ..? ” വിദ്യ ദേവകിയിൽ നിന്ന് കണ്ണെടുത്ത് നയനയെ നോക്കി. ” ഞാൻ അങ്ങനെ അധികം പുറത്തൊന്നും പോയില്ല. കണ്ടിടത്തോളം ഇഷ്ട്ടപ്പെട്ടു. ” ” എന്നാലെ ഇനി രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ട്. നമുക്ക് ഒരുമിച്ച് ഊര് തെണ്ടാൻ പോവാട്ടോ…. ” വിദ്യ കുസൃതി ചിരിയോടെ നയനയെ നോക്കി. ” പിന്നെന്താ ഞാൻ റെഡി. ” നയന വിദ്യയെ നോക്കി കണ്ണ് ചിമ്മി. ” എന്നാ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. വരുന്ന വഴിയാ ഇവിടെ കയറിയത് വീട്ടിൽ പോയിട്ടില്ല. ” ദേവകിയോടും നയനയോടും യാത്ര പറഞ്ഞ് വിദ്യ പോയി. ” കലപില വർത്താനം പറയും എന്നെ ഉള്ളൂ ആളൊരു പാവം ആണ്.. ” വിദ്യ പോവുന്നത് നോക്കി ദേവകി നയനയോട് പറഞ്ഞു.

മറുപടിയായി അവളൊന്ന്‌ ചിരിച്ചു. നയനയുടെ ചിരി ദേവകി കണ്ണെടുക്കാതെ നോക്കി. എന്നും ഈ ചിരി മായാതെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.ഒരുപക്ഷേ കഴിഞ്ഞ് പോയതെല്ലാം ഓർമ്മ വന്നാൽ…. ജീവിതത്തിൽ സംഭവിച്ച ദുരന്തം ഓർമ്മ വന്നാൽ നയന മോള് എങ്ങനെ പ്രതികരിക്കും. ഓർത്തപ്പോൾ ദേവകിക്ക് ചങ്ക് പിടഞ്ഞു. നയനക്ക് ആക്‌സിഡന്റ് പറ്റി ഓർമ്മ പോയെന്ന് അല്ലാതെ മറ്റൊന്നും ദേവകി അരവിന്ദിനോട് പോലും പറഞ്ഞിരുന്നില്ല. ആരും ഒന്നും അറിയരുതെന്ന് ദേവകിക്ക് നിർബന്ധം ഉണ്ടായിരുന്നു. വിവേകിനേയും ആരെയും അറിയിക്കരുതെന്ന് ദേവകി പറഞ്ഞിരുന്നു. എന്നാലും ഈ പാവം കുട്ടിയെ ആരായിരിക്കും ചതിച്ചത്. ആരായാലും അവൻ അതിന് അനുഭവിക്കും… മനസ്സിൽ ഓരോന്ന് ചിന്തിച്ച് ദേവകി കുറച്ച് നേരം കൂടി അവിടെ ഇരുന്നു. *

” അപ്പൊ ആ കുട്ടിക്ക് കഴിഞ്ഞ് പോയതൊന്നും ഓർമ്മ ഇല്ലല്ലേ…. ” നയനയെ പറ്റിയുള്ളത് എല്ലാം അരവിന്ദിൽ നിന്ന് കേട്ട് കഴിഞ്ഞതും ശിവ ചോദിച്ചു. ” അത് തന്നെയല്ലേടാ ഞാൻ ഇത്രയും നേരം പറഞ്ഞു കൊണ്ടിരുന്നത്…? ” അരവിന്ദ് അവനെ കളിയാക്കി ചോദിച്ചു. ” ആ ലെറ്റർ അല്ലാതെ അവളെ കുറിച്ച് അറിയാനുള്ള വേറെ ഒരു തുമ്പും കിട്ടിയില്ലേ…? ” ശിവ പ്രതീക്ഷയോടെ അരവിന്ദനെ നോക്കി. ” ഇല്ലെടാ…. ഒരു ആക്‌സിഡന്റ് പറ്റി വഴിയിൽ നിന്ന് കിട്ടി എന്നല്ലാതെ വേറെ ഒന്നും അവളെ കുറിച്ച് അറിയില്ല. ” അരവിന്ദ് പറഞ്ഞതും ശിവനൊന്ന് മൂളി. അവന്റെ മനസ്സിൽ നയന അവന്റെ മേലിൽ കൂടെ വീണതും അവനെ വെട്ട് പോത്തേ എന്ന് വിളിച്ചതും ആയിരുന്നു. ” നീ എന്താടാ ആലോചിക്കുന്നേ…? ” അരവിന്ദ് ശിവന്റെ പുറത്ത് തട്ടി വിളിച്ചു. ” ഞാൻ അവളുടെ നാവിന്റെ കാര്യം ഓർക്കായിരുന്നു. എത്ര ധൈര്യം ഉണ്ടായിട്ട് വേണം അവളെന്നെ വെട്ട് പോത്തേന്ന് വിളിക്കാൻ. അതിന് അവൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.

” ശിവൻ പറഞ്ഞത് കേട്ട് അരവിന്ദ് അവനെ മിഴിച്ച് നോക്കി. ” നീ സ്കൂൾ അധ്യാപകൻ തന്നെ ആണോടാ. പിള്ളേരെക്കാൾ കഷ്ട്ടം ആണല്ലോടാ നിന്റെ കാര്യം. അവന്റെ ഒരു റിവഞ്ച്.. ” അരവിന്ദ് ശിവനെ കളിയാക്കി ചിരിച്ചു. ” മോനെ അച്ചു…. ചില റിവഞ്ചിന് വല്ലാത്തൊരു സുഖം ഉണ്ട് മോനെ…. ചിലപ്പോ അതൊക്കെ ആവും ലൈഫ് ലോങ്ങ്‌ ഓർത്ത് വയ്ക്കാൻ പറ്റുന്നത്…. ” ശിവ അരവിന്ദനെ നോക്കി സൈറ്റ് അടിച്ചു. അരവിന്ദ് എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിംഗ് ചെയ്തു. ” ഹലോ… ” അരവിന്ദ് ഫോൺ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. മറുവശത്ത് നിന്നുള്ള വാർത്ത കേട്ടതും അരവിന്ദ് ഞെട്ടി. ” എപ്പോ….? ഞാൻ… ഞാൻ പെട്ടന്ന് തന്നെ വരാം… ” ” എന്താടാ… ? എന്താ പ്രശ്നം..? ” ടെൻഷനോടെ അരവിന്ദ് ഫോൺ വെച്ചതും ശിവൻ അരവിന്ദനെ നോക്കി ചോദിച്ചു. ” അത്… മഹിക്ക് ഒരു ആക്‌സിഡന്റ് പറ്റിയെന്ന്. ” ( തുടരും )