16/04/2026

നിനക്കായി മാത്രം : ഭാഗം 10

രചന – റോസാ തോമസ്

മോളേ…ഫുഡ് കഴിക്കാൻ വന്നേ… ഇതുവരെ ഒന്നും കഴിച്ചിട്ടില്ല അവൾ…. മുമ്മുനെ നോക്കി വനജ പറഞ്ഞു. എങ്കിൽ ഫുഡ് എടുത്തോണ്ട് വാ ചേച്ചി..ഞാൻ ഇവിടെ വച്ച് കൊടുത്തോളാം. ഏയ് അതൊന്നും വേണ്ട അന്നേ… ഇവളെ കഴിപ്പിക്കാൻ കുറച്ച് പാടാ.. എന്ത് ചെയ്താൽ കഴിക്കില്ല… വനജ പറഞ്ഞു. ആണോടി കള്ളിപ്പെണ്ണേ… അന്ന ചോദിച്ചു. ഞാൻ അന്നാന്റിടെ കൂടെ കഴിച്ചോളാം അമ്മേ…. ഇങ്ങോട്ടു കൊണ്ടു വാ ഫുഡ്… മുമ്മു പറഞ്ഞു. ഓ.. ഇവൾടെ ഒരു കാര്യം എന്ന് പറഞ്ഞ വനജ ഫുഡ് എടുത്തുകൊണ്ടുവന്ന് അന്നയുടെ കൈയിൽ കൊടുത്തിട്ട് പോയി. ആന്റി വാരി തരാട്ടോ മോൾക്ക്… മോളു ഫുള്ള് കഴിക്കുകയാണെങ്കിൽ അന്ന ആന്റി ഒരു സൂത്രം തരും… ആണോ.. എന്തു സൂത്രം.. അതൊക്കെയുണ്ട്..ഫുഡ് കഴിച്ചു കഴിയുമ്പോൾ തരും. എന്നാ ഓക്കേ തന്നേരെ… മോള് മുഴുവൻ കഴിച്ചോളാം… ഇനി ക്ലാസ്സ് കഴിഞ്ഞ് ഇങ്ങു പോരെ… ആന്റിടെ കൂടെ.. ആന്റി ഫുഡ് ഒക്കെ തന്നോളും കേട്ടോ.. പിന്നെ മോൾക്ക് ഇവിടെ അമ്മ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ടം ആരെയാ… അന്ന ആന്റിയെ… ആഹാ കൊള്ളാലോ… അത് ചുമ്മാ…നമ്മൾക്ക് ഇപ്പോ പരിചയപ്പെട്ട് അല്ലേ ഉള്ളൂ.. എനിക്കിഷ്ടമായി ഈ ആന്റിയെ… ഞാൻ സത്യമാണ് പറയുന്നത്..മുമ്മു കൊഞ്ചികൊണ്ട് പറഞ്ഞു.

ആണോ എന്നാ ശരി..അന്ന ആന്റി കഴിഞ്ഞിട്ടോ പിന്നെ ആരെയാ ഇഷ്ടം.. പിന്നെ ജൂലി ആന്റിയെ.. ആണോ…ജൂലി ആന്റിയെ അത്രയ്ക്ക് ഇഷ്ടമാണോ.. അതേലോ ആന്റി ഞങ്ങള്ടെ റൂമിൽ എപ്പോഴും വരും… പിന്നെയോ… പിന്നെ ആനി ആന്റി യെയും..എബിൻ അങ്കിളേയും സച്ചിൻ അങ്കിളേയും ഒക്കേ ഇഷ്ടമാണ്… പിന്നെയോ.. പിന്നെ ആരെയും ഇഷ്ടമില്ല.. അതെന്താ… വേറെ ആരും എന്നോട് മിണ്ടുല… അതുകൊണ്ടാ.. ബാക്കി ഇവിടെയുള്ള ആന്റിമാരും അങ്കിളുമാരുമൊന്നും മിണ്ടൂല..അവർക്കൊക്കെ വലിയ ഗമയാന്നേ.. എന്നാലേ ശരിട്ടോ… മോള് പോയിട്ട് കയ്യും വായും കഴുകൂ.. ആന്റി ഈ പാത്രം കഴുകി വെക്കാമെ.. ഏഹ്…ഫുഡ് തീർന്നോ.. പിന്നെ മോള് മുഴുവനും കഴിച്ചല്ലോ… മിടുക്കി ആട്ടോ.. ഇനി കണ്ണടച്ചേ… മോളു കണ്ണടച്ചപ്പോൾ അവൾ ഒരു മുത്തം കൊടുത്തു.

ആ..ഇതാണോ സൂത്രം.. ആന്റി പറ്റിച്ചല്ലോ… അതിന് കണ്ണുതുറക്കാൻ മോളോട് ആരാ പറഞ്ഞത്.. ഓ…സോറി ആന്റി.. എന്ന് പറഞ്ഞ മോളുടെ കയ്യിൽ അന്ന ഒരു ചോക്ലേറ്റ് വെച്ചുകൊടുത്തു.. അപ്പോഴേക്കും വനജ വന്നു. ആ… മോളു മുഴുവൻ കഴിച്ചിട്ടുണ്ട് കേട്ടോ.. അമ്മേ എനിക്ക് ചോക്ലേറ്റ് കിട്ടി.. ആഹാ.. ആന്റിയെ..ശല്യപ്പെടുത്തിയോ.. ഏയ്… അങ്ങനെ ഒന്നുമില്ല ചേച്ചി…അവൾ നാളെ തൊട്ട് ഇങ്ങോട്ട് പോരട്ടെ ഞാൻ ഫുഡ് കഴിപ്പിച്ചോളാം… ഇതൊരു ശീലം ആക്കണ്ട അന്ന..അന്നക്ക് തന്നെ ബുദ്ധിമുട്ടാവും. കുഴപ്പം ഇല്ല ചേച്ചി…ഞാൻ ഇവിടെ തന്നെ ഇരുന്നു ബോർ അടിക്കുകയാ… ഹലോ സച്ചി അങ്കിൾ… പുറകിൽ വന്ന ആളെ കണ്ടു കൊണ്ട് മോളു പറഞ്ഞു. ഹായ് മോളു… ഇതാരാണ് പുതിയ ഡോക്ടർ ആണോ…അന്നേ കണ്ടുകൊണ്ട് വനജയോട് സച്ചിൻ ചോദിച്ചു.

അതെ..പുതിയതായിട്ട് വന്ന ആളാ കേട്ടോ.. പിന്നെ അന്നാ…ഇത് ഡോക്ടർ സച്ചിൻ ഇവിടെ ഫിസിഷ്യൻ ആണ്.. എബിൻറെ ക്ലോസ് ഫ്രണ്ട് ആണ്.. എബിനെ കാണാൻ വരുന്നതാ ഇവിടെ ഈ സമയത്തൊക്കെ.. വനജ പറഞ്ഞു. ശരി… എന്ന് പറഞ്ഞു സച്ചിൻ എബിന്റെ റൂമിലേക്ക് പോയി. ഡാ എബിനെ.. കുറെ നാളായല്ലോ കണ്ടിട്ട്..നീ ഇപ്പൊ വീട്ടിൽ പോക്ക് ഒന്നുമില്ലേ റൂമിലേക്ക് കയറിക്കൊണ്ട് സ ച്ചിൻ ചോദിച്ചു. കുറെ നാൾ എന്ന് വെച്ചൽ.. നീ ലീവ് എടുത്തു പോയിട്ട് ഒരാഴ്ച അല്ലേ ആയുള്ളൂ.. പിന്നെ അമ്മയ്ക്ക് എങ്ങനെയുണ്ട് സുഖമായോ.. എബിൻ ചോദിച്ചു. ഇപ്പൊ കുഴപ്പമില്ല ഡാ..ബെഡ് റസ്റ്റാണ്.. പിന്നെ ഇവിടെ എന്തൊക്കെയുണ്ട്.. സച്ചിൻ ചോദിച്ചു. ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു.എബിൻ പറഞ്ഞു. ഇവിടെ പുതിയ ഒരു ഡോക്ടർ ജോയിൻ ചെയ്തിട്ടുണ്ടല്ലോ..അന്നാ എന്നോ മറ്റോ..ഇപ്പൊ കണ്ടല്ലോ.. എന്ത് സുന്ദരിയാടാ. അത് ആനി ആന്റിയുടെ റിക്കമ്മെന്റെഷൻ ആണ്.. നീ ഇരിക്ക്..എബി സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

ആണോ എന്നാൽ ഞാൻ നോക്കുന്നില്ല.. വിട്ടേക്കാം ഇന്നുമുതൽ അവൾ എന്റെ പെങ്ങൾ.. സച്ചിൻ ചിരിച്ചുകൊണ്ട് പറഞ്ഞു. നിനക്ക് വേറെ പണിയൊന്നുമില്ലേ സച്ചി… എബിൻ ചോദിച്ചു. ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇതൊക്കെ ഒരു റിലാക്സേഷൻ അല്ലേ… പിന്നെ നിനക്ക് ഇതൊന്നും പറഞ്ഞിട്ടില്ല… എന്നെ എങ്കിലും ഒന്നു വെറുതെ വിടുമോ എന്റെ പൊന്നെബി. ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നും പറഞ്ഞു എബിൻ എണീറ്റു. ഹാ പോവല്ലേ…ഇവിടെ ഇരിക്കടാ കുറച്ചുനേരം.. എന്നു പറഞ്ഞു സച്ചിന് അവനെ പിടിച്ചിരുത്തി. ഡാ.. പിന്നെ ആരെയും കണ്ടില്ലല്ലോ അവിടെ..ആ അനഘയും നേഹയും ഒക്കെ എവിടെ.. പുതിയ ഒരുത്തൻ വന്നിട്ടില്ലേ..ഒരു മിഥുൻ…അവന്റെ കൂടെ പോയി കാണും. അവളുടെ ഒക്കേ സ്വഭാവം അതല്ലേ.. എന്നാലും ആ നേഹയെ ഒന്ന് വളച്ചു കൊണ്ടുവന്നതായിരുന്നു.. ഒരാഴ്ച ഒന്നു മാറിയതേ ഉള്ളൂ അപ്പോഴേക്കും എല്ലാം കയ്യിന്ന് പോയെന്ന് തോന്നുന്നു.

ഒരാഴ്ച മാറിയപ്പോൾ മോനു എന്തൊക്കെയോ നഷ്ടം സംഭവിച്ചു എന്ന് നിന്റെ അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞേക്കാം.. എബിൻ പറഞ്ഞു. ചതിക്കല്ലേ മോനെ.. നമ്മൾ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ. അയ്യേ പെണ്ണുങ്ങളുടെ മാനം കളയാൻ വേണ്ടി…ഓംലറ്റ് കരിച്ചു കളഞ്ഞിരിക്കുന്നു.. നിന്നെയൊക്കെ എന്ത് ചെയ്യണം… വീഡിയോ കോൾ നടന്നുകൊണ്ടിരിക്കുമ്പോൾ ജീന പറഞ്ഞു.. പറ്റി പോയി.. അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും എന്നാണ് എനിക്ക്.. അന്ന പറഞ്ഞു. ആ എബിൻ ഡോക്ടറുടെ മുൻപിൽ വച്ച് ആയിപ്പോയല്ലോ എന്നോർത്താണ്.. എനിക്ക്.. സന്ധ്യ പറഞ്ഞു. ഒന്ന് പോയേ സന്ധ്യ… പിന്നെ ഡ്യൂട്ടി ഒക്കെ എങ്ങനെയുണ്ട് അന്ന.. ശ്രുതി ചോദിച്ചു. ഇവിടെ തുടങ്ങിയതല്ലേ ഉള്ളൂ… ഇപ്പൊ പേഷ്യന്റ് കുറവാണ്. ഇനി നമ്മുടെ പേര് ഒരു പരിചയമായി വരണം… അന്ന. ആ… ദേ.. ഷീലാന്റി വിളിക്കുന്നുണ്ട്.. അമ്മയുടെ പണി ആയിരിക്കും. എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു ആന്റിയെ കണക്ട് ചെയ്തു. ആന്റി.. അമ്മ വിളിച്ചിരുന്നോ.. എനിക്കറിയായിരുന്നു അമ്മ വിളിക്കുമെന്ന് .. ഒരു ചെറിയ അബദ്ധം പറ്റി.. എന്നു പറഞ്ഞ് ആന്റി സംസാരിക്കുന്നതിന് മുൻപ് തന്നെ അവൾ എല്ലാം വിവരിച്ചു കൊടുത്തു.

ഉം.. മനസ്സിലായി എന്റെ പൊന്നു അന്നേ… നീ നിർത്തി നിർത്തി പറ… കേട്ടിട്ട് എനിക്ക് പോലും ശ്വാസം മുട്ടുന്നു.ഷീല ചിരിച്ചുകൊണ്ടു പറഞ്ഞു. ടെൻഷൻ ആയിപ്പോയി ആന്റി… അതുകൊണ്ടാ അന്നയും ചിരിച്ചു. അതിന് അവൾ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…..ഷീല പറഞ്ഞു. ഏഹ്.. ഒന്ന് പോ ആന്റി..എനിക്കറിയാം ഇന്ന് അമ്മ ആന്റിയെ വിളിച്ചു എല്ലാം പറഞ്ഞിട്ടുണ്ട്… ഉം.. ശരി.. ഷീല. എന്തു ശരി… എന്നിട്ട് പറഞ്ഞില്ല എന്ന് ആദ്യം പറഞ്ഞതോ… അന്ന ചോദിച്ചു. അത് ചുമ്മാ….നിന്റെ ടെൻഷൻ കണ്ടിട്ട് പറഞ്ഞതാ. ശരിക്കും ഞാൻ പേടിച്ച് ഇരിക്കുകയായിരുന്നു. ഹാ.. ഇനി പാചകം പഠിക്കാതെ രക്ഷയില്ലാ… തീർച്ചയായും മകളേ.. ഇനി എന്നും അവിടെ നിന്ന് ഓരോ പാചക പരീക്ഷണം ചെയ്യണമെന്നാണ് മാഡത്തിന്റെ ഓർഡർ… അയ്യോ അതു വേണ്ടായിരുന്നു ആന്റി.. അവിടെ ഒരു ചെറിയ സ്റ്റവ് അല്ലേ..അപ്പൊ ചെറിയ ചെറിയ പരീക്ഷണങ്ങൾ നടത്തിയ മതീ ലോ… കുഞ്ഞ് ഐറ്റംസ്…..നീ അതൊരു ഫണ്ണി ആയിട്ട് എടുക്കു..ഷീല പറഞ്ഞു. അതിപ്പോ കുഞ്ഞായിട്ടു ഒക്കെ എന്താണ് ആന്റി… കുറച്ച് ഐഡിയസ് പറഞ്ഞ താ.

എന്റെ പൊന്നുമോളെ അതൊന്നും എന്നോട് ചോദിക്കരുത്. അറിയാവുന്ന കാര്യം എന്തെങ്കിലും ചോദിക്കു.. അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്….നീ ഓംലെറ്റ് തന്നെ രണ്ടുദിവസത്തെക്ക് ഉണ്ടാക്കു.. അതുമതി… അതുകഴിയുമ്പോൾ അവള് മടുത്തു അവിടെനിന്ന് പൊക്കോളും… ഷീല ചിരിച്ചു. ആന്റിക്ക്… തമാശ അമ്മ ശരിക്കും സീരിയസ് ആണ്. അന്ന ആലോചിച്ചുകൊണ്ട് പറഞ്ഞു. അവളുടെ അവസ്ഥ അതാടി..അത്കൊണ്ടാ.. മോളെ..നീ ഒന്ന് ആലോചിച്ചു നോക്കിയേ.. ചെറുപ്പത്തിൽ അവൾക്ക് പാചകത്തോട് താൽപര്യമായിരുന്നു.. ഉള്ളിൽ ഒളിപ്പിച്ചു വെച്ച ആ ഇഷ്ടം പുറത്തുകൊണ്ടുവന്ന് ഇപ്പോൾ വലിയ ഒരു ബിസിനസ് ശൃംഖല തന്നെ ഉണ്ട് അവൾക്ക്.. ആ അവളുടെ മകൾക്ക് പാചകത്തിന്റെ ബേസിക് പോലും അറിയില്ല എന്ന് വെച്ചാൽ അവൾക്ക് സങ്കടം വരില്ലേ നീ അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കു.. ഭാവിയിൽ ഇതിനെല്ലാം അവകാശം നീയാണ്… എന്ന് വെച്ച് പാചകം ഫുൾ പഠിക്കാൻ അല്ല പറഞ്ഞത്… ചെറിയ രീതിയിൽ എങ്കിലും അറിഞ്ഞിരിക്കണം.

പിന്നെ നീ വിഷമിക്കണ്ട… ദേ കെട്ടിക്കാറായ രണ്ടുമക്കൾ ഉള്ള എനിക്ക് പാചകം ഇപ്പോഴും അറിയില്ല.. എനിക്ക് ഓഫീസിലെ പണി മാത്രമേ അറിയൂ… പിന്നെ കെട്ടിയോനും മക്കളും ഒക്കെ സഹിക്കുന്നത് കൊണ്ട് ഇങ്ങനെയൊക്കെ പോണു. പിന്നെ അവിടെ ഭദ്രനെ കോട്ടയത്തുള്ള ഒരു ആശ്രമത്തിലേക്ക് മാറ്റുകയാണ്.. ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ അത്. ആ പറഞ്ഞു.. ഞാൻ ഓർക്കുന്നുണ്ട്…എന്നാണ് അവർ പോകുന്നത്.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അവർ പോകും. ഹോം നഴ്സ് നാളെ രാവിലെ തന്നെ എത്തും. രണ്ടുദിവസം ഹോംനേഴ്സ് അ വിടെ ഹോസ്പിറ്റൽ നിന്നിട്ട് മൂന്നാംദിവസം രാവിലെ അവർ പോകും. എന്നുവച്ച് രക്ഷപ്പെട്ടു എന്ന് നീ കരുതണ്ട… എല്ലാദിവസവും കുക്കിംഗ് മസ്റ്റ് ആണ് അവൾ പറഞ്ഞിരിക്കുന്നത്.

ഓരോ ദിവസത്തെയും ഡീറ്റെയിൽസ് വാട്സാപ്പിലൂടെ ഞാൻ വഴി അവളെ അറിയിക്കണം. ഓക്കേ ആന്റി…അതൊന്നും കുഴപ്പമില്ല…പിന്നെ അമ്മ എന്തു പറഞ്ഞു..വിഷമമുണ്ടോ… അവളങ്ങനെ വിഷമം പുറത്തു കാണിക്കില്ല മോളെ… ഭദ്രന്റെ കിടപ്പ് അവളെ വിഷമിപ്പിക്കുന്നുണ്ടാവും… മാത്രമല്ല ബിസിനസ് ഒക്കെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.. എത്ര ദിവസം ആയിഅവൾ ഒന്ന് ഉറങ്ങിയിട്ട്… വീട്ടിൽ ഇടയ്ക്കിടയ്ക്ക് പോകുന്നു എന്നല്ലാതെ വീട് മുഴുവനും വൃത്തികേട് ആയി കാണും എന്ന് പറഞ്ഞിട്ട് ടെൻഷൻ ഒക്കെ ഉണ്ട്. സത്യത്തിൽ ഈ സമയത്ത് അവൾ തളർന്നു പോകേണ്ടതായിരുന്നു. പക്ഷേ ഈ കഷ്ടപ്പാടിലും വേദനയിലും അവൾക്ക് ആശ്വാസം പകരുന്നത് നിന്റെ സാന്നിധ്യം ആണ്. നിന്നെ കാണാമല്ലോ എന്നുള്ള സന്തോഷമാണ്… നീ അവളുടെ അടുത്ത് ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഈ വേദനകളെല്ലാം അവൾ മറികടക്കുന്നു.

അതുകൊണ്ട് മോള് നല്ല കുട്ടിയായിട്ട് പോയി കിടന്ന് ഉറങ്ങിക്കോ.. കേട്ടോ. ശരി ആന്റി എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു. പിറ്റേ ദിവസവും സാധാരണപോലെ അന്നക്ക് കടന്നു പോയി. അന്നു വൈകുന്നേരം അവൾ ഓംലെറ്റ് തന്നെയാണ് ഉണ്ടാക്കിയത്.. ആനി നടന്നു വന്നപ്പോൾ കണ്ടു അവൾ ഉണ്ടാക്കുന്നത്.. ഒരു പീസ് കഴിച്ചു നോക്കിയിട്ട് കുഴപ്പമില്ല.. എന്നു പറഞ്ഞ് പോയി. അന്നക്ക് കുറച്ച് സങ്കടം വന്നുവെങ്കിലും സാരമില്ല എന്ന് അവൾ സമാധാനിച്ചു. ഒരു വാക്ക് മാത്രമേ അമ്മ പറഞ്ഞുള്ളൂ എന്നോർത്ത് ആയിരുന്നു സങ്കടം. പിറ്റേദിവസം എന്ത് ഉണ്ടാക്കണം എന്ന് ആലോചിച്ചു നിന്നപ്പോൾ മുമ്മു വന്നു . ചെറിയ രീതിയിൽ ഒരു തക്കാളിചട്നി കറി ഉണ്ടാക്കി ..അതുകഴിഞ്ഞു മുമൂ അന്നയുടെ കൂടെ ഫുഡ് കഴിച്ച് ഹോംവർക്കും കൂടി അവിടെ ഇരുന്നു ചെയ്തിട്ടാണ് അവൾ പോയത്. പിറ്റേദിവസം അവളൊരു ബ്രഡ് സാൻവിച്ച് ഉണ്ടാക്കി.

ആനി അതും കുഴപ്പമില്ല എന്ന് പറഞ്ഞു പോയി.. അന്ന് ആനിയുടെ കൂടെ സച്ചിനും എബിനും ഉണ്ടായിരുന്നു. ഇതെന്താ സംഭവം എന്ന് സച്ചിൻ എബിനോട് ചോദിച്ചു. ഹോംവർക്ക് ആണെന്ന് പറഞ്ഞ് എബിൻ ചുരുക്കി പറഞ്ഞു കൊടുത്തു. ആഹാ കൊള്ളാമല്ലോ എന്നു പറഞ്ഞ് അവർ പോയി. അങ്ങനെ പിറ്റേ ദിവസം ആനിയും ഭദ്രനും ഹോം നേഴ്സും കൂടി ആംബുലൻസിൽ യാത്രയായി. ഒരാഴ്ച അവിടെ നിന്നിട്ട് ആനി തിരിച്ചുവരും. ഒരാഴ്ച അന്നക്കും അമ്മയ്ക്കും വിരഹ കാലമായിരുന്നു. ആ ഒരാഴ്ച അന്ന ഓംലെറ്റ് തന്നെ ഉണ്ടാക്കി.. പലതരത്തിൽ.. എബിനും സച്ചിയും ചില ദിവസങ്ങളിൽ കാണുന്നുണ്ടായിരുന്നു.

എബിൻ മൈൻഡ് ചെയ്യില്ല എങ്കിലും സച്ചി എന്തെങ്കിലും ഒന്ന് രണ്ട് സംസാരിച്ചിട്ടെ പോകൂ. അവസാനം ഒരാഴ്ച കൊണ്ട് മുമ്മു ഓംലറ്റ് കഴിച്ചു കഴിച്ചു മടുത്തു എന്നായി. അപ്പോഴേക്കും ആനി തിരിച്ചുവന്നു. ആനി വന്ന ഒരു ദിവസം കൂടി ഓംലെറ്റ് ഉണ്ടാക്കിയിട്ട് ആണ് അന്ന നിർത്തിയത്. എന്തായാലും ആനിക്ക് ഓംലെറ്റ് ഇഷ്ടപ്പെട്ടു എന്ന് മുഖം കണ്ടാലറിയാം. കൊള്ളാം എന്നു പറഞ്ഞ് ആനി പോയി. പിന്നീട് ഉള്ള ദിവസങ്ങളിൽ തനിച്ചായതുകൊണ്ട് ആനി ഹോസ്പിറ്റൽ തന്നെ താമസിച്ചു. ഇടയ്ക്കിടയ്ക്ക് ഒന്ന് രണ്ട് ദിവസം ആശ്രമത്തിൽ പോകും. അന്ന ഓരോ പാചക പരീക്ഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ആ സംഭവം നടന്നത്.