19/04/2026

ശിവനയനം : ഭാഗം 04

രചന – നിള നന്ദ

ലിയൊരു പറമ്പിൽ പഴയൊരു ഇരുനില വീട്. ഒരു സൈഡിൽ വലിയൊരു മാവുണ്ട്. മറ്റേ സൈഡിൽ ഒരു പൂത്തോട്ടവും. കണ്ണടച്ച് നയന മുൻപ് എവിടെയെങ്കിലും ഈ വീട് കണ്ടിട്ടുണ്ടോ എന്നോർക്കാൻ ശ്രെമിച്ചു. രണ്ട് ദിവസത്തെ ഹോസ്പിറ്റലിൽ ജീവിതം അല്ലാതെ തന്റെ ഓർമകളിൽ ഒന്നും ഇല്ലെന്ന് വീണ്ടും തിരിച്ചറിഞ്ഞതും നയനയുടെ കണ്ണുകളിൽ ഈറനണിയിച്ചു. ആദ്യമായി കാണുന്നതാണെങ്കിലും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീൽ നയനയുടെ ഉള്ളിൽ നിറഞ്ഞു. വിലപ്പെട്ട എന്തൊക്കെയോ ഇവിടെ ഉണ്ടെന്നൊരു തോന്നൽ. ” ഇനി മുതൽ ഇതാ മോളുടെ വീട്… കയറി വാ.. ” ദേവകി നയനയുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു. ഓരോ അടി വെക്കുമ്പോഴും നയന ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്നു. തന്റെ ഓർമ്മകളിൽ എവിടെയെങ്കിലും മുൻപ് ഇവിടെ വന്നതിന്റെ ഒരു സൂചനയെങ്കിലും കിട്ടുമോ എന്നവൾ പരിശ്രെമിച്ചു.

പക്ഷേ ഒന്നും കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. ” ദേവകിയമ്മേ ഞാനൊന്ന് വീട് വരെ പോയിട്ട് വരാം.. “… ” ശരി നാരായണേട്ടാ… പോയിട്ട് നാളെ വന്നാൽ മതി. കുറച്ച് ദിവസം ആയില്ലേ വീട്ടീന്ന് പോന്നിട്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇവിടെ അച്ചു ഉണ്ടല്ലോ…” ദേവകിയുടെ സമ്മതം കിട്ടിയതും നാരായൺ സന്തോഷത്തോടെ അവിടന്ന് ഇറങ്ങി. ” മോള് ഒന്ന് പോയി ഫ്രഷ് ആയിക്കോളൂ. കുറേ ദൂരം യാത്ര ചെയ്തത് അല്ലേ.. ” ദേവകി മൂന്നാല് കവർ നയനയുടെ കയ്യിലേക്ക് കൊടുത്ത് ഒരു റൂം കാണിച്ച് കൊടുത്തു. ദേവകിയെ നോക്കിയൊന്ന് പുഞ്ചിരിച്ച് നയന അകത്തേക്ക് കയറി. കവർ ബെഡിന്റെ ഒരു സൈഡിൽ ഇട്ട് അവൾ അതിനടുത്ത് ഇരുന്നു. അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥം ആയിരുന്നു. താൻ ആരാണെന്നോ എന്താണെന്നോ ഒന്നും ഓർത്തെടുക്കാൻ കഴിയാത്തൊരു അവസ്ഥ.

എന്തായിരിക്കും തനിക്ക് സംഭവിച്ചിരിക്കുക.? ഇത്രയും ദിവസം ഹോസ്പിറ്റലിൽ കിടന്നിട്ടും ആരും തിരക്കി വരാതിരുന്നത് എന്താവും..? ഹോസ്പിറ്റലിൽ എത്തിപ്പെടുന്നതിന് മുൻപ് എന്തായിരുന്നിരിക്കും എന്റെ ജീവിതം..? ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ നയനയുടെ ഉള്ളിലൂടെ കടന്ന് പോയി. ഓരോന്ന് ഓർത്തെടുക്കാൻ ശ്രെമിക്കുമ്പോൾ തോറും തലയ്ക്ക് വല്ലാത്തൊരു കനം അനുഭവപ്പെട്ടു. എന്തൊക്കെയോ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നും ഇനിയും എന്തൊക്കെയോ സംഭവിക്കാൻ പോവുന്നെന്നും അവൾക്ക് തോന്നി. അധികം നേരം ആലോചിച്ചിരുന്നാൽ ആകെ ഭ്രാന്ത് പിടിക്കും എന്ന് തോന്നിയത് കൊണ്ട് അവൾ വേഗം എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി. ദേവകി കൊടുത്ത കവറിൽ നിന്ന് ഒരു മഞ്ഞ ദാവണി എടുത്തുടുത്ത് അവൾ റൂമിൽ നിന്ന് പുറത്തിറങ്ങി. അറിയാത്ത വീടും ആൾക്കാരും ആയത് കൊണ്ട് എന്ത്‌ ചെയ്യും എന്നറിയാതെ നടക്കുമ്പോൾ ആണ് ഹാളിൽ ദേവകിയെ കണ്ടത്.

ദേവകിയുടെ മടിയിൽ അരവിന്ദ് കിടക്കുന്നുണ്ട്. അരവിന്ദനെ ആദ്യമായി കാണുന്നത് കൊണ്ട് നയനെ അവനെ മനസിലാവാതെ നോക്കി. ” ആ നയന മോള് വന്നോ..? ഞാൻ അച്ചു മോനോട് മോളെ പറ്റി പറഞ്ഞു കൊണ്ടിരിക്കയിരുന്നു… ” നയനയെ കണ്ടതും ദേവകി പുഞ്ചിരിച്ചു. അമ്മയുടെ വാക്കുകൾ കേട്ട അരവിന്ദ് മുഖം ഉയർത്തി നയനയെ നോക്കി. ” ഇതാണോ ആള്.. കുറച്ച് ദിവസം ആയി ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഇയാളെ കുറിച്ച് ആണ്.. ” അരവിന്ദ് ദേവകിയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു. അരവിന്ദനെ നോക്കി നയന ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു. ” ഇപ്പൊ എങ്ങനെ ഉണ്ട്…? ഓക്കേ ആണോ.?” അരവിന്ദിന്റെ ചോദ്യത്തിന് നയന അതെയെന്ന് തലയാട്ടി. ” താനെന്താടോ ഇങ്ങനെ അവാർഡ് പടം പോലെ നിൽക്കുന്നത് എന്തെങ്കിലും പറയെടോ… ” ” മോനെ അച്ചു മോളിപ്പോ ഇങ്ങ് വന്നതല്ലേ ഉള്ളൂ. പതിയെ എല്ലാവരോടും സംസാരിച്ചോളും… ” അരവിന്ദന്റെ ചോദ്യത്തിന് ദേവകിയാണ് മറുപടി കൊടുത്തത്.

” ഓഹ് ആയിക്കോട്ടെ… എനിക്ക് ഒന്ന് പുറത്ത് പോണം. അമ്മ ഇവിടെ നയന മോളുടെ കൂടെ സംസാരിച്ചിരിക്ക്.. ” അരവിന്ദ് എഴുന്നേറ്റ് നിന്ന് ദേവകിയെ നോക്കി. ” ഇരുട്ട് ആവുമ്പോഴേക്കും വരണേ മോനെ.. ” ” അതെനിക്ക് അറിഞ്ഞൂടെ അമ്മ കുട്ടി.. ” ദേവകിയുടെ കവിളിൽ പതിയെ ഒന്ന് വലിച്ച് നയനയെ നോക്കി ഒന്ന് ചിരിച്ച് അരവിന്ദ് പുറത്തേക് പോയി. ” കെട്ടിക്കാറായി ഇപ്പോഴും കുഞ്ഞാണെന്ന വിചാരം.. ” അരവിന്ദ് പോവുന്നത് നോക്കി ദേവകി പറഞ്ഞു. ” മോള് വാ… വന്നിട്ട് ഇത് വരെ ഒന്നും കഴിച്ചില്ലല്ലോ.. ” ദേവകി നയനയെ വിളിച്ച് ഡൈനിങ് ടേബിളിന്റെ അരികിലേക്ക് പോയി. ” ലക്ഷ്മി ചായ എടുത്തിട്ട് വാ.. ” അടുക്കള ഭാഗത്തേക്ക്‌ നോക്കി ദേവകി വിളിച്ച് പറഞ്ഞതും അവിടെ ജോലിക്ക് വരുന്ന സ്ത്രീ ചായയും ആയി വന്നു. ചായ കുടിച്ച് തീർന്നതും വീട് മുഴുവൻ കാണിച്ച് തരാം എന്ന് പറഞ്ഞ് ദേവകി നയനയെ വിളിച്ച് നടന്നു.

താഴത്തെ നിലയിലുള്ള ഓരോ റൂമും നയന ദേവകിയുടെ ഒപ്പം നടന്ന് കണ്ടു. ദേവകി വാ തോരാതെ ഓരോന്ന് പറയുന്നുണ്ടെങ്കിലും നയന മൂളലിൽ ഉത്തരം ഒതുക്കി. താഴെ ഒരു റൂം പൂട്ടി കിടക്കുക ആയിരുന്നു. ആ റൂം ദേവകി തുറന്ന് കാണിക്കാതെ നയനയെ വിളിച്ച് കൊണ്ട് മുകളിലേക്ക് പോയി. ആ റൂമിനെ കുറിച്ച് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അബദ്ധം ആയി പോയെങ്കിലോ എന്നോർത്ത് നയന ഒന്നും മിണ്ടാതെ ദേവകിയുടെ ഒപ്പം മുകളിലേക്ക് കയറി. നടക്കുന്നതിനിടയിൽ നയന ഇടയ്ക്കിടയ്ക്ക് ആ റൂമിലേക്ക് തിരിഞ്ഞു നോക്കി. എന്തോ ഒന്ന് അവളെ അങ്ങോട്ട്‌ ആകർഷിക്കുന്നത് പോലെ അവൾക്ക് തോന്നി. ദേവകി മുകളിലെ ഒരു റൂം തുറന്ന് അകത്ത് കയറി നയനയെ അങ്ങോട്ട്‌ വിളിച്ചു. ” ഇത് അച്ചു മോന്റെ റൂം ആണ്. അവന്റെ ലോകം എന്ന് വേണമെങ്കിൽ പറയാം. ” ദേവകിയുടെ വാക്കുകൾ കേട്ട് നയന ചുറ്റും കണ്ണോടിച്ചു. നല്ല വൃത്തി ഉള്ള വിശാലമായ റൂം ആണ്. എല്ലാം അടക്കി ഒതുക്കി വെച്ചിട്ടുണ്ട്.

റൂമിന്റെ ഒരു സൈഡിൽ ഷെൽഫിൽ നിറയെ ബുക്കുകൾ ആണ്. ചുവരിൽ കുറേ പെയിന്റിംഗ് ഉണ്ട്. അതിൽ ഓരോന്നും നോക്കി അവൾ നടന്നു. ഒരു സൈഡിൽ കിടക്കുന്ന ഫ്രെമിലെ അഞ്ചു വയസുള്ള ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടതും നയന കണ്ണ് ചിമ്മാതെ അതിലേക്ക് തന്നെ നോക്കി നിന്നു. ചായങ്ങളിൽ മുങ്ങിയ ചിത്രം ആയത് കൊണ്ട് മുഖം കൃത്യമായി മനസിലാവുന്നുണ്ടായില്ല. എന്നാലും ആ ചിത്രവുമായി തനിക്കെന്തോ ബന്ധം ഉണ്ടെന്ന് അവൾക്ക് തോന്നി. ഒരു നിമിഷം കൊണ്ട് അത്രമേൽ ആ ചിത്രം അവളുടെ ഉള്ളിൽ പതിഞ്ഞിരുന്നു. അധിക നേരം ആ ചിത്രത്തിലേക്ക് നോക്കാൻ കഴിയാതെ നയന വേഗം മുഖം തിരിച്ചു. തല പെരുക്കുന്നത് പോലെ തോന്നിയതും കണ്ണടച്ച് അവൾ നെറ്റിയിൽ തടവി. ” എന്താ മോളെ സുഖമില്ലേ…? ” ദേവകി ഓടി വന്ന് നയനയുടെ മുഖം പിടിച്ചുയർത്തി.

” എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മേ ചെറിയ തലവേദന. ” ” മോള് ഇവിടെ ഇരിക്ക് അമ്മ പോയി കുടിക്കാൻ വെള്ളം എടുത്തിട്ട് വരാം. ” ” എനിക്ക് കുഴപ്പം ഒന്നും ഇല്ലമ്മേ.. ” ” അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. തലവേദന വന്നാൽ ശ്രദ്ധിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ” ദേവകി നയനയെ പിടിച്ച് ബെഡിൽ ഇരുത്തി താഴേക്ക് പോയി. അവിടെ ഇരുന്ന് നയന നെറ്റി തടവി. ആ നേരത്താണ് നയന ബെഡിൽ കിടക്കുന്ന ഒരു ബുക്ക്‌ കണ്ടത്. നയന അത് കയ്യിലെടുത്ത് നോക്കി. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി. ആ പേര് വായിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ” മോളെ ദാ വെള്ളം കുടിക്ക്. ” ദേവകി വെള്ളം നീട്ടിയതും നയന ആ ബുക്ക്‌ താഴെ വെച്ച് വെള്ളം വാങ്ങി കുടിച്ചു. ” ഇനി മതി മോള് കുറച്ച് നേരം പോയി കിടന്നോളു. ” ദേവകി നയനയെ വിളിച്ച് താഴേക്ക് കൊണ്ട് നടന്നു. പോവുന്നതിന് മുൻപ് ഒരിക്കൽ കൂടി നയന ആ ചിത്രത്തിലേക്ക് തിരിഞ്ഞ് നോക്കി.

തിരികെ റൂമിൽ വന്ന് നയന കിടന്നു. ഓരോന്ന് ഓർത്ത് എപ്പോഴോ മയങ്ങി. രാത്രി ഫുഡ് കഴിക്കാൻ ദേവകി വന്ന് വിളിച്ചപ്പോൾ ആണ് നയന ഉണർന്നത്. ഡൈനിങ് ടേബിളിന്റെ മുന്നിൽ അരവിന്ദ് ഉണ്ടായിരുന്നു. ദേവകി രണ്ട് പേർക്കും ചോറ് വിളമ്പി കൊടുത്തു. എന്നത്തേയും പോലെ ദേവകി തന്റെ പ്ലേറ്റിൽ നിന്ന് അരവിന്ദിന് ആദ്യത്തെ ഉരുള ചോറ് കൊടുത്തു. പിന്നെ അടുത്തിരുന്ന നയനയുടെ നേർക്ക് ഒരുറുള നീട്ടി. നിറകണ്ണുകളോടെ നയന അത് കഴിച്ചു. ” എന്റെ കയ്യിന്ന് എന്നും രാത്രി ഒരുറുള കഴിക്കാതെ ഇവന് തൃപ്തി ആവില്ല. മഹി കൂടെ ഉണ്ടെങ്കിൽ പറയണ്ട. ചേട്ടനും അനിയനും അതിന് അടി ആവും. ” ദേവകി അരവിന്ദനെയും നയനയെയും മാറി മാറി നോക്കി. ” മഹി വന്നാൽ അമ്മയ്ക്ക് അവനോട് അല്ലേ പ്രിയം. ഇളയ പുത്രൻ അല്ലേ.. ” അരവിന്ദ് പരിഭവ ഭാവത്തിൽ പറഞ്ഞു. ” എനിക്ക് നിങ്ങൾ രണ്ട് പേരും ഒരു പോലെ അല്ലേ. ഇപ്പോ എന്റെ മോളും. ” ദേവകി നയനയുടെ നെറുകയിൽ തലോടി. ഓർക്കാൻ കഴിഞ്ഞ കാലം ഇല്ലെങ്കിലും സുന്ദരം ആയ ഇന്ന് അവളുടെ ഉള്ളിൽ ഒരു കുളിർക്കാറ്റായി പതിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മരുന്നും കഴിച്ച് നയന വേഗം കിടന്നു.

മരുന്നിന്റെ എഫക്റ്റിൽ നയന പെട്ടന്ന് തന്നെ ഉറങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റ് ഫ്രഷ് ആയി ദേവകിയുടെ അടുത്തേക്ക് ചെന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ബ്രേക്ഫാസ്റ് കഴിച്ചു. ” അമ്മേ ഞാൻ ഇറങ്ങാ. ഉച്ചയ്ക്ക് വരാം. ” കഴിച്ച് കഴിഞ്ഞതും അരവിന്ദ് ദേവകിയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ” അമ്മേ ഇവിടെ വെറുതെ ഇരുന്ന് എനിക്ക് ബോറടിക്കും അച്ചുവേട്ടന്റെ കൂടെ ഞാനും പൊയ്ക്കോട്ടേ.. ” അരവിന്ദ് പോവുന്നത് നോക്കി നയന ദേവകിയോട് ചോദിച്ചു. ” ശരി മോള് പോയിട്ട് വാ.. ” ദേവകിയുടെ മറുപടി കേൾക്കേണ്ട താമസം നയന പുറത്തേക്കിറങ്ങി അരവിന്ദന്റെ പുറകെ ഓടി. ” അച്ചുവേട്ടാ… നിക്ക് ഞാനും വരുന്നു. ” നയന അരവിന്ദന്റെ പുറകെ എത്താൻ ഓടി. വിളി കേട്ടതും അരവിന്ദ് നടത്തം നിർത്തി തിരിഞ്ഞ് നോക്കി. അവന്റെ അടുത്തെത്തി നയന നിന്ന് കിതച്ചു. ” ഇയാളെന്താ എന്നെ വിളിച്ചത്…? ” അവളുടെ മുഖത്തേക്ക് നോക്കി കുസൃതി ചിരിയാലെ അവൻ ചോദിച്ചു. ” അത്…. അത് പിന്നെ… അച്ചുവേട്ടൻ… ഇഷ്ട്ടപെട്ടില്ലേ…? ” വിക്കി വിക്കി അവൾ പറയുന്നത് കേട്ട് അവന് ചിരി വന്നു.

” ഇഷ്ട്ടപെട്ടു ഇഷ്ട്ടപെട്ടു…. എന്താ ഓടി പാഞ്ഞു വന്നത്..? ” ” അവിടെ വെറുതെ ഇരുന്നാൽ ബോറടിക്കും അതാ… ” ” ഓഹ് എന്നാ വാ… ” അരവിന്ദിന്റെ പുറകെ പാടവരമ്പത്ത് കൂടി നയന നടന്നു. ” അച്ചുവേട്ടൻ എന്താ എഞ്ചിനീയറിംഗ് പാസ്സ് ആയിട്ടും ജോലിക് പോകാതെ കൃഷി ചെയ്യുന്നത്..? ” നടക്കുന്നതിനിടയിൽ നയന അരവിന്ദനെ നോക്കി ചോദിച്ചു. ” നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ എഞ്ചിനീയർമാരും ഡോക്ടർമാരും ഉണ്ടെടോ. കൃഷി ചെയ്യാനാ ആളില്ലാത്തത്. ഈ പാടം ഒക്കെ ഞങ്ങളുടെ ആണ്. അച്ഛൻ ഇവിടെ ആണ് കൃഷി ചെയ്തിരുന്നത്. ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ഞാനും ഓരോന്ന് സഹായിക്കും ആയിരുന്നു. ഇപ്പൊ ഈ മണ്ണിലാണ് എന്റെ ജീവന്റെ തുടിപ്പ്. ” അരവിന്ദന്റെ വാക്കുകൾ കേട്ടപ്പോൾ നയനയുടെ ഉള്ളിൽ അവനോട് ഒരു ബഹുമാനം തോന്നി. ” എനിക്ക് കുറച്ച് പണി ഉണ്ട്. നയന അധികം ദൂരത്തേക്ക് ഒന്നും പോവാതെ വയലൊക്കെ ഒന്ന് ചുറ്റി കണ്ടോളു.. ” അരവിന്ദ് പറയുന്നത് കേട്ട് നയന സന്തോഷത്തോടെ മുന്നോട്ട് നടന്നു. കാഴ്ച്ചകളൊക്കെ കണ്ട് നടക്കുന്ന നേരത്താണ് ഒരു പശു അവൾക്ക് നേരേ പാഞ്ഞു വരുന്നത് അവൾ കണ്ടത്.

പശുവിന്റെ വരവ് കണ്ട് പേടിച്ച നയന പേടിച്ച് ഒരു ഓട്ടം ആയിരുന്നു. പശുവിനെ തിരിഞ്ഞ് നോക്കി ഓടുന്നതിന് ഇടയിൽ അവൾ എതിരെ വരുന്ന ആരെയോ ചെന്നിടിച്ച് അയാളുടെ ഒപ്പം ഒരു കണ്ടത്തിലേക്ക് വീണു. നയന അയാളുടെ മേലെ ആണ് കിടന്നിരുന്നത്. ആകെ ചെളി ആയിരുന്നത് കൊണ്ട് മുഖം വ്യക്തം അല്ലായിരുന്നു. എങ്കിലും തന്നെ തുറിച്ച് നോക്കുന്ന ആ കണ്ണുകളിൽ അവൾ എല്ലാം മറന്ന് അലിഞ്ഞു പോയി. ” എഴുന്നേറ്റ് മാറടി ഭദ്രകാളി. ” അവൻ അവളെ തള്ളി മാറ്റി എഴുന്നേറ്റു. ” വീഴണം എന്നുണ്ടെങ്കിൽ നിനക്ക് തന്നെ വീണാൽ പോരേ എന്താടി എന്നെ കൂടെ തള്ളിയിട്ടത്..? ” അവന്റെ അമർഷത്തോടെയുള്ള ചോദ്യം കേട്ടതും നയന ചെളിയിൽ നിന്ന് എഴുന്നേറ്റ് അവന് അഭിമുഖമായി നിന്നു. ” ഞാൻ…. അത്… പശു… ” ” നിനക്ക് എന്താടി വിക്കുണ്ടോ…? പാഞ്ഞു വന്ന് എന്റെ നെഞ്ചത്തോട്ടു കയറാൻ നല്ല ഉത്സാഹം ആയിരുന്നല്ലോ.. അല്ല ഏതാ നീ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ..? ” അവന്റെ അലർച്ച കേട്ടതും നയന ഒന്നും മിണ്ടാതെ നിന്നു.

” എന്താടി ഭദ്രകാളി നീ ഒന്നും മിണ്ടാത്തെ നിന്റെ നാക്ക് ഇറങ്ങി പോയോ… ” അവൻ അവളുടെ കയ്യിൽ പിടിച്ച് കുലുക്കി. ” ശിവാ… എന്താടാ പ്രശ്നം..? ” അരവിന്ദന്റെ ശബ്‌ദം കേട്ടതും ശിവ തിരിഞ്ഞ് നോക്കി. ” ദാ നോക്ക് ഇവള് കാണിച്ച് വെച്ചത്. ഞാൻ ഒരു കല്യാണത്തിന് പോവാൻ ഇറങ്ങിയതാ അപ്പോഴാ ഈ ഭദ്രകാളി വന്നെന്നെ തള്ളി ഇട്ടത്. എവിടുന്ന് വന്നോ എന്തോ… നോക്കുന്നത് കണ്ടില്ലേ സാധനം. ” ശിവ നയനയെ നോക്കി കണ്ണുരുട്ടി. അവന്റെ നിൽപ്പും ഭാവവും കണ്ട് അരവിന്ദ് ചിരി കടിച്ചമർത്തി. ” ഇവളിപ്പോ വന്നത് എന്റെ വീട്ടിൽ നിന്നാ. ബാക്കിയൊക്കെ ഞാൻ വഴിയെ പറഞ്ഞ് തരാം. നീ ഇപ്പൊ പോയി ഈ ചളി ഒക്കെ കഴുകി കളയ്. ” അരവിന്ദ് പറയുന്നത് കേട്ട് ശിവ നയനയെ കനപ്പിച്ചൊന്നു നോക്കി അടുത്തുള്ള തോട്ടിലേക്ക് പോയി. ” നീ എന്താടി അവനെ തട്ടി ഇട്ടത്..? ” ശിവ പോയതും അരവിന്ദ് നയനയെ നോക്കി ചോദിച്ചു. ” ഞാൻ ഒരു പശുവിനെ കണ്ട് പേടിച്ച് ഓടിയതാ. പക്ഷേ അതൊരു വെട്ടു പോത്തിന്റെ മുന്നിലേക്ക് ആണെന്ന് അറിഞ്ഞില്ല.

” നയന പറഞ്ഞത് കേട്ട് അരവിന്ദ് ഒന്ന് ചിരിച്ചു. ” അവൻ കേൾക്കണ്ട. ശെരിക്കും വെട്ട് പോത്ത് ആവുന്നത് കാണാം. ” ” ആരാ അച്ചുവേട്ടാ അത്..? ” ” ശിവാനന്ദ്… എന്റെ കൂട്ടുകാരൻ ആണ്. ഞാനും ശിവയും വിവേകും ഒരുമിച്ച് കളിച്ച് വളർന്നവരാ. ഇവിടെ ഹൈ സ്കൂൾ അധ്യാപകൻ ആണ്.. പൊതുവെ ആളൊരു ശാന്ത സ്വഭാവകാരൻ ആണ്. പക്ഷേ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. സാക്ഷാൽ പരമശിവനെ പോലെ. ” അരവിന്ദ് പറഞ്ഞ് നിർത്തിയതും നയന ശിവനെ ഒന്ന് നോക്കി. തോട്ടിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരി എടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു ശിവനപ്പോൾ. ( തുടരും ) എല്ലാരും ഒരു അഭിപ്രായം പറഞ്ഞിട്ട് പോണേ…