Karimizhi

The World of Malayalam Stories

തുടർക്കഥകൾ

ശിവനയനം ; ഭാഗം 10

രചന – നിള നന്ദ

അരവിന്ദ് ഉച്ചയ്ക്ക് പാടത്ത് നിന്ന് വരുമ്പോൾ ദേവകിയും രാമനാഥും ഹാളിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ട് വിശ്വസിക്കാൻ കഴിയാതെ അന്ധാളിച്ച് നിന്നു.

” മോനെ അച്ചു… ”

അരവിന്ദനെ കണ്ടതും രാമനാഥൻ വാത്സല്യത്തോടെ വിളിച്ചു. ആ വിളി അരവിന്ദന്റെ ഉള്ളിൽ തട്ടിയെന്ന് അവന്റെ നിറഞ്ഞ കണ്ണുകൾ വിളിച്ച് പറയുന്നുണ്ടായിരുന്നു.

” അച്ഛാ… ”

ഒരു പൊട്ടിക്കരച്ചിലോടെ അരവിന്ദ് ഓടിച്ചെന്ന് അച്ഛന്റെ മാറിലേക്ക് ചാഞ്ഞു. ഇത്രയും നാൾ അടക്കിവെച്ചിരുന്ന പരാതികളും പരിഭവങ്ങളും വേദനകളുമെല്ലാം അവൻ അച്ഛന്റെ നെഞ്ചിൽ കണ്ണുനീരാൽ പടർത്തി.

” കരയാതെ മോനെ ഇനി അച്ഛനില്ലേ നിങ്ങൾക്ക്…”

രാമനാഥൻ അരവിന്ദന്റെ മുഖം പിടിച്ചുയർത്തി.

” അച്ഛൻ… അച്ഛനെങ്ങനെ റൂമിന് പുറത്ത്..? ”

കണ്ണ് തുടച്ച് അരവിന്ദ് അച്ഛനെ നോക്കി. അതിന് മറുപടി പറയാതെ രാമനാഥൻ ദേവകിക്ക് അരികിൽ നിൽക്കുന്ന നയനയെ നോക്കി.

” നയന മോളാ അച്ഛനെ പുറത്തേക്ക് കൂട്ടികൊണ്ട് വന്നത്. ഞാൻ പോലും അച്ഛൻ പുറത്ത് വന്നപ്പോഴാ മോനെ കണ്ടത്.. ”

ദേവകി നയനയെ ചേർത്ത് നിർത്തി പറഞ്ഞു. അരവിന്ദ് നയനയെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവളുടെ അടുത്തേക്ക് ചെന്നു.

” നന്ദി പറയാനാണെങ്കിൽ വേണ്ട ഏട്ടാ. വെറുതെ ചളമാക്കണ്ട..”

അരവിന്ദ് എന്തോ പറയാൻ തുടങ്ങുന്നതിന് മുൻപ് നയന ചാടിക്കയറി പറഞ്ഞു. അരവിന്ദ് സ്നേഹത്തോടെ അവളുടെ നെറുകയിൽ തലോടി.

” ഞങ്ങളുടെ ഭാഗ്യമാണ് മോളെ കിട്ടിയത്..”

” അല്ല അച്ചുവേട്ടാ… എന്റെ ഭാഗ്യമാണ് ഇതുപോലൊരു അച്ഛനെയും അമ്മയെയും ഏട്ടനേയും കിട്ടിയത്.. ”

നയന എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.

” അമ്മ മഹിയെ വിളിച്ച് ഈ കാര്യം പറഞ്ഞോ..? ”

അരവിന്ദ് ദേവകിയെ നോക്കി ചോദിച്ചു.

” പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞിരുന്നു. കാര്യം പറഞ്ഞില്ല. വരുമ്പോൾ ഒരു സർപ്രൈസ് ആയിക്കോട്ടെ.. ”

ദേവകി രാമനാഥന്റെ അടുത്തേക്ക് ചേർന്ന് നിന്നു.

കയ്യിലെ പ്ലാസ്റ്റ് അഴിക്കാതെ മഹി വീട്ടിലേക്ക് വരില്ലെന്ന് അരവിന്ദന് അറിയാമായിരുന്നു. ആക്‌സിഡന്റ് പറ്റിയ കാര്യം അമ്മ അറിഞ്ഞാൽ വിഷമിക്കും എന്നവന് അറിയാം.

ഉച്ചയ്ക്ക് ശേഷം അരവിന്ദ് പാടത്തേക്ക് പോയില്ല. അച്ഛന്റെയും അമ്മയുടെയും കൂടെ സംസാരിച്ചിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ശാന്തത അവനനുഭവപ്പെട്ടു.

” മോളെ.. ”

നയന ഉമ്മറത്ത് ഇരിക്കുമ്പോൾ രാമനാഥൻ അരികിൽ ചെന്നിരുന്ന് വിളിച്ചു.

” എന്താ അച്ഛാ… ”

അദ്ദേഹത്തിന്റെ അടുത്തേക്ക് മുഖം തിരിച്ച് അവൾ ചോദിച്ചു.

” മോൾക്ക് ലച്ചുവിനെ അറിയാം എന്ന് പറഞ്ഞത് കള്ളം അല്ലേ…? ”

പെട്ടന്ന് രാമനാഥന്റെ ചോദ്യം കേട്ട് നയന ഒന്ന് പതറി.

” അത് അച്ഛാ… ഞാൻ… ”

” മോള് വിഷമിക്കൊന്നും വേണ്ട. യാഥാർത്യം ഉൾകൊള്ളാൻ മനസ്സിന് ശക്തി ഇല്ലാതെ പോയത് കൊണ്ടാ ഞാൻ ഇത്രയും നാൾ…
ഇപ്പോഴാ ഞാൻ കാരണം എല്ലാവരും എന്ത്‌ മാത്രം വിഷമിച്ചെന്ന് മനസിലായത്… മോള് വെറുതെയെങ്കിലും അങ്ങനെ പറഞ്ഞത് കൊണ്ടാ ഞാൻ ആ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത്.. ”

രാമനാഥൻ വാത്സല്യത്തോടെ നയനയുടെ കവിളിൽ തലോടി. തിരികെ ഒന്നും പറയാതെ നയന മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ചു.

വൈകിട്ട് അരവിന്ദും രാമനാഥനും നയനയും കൂടി പുറത്തേക്ക് ഇറങ്ങി. കുറേ നാള് കൂടി എല്ലാം കാണുന്നതിന്റെ സന്തോഷം രാമനാഥന്റെ മുഖത്തും അച്ഛന്റെ കൂടെ പോവുന്നതിന്റെ സന്തോഷം അരവിന്ദന്റെ മുഖത്തും ഉണ്ടായിരുന്നു. നയന അവര് രണ്ടുപേരും പറയുന്നത് ശ്രെദ്ധിച്ചോണ്ട് പുറകെ തന്നെ ഉണ്ടായിരുന്നു.

അവര് ആദ്യം പോയത് ശിവന്റെ വീട്ടിലേക്ക് ആയിരുന്നു. രാമനാഥനെ കണ്ടതും കൃഷ്ണന്മാഷ് ഒന്ന് ആച്ഛര്യത്തോടെ നോക്കി. കുറച്ച് നേരത്തിന് ശേഷം യാഥാർഥ്യത്തിലേക്ക് തിരിച്ച് വന്നതും കൃഷ്ണന്മാഷ് ഓടി ചെന്ന് രാമനാഥനെ കെട്ടിപിടിച്ചു.

” എത്ര നാളയെടാ നിന്നെ ഒന്ന് കണ്ടിട്ട്. അടച്ച് പൂട്ടി ഇരുന്നപ്പോൾ നീ ഞങ്ങളെയൊക്കെ മറന്നില്ലേ… ”

പരിഭവം കലർത്തി കൃഷ്ണന്മാഷ് ചോദിച്ചു.

” ഒന്നും നേരിടാനുള്ള ത്രാണി ഇല്ലായിരുന്നെടാ എനിക്ക്. മോളെ നഷ്ടപ്പെട്ടപ്പോൾ സ്നേഹം ഇരുട്ടിനോട് മാത്രമായി. എല്ലാത്തിൽ നിന്നും ഓടി ഒളിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.”

രാമനാഥൻ കൃഷ്ണന്മാഷിന്റെ കണ്ണിലേക്ക് നോക്കി. വർഷങ്ങളായുള്ള സൗഹൃദം ആയിരുന്നു അവരുടേത്. ഇത്രയും നാൾ ഒന്ന് കാണണോ ചേർത്ത് നിർത്താനോ കഴിയാതെ മാഷ് വല്ലാതെ വേദനിച്ചിരുന്നു.രാമനാഥന്റെ അവസ്ഥ ഓർത്തുള്ള വേദയയിൽ ആരോ പതിയെ തലോടിയതായി അയാൾക്ക് തോന്നി.

കാലങ്ങൾക്കിപ്പുറം രണ്ട് സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ അരവിന്ദും നയനയും മാലതിയും നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നിന്നു.

എല്ലാവരും കൂടി അകത്തിരുന്ന് ചായയും കുടിച്ച് സംസാരിച്ചിരുന്ന നേരത്താണ് ശിവൻ സ്കൂളിൽ നിന്ന് വന്നത്. അച്ഛന്റെ കാര്യം അരവിന്ദ് വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് ശിവന്റെ മുഖത്ത് ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടമായിരുന്നു.

” നീ എന്താ മോനെ അവിടെ തന്നെ നിന്നത്..?”

ശിവനെ കണ്ടതും മാലതി ചോദിച്ചു.

” ഒന്നൂല്ല. ഞാൻ രാമച്ചനെ നോക്കുകയായിരുന്നു.. ”

ശിവന്റെ മറുപടി കേട്ടതും രാമനാഥൻ ശിവനെ കുറച്ച് നേരം സൂക്ഷിച്ച് നോക്കി. പിന്നെ നോട്ടം പതിയെ കൃഷ്ണന്മാഷിലേക്ക് നീണ്ടു.

” ഇങ്ങനെ നോക്കണ്ടടൊ ഇത് എന്റെ മകൻ ശിവൻ തന്നെയാ… തന്റെ അനന്ദുട്ടൻ.. ”

കൃഷ്ണന്മാഷിന്റെ മറുപടി കേട്ടതും രാമനാഥൻ നോട്ടം വീണ്ടും ശിവനിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ മക്കളോടൊപ്പം ഓടി കളിക്കുന്ന കുഞ്ഞ് ശിവാനന്ദന്റെ മുഖം തെളിഞ്ഞു. ഞാൻ മാത്രം ആയിരുന്നു അവനെ അനന്തുട്ടാന്ന് വിളിക്കാറ്. മറ്റാരും അങ്ങനെ വിളിക്കുന്നത് അവന് ഇഷ്ട്ടമല്ലായിരുന്നു.
മഹിയെക്കാളും അച്ചുവിനെക്കാളും ഞാൻ തോളിലേറ്റി നടന്നിരുന്നത് അനന്ദുട്ടനെ ആയിരുന്നു. ഇപ്പോൾ ആളാകെ വളർന്നു വലുതായിരിക്കുന്നു. എങ്കിലും ആ കുഞ്ഞനന്ദുട്ടന്റെ നിഷ്കളങ്ക ഇപ്പോഴും മുഖത്തുണ്ട്.

മാറി മറിയുന്ന വർഷവും വസന്തവും വേനലും അറിയാതെ… തന്റെ മക്കളുടെ വളർച്ച അറിയാതെ… ഒറ്റയ്ക്ക് തന്റെ ഭാര്യ അനുഭവിച്ച വേദനകളറിയാതെ… ഒരു ഇരുട്ട് മുറിയിൽ കാലങ്ങൾ കഴിച്ചതോർത് അയാൾക്ക് സ്വയം പുച്ഛം തോന്നി.

” രാമച്ചനെന്താ ഇങ്ങനെ നോക്കുന്നത്…? ”

രാമനാഥന്റെ നോട്ടം കണ്ട് ശിവൻ സംശയഭാവത്തിൽ നോക്കി.

” അനന്ദുട്ടൻ ആകെ മാറിയത് നോക്കുകയായിരുന്നു. എന്തെല്ലാമാണ് ഞാൻ നഷ്ടപ്പെടുത്തിയത്.. ”

രാമനാഥന്റെ കൺകോണിൽ ഒരു നനവ് പടർന്നു.

” അതൊക്കെ കഴിഞ്ഞില്ലേ രാമച്ചാ.. ദുർഗന്ധം ആണ് പരക്കുന്നതെങ്കിൽ ചില കാര്യങ്ങൾ വീണ്ടും ഓർമ്മിക്കത്തതാണ് നല്ലത്.. ”

ശിവൻ രാമനാഥന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു. ശിവനെ നോക്കി ശരിയെന്നർത്ഥത്തിൽ അദ്ദേഹം പുഞ്ചിരിച്ചു. പിന്നെയും കുറേ നേരം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിച്ചു.

” എനിക്കൊന്ന് വായനശാല വരെ പോണം. നമുക്ക് പിന്നെ കാണാടാ.. ”

ശിവൻ എഴുനേറ്റ് അരവിന്ദനെ നോക്കി.

” ശരി പോയിട്ട് വാ.. ”

അരവിന്ദ് ശിവനെ നോക്കി ചിരിച്ചു.
ശിവൻ മുറ്റത്തേക്ക് ഇറങ്ങിയതും നയന തുറന്ന് കിടന്ന ജനലഴികളിലൂടെ ശിവൻ സൈക്കിൾ എടുക്കുന്നത് കണ്ടു. നയന പെട്ടന്ന് എല്ലാവരെയും നോക്കി ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഓടി. ശിവനുമായി തല്ലുകൂടാനാണ് ആ പോക്കെന്ന് ഓർത്തപ്പോൾ അരവിന്ദന്റെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു.

” മാഷേ മാഷേ… ഒന്ന് നിന്നെ.. ”

നയന ഓടി ചെന്ന് ശിവന്റെ സൈക്കിളിന് മുന്നിൽ നിന്നു.

” എന്താടി ഭദ്രകാളി..? ”

ശിവനവളെ നോക്കി നെറ്റി ചുളിച്ചു.

” എന്നെ കൂടി കൊണ്ട് പോകാമോ..? ”

കുഞ്ഞുങ്ങളെ പോലെ ചിണുങ്ങിക്കൊണ്ട് നയന ശിവനെ നോക്കി.

” എങ്ങോട്ട്…? ”

” വായനശാലയിലേക്ക്.. പ്ലീസ് മാഷേ എന്നെ കൂടെ ഒന്ന് കൊണ്ട് പോന്നെ.. ”

അവളുടെ മുഖം കണ്ടപ്പോൾ തമാശയ്ക്ക് പോലും വേണ്ടെന്ന് പറയാൻ അവന് തോന്നിയില്ല. ശരിയെന്ന് അവൻ പറഞ്ഞതും നയന വേഗം ചെന്ന് അവന്റെ മുന്നിലിരുന്നു.

നയന നെഞ്ചിൽ ചാരി ഇരുന്നതും ഒരു നിമിഷം അവന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി. ഇതുവരെ തോന്നാത്ത എന്തോ ഒരു അനുഭൂതി.

” എന്താ മാഷേ പോവുന്നില്ലേ..? ”

നയനയുടെ ചോദ്യമാണ് അവനെ ആ അവസ്ഥയിൽ നിന്നുണർത്തിയത്. ഒന്നും മിണ്ടാതെ ശിവൻ സൈക്കിൾ മുന്നോട്ട് ചവിട്ടി. സാധാരണ എന്തെങ്കിലും പറഞ്ഞ് ഉടക്കിയിരുന്ന രണ്ട് പേരും എന്തുകൊണ്ടോ നിശബ്തരായി.

ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ ശക്തിയിൽ മൗനം സംസാരിക്കും. പക്ഷേ മനസിലാക്കേണ്ടവർ തമ്മിൽ മനസിലാക്കാതെ വരുമ്പോൾ മൗനം പരാജയപെട്ടു പോവുന്നു.

” ടീ കാളി നിനക്ക് സൈക്കിൾ ചവിട്ടാൻ അറിയുമോ..? ”

നിശബ്തതയെ ഭേദിച്ചുകൊണ്ട് ശിവൻ ചോദിച്ചു. ഇല്ലെന്ന് അവൾ തോള് പൊക്കി കാണിച്ചു.

” ചവിട്ടാൻ പഠിക്കണോ..? ”

ചോദ്യം കേട്ടതും നയന മുഖം തിരിച്ച് ശിവനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയപോലെ ശിവൻ സൈക്കിൾ ഒരു സൈഡിൽ ഒതുക്കി ഇറങ്ങി.

നയനയെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന നേരത്ത് അവളുടെ മുഖത്ത് തെളിയുന്ന പേടിയും അങ്കലാപ്പും ശിവൻ ആസ്വദിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരത്തെ പരിശ്രമത്തിന് ശേഷം നയന ഒരു വിധം ചവിട്ടാൻ തുടങ്ങി. എങ്കിലും എന്തോ ഒരു പേടി അവളിൽ ഉണ്ടായിരുന്നു.

” താൻ ചവിട്ടിക്കൊ ഞാൻ പിടിച്ചോളാം.. ”

ശിവൻ സൈക്കിളിന്റെ പിന്നിൽ പിടിച്ചു. ആ ധൈര്യത്തിൽ ശിവനെ ഒന്ന് നോക്കി നയന സൈക്കിൾ ചവിട്ടി. കുറച്ച് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോഴാണ് ശിവൻ ദൂരെ കയ്യും കെട്ടി നോക്കി നിൽക്കുന്നത് അവൾ കണ്ടത്.

ഇത്രയും നേരം തന്നെ ചവിട്ടിയത് ഓർത്തപ്പോൾ അവൾക്ക് ഉള്ളിൽ പേടി തോന്നി. മുന്നോട്ട് ചവിട്ടാൻ കഴിയാത്തത് പോലെ… പെട്ടന്ന് അവൾ സൈക്കിൾ അടക്കം മറിഞ്ഞ് പാടത്തെ ചളിയിലേക്ക് വീണു.

നയന വീഴുന്നത് കണ്ടതും ശിവൻ ഓടി അവരുടെ അടുത്തേക്ക് ചെന്നു. നയന വീണത് കണ്ട് ആദ്യം ഉള്ളൊന്ന് പിടഞ്ഞെങ്കിലും അവളുടെ കിടപ്പ് കണ്ട് അവൻ ചിരിക്കാൻ തുടങ്ങി.

” എന്തിനാടോ വെട്ടുപോത്തേ ഇങ്ങനെ കിണിക്കുന്നത്…?

എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടയിൽ നയന ശിവനെ കൂർപ്പിച്ച് നോക്കി.

” നീ എന്നെ അന്ന് ഈ ചളിയിലേക്ക് തള്ളി ഇട്ടത് ഓർമ്മ ഉണ്ടോ..? അതിന് പകരം ദൈവം ചെയ്തതാടി ഇത്. നിനക്ക് ഇങ്ങനെ തന്നെ വേണം..”

ശിവൻ അവളെ നോക്കി വാ പൊത്തി ചിരിച്ചു. നയന അത് കണ്ട് അവനെ കൂർപ്പിച്ച് നോക്കി.

” നോക്കി പേടിപ്പിക്കാതെടി ഭദ്രകാളി…. ”

അവനും തിരിച്ചവളെ രൂക്ഷമായി നോക്കി.

” നിന്ന് കിണിക്കാതെ എന്നെ എഴുനേൽക്കാൻ ഒന്ന് ഹെല്പ് ചെയ്യടോ പോത്തേ… ”

കിടന്നിടത്ത് നിന്ന് നയന ശിവനെ നോക്കി.

” എന്തോ എങ്ങനെ കേട്ടില്ല… പോത്തെന്നോ.ശിവേട്ടാ പ്ലീസ് ഒന്ന് സഹായിക്ക് എന്ന് പറഞ്ഞാൽ ഞാൻ കേൾക്കാം…. “.

ശിവൻ അവളെ നോക്കി പല്ലിളിച്ചു.

ഉള്ളിൽ നല്ല ദേഷ്യം തോന്നിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നയന ശിവനെ നോക്കി.

” ശിവേട്ടാ പ്ലീസ് എന്നെ ഒന്ന് സഹായിക്ക് എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ല.. ”

വേറെ നിവർത്തി ഒന്നും ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഒരു തർക്കത്തിന് നിൽക്കാതെ അവനെ നോക്കി വിനയത്തിൽ പറഞ്ഞു.

” മ്മ് ഇപ്പൊ ഒക്കെ.. ”

അവൻ താടിയിൽ കൈ തടവി അവളെ നോക്കി ചിരിച്ച് കൈ നീട്ടി. ശിവൻ നീട്ടിയ കയ്യിൽ നയന കൈവെച്ചു. അവനെന്തെങ്കിലും ചെയ്യുന്നതിന് മുന്പേ നയന അവന്റെ കൈപിടിച്ച് താഴേക്ക് വലിച്ചു. ശിവൻ നേരേ ചെന്ന് വീണത് നയനയുടെ മേലേക്ക് ആയിരുന്നു.

” എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… ”

നയന കയ്യിൽ പറ്റിയ ചളി അവന്റെ മുഖത്തേക്ക് ആകെ പരത്തി. പെട്ടന്ന് ശിവൻ അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ച് ചളിയിൽ ഉരുണ്ടു. അപ്രതീക്ഷിതമായ ശിവന്റെ പ്രവർത്തിയിൽ അവളൊന്ന്‌ ഞെട്ടി. ശരീരത്തിലൂടെ ഒരു മിന്നൽ കടന്ന് പോയത് പോലെ. കണ്ണുകൾ കാരണം എന്തെന്ന് പോലും അറിയാതെ നിറഞ്ഞു.

ശിവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് നയന അവനെ തള്ളിമാറ്റി എഴുനേറ്റ് മുന്നോട്ട് നടന്നു. നയനയുടെ ആ പോക്ക് ശിവന്റെ ഉള്ളിൽ മുള്ള് തറച്ച വേദന തീർത്തു. അറിയാതെ ആ സമയത്ത് ചെയ്ത് പോയതാണ്. വേണ്ടായിരുന്നു.. സ്വയം തലക്കടിച്ച് അവൻ പിറുപിറുത്തു.

നയന നേരേ ചെന്ന് തോട്ടിലിറങ്ങി കയ്യും കാലും മുഖവുമെല്ലാം കഴുകി. ശിവൻ ചേർത്ത് പിടിച്ചത് ആയിരുന്നു അവളുടെ മനസ്സ് നിറയെ. ഇതിനേക്കാൾ മുൻപ് ഇത് പോലെ ആരോ ചേർത്ത് നിർത്തിയത് പോലൊരു തോന്നൽ. ആരായിരിക്കും… അത് തോന്നൽ മാത്രം ആണോ… കണ്ണുകൾ മുറുക്കെ അടച്ച് അവൾ അതാരെന്ന് ഓർത്തെടുക്കാൻ ശ്രെമിച്ചു.
ഇല്ല… കഴിഴുന്നില്ല… പക്ഷേ ഒന്നുറപ്പാണ് ആ ചേർത്ത് പിടിക്കൽ അത് താൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല…

” എന്താ മോളെ പറ്റിയത്…? ”

രാമനാഥന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

” അത് ഒന്ന് വീണതാ അച്ഛാ… ”

തിരിഞ്ഞ് നോക്കി അവൾ മറുപടി കൊടുത്തു.

” മോള് ശിവന്റെ കൂടെ അല്ലേ വന്നത്. എന്നിട്ട് അവൻ എവിടെ…? ”

അരവിന്ദ് നയനയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

” ഞാൻ ഇവിടെ ഉണ്ട്… ”

ശിവന്റെ ശബ്‌ദം കേട്ടതും മൂന്ന് പേരും തിരിഞ്ഞു നോക്കി.

” നീ വായനശാലയിലേക്ക് ആണെന്ന് പറഞ്ഞ് പോന്നിട്ട് ഇവിടെ ചെളിയിൽ മറിയായിരുന്നോ…? ”

ശിവന്റെ കോലം കണ്ട് അരവിന്ദ് ചിരിയടക്കി ചോദിച്ചു.

” അത് ഞങ്ങൾ ഒന്ന് സൈക്കിളിൽ നിന്ന് വീണതാ..”

നയനയെ നോക്കിയാണ് ശിവൻ അത് പറഞ്ഞതെങ്കിലും അവൾ മറ്റെങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.

” മോൻ ഇതൊക്കെ കഴുകി കളയ്. ഞങ്ങൾ നടക്കട്ടെ… വാ മോളെ.. ”

രാമനാഥൻ നയനയുടെ കൈപിടിച്ച് മുന്നോട്ട് നടന്നു. ശിവനെ നോക്കി ഒന്ന് ആക്കിയരീതിയിൽ ചിരിച്ച് അരവിന്ദും നടന്നു. പോകുന്ന വഴിക്ക് അവളൊന്ന്‌ തിരിഞ്ഞ് നോക്കിയിരുന്നെങ്കിലെന്ന് ശിവൻ വല്ലാതെ കൊതിച്ചു. പക്ഷേ അതുണ്ടായില്ല.

” മോളെ നനഞ്ഞിങ്ങനെ നടക്കണ്ട. ദാ ഇത് ഇട്ടോ… ”

അരവിന്ദ് ഷർട്ട്‌ ഊരി നയനക്ക് നേരേ നീട്ടി. എതിർത്തൊന്നും പറയാതെ അവളത് വാങ്ങിയിട്ടു.

ക്ഷേത്രത്തിലേക്ക് പോവാൻ ഇറങ്ങിയ വിദ്യ ആ കാഴ്ച കണ്ട് അവര് കാണാതെ നിറമിഴികളോടെ മാറി നിന്നു.

***********

രാത്രി കിടക്കാൻ നേരത്തും നയനയുടെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു. ഇഷ്ടമില്ലാതെ തന്നെ ചേർത്ത് പിടിച്ച ആ വ്യക്തിക്ക് വേണ്ടി അവൾ കൂടെ ഇല്ലാത്ത ഓർമ്മകളിൽ തിരഞ്ഞു. ഇല്ല… എത്ര തിരഞ്ഞിട്ടും അങ്ങനെ ഒരാളെ ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. ശൂന്യമായ ഭൂതകാലം തല രണ്ടായി വെട്ടി പൊളിക്കുന്നത് പോലെ തോന്നിയവൾക്ക്.

നയന രാവിലെ എഴുനേറ്റ് പുറത്തിറങ്ങുമ്പോൾ ദേവകിയും രാമനാഥനും ഹാളിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. നയന കുറച്ച് നേരം അവരോട് സംസാരിച്ചിരുന്നു.

പതിവ് നേരവും കഴിഞ്ഞ് അരവിന്ദനെ പുറത്തേക്ക് കാണാതായപ്പോൾ നയന അവനെ നോക്കി മുറിയിലേക്ക് ചെന്നു. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്‌ദം കേട്ടപ്പോൾ അവൻ കുളിക്കയാണെന്ന് അവൾക്ക് മനസിലായി. തിരികെ പോവാൻ നിൽക്കുന്ന നേരത്താണ് ബെഡിൽ ഇരിക്കുന്ന ഒരു ഡയറി അവളുടെ കണ്ണിൽ പെട്ടത്. നയന അതെടുത്ത് വായിച്ചു. പ്രണയത്തെ കുറിച്ച് വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ഓരോന്ന് വായിക്കുമ്പോഴും അത്ഭുതം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു.

” ടീ…. നിനക്കെന്താ ഇവിടെ കാര്യം..? ”

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ അരവിന്ദ് അവളെ നോക്കി ചോദിച്ചു.

“കള്ള കാമുകാ… ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നോ മനസ്സിൽ… ശരിയാക്കി തരാം. ”

നയന ഡയറി മടക്കി അവനെ നോക്കി.

” മോളെ തമാശ കളിക്കാതെ അതവിടെ വെച്ചേ… ”

.” ഇല്ല മോനെ…. ഇതിൽ വിവരിച്ചിരിക്കുന്നത് ആരെ പറ്റി ആണെന്ന് എനിക്ക് അറിയണം..”

” അതൊന്നും പറയില്ല… ”

” അച്ഛാ… ”

അരവിന്ദ് പറഞ്ഞ് തീർന്നതും നയന ഒരു ഓട്ടം ആയിരുന്നു. പുറകെ അരവിന്ദും.

സ്റ്റെപ് ഇറങ്ങി ഓടിയതും അരവിന്ദ് ആരെയോ ചെന്നിടിച്ചു. നെറ്റി ഉഴിഞ്ഞു അവൻ നോക്കുമ്പോൾ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന വിദ്യയെ ആണ് കണ്ടത്.

” നീ എപ്പോ വന്നു..? ”

നെറ്റി തടവുന്നതിനിടയിൽ അവൻ വിദ്യയോട് ചോദിച്ചു.

” ഞാൻ ഇവിടെ ഒക്കെ ഉണ്ട്. ഇടയ്ക്കൊക്കെ ചുറ്റും നോക്കിയാലെ അതൊക്കെ കാണു. ”

വിദ്യ അവനെ പുച്ഛത്തോടെ നോക്കി.

” നീ എന്താ വിദ്യ ഇങ്ങനെ അർത്ഥം വെച്ച് സംസാരിക്കുന്നത്… ”

അരവിന്ദ് മനസിലാകാതെ അവളെ നോക്കി.

” ഞാൻ ഒരു അർത്ഥം വെച്ച് സംസാരിച്ചിട്ടില്ല. അങ്ങനെ ഉള്ളത് കൊണ്ട് തോന്നുന്നതാ… ”

” നീ എന്തൊക്കെയാ വിദ്യ ഈ പറയുന്നത്..? ”

” മനസിലായില്ലേ…. അച്ചുവേട്ടന് ഇപ്പൊ ഏത് നേരവും നയനയെ മതിയല്ലോ…. എന്തിനും ഏതിനും നയന. ഇങ്ങനെ കൈവെള്ളയിൽ കൊണ്ട് നടക്കാൻ അച്ചുവേട്ടന്റെ ആരാ അവള് കാമുകിയോ ..? ”

പറഞ്ഞ് നിർത്തിയതും അരവിന്ദ് വിദ്യയുടെ മുഖം നോക്കിയൊന്ന് കൊടുത്തു.

” നയനയെ എന്റെ അമ്മ എങ്ങനെയാ കാണുന്നത് എന്നറിയോ… അറിയോന്ന്… ”

അരവിന്ദന്റെ അലർച്ച കേട്ടതും വിദ്യ ഒന്ന് പേടിച്ചു.

” മകളെ പോലെ.. ”

പതിഞ്ഞ ശബ്‌ദത്തിൽ അവൾ മറുപടി പറഞ്ഞു.

” അപ്പൊ അവളെന്റെ ആരാണെന്ന് അറിയോ… എന്റെ സ്വന്തം പെങ്ങളെ പോലെയാ ഞാൻ അവളെ കാണുന്നത്. ഒരു ആണും പെണ്ണും അടുത്ത് ഇടപെട്ടാൽ ഒരർത്ഥം മാത്രം കാണുന്ന നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പൊയ്ക്കോണം എന്റെ മുന്നിൽ നിന്ന്. ”

അരവിന്ദ് ദേഷ്യത്തോടെ അവളെ തള്ളി പുറത്തേക്ക് പോയി.

പുറത്തിറങ്ങിയതും ശിവൻ അങ്ങോട്ട്‌ വന്നതും ഒരുമിച്ച് ആയിരുന്നു.

” എന്താടാ രാവിലെ തന്നെ കലിപ്പ്..? ”

അരവിന്ദന്റെ മുഖം കണ്ടതും ശിവൻ സംശയത്തിൽ നോക്കി.

” ഒന്നും ഇല്ല. നീ എന്താ രാവിലെ തന്നെ…? ”

അരവിന്ദ് വിഷയം മാറ്റി.

” നയനയുടെ റൂംമേറ്റ് ആയിരുന്ന അശ്വതി വിളിച്ചിരുന്നു. നാളെ ആ കുട്ടി കാണാമെന്ന് പറഞ്ഞിട്ടുണ്ട്…”

ശിവൻ അരവിന്ദനെ നോക്കി.

” എന്നാ നമുക്ക് വൈകിട്ട് ഇവിടന്ന് ഇറങ്ങാം. ആരും അറിയണ്ട. ”

” മ്മ് ശരി. ഞാൻ ചെല്ലട്ടെ എനിക്ക് സ്കൂളിൽ പോണം. ”

അരവിന്ദനോട് പറഞ്ഞ് ശിവൻ തിരിഞ്ഞ് നടന്നു. നയനയെ കുറിച്ചുള്ള കാര്യങ്ങൾ അറിയുന്നതിൽ ശിവന് സന്തോഷം ഉണ്ടെങ്കിലും കാര്യം അറിയാത്ത എന്തോ ഒരു ഉൾഭയം അവനെ പിടികൂടി.

( തുടരും )

LEAVE A RESPONSE