18/04/2026

ശിവനയനം : ഭാഗം 14

രചന – നിള നന്ദ

” ഈ കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കാൻ ആണോ മഹിയേട്ടൻ എന്നെ കൂട്ടി വന്നത്..? ” ” അല്ല… ” ” പിന്നെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..? ” മഹിയുടെ നിശബ്തത കണ്ട് നയന ചോദിച്ചു. ” ഞാൻ കുറച്ച് ഓപ്പൺ ആയി പറയാം ആദ്യം കണ്ടപ്പോഴേ എനിക്ക് നയനയെ ഇഷ്ട്ടപെട്ടു. ” ” മഹിയെട്ട അത്.. ” ” ഞാൻ പറയെട്ടെടോ.. ” മഹി നയനയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ച് ദൂരേക്ക് നോക്കി. ” ഇവിടെ വന്നത് മുതൽ അച്ഛന്റെയും അമ്മയുടെയും അച്ചുവേട്ടന്റെയും അടുത്ത് നിന്ന് ഞാൻ അധികം കേട്ടത് നയനയെ കുറിച്ച് ആണ്. അവർക്ക് താൻ പിറക്കാതെ പോയ മകളും അനിയത്തിയും ഒക്കെ ആണ്. ആലോചിച്ചപ്പോൾ തോന്നി ഞാൻ തന്നെ വേറൊരു കണ്ണിൽ കൂടി കാണുന്നത് തെറ്റല്ലെ എന്ന്. കുറച്ച് നേരത്തേക്കെങ്കിലും തന്നെ അങ്ങനെ കണ്ടതിൽ ക്ഷമ ചോദിക്കാനാ ഞാൻ കൂട്ടികൊണ്ട് വന്നത്. ” മഹി വീണ്ടും നയനയുടെ മുഖത്തേക്ക് നോക്കി. മഹിയെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു നയന.

മുഖത്ത് ഒരു ആശ്വാസത്തിന്റെ തിളക്കം ഉണ്ടായിരുന്നു. ” മനസ്സിൽ കളങ്കം ഒന്നും ഇല്ലാത്ത ഒരു അച്ഛന്റെയും അമ്മയുടെയും മകൻ ആണ് ഞാൻ. മനസ്സിൽ തോന്നിയത് തുറന്ന് പറയണം എന്ന് തോന്നി. അച്ചുവേട്ടന് താൻ ഞങ്ങടെ ലച്ചുവിനെ പോലെ ആണ്. ഇപ്പൊ എനിക്കും അങ്ങനെ തന്നെ ആണ്. ” നയന മഹിയെ നോക്കി ചിരിച്ചു. ആദ്യം കണ്ടപ്പോൾ മുതൽ കുറച്ച് നിമിഷം മുൻപ് വരെ അവനോട് തോന്നിയ ഇഷ്ടക്കേട് നയനയുടെ മനസ്സിൽ നിന്ന് ഇല്ലാതായി. ” ഓർത്തെടുക്കാൻ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടെയോ മുഖം ഓർമ്മയില്ലാത്ത ആളാണ്‌ ഞാൻ. എന്റെ മനസ്സിൽ ഇപ്പൊ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും സ്ഥാനത്ത് അവരൊക്കെയാണ് ഉള്ളത്. മഹിയെട്ടനും എനിക്ക് അച്ചുവേട്ടനെ പോലെ തന്നെയാണ്. ” നയന മഹിയെ നോക്കി പുഞ്ചിരിച്ചു. ” ഇല്ലാത്ത ഓർമ്മകളെ കുറിച്ചോർത്ത് വിഷമിക്കണ്ട. ഓർക്കാൻ ഇപ്പോ മനോഹരമായ നിമിഷങ്ങൾ ഉണ്ടല്ലോ.. ” മഹിയുടെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ നയന ദൂരേക്ക് നോക്കി.

ശരിയാണ്.. ഇന്നലെകളെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും മനോഹരമായ വർത്തമാനം ഉണ്ട്. ” അച്ചുവേട്ടൻ വീട്ടിൽ എത്തിയിട്ടുണ്ടാവും സമയം കളയണ്ട വാ നമുക്ക് പോയി ഫുഡ് കഴിക്കാം.. ” മഹി പറഞ്ഞത് കേട്ടപ്പോൾ നയനക്ക് പെട്ടന്ന് ചിരി വന്നു. അവളവനെ നോക്കി തലയാട്ടി അവനോടൊപ്പം നടന്നു. ” ശിവേട്ടനല്ലേ അവിടെ കിടക്കുന്നത്…? ” രണ്ടടി നടന്നപ്പോൾ കുറച്ച് മാറി കുന്നിന്റെ മുകളിൽ കിടക്കുന്ന ആളെ ചൂണ്ടി മഹി പറഞ്ഞു. ” ആണല്ലോ…. ശിവേട്ടനെന്താ ഈ നേരത്ത് ഇവിടെ വന്ന് കിടക്കുന്നത്…? വാ നമുക്ക് അങ്ങോട്ട് പോയി നോക്കാം. ” നയന മഹിയെ നോക്കി. ” സാധാരണ മനസിന്‌ എന്തെങ്കിലും വിഷമം വരുമ്പോൾ ആണ് ശിവേട്ടൻ ഇവിടെ വന്ന് ഇരിക്കാറുള്ളത്… ആ നേരത്ത് ആരും അടുത്തേക്ക് ചെല്ലുന്നത് ശിവേട്ടന് ഇഷ്ട്ടം അല്ല. ” മഹി പറഞ്ഞത് കേട്ട് നയനയുടെ ഉള്ളൊന്ന് പിടഞ്ഞു. വിഷമം വരുമ്പോഴാണ് ശിവേട്ടൻ ഇവിടെ വന്നിരിക്കുന്നതെങ്കിൽ ഇപ്പൊ എന്തായിരിക്കും പ്രശ്നം.

അതറിയാതെ നയനക്ക് ഒരു സമാധാനവും ഉണ്ടാവില്ലെന്ന അവസ്ഥയായി. ” മഹിയേട്ടൻ നടന്നോളൂ ഞാൻ വന്നോളാം.. ” ” അത് വേണോ… ശിവേട്ടൻ ചിലപ്പോ ദേഷ്യപ്പെടും. ” ” ദേഷ്യപ്പെട്ടാലും കുഴപ്പം ഇല്ല. ഞാൻ ഒന്ന് ചെന്ന് സംസാരിക്കട്ടെ.. ” മഹിക്ക് പറയാനുള്ളത് കേൾക്കാതെ നയന ശിവന്റെ അടുത്തേക്ക് നടന്നു. ” ഹലോ മിസ്റ്റർ വെട്ട് പോത്ത്.. എന്താണ് ഇവിടെ ഇങ്ങനെ തനിച്ച് കിടക്കുന്നത്..,? ” ശിവന്റെ അടുത്തേക്ക് ചെന്ന് നയന ചോദിച്ചു. നയനയുടെ ശബ്‌ദം കേട്ടതും മുഖത്തിന് കുറുകെ വെച്ചിരുന്ന കൈ എടുത്ത് മാറ്റി ശിവൻ നയനയെ നോക്കി. ‘അവളെ ആരോ ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട് ശിവാ.. ‘ നയനയെ കണ്ടതും വിവേകിന്റെ വാക്കുകൾ ശിവൻ വീണ്ടും ഓർത്തു. നയനയിൽ നിന്ന് മുഖം തിരിച്ച് ഒന്നും മിണ്ടാതെ ശിവൻ എഴുനേറ്റ് അവളെ മറി കടന്ന് നടന്നു. ” എന്താ മാഷേ ഒന്നും മിണ്ടാതെ പോവുന്നത്. സ്വപ്നം കാണുന്നതിന് ഞാൻ തടസ്സം ഉണ്ടാക്കിയതിന്റെ ദേഷ്യം ആണോ..? ” നയന ശിവന്റെ കയ്യിൽ പിടിച്ച് ചോദിച്ചു.

” കൈ വിട്…” ശിവൻ തിരിഞ്ഞ് നയനയെ നോക്കി. അവന്റെ മുഖഭാവവും കണ്ണിലെ ചുവപ്പും കണ്ടപ്പോൾ നയന ഒന്ന് ഭയന്നു. കൈ താനെ അഴിഞ്ഞു. ശിവൻ നയനയെ ഒന്ന് നോക്കുക പോലും ചെയ്യാതെ താഴേക്ക് ഇറങ്ങി. അത് കണ്ട് എന്തിനെന്നറിയാതെ നയനയുടെ കണ്ണുകൾ നിറഞ്ഞു. ************** ” ആഹ് വന്നോ…? എന്റെ മോളെ കൂട്ടാതെ ഒറ്റയ്ക്ക് വന്നെന്ന് പറഞ്ഞ് അമ്മ ഇവിടെ ഭയങ്കര ബഹളം ആയിരുന്നു. ” നയന വീട്ടിലേക്ക് വന്നതും മഹി പറഞ്ഞു. നയന മഹിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു. ” എന്ത് പറ്റി ചിരിക്ക് അത്ര വോൾടേജ് പോരല്ലോ. ശിവേട്ടൻ എടുത്ത് കൊടഞ്ഞെന്ന് തോന്നുന്നു. ” മഹി നയയെ സംശയത്തോടെ നോക്കി. ” ആ മോള് വന്നോ… അവിടെ നിക്കാതെ വാ ഭക്ഷണം കഴിക്കാം ” ദേവകി അങ്ങോട്ട്‌ വന്ന് വിളിച്ചതും നയന മഹിയോട് ഒന്നും പറയാതെ ദേവകിയുടെ കൂടെ പോയി.

അകത്ത് അച്ചുവിന്റെ കൂടെ വിവേകും വിദ്യയും ഉണ്ടായിരുന്നു. ” പിറന്നാൾ ആശംസകൾ ഏട്ടാ.. ” അരവിന്ദന്റെ അടുത്തേക്ക് ചെന്ന് നയന പറഞ്ഞു. നയനയുടെ നെറുകയിൽ തലോടി അരവിന്ദ് പുഞ്ചിരിച്ചു. ” ശിവനെ കണ്ടില്ലല്ലോ… സാധാരണ ഈ ദിവസം രാവിലെ തന്നെ വരേണ്ടത് ആണല്ലോ . ” ദേവകി എല്ലാവരെയും നോക്കി പറഞ്ഞു. ” ശിവേട്ടൻ ആ കുന്നിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടു. ” മഹി മറുപടി പറഞ്ഞു. ” കുന്നിന്റെ മുകളിലോ.. അവിടെ പോയിരിക്കാൻ അവനിപ്പോ എന്താ പറ്റിയത്..? ” അരവിന്ദ് ആശങ്കയോടെ ചോദിച്ചു. ” അതറിയില്ല. ചീത്ത കേൾക്കാൻ വയ്യാത്തോണ്ട് ഞാൻ ചോദിച്ചില്ല. ” മഹി നയനയെ നോക്കിയാണ്‌ മറുപടി പറഞ്ഞത്. നയന ശിവന്റെ അടുത്തേക്ക് പോയ കാര്യം മഹി ആരോടും പറഞ്ഞില്ല. ശിവന്റെ കാര്യം പറയുമ്പോൾ വിവേകിന്റെ മുഖം മാറുന്നത് അരവിന്ദ് ശ്രെദ്ധിച്ചിരുന്നു. അരവിന്ദ് അതത്ര കാര്യം ആക്കാതെ എല്ലാവരുടെയും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. *

ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്ത് പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു വിവേക്. അവന്റെ മനസ്സിൽ മുഴുവൻ ശിവൻ ആയിരുന്നു. നയനയെ കുറിച്ച് അറിഞ്ഞതാണ് ശിവന്റെ വിഷമത്തിന് കാരണം എന്ന് വിവേകിന് അറിയാം. എന്തായിരിക്കും ഇപ്പൊ ശിവന്റെ മനസ്സിൽ എന്ന ആശങ്ക വിവേകിന്റെ ഉള്ളിൽ ഉണ്ടായി. ” വിവേക്… ശിവന് എന്താ പ്രശ്നം…? ” അരവിന്ദ് വിവേകിന്റെ അടുത്തേക്ക് വന്ന് ചോദിച്ചു. ” എ എന്ത്‌ പ്രശ്നം…? ” വിവേക് ഇടർച്ചയോടെ ചോദിച്ചു. ” നിനക്ക് അറിയാം എന്നെനിക് മനസിലായി. മര്യാദയ്ക്ക് എന്താ കാര്യം എന്ന് പറഞ്ഞോ…” അരവിന്ദ് വിവേകിനെ തറപ്പിച്ചൊന്നു നോക്കി. ” നയന ആണ് കാരണം.. ” വിവേക് അരവിന്ദിൽ നിന്ന് മുഖം തിരിച്ചു. ” നയനയോ..? ” അരവിന്ദ് മനസിലാവാതെ വിവേകിനെ നോക്കി. ” അതെ നയന. അവളെ കുറിച്ച് എല്ലാം അറിഞ്ഞതിന്റെ ആണ്. ” ” അവളെ കുറിച്ച് എന്ത്‌ അറിഞ്ഞെന്ന് ആണ്. ” ” അത് അച്ചു… നയന ” പറയാൻ കഴിയാതെ വിവേക് വിഷമിച്ചു.

നയനയെ സ്വന്തം അനിയത്തിയായി അല്ലെ അവൻ കാണുന്നത് എങ്ങനെ അവന്റെ മുഖത്ത് നോക്കി പറയും. ഓർത്തപ്പോൾ വിവേകിന്റെ ഉള്ള് നീറി. ” അത് അച്ചു…. നയനയ്ക്ക് ആക്‌സിഡന്റ് പറ്റി ഓർമ്മ നഷ്ട്ടപെടുന്നതിന് മുൻപ് അവളെ ആരോ റേപ്പ് ചെയ്തിട്ടുണ്ട്… ” വിവേകിന്റെ വാക്കുകൾ കേട്ടതും അരവിന്ദന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ” ശിവന് നയനയെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഒന്നും മറച്ച് വെക്കേണ്ടെന്ന് എനിക്ക് തോന്നി. അതാ ഞാൻ അവനോട് എല്ലാം പറഞ്ഞത്. ” വിവേക് പറഞ്ഞ് തീർന്നതും അരവിന്ദ് ഒന്നും മിണ്ടാതെ അവിടന്ന് പോയി. പുറകിൽ നിന്ന് വിവേക് എത്ര വിളിച്ചിട്ടും അരവിന്ദ് നിന്നില്ല. ***

” ശിവാ.. ” തോടിന്റെ കുറുകെ പാലത്തിൽ ഇരിക്കുന്ന ശിവന്റെ അടുത്ത് അരവിന്ദ് ചെന്നിരുന്നു. ഒന്നും മിണ്ടാതെ ശിവൻ വെള്ളത്തിലേക്ക് നോക്കിയിരുന്നു. ” നയനയെ സ്നേഹിക്കണ്ടയിരുന്നു എന്ന് തോന്നുന്നുണ്ടോ നിനക്ക്..? ” അരവിന്ദന്റെ ചോദ്യം കേട്ടതും ശിവൻ മുഖം ഉയർത്തി നോക്കി. ” ഇത്തരം ഒരു കാര്യത്തിന്റെ പേരിൽ അവളെ ഉപേക്ഷിക്കാൻ മാത്രം മനസാക്ഷി ഇല്ലാത്തവനല്ല ഞാൻ.. ” ” പിന്നെ എന്താ ഈ ഇരുപ്പിന്റെ അർത്ഥം..? ” ” അവളോട് ഇത് ചെയ്തവനോടുള്ള ദേഷ്യം എനിക്ക് അടക്കാൻ കഴിയുന്നില്ല. രാവിലെ അവളെ കണ്ടിട്ടും ഒന്നും പറയാതെ പോയത് അത് മനസ്സിൽ കിടന്ന് പുകയുന്നത് കൊണ്ടായിരുന്നു. ” ശിവന്റെ ദേഷ്യം വാക്കുകളിൽ പ്രകടമായിരുന്നു. ” എന്റെ പെങ്ങളോട് ഇങ്ങനെ ചെയ്തവനോട് എനിക്കും ക്ഷമിക്കാൻ കഴിയില്ല ശിവാ. അവൻ ആരെന്ന് നമുക്ക് കണ്ട് പിടിക്കണം. ” അരവിന്ദ് ദേഷ്യത്തോടെ പല്ല് ഞെരിച്ചു.

ശിവന്റെ അടുത്ത് നിന്ന് തിരികെ വീട്ടിൽ എത്തിയിട്ടും അരവിന്ദ് നയനയുടെ മുന്നിൽ പെടാതെ നടന്നു. അവളെ കാണുമ്പോൾ സഹിക്കാൻ കഴിയാത്ത വേദന ഉണ്ടാവും എന്നവന് അറിയാമായിരുന്നു. തല വേദനിക്കുന്നു എന്ന് പറഞ്ഞ് നയന രാത്രി വേഗം കിടന്നു. ” ഞാൻ തന്നെ എന്ത്‌ മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിയോ.. ഇനിയെങ്കിലും പറയ്‌ തനിക്ക് ഒരൽപ്പം പോലും സ്നേഹം എന്നോട് ഇതുവരെ തോന്നിയിട്ടില്ലേ…. ” ” ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ദേവ്… ഇത്രയും നാൾ കാണാതിരുന്നപ്പോൾ ചങ്ക് പൊടിയുന്ന വേദന ആയിരുന്നു. ഇത്രയും നാൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടും ആ നെഞ്ചിൽ എനിക്ക് വേണ്ടി കരുതി വെച്ച സ്നേഹം ഇനി എനിക്ക് വേണം. ” നയന പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.

കണ്ണുകൾ അടച്ച് കണ്ട സ്വപ്നം ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചു. പരസ്പരം സ്നേഹം പങ്ക് വെച്ച് വാരിപുണരുന്ന രണ്ട്പേർ മുഖം വ്യക്തമല്ല. എത്ര ഓർക്കാൻ ശ്രെമിച്ചിട്ടും സാധിക്കുന്നില്ല. ആരായിരിക്കും അവർ. തന്റെ ജീവിതവുമായി അവർക്ക് എന്തെങ്കിലും ബന്ധം ഉണ്ടാവുമോ.. ഒന്നും മനസിലാവാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ്സിൽ സ്വപ്നത്തിൽ കേട്ട ആ പേര് അവൾ വീണ്ടും ഉരുവിട്ടു. ദേവ്. ( തുടരും )