11/05/2026

സ്നേഹമയി : ഭാഗം 33

രചന – ആരുണി കൃഷ്ണ

 

“ശ്രീയേട്ടനെക്കാൾ എനിക്ക് വലുത് എന്റെ സ്വപ്‌നങ്ങൾ ആണെന്ന് കരുതട്ടെ…. അങ്ങനെ എങ്കിലും ഏട്ടന്റെ സ്വപ്‌നങ്ങൾ ഏട്ടന് സ്വന്തം ആവട്ടെ…”

അണപൊട്ടി ഒഴുകിയ കണ്ണീരോടെ അവൾ ആമിയെ പുണർന്നു… ആമി ആ നെറുകിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

****** ******** ******* ***** ******

“നീ അല്ലെ നല്ല ക്ഷീണം കിടക്കട്ടെ എന്ന് പറഞ്ഞു അകത്തേക്ക് പോയത് ” പുറത്തേക്ക് ഇറങ്ങി വന്ന ശ്രീയോട് പ്രണവ് തിരക്കി…

“എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ട്… ”

അപ്പോഴേക്കും സ്ത്രീകളും പുറത്തേക്ക് വന്നു…

“അച്ഛാ എന്റെ വിവാഹം കഴിഞ്ഞു ഞാൻ പി എച് ഡി ചെയ്യാൻ ഓസ്ട്രേലിയയിലേക്ക് പോകുവാ… എനിക്ക് മെൽബൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയായി… സ്കോളര്ഷിപ്പോടെ… ”

ദേവനും ലതക്കും ശ്രീകുട്ടിക്കും പ്രണവിനും ഓക്കേ അവന്റെ ആഗ്രഹം നന്നായി അറിയാമെങ്കിലും മിഥുവിനെ കുറിച്ച് ഓർത്തപ്പോൾ വിഷമം തോന്നി…

“മോനെ, ഉടനെ വേണോ…പിന്നീട് ആയാലും ചെയ്യാല്ലോ, വിദേശത്ത് എവിടെ വേണേലും പോകാം…വിവാഹം കഴിഞ്ഞു ഉടനെ എന്നൊക്കെ പറയുമ്പോ, എത്ര മാസം നീ ഉണ്ടാവും ഇവിടെ… ” ദേവൻ ഉത്കണ്ഠയോടെ ചോദിച്ചു…

“അച്ഛാ, എനിക്ക് ഈ ഏപ്രിൽ 30 ന് അവിടെ ജോയിൻ ചെയ്യണം… ഫ്ലൈറ്റ് 27 നൈറ്റ്‌ ആണ് ”

“27 ഓ… ശ്രീകുട്ടാ എന്താ നീ പറയുന്നേ എന്ന് വല്ല ചിന്തയും ഉണ്ടോ നിനക്ക്… നിന്റെ വിവാഹമാണ് അന്ന്… ”

“അറിയാം അമ്മേ… പക്ഷെ എനിക്ക് പോയെ പറ്റു… സ്കോളർഷിപ് നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ… ഇനി ഇങ്ങനെ ഒരു അവസരം കിട്ടില്ല… ”

“ഇല്ല… ഞാൻ സമ്മതിക്കില്ല… അതും വിവാഹം കഴിഞ്ഞ ഉടനെ..നിന്നെ മാത്രം പ്രതീക്ഷിച്ചു ഒരു പെൺകൊച്ചു ഇവിടെ ഉണ്ട്.….അതോർത്തോ ശ്രീകുട്ടാ? ”
ലത അമർഷത്തോടെ അവനോട് ശബ്ദം ഉയർത്തി… പക്ഷെ ദേവന് അവന്റെ ഭാവമാറ്റം മനസ്സിലായ പോലെ അയാൾ നിസ്സംഗമായി നോക്കി ഇരുന്നു…

“എന്റെ അമ്മേ, ഞാൻ വിവാഹം കഴിഞ്ഞു എന്നെന്നേക്കുമായി അവളെ ഉപേക്ഷിച്ചു പോകുക ഒന്നുമല്ല…പോയിട്ട് തിരികെ വരും… എന്റെ പെണ്ണ് ആയി താലി കെട്ടി കൊണ്ട് വരുമ്പോൾ അവളെ സംരക്ഷിക്കാനും എനിക്ക് അറിയാം… അതിനും കൂടി വേണ്ടിയാ ഈ പോക്ക്… എന്റെയും അവളുടെയും നല്ല ഭാവിക്ക് വേണ്ടി കൂടിയാ ഇത്…..”

“സാരമില്ല ലതേ… ശ്രീക്കുട്ടൻ പറയുന്നതിലും കാര്യമുണ്ട്… വളരെ കുറച്ചു പേർക്ക് മാത്രം കിട്ടുന്ന അവസരങ്ങളാ ഇതൊക്കെ… മോൻ ഇത് നഷ്ടപ്പെടുത്തരുത്… ”
സുഭദ്ര ലതയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…

“ശ്രീകുട്ടാ മോനെ, മിഥു മോളോട് പറഞ്ഞോ…? ”
അനന്ദൻ ആയിരുന്നു…

“പറഞ്ഞു അങ്കിൾ… ഞാൻ പോകണം എന്ന് എന്നേക്കാൾ താല്പര്യം അവൾക്കാണ്… ”

“മ്മ്… ”

“ഇനി എന്താ ശ്രീകുട്ടാ നിന്റെ പ്ലാൻ.. ”
ദേവൻ മൗനം വെടിഞ്ഞുകൊണ്ട് ചോദിച്ചു..

“നാളെ തന്നെ ഇവിടുത്തെ ജോബ് റിസൈൻ ചെയ്യണം…. formalities എല്ലാം ഓക്കേയാണ്… 27 ഈവെനിംഗ് 9.30 യാണ് ഫ്ലൈറ്റ്, കൊച്ചിയിൽ നിന്ന്…. പി എച് ഡി മാക്സിമം duration 3 വർഷമാണ് അവിടെ…2 വർഷം കൊണ്ട് കഴിയുമെങ്കിൽ തീരും എന്ന് പ്രതീക്ഷിക്കാം… ”

ഇത്രയും പറഞ്ഞു ശ്വാസം ഒന്ന് വലിച്ചു വിട്ട് ശ്രീ അകത്തേക്ക് കയറി പോയി… വാതിൽ പടിയിൽ എല്ലാം കേട്ട് മിഥുവും ഉണ്ടായിരുന്നു… അവൻ അവൾക്ക് മുഖം കൊടുക്കാതെ മുകളിലേക്ക് പോയി, അതേ വേഗത്തിൽ തിരിച്ച് ഇറങ്ങിവന്നു ബുള്ളറ്റുമായി പുറത്തേക്ക് ഇറങ്ങി…

ശ്രീക്കുട്ടി വിളിച്ചു പറഞ്ഞപ്പോഴേ എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നി… ബീച്ചിൽ ഉണ്ടാകും എന്ന അഭിയുടെ ഊഹം തെറ്റിയില്ല…

“എന്താ ശ്രീകുട്ടാ നിന്റെ മനസ്സിൽ… പോകുന്നില്ല, അവളെ പിരിയാൻ വയ്യ എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്താ ഒരു മാനംമാറ്റം… ”

“എനിക്കല്ലേ അവളെ പിരിയാൻ സങ്കടം… അവൾക്ക് ഇല്ലെങ്കിലോ… ”

“നീ ഇത് എന്തൊക്കെയാ പറയുന്നേ…? ”

“സത്യം…. ”
ശ്രീ മിഥുവിൽ നിന്ന് കേട്ടതെല്ലാം അഭിയോട് പറഞ്ഞു…

“ഡാ, പക്ഷെ ഈ കാര്യത്തിൽ… ”

“ഈ കാര്യത്തിൽ അവളെ തെറ്റ് പറയാൻ കഴിയില്ല എന്നല്ലേ… ശരിയാ, അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു അവളുടെ അച്ഛൻ… ആ അച്ഛന് അവൾ നൽകിയ വാക്കാണ്, ഒരിക്കലും പഠിത്തത്തിൽ ആർക്കും പിന്നിൽ അവരുതെന്ന്… അത് ഇതുവരെ പാലിച്ചു അവൾ…. ഇനി… വേണ്ട ഞാൻ കാരണം അവളുടെ ആഗ്രഹം, അച്ഛന് കൊടുത്ത വാക്ക് ഒന്നും നഷ്ടമാകരുത്…”

“നിനക്ക് അവളോട്‌ ദേഷ്യമാണോ ശ്രീകുട്ടാ…? ”

“വേദന മാത്രമേ ഉള്ളു… അവളുടെ സ്വപ്നങ്ങൾക്ക് ഒരു താങ്ങായി കൂടെ നിൽക്കണം എന്ന് കരുതിയ എന്റെ മനസ്സ് അവൾ കണ്ടില്ലല്ലോ എന്ന വേദന മാത്രം… പിന്നെ അവളോട്‌ ദേഷ്യം തോന്നിയാൽ, ഞാൻ എന്നെ സ്വയം വെറുക്കുന്നതിനു തുല്യമാണ്… എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിച്ച എന്റെ പ്രണയമാ അവൾ, എന്റെ പ്രാണനാടാ…എങ്കിലും അകലണം, താത്കാലികമായി… അവളിൽ നിന്ന് ഓടി മറയണം… ഇല്ലെങ്കിൽ എനിക്ക് കഴിയില്ല, സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ചാൽ ഞാൻ പിന്നെ എങ്ങും പോകില്ല…”

©ആരുണി ❤️

“ശ്രീയേട്ടാ, ഏട്ടൻ ഒരിക്കലും ഒരു തടസ്സമാവില്ല എന്ന് എനിക്കറിയാം… എന്റെ ആഗ്രഹങ്ങൾക്ക് എല്ലാം ഒരു തണലായി ആ കൂട്ട് ഉണ്ടാവും എന്നും അറിയാം… ഏട്ടനെക്കാൾ വലുതായി ഇന്നീ മനസ്സിൽ മറ്റൊന്നുമില്ല… എന്നിട്ടും വാക്കുകൾ കൊണ്ട് ഞാൻ കുത്തിനോവിച്ചു, എന്നോട് വെറുപ്പാകും… സാരമില്ല ഒരിക്കൽ, എന്നെങ്കിലും ഒരിക്കൽ എന്നെ മനസിലാക്കും… ”
ശ്രീയുടെ ഫോട്ടോ നെഞ്ചോടു ചേർത്ത് മിഥു പറഞ്ഞുകൊണ്ടിരുന്നു…

പിറ്റേ ദിവസം, ഫസ്റ്റ് അവർ ക്ലാസ്സ്‌ ശ്രീയുടേതായിരുന്നു… ക്ലാസ്സ്‌ ഒരു 15 മിനിറ്റ് മുന്നേ വൈന്റ് ആപ്പ് ചെയ്തതും എല്ലാവരും തുറിച്ചു നോക്കി… സാധാരണ ബെല്ല് അടിച്ചാലും നിർത്താത്ത ആളാണ്…

“മൈ ഡിയർ സ്റ്റുഡന്റസ്, it’s time to say gud bye for a short term … ”

“ങേ, ഇങ്ങേര് ഇതെന്താ പറയുന്ന എന്നോർത്ത് ഏവരും ശ്രദ്ധയോടെ ഇരുന്നു.. 2 പേർ ഒഴികെ… ( പ്രത്യേകം പറയണ്ടല്ലോ, ആ അത് തന്നെ ആമിയും മിഥുവും )

“ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് ഡേ ഇൻ ദിസ് കോളേജ്… ഞാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നു, പി എച് ഡി ചെയ്യാനായി…”

പെൺകുട്ടികൾക്ക് ഒക്കെ ഒരു സങ്കടം, കെട്ടിയത് ആണെങ്കിലും ആകെ വായിനോക്കാൻ കൊള്ളാവുന്ന ഒരെണ്ണം ആയിരുന്നു…

“മറ്റൊന്ന് കൂടി ഉണ്ട്… ഈ വരുന്ന ഏപ്രിൽ 27 ന് എന്റെ വിവാഹമാണ് നിങ്ങൾ എല്ലാവരും വരണം…..”

ഇപ്പൊ ശരിക്കും എല്ലാവരും ഞെട്ടി… മിഥു നന്നായി ഞെട്ടി… കാരണം ആമിയോട് അല്ലാതെ അവൾ വീണ്ടും വിവാഹം കഴിക്കുന്നു എന്ന വിവരം ആരോടും പറഞ്ഞില്ല….

“ഓ, ഇന്ന് എല്ലാവരെയും ക്ഷണിക്കാം എന്ന് കരുതി ഇരുന്നതാ, ആദ്യമേ ഗോൾ അടിച്ചു ശ്രീപോട്ടൻ പണി തന്നല്ലോ… എല്ലാം കൂടി എന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും… ഒന്ന് കല്യാണം കഴിച്ചത് പറഞ്ഞില്ല എന്ന് പറഞ്ഞു എല്ലാം കൂടി വധിച്ചതാ… ഇനി വീണ്ടും… ”

“അയ്യോ, സാറിന്റെ മാര്യേജ് കഴിഞ്ഞതല്ലേ… ആ കുട്ടിയെ സാർ ഡിവോഴ്സ് ചെയ്തോ… ”
അമൃത മിഥുവിനെ നോക്കി പുച്ഛത്തോടെ ചോദിച്ചതും ശ്രീ ഒന്ന് പുഞ്ചിരിച്ചു..

“നിന്ന് കിണിക്കുന്നേ നോക്ക്, അങ്ങോട്ട്‌ പറഞ്ഞു കൊടുക്കടോ…..ഇയാൾ ഇവിടെ കേറി സാർ ആയി നിന്നുപോയി, ഇല്ലേൽ അവളുടെ ഈ ചൊറിച്ചില് നല്ല മരുന്ന് ഞാൻ കൊടുത്തേനെ… “മിഥു പല്ല് കൂട്ടി കടിച്ചു മനസ്സിൽ പറഞ്ഞു…

“ആരും അതോർത്ത് ടെൻഷൻ അടിക്കേണ്ട.. എന്റെ ഭാര്യ മൈഥിലി നന്ദഗോപാൽ എന്ന മൈഥിലി ശ്രീറാമിനെ തന്നെയാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്… അന്ന് ഒരു ചെറിയ ചടങ്ങായി നടത്തി എന്നെ ഉള്ളു… പക്ഷെ ഗ്രാൻഡ് ആയി നടത്തണം എന്ന് വീട്ടുകാർക്ക് മോഹം… സോ നിങ്ങൾ എല്ലാവരും വരണം… മൈഥിലി എല്ലാവരെയും വിശദമായി ക്ഷണിക്കും…
അപ്പൊ ഗുഡ് ബൈ… ”

അത് പറഞ്ഞു എല്ലാർക്കും നേരെ കൈ വീശി കാണിച്ചു ശ്രീ പോകുമ്പോൾ മിഥുവിനെയും നോക്കാൻ മറന്നില്ല…

“ഹോ, എന്റെ ഭാര്യ മൈഥിലി….കുളിരു കോരുന്നു… ”

ശ്രീയിൽ നിന്ന് തന്നെ അങ്ങനെ കേട്ട ത്രില്ലിൽ ഇരിക്കുമ്പോഴും, മുന്നിലൂടെ കൈവീശി തന്നെ നോക്കി പോകുന്ന അവന്റെ മുഖം അവളിൽ വേദന നിറച്ചു…

പിന്നെ ചോദ്യമായി, പറച്ചിലായി… വിവാഹം ക്ഷണിക്കൽ ആയി… ശ്രീയും മിഥുവും ഒന്നിച്ചു പോയി സ്റ്റാഫിനെ എല്ലാം ക്ഷണിച്ചു…

മിഥുവിന്റെ വ്രതവും നിർമ്മാല്യം തൊഴലും തകൃതിയായി നടന്നു… ശ്രീ മിഥുവിൽ നിന്ന് ഒഴിഞ്ഞുമാറി, അവളും അതൊക്കെ മനസ്സിലാക്കിയിരുന്നു… വിവാഹത്തിന് രണ്ട് ദിവസം മുന്നേ മിഥുവിന്റെ നിർബന്ധം കാരണം ആമിയും കോട്ടൂർ എത്തി… മിഥുവും ആമിയും പ്രവീണയും മായയും അരുണും അച്ചുവും അമ്മുവും കൂടി ഫുൾ ടൈം കത്തി വെക്കലും, കളിയും ചിരിയും ഒക്കെ ആയി സമയം കടന്നു പോയി…വരുൺ എപ്പോഴും ഇവർക്ക് ഇടയിൽ ചെന്ന് ഇരിക്കുമെങ്കിലും അവൻ അവന്റെ ലോകത്താണ്, ആമി പറയും പോലെ ഫുൾ പൊട്ടനാട്ടക്കളി….. പ്രണവ് കല്യാണത്തിന്റെയും ഓഫീസിലെയും തിരക്കുകളിൽ പെട്ടിരിക്കാണ്…

©ആരുണി ❤️

വിവാഹത്തിന്റെ തലേ ദിവസം രാവിലെ….മിഥു ക്ഷേത്രത്തിൽ പോകാൻ ഒരുങ്ങുകയാണ്… കൂടെ പ്രണവും മായയും അരുണും വരുണും ആമിയും പ്രവീണയും ഉണ്ട്… എല്ലാവരും കൂടി മുറ്റത്തേക്ക് ഇറങ്ങിയതും ശ്രീ കാറുമായി നിൽക്കുന്നു…
പ്രണവും മായയും പ്രവീണയും പ്രണവിന്റെ കാറിൽ കയറി…

“നിങ്ങൾ 3 ആളും ശ്രീകുട്ടന്റെ കൂടെ വാ… ” പ്രണവ് പറഞ്ഞതും മിഥുവും ആമിയും വരുണും ശ്രീക്ക് അരികിലേക്ക് നടന്നു…. വരുണും ശ്രീയും മുന്നിലും, ആമിയും മിഥുവും പിന്നിലും ഇരുന്നു….

വരുണിന്റെ കോലം കണ്ട് ആമിക്ക് നല്ല ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു…

“ഇങ്ങേർക്ക് ക്ഷേത്രത്തിൽ പോകുമ്പോ എങ്കിലും കുറച്ചു മര്യാദക്ക് വന്നൂടെ… കോലം നോക്ക് ഒരു കീറിയ പാന്റ്സ്… ബാക്കി എല്ലാവരും മുണ്ട് ഉടുത്തു… ഭാഗ്യം ഒരു ഷർട്ട്‌ എടുത്ത് ഇട്ടിട്ടുണ്ട്… ബോബ് മാർലിയെ ഇന്നെങ്കിലും ഉപേക്ഷിച്ചല്ലോ, ഭാഗ്യം…. ” ആമി അവനെ തന്നെ ചുഴിഞ്ഞു നോക്കി ഇരിക്കുമ്പോഴാണ് അവൻ തല ഉയർത്തി ഫ്രന്റ്‌ മിററിലേക്ക് നോക്കിയത്… തന്നെ നോക്കിയിരിക്കുന്ന ആമിയെ അവൻ കണ്ടു, അതറിഞ്ഞു പെട്ടന്ന് അവൾ നോട്ടം മാറ്റി…

ക്ഷേത്രത്തിൽ എത്തി വരുൺ ഷർട്ട്‌ അഴിച്ചു അകത്തേക്ക് കയറിയത് മുതൽ ആമി വീണ്ടും സ്കാനിങ് തുടങ്ങി…

“ഓഹോ അത്ര വലിയ സൈസ് ഇല്ലേലും, ചെക്കന്റെ ബോഡി നല്ല ഫിറ്റ്‌ ആണല്ലോ.. സിക്സ് പാക്ക് ഒക്കെ ഉണ്ട്… കഴുത്തിൽ ഒരു 2… 3 ലയർ ആയി മെറ്റൽ ചെയിൻ ഉണ്ട്… ഹ്ഹ് ഇതെന്താ പട്ടിയോ…. ”

ആമി, വരുണിനെ സ്കാൻ ചെയ്തു നടന്നപ്പോ എല്ലാരും തൊഴുത് കാവിലേക്ക് പോയത് അവൾ അറിഞ്ഞില്ല..

“മിഥു ഞാൻ കാവിൽ തൊഴുത്തിട്ട് വരാം… ”
ആമി മിഥുവിനോട് പറഞ്ഞിട്ട് കാവിലേക്ക് നടന്നു… അവരെല്ലാം പ്രസാദം വാങ്ങാൻ നിന്നു…

“അതെ ഒന്ന് നിന്നേ…. ”

ആമി തിരിഞ്ഞു നോക്കിയതും വരുൺ… അവൾ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നിന്നു…

“ഞാനും വരുന്നു കാവിലേക്ക്… ” അവർ ഒന്നിച്ചു നടന്നു…

“അല്ല നീ എന്തിനാ ക്ഷേത്രത്തിൽ വന്നത്..? ”
വരുണിന്റെ ചോദ്യം കേട്ട് ആമി അവനെ സൂക്ഷിച്ചു നോക്കി…

“സാധാരണ എല്ലാവരും ക്ഷേത്രത്തിൽ വരുന്നത് എന്തിനാ…? ”

“അത് പ്രാര്ഥിക്കാനാ… ”

“ആ എങ്കിൽ അതിന് തന്നെ ഞാനും വന്നത്… ”

“എന്നെയും നോക്കി നടന്നാണോ നിന്റെ പ്രാർത്ഥന… ”

“ഈശ്വരാ, ഇവന് പിന്നിലും കണ്ണുണ്ടോ… ഞാൻ നോകിയതൊക്കെ ഇവൻ കണ്ടോ…സത്യത്തിൽ ഇവന്റെ ഈ കോലം കണ്ട് ചൊറിഞ്ഞു കേറിയപ്പോ മനസ്സിൽ കുറെ തെറിവിളിച്ചു പിന്നാലെ നടന്നു പോയതാ… ശേ ഞാൻ വായിനോക്കുന്നു എന്ന് വിചാരിച്ചു കാണുമല്ലോ…. ”
ആമി സ്വയം മനസ്സിൽ ഓർത്ത് അവനെ നോക്കി വീണ്ടും നിന്നു…

“ചോദിച്ചത് കേട്ടില്ലേ…? ”

“ഞ…. ഞാനോ… പിന്നെ ഒന്ന് പോയെ… നോക്കാൻ പറ്റിയൊരു കോലം.. ”

“ഡി…. !!”

“ഓ അലറണ്ട… ക്ഷേത്രമാണ്… ”

“ആ അതെ ക്ഷേത്രമാണ്… വായിനോട്ടവും നല്ലതല്ല..”

“ആരാടോ വായിനോക്കി… ”

“നീ തന്നെ.. ”

“പിന്നെ നോക്കിയാലും മതി….. കുറെ തൊള ഉള്ള പാന്റ്സും ഒരു നരച്ച ഷർട്ടും പട്ടീടെ തുടൽ പോലെ കുറെ ചങ്ങലയും പോരാത്തതിന് ചകിരി പോലെ കൊറേ മുടിയും… വെള്ളരി കണ്ടത്തിലെ കോലം പോലെയുണ്ട്..ക്ഷേത്രത്തിൽ വരുമ്പോ പോലും ഈ കോലം… കഷ്ടം…ഇതിനെ ഞാൻ വായിനോക്കി എന്ന് പോലും… ചിരിപ്പിക്കല്ലേ… ”

“നിർത്തടി പുല്ലേ…ഞാൻ എനിക്ക് തോന്നും പോലെ നടക്കും… നീ ആരാന്നാ നിന്റെ വിചാരം… ചത്ത മീന്റെ പോലെ കണ്ണും, ഒരു പീക്കിരി മൂക്കും പാണ്ടിലോറി കേറി ചതഞ്ഞ പോലെ ഒരു ചുണ്ടും, കോല് പോലെ കുറച്ചു മുടിയും… അയ്യേ ഒരു ചുന്ദരി വന്നേക്കുന്നു.. ”

വരുൺ അടിമുടി ഒന്ന് നോക്കി പറഞ്ഞതും ആമിക്ക് ദേഷ്യം ഇരട്ടിയായി…അവൾ ചാടി തുള്ളി കാവിലേക്ക് പോയി…

“നീ പോടാ പട്ടി…. ” ഇടക്ക് തിരിഞ്ഞു നിന്ന് വിളിച്ചിട്ട് അവൾ ഓടി… അവൻ പിന്നാലെയും…

“ഈ ആമിയും വരുണും എവിടെ… ” ശ്രീ അത് പറഞ്ഞു തിരിഞ്ഞതും ദാ വരുന്നു രണ്ടും ….

“ഇതെന്താ രണ്ടാളും ഈ കോലത്തിൽ… വല്ല മഞ്ഞൾ അഭിഷേകവും ഉണ്ടായിരുന്നോ… ഡാ വൈകിട്ട് ആണ് ഹൽദി ഫങ്ക്ഷൻ… ” പ്രവീണ കളിയാക്കി പറഞ്ഞു..

{ഒന്നും മനസ്സിലായില്ല അല്ലെ, ആ പോടാ പട്ടി വിളിയുടെ ബാക്കിയാണ്, രണ്ടും കാവിൽ പോയി മഞ്ഞളിൽ കുളിച്ചു[ പരസ്പരം എടുത്തു കമഴ്ത്തി 😜😜] വന്നത്..}

“അത് ഈ അഭിരാമി കല്ലിൽ തട്ടി വീഴാൻ പോയപ്പോ അടുത്തിരുന്ന മഞ്ഞൾ പാത്രത്തിൽ കൈ തട്ടി അത് ഞങ്ങളുടെ മേലേക്ക് വീണതാ… ”

ഇതൊക്കെ എപ്പോ എന്ന് ഓർത്ത് ആമി വായും തുറന്ന് നിന്നു..

“മ്മ് വാ കയറ്… “ശ്രീ പറഞ്ഞതും രണ്ടും പരസ്പരം നോക്കി കണ്ണുരുട്ടി വന്നു കയറി…

സന്ധ്യക്ക് ആയിരുന്നു ഹൽദി… കോട്ടൂർ ഗ്രൂപ്പിന്റെ തന്റെ കൺവെൻഷൻ സെന്ററിൽ വെച്ച്… സ്ത്രീകൾ എല്ലാം യെല്ലോയിൽ തിളങ്ങിയപ്പോൾ, ആണുങ്ങൾ യെല്ലോ ആൻഡ് റെഡ് കോംബോയിൽ വന്നു… യെല്ലോ പ്ലസ് ഗ്രീൻ കോമ്പിനേഷനിൽ ഗോൾഡൻ സ്റ്റോൺ വർക്ക്‌ ചെയ്ത ലഹങ്ക ആയിരുന്നു മിഥുവിന്റെയും പ്രവീണയുടെയും വേഷം… ആകാശും, ശ്രീയും കൂടി വന്നതോടെ പിന്നെ ഒരു ആഘോഷം ആയിരുന്നു… ഡാൻസും പാട്ടും ബഹളവും ഒക്കെ ആയി…

ശ്രീ മിഥുവിനെ അധികം ശ്രദ്ധിച്ചില്ല എങ്കിലും നല്ല സന്തോഷത്തോടെ എല്ലാവരോടൊപ്പം ചേർന്നു… മിഥുവിന് ഒരുപാട് വിഷമം തോന്നി അവൾ പതിയെ സ്റ്റേജിൽ നിന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കയ്യിൽ ഒരു പിടിവീണു….. തിരിഞ്ഞു നോക്കാതെ തന്നെ ആ കൈകളുടെ സ്പർശം അവൾ അറിഞ്ഞു…

ശ്രീ അവളെ തിരിച്ചു നിർത്തി… മിഥുവിന്റെ കണ്ണുകൾ പെയ്യാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന മാനം പോലെ ഇരുണ്ടു… അരുത് എന്ന് ശ്രീ തലയാട്ടി… എന്നിട്ട് ഒരു കുസൃതി ചിരിയോടെ ഇടുപ്പിലൂടെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു, നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർത്തു… നാണത്താൽ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു…

ചുറ്റും ഒരു കൈയ്യടി ഉയർന്നപ്പോൾ ആണ് ഇരുവരും അകന്ന് മാറിയത്… എല്ലാവരും ചിരിയോടെ ഇരുവയെയും നോക്കി നിന്നതും, ശ്രീ മിഥുവിനെ ഇടത് കൈകൊണ്ടു തോളോട് ചേർത്ത് നിർത്തി… പിന്നെയും ആഘോഷങ്ങൾ നിറഞ്ഞു…

ഫങ്ക്ഷന് കഴിഞ്ഞു വൈകിയാണ് എല്ലാവരും വീട്ടിൽ എത്തിയത്…. രാവിലെ നേരുത്തേ എഴുന്നേൽക്കേണ്ടതിനാൽ എല്ലാവരും വേഗം ബെഡിലേക്ക് വീണു… പക്ഷെ ശ്രീക്കും മിഥുവിനും മാത്രം ഉറക്കം ഇല്ലായിരുന്നു…

“സത്യത്തിൽ മനസ്സ് മുഴുവൻ സങ്കടത്തോടെ ആയിരുന്നു വൈകിട്ട് ഫങ്ക്ഷന് പോയത്… അത് നാളെ പോകുന്നത് കൊണ്ടോ, അവൾ എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് ഓർത്തത് കൊണ്ടോ… അറിയില്ല…!!! ഇത്രയും ദിവസം മിണ്ടാതെ നടന്നത്, ഒരുപാട് ചേർത്ത് നിർത്തിയിട്ട് പെട്ടന്ന് പിരിയേണ്ടി വരുമ്പോൾ ആ സങ്കടം ഉണ്ടാവാതിരിക്കാനാണ്… പക്ഷെ ഇന്ന് അവൾ എന്റെ മൗനത്തിൽ ഒരുപാട് വേദനിക്കുന്നു എന്ന് തോന്നിയപ്പോൾ അകറ്റി നിർത്താൻ കഴിഞ്ഞില്ല… പിന്നെ നാളെ ഏറ്റവും സന്തോഷിക്കേണ്ട ദിവസമല്ലേ, ഒരിക്കൽ എന്റെ താലി അവൾ സ്വീകരിച്ചത് വെറുപ്പോടെയാണ്, ഇനിയും ഒരു വേദനയോടെ ആവാൻ പാടില്ല അത്…..എന്റെ താലി ആ കഴുത്തിൽ വീഴുന്ന നിമിഷം നിറഞ്ഞ സന്തോഷം മാത്രം മതി ആ മനസ്സിൽ…. ”

ശ്രീ ഓരോന്ന് ചിന്തിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… അതെ സമയം മിഥുവും ചിന്തകളിൽ ആയിരുന്നു..

“ഈ കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീയേട്ടൻ അകൽച്ച കാണിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി… പക്ഷെ അതൊക്കെ ഞാൻ അർഹിക്കുന്നു… ആ മനസ്സ് ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് വിചാരിച്ചു കാണും… ആ മൗനം ഒരു തരത്തിൽ നല്ലത് എന്ന് കരുതിയതാ, പെട്ടന്ന് പിരിയുമ്പോ ആ വേദന സഹിക്കാൻ കഴിയില്ല… പക്ഷെ കഴിഞ്ഞില്ല, ഏട്ടന് മുന്നിൽ എന്റെ സങ്കടം പിടിച്ചു നിർത്താൻ… അത് മനസ്സിലാക്കി ചേർത്ത് നിർത്തിയപ്പോ ലോകം കീഴടക്കിയ സന്തോഷം തോന്നി…. ഇനിയും ഏട്ടനെ വിഷമിപ്പിക്കാൻ പാടില്ല, നാളെ ആ താലി നിറഞ്ഞ മനസ്സോടെ എനിക്ക് സ്വീകരിക്കണം… ”

📌📌📌📌📌📌📌📌📌📌📌📌📌

അങ്ങനെ ഏപ്രിൽ 27 എന്ന സുദിനം വന്നെത്തി…. 😍😍😍😍😍
മിഥുവും പ്രവീണയും ക്ഷേത്രത്തിൽ പോയി വന്നതും, എല്ലാവരും കൂടി ഭക്ഷണം കഴിച്ചു വെഡിങ് ഹാളിലേക്ക് പോയി… അവിടെ വെച്ചായിരുന്നു മേക്കപ്പ് എല്ലാം… ഒരു വൈൻ റെഡ് കളർ കാഞ്ചിപുരം സാരിയും ടെംപിൾ വർക്ക്‌ ജ്വല്ലറിയും അതിനൊപ്പം സിമ്പിൾ മേക്കപ്പും ആയപ്പോൾ മിഥു കൂടുതൽ സുന്ദരിയായി… സെയിം ഡിസൈൻ ഉള്ള റോയൽ ബ്ലു കളർ സാരിയും, ആന്റിക് വർക്സ് വരുന്ന ജ്വല്ലറിയും അണിഞ്ഞു പ്രവീണയും തിളങ്ങി…

ആദ്യ മുഹൂർത്തത്തിൽ പ്രവീണയുടെയും ആകാശിന്റെയും വിവാഹം കഴിഞ്ഞു…
അഷ്ടമംഗല്യവും വിളക്കുകളും പിടിച്ചു വരുന്നവരുടെ അകമ്പടിയോടെ മിഥു മണ്ഡപത്തിലേക്ക് വന്നു, മുതിർന്നവരുടെ അനുഗ്രഹം വാങ്ങി ശ്രീയുടെ ഇടത് വശത്തായി ഇരുന്നു…. ശ്രീയുടെ കണ്ണുകൾ ഇടയ്ക്കിടെ അവളെ തേടി പോയി… അത് കണ്ട് പ്രണവും അഭിയും അരുണും അവനെ കളിയാക്കാൻ തുടങ്ങി….അത് മിഥുവിന്റെ കവിളിൽ ചുവപ്പ് രാശി പടർത്തി… ശ്രീക്കുട്ടിയും ആമിയും കൂടി മിഥുവിനെയും കളിയാക്കാൻ തുടങ്ങി…

ദേവൻ എടുത്തു നൽകിയ താലി, ശ്രീ മിഥുവിന്റെ കഴുത്തിൽ അണിയിച്ചു, ഒപ്പം അവന്റെ ചുണ്ടുകൾ ആ കവിളിൽ മുദ്ര പതിപ്പിച്ചു…. ഒരു സ്നേഹചുംബനം…..മിഥുവിന്റെ മുഖം നാണത്താൽ ചുവന്നു….

ഇരുവരും പരസ്പരം ഹാരം ചാർത്തി..
നന്ദന്റെ സ്ഥാനത്ത് നിന്ന് അനന്ദൻ ഒരിക്കൽ കൂടി മിഥുവിന്റെ കൈ ശ്രീയോട് ചേർത്തു പിടിച്ചു അവരെ അനുഗ്രഹിച്ചു….

ചടങ്ങുകൾക്ക് ഇടയിലാണ് ആമി അത് ശ്രദ്ധിച്ചത്… 🤔

“വരുൺ എവിടെ… രാവിലെ മിഥുവിന്റെയും പ്രവീണേച്ചിയുടെയും കൂടെ കാറിൽ നേരുത്തേ വന്നൊണ്ട് ആരെയും കണ്ടില്ല…പിന്നെ ഫുൾ മേക്കപ്പ് സെഷൻ ആയിരുന്നു… പ്രവീണേച്ചിയുടെ താലികേട്ട് പെട്ടന്ന് ഒന്ന് കണ്ടിട്ട് മിഥുവിന്റെ അടുത്തേക്ക് വീണ്ടും ഓടി… പക്ഷെ അരുണേട്ടനും പ്രവീണേട്ടനും എല്ലാം മണ്ഡപത്തിൽ ഉണ്ടല്ലോ….ഇയാൾ ഇത് എവിടെ പോയി.. ഹ്മ്മ്, ഇന്ന് എന്ത് കോലത്തിൽ ആണോ ആവോ…. ”

ആമി ചുറ്റിലും കണ്ണോടിക്കാൻ തുടങ്ങി… പക്ഷെ വരുണിനെ കണ്ടില്ല….

ഫോട്ടോ സെഷൻ എല്ലാം കഴിഞ്ഞു ഒടുക്കമാണ് ശ്രീക്കും മിഥുവിനും സദ്യ കഴിക്കാൻ പറ്റിയത്… പ്രവീണയും ആകാശും ഒപ്പം ഉണ്ടായിരുന്നു… 2 couples ഉം എതിർ വശത്തായി ഇരുന്നു… പ്രവീണയും ആകാശും ഇരുന്നപ്പോൾ അവർക്ക് അരികിൽ പ്രണവും മായയും, അച്ചുവും അമ്മുവും ഇരുന്നു, ആകാശിന്‌ അരികിൽ ആയി അവന്റെ പെങ്ങളും, ഭർത്താവും… ശ്രീയുടെ അരികിൽ ശ്രീകുട്ടി ഇരുന്നു, അടുത്ത് തന്നെ അഭിയും… മിഥുവിന്റെ അരികിൽ ആമിയും ഇരുന്നു… ആമിക്ക് അടുത്തായി ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു… ആമി ഇലയിലെ ഉപ്പേരി എടുത്ത് കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആരോ തനിക്കരികിൽ വന്നിരുന്നു… അവൾ ഒന്ന് സൈഡിലേക്ക് നോക്കി, അയാൾ അവളെ നോക്കി ചിരിച്ചു, അവളും ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും ഉപ്പേരി കൊറിക്കാൻ തുടങ്ങി… പക്ഷെ പെട്ടന്ന് ഞെട്ടി തിരിഞ്ഞു വീണ്ടും അവൾ സൈഡിലേക്ക് നോക്കി, കുസൃതി നിറഞ്ഞ ചിരിയോടെ ആ കണ്ണുകൾ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു… താൻ കാണുന്ന കാഴ്ച സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയാതെ അവളും…..

തുടരും…..