19/04/2026

ശിവനയനം : ഭാഗം 22

രചന – നിള നന്ദ

മഹിയും അരവിന്ദും മീനുവും വന്ന് നോക്കുമ്പോൾ ശിവനും നയനയും മാലതിയുടെ മടിയിൽ തലവെച്ച് ഉറങ്ങുന്നതാണ് കണ്ടത്… ഇഷ്ടത്തോടെ അരവിന്ദ് ആ കാഴ്ച്ച നോക്കിയപ്പോൾ മീനു അനിഷ്ടത്തോടെ ആണ് നോക്കിയത്…

” ഇവർ രണ്ട്പേരും നല്ല മാച്ച് ഉണ്ടല്ലേ അച്ചുവേട്ടാ… ”

മഹിയുടെ ചോദ്യം കേട്ടതും അരവിന്ദ് അവരെ മാറി മാറി നോക്കി ചിരിച്ചു…

” അതെ നല്ല ചേർച്ച ആണ് ശിവനും പാർവതിയും പോലെ… ”

അരവിന്ദന്റെ മറുപടി കേട്ടതും മീനു ഉള്ളിലെ അമർഷം മറച്ച് വെച്ച് അവിടന്ന് നീങ്ങി നിന്നു.

” മോനെ ശിവാ എഴുന്നേൽക്ക് ദാ അച്ചുവും മഹിയും വന്നിരിക്കുന്നു… ”

മാലതി തട്ടി വിളിച്ചപ്പോൾ ആണ് ശിവൻ കണ്ണ് തുറന്നത്… അരവിന്ദനെ നോക്കി ഒന്ന് ചിരിച്ച് അവൻ നയനയെ നോക്കി. അപ്പോഴേക്കും മാലതി നയനയെയും എഴുനേൽപ്പിച്ചിരുന്നു…

” ഞാനൊന്ന് മയങ്ങി പോയി ഏട്ടാ… കുറേ നേരം ആയോ വന്നിട്ട്…? ”

നയന എഴുനേറ്റ് അരവിന്ദനെ നോക്കി ചോദിച്ചു.

” ഇല്ല ദാ ഇപ്പൊ വന്നതേയുള്ളു… മോള് വാ പോവാം.. ”

അരവിന്ദ് നയനയെയും കൂട്ടി റൂമിന് പുറത്തേക്ക് ഇറങ്ങി. അകത്ത് കൃഷ്ണൻ മാഷിനോട് സംസാരിച്ച് കൊണ്ടിരുന്ന മീനു അവർ വരുന്നത് കണ്ടതും മുഖം വീർപ്പിച്ച് നയനയെയും ശിവനെയും നോക്കി…

” ഇവൾക്ക് എന്താ പറ്റിയത് ഇത്രയും നേരം കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ… ”

മീനുവിന്റെ മുഖം കണ്ട് മഹി സംശയത്തോടെ നോക്കി…

” ഒന്നും ഇല്ല ഏട്ടാ നമുക്ക് പോവാം അമ്മ കാത്തിരിക്കുന്നുണ്ടാവും… ”

മീനു ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു.

” മോള് ആദ്യമായി ഇവിടേക്ക് വരുന്നതല്ലെ.. എന്തെങ്കിലും കഴിച്ചിട്ട് പോവാം… ”

മാലതി മീനുവിനെ നോക്കി പറഞ്ഞു..

” പിന്നെ ഒരിക്കൽ ആവാം അമ്മേ.. ”

മാലതിയെ നോക്കി അവളൊന്ന്‌ പുഞ്ചിരിക്കാൻ ശ്രെമിച്ചു… പിന്നെ അധികം നേരം അവിടെ നിൽക്കാതെ അവർ ഇറങ്ങി.. ശിവൻ അവരുടെ ഒപ്പം ഉമ്മറത്തേക്ക് ചെന്നു.. പോവുമ്പോൾ നയന ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ശിവൻ ആഗ്രഹിച്ചു…. നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കാൻ ആഗ്രഹിച്ചിട്ടും എന്തോ ഒന്ന് നയനയെ തടഞ്ഞു… അവൾക്ക് തന്നെ അറിയാത്ത എന്തോ ഒന്ന്…

തിരികെ വീട്ടിൽ ചെല്ലും അവിടെ വിവേകും വിദ്യയും അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… വിവേകിനെ കണ്ടതും മീനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.. വിവേകനെ ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുള്ളത് കൊണ്ട് നയനയ്ക്ക് അവനെ മനസിലായി… പക്ഷേ പിന്നെ ഉള്ളത് ആരാണെന്ന് മനസിലാവാതെ നയന അവരെ മാറി മാറി നോക്കി..

” ലച്ചുമോളെ ഇത് വിവേകിന്റെ അനിയത്തി ആണ് വിദ്യ.. ഇത് അച്ഛനും അമ്മയും..”

രാമനാഥൻ അവരെ ചൂണ്ടി കാണിച്ച് പറഞ്ഞതും മീനു അവരെ നോക്കി ചിരിച്ചു. ഡയറിയിൽ വായിച്ചത് കൊണ്ട് പേര് കേട്ടപ്പോൾ നയനയ്ക്ക് എല്ലാവരെയും മനസിലായി…. വിദ്യ മീനുവിന്റെ അടുത്ത് ചെന്ന് കെട്ടിപിടിക്കലും സന്തോഷം പങ്കിടലും ഒക്കെ ആയിരുന്നു.. നയന പുഞ്ചിരിയോടെ അതൊക്കെ നോക്കി നിന്നു…

” നയന എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് കുറച്ച് ദിവസം കാണാതെ ആയപ്പോൾ നമ്മളെയൊക്കെ മറന്നോ…? ”

വിദ്യ മീനുവിന്റെ അടുത്ത് നിന്ന് നയനയുടെ അടുത്തേക്ക് ചെന്നു… മറന്നതായിരുന്നു ആ ഡയറി ഉള്ളത് കൊണ്ട് ഓർമ്മ വന്നു… വിദ്യയെ നോക്കി നയന മനസ്സിൽ പറഞ്ഞു..

” ഞാൻ നിങ്ങളുടെ സ്നേഹം നോക്കായിരുന്നു ഏടത്തി… ”

നയനയുടെ നാവിൽ നിന്നും ഏടത്തി എന്ന വിളി കേട്ടപ്പോൾ വിദ്യ നാണത്താൽ മുഖം താഴ്ത്തി…

” ഏടത്തിയോ…? അതെങ്ങനെ..? ”

മീനു മനസിലാവാതെ ചോദിച്ചു..

” ആ കാര്യം പറയാൻ ആണ് ഞങ്ങൾ ഇപ്പൊ വന്നത്.. വിദ്യയുടെ ജാതകം ഈ അടുത്ത് നോക്കിയപ്പോൾ വിവാഹം ആറു മാനസത്തിനുള്ളിൽ നടത്തണം എന്നാ പറഞ്ഞത്. നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ… ”

വിവേകിന്റെ അച്ഛൻ അത് പറഞ്ഞ് എല്ലാവരെയും നോക്കി..

” അതിനെന്താ.. അച്ചുവിന്റെയും വിദ്യയുടെയും മാത്രം അല്ല. വിവേകിന്റെയും ലച്ചുവിന്റെയും ഒരുമിച്ച് നടത്താം.. ”

രാമനാഥൻ പറഞ്ഞത് കേട്ട് മീനു ഞെട്ടലോടെ എല്ലാവരെയും നോക്കി.. ഒടുവിൽ അവളുടെ കണ്ണുകൾ വിവേകിൽ ചെന്ന് നിന്നു… വിവേകും കണ്ണെടുക്കാതെ മീനുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

” തീരുമാനിക്കുന്നതിന് മുൻപ് എനിക്ക് ലച്ചുനോട്‌ കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു…”

” ചെല്ല് മോളെ.. ”

ദേവകി മീനുവിനെ നോക്കി പറഞ്ഞതും അവർ ഒരുമിച്ച് മുറ്റത്തേക്ക് ഇറങ്ങി..

കുറച്ച് നേരം ഒന്നും മിണ്ടാതെ അവർ നടന്നു.. മൗനം അവസാനിപ്പിച്ച് വിവേക് തന്നെ ആദ്യം സംസാരിച്ച് തുടങ്ങി..

” താനുമായി എന്തോ ഒരു ആത്മബന്ധം തോന്നുന്നു എന്ന് തന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടോ…? ”

വിവേകിന്റെ ചോദ്യത്തിന് മീനു ഉണ്ടെന്നർത്തത്തിൽ ഒന്ന് മൂളി..

” ആ തോന്നൽ വെറുതെ ആയിരുന്നില്ല.. നമ്മൾ ചെറുതായിരിക്കുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു ഇത്.. തന്നെ നഷ്ട്ടപെട്ടിട്ടും ആ ആഗ്രഹം പുറത്ത് കാണിച്ചില്ലെങ്കിലും എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു.. എന്റെ ഉള്ളിലും.. തന്നെ തിരികെ കിട്ടുമെന്ന പ്രതിക്ഷ ഒരിക്കലും ആർക്കും നഷ്ട്ടപെട്ടിട്ടില്ല. ഇത്രയും നാൾ താൻ മറ്റൊരിടത്ത് ആയിരുന്നു. തന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിലോ തനിക്ക് ഈ വിവാഹത്തിന് എന്തെങ്കിലും ഇഷ്ട്ടക്കുറവ് ഉണ്ടെങ്കിലോ പറയാൻ മടിക്കേണ്ട. എല്ലാവരോടും ഞാൻ പറഞ്ഞോളാം.. ”

വിവേക് പറഞ്ഞ് നിർത്തിയതും മീനു അവന്റെ കണ്ണുകളിലേക്ക് നോക്കി. മറുപടി പറയാൻ അവൾ ബുദ്ധിമുട്ടുന്നത് കണ്ടതും വിവേക് തിരിഞ്ഞ് നടക്കാൻ തുടങ്ങി..

” ഡോക്ടറെ… ”

അവന്റെ കയ്യിൽ പിടിച്ച് അവൾ പതിയെ വിളിച്ചു.. അവൻ തിരിഞ്ഞ് നിന്ന് കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി..

” ഡോക്ടർക്ക് എന്നെ കണ്ടപ്പോൾ തോന്നിയ ആ ആത്മബന്ധം എനിക്കും തോന്നിയിരുന്നു. ഇങ്ങനെ ഒരാള് ഇവിടെ എന്നെ കാത്തിരിക്കുമ്പോൾ എന്റെ മനസ്സിൽ എങ്ങനെയാ വേറെ ഒരാളോട് ഇഷ്ട്ടം തോന്നുന്നത്.. എല്ലാവരോടും പറഞ്ഞോളൂ എനിക്ക് സമ്മതം ആണെന്ന്.. ”

വിവേക് കേട്ടത് വിശ്വാസം വരാതെ മീനുവിനെ നോക്കി. പതിയെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

അകത്ത് ടെൻഷനോടെ വിവേകിനേയും മീനുവിനെയും കാത്തിരുന്നവർക്ക് കേൾക്കാൻ കഴിഞ്ഞത് ഏറ്റവും നല്ല സന്തോഷ വാർത്ത ആയിരുന്നു..

അടുത്ത ആഴ്ച എൻഗേജ്മെന്റ് നടത്താനും അതിന്റെ അടുത്ത മുഹൂർത്തത്തിൽ വിവാഹം നടത്താനും തീരുമാനിച്ചിട്ടാണ് അവർ പിരിഞ്ഞത്…

അവരുടെ ഒപ്പം ശിവന്റെയും നയനയുടെയും കൂടെ നടത്തണം എന്നുണ്ടായിരുന്നു അരവിന്ദന്.. പക്ഷേ ശിവൻ ഇത് വരെ അവന്റെ ഇഷ്ട്ടം പറയാത്തത് കൊണ്ടും നയനയുടെ ഉള്ളിൽ എന്താണെന്ന് അറിയാത്തത് കൊണ്ടും അരവിന്ദ് ആ ആഗ്രഹം ഉള്ളിൽ തന്നെ വെച്ചു…

മീനു എപ്പോഴും കൂടെ ഉണ്ടായിരുന്നത് കൊണ്ട് നയനയ്ക്ക് പിന്നെ ആ ഡയറി വായിക്കാൻ കഴിഞ്ഞില്ല… അവൾ മീനു ഉറങ്ങുന്നത് വരെ കാത്തിരുന്നു. രാത്രി ഫുഡ് കഴിച്ച് റൂമിൽ എത്തി മീനു നയനയെ പിടിച്ചിരുത്തി സംസാരിക്കാൻ തുടങ്ങി.. വിവേകിനെ കുറിച്ചായിരുന്നു കൂടുതൽ പറഞ്ഞത്… അവനെ ആദ്യമായി ഹോസ്പിറ്റലിൽ വെച്ച് കണ്ടത്. കൈ പിടിച്ച് നടന്നത്… അങ്ങനെ അങ്ങനെ… വിവേകിനെ പറ്റി പറയുമ്പോൾ മീനുവിന്റെ മുഖത്തെ തെളിച്ചം നയന ശ്രെദ്ധിച്ചു… അവളുടെ ആഗ്രഹം പോലെ അവൾക്ക് എല്ലാവരെയും കിട്ടിയതിൽ നയനയ്ക്ക് ഒരുപാട് സന്തോഷം തോന്നി.

സംസാരിച്ച് കഴിഞ്ഞ് മീനു ഫ്രഷ് ആവാൻ പോയി.. ആ സമയം നയന ബെഡിൽ കണ്ണടച്ച് കിടന്നു… അവളുടെ ഉള്ളിൽ ഇന്നത്തെ ദിവസം കടന്ന് വന്നു… സ്നേഹിക്കുന്നവർ ചുറ്റും ഉണ്ടായിട്ടും സന്തോഷിക്കാൻ കഴിയാത്ത അവസ്ഥ… മാലതിയുടെ മടിയിൽ ആ കരസ്പർശം ഏറ്റു ഒന്നൂടെ ഉറങ്ങാൻ അവളുടെ ഉള്ളം തുടിച്ചു…

ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട്
നയന നിറഞ്ഞ കണ്ണ് തുടച്ച് അനങ്ങാതെ കിടന്നു… നയന ഉറങ്ങിയെന്ന് കരുതി മീനു അവളുടെ അടുത്ത് ചെന്ന് നെറുകയിൽ തലോടി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

” ചേർത്ത് പിടിച്ച് സന്തോഷം പങ്കിടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. നിനക്ക് ഒന്നും ഓർമ്മ ഇല്ലല്ലോ എന്ന് കരുതിയിട്ടാണ്… ഇന്ന് എല്ലാവരും എന്റെ വിവാഹം തീരുമാനിച്ചപ്പോൾ സന്തോഷത്തോടൊപ്പം എനിക്ക് സങ്കടവും വന്നു… അതെന്താണെന്ന് അറിയോ… നിന്നെയും നിന്റെ ദേവിനെയും കുറിച്ച് ഓർത്തിട്ട്. എല്ലാവരെയും മറന്ന കൂട്ടത്തിൽ നീ അവനെയും മറന്നോടാ.. അങ്ങനെ മറക്കാൻ പറ്റോ നിനക്ക്.. അത്ര നീ അവനെ സ്നേഹിച്ചത് അല്ലേ… എനിക്ക് കാണിച്ച് തരാൻ കൂട്ടികൊണ്ട് വരാമെന്ന് പറഞ്ഞിട്ട് പിന്നെ നിന്നെ ഞാൻ കാണുന്നത് ഈ അവസ്ഥയിൽ ആണ്… സഹിക്കാൻ കഴിയുന്നില്ലടാ… ”

പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നിട്ടും അവൾക്ക് വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നുണ്ടായില്ല.. മീനു എഴുനേറ്റ് കണ്ണ് തുടച്ച് നയനക്കരികിൽ വന്ന് കിടന്നു.. ഒന്നും അറിയാത്ത പോലെ കണ്ണുകൾ അടച്ച് കരച്ചിൽ അടക്കി പിടിച്ച് കിടക്കുകയായിരുന്നു നയന… മീനു ഉറങ്ങിയെന്നു കണ്ടതും അവൾ തിരിഞ്ഞു കിടന്ന് മീനുവിന്റെ നെറുകയിൽ ചുംബിച്ചു..
ഒന്നും മറന്നിട്ടില്ല മീനു ഞാൻ… നീ പറഞ്ഞ പോലെ ദേവിനെയും… അത് പക്ഷേ അത്ര സ്നേഹിച്ചത് കൊണ്ടല്ല… ഒരിക്കലും മറക്കാൻ പറ്റാത്ത വേദന അല്ലേ അവൻ എനിക്ക് തന്നത്… നയന മീനുവിനെ ചേർത്ത് പിടിച്ച് കുറച്ച് നേരം കിടന്നു… അപ്പോഴാണ് അവൾക്ക് ഡയറിടെ കാര്യം ഓർമ്മ വന്നത്. കണ്ണ് തുടച്ച് എഴുനേറ്റ് അവൾ അലമാര തുറന്ന് ഡയറി എടുത്തു.. വായിച്ച് നിർത്തിയ പേജ് എടുത്ത് അവൾ അതിലൂടെ കണ്ണോടിച്ചു..

‘ മനസ്സിൽ എന്തോ ഒരു അസ്വസ്ഥത തോന്നിയത് കൊണ്ട് ഇന്ന് രാവിലെ അമ്പലത്തിൽ പോവാൻ തീരുമാനിച്ചത്. തനിച്ച് പോവണ്ടെന്ന് പറഞ്ഞ് അമ്മ മഹിയേട്ടനെ കൂടെ എന്റെ ഒപ്പം വിട്ടു. ഞാൻ ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രാർത്ഥിക്കുമ്പോൾ മഹിയേട്ടൻ പുറത്ത് ആയിരുന്നു. മനസ്സിന് കുറച്ച് ആശ്വാസം കിട്ടുന്നത് വരെ പ്രാർത്ഥിച്ച് തിരികെ വരുമ്പോൾ മഹിയേട്ടൻ ആരോടോ സംസാരിച്ച് നിൽക്കുകയായിരുന്നു…. മഹിയേട്ടൻ അയാളെ അപ്പച്ചീടെ മോൻ ആണെന്ന് പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി. അയാളെ കണ്ടപ്പോഴേ എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി എനിക്ക്. പക്ഷേ എവിടെയെന്ന് ഓർമ്മ കിട്ടിയില്ല… അയാൾ എനിക്ക് നേരേ കൈ നീട്ടി അയാളെ സ്വയം പരിചയപ്പെടുത്തി.ദേവദത്തൻ… അതായിരുന്നു അയാളുടെ പേര്.. ‘

ആ പേര് വായിച്ചതും നയനയുടെ ഉള്ള് വിറച്ചു. വിശ്വാസം വരാതെ ആ പേരിലേക്ക് ഒന്നൂടെ നോക്കി.. ഫുൾ സ്പീഡിൽ ഫാൻ കറങ്ങുമ്പോഴും നയന വിയർത്തൊലിക്കുകയായിരുന്നു.. വിറയലോടെ ആയിരുന്നു അവൾ ബാക്കി ഉള്ളതൊക്കെ വായിച്ചത്.. വായിച്ച് കഴിഞ്ഞതും ഡയറി എടുത്ത് വെച്ച് അവൾ ബാത്‌റൂമിൽ കയറി ടാപ് തുറന്ന് ഇട്ട് ചുവരിൽ ചാരി ഇരുന്ന് പൊട്ടി കരഞ്ഞു…
തന്റെ ജീവിതം നശിപ്പിച്ചവൻ ഇവിടെ തൊട്ടടുത്ത്.. അതും തനിക്ക് അഭയം തന്ന കുടുംബത്തിൽ ഉള്ളത്.. ഏത് നിമിഷവും അവൻ ഇവിടേക്ക് കടന്ന് വരും.. ആ കൂടി കാഴ്ച്ചയിൽ അവനെ അറിയാത്ത പോലെ എങ്ങനെ നിൽക്കും… എന്നെ മനസിലായിട്ടും ഒതുങ്ങി നിൽക്കണം എങ്കിൽ എന്തായിരിക്കും അവന്റെ ഉദ്ദേശം… ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയി.. ആദ്യമായി ഒരു അനാഥ ആയതിൽ അവൾ വേദനിച്ചു.. ചേർത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു.. നല്ലതല്ലാത്ത എന്തൊക്കെയോ നടക്കാൻ പോവുന്നെന്ന് അവൾക്ക് തോന്നി…

മനസിന്റെ ഭാരം ഒന്ന് കുറയുന്നത് വരെ അവൾ കരഞ്ഞു.. ഒരുപാട് പണിപെട്ടാണ് അവൾ പിന്നെ ഒന്ന് ഉറങ്ങിയത്…

രാവിലെ എഴുനേറ്റ് നോക്കുമ്പോൾ മീനു എഴുന്നേറ്റിരുന്നില്ല.. സമയം നോക്കിയപ്പോൾ ആറു മണി ആയിരുന്നു.. മനസിന്‌ ഒരു ആശ്വാസം കിട്ടാൻ ക്ഷേത്രത്തിൽ പോവാൻ അവൾ എഴുനേറ്റ് ഫ്രഷ് ആയി വന്നു.. അന്ന് വാങ്ങിയ ആ ചുവന്ന സാരി ആയിരുന്നു അവൾ ഉടുത്തത്.. തനിയെ പോവാൻ തോന്നിയത് കൊണ്ട് അവൾ മീനുവിനെ പോലും വിളിച്ചില്ല.. ദേവകിയോട് പറഞ്ഞ് അവൾ മുറ്റത്തിറങ്ങി നടന്നു…

തൊഴുത് നിൽക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നി അവൾക്. ക്ഷേത്രത്തിൽ എന്തോ ഒരു പ്രതേക പൂജ നടക്കുന്നുണ്ടായിരുന്നു. സമയം പോകുന്നത് ഒന്നും അറിയാതെ അവൾ ആ പൂജയിൽ പങ്കെടുത്തു നിന്നു..

******************

” എത്ര നേരം ആയി അമ്മേ.. ഒന്ന് പെട്ടന്ന് വാ.. ”

ദേവ് ബൈക്കിന്റെ ഹോൺ നീട്ടി അടിച്ച് രാധികയെ വിളിച്ചു..

” കിടന്ന് ഒച്ച എടുക്കാതെ ചെക്കാ ദാ വരുന്നു.. ”

രാധിക അകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങി.

” അമ്മയ്ക്ക് അമ്മയുടെ അനന്ത്രവളെ കാണണ്ടേ..? ”

ദേവ് ഒരു കള്ള ചിരിയോടെ ചോദിച്ചു.

” എനിക്ക് എന്റെ അനന്ത്രവളെ കാണണം. പക്ഷേ നീ നിന്റെ പെണ്ണിനെ കാണാൻ അല്ലേ ഈ ദൃതി വയ്ക്കുന്നത്.. ഒരു അഞ്ചു മിനിറ്റ് താമസിചെന്നു കരുതി നിന്റെ പെണ്ണിനെ ആരും കൊണ്ട് പോവോന്നും ഇല്ല.. ”

രാധിക അവനെ കളിയാക്കി..

” ഓഹ് അമ്മ ഒന്ന് കയറിയെ.. ”

അവൻ ഹെൽമറ്റ് എടുത്ത് വെച്ച് രാധികയെ നോക്കി. രാധിക ബൈക്കിൽ കയറിയതും ദേവ് ബൈക്ക് എടുത്തു.

ദേവും രാധികയും ചെല്ലുമ്പോൾ നയന ഒഴിച്ച് ബാക്കി എല്ലാവരും അകത്ത് ഉണ്ടായിരുന്നു. രാധിക മീനുവിന്റെ അടുത്ത് ചെന്ന് അവളെ ചേർത്ത് പിടിച്ച് സംസാരിച്ചു. ദേവും അവളെ പരിചയപെട്ടു..

” നയന എവിടെ..? കാണുന്നില്ലല്ലോ..? ”

ദേവ് ചുറ്റും നോക്കി ചോദിച്ചു.

” നയന ക്ഷേത്രത്തിൽ പോയിരിക്കാ.. എന്തോ ഒരു പൂജ ഉണ്ട്. അത് കഴിഞ്ഞേ വരൂ.. ”

അരവിന്ദ് ആണ് മറുപടി കൊടുത്തത്.

” ഏട്ടാ ഞങ്ങൾ ഇപ്പൊ വന്നത് ലച്ചുമോളെ കാണാൻ മാത്രം അല്ല… ഏട്ടനോട് ഒരു കാര്യം ചോദിക്കാൻ വേണ്ടി കൂടിയാ.. കേട്ട് കഴിയുമ്പോൾ ഏട്ടനും ഏട്ടത്തിയും അത് സമ്മതിക്കണം.. ”

രാധിക രാമനാഥനെയും ദേവകിയെയും മാറി മാറി നോക്കി.

” എന്തിനാ രാധു ഒരു മുഖവര. കാര്യം പറയ്.. ”

” അത് ഏട്ടാ.. നയന മോളെ ഞങ്ങൾക്ക് തന്നൂടെ ദത്തന്റെ പെണ്ണായി..”

രാധികയുടെ ചോദ്യം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി..

” അത് നടക്കില്ല അപ്പച്ചി.. ”

എടുത്തടിച്ച പോലെ ആയിരുന്നു അരവിന്ദന്റെ മറുപടി. അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത് ശിവന്റെ മുഖം ആയിരുന്നു. എല്ലാവരുടെയും നോട്ടം അരവിന്ദന്റെ നേരേ ആയി.

” അത്… അത് ഞാൻ പറഞ്ഞത് എന്താണ് വെച്ചാൽ നയനയ്ക്ക് ഒന്നും ഓർമ്മ ഇല്ലല്ലോ.. അപ്പൊ ഇങ്ങനെ ഒരു കാര്യം തീരുമാനിക്കുന്നത് ശരി ആണോ..”

ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു..

” ഞാൻ വിവാഹം കഴിക്കണം എന്ന് പറഞ്ഞത് ഒന്നും ഓർമ്മ ഇല്ലാത്ത നയനയെ അല്ല. ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച എന്റെ പെണ്ണിനെ ആണ്.. ”

ദേവ് പറഞ്ഞത് കേട്ട് എല്ലാവരും വീണ്ടും ഞെട്ടി..

” നീ എന്തൊക്കെയാ ദത്താ പറയുന്നത് ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല.. ”

ദേവകി ദേവിന് നേരേ തിരിഞ്ഞു.

” അതെ അമ്മായി.. പരസ്പരം സ്നേഹിച്ചിരുന്നവരാ ഞങ്ങൾ. ഓർഫനേജിൽ പോയി മദറിനോട് സംസാരിക്കാനിരിക്കെ ആയിരുന്നു അവൾക്ക് ആക്‌സിഡന്റ് പറ്റിയത്. ഒരുപാട് അനേഷിച്ചിട്ട് ആണ് അവൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്.. ഇത്രയും നാൾ ഒന്നും പറയാതിരുന്നത് അവൾ എന്നെ തിരിച്ചറിയും എന്ന് കരുതിയിട്ട് ആയിരുന്നു. പക്ഷേ അത് ഉണ്ടായില്ല.. ഇനിയും ഒന്നും പറയാതിരുന്ന് അവളെ നഷ്ട്ടപ്പെടുതാൻ എനിക്ക് വയ്യ.. ”

ദേവ് പരമാവധി സങ്കടം വരുത്തി പറഞ്ഞു.
ആരും ഒന്നും മിണ്ടുന്നില്ല. ആകെ നിശബ്ദത.

” നിങ്ങൾക്ക് ഇനിയും വിശ്വാസം വരുന്നില്ലെങ്കിൽ ദാ നോക്ക്.. ”

ദേവ് ഫോൺ എടുത്ത് അവർ ഒരുമിച്ചുള്ള ഫോട്ടോ കാണിച്ച് കൊടുത്തു.. എല്ലാവരും അത് നോക്കെ മീനു ഫോൺ വാങ്ങി ഫോട്ടോയിലേക്ക് നോക്കി.

” അപ്പൊ അവൾ സ്നേഹിച്ചിരുന്ന ദേവ് ദത്തേട്ടൻ ആണോ…? ”

മീനുവിന്റെ ചോദ്യത്തിന് ദേവ് അതെയെന്ന് മറുപടി പറഞ്ഞു.

” മോൾക്ക് അറിയോ എല്ലാം.. ”

മഹി ആയിരുന്നു ചോദിച്ചത്..

” ദേവ് എന്നൊരാളും ആയി ഇഷ്ട്ടത്തിൽ ആണെന്ന് പറഞ്ഞിരുന്നു.. എല്ലാവർക്കും പരിചയപ്പെടുതാൻ കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞിരുന്നതാ. അപ്പോഴാ ആക്‌സിഡന്റ് പറ്റിയത്. ”

മീനു എല്ലാവരോടായി പറഞ്ഞു.

” അമ്മാവനും അമ്മായിയും എതിരൊന്നും പറയരുത്.. അവളെ എനിക്ക് തരണം. ഇനിയും നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാണ്… ”

ദേവ് രാമനാഥന്റെ കയ്യിൽ പിടിച്ച് പറഞ്ഞു.

” മോൻ വിഷമിക്കണ്ട. പരസ്പരം സ്നേഹിച്ചവർ അല്ലേ നിങ്ങൾ. ഇനി നിങ്ങൾക്ക് പിരിയേണ്ടി വരില്ല.. അവളെ നിനക്ക് തന്നെ കിട്ടും. ”

രാമനാഥൻ സന്തോഷത്തോടെ ദേവിനെ ചേർത്ത് പിടിച്ച് പറഞ്ഞു. അടുത്ത് നിന്ന ദേവകിയുടെയും രാധികയുടെയും മീനുവിന്റെയും മുഖത്ത് അതെ സന്തോഷം ഉണ്ടായിരുന്നു. മഹിയുടെയും അരവിന്ദന്റേയും മുഖം തെളിച്ചമില്ലാതെ നിന്നു. ദേവിന്റെ മുഖത്ത് മാത്രം ഗൂഢമായ വിജയചിരി നിറഞ്ഞ് നിന്നു..

******************

ക്ഷേത്രത്തിൽ നിന്ന് ഇറങ്ങുമ്പോൾ നയനയുടെ ഒരു ആശ്വാസം തോന്നി. എന്ത്‌ വന്നാലും നേരിടാൻ പറ്റുമെന്നൊരു ആത്മവിശ്വാസം. ആരും ഇല്ലെങ്കിലും ഈശ്വരൻ കൂടെ ഉണ്ടെന്നൊരു തോന്നൽ.

” നയന… ”

പുറകിൽ നിന്ന് വിളി കേട്ടപ്പോൾ നയന തിരിഞ്ഞ് നോക്കി. ശിവൻ ആയിരുന്നു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു. ചുണ്ടുകൾ കൊണ്ട് മാത്രം അല്ല. കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും…

” മാഷ് ഇന്ന് നേരം വൈകിയോ..? ”

ശിവൻ അടുത്ത് എത്തിയതും നയന ചോദിച്ചു.

” കുറച്ച് നോട്ട് തയ്യാറാക്കാൻ ഉണ്ടായിരുന്നു. അതാ വൈകിയേ.. ”

ശിവൻ നയനയ്ക്കൊപ്പം നടന്നു കൊണ്ട് പറഞ്ഞു.

” തനിക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്.. ”

ശിവൻ നയനയെ നോക്കി കൊണ്ട് പറഞ്ഞു.. ”

ഒന്നും പറയാതെ അവളൊന്ന്‌ ചിരിച്ചു.

” ഞാൻ ഒരു കാര്യം ചോദിക്കട്ടെടോ..? ”

വീണ്ടും ശിവന്റെ ചോദ്യം.

” ആ ചോദിക്ക്..”

” തന്റെ നെറ്റിയിലെ ഈ ചുവന്ന വട്ടപൊട്ടിന് മേലെ ആ സീമന്തരേഖയിൽ തൊടാനുള്ള സിന്ദൂരം എന്റെ കൈകൊണ്ട് ആയിക്കോട്ടെ..? ”

ശിവൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ചോദിച്ചു… തന്റെ മുഖം മാത്രം തെളിഞ്ഞു കാണുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കെ ഇത് വരെ അനുഭവിക്കാത്ത ഒരു പ്രതേകത അവൾ അനുഭവിച്ചു….

( തുടരും )