രചന – നിള നന്ദ
” മോളെ നയനെ…. ” ബെഡിൽ നയനയുടെ അരികിൽ ചെന്നിരുന്ന് രാധിക പതിയെ വിളിച്ചു. വിളി കേട്ടതും എന്തോ ഓർത്ത് കണ്ണടച്ച് കിടന്നിരുന്ന നയന പെട്ടെന്ന് കണ്ണ് തുറന്ന് നോക്കി. ” ആന്റിയോ… എപ്പോ വന്നു..? ” രാധികയെ നോക്കിയൊന്ന് പുഞ്ചിരിച്ച് നയന എഴുന്നേറ്റിരുന്നു. ” ഇപ്പൊ വന്നതേയുള്ളു… മോൾക്ക് എന്ത് പറ്റി പനി ഉണ്ടോ..? ” രാധിക നയനയുടെ നെറ്റിയിൽ കൈ വെച്ച് നോക്കി. ” പനി ഒന്നും ഇല്ല ആന്റി ചെറിയൊരു തലവേദന… ഇടയ്ക്ക് ഇത് പതിവ് ഉള്ളത് ആണ്… ” ” എന്നാ പിന്നെ വെച്ചോണ്ടിരിക്കുന്നത് എന്തിനാ… വാ ഹോസ്പിറ്റലിൽ പോവാം.. ” ഡോറിന്റെ അടുത്ത് നിന്ന് ശബ്‌ദം കേട്ടതും രാധികയും നയനയും ഒരുമിച്ച് തിരിഞ്ഞ് നോക്കി. ചുണ്ടിൽ നിഗൂഢമായ ഒരു ചിരിയുമായി അകത്തേക്ക് കയറുന്ന ദേവദത്തനെ കണ്ടതും നയനയുടെ ഉള്ളിൽ വീണ്ടും ഇരുൾ മൂടാൻ തുടങ്ങി.
” മോൾക്ക് ഇത് ആരാണെന്ന് മനസ്സിൽ ആയോ…? ” രാധികയുടെ ചോദ്യം കേട്ടതും ദേവിന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി നയന അറിയാമെന്ന അർത്ഥത്തിൽ തലയാട്ടി. ” ഞങ്ങൾ ക്ഷേത്രത്തിൽ വെച്ച് പരിചയപ്പെട്ടിരുന്നു…” ദേവ് രാധികയെ നോക്കി പറഞ്ഞു. ” തലവേദന എങ്ങനെ ഉണ്ട്… ? കുറവില്ലെങ്കിൽ വാ ഹോസ്പിറ്റലിൽ പോവാം.. ” ദേവ് നയനയുടെ നെറ്റിയിൽ കൈ വെച്ചു. ” കുഴപ്പം ഒന്നും ഇല്ല. കുറച്ച് നേരം കിടന്നാൽ മാറും.. ” നയന അനിഷ്ടത്തോടെ മുഖം തിരിച്ചു.. ” എന്നാ പിന്നെ മോള് റസ്റ്റ് എടുത്തോ… ഞങ്ങൾ ഇറങ്ങാ.. വാ മോനെ.. ” രാധിക ദേവിനെയും കൂട്ടി പുറത്തിറങ്ങി. പോവുമ്പോൾ നയനയെ നോക്കിയൊന്ന് ചിരിക്കാനും അവൻ മറന്നില്ല. ദേവിന്റെ ചിരി കണ്ടതും നയനയുടെ ഉള്ള് വീണ്ടും അസ്വസ്ഥം ആവാൻ തുടങ്ങി. തനിക്ക് അടുത്തറിയാവുന്ന ആരോ ആണെന്ന് അവൾക്ക് തോന്നി. എങ്ങിനെ..? ഉത്തരം ഇല്ലാത്ത ചോദ്യം ആയി അത് മനസ്സിൽ അവശേഷിച്ചു.. ” നല്ല കുട്ടി അല്ലേ അമ്മേ… മഹി അവളെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി.. ” പോവുന്ന വഴിക്ക് ദേവ് സഹതാപത്തോടെ രാധികയോട് പറഞ്ഞു..
” അതെ മോനെ പാവം കുട്ടിയാ… ഇവിടെ വന്നത് മുതൽ അമ്മയ്ക്ക് അറിയാം… അത് പോലൊരു മോളെ എനിക്ക് കിട്ടിയില്ലല്ലോ.. ” രാധിക ചെറിയ വിഷമത്തോടെ പറഞ്ഞ് ദേവിനെ നോക്കി. ” അത് പോലെ ഒരു മോളെ ഇനി കിട്ടില്ല.. വേണെങ്കിൽ മോളായി വീട്ടിലേക്ക് കൊണ്ട് പോവാം.. ” ” നീ എന്താ ഉദേശിച്ചത്..? ” രാധിക മനസിലാവാതെ ദേവിനെ നോക്കി.. ” ഇങ്ങനെ ഒരു ബുദൂസ് അമ്മ.. ” ദേവ് സ്വന്തം തലയിൽ കൈ വെച്ച് രാധികയെ ഒന്ന് നോക്കി മുന്നോട്ട് നടന്നു. ഒന്നും കൂടെ ഓർത്തപ്പോൾ ആണ് രാധികക്ക് ദേവ് പറഞ്ഞതിന്റെ അർത്ഥം മനസിലായത്.. ” മോനെ ദത്താ… നീ സീരിയസ് ആയി പറഞ്ഞത് ആണോ..? ” രാധിക ദേവിന്റെ പുറകെ ചെന്ന് അവനെ തിരിച്ച് നിർത്തി ചോദിച്ചു. ” അതെ അമ്മേ.. ഞാൻ കാര്യം ആയി തന്നെ പറഞ്ഞത് ആണ്… അമ്മയ്ക്ക് അവളെ ഇഷ്ട്ടം ആയത് കൊണ്ട് മാത്രം അല്ല.. അവളെ പോലൊരു പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്താൽ നന്നായിരിക്കും എന്ന് തോന്നി.. ” ദേവ് ഉള്ളിൽ നിറഞ്ഞ പുച്ഛം പുറത്തേക്ക് വരുത്താതെ സൗമ്യമായി പുഞ്ചിരിച്ചു. ” എനിക്ക് സന്തോഷമേ ഉള്ളൂ മോനെ.. നയനയെ കണ്ടപ്പോഴേ ഇങ്ങനെ ഒരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. മോന് ഇഷ്ട്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയ അമ്മ പറയാതിരുന്നത്.. അമ്മയ്ക്ക് ഇപ്പൊ സന്തോഷം ആയി.. ” രാധിക ദേവിന്റെ കവിളിൽ വാത്സല്യത്തോടെ തലോടി..
” എനിക്ക് സമ്മതം ആണ് അമ്മേ… അമ്മ അമ്മാവനോട് ഒന്ന് സംസാരിക്ക്.. ” ” രണ്ട് ദിവസം കഴിയട്ടെ അമ്മ പറയുന്നുണ്ട്. അത് വരെ മോൻ എങ്ങും പോവാതെ വീട്ടിൽ ഇരിക്ക്.. ” ” ഓഹ് ഉത്തരവ്… ” ദേവ് കൈ കൂപ്പി രാധികയെ നോക്കി ചിരിച്ചു. അവന്റെ മുടിയിഴകളിൽ ഒന്ന് തലോടി രാധിക മുന്നോട്ട് നടന്നു. രാധിക പോയതും ദേവിന്റെ മുഖത്ത് ക്രൂരമായ ചിരി വിടർന്നു.. നീ അധികം വൈകാതെ വീണ്ടും എന്റെ കയ്യിലേക്ക് തന്നെ വരും നയന മോളെ.. കണക്ക് തീർക്കാൻ കാത്തിരിക്കുകയാണ് ഞാൻ… ഒരിക്കൽ കൂടി നയനയുടെ റൂമിന്റെ ഭാഗത്തേക്ക് നോക്കി ദേവ് രാധികയുടെ പുറകെ പോയി.. .
” ഹലോ.. ഇപ്പൊ എങ്ങനെ ഉണ്ട്..? വീണ്ടും വല്ല സ്വപ്നവും കണ്ടോ..? ” മാഗസിനിൽ നിന്ന് കണ്ണെടുത്ത് മീനു ചോദ്യം കേട്ടിടത്തേക്ക് നോക്കി. വിവേകിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി. ” വീണ്ടും സ്വപ്നം കാണാൻ ഞാൻ ഉറങ്ങിയിട്ട് വേണ്ടേ… ” മാഗസിൻ മടക്കി ബെഡിന്റെ സൈഡിലേക്ക് വെച്ച് മീനു പറഞ്ഞു.. ” സ്വപ്നം കാണാൻ ഉറങ്ങൊന്നും വേണ്ടടോ.. ചില സ്വപ്‌നങ്ങൾ ഉണർന്നിരിക്കുമ്പോഴും കാണാം.. ” വിവേക് അടുത്തിരുന്ന കസേരയിൽ കയറി ഇരുന്ന് മീനുവിനെ നോക്കി.. ” അങ്ങനെ കാണാൻ മാത്രം എനിക്ക് സ്വപ്നം ഒന്നും ഇല്ല.. യാഥാർഥ്യം ആവില്ലെന്ന് ഉറപ്പില്ലെങ്കിൽ എന്തിനാ വെറുതെ സ്വപ്നം കണ്ട് സമയം കളയുന്നത്… ” മീനു വിവേകിൽ നിന്ന് നോട്ടം മാറ്റി. അവളുടെ വാക്കുകളിൽ നിന്ന് ഉള്ളിൽ എന്തോ വിഷമം ഉണ്ടെന്ന് അവന് മനസിലായി. ” യാഥാർഥ്യം ആവില്ലെന്ന് കരുതി പിന്മാറുക അല്ലെടോ അതിന് വേണ്ടി പൊരുതുകയല്ലേ വേണ്ടത്.. ” വിവേകിന്റെ വാക്കുകൾ കേട്ടപ്പോൾ മീനു ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
കണ്ട ഓർമ്മ പോലും ഇല്ലാത്ത അച്ഛനെയും അമ്മയെയും ഒരുതവണ എങ്കിലും കാണണം എന്നായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നം. ഒരിക്കലും യാഥാർഥ്യം ആവാത്ത സ്വപ്നം. വിവേകിനെ നോക്കി പുഞ്ചിരിക്കുന്നതിനിടയിലും അവളോർത്തു.. ” ഡോക്ടർ എന്താ എന്റെ സ്വപ്നത്തെ പറ്റി അന്നേഷിക്കാൻ വന്നതാണോ..? ” വിഷയം മാറ്റി മീനു ചോദിച്ചു. ” ഞാൻ വെറുതെ ഇതിലെ പോയപ്പോ കയറിയതാ.. ” മീനു അതിന് മറുപടി ഒന്നും പറയാതെ വിവേകിനെ നോക്കിയിരുന്നു. ” ഞാൻ ഒരു കാര്യം പറയട്ടെടോ… തന്നെ കണ്ടപ്പോൾ മുതൽ എവിടെയോ കണ്ട് മറന്നത് പോലെ തോന്നുന്നു… എനിക്ക് അടുത്ത് അറിയാവുന്ന ആരെയോ പോലെ.. ” വിവേകിന്റെ വാക്കുകൾ കേട്ടതും മീനു ഉറക്കെ ചിരിച്ചു.. ” എന്താ ഡോക്ടറെ ഇത് ഈ പൂവാലൻ പയ്യന്മാരുടെ സ്ഥിരം ഡയലോഗ് പറയുന്നത്.. ” ” ഞാൻ തമാശ പറഞ്ഞത് അല്ലെടോ… തന്നെ കണ്ടത് മുതൽ എനിക്ക് തോന്നിയത് ആണ്.. പക്ഷേ അത് എങ്ങനെ പറയണം എന്നെനിക്ക് അറിയില്ല. ഇപ്പൊ പോലും എനിക്ക് തോന്നുന്നുണ്ട് താൻ എന്റെ ആരോ ആണെന്ന്.. ” വിവേക് എഴുനേറ്റ് മീനുവിനെ ഒന്ന് നോക്കി പുറത്തേക്ക് പോയി.. എനിക്കും തോന്നുന്നുണ്ട് ഡോക്ടർ… കണ്ട് മറന്ന ഒരു മുഖം പോലെ അല്ല…. എന്തോ ഒരു ആത്മബന്ധം… മുൻജന്മ ബന്ധം പോലെ..” വിവേക് പോവുന്നത് നോക്കി മീനു മനസ്സിൽ പറഞ്ഞു.
” ശിവാ… നീ നയനയോട് നിന്റെ ഇഷ്ട്ടം പറഞ്ഞോ..? ” പതിവ് പോലെ രാത്രി ആൽത്തറയിൽ ഇരിക്കുമ്പോൾ അരവിന്ദ് ശിവനോട് ചോദിച്ചു. ” പറയാൻ പല തവണ ശ്രെമിച്ചതാണ് അച്ചു.. പക്ഷേ കഴിഞ്ഞില്ല. ഞാൻ പറയുന്നതിന് മുൻപ് നയന എന്തെങ്കിലും പറഞ്ഞ് പോവും.. ” ശിവൻ നിരാശയോടെ അരവിന്ദനെ നോക്കി. ” ശിവാ… നീ പറയാൻ താമസിക്കും തോറും എനിക്കെന്തോ ഒരു പേടി തോന്നുന്നു. നമ്മൾ ആരും പ്രതീക്ഷിക്കാത്ത എന്തോ ഒന്ന് ഇതിനിടയിൽ സംഭവിക്കാൻ പോവുന്നത് പോലെ.. ” അരവിന്ദ് അൽപ്പം ഭീതിയോടെ പറഞ്ഞു. ” നിനക്ക് എന്താ അച്ചു അങ്ങനെ തോന്നാൻ..? ” ശിവൻ ചോദ്യ ഭാവത്തിൽ അരവിന്ദനെ നോക്കി. ” ശിവാ ഈയിടെ ആയി നയന എന്തൊക്കെയോ സ്വപ്നം കാണുന്നതായി പറയുന്നുണ്ട്. അതിന്റെ കൂടെ ഇടയ്ക്കിടയ്ക്ക് തലവേദനയും.. ” ” അതുകൊണ്ട് എന്താ അച്ചു..? ” ശിവൻ ഉള്ളിൽ എന്തോ ടെൻഷൻ തോന്നി.
” നയനക്ക് ഓർമ്മ തിരികെ കിട്ടുന്നതിന്റെ ലക്ഷണം ആണെങ്കിലോ ഇത്.. എല്ലാം ഓർമ്മ വന്നാൽ അവളെങ്ങനെ പ്രതികരിക്കും.. ചിലപ്പോ നമ്മളെ ഒക്കെ മറന്ന് പോയാലോ..? ” അച്ചുവിന്റെ സംശയങ്ങൾ ശിവന്റെ ഉള്ളിൽ അമ്പ് പോലെ തറഞ്ഞു കയറി. ഓർമ്മ വന്നാൽ നയന എല്ലാം മറന്നാൽ എന്ത് ചെയ്യും…? അത് ഓർക്കുമ്പോൾ തന്നെ ശിവന്റെ ഉള്ള് പിടഞ്ഞു.. ” അച്ചു.. ഞാൻ.. ” ശിവൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും അരവിന്ദന്റെ ഫോൺ റിംഗ് ചെയ്തു.. ” മദർ ആണ്.. ” അരവിന്ദ് ശിവനെ നോക്കി പറഞ്ഞ് ഫോൺ അറ്റൻഡ് ചെയ്ത് ഫോൺ കാതോട് ചേർത്ത് മാറി നിന്നു. ശിവൻ അവിടെ ഇരുന്ന് അരവിന്ദ് പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു. നയനക്ക് ഓർമ്മ വന്നാൽ സംഭവിക്കാൻ പോവുന്നതിനെ കുറിച്ചോർത്ത് അവൻ ദൂരേക്ക് നോക്കിയിരുന്നു. ( തുടരും )

by