രചന – നിള നന്ദ
” ഇതല്ലേ ശിവാ ആ ഓർഫനേജ്…? ” പള്ളിയോട് ചേർന്നുള്ള ഒരു കെട്ടിടത്തിന് മുന്നിൽ വണ്ടി നിർത്തി അരവിന്ദ് ശിവനോട് ചോദിച്ചു. ” ഇത് തന്നെയാ വാ.. ” ശിവൻ ഡോർ തുറന്ന് പുറത്തിറങ്ങി. പുറകെ അരവിന്ദും. ” ആരാ നിങ്ങൾ..? ” ഓർഫനേജിന്റെ അകത്ത് കയറിയ ശിവനെയും അരവിന്ദനെയും നോക്കി ഒരു സിസ്റ്റർ ചോദിച്ചു. ” ഞങ്ങൾ മദർ മരിയയെ കാണാൻ വന്നതാ. മദറിൽ നിന്ന് കുറച്ച് കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു.. ” അരവിന്ദ് സിസ്റ്ററെ നോക്കി പറഞ്ഞു. മദർ ഇപ്പൊ പ്രാർത്ഥനയിൽ ആണ്. നിങ്ങൾ അകത്ത് കയറി വെയിറ്റ് ചെയ്യൂ.. ” സിസ്റ്റർ അവരെ അകത്തേക്ക് ക്ഷണിച്ചു. അരവിന്ദും ശിവനും സിസ്റ്ററുടെ പുറകെ പോയി. മദറിന്റെ റൂമിന്റെ അടുത്തേക്ക് പോവുന്ന വഴിക്ക് മെയിൻ പ്രാർത്ഥന ഹാളിന്റെ അടുത്ത് എത്തിയതും ശിവൻ അങ്ങോട്ട് നോക്കി. ഹിന്ദുസിനും ക്രിസ്ത്യൻസിനും മുസ്ലിംസിനും പ്രാർത്ഥിക്കാനുള്ള സൗകര്യം ഒരുപോലെ ഉണ്ടായിരുന്നു അവിടെ. വാക്കുകളിൽ മാത്രം കേട്ടിട്ടുള്ള മതസൗഹാർദ്രം അവൻ നേരിട്ട് കണ്ടു.
ആർക്കും വേണ്ടാതെ പോയാ കുറേ പേർ ചേർന്ന് പരസ്പരം ആരെല്ലാമൊക്കെയൊ ആവുന്നു. അനാഥർ എന്ന് നമ്മൾ പറയുന്നവരാണ് ശരിക്കും സ്നേഹം കൊണ്ട് സമ്പന്നർ. ഇവർക്കിടയിൽ വളർന്നത് കൊണ്ടാവും നയനക്ക് എല്ലാവരോടും കലർപ്പിലാത്ത നിഷ്കളങ്ക സ്നേഹം ഉണ്ടായത്. ” മദർ റൂമിൽ വന്നിട്ടുണ്ട്. നിങ്ങൾ അങ്ങോട്ട് ചെന്നോളൂ.. ” സിസ്റ്റർ വന്ന് വിളിച്ചപ്പോൾ ശിവനും അരവിന്ദും അങ്ങോട്ട് ചെന്നു. ” ഇരിക്കൂ.. എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്..? ” മുഖത്തിരുന്ന വലിയ വട്ട കണ്ണട ഒന്നൂടെ കയറ്റി വെച്ച് മദർ അവരെ നോക്കി. ” ഞങ്ങൾ ഇവിടെ ഉണ്ടായിരുന്ന നയനയെ കുറിച്ച് അറിയാൻ വന്നതാണ്.. ” മദറുടെ മുന്നിലുള്ള കസേരയിൽ ഇരുന്ന് അരവിന്ദ് പറഞ്ഞു. ” ആ കുട്ടിയെ കുറിച്ച് നിങ്ങൾ എന്തിനാണ് അറിയുന്നത്..? ” മദർ അവരെ സംശയത്തോടെ നോക്കി.
” ആ കുട്ടി ഇപ്പൊ എന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.. ” ” എന്താ…? നയന എങ്ങനെ അവിടെ..? ” അരവിന്ദ് പറയുന്നത് കേട്ട് മദറിന് പിന്നെയും സംശയം. അരവിന്ദ് ശിവനെ ഒന്ന് നോക്കിയത് ശേഷം മദറിനോട് നയനക്ക് ആക്‌സിഡന്റ് പറ്റിയത് മുതൽ അവരിവിടെ എത്തിയത് വരെയുള്ള കാര്യങ്ങൾ പറഞ്ഞു. അരവിന്ദ് പറഞ്ഞ് നിർത്തിയതും മദർ കണ്ണടച്ച് കഴുത്തിൽ കിടന്ന കൊന്ത എടുത്ത് അതിലൊന്ന് ഉമ്മവെച്ചു. ” നയനയെ കാണാനില്ലെന്ന് അറിഞ്ഞത് മുതൽ ഞങ്ങൾ എത്ര ടെൻഷൻ അനുഭവിച്ചെന്നോ.. ഇപ്പോഴാ ഒന്ന് സമാധാനം ആയത്.. മോൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ.. ” ” കഴിഞ്ഞതൊന്നും ഓർമ്മ ഇല്ലെന്നൊഴിച്ചാൽ വേറെ കുഴപ്പം ഒന്നൂല്ല. ” അരവിന്ദ് പറഞ്ഞത് കേട്ട് മദർ സന്തോഷത്തോടെ അവരെ നോക്കി. ” നയനയെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ” ശിവൻ മദറിനെ പ്രതീക്ഷയോടെ നോക്കി.
” ഒരു പാതിരായ്ക്ക് പള്ളിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിൽ നിർത്താതെയുള്ള നിലവിളി കേട്ട് ഞങ്ങൾ ചെന്ന് നോക്കുമ്പോൾ ജനിച്ച് നാല് ദിവസം മാത്രം പ്രായം ഉള്ള ഒരു ചോര കുഞ്ഞ്. ഇത്രയും ഓമനത്തം ഉള്ള കുഞ്ഞിനെ എങ്ങനെ അതിന്റെ മാതാപിതാക്കൾക്ക് ഉപേക്ഷിക്കാൻ തോന്നി എന്ന് തോന്നി പോയി. അതുപോലെ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട കുറെ പേർക്കിടയിൽ ആണ് അവൾ വളർന്നത്. എല്ലാവരുടെയും പ്രിയപ്പെട്ടവളായി… ആരും ഇല്ലാത്തതോർത്ത് അവളൊരിക്കലും വിഷമിച്ചിട്ടില്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും നന്നായി പഠിച്ച് ജോലി വാങ്ങി. എറണാകുളത്ത് പോയപ്പോളും എന്നും വിളിക്കുകയും എല്ലാം ആഴ്ചയിൽ വരുകയും ചെയ്യുമായിരുന്നു. ഒരാഴ്ച പതിവ് തെറ്റി വരാതായപ്പോൾ അനേഷിച്ചപ്പോൾ ഇങ്ങോട്ട് പോന്നിട്ടുണ്ടെന്നാ അറിഞ്ഞത്. പോലീസിൽ പരാതിയൊക്കെ കൊടുത്തു. അതുകൊണ്ട് പ്രതേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല. ” മദർ ഒന്ന് നിർത്തി അരവിന്ദനെയും ശിവനെയും നോക്കി.
” നയന നിങ്ങളുടെ ഒപ്പം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയത്. ഇത്രയും ദിവസം ഇവിടെ ഉള്ളവരുടെ പ്രാർത്ഥന മുഴുവൻ അവൾക്ക് വേണ്ടി ആയിരുന്നു. ” ” ആ പ്രാർത്ഥന എന്തായാലും വെറുതെ ആയില്ല മദർ. ” ശിവൻ മദറിനെ നോക്കി പുഞ്ചിരിച്ചു. ” ഈ മീനു…? ” അരവിന്ദൻ ചോദിച്ചു. ” മീനുവും നയനയും നല്ല കൂട്ടായിരുന്നു. രണ്ട് ശരീരവും ഒരു മനസ്സും എന്നൊക്കെ പറയാം.രണ്ട് പേരെയും ഒരുമിച്ച് അല്ലാതെ കാണില്ലായിരുന്നു. നയന ജോലിക്ക് പോയപ്പോൾ രണ്ടാളും കുറേ വിഷമിച്ചത് ആണ്.. ” ” ആ കുട്ടിക്ക് എന്താ അസുഖം..? ഓപ്പറേഷന്റെ കാര്യം ഒക്കെ നയന കത്തിൽ എഴുതിയിരിക്കുന്നത് കണ്ടു. ” ശിവൻ മദറിനോട് തിരക്കി. ” മീനുവിന് ഹാർട്ടിനു ചെറിയൊരു പ്രോബ്ലം ഉണ്ട്. അതിന്റെ ഓപ്പറേഷന് വേണ്ടിയുള്ള പണത്തിന്റെ ഓട്ടത്തിൽ ആയിരുന്നു ഞങ്ങൾ. അതിന്റെ ഇടയിൽ ആണ് നയനയെ കാണാതായത്. ” ” എന്നിട്ട് ആ കുട്ടിടെ ഓപറേഷൻ കഴിഞ്ഞോ..? ” അരവിന്ദ് ചോദിച്ചു.
” ഇല്ല. പണം ഇത് വരെ ശരിയായില്ല. ” മദർ വിഷമത്തോടെ പറഞ്ഞു. ” പണത്തിന്റെ കാര്യം ഓർത്ത് മദർ വിഷമിക്കണ്ട. എത്രയാ വേണ്ടതെന്ന് വെച്ചാൽ ഞാൻ തരാം. ആ കുട്ടിക്ക് ഒന്നും സംഭവിക്കരുത്… ” അരവിന്ദ് മദറിനെ നോക്കി പറഞ്ഞു. ” ഇത്രയും നല്ല മനസ്സുള്ള നിങ്ങളെ കർത്താവ് അനുഗ്രഹിക്കും. ” നല്ല സന്തോഷവും സമാധാനവും ഉണ്ടായിരുന്നു മദറിന്റെ വാക്കുകൾക്ക്. ” നിങ്ങൾക്ക് മീനുവിനെ കാണണോ..? ” മദർ അവരെ നോക്കി ചോദിച്ചു. ” ഇപ്പൊ വേണ്ട മദർ. ആ കുട്ടി ഓപ്പറേഷൻ ഒക്കെ കഴിഞ്ഞ് ഹാപ്പി ആയിരിക്കുമ്പോൾ ഞങ്ങൾ വന്ന് കണ്ടോളാം.. എന്നാ ഞങ്ങൾ ഇറങ്ങട്ടെ. ” അരവിന്ദ് അത് പറഞ്ഞ് പോവാൻ എഴുന്നേറ്റു. ” നയനയെ കാണാൻ ഒരു ദിവസം ഞാൻ അങ്ങോട്ട് വരുന്നുണ്ട്. ” മദർ എഴുനേറ്റ് അവരെ നോക്കി. ” അതിനെന്താ വന്നോളൂ.. ” അരവിന്ദ് അവന്റെ ഫോൺ നമ്പറും അഡ്ഡ്രസും എഴുതി കൊടുത്ത് അവിടന്ന് ഇറങ്ങി. ” എത്ര നല്ല കുട്ടി ആണല്ലെടാ നയന.. ” തിരികെ കാർ ഓടിക്കുമ്പോൾ അരവിന്ദ് ശിവനെ നോക്കി ചോദിച്ചു. മറുപടി പറയാതെ ശിവൻ ഒന്ന് ചിരിച്ചു. എന്ത് കൊണ്ടോ അവന്റെ മനസ്സിൽ നിന്ന് പോരുമ്പോൾ തോന്നിയ അസ്വസ്ഥത വിട്ടു മാറിയില്ല. ഇനിയും എന്തൊക്കെയോ അറിയാൻ ഉള്ളത് പോലെ.
” എന്ത് പറ്റി മോളെ… ഇന്ന് റൂമിൽ തന്നെ ആണല്ലോ…? ” നയന റൂമിൽ ഇരിക്കുന്ന നേരത്ത് ദേവകി അരികിൽ വന്നിരുന്ന് ചോദിച്ചു. ” ഒന്നൂല്ല അമ്മേ. ഞാൻ വെറുതെ… അച്ചുവേട്ടൻ ഇല്ലാതെ എന്തോ പോലെ.” ദേവകിയെ നോക്കി നയന പറഞ്ഞു. ” മോള് നല്ല വായാടി ആണെന്നാണ് ഞാൻ മഹിയോട് പറഞ്ഞിരുന്നത്. അവൻ കുറച്ച് മുൻപ് കൂടെ എന്നോട് ചോദിച്ചുള്ളൂ പരിചയപ്പെട്ട് കഴിഞ്ഞതിൽ പിന്നെ മോളെ കണ്ടതേ ഇല്ലല്ലോ എന്ന്. ഇവിടെ ഇങ്ങനെ ഇരിക്കാതെ മോള് പുറത്ത് വന്ന് അവനോട് എന്തെങ്കിലും ഒക്കെ സംസാരിക്ക്. ” ദേവകി നയനയുടെ നെറുകയിൽ തലോടി. ” അമ്മേ അത് ഞാൻ… ” ” അച്ചു ഇല്ലാത്തതാണോ മോളുടെ വിഷമം. അവൻ വൈകിട്ട് ഇങ്ങോട്ട് എത്തില്ലേ പിന്നെന്താ. ഇപ്പൊ മോള് വാ.. ” ദേവകി നയനയുടെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങി. മഹിയും രാമനാഥനും ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു. നയനയെ കണ്ടതും മഹി കണ്ണെടുക്കാതെ അവളെ തന്നെ നോക്കാൻ തുടങ്ങി.
ആ നോട്ടം നയനക്കെന്തൊ അസ്വസ്ഥത ഉണ്ടാക്കി. ” മോളെന്താ റൂമിൽ തന്നെ ഇരുന്നത്..? ” ” മോൾക്ക് അച്ചു ഇല്ലാതെ ഒരു സുഖം ഇല്ലത്രെ.. ” രാമനാഥന്റെ ചോദ്യത്തിന് ദേവകി ആണ് മറുപടി പറഞ്ഞത്. ” അച്ചുവേട്ടൻ കുറച്ച് കഴിഞ്ഞാൽ ഇങ്ങോട്ട് വരില്ലേ. പിന്നെന്താ.. ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ..” മഹി അവളെ നോക്കി പറഞ്ഞു. അവളെന്നു ചിരിച്ചെന്ന് വരുത്തി. ” ടാ മഹി നീ ഇപ്പോ വന്നു…? ” ആ ചോദ്യം കേട്ടതും എല്ലാവരും തിരിഞ്ഞ് നോക്കി. ” ആരിത് വിവേകോ.. എപ്പോ വന്നു. ” ദേവകി വിവേകിനെ നോക്കി ചോദിച്ചു. ” വരുന്ന വഴിയാ ദേവകിയമ്മേ.. വരാതെ പറ്റില്ലല്ലോ അത് പോലുള്ള കാര്യങ്ങൾ അല്ലേ ഇവിടെ നടക്കുന്നത്.. ” വിവേക് രാമനാഥനെ നോക്കി പറഞ്ഞു. ” ശരിയാ ഇവിടെ കുറേ അത്ഭുതങ്ങൾ ഒക്കെ നടന്നു. ഇനിയും നടക്കാൻ പോവുന്നു.” മഹി പറഞ്ഞു നയനയെ നോക്കി. അവന്റെ നോട്ടം കണ്ടതും നയന വേഗം മുഖം തിരിച്ചു. ” തനിക്കിപ്പോ എങ്ങനെ ഉണ്ടെടോ…? ” വിവേക് നയനയുടെ അടുത്തേക്ക് വന്ന് ചോദിച്ചു. “കുഴപ്പം ഒന്നും ഇല്ല. ” അവൾ അവനെ നോക്കി പറഞ്ഞു. ” മരുന്നൊക്കെ കൃത്യം സമയത്ത് കഴിക്കുന്നില്ലേ..? ” ഉവ്വെന്ന് അവൾ തലയാട്ടി. ” എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറയണം കേട്ടോ.. ” ” ശരി..” “എന്നാ ഞാൻ ഇറങ്ങാ ദേവകിയമ്മേ. വീട്ടിൽ കയറിയിട്ടില്ല. കുറച്ച് ദിവസം ഇവിടെ ഉണ്ടാവും. ഞാൻ വരാം. ” വിവേക് അത് പറഞ്ഞു പുറത്തിറങ്ങി. വിവേക് പോയതിന് പുറകെ നയന അകത്തേക്ക് പോയി. മഹി ചിരിയോടെ നയനയെ നോക്കിയിരുന്നു.
വൈകുന്നേരം ശിവനും അരവിന്ദും തിരികെ എത്തി. ശിവൻ നേരേ വീട്ടിലേക്ക് പോയി. ഫ്രഷ് ആയി അച്ഛനോടും അമ്മയോടും കുറച്ച് നേരം സംസാരിച്ച് അവൻ പോയി കിടന്നു.മനസ്സിൽ മുഴുവൻ നയന ആയിരുന്നു. അവളെ കുറിച്ച് ഓർക്കുംതോറും അവന്റെ ഉള്ളിൽ അവളോടുള്ള സ്നേഹം കൂടി കൂടി വന്നു. അവളെ ഒന്ന് കാണാനും കാരണം ഉണ്ടാക്കി വെറുതെ വഴക്കിടാനും മനസ്സ് കൊതിച്ചു. അരവിന്ദ് അകത്ത് കയറി ചെല്ലുമ്പോൾ കാണുന്നത് അച്ഛനോട് സംസാരിച്ചിരുന്ന മഹിയെ ആണ്. ” നീ എപ്പോ വന്നു മഹി..? ” അകത്തേക്ക് കയറി അരവിന്ദ് ചോദിച്ചു. ” രാവിലെ വന്നു ഏട്ടാ… ” ” മ്മ് ഞാൻ ഒന്ന് ഫ്രഷ് ആയി വരട്ടെ എന്നിട്ട് സംസാരിക്കാം. ” അരവിന്ദ് റൂമിലേക്ക് കയറി പോയി. ഫ്രഷ് ആയി താഴേക്ക് വന്ന് എല്ലാവരോടും സംസാരിക്കുമ്പോഴും കണ്ണുകൾ നയനക്ക് വേണ്ടി പരതി. ” നയന എവിടെ അമ്മേ… കണ്ടതേ ഇല്ലല്ലോ..? ” കുറേ നോക്കിയിട്ടും നയനയെ കാണാതായപ്പോൾ അവൻ ദേവകിയോട് ചോദിച്ചു. ” ഇപ്പോഴെങ്കിലും മോൻ ചോദിച്ചല്ലോ. അച്ചുവേട്ടൻ ഇല്ലാതെ ഒരു സുഖവും ഇല്ലെന്ന് പറഞ്ഞ് ഇന്ന് മുഴുവൻ റൂമിൽ തന്നെ ആയിരുന്നു. തലവേദനിക്കുന്നു എന്ന് പറഞ്ഞ് വേഗം കിടന്നു. ” ” വല്ലതും കഴിച്ചോ അവൾ..? ” ” കഴിച്ചിട്ടാ കിടന്നത്.. ” അരവിന്ദ് ദേവികയെ നോക്കി ഒന്ന് മൂളി നയനയുടെ റൂമിലേക്ക് പോയി. നയനയുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ മദർ പറഞ്ഞ കാര്യങ്ങളൊക്കെ അരവിന്ദന്റെ മനസ്സിൽ തെളിഞ്ഞു. നയനയുടെ നെറുകയിൽ വാത്സല്യത്തോടെ ഒന്ന് തലോടി അരവിന്ദ് എഴുനേറ്റ് പോയി.
” അച്ചുവേട്ടാ പ്ലീസ് ഞാനും കൂടെ വന്നോട്ടെ..?” ” ഇന്നലെ തല വേദനിക്കുന്നു എന്ന് പറഞ്ഞ ആളല്ലേ. ഇന്നിനി പാടത്തു വന്ന് വെയിൽ കൊണ്ടാൽ തല വേദന കൂടും. അതോണ്ട് മോള് ഇവിടെ തന്നെ ഇരുന്നാൽ മതി. ” രാവിലെ അരവിന്ദന്റെ കൂടെ പാടത്തേക്ക് പോവാൻ ഇറങ്ങിയ നയനയെ അവൻ തടഞ്ഞു. ” പ്ലീസ് ഏട്ടാ.. ” ” പറയുന്നത് കേൾക്ക് മോളെ. ഇന്ന് ഇനി എന്തായാലും വരണ്ട. നാളെ കൊണ്ട് പോവാം. ” അരവിന്ദ് സമ്മതിക്കുന്നില്ലെന്നു കണ്ടതും മനസില്ലാ മനസോടെ അവൾ അകത്തേക്ക് പോയി. അരവിന്ദ് അവളെ കൊണ്ട് പോകാതിരുന്നത് പോകന്ന വഴിക്ക് വിവേകിനെ കണ്ട് ഓർഫനേജിൽ പോയ കാര്യം സംസാരിക്കാൻ വേണ്ടി ആയിരുന്നു. സ്കൂളിൽ പോവേണ്ട കാരണം ശിവൻ ഇന്ന് പാടത്തേക്ക് പോയില്ല. അരവിന്ദ് ചെന്ന് കുറച്ച് കഴിഞ്ഞതും വിവേക് വന്നു. പണിക്കിടയിൽ അരവിന്ദ് വിവേകിനോട് എല്ലാം പറഞ്ഞു. അവൻ കാര്യമായി ഒന്നും പറയാതെ എല്ലാം മൂളി കേട്ടു. വൈകിട്ട് സ്കൂളിൽ നിന്ന് വന്ന് ഫ്രഷ് ആയി ശിവൻ അരവിന്ദന്റെ വീട്ടിലേക്ക് പോയി. അവിടെ ഉമ്മറത്ത് എല്ലാവരും ഇരിപ്പുണ്ടായിരുന്നു.
വിവേകും വിദ്യയും ഉണ്ട്. ” വന്നല്ലോ ആള് ഇപ്പൊ കോറം തികഞ്ഞു. ” ശിവനെ കണ്ടതും മഹി പറഞ്ഞു. ശിവൻ ഒന്ന് ചിരിച്ച് അരവിന്ദന്റെ അരികിൽ ഇരുന്നു. ” മോനെ അനന്തുട്ടാ കുറെ നാളായി രാമച്ചൻ മോന്റെ പാട്ട് കേട്ടിട്ട് രണ്ട് വരി ഒന്ന് പാടിക്കെ.” രാമനാഥൻ ശിവനെ നോക്കി പറഞ്ഞു. അത് കേട്ടതും നയനയുടെ കണ്ണുകൾ വിടർന്നു. ശിവൻ പാടും എന്നത് അവൾക്ക് പുതിയ അറിവായിരുന്നു. ” പടാടാ … ഞങ്ങളും കേട്ടിട്ട് കുറച്ച് നാളായി.” വിവേക് പറഞ്ഞു. ശിവന്റെ കണ്ണുകൾ വിദ്യക്ക് അടുത്ത് നിന്ന നയനയിൽ ഉടക്കി. അവളെ നോക്കി നിൽക്കെ അവന്റെ ചുണ്ടിൽ അവനേറ്റവും പ്രിയപ്പെട്ട പാട്ടിന്റെ വരികൾ നിറഞ്ഞു. ” അറിയാതെയെൻ തെളിവേനലിൽ കുളിർ മാരിയായ് പെയ്തു നീ നീരാവരാവിൻ ശ്രുതിചേർന്ന വിണ്ണിൻ മൃദുരവമായ് നിൻ ലയമഞ്ചരി.. മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്‌മൃതിയലയിൽ ആരോ സ്വാന്തനമായ് മുരളികയൂതി ദൂരെ… ” പാടുമ്പോഴൊക്കെ ശിവന്റെ കണ്ണ് നയനയിൽ ആയിരുന്നു. നയനക്ക് ശിവൻ ആ പാട്ട് അവൾക്ക് വേണ്ടി പാടിയത് പോലെ തോന്നി. ശിവൻ നയനയെ നോക്കുന്നത് അരവിന്ദും വിവേകും ശ്രെദ്ധിച്ചിരുന്നു. പാട്ടും മേളവും കുറച്ച് നേരം കൂടെ നീണ്ട് പോയി.
” ശിവാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..? ” പതിവ് പോലെ രാത്രി ആൽത്തറയിൽ ഇരിക്കുമ്പോൾ അരവിന്ദ് ശിവനോട് ചോദിച്ചു. ” എന്താണെങ്കിലും ചോദിക്കടാ.. ” ആൽത്തറയിൽ മുഖത്ത് കൈ വെച്ച് കിടക്കുകയായിരുന്നു ശിവൻ. അടുത്ത് വിവേകും ഉണ്ട്. ” നിനക്ക് നയനയെ ഇഷ്ട്ടം ആണോ ..? ” അരവിന്ദന്റെ ചോദ്യം കേട്ടതും ശിവൻ കൈ മാറ്റി അവനെ ഒന്ന് നോക്കി. പിന്നെ ചുണ്ടിൽ നേരിയ പുഞ്ചിരിയുമായി ഒന്നും പറയാതെ അത് പോലെ കിടന്നു. ശിവന്റെ മുഖത്തെ ആ പുഞ്ചിരിയുടെയും മൗനത്തിന്റെയും അർത്ഥം മനസ്സിലായതും അരവിന്ദന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. എന്നാൽ എല്ലാം കേട്ട് അവിടെ ഇരുന്ന വിവേകിന്റെ ഉള്ളപ്പോൾ നീറുകയായിരുന്നു. ( തുടരും )

by