20/04/2026

ശിവനയനം : ഭാഗം 19

രചന – നിള നന്ദ

” വർഷങ്ങൾക്ക് മുമ്പ് റോഡരികിൽ നിന്ന് ആർക്കോ കിട്ടി ഇവിടെ എത്തിപ്പെട്ടതാണ് ഇവൾ. നിങ്ങളുടെ ലച്ചു.. ഞങ്ങളുടെ മീനു.. ”

മദർ അരവിന്ദനെ നോക്കി വേദനയോടെ പറഞ്ഞു. അരവിന്ദന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ ലച്ചുവിന്റെ കുഞ്ഞു മുഖത്തെ മുഴുവൻ നനച്ചു.

” അരവിന്ദന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് ഊഹികാം. തന്റെ വീട്ടിൽ വെച്ച് ലച്ചുവിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്കും ഇതേ അവസ്ഥ ആയിരുന്നു… ലച്ചുവിനെ തിരിച്ച് നിങ്ങളുടെ അടുത്ത് എത്തിക്കാനുള്ള കർത്താവിന്റെ കണക്ക് കൂട്ടലിന്റെ ആവും നയനക്ക് പറ്റിയ ആക്‌സിഡന്റും അവൾ നിങ്ങളുടെ അടുത്ത് എത്തിയതും എല്ലാം. ”

മദർ അരവിന്ദനെ വേദനയോടെ നോക്കി.

” മദർ ഞങ്ങളുടെ ലച്ചു….. എനിക്ക്… എനിക്ക് അവളെ ഒന്ന് കാണണം.. ”

നിറഞ്ഞ് തൂവിയ കണ്ണ് തുടച്ച് അരവിന്ദ് മദറിനെ നോക്കി.

” മീനു ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്.. നമുക്ക് അങ്ങോട്ട്‌ പോവാം.. ”

മദർ ചെയറിൽ നിന്ന് എഴുനേറ്റു.

” അച്ചു.. ”

ശിവൻ അരവിന്ദന്റെ തോളിൽ കൈ വെച്ച് പതിയെ വിളിച്ചു.

” ശിവാ… നമ്മുടെ ലച്ചു… ലച്ചുവിനെ നമുക്ക് തിരിച്ച് കിട്ടാൻ പോവാടാ… മുൻപൊരിക്കൽ ഇവിടെ വന്നപ്പോൾ കാണാതെ പോയാതല്ലേടാ ഞാൻ… ഇപ്പൊ ഞാൻ… എനിക്ക്… ”

സന്തോഷവും സങ്കടവും കൊണ്ട് അരവിന്ദന് വാക്കുകൾ കിട്ടുന്നുണ്ടായില്ല..

” കഴിഞ്ഞ് പോയതിനെ പറ്റി പറഞ്ഞിട്ട് എന്താ കാര്യം അച്ചു… ഇപ്പൊ നമുക്ക് അവളെ തിരിച്ച് കിട്ടിയില്ലെ… നമുക്ക് പെട്ടെന്ന് തന്നെ അവളെ കാണാലോ.. ”

ശിവൻ അരവിന്ദനെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു..

……………………….

” വീഴാതെ സൂക്ഷിച്ച് നടക്ക് മോളെ.. ”

റൂമിന് പുറത്ത് സിസ്റ്ററിന്റെ കൂടെ നടക്കാൻ ഇറങ്ങിയത് ആയിരുന്നു മീനു. സിസ്റ്ററിനോട് ഓരോന്ന് പറഞ്ഞ് നടക്കുന്ന നേരത്താണ് അവൾ കുറച്ച് മാറി നിൽക്കുന്ന വിവേകിനെ കണ്ടത്.. ആ നിമിഷം ഇത് വരെ ഇല്ലാതിരുന്ന ഒരു പുഞ്ചിരി മീനുവിന്റെ ചുണ്ടിൽ തെളിഞ്ഞു..

” ഹലോ ഡോക്ടറെ.. ”

മീനു കുറച്ചൂടെ മുന്നോട്ട് നടന്ന് ഉറക്കെ വിളിച്ചു. തിരിഞ്ഞ് നോക്കിയതും മീനുവിനെ കണ്ടപ്പോൾ വിവേകിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…

” ഇതെന്താ പതിവില്ലാതെ ഒരു നടത്തം ഒക്കെ..? ”

മീനുവിന്റെ അടുത്തേക്ക് നടന്ന് വിവേക്ക് ചോദിച്ചു.

” ഡോക്ടർ അല്ലേ പറഞ്ഞത് ഓരോന്ന് ആലോചിച്ച് ഇരുന്നിട്ടാണ് വേണ്ടാത്ത സ്വപ്നം ഒക്കെ കാണുന്നതെന്ന്. അപ്പോപ്പിന്നെ വെറുതെ അങ്ങ് നടക്കാന്നു കരുതി. ”

” അത് എന്തായാലും നന്നായി. പുറത്തിറങ്ങി കുറച്ച് ശുദ്ധ വായു ശ്വസിക്കുന്നത് നല്ലതാണ്..
സിസ്റ്റർ പോയിക്കൊള്ളൂ ഞാൻ നോക്കിക്കോളാം. ”

വിവേക് തിരിഞ്ഞ് സിസ്റ്ററിനെ നോക്കി പറഞ്ഞഞ്ഞും ശരിയെന്ന് തലയാട്ടി സിസ്റ്റർ പിന്തിരിഞ് നടന്നു.

” ഡോക്ടർക്ക് ഡ്യൂട്ടി ഇല്ലേ..? ”

സിസ്റ്റർ പോയതും മീനു വിവേകിനോട് ചോദിച്ചു.

” ഡ്യൂട്ടി കഴിഞ്ഞേടോ… ഞാൻ ഇറങ്ങാൻ നിൽക്കായിരുന്നു… ”

മീനുവിന്റെ കൈ പിടിച്ച് നടക്കുന്നതിനിടയിൽ വിവേക് പറഞ്ഞു..

” ഞാൻ അപ്പൊ ഒരു ബുദ്ധിമുട്ട് ആയല്ലേ..? ”

” പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആയി.. മിണ്ടാതെ അങ്ങോട്ട് നടക്ക് പെണ്ണേ… ”

വിവേകിന്റെ ശ്വസനയോടെയുള്ള വാക്കുകൾ കേട്ടതും മീനു മിണ്ടാതെ കൂടെ നടന്നു…

” അല്ല തന്റെ പേര് എന്താ…? ”

” കൊള്ളാം ഇത്രയും നേരം സംസാരിച്ചിട്ടും ഇപ്പോഴാണോ ഡോക്ടർ പേര് ചോദിക്കുന്നത്..? ”

മീനു വിവേകിനെ പരിഭവത്തിൽ നോക്കി..

” ചോദിക്കാൻ വിട്ട് പോയതാടോ… പറയ്.. ”

” മീനാക്ഷി.. നീട്ടി വിളിക്കാൻ മടി ഉള്ളവര് മീനു എന്ന് ചുരുക്കി വിളിക്കും.. ഡോക്ടർക്ക് ഇഷ്ട്ടം ഉള്ളത് വിളികാം.. ”

മീനുവിന്റെ വർത്താനം കേട്ട് വിവേക് അറിയാതെ ചിരിച്ച് പോയി…

” അതെ എന്റെ പേര് ഡോക്ടർ എന്നല്ല.. ”

” അറിയാം. വിവേക് എന്നല്ലെ.. ”

വിവേക് പൂർത്തിയാക്കുന്നതിന് മുൻപ് മീനു ഇടയിൽ കയറി പറഞ്ഞു.

” എങ്ങനെ അറിയാം എന്നാവും ഇപ്പൊ ചിന്തിക്കുന്നേ… അന്ന് റൂമിൽ വന്നപ്പോൾ ഞാൻ ഐഡി കാർഡിൽ നോക്കിയിരുന്നു.. ”

മീനു വിവേകിനെ നോക്കി കണ്ണിറുക്കി.

മുന്നോട്ട് നടക്കുന്നതിനിടയിൽ കൂടുതൽ സംസാരിച്ചത് മീനു ആയിരുന്നു. അത് കേട്ട് കൊണ്ട് നടക്കാൻ ആയിരുന്നു വിവേകിന് ഇഷ്ട്ടം.

” തന്റെ വീട്ടിൽ ഉള്ളവരൊക്കെ തന്നെ എങ്ങനെ സഹിക്കുന്നെടോ… സംസാരിച്ച് കൊല്ലുമല്ലോ താൻ അവരെ… ”

വിവേകിന്റെ വാക്കുകൾ കേട്ടതും മീനു നടത്തം നിർത്തി. കണ്ണിൽ പെട്ടന്ന് നനവ് പടർന്നു. ഹൃദയത്തിൽ നിന്ന് പൊടിഞ്ഞ കണ്ണുനീർ. സഹിക്കാൻ ബുദ്ധിമുട്ട് ആണെന്ന് തോന്നിയത് കൊണ്ടാവും ഈശ്വരൻ എന്നെ അവരിൽ നിന്ന് അകറ്റിയത്.. നിറഞ്ഞ കണ്ണ് വിവേക് കാണാതെ തുടച്ച് അവൾ ചിരിക്കാൻ ശ്രെമിച്ചു.

” എനിക്ക് എന്തോ ഒരു വല്ലായ്ക തോന്നുന്നു. എന്നെ ഒന്ന് റൂമിൽ കൊണ്ടാക്കാമോ…? ”

തിരിഞ്ഞ് നിന്ന് മീനു വിവേകിനോട് പറഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ച് തിരിച്ച് നടന്നു.

നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ താൻ എന്റെ ആരൊക്കെയോ ആണെന്ന് തോന്നിപ്പോവുന്നു… അല്ല… അത് വെറും തോന്നൽ അല്ല താൻ എന്റെ ആരൊക്കെയോ ആണ് മീനു ..

മീനുവിനെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ വിവേകിന്റെ ഹൃദയം മന്ത്രിച്ചു…

” താൻ റസ്റ്റ്‌ എടുത്തോ കുറച്ചധികം നടന്നതിന്റെ ആവും ക്ഷീണം.. ”

മീനുവിനെ ബെഡിൽ കിടത്തി വിവേക് പറഞ്ഞു. മറുപടിയായി അവളൊന്ന്‌ പുഞ്ചിരിച്ചു.

ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും വിവേക് മീനുവിനോട് പറഞ്ഞ് റൂമിന് പുറത്തിറങ്ങി.

ആ സമയത്താണ് മദറിനൊപ്പം അരവിന്ദും ശിവനും അങ്ങോട്ട്‌ കയറി വന്നത്. ബെഡിൽ കണ്ണടച്ച് കിടക്കുന്ന മീനുവിനെ കണ്ടതും അരവിന്ദ് വാത്സല്യത്തോടെ നോക്കി. വർഷങ്ങൾക്ക് ശേഷം സ്വന്തം കൂടപ്പിറപ്പിനെ കാണുന്ന നിമിഷം… കുഞ്ഞി പല്ല് കാട്ടിയുള്ള ലച്ചുവിന്റെ ചിരിയും കുസൃതിയും അച്ഛന്റെ തോളിൽ കിടന്ന് അവസാനമായി അവളെ കണ്ടതും അരവിന്ദന്റെ മനസിലൂടെ കടന്ന് പോയി.

” മീനു… ”

മദർ മീനുവിന്റെ അടുത്ത് ചെന്നിരുന്ന് വിളിച്ചു. കണ്ണ് തുറന്നപ്പോൾ മുന്നിൽ മദറിനെ കണ്ടതും മീനു ഒന്ന് ചിരിച്ചു.

” മദർ ഇന്ന് വരാൻ താമസിച്ചല്ലോ എന്ത്‌ പറ്റി..?”

” ഞാൻ ഇവരെ കാത്ത് നിന്നതാണ്.. ”

മദർ അരവിന്ദനെയും ശിവനെയും നോക്കി പറഞ്ഞഞ്ഞപ്പോൾ ആണ് മീനു അവരെ ശ്രെദ്ധിക്കുന്നത്…

” ആരാ മദർ ഇതൊക്കെ…? ”

അരവിന്ദന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി മീനു ചോദിച്ചു.

” മോൾടെ ഓപ്പറേഷന് ഉള്ള പണം തന്ന ആളെ കാണണം എന്ന് മോള് പറഞ്ഞത് അല്ലേ.. ഇതാ ആ ആള്… മോൾടെ സ്വന്തം ഏട്ടൻ.. ”

മദർ അവസാനം പറഞ്ഞ വാക്കുകൾ കേട്ടതും മീനു ഞെട്ടലോടെ അരവിന്ദനെയും മദറിനെയും മാറി മാറി നോക്കി.

” അതെ മോളെ ഇത് നിന്റെ ഏട്ടൻ തന്നെയാ അഞ്ചാം വയസിൽ നിനക്ക് നഷ്ട്ടപെട്ട നിന്റെ സ്വന്തം ഏട്ടൻ… ”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിന്ന മീനുവിനോട് മദർ എല്ലാ കാര്യവും തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മീനു ഒന്നും മിണ്ടാതെ തിരിഞ്ഞ് നിന്ന് വാ പൊത്തി കരഞ്ഞു.

” മോളെ.. ലച്ചു… ”

അരവിന്ദ് മീനുവിന്റെ തോളിൽ കൈ വെച്ച് വേദനയോടെ വിളിച്ചു. മുഖം തിരിച്ച് അരവിന്ദന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ പൊട്ടി കരഞ്ഞു.

” കുറച്ച് മുൻപ് വരെ എനിക്ക് ആരും ഇല്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചത് ആണ്… ഒട്ടും കരുതിയില്ല… എനിക്ക്… എന്നെ തേടി ആരെങ്കിലും വരുമെന്ന്… ”

എങ്ങലോടെ അവൾ പറഞ്ഞു..

” ഞാനും ഒട്ടും കരുതിയില്ല മോളെ നിന്നെ ഞങ്ങൾക്ക് ഇനി തിരിച്ച് കിട്ടും എന്ന്.. എവിടെയെങ്കിലും സുഖമായി ഉണ്ടാവണേ എന്നായിരുന്നു പ്രാർത്ഥന… ഈശ്വരൻ ഞങ്ങൾക്ക് ഞങ്ങടെ ലച്ചുമോളെ തിരികെ തന്നല്ലോ…. മോളിനി ആരും ഇല്ലാത്തവൾ അല്ല. മോൾക്ക് അച്ഛനും അമ്മയും ഏട്ടന്മാരും ഒക്കെ ഉണ്ട്.. ഇനി എന്റെ മോള് ഒരിക്കലും വിഷമിക്കരുത് കേട്ടോ… ”

അരവിന്ദന്റെ വാക്കുകൾ കേട്ടാണ് വിവേക് അങ്ങോട്ട് കയറി വന്നത്.

” അച്ചു… നീ നീ എന്താ ഇപ്പൊ പറഞ്ഞത്…? ഇത്… ഇത് നമ്മടെ ലച്ചു ആണോ…? ”

വിവേക് അകത്തേക്ക് വന്ന് അരവിന്ദനെ നോക്കി ചോദിച്ചു.

” അതെ വിവേക് ഇത് ഇത് നമ്മുടെ ലച്ചു ആണ്… വർഷങ്ങൾക്ക് മുൻപ് നമുക്ക് നഷ്ട്ടപെട്ട നമ്മുടെ ലച്ചു… ”

അരവിന്ദന്റെ വാക്കുകൾ കേട്ടതും സന്തോഷത്തോടെ വിവേക് മീനുവിനെ നോക്കി.

” താൻ ആയിരുന്നോ ഞങ്ങടെ ലച്ചു… എവിടെയോ കണ്ട മുഖം എന്ന് എനിക്ക് തോന്നിയത് വെറുതെ ആയില്ല… ”

വിവേക് മീനുവിന് നേരേ തിരിഞ്ഞ് പറഞ്ഞു. വിവേക് ലച്ചുവിന്റെ ആരാണെന്ന് മനസിലാവാതെ അവൾ അരവിന്ദനെ നോക്കി. അരവിന്ദ് മീനുവിനെ ചേർത്ത് പിടിച്ച് വിവേകിനേയും ശിവനെയും പരിചയപ്പെടുത്തി.

……………………………..

” നയന… അപ്പച്ചി ഇപ്പൊ തന്നെ വിളിച്ചിരുന്നു. വേഗം തന്നെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ”

രാധികയുമായി സംസാരിച്ചിരുന്ന നേരത്ത് ദത്തൻ വന്ന് നയനയെ വിളിച്ചു. വീട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും ദത്തന്റെ കൂടെ പോവുന്നത് അവൾക്ക് അസഹനീയം ആയിരുന്നു.

” എന്താടാ ഇത്ര അത്യാവശ്യം നീ ദേവകി എടത്തിയോട് ചോദിച്ചില്ലേ..? ”

രാധിക കസേരയിൽ നിന്ന് എഴുനേറ്റ് ദത്തനോട് ചോദിച്ചു.

” എവിടെയോ അത്യാവശ്യമായി പോവാൻ ഉണ്ടെന്ന് പറഞ്ഞു. വേറെ ഒന്നും പറഞ്ഞില്ല. ”

നയനയെ നോക്കിയാണ് ദത്തൻ രാധികയ്ക്ക് മറുപടി കൊടുത്തത്..

” എന്നാ പിന്നെ ഇനി വൈകിക്കണ്ട. മോള് പൊയ്ക്കോ… ”

രാധിക നയനയോട് പറഞ്ഞു. മടിച്ചാണെങ്കിലും അവൾ ദത്തന്റെ ഒപ്പം ബൈക്കിൽ കയറി.

അങ്ങോട്ട് പോയത് പോലെ ഇപ്പോഴും അകന്ന് തന്നെയാണ് അവൾ ഇരുന്നത്. അവളുടെ ആ ഇരുപ്പ് മിററിൽ കൂടി കണ്ടപ്പോൾ ദത്തന്റെ മുഖത്ത് പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.

എത്ര അകന്നിരുന്നാലും നീ വൈകാതെ എന്റെ കൈപ്പിടിയിൽ വന്ന് ചേരും നയന മോളെ. ഓർമ്മ നഷ്ട്ടപെട്ട നിനക്ക് ഓർക്കാൻ വേണ്ടുവോളം ഓർമ്മകൾ ഞാൻ സമ്മാനിക്കുന്നുണ്ട്…

മനസ്സിൽ ഓരോന്ന് പറഞ്ഞ് ദത്തൻ ബൈക്കിന്റെ വേഗത കൂട്ടി. പ്രതീക്ഷിക്കാതെ നയന ദത്തന്റെ തോളിൽ ചെന്നിടിച്ചു. പെട്ടന്ന് തന്നെ അകന്നിരുന്നെങ്കിലും ഒരുനിമിഷത്തേക്ക് ശ്വസിച്ച അവന്റെ ഗന്ധം നയനയെ ആകെ അസ്വസ്ഥയാക്കി. മുൻപ് എവിടെയോ അടുത്തറിഞ്ഞ ഗന്ധം പോലെ അതവളെ വലയം ചെയ്തു…

വീടിന്റെ മുന്നിൽ എത്തിയതും നയന പെട്ടന്ന് തന്നെ ബൈക്കിൽ നിന്ന് ഇറങ്ങി ഒന്നും മിണ്ടാതെ വേഗം നടന്നു… ആ സമയത്ത് ദത്തന് നീരജിന്റെ കാൾ വന്ന കാരണം അവൻ വീട്ടിലേക്ക് കയറാതെ പെട്ടന്ന് തന്നെ പോയി.

നയന അകത്തേക്ക് ചെല്ലുമ്പോൾ ദേവകി ഇരുന്ന് കരയുന്നത് ആണ് കണ്ടത്. രാമനാഥൻ അടുത്തിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്..

” എന്താ അമ്മേ… എന്തിനാ കരയുന്നത്..? ”

നയന ഓടി ചെന്ന് ദേവകിക്ക് അരികിൽ ഇരുന്നു.

” മോളെ… അച്ചു കുറച്ച് മുൻപ് വിളിച്ചിരുന്നു… അവൻ ലച്ചു മോളെ കണ്ടെത്തി എന്ന്… ”

സന്തോഷം കൊണ്ട് ദേവകിയുടെ കണ്ണ് നിറഞ്ഞിരുന്നു. സത്യം ആണോ എന്നർത്ഥത്തിൽ നയന രാമനാഥനെ നോക്കി. അതെയെന്ന് അയാൾ തലയാട്ടി.

” അതിന് അമ്മ എന്തിനാ കരയുന്നത് നമുക്ക് വേഗം തന്നെ ലച്ചുവിനെ കാണാൻ പോവാം. അച്ഛൻ മാഹിയെട്ടനെ വിളിച്ചോ..? ”

” ഉവ്വ് മോളെ. അവൻ പെട്ടന്ന് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. ”

രാമനാഥൻ സന്തോഷത്തോടെ മറുപടി കൊടുത്തു.

പിന്നെ മൂന്ന് പേരും റെഡിയായി മഹിയെ കാത്തിരിപ്പ് ആയിരുന്നു.. കുറച്ച് കഴിഞ്ഞ് മഹി വന്നതും എല്ലാവരും യാത്ര തിരിച്ചു. വർഷങ്ങൾക്ക് ശേഷം നഷ്ട്ടപെട്ട മകളെ കിട്ടുന്ന സന്തോഷം അവരുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു….

………………………..

വർഷങ്ങളായി മനസ്സിൽ കരുതി വെച്ച സ്നേഹം മുഴുവൻ മീനുവിന് നൽകുന്ന തിരക്കിൽ ആയിരുന്നു അരവിന്ദ്…

” എന്റെ അച്ചു നീ ഇങ്ങനെ ഓരോന്ന് കുത്തി കേറ്റി കൊടുത്ത് അതിനെ കൊല്ലല്ലേ. ഇനിയും സമയം ഉണ്ടല്ലോ… ”

മീനുവിന് നിർബന്ധിച്ച് ആപ്പിൾ കൊടുക്കുന്ന അരവിന്ദനെ നോക്കി ശിവൻ കളിയാക്കി..

” നീ പോടാ… മോൾടെ ബോഡി വീക്ക്‌ ആണ് അതാ ഞാൻ നിർബന്ധിച്ച് കൊടുക്കുന്നത്. ”

” ഉവ്വ ഉവ്വ.. ”

ശിവന്റെയും അരവിന്ദന്റേയും സംസാരം കേട്ട് മീനു പുഞ്ചിരിയോടെ ഇരുന്നു…

” മോളെ…. ”

വാതിലിനരികിൽ നിന്ന് ആ വിളികേട്ടതും മൂന്ന് പേരും ഒരുമിച്ച് അങ്ങോട്ട് നോക്കി…

” നമ്മുടെ അമ്മയാ… ”

ആരെന്നർത്ഥത്തിൽ അരവിന്ദനെ നോക്കിയ മീനുവിന് അരവിന്ദ് മറുപടി കൊടുത്തു.

നിറകണ്ണുകളോടെ മീനു ദേവകിയെ നോക്കി. അപ്പോഴേക്കും ദേവകി വന്ന് മീനുവിനെ ചേർത്ത് പിടിച്ചിരുന്നു…

” എത്ര നാളായി അമ്മ മോളെ കാത്തിരിക്കുക ആയിരുന്നെന്ന് അറിയോ… ഒരുനോക്കെങ്കിലും ഒന്ന് കാണാൻ എത്ര കൊതിച്ചെന്ന് അറിയോ… ”

പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത സങ്കടം ആയിരുന്നു ദേവകിക്ക്…

” ആരും ഇല്ലാതെ ഞാനും ഒരുപാട് വിഷമിച്ചു അമ്മേ…. ഒരുപാട് ഒരുപാട്.. ”

മീനുവും കരയുകയായിരുന്നു…

” എന്താ ദേവി ഇത്.. നമുക്ക് നമ്മുടെ മോളെ
തിരിച്ച് കിട്ടിയില്ലേ. ഇനിയും പഴയതൊക്കെ പറഞ്ഞ് വിഷമിക്കുന്നത് എന്തിനാ … ”

രാമനാഥൻ വന്ന് ദേവകിയെ ആശ്വസിപ്പിച്ചു.

അച്ഛനും അമ്മയും മക്കളും പിന്നെ അവരുടെ നിമിഷങ്ങളിൽ ആയിരുന്നു. ശിവനും നയനയും മാറി നിന്ന് സന്തോഷത്തോടെ അത് നോക്കി നിന്നു…

എല്ലാവരോടും സംസാരിച്ച് നിൽക്കുന്നതിന് ഇടയിൽ ആണ് മീനു മാറി നിൽക്കുന്ന നയനയെ കണ്ടത്… നാളുകൾക്ക് ശേഷം പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടപ്പോൾ മീനുവിന്റെ സന്തോഷം മുഖത്ത് തെളിയുന്നുണ്ടായിരുന്നു…

മീനു നോക്കുന്നത് കണ്ടതും നയന അവളുടെ അടുത്തേക്ക് ചെന്നു..

” ലച്ചു… ഇത്പോലെയുള്ള അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും കിട്ടാൻ ഭാഗ്യം ചെയ്തവളാ നീ… ഇത്രയും നാളും നിന്നെ കാണാതെ ഇവർ എന്ത്‌ മാത്രം വേദനിച്ചെന്ന് കുറച്ച് നാള് കൊണ്ട് ഞാൻ മനസിലാക്കിയത് ആണ്… ഇനി ഒരിക്കൽ കൂടി നഷ്ടപ്പെടാതെ ഈ സ്നേഹം നിന്റെ ഒപ്പം എന്നും ഉണ്ടാവും. ”

നയനയുടെ വാക്കുകൾ കേട്ടതും മീനു വേദന കടിച്ചമർത്തി ചിരിക്കാൻ ശ്രെമിച്ചു. മീനു എന്ന് വിളിച്ച് കൂടെ നടന്ന ആൾ ലച്ചു എന്ന് വിളിച്ച് സംസാരിച്ചതോർത്ത് അവളുടെ ഉള്ള് നീറി.

” എല്ലാവരും യാത്ര ചെയ്ത് വന്നതല്ലേ ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിട്ട് വരാൻ.. ”

” ഞാനും വരുന്നു ശിവേട്ടാ… ”

ശിവൻ എഴുന്നേറ്റത്തിന് പുറകെ നയനയും ചെന്നു… അച്ഛനും അമ്മയും മക്കളും കുറച്ച് നേരം സംസാരിച്ചിരിക്കട്ടെ എന്ന് കരുതി ശിവൻ നയനയോട് എതിർത്തൊന്നും പറഞ്ഞില്ല.

” എന്താടോ താൻ ഒന്നും മിണ്ടാത്തെ… എന്തെങ്കിലും വിഷമം ഉണ്ടോ…? ”

നടക്കുന്നതിനിടയിൽ നയനയുടെ നിശബ്ദത കണ്ട് ശിവൻ ചോദിച്ചു.

” എന്നെ കാത്ത് ഇത് പോലെ ആരെങ്കിലും ഉണ്ടാവോ എന്ന് ഓർക്കുകയായിരുന്നു… ഉണ്ടാവില്ല. ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ അന്നേഷിച്ച്‌ വന്നേനെ അല്ലേ…? ”

ശിവനെ നോക്കി ഒരു നനഞ്ഞ ചിരി ചിരിച്ച് നയന മുന്നോട്ട് നടന്നു… നയനയോട് തിരിച്ചൊന്നും പറയാൻ കഴിയാതെ ശിവൻ നിശബ്തനായി… വേദന നിറഞ്ഞൊരു നിശബ്ദത..

” അവിടെ എന്താ ശിവേട്ടാ ഒരു ആൾകൂട്ടം പോലീസ് ഒക്കെ ഉണ്ടല്ലോ.. വാ നമുക്ക് ഒന്ന് നോക്കിയിട്ട് വരാം.. ”

രണ്ടടി നടന്നതും ഐ സി യൂ വിനെ ഭാഗത്തേക്ക്‌ ചൂണ്ടി നയന പറഞ്ഞു. ശിവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ നയന അങ്ങോട്ട് നടന്നിരുന്നു….

” പാവം കുട്ടി ആരോ പിച്ചി ചീന്തി കുറ്റി കാട്ടിൽ ഉപേക്ഷിച്ചത് ആണ്… അര പ്രാണനെ ഉള്ളൂ.. രക്ഷപെടാൻ സാധ്യത കുറവ് ആണ്… ”

നടക്കുന്നതിനിടയിൽ ആരോ തമ്മിൽ പറയുന്നത് കേട്ടതും അവ്യക്തമായ എന്തൊക്കെയോ നയനയുടെ മനസിലൂടെ മിന്നി മറഞ്ഞു. മുന്നോട്ട് നടക്കാൻ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ.

ഐ സി യൂ വിന്റെ ഡോറിന്റെ വൃത്തത്തിലൂടെ നയന അകത്തേക്ക് ഒന്ന് നോക്കി. മുഖത്ത് നിറയെ പാടുകളുമായി ഓക്സിജൻ മാസ്കിന്റെ സഹായത്തോടെ ശ്വസിക്കുന്ന ഒരു പതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി. ഒരു നിമിഷം അത് താൻ തന്നെ ആണെന്ന് നയനയ്ക്ക് തോന്നി… തലയ്ക്ക് അസഹനീയമായ വേദന തോന്നിയതും അവൾ കണ്ണുകൾ രണ്ടും മുറുക്കി അടച്ചു.

ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം അവളുടെ ഓർമയിലേക്ക് കടന്ന് വന്നു. തോളിൽ ഒരു കരസ്പർശം ഏറ്റതും അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി…

” എന്താടോ എന്ത്‌ പറ്റി…? ”

ശിവൻ അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിലേക്ക് നോക്കി ചോദിച്ചു.

” ഞാൻ…. അവൻ…. അവൻ….എന്നെ .. ”

പറഞ്ഞ് മുഴുവനാക്കുന്നതിന് മുൻപ് നയന ശിവന്റെ കയ്യിലേക്ക് തളർന്ന് വീണിരുന്നു.

( തുടരും )