18/04/2026

നിനക്കായി മാത്രം : ഭാഗം 24

രചന – റോസാ തോമസ്

എബി.. നീ എന്താ വീട്ടിലേക്ക് വരാത്തത്… ഒരാഴ്ചയായി നിന്നെ ഒന്ന് കണ്ടിട്ട് എന്ന് പറഞ്ഞ് നിന്റെ അമ്മ ഭയങ്കര ബഹളാ അവിടെ.. എബിന്റെ ഡോക്ടർസ് സൈഡിൽ ഉള്ള റൂമിലേക്ക് വന്ന് ജോസേട്ടൻ ചോദിച്ചു.. ഒരാഴ്ചയായിട്ട് നല്ല തിരക്കായിരുന്നു പപ്പാ..അതാ..എബിൻ മറുപടിയായി പറഞ്ഞു. അല്ലെങ്കിൽ തന്നെ നിനക്ക് തിരക്ക് ഇല്ലാത്തതെന്നാ… ഈയാഴ്ച ഞാൻ എന്തായാലും വീട്ടിലേക്ക് വരുന്നുണ്ട്.. പപ്പാ… അപ്പോ അടുത്ത ആഴ്ചയോ.. എന്താ പപ്പാ.. ഇതു… ടാ.. മോനെ… നിന്നെ ഞങ്ങൾക്ക് ഒന്ന് കാണാൻ കിട്ടുന്ന പോലുമില്ല… അതുകൊണ്ടാടാ.. പപ്പാ… അടുത്തയാഴ്ച ഡോക്ടേഴ്സ് മീറ്റ് ഉണ്ട്…അതുകൊണ്ടാ… ഓക്കേ ഡാ… ഞാൻ ചുമ്മാ ചോദിച്ചു എന്നേയുള്ളൂ..നിന്നെ കാണാൻ പോലും കിട്ടാത്തതിന്റെ ഒരു പരിഭവം….അത്രയേ ഉള്ളൂ.. ഒരു ആലോചന വന്നിട്ടുണ്ട് അത് പറയാനാ ഞാൻ വന്നെ.. ആലോചനയോ….. എന്ത് ആലോചന.. ഒരു വിവാഹാലോചന.. അല്ലാതെന്താ.. ആർക്ക്.. എനിക്കോ… അല്ലാതെ പിന്നെ ആർക്കാ.. വിവാഹാലോചനായിട്ട് നമ്മളല്ലേ അങ്ങോട്ട് പോകേണ്ടത്..

അങ്ങനെ ഒന്നുമില്ല.. ജൂലിയുടെ ചേച്ചി ജൂണയുടെ ആലോചന നമ്മൾ അങ്ങോട്ട് അല്ലേ ആലോചിച്ചു ചെന്നത്.. അത് ശരിയാ എന്നാലും.. അല്ല ആരാ..ആരുടെ ആലോചനയാ… ആരായാലും എനിക്ക് ഇപ്പൊ വിവാഹം വേണ്ട.. അതു പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നത്… പ്രായം പോവുന്നു… എപ്പോൾ ആയാലും വേണ്ടതല്ലേ.. ഇതല്ലെങ്കിൽ മറ്റൊന്ന്..ടോമിച്ചൻ എന്നെ വന്ന് കണ്ടിരുന്നു.. അവരുടെ മകളില്ലേ..സുമി..അവളുടെ കാര്യം ആലോചിച്ചു.. നീ എന്തു പറയുന്നു.. ഏയ്‌.. അത് ശരിയാവില്ല പപ്പാ… ആ ബന്ധത്തോട്‌ എനിക്ക് താല്പര്യം ഇല്ല.. എനിക്കും വല്യ താല്പര്യമൊന്നുമില്ല…പിന്നെ ടോമിച്ചനോട് എന്തു പറയും എന്നാണ്.. എന്തെങ്കിലും പറഞ്ഞ് തുടക്കത്തിൽ തന്നെ അത് വേണ്ടെന്നു വയ്ക്കണം അല്ലെങ്കിൽ ശരിയാവില്ല പപ്പാ..

നിങ്ങൾ ഇപ്പോ പറഞ്ഞു പറഞ്ഞു എല്ലാ ദിവസവും ഒരുമിച്ചാ കിടക്കുന്നത്…എനിക്ക് ഒരു ദിവസം പോലും കിട്ടിയില്ല.. എന്നാൽ പിന്നെ ഇന്ന് കിടന്നോ… പക്ഷെ നാളെ… നാളെ നീ തന്നെ എടുത്തോ… വേഗം വാ മോളേ കിടക്കാം.. എന്നുപറഞ്ഞ് വല്യമ്മച്ചി അന്നയുടെ കയ്യിൽ പിടിച്ച് നടക്കാൻ തുടങ്ങി.. പിന്നെ അന്നെ ഒരു കാര്യം.. ആനി അവരെ പുറകിൽ നിന്ന് വിളിച്ചു. അടുത്തയാഴ്ച ഡോക്ടർസ് മീറ്റ് ഉണ്ട്.. ടു ഡേയ്സ്..എറണാകുളത്താണ്…നിന്റെ പേര് ഞാൻ പറഞ്ഞിട്ടുണ്ട്… എബിനും പിന്നെ രണ്ടു മൂന്നു ഡോക്ടർസും കാണും. നിന്നെ ഞാൻ കൊണ്ടു വിട്ടോളാം… എബിൻ ഉണ്ട് എന്ന് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ടെൻഷൻ തോന്നി… പിന്നെ ഓർത്തപ്പോൾ തോന്നി സന്ധ്യ കൂടെ മിക്കവാറും കാണും എന്ന്.. കുറെ നാളായല്ലോ അവരെയൊക്കെ കണ്ടിട്ട്.. ശ്രുതിയുടെ വിവാഹത്തിന് പോകാനും പറ്റിയില്ല.. സന്ധ്യ വരുന്നുണ്ടോ എന്ന് വിളിച്ചു ചോദിക്കണം..

അങ്ങനെയാണെങ്കിൽ നല്ല രസം ആയിരിക്കും. അവൾ മനസ്സിൽ ഓർത്തു.. ആ പിന്നെ ഒരു കാര്യം.. ഇനി തൊട്ട് പാചകം ചെയ്ത് പഠിച്ചു തുടങ്ങണം…. ഒന്നുമറിയില്ല.. പാചകം.. ചെയ്തു തന്നെ പഠിക്കണം.. അതു പറഞ്ഞപ്പോൾ തന്നെ അവൾ പിന്നെ പതിയെ പടിച്ചോളും എന്ന് പറഞ്ഞ് വെല്യമ്മച്ചി അവളെ കൂട്ടിക്കൊണ്ടുപോയി… പാചകം പഠിക്കണമെന്നത് ശരി തന്നെ.. പക്ഷേ വല്യമ്മച്ചി ഇപ്പോൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല… ഒരു വയസ്സ് പ്രായമുള്ള കൊച്ചിനെ പോലെയാണ് അമ്മച്ചി അവളെ കൊണ്ട് നടക്കുന്നത്.. അവർ പോകുന്നത് കണ്ടു ചിരിച്ചുകൊണ്ട് ഇരുന്ന ആനിയോട് ഭദ്രൻ പറഞ്ഞു. ആ പിന്നെ ഒരു വിവരം അറിഞ്ഞു.. ടോമിച്ചൻ സുമിയെ എബിന് ആലോചിച്ചു എന്ന്.. പഴയ ഫ്രണ്ട്സ് ആയിട്ട് ഇപ്പോഴും വല്ലപ്പോഴും ഒക്കെ വിളിക്കും അങ്ങനെ അറിഞ്ഞതാണ്.. ആണോ… ആനി അതിശയത്തോടെ പറഞ്ഞു.. അന്നയുടെ കാര്യവും ആലോചിച്ചു തുടങ്ങണം..

ഇപ്പോ തന്നെ ആലോചിക്കണമെന്നില്ല..പക്ഷെ ഓർമയിലുണ്ടാവണം… ഇപ്പോൾ ഒരുപാട് നാളു കൂടി കിട്ടിയ സന്തോഷമൊക്കെയാണെന്ന് എനിക്കറിയാം.. അത് അറിയാൻ മേലാഞ്ഞിട്ടല്ല.. ഞാൻ ജസ്റ്റ് പറഞ്ഞതേയുള്ളൂ.. ഉം.. ആനി ആലോചനയോടെ മൂളി.. സത്യത്തിൽ എന്റെ മനസ്സിൽ എബിൻ ഉണ്ടായിരുന്നു.. അന്നയുടെ കാര്യത്തിൽ..പിന്നെ അവർ മറുപടി എന്താ പറഞ്ഞതെന്ന് അറിയില്ല… എബിൻ ആവുമ്പോൾ നമ്മുടെ കാര്യങ്ങൾ അറിയാമല്ലോ..പിന്നെ ഉള്ളത് അന്നു വന്ന അബിയാണ്… ഷീലയുടെ മകൻ…അവനെയും നമുക്ക് നന്നായി അറിയാം… എന്തായാലും ആരെ കൊണ്ട് വിവാഹം കഴിപ്പിച്ചാലും നമുക്ക് നന്നായിട്ട് അറിയാവുന്ന ആളെ മതി.. ഞാൻ പറഞ്ഞെന്നേയുള്ളൂ ആനിയുടെ ഇഷ്ടം..ഭദ്രൻ പറഞ്ഞു. അബി അന്നയുടെ ഇളയതാണ്.. ആനി പറഞ്ഞു. ആഹ്.. ആണോ… എനിക്ക് കണ്ടപ്പോൾ മനസ്സിലായില്ല.. ഏയ്‌.. അതു കുഴപ്പമില്ല.. എന്തായാലും ധൃതി പിടിക്കേണ്ട കാര്യം ഇല്ലല്ലോ.. നമുക്ക് പതിയെ നോക്കാം..

പിന്നെ അവൾ ഇങ്ങു വന്നതേ ഉള്ളതുകൊണ്ട് ഞാൻ അതൊന്നും ആലോചിച്ചില്ലായിരുന്നു.. ഇനിയും സമയമുണ്ടല്ലോ…ആനി പറഞ്ഞു. അത് ശരിയാ…സമയമുണ്ട്..പിന്നെ അവര് എബിന്റെ കാര്യം ആലോചിച്ചത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ… എബിൻ ആവുമ്പോൾ ഏറ്റവും ബെസ്റ്റ് ചോയ്സ് ആണ്..പിന്നെ സാരമില്ല… അവൾക്ക് വിധിച്ചത് ആരാണോ അവനേ വരൂ… ആനിയ്ക്ക് അതിശയം തോന്നി.. ഭദ്രൻ എത്ര കാര്യമായിട്ടാണ് ഓരോ കാര്യങ്ങളും ചിന്തിക്കുന്നതും പ്ലാൻ ചെയ്യുന്നതും.. അന്ന് അന്നയ്ക്ക് ആക്സിഡന്റ് പറ്റിയപ്പോൾ എല്ലാം എല്ലാവരോടും പറഞ്ഞു അന്നയെ ഇങ്ങോട്ട് കൊണ്ടുവരാം എന്ന് ഭദ്രനാണ് വാശി പിടിച്ചത്… അല്ലെങ്കിൽ ഇന്നും അന്ന ഹോസ്പിറ്റലിൽ തന്നെ നിന്നേനെ… എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞാലും എന്നും തനിക്ക് അന്നയുടെ കാര്യത്തിൽ ഭയമായിരുന്നു…. എത്രയൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും… ഭദ്രന്റെ ഉറച്ച വാക്കുകൾ ആണ് അന്ന് തനിക്ക് ധൈര്യം തന്നത്.. രാത്രിയായപ്പോഴേക്കും ചെറിയ തണുപ്പ് തുടങ്ങി.. ഞാൻ മുറിയിലോട്ട് കൊണ്ടാക്കട്ടെ എന്ന് ആനി ചോദിച്ചപ്പോൾ ഭദ്രൻ സമ്മതം പറഞ്ഞു.

പിറ്റേ ദിവസം വൈകിട്ട് ആനി താമസിച്ചാണ് വന്നത്… അന്നയ്ക്ക് അന്ന് ഉച്ചവരെ ഉണ്ടായിരുന്നുള്ളതു കൊണ്ട് നേരത്തെ വന്നു.. ആനി വന്നപ്പോ പുറത്ത് ആരെയും കണ്ടില്ല.. ജാനമ്മ ചേച്ചിക്ക് ഇന്ന് പിള്ളേരുടെ സ്കൂളിൽ പോകേണ്ടത് കൊണ്ട് നേരത്തെ പോകണം എന്ന് പറഞ്ഞിരുന്നു…അമ്മച്ചിയുടെ റൂം വാതിൽ ചാരി കിടക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അമ്മച്ചി കിടക്കുകയാണെന്ന്.. പിന്നെ ഭദ്രനും അന്നയും എവിടെപ്പോയി.. ആനിക്ക് ഉള്ളിൽ ഒരു ഭയം തോന്നി.. എന്തൊക്കെയായാലും ഭദ്രേനേ ഒരു ഭയം ഉണ്ട്.. അമ്മച്ചി കൂടെ ഇവിടെ ഉള്ള ധൈര്യത്തിൽ ആണ് താൻ ഇരുന്നത്.. ആനി പതിയെ കിച്ചണിലേക്ക് നടന്നു.. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ആനി അമ്പരന്ന് പോയി… കിച്ചനിലേക്ക് കാലെടുത്തുവെക്കാൻ പോലും പറ്റില്ല… എന്തൊക്കെയോ പൊടികൾ വീണു കിടക്കുന്നു..സ്ലാബിൽ കുറെ സവോളയും വെളുത്തുള്ളിയും പച്ചമുളകും എല്ലാം നിരന്നു കിടക്കുന്നു…

ഒരു കുന്നു പാത്രങ്ങൾ കഴുകാൻ കിടക്കുന്നു….അന്നയും ഭദ്രനും കൂടി കിച്ചണിൽ എന്തോ പാചക പരീക്ഷണം ആണ്..ദദ്രൻ വീൽ ചെയറിൽ ഇരുന്നുകൊണ്ട് തന്നെ കത്തി കൊണ്ട് എന്തോ അരിയാൻ നോക്കുന്നു…താൻ വന്നത് അവർ അറിയുന്ന പോലുമില്ല.. കിച്ചൻ എടുത്തു മറിച്ചു വച്ചിട്ടുണ്ട്.. ഇനി ഇതൊക്കെ എങ്ങനെ വൃത്തിയാക്കും എന്ന് ഓർത്തപ്പോൾ ആനിക്ക് തല പെരുകുന്നതുപോലെ തോന്നി… ഇതെന്താ ഇവിടെ എന്ന് വല്യമ്മച്ചിയുടെ ബഹളം കേട്ടാണ് ആനി തിരിഞ്ഞു നോക്കിയത്… നോക്കിയപ്പോൾ പുറകിൽ അമ്മച്ചി നൽകുന്നു.. അമ്മച്ചി വന്നത് ആനി കണ്ടില്ലായിരുന്നു.. അപ്പോഴാണ് അന്നയും ഭദ്രനും അവരെ രണ്ടുപേരെയും കണ്ടത്… അവർ രണ്ടുപേരും ചമ്മി നിൽക്കുകയാണ്.. ആനി എപ്പോഴാ വന്നത്… അല്ല..അമ്മച്ചി ഉറങ്ങുവല്ലായിരുന്നോ.. ഭദ്രൻ ചമ്മൽ മറച്ചുപിടിച്ചുകൊണ്ട് ചോദിച്ചു. അല്ല..നിങ്ങൾ എന്താണ് ഉണ്ടാക്കുന്നത്..ആനി ഗൗരവത്തോടെ ചോദിച്ചു..

അത് പിന്നെ… അവൽ നനയ്ക്കുവായിരുന്നു.. അന്ന പറഞ്ഞു… എന്ത്… അവലോ…എന്നിട്ട് അവൽ എന്തിയെ… ശ്ശോ.. ഒന്ന് മയങ്ങാമെന്നു വിചാരിച്ച കിടന്നതാ..അമ്മച്ചി ചോദിച്ചു. അന്ന ഒരു പാത്രം എടുത്ത് അവൽ കാണിച്ചു കൊടുത്തു. ഇതെന്താ അവലിന്റക്കത്തു ഇത്രയും വെള്ളം.. അത് പിന്നെ അവൽ നനയ്ക്കണം എന്ന് പറഞ്ഞപ്പോൾ വെള്ളമൊഴിച്ച്…..ഞാനാ പറഞ്ഞത് വെള്ളം ഒഴിക്കാൻ..അന്ന വെള്ളം കൂടുതൽ ഒഴിച്ചു..ഭദ്രൻ പറഞ്ഞു. അത് പിന്നെ… വെള്ളം ഇത്തിരി കൂടി പോയി… അന്ന പറഞ്ഞു. എന്റെ പൊന്നു മക്കളെ അവൽ നനയ്ക്കുക എന്ന് വെച്ചാൽ വെള്ളം ഒഴിച്ച് അല്ലാ നനയ്ക്കണ്ടത്.. തേങ്ങായും ശർക്കരയും വെച്ച് നനയ്ക്കുക എന്നാണ്.. അല്ല ഉള്ളിയും മുളകും ഒക്കെ എന്തിനാ..അമ്മച്ചി പറഞ്ഞു. അത് പിന്നെ അവലിന്റെ കൂടെ കുറച്ചു വെറൈറ്റി ആയിക്കോട്ടെ എന്ന് വിചാരിച്ചു..😔അന്ന പറഞ്ഞു. ഇനി പാചക പരീക്ഷണം വേണ്ട.. ഞങ്ങൾ ചെയ്തോളാം… രണ്ടും കൂടി ഒന്ന് പൊക്കെ.. ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.. അപ്പോഴേക്കും കോളിംഗ് ബെൽ മുഴങ്ങി. ആ അവർ വന്നെന്നു തോന്നുന്നു…

അന്ന ആവേശത്തിൽ ഭദ്രനോട് പറഞ്ഞുകൊണ്ട് വാതിൽക്കലേക്ക് ഓടി. അതെന്താ…ആരാ വന്നേ.. അമ്മച്ചി ചോദിച്ചു. അത് കൃഷിഭവനിൽ നിന്നാണ്.. പച്ചക്കറികളും ചെടികളും ഒക്കെ നട്ടുപിടിപ്പിക്കണമെന്ന് അന്നയ്ക്ക് ഒരാഗ്രഹം.. അപ്പോൾ ഞാൻ കൃഷിഭവനിൽ വിളിച്ചു പറഞ്ഞിരുന്നു… സഹായിക്കാൻ മാധവനോട് വരാനും പറഞ്ഞിട്ടുണ്ട്.. നാളെ കുറച്ച് ചെടികളും കൂടി കൊണ്ടുവരും മാധവൻ… മാധവനെ അറിയില്ലേ.. ഇവിടെ സഹായിക്കാൻ വരുന്നതാ… ഭദ്രൻ അമ്മച്ചിയോട് ആയി പറഞ്ഞു. അപ്പോഴേക്കും അന്ന ഓടി വന്നു.. രണ്ടു കൈയിലും നിറച്ച് തൈകളും വിത്തുകളും ആയി.. “അച്ഛാ,…ദേ നോക്കിയേ നിറച്ചും തൈകൾ..” പെട്ടെന്നുള്ള അന്നയുടെ അച്ഛൻ എന്നുള്ള വിളയിൽ ഭദ്രൻ ഞെട്ടിപ്പോയി.. ഭദ്രന്റെ കണ്ണുകൾ നിറഞ്ഞു.. ഭദ്രൻ മാത്രമല്ല..അമ്മച്ചിയും ആനിയും.. മൂവരുടേയും ഞെട്ടിയുള്ള നിൽപ്പ് കണ്ടപ്പോഴാണ് അന്നയ്ക്ക് താൻ എന്താണ് പറഞ്ഞതെന്ന് ബോധം വന്നത്..

ആ.. എന്താ നിർത്തി കളഞ്ഞേ.. അങ്ങനെ തന്നെയാ വിളിക്കേണ്ടത്.. അമ്മച്ചി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. ആ പിന്നെ ഇന്ന് തമ്പി വിളിച്ചിരുന്നു.. ജോസേട്ടൻ ആ വിവാഹാലോചന വേണ്ടെന്ന് വെച്ചു..ടോമിച്ചൻ പക്ഷെ വീണ്ടും ഒന്നുകൂടി സംസാരിച്ചുന്ന്..എബിനോട് നേരിട്ട്..എബിനും ഇപ്പോ വിവാഹം വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു….സുമിക്ക് ഭയങ്കര ആഗ്രഹമായിരുന്നു എന്ന് പറഞ്ഞ് റീന ഭയങ്കര ബഹളം ആണ് എന്ന്.. റീനയും ഒന്നു കൂടി അവരുടെ വീട്ടിൽ പോയി സംസാരിച്ചുന്ന്.. അവരും ഇപ്പോ ആലോചിക്കുന്നില്ലന്ന് പറഞ്ഞു ഒഴിഞ്ഞു….ഭദ്രൻ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു. അതു കേട്ടപ്പോൾ എന്തോ ആലോചനയിലായിരുന്ന അന്നയുടെ തലയ്ക്ക് കൊട്ടിക്കൊണ്ട് ദദ്രൻ തൈ നടാൻ വിളിച്ചോണ്ട് പോയി..

ഇന്നാണ് ഡോക്ടർസ് മീറ്റ്നു പോകേണ്ട ദിവസം..എബിൻ ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം നോക്കണ്ടതുകൊണ്ട് കുറച്ച് ലേറ്റ് ആയാണ് ഒരുങ്ങി ഇറങ്ങിയത്. ഇതാ മോനെ… ഇതൂടെ കൊണ്ടുപോ… കുറച്ച് അച്ചാറാണ്.. ലിസമ്മ പോവാനായി കാറിൽ കേറിയ എബിയോട് പറഞ്ഞു. എന്താ മമ്മി ഇത്.. രണ്ടു ദിവസത്തെ കാര്യമേ ഉള്ളൂ.. അതിനാണോ അച്ചാർ ഒക്കെ.. അത് കേട്ടതും മമ്മിയുടെ മുഖം മങ്ങിയതുകൊണ്ട് അതുകൂടെ വാങ്ങിച്ചു വച്ചു. നിങ്ങൾ ഹോസ്പിറ്റലിൽ നിന്ന് കുറെ പേരുണ്ടോ.. മമ്മി ചോദിച്ചു. ആക്ച്വലി നാലു പേർ ഉണ്ടായിരുന്നു… അന്നയും.. പിന്നെ മിഥുനും രൂപയും.. അവർ കുറച്ചു മുൻപേ വരുന്നില്ല എന്ന് പറഞ്ഞ ക്യാൻസൽ ആയി… ആഹാ… അന്നചേച്ചിയുണ്ടോ… എമി ആവേശത്തോടെ ചോദിച്ചു. ഉം.. അന്നയുണ്ട്….. അന്നയെ ആനിയാന്റി കൊണ്ടു വിടുമെന്ന് പറഞ്ഞിരുന്നു.. തിരിച്ചിങ്ങോട്ട് എന്റെ കൂടെ ആയിരിക്കും വരുന്നത്… ആനി ആന്റിക്ക് എന്തോ തിരക്കുണ്ടെന്ന് പറഞ്ഞിരുന്നു.. ഇനി അവർ രണ്ടുപേരും ക്യാൻസൽ ആയതുകൊണ്ട് എങ്ങനെയാണെന്ന് അറിയില്ല.. അന്നചേച്ചിയെ നമുക്ക് ചേട്ടായിക്ക് വേണ്ടി ആലോചിക്കാമായിരുന്നു..

അല്ലേ പപ്പാ.. പെട്ടെന്ന് ആവേശത്തിന് പറഞ്ഞതാണെങ്കിലും പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌ എമിക്ക് ബോധം വന്നത്.. അവൾ പേടിയോടെ ചേട്ടായിയെ നോക്കി… കല്യാണകാര്യം പറയുന്നത് കേൾക്കുന്നതെ ചേട്ടായിക്ക് ദേഷ്യമാണെ.. പിന്നെ സുമിയുടെ ആലോചന വന്നെ പിന്നെ ദേഷ്യം കൂടി.. അതൊരു തരത്തിലാ ഒഴിവാക്കി വിട്ടേ.. ഏയ്‌…. അതു ശരിയാവില്ല… ആനി ആന്റിയോട് അത്രയ്ക്ക് നന്ദിയും കടപ്പാടും ഉണ്ട് നമുക്ക്..ആ നമ്മൾ നന്ദികേട് കാണിക്കാൻ പാടില്ല.. മേലോട്ട് നോക്കി പറഞ്ഞതും എബിൻ കാർ സ്റ്റാർട്ട്‌ ചെയ്ത് പോയി.. എന്താ…എന്താ മമ്മി.. ചേട്ടായി ഇപ്പോൾ പറഞ്ഞത്.. അന്താളിച്ചു നിന്ന മമ്മിയെ പിടിച്ചു കുലുക്കിക്കൊണ്ട് എമി ചോദിച്ചു.. ജോസേട്ടനും അമ്പരന്ന് നിൽക്കുകയാണ്. അന്നയെ ആലോചിക്കുന്നത് കുഴപ്പമില്ല എന്നല്ലേ അതിന്റെ അർത്ഥം. അല്ലെങ്കിൽ ആലോചന പറയുമ്പോഴേ ചാടികടിക്കാൻ വരുന്നവനാ….പിന്നെ ആനിയോട് ചോദിക്കാൻ ഉള്ള വിഷമം… അത് ശരിയാ എങ്ങനെ ചോദിക്കും.. ആനീ എന്ത് വിചാരിക്കും..അല്ലേ.. എന്നാലും അന്ന ഒരു നല്ല കുട്ടിയായിരുന്നു.. ലിസമ്മ ആലോചനയോടെ പറഞ്ഞു.

നല്ല മഴയുണ്ടായിരുന്നതു കൊണ്ട് എബിൻ എത്തിയപ്പോഴേക്കും ലേറ്റായി.. പ്രോഗ്രാം തുടങ്ങിയിരുന്നു.. അന്നക്ക് ചെറിയ കോൾഡ് തുടങ്ങി എന്ന് ആനി വിളിച്ച് പറഞ്ഞത് കൊണ്ട് ടാബ്ലറ്റ് വാങ്ങി എബിൻ അന്നയുടെ റൂമിലേക്ക് നടന്നു. ഡോറിൽ കൊട്ടിയതും സന്ധ്യ വാതിൽ തുറന്നു.. ഹായ്.. ഞാൻ എബിൻ..അന്നയ്ക്ക് കോൾഡ് ആണെന്ന് ആന്റി വിളിച്ചു പറഞ്ഞു..ഇതാ ടാബ്ലറ്റ്.. അന്ന എവിടെ…. കിടക്കുവാണോ….. എന്ന് ചോദിച്ചു കൊണ്ട് ടാബ്ലറ്റ് സന്ധ്യയുടെ കൈയിലേക്ക് എബിൻ കൊടുത്തു.. ആഹ്.. ആന്റിയോട് കോൾടണെന്ന് വിളിച്ചു പറഞ്ഞിരുന്നു.. ഇവിടെ വരുന്നതുവരെയും കുഴപ്പമൊന്നുമില്ലായിരുന്നു.. ക്ലൈമറ്റ് മാറിയതിന്റെ ആയിരിക്കും പെട്ടെന്ന് തുടങ്ങിയതാ.. അവൾ കിടന്നു…വിളിക്കണോ… വേണ്ട…എണീക്കുമ്പോൾ ഈ ടാബ്ലറ്റ് കൊടുത്താൽ മതി… ചെറിയ പനി എന്തേലും തോന്നുകയാണെങ്കിൽ പനിക്കുള്ള പാരസെറ്റമോളും വാങ്ങിയിട്ടുണ്ട്..എന്ന് പറഞ്ഞു എബിൻ പോയി. ആരാ വന്നേ… എന്ന് ചോദിച്ചു കൊണ്ട് അന്ന അപ്പോഴേക്കും എണീറ്റു. സന്ധ്യ അവളുടെ അടുത്ത് ചെന്നിരുന്നു. എടീ.. മഞ്ഞുമല ഇപ്പോൾ വന്ന് പോയെയുള്ളൂ..നിനക്കുള്ള മെഡിസിനും ആയിട്ട് ദാ കഴിക്ക്.. എന്നാലും എന്നാ മുടിഞ്ഞ ലുക്കാടി അങ്ങേർക്ക്.. നിനക്ക് വയ്യാന്ന് കേട്ടപ്പോൾ തന്നെ നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു… ഇനി പ്രേമം വല്ലതുമാണോ… ഒന്ന് പോ എന്റെ സന്ധ്യേ, നീ ടാബ്ലറ്റ് ഇങ്ങു താ.. അന്ന അതു കേട്ടപ്പോൾ ഉണ്ടായ പതർച്ച മറച്ചുവെച്ചുകൊണ്ട് പറഞ്ഞു. അതല്ലടി നിന്നെ പറഞ്ഞപ്പോൾ അങ്ങേരുടെ കണ്ണിലുണ്ടായ ഒരു തിളക്കം.. അത് ഞാൻ ശ്രദ്ധിച്ചതാ… ഒന്ന് പോയെ സന്ധ്യേ, നമുക്ക് കിടക്കാം എന്ന് പറഞ്ഞ് അന്ന കിടന്നു.

പിറ്റേ ദിവസം പ്രോഗ്രാം തുടങ്ങിയിട്ടും അന്നെ കാണാത്തതുകൊണ്ട് എബിൻ അവരുടെ റൂമിൽ ചെന്ന് വിളിച്ചു… നിങ്ങൾ എന്താ പ്രോഗ്രാമിന് വരാത്തത്.. എബിൻ ചോദിച്ചു. ആഹ്.. അത്.. ഇന്നലെ രാത്രിയിൽ അന്നയ്ക്ക് ഭയങ്കര പനിയായിരുന്നു.. ഉറക്കച്ചടവോട് കൂടി സന്ധ്യ പറഞ്ഞു. ഏഹ്.. പനി പിടിച്ചോ.. ഇന്നലെ ചെറിയ കോൾഡ് അല്ലെരുന്നോ ഉണ്ടായിരുന്നുള്ളൂ.. ഉം.. കിടക്കുമ്പോൾ വലിയ കുഴപ്പമില്ലായിരുന്നു.. പിന്നെ രാത്രിയിൽ നല്ല പനി തുടങ്ങി.. രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഞാൻ എണീറ്റ് നോക്കിയപ്പോൾ അവൾ പനിച്ച് വിറക്കുകയായിരുന്നു.. ഓഹ്.. എന്നെ എന്താ വിളിക്കാഞ്ഞേ.. എന്താ.. അല്ലാ…എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കുന്നതിന് കുഴപ്പമൊന്നുമില്ല..ആനിയന്റി പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചിരുന്നു… അതാ… ഉം.. രാത്രി നല്ല പനിയുണ്ടായിരുന്നു..വിറയലും.. പിന്നെ.. എബിൻ ഡോക്ടർ പനിയുടെ കൂടെ ടാബ്ലെറ്റ് ഇന്നലെ തന്നതുകൊണ്ട് അത് പെട്ടെന്ന് എടുത്തു കൊടുത്തു. പിന്നെ കുഴപ്പമില്ല..പനി പതിയെ കുറഞ്ഞു..അവൾ ഉറങ്ങി.. അതാ വിളിക്കാഞ്ഞത്.. പിന്നെ ഞാനും എണീക്കാൻ താമസിച്ചു. അതുകൊണ്ട് അവൾക്ക് കുറയുകയാണെങ്കിൽ ഉച്ച കഴിഞ്ഞിട്ട് പ്രോഗ്രാമിന് പോകാമെന്ന് വച്ചു. ഓക്കേ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.. എന്ന് പറഞ്ഞ് എബിൻ പോയി. തുടരും….