19/04/2026

ശിവനയനം : ഭാഗം 16

രചന – നിള നന്ദ

” നയനാ…” മയക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ് മീനു ചുറ്റും നോക്കി. താനിപ്പോൾ ഹോസ്പിറ്റലിൽ റൂമിൽ ആണെന്നും കണ്ടത് ഒരു സ്വപ്നം ആയിരുന്നെന്നും വിശ്വസിക്കാൻ അവൾ നന്നേ പ്രയാസപെട്ടു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ഇടം കൈ കൊണ്ട് തുടച്ചു. കണ്ട സ്വപ്നം ഓർക്കും തോറും മീനുവിന്റെ ഉള്ളിൽ ഭയം കൂടി. നയനക്ക് എന്തോ ആപത്ത് സംഭവിക്കാൻ പോവുന്നെന്ന് അവളുടെ മനസ്സ് പറഞ്ഞു. ” എനി പ്രോബ്ലം…? ” ഡോർ തുറന്ന് അകത്തേക്ക് വന്ന ആളെ മീനു മുഖം ഉയർത്തി നോക്കി. ” ഒന്നൂല്ല ഡോക്ടർ ഞാൻ… ഞാനൊരു സ്വപ്നം കണ്ടതാ… ” ഡോക്ടറുടെ മുഖത്തേക്ക് നോക്കി ഇടർച്ചയോടെ മീനു മറുപടി പറഞ്ഞു. ” മനസിന്റെ ഉള്ളിൽ കിടക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ സ്വപ്നത്തിൽ കാണുന്നത്.. സോ പേടിപ്പെടുത്തുന്ന ഒന്നും ഓർക്കാതെ ഇരിക്കുന്നതാണ് നല്ലത്… ” ഡോക്ടർ മീനുവിന്റെ അടുത്തേക്ക് ചെന്ന് പുഞ്ചിരിയോടെ പറഞ്ഞു.

ആ ചിരി മീനുവിന്റെ ഉള്ളിൽ അത് വരെ ഉണ്ടായിരുന്ന ഭയത്തെ അലിയിച്ച് കളഞ്ഞു. ഡോക്ടറുടെ കഴുത്തിൽ കിടന്നിരുന്ന ഐഡി കാർഡിൽ നോക്കി മീനു ആ പേര് വായിച്ചു. Dr. വിവേക് നാരായണൻ എന്തിനെന്നറിയാതെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിച്ചു വിരിഞ്ഞു. ” ഞാൻ റൗണ്ട്സിന് ഇറങ്ങിയതാ. അപ്പോഴാ ഇവിടെ നിന്ന് സബ്‍ദം കേട്ടത്.. റസ്റ്റ്‌ എടുത്തോളൂ… ” വിവേക് മീനുവിനെ നോക്കി പറഞ്ഞ് റൂമിന് പുറത്തിറങ്ങി. ഡോർ അടക്കുന്നത് മുൻപ് വിവേക് ഒരിക്കൽ കൂടി മീനുവിനെ നോക്കി. രണ്ട് പേരും പരസ്പരം ചിരിച്ചു. തിരികെ നടക്കുമ്പോൾ മീനുവിന്റെ മുഖം ആയിരുന്നു വിവേവിന്റെ ഉള്ളിൽ. ആ മുഖം എവിടെയോ കണ്ട് മറന്നത് പോലെ തോന്നി അവന്. ……

” എന്താടോ ഇങ്ങനെ അന്തം വിട്ട് നിക്കുന്നത്.. ” തന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരിക്കുന്ന നയനയെ നോക്കി ദേവദത്തൻ ചോദിച്ചു. ചോദ്യം കേട്ടതും ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്ന് നയന ഒന്നും ഇല്ലെന്ന് തലയാട്ടി ചിരിക്കാൻ ഒരു വിഫല ശ്രെമം നടത്തി. തന്റെ നേരേ നീണ്ട് നിൽക്കുന്ന കൈകളിലേക്ക് താല്പര്യം ഇല്ലെങ്കിലും ഒരു മര്യാദയുടെ പേരിൽ അവൾ കൈ ചേർത്തു. ദേവദത്തന്റെ കൈകളിൽ തന്റെ കൈകൾ മുറുകുമ്പോൾ എന്തോ ഒരു പന്തികേട് അവൾക്ക് തോന്നി. മുൻപ് എപ്പോഴോ അറിഞ്ഞിട്ടുള്ള ഒരു കരസ്പർശം പോലെ. അവൻ കൈ വിടുന്നില്ലെന്ന് കണ്ടതും നയന വേഗം ബലമായി കൈ പിൻവലിച്ചു. ” എന്തുപറ്റി… എന്തെങ്കിലും കുഴപ്പം ഉണ്ടോ..? ” വെട്ടിവിയർത്തു നിൽക്കുന്ന നയനയെ നോക്കി മഹി ചോദിച്ചു. ” ഏയ്യ് ഒന്നും ഇല്ല മാഹിയെട്ടാ… വാ നമുക്ക് വീട്ടിൽ പോവാം.. ” മറുപടിക്ക് കാത്ത് നിൽക്കാതെ നയന മുന്നോട്ട് നടന്നു. ” നീ വീട്ടിലേക്ക് വരുന്നില്ലേ ദത്താ.. ” മഹി തിരിഞ്ഞ് ദത്തനെ നോക്കി.

” അമ്മ വന്നിട്ട് ഞങ്ങൾ ഒന്നിച്ച് വരടാ. നിങ്ങൾ വിട്ടോ.. ” ” എന്നാ ശരി.. ” മഹി ദത്തനോട് യാത്ര പറഞ്ഞ് നയനക്ക് പുറകെ നടന്നു. നയന പോവുന്നത് നോക്കി നിന്ന ദത്തന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടതും ദത്തൻ ഫോൺ എടുത്ത് കാതോട് ചേർത്തു. ” എന്നടാ.. ഒരു ഫോൺ ആവതും പണ്ണലെ. എൻ രാസാത്തിയെ പാത്തിടിച്ചാ.. ” മറുപുറത്ത് നിന്നുള്ള ചോദ്യം കേട്ടതും ദത്തൻ ഒന്നൂടെ നയനയെ നോക്കി ക്രൂരമായി ചിരിച്ചു. ” അവളെ കണ്ടെത്തി അണ്ണന്റെ മുന്നിൽ കൊണ്ട് നിർത്തും എന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോന്നത്. അണ്ണന്റെ രാസാത്തി ഇപ്പൊ എന്റെ കണ്മുന്നിൽ ഉണ്ട്. എന്റെ കയ്യെത്തും ദൂരത്ത്. ” ദത്തൻ അതെ ക്രൂരതയുടെ പറഞ്ഞു. ” സീക്രമാ കൂട്ടിട്ട് വാടാ എൻ രാസാത്തിയെ. അവളെ പാകത്തിക്ക് എൻ നെഞ്ച് തുടിച്ചിട്ടിറുക്കിത്. ” ” അണ്ണൻ ബാക്കി പണം റെഡി ആക്കി വെച്ചോ. എത്രയും പെട്ടന്ന് അവൾ അണ്ണന്റെ കൺമുന്നിൽ ഉണ്ടാവും.. ” അതും പറഞ്ഞ് ദത്തൻ ഫോൺ കട്ട്‌ ചെയ്തു. ഉള്ളിൽ ഇനി ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്ത് അവൻ ബൈക്ക് ചാരി നിന്നു. …..

. ” എന്താ മദർ… എന്തിനാ കരയുന്നത്..? ” ലച്ചുവിന്റെ ഫോട്ടോയിൽ നോക്കി കരയുന്ന മദറിനെ അരവിന്ദ് ഒന്ന് നോക്കി. അതിന് മദർ മറുപടി പറയുന്നതിന് മുൻപ് ദേവകി ചായയും ആയി വന്നു. ” നയന പെട്ടന്ന് വരോ.. എനിക്ക് പോയിട്ട് കുറച്ച് തിരക്ക് ഉണ്ടായിരുന്നു. ” ചായകുടിക്കുന്നതിനിടയിൽ മദർ എല്ലാവരെയും നോക്കി ചോദിച്ചു. ” ക്ഷേത്രം ഇവിടെ അടുത്ത് ആണ്. അവരിപ്പോ ഇങ്ങെത്തും. ” രാമനാഥൻ പറഞ്ഞ് നിർത്തിയതും നയനയും മഹിയും ഹാളിലേക്ക് കയറിയതും ഒരുമിച്ച് ആയിരുന്നു. നയനയെ കണ്ടതും മദറിന്റെ കണ്ണുകൾ തിളങ്ങി. വാത്സല്യത്തോടെ അവർ നയനയുടെ മുഖത്തേക്ക് നോക്കി. ” ആരാ അച്ചുവേട്ടാ ഇത്..? ” നയനയുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നും മദറിന്റെ മുഖം മങ്ങി. തന്നെ കാണുമ്പോഴേക്കും ഓടി വന്ന് കെട്ടിപിടിക്കാറുള്ള ആൾ ഇന്ന് തന്റെ മുഖത്ത് നോക്കി ആരാണെന്ന് ചോദിക്കുന്നു. ” ഇത് മദർ മരിയ. ഒരു സ്പോൺസർഷിപ്പിന്റെ കാര്യം പറയാൻ വന്നതാ.. ” നയനക്ക് മദറിനെ ഓർമ്മ ഇല്ലെന്ന് കണ്ടതും അരവിന്ദ് അങ്ങനെ ഒരു കള്ളം പറഞ്ഞു. അവളൊന്നും അറിയണ്ടെന്ന് അവന് തോന്നി. ” എനിക്ക് നല്ല തലവേദന എടുക്കുന്നു ഞാൻ ഒന്ന് കിടക്കട്ടെ.. ” മദറിനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നയന റൂമിലേക്ക് പോയി.

” നയനയെ ഒന്നും പറഞ്ഞ് വിഷമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ… ” അരവിന്ദ് മദറിനെ നോക്കി വേദനയോടെ പറഞ്ഞു. ” എനിക്ക് മനസിലായി അരവിന്ദ്. അതുകൊണ്ട് തന്നെയാ മോളെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ഞാൻ വേണ്ടെന്ന് വെച്ചത്. ” നിസ്സഹായത്തോടെ മദർ അരവിന്ദനെ നോക്കി. ” ഞാൻ ഇറങ്ങുകയാ അരവിന്ദ്. പോയിട്ട് കുറച്ച് തിരക്ക് ഉണ്ട്. ” യാത്ര പറഞ്ഞ് പോവുന്നതിന് മുൻപ് മദർ വീണ്ടും ലച്ചുവിന്റെ ഫോട്ടോയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. മദറിന്റെ കാർ ഗേറ്റ് കടന്ന് പോയതും ദത്തന്റെ ബൈക്ക് ഗേറ്റിന്റെ അകത്തേക്ക് കയറി. ” ആരാ ഇത് ദത്തനോ… നിന്നെ കണ്ടിട്ട് കുറേ നാൾ ആയല്ലോ..? ” ദത്തനെ കണ്ടതും ദേവകി പരാതി പറഞ്ഞു. ” അതെങ്ങനെയാ ഇവന് വീട്ടിൽ കയറാൻ നേരം ഉണ്ടായിട്ട് വേണ്ടേ. ഏത് നേരവും കറക്കം അല്ലെ. ” ദത്തന്റെ അമ്മ രാധിക ദേവകിയുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു. ” ഇവനെ ഒരു പെണ്ണ് കെട്ടിക്ക് അപ്പച്ചി. പിന്നെ ഈ കറക്കം ഒക്കെ കുറയും. ” അരവിന്ദ് ദത്തന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.

” ആ അത് ഞാനും ആലോചിക്കാതില്ല. ഇനി ഇവൻ മുങ്ങുന്നതിന് മുൻപ് ഒരു പെണ്ണിനെ കണ്ടെത്തണം. അല്ല നയന എവിടെ..? ” രാധിക അകത്തേക്ക് കണ്ണുകൾ പായിച്ചു. ” മോള് തലവേദന എടുത്തിട്ട് കിടക്കുകയാണ്. ” രാമനാഥൻ മറുപടി പറഞ്ഞു. ” ഞാൻ ഒന്ന് മോളെ കാണട്ടെ.. ” രാധിക അകത്തേക്ക് നടന്നു. ” നീ ഇങ്ങ് വാ മഹി എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. ” ദത്തൻ മഹിയുടെ തോളിലൂടെ കയ്യിട്ട് പുറത്തേക്ക് ഇറങ്ങി. നയനയെ കുറിച്ച് അറിയുക എന്നതായിരുന്നു ദത്തന്റെ ഉദ്ദേശം. ” ക്ഷേത്രത്തിൽ വെച്ച് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. നീ അനിയത്തി എന്ന് പറഞ്ഞ് പരിചയപെടുത്തിയ പെൺകുട്ടി ആരാടാ.. ” ഒന്നും അറിയാത്ത പോലെ ദത്തൻ ചോദിച്ചു. ദത്തന്റെ മുഖത്തേക്ക് നോക്കി മഹി എല്ലാം പറഞ്ഞു. ” അപ്പൊ അവൾക്ക് ഇനി ഓർമ്മ തിരികെ കിട്ടില്ലേ..? ” സംശയഭാവത്തിൽ അവൻ മഹിയെ നോക്കി. ” ഓർമ്മ തിരികെ കിട്ടും എന്നാ വിവേക് പറഞ്ഞത്. പക്ഷേ അതിന് എത്ര സമയം എടുക്കും എന്ന് പറയാൻ പറ്റില്ല. വേഗം ഓർമ്മ വന്നാൽ മതിയായിരുന്നു. പാവം.” മഹി വേദനയോടെ പറഞ്ഞു. ഓർമ്മ വരുന്നതിന് മുൻപ് അവൾ എത്തേണ്ടിടത്ത് എത്തിയിരിക്കും.. മനസ്സിൽ പറഞ്ഞ് ദത്തൻ ഗൂഢമായി ചിരിച്ചു. ( തുടരും )