രചന – സുകന്യ മുരുകൻ
ഫ്ലാറ്റിൽ എത്തിയതും ദേവു ഡോർ ലോക്ക് ചെയ്തു. ബെഡിൽ ചെന്നു വീണു. തലയണയിൽ മുഖം അമർത്തി കുറച്ചു നേരം കിടന്നു.നടന്ന സംഭവങ്ങൾ അവളുടെ മനസ്സിൽ വന്നു പോയി. ചിന്ത അവസാനം ചെന്നെത്തിയത് ട്യൂബുകൾക്കും വയറുകൾക്കും ഇടയിൽ കിടക്കുന്ന ആദിയിൽ ആണ്. തല മുഴുവൻ പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞു വീങ്ങിയാ മുഖം ഓർമയിൽ വന്നതും ഞെട്ടി കണ്ണ് തുറന്നു. എഴുന്നേറ്റിരുന്നു. അരക്കെട്ട് കവിഞ്ഞു കിടന്ന സമൃദ്ധമായ മുടി വാരി കെട്ടി. ക്ലോക്കിലേക്ക് നോക്കി മണി 11 കഴിഞ്ഞു. പുലർച്ചെ എപ്പഴാ എഴുന്നേറ്റേന്ന് ഓർമ ഇല്ല. ഇന്ന് ഇനി കോളേജിൽ പോണ്ട കുളിച്ചു വൃത്തി ആയിട്ട് ഹോസ്പിറ്റലിൽ പോയാലോ എന്നൊരു ചിന്ത വന്നു ചേർന്നു. താൻ അവരുടെ ആരും അല്ല. പക്ഷെ അനുമോൾ.
അവൾ ഒരു ആശ്രയം പോലെ തന്നോട് ചേർന്നിരുന്നത് ഓർത്തപ്പോൾ ഉള്ളു നൊന്തു. വേഗം കുളിച്ചു പോവാം മനസ്സിൽ തീരുമാനിച്ചു. വീട്ടിൽ വിളിച്ചു അച്ഛനോട് വിവരം പറഞ്ഞു. പൊയ്ക്കോളാൻ അനുവാദം നൽകി. വേഗം കുളിച്ചിറങ്ങി ഭക്ഷണം കഴിച്ചു ഫ്ലാറ്റ് പൂട്ടി ഇറങ്ങി. താഴെ ചെന്നു ഒരു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിലേക്ക് തിരിച്ചു. ദിവസങ്ങൾ കടന്നു പോയി. ആദിയുടെ അവസ്ഥയിൽ മാറ്റം ഉണ്ടായി.. കണ്ണുതുറന്നു. വായിലെയും മൂക്കിലെയും ട്യൂബ് മാറ്റി, drain ഊരി മാറ്റി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തു. അച്ഛൻ വരുമ്പോൾ മാത്രം ഭിത്തിയിൽ നോക്കി കിടക്കും. രണ്ടാനമ്മയായ സുധയോട് പോലും അത്ര ദേഷ്യം ഇല്ല.അനുമോൾ ചേട്ടന്റെ അടുത്ത് നിന്ന് മാറാതെ നിന്നു.അവളുടെ ഓർമയിൽ എപ്പോഴും അച്ഛനോട് വഴക്കിടുന്ന ആദിയേട്ടൻ ആണ്.
ഇപ്പഴാണ് അച്ഛനോട് സമാധാനം ആയിട്ട് പെരുമാറുന്നത്. വഴക്കില്ലന്ന് മാത്രേ ഉള്ളു അച്ഛന്റെ മുഖത്തേക്ക് നോക്കില്ല. കണ്ടാലുടൻ തിരിഞ്ഞു കിടക്കും. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ പിന്നെ അവൾക്ക് അതിൽ ഒരു കുസൃതി തോന്നി തുടങ്ങി.അച്ഛൻ വരുന്നു. ആദിയേട്ടൻ തിരിഞ്ഞു കിടക്കുന്നു,അച്ഛൻ പോണു ഏട്ടൻ നേരെ കിടക്കുന്നു. ആദിയുടെ മനസ്സിൽ അന്നുണ്ടായ സംഭവം വന്നു പോയി. ആരാണ് ആക്രമിച്ചതെന്ന് എത്ര ഓർത്തിട്ടും ഓർമ കിട്ടുന്നില്ല. പുറം തലക്ക് ആണ് അടി കിട്ടിയത്. വീണു പോയി. മരിച്ചു പോവും എന്നാണ് കരുതിയത്. അപ്പോഴാണ് ഒരു കൊലുസ് ശബ്ദം കാതിൽ പതിച്ചത് ” ആരായിരുന്നു അത് ” പെട്ടന്ന് ഓർമ വന്ന പോലെ അവൻ കണ്ണു തുറന്നു. പിന്നാലെ അവളുടെ നിറഞ്ഞ കണ്ണുകളും ചെമ്പകപ്പൂവിന്റെ ഗന്ധവും വന്നു.
അവൻ ശ്വാസം ഒന്നു വലിച്ചു വിട്ടു. ഇല്ലാ… മരുന്നിന്റെയും ഹോസ്പിറ്റൽ ലോഷൻ മണം മാത്രം. അനുമോൾ ആണ് അന്നുണ്ടായ കാര്യങ്ങൾ വിവരിച്ചത് ദേവു ചേച്ചി കണ്ടതും ആളെ വിളിച്ചു കൂട്ടി ഹോസ്പിറ്റലിൽ കൊണ്ട് വന്നു രക്ഷപ്പെടുത്തിയതും ഒക്കെ. വാർഡിലേക്ക് മാറ്റും വരെ ദിവസവും വന്നിരുന്നു. കോളേജ് വിട്ടയുടൻ വന്നു രാത്രി വരെ അനുവിനോടും അമ്മയുടെയും കൂടെ ഉണ്ടാവും. ആദിയെ കാണാൻ അവൾ ശ്രമിച്ചതും ഇല്ല.വാർഡിലേക്ക് ഷിഫ്റ്റ് ആയതിൽ പിന്നെ ആണ് വരാതെ ആയത്. എന്താ പറ്റിയത് എന്ന് അവൾക്കും അറിയില്ല. നമ്പർ മേടിക്കാനും വിട്ടു പോയി. ആദിക്ക് ദേവൂനെ കാണണം എന്നുണ്ട്.
തന്റെ ജീവൻ രക്ഷിച്ച പെൺകുട്ടി എന്നതിൽ ഉപരി അവളുടെ നിറഞ്ഞ കണ്ണുകൾ ആണ് മനസ്സ് നിറയെ. ആദ്യമായി തനിക്കു വേണ്ടി കരഞ്ഞ കണ്ണുകൾ.നന്ദി പറഞ്ഞു വിട്ടുകളയേണ്ട ഒരാളല്ല ദേവു എന്ന് അവനു തോന്നി. നാരായണേട്ടൻ വന്നപ്പഴാ പറഞ്ഞത് ദേവുനെ പെണ്ണുകാണാൻ ആരോ വന്നു. അതാണ് അച്ഛൻ വന്നു കൊണ്ട് പോയത് എന്ന്. ആദി അനുവിനെ നോക്കി. അവളുടെ മുഖം മങ്ങിട്ടുണ്ട്. ആദി തിരിഞ്ഞു കിടന്നു എന്തെന്ന് അറിയാത്ത ഒരു സങ്കടം അവനെ പൊതിഞ്ഞു. തനിക്കു എന്താണ്, ….അങ്ങനെ പാടില്ല. അവൻ കണ്ണുകൾ അടച്ചു.

by