18/04/2026

നിനക്കായി മാത്രം : ഭാഗം 19

രചന – റോസാ തോമസ്

എബിനും ജൂലിയും വന്നത് അന്നയ്ക്ക് ഒരു ആശ്വാസമായിരുന്നു.. ജൂലിയുടെ പിറ്റേ ദിവസത്തെ കല്യാണത്തെക്കുറിച്ച് അറിയാവുന്നത് കൊണ്ട് അന്ന ജൂലിയോട് പോകാൻ നിർബന്ധിച്ചു എങ്കിലും ഇന്ന് രാത്രി ഇവിടെ നിന്നിട്ട് നാളെ പൊക്കോളാം എന്ന് ജൂലി കടുപ്പിച്ചു പറഞ്ഞപ്പോൾ അന്നക്ക് സമ്മതിക്കേണ്ടി വന്നു.. എബിൻ അവർ രണ്ടുപേരും സംസാരിക്കുന്നത് നോക്കിനിന്നത് മാത്രമേ ഉള്ളൂ..കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവർ ഉറങ്ങാനായി തുടങ്ങിയപ്പോഴേക്കും എങ്കിൽ ശരി എന്ന് പറഞ്ഞ് എബിൻ പോയി. പിറ്റേന്ന് രാവിലെ തന്നെ അന്നയെ ഫ്രഷ് ആവാനും ഡ്രസ്സ് മാറാനും ഹെൽപ്പ് ചെയ്തു ബ്രേക്ക് ഫാസ്റ്റും കൊടുത്തതിനുശേഷം ആണ് ജൂലി പോയത്..ജൂലിയെ കൊണ്ടുപോകാൻ എബിൻ വന്നപ്പോൾ അവൾ വിഷമത്തോടെയാണെങ്കിലും യാത്ര പറഞ്ഞു പോയി..

ഞായറാഴ്ച ആയതുകൊണ്ട് ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്ന് അന്നയെ കണ്ടു… ആ സമയത്തും എബിൻ കയറിച്ചെന്നു. ആ ഡോക്ടർ പോയതിനുശേഷം അന്നയുടെ കാര്യങ്ങളെല്ലാം ഡ്യൂട്ടി റൂമിൽ പറഞ്ഞ ഏൽപ്പിച്ചതിന് ശേഷം എബിൻ പോയി..കുറച്ചുനേരം കഴിഞ്ഞപ്പോൾ ആരോ ഡോർ തുറന്നു കയറി വരുന്നത് കണ്ടു നോക്കിയപ്പോൾ മറിയാമ്മ സിസ്റ്ററും റീനയും.. ആ പിന്നെ മറിയാമ്മേ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ അന്നയുടെ മുറിയിൽ അന്നയുടെ മുമ്പിൽ ചെന്നിട്ട് കാണാത്ത പോലെ നിന്ന് സംസാരിക്കാൻ തുടങ്ങി അവർ.. ഓ..എന്തു സുഖം… നമ്മളെ ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഇട്ട് തട്ടുവല്ലേ.. ഈ ഞാൻ ഇവിടെ ഉള്ളപ്പോൾ നിന്നെ അങ്ങനെ ആരും ഇട്ട ഒരുപാട് അങ്ങ് തട്ടുകയില്ല…റീനയുടെ സ്വരം കടുത്തു…

പ്രതീക്ഷിക്കാത്ത ഒരു സംഭവമായി പോയതുകൊണ്ട് ചങ്കിൽ കനത്ത ഭാരവും ആയി മിണ്ടാതെ കിടക്കാൻ മാത്രമേ അന്നേയ്ക് പറ്റിയുള്ളൂ.. ആ.. പിന്നെ രണ്ടുദിവസം കഴിഞ്ഞാൽ വല്യമ്മച്ചിയുടെ പിറന്നാൾ പാർട്ടിയാണ്..നീ വരുമല്ലോ അല്ലേ.. യ്യോ.. വരണമെന്നുള്ളത് എന്റെ വലിയ ഒരു ആഗ്രഹമാണ്… പിന്നെ അന്ന് എനിക്ക് ഡ്യൂട്ടി ഉണ്ട്.. അതിനിടയിൽ ഒന്ന് വന്നിട്ട് പോകാം..അത്രയേ പറ്റൂ. തിരിച്ചു വന്നിട്ട് ഡ്യൂട്ടിക്ക് കേറണം..അല്ലെങ്കിൽ ഇവിടുത്തെ ചില സിംഹങ്ങൾ എന്നെ പിടിച്ചു വിഴുങ്ങുമല്ലൊ.. ഞായറാഴ്ച ആയിട്ട് നീ എന്തിനാ മറിയാമ്മ ഇന്ന് ഡ്യൂട്ടിക്ക് കയറിയത്.. ഓ..അത് പിന്നെ..ചില വലിയ വിഐപികൾ ഒക്കെ ഇവിടെ അഡ്മിറ്റ് ആയി കിടക്കു വല്ലേ..അതുകൊണ്ട് നമ്മളെപ്പോലുള്ള പാവങ്ങൾ ഇന്ന് തന്നെ ഡ്യൂട്ടിക്ക് കയറാം എന്ന് വച്ചു… എന്നാലല്ലേ കിടക്കുന്ന കിടപ്പ് കാണാൻ പറ്റൂ..അന്നയുടെ കണ്ണുകൾ അറിയാതെ തുളുമ്പി..അത് കണ്ടപ്പോൾ അവർക്ക് ആവേശം കൂടി.. അല്ല ഇതാരാണ് ഈ കിടക്കുന്നത് റീന അതിശയത്തോടെ ചോദിച്ചു.. യ്യോ.. അറിയില്ലേ.. നമ്മുടെ ആനിക്കൊച്ചമ്മയുടെ വകയിൽ ഒരു പേരും പറഞ്ഞ് കേറിയിരിക്കുന്ന ഒരു പാവം പാവം കൊച്ച്.. നിന്റെ വീട്ടിൽ നിന്ന് ആരും വന്നില്ലേടി…പെട്ടെന്ന് റീനയുടെ ഭാവം മാറി..ദേഷ്യത്തിൽ ചോദിച്ചു..

അന്നക്ക് പെട്ടെന്ന് ഒന്നും പറയാൻ സാധിച്ചില്ല. നിന്റെ വായിൽ എന്താ നാക്കില്ലേ.. ഒന്ന് കാണിച്ചേ.. വാ ഒന്ന് തുറന്നേ നോക്കട്ടെ.. യോ..വേണ്ട..ഇങ്ങനെയൊക്കെ ചോദിച്ചാൽ കൊച്ചു പേടിച്ചു പോകും.. ഞാൻ ചോദിക്കാം.. കൊച്ചിന്റെ വീട്ടിൽ ഇതുവരെ ആരെയും അറിയിച്ചില്ലേ…വീട് എവിടെയാ… വീട്ടിൽ ആരൊക്കെയുണ്ട്.. എന്താ വീട്ടിന്നു ആരും വരാത്ത… ഇനി നിനക്ക് ആരുമില്ലേ..അനാഥയാണോ… മറിയാമ്മ ചോദിച്ചു..ഇതിനിടയിൽ ഡോർ തുറന്നു വന്നത് അവർ അറിഞ്ഞില്ല.. അത്.. ഞാൻ..വീട്ടിൽ പറഞ്ഞാൽ.. അവർ പേടിക്കുമോ എന്ന് കരുതി. അന്ന വിക്കി കൊണ്ട് പറഞ്ഞു. യ്യോ.. പേടിക്കുമെന്ന് കരുതി പറയാതിരുന്നെന്നോ…അത്രയ്ക്ക് പേടിയാണോ അവരെ.. എന്തൊരു മനുഷ്യരാ സ്വന്തം കൊച്ച് ആശുപത്രിയിൽ കയ്യും ഒടിച്ച് കിടന്നിട്ട്.. ആരോരും നോക്കാനില്ലാതെ അനാഥ പ്രേതം പോലെ..ശോ.. ശോ… മറിയാമ്മ. സത്യം പറ കൊച്ചെ..നിന്റെ വീട്ടിൽ ആരുമില്ലേ.. അതോ ആർക്കും വേണ്ടെ.. റീന. ഓ ആരുമില്ലാത്തതുകൊണ്ട് കൂട്ടിന് വന്നതായിരിക്കും നിങ്ങൾ രണ്ടുപേരും അല്ലേ. പുറകിൽ നിന്ന് ഒരു ശബ്ദം കേട്ടതും അവർ ഞെട്ടി തിരിഞ്ഞ് നോക്കി..

ജീൻസും ടോപ്പും ഇട്ട് സുന്ദരിയായ ഒരു പെൺകുട്ടിയും ഏതാണ്ട് 50 വയസ്സ് തോന്നിക്കുന്ന സാരി ഉടുത്ത ഒരു സ്ത്രീയും ആ സ്ത്രീയുടെ കണ്ണിൽ നിന്നും തീ പറന്നത് പോലെ അവർക്ക് തോന്നി.. അത്രയ്ക്ക് കോപാകുല ആയിരുന്നു അവർ…അവരെ കണ്ടതും അന്നയുടെ മുഖത്ത് അത്ഭുതവും സന്തോഷവും നിറഞ്ഞു..ജീനയും അമ്മച്ചിയും.. അവൾ മന്ത്രിച്ചു. ചോദിച്ചത് കേട്ടില്ലേ.. നിങ്ങൾ ആരാ…എന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്.ജീനയുടെ അമ്മച്ചി വീണ്ടും ചോദിച്ചു. അതു ചോദിക്കാൻ നീ ആരാ.. റീന ചോദിച്ചു. നീ.. എന്നോ.. ദെ പെണ്ണുമ്പിള്ള സൂക്ഷിച്ചു സംസാരിക്കണം. ഇവിടെ കിടന്ന് കുറെ നേരം നിങ്ങൾ അങ്ങ് കിടന്നു പാട്ട് പാടുന്നത് ഞാൻ കണ്ടു… അത് ഞാൻ അങ്ങ് ക്ഷമിച്ചു എന്ന് കൂട്ടിക്കോ…കാരണം വേറെ ഒന്നുമല്ല.. ഇത്രയും താഴ്ന്ന വർഗ്ഗത്തോട് ഞാൻ മുട്ടാറില്ല..അതുകൊണ്ടാ…ഇനിയും ഇതുപോലുള്ള ഐറ്റംസ് കാണിച്ചുകൊണ്ട് ഇവിടെ നിന്നാൽ ഉണ്ടല്ലോ.. നല്ല ഒന്നാന്തരം കാന്താരി മുളക് അരച്ച് പുരട്ടി ഞാനാ കണ്ണിലോട്ട് തേക്കും…പിന്നെ ജന്മത്തിൽ നീ ഇങ്ങോട്ട് വരില്ല.. ഈ ലൈസമ്മ ഐസക് ആരാണെന്ന് നിനക്ക് അറിയില്ല… എന്താ അവിടെ പ്രശ്നം… എന്ന് ചോദിച്ചു കൊണ്ട് എബിൻ അങ്ങോട്ട് കയറിച്ചെന്നു.

എന്റെ കൊച്ചനെ.. ഇവളുടെ അമ്മയുടെ അനിയത്തിയാണ് ഞാൻ..ദേ ഇവർ രണ്ടുപേരും ഒരുമിച്ച് പഠിച്ചതാ… തള്ളിയിട്ട് കൈ ഓടിച്ചതും പോരാ ഇവൾ വന്ന് എന്റെ കൊച്ചിനെ പേടിപ്പിക്കുന്നു. ഭിഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് കേസ് കൊടുത്തിട്ടെ ഞാൻ ഇവിടുന്ന് പോവു…. എബിൻ അവരെ രണ്ടുപേരെയും ദേഷ്യത്തോടെ നോക്കി. രംഗം പന്തി അല്ല എന്ന് കണ്ട് മറിയാമ്മ പെട്ടെന്ന് മുറി വിട്ടു പോയി പുറകെ റീനയും.. കൊച്ച് ഏതാ… എനിക്ക് മനസ്സിലായില്ലല്ലോ.. ലൈസമ്മ ചോദിച്ചു.. ഞാൻ എബിൻ.. എം ഡി ആണ്.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി…ഇനി അവരുടെ ഉപദ്രവം ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം…ശരി..എന്ന് പറഞ്ഞ് എബിൻ പോയി… ഡി അന്നെ.. ഇതാണോ നമ്മുടെ മഞ്ഞുമല.. ഊഫ്..എന്താടീ ഇത്..എന്തൊരു സ്റ്റൈലാണ്..ജിമ്മൻ ആണെന്ന് തോന്നുന്നു.. ജീന അവളുടെ ചെവിയിൽ ചെന്ന് ചോദിച്ചു. ഒന്നു പോ.. ജീന…. അല്ലടി നിങ്ങൾ എന്തു പണിയാ കാണിച്ചത് എന്തിനാ ഇത്ര കഷ്ടപ്പെട്ട് വന്നേ…ബുദ്ബിമുട്ടായില്ലേ..നിങ്ങൾ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.. ഇങ്ങനെയാണേൽ ഞാൻ പറയില്ലായിരുന്നു..

ആ.. അത് ഞങ്ങൾക്ക് അറിയാം… അതുകൊണ്ടുതന്നെയാ പറയാതെ ഇങ്ങ് പോന്നേ.. കൊണ്ടുവന്ന സാധനങ്ങൾ എല്ലാം ഷെൽഫിലേക്ക് അടുക്കിവെച്ചുകൊണ്ട് ജീനയുടെ അമ്മച്ചി പറഞ്ഞു. എന്നാലും അമ്മച്ചി.. വേണ്ടായിരുന്നു.. വെറുതെ കഷ്ടപ്പെട്ട് അവിടുന്ന് ഇവിടം വരെ എത്ര ദൂരമുണ്ട്… ഞാൻ എന്റെ മോളെ കാണാൻ വന്നതല്ലേ..പിന്നെ ഇവൾക്ക് എന്തോ അത്യാവശ്യം ഉണ്ടെന്ന്..അതുകൊണ്ട് ഇപ്പോൾ പോയിട്ട് വരട്ടെ.. ആണോ ജീനാ നീ പോവാണോ? എത്ര നാളായി ഒന്ന് കണ്ടിട്ട്… എന്റെ അന്ന കൊച്ചേ…ഹോസ്പിറ്റലിൽ കുറച്ചു തിരക്ക് ആണ്‌..ഇപ്പോൾ ലീവ് എടുക്കാൻ പറ്റില്ല.. അതുകൊണ്ടല്ലേ.. ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ ഇങ്ങു വരും അമ്മച്ചിയെ കൊണ്ടുപോകാൻ…അപ്പോൾ നമുക്ക് ശരിക്കും കാണാം.. അതുവരെ ഈ ഉണ്ണിയാർച്ച ഇവിടെയുണ്ടാവും…എന്റെ അന്ന കൊച്ചിന്റെ രക്ഷയ്ക്ക് ആയിട്ട്… പോയിട്ട് വരട്ടെ.. എനിക്ക് തിരക്കായി പോയി…അതുകൊണ്ടാ.. നല്ല രണ്ടു ഡോസ് തരാനുണ്ട് നിനക്ക്.. വല്ലവരുടെയും തട്ടും കിട്ടി കരഞ്ഞുകൊണ്ടിരിക്കുന്ന ഒരുത്തി.. അവരുടെ സംസാരം കേട്ടപ്പോൾ അതിൽ ഒരാൾ മറിയാമ്മ ആണെന്ന് തോന്നി ഞാൻ അമ്മച്ചിയോട് പറഞ്ഞു കൊടുത്തു..

മറ്റേ സാധനം ഏതാണ്.. ജീന ചോദിച്ചു.. ഡി അതാണ് റീന ചേച്ചി.. ഓ..നീ നന്നാവില്ല… അവളുടെ ഒരു ചേച്ചി.. ഓ.. ഇപ്പൊ മനസ്സിലായി ആ രണ്ടാം കെട്ടുകാരിയായിരുന്നോ അത്.. ശേ.. മനസ്സിലായില്ലല്ലൊ…അവരാണെന്ന് അറിയുകയാണെങ്കിൽ കുറച്ചുകൂടി എനിക്ക് പറയാൻ ഉണ്ടായിരുന്നു.. യ്യോ.. എന്റെ പൊന്ന് അമ്മച്ചി ഞാൻ വരുന്നതുവരെ ഈ ഹോസ്പിറ്റൽ ഇങ്ങനെ തന്നെ കണ്ടേക്കണം.. മറിച്ചു വെക്കരുത്…അങ്ങനെ ഉച്ചവരെ അവിടെയിരുന്ന് ശേഷം ഒരുമിച്ച് ഊണ് കഴിഞ്ഞിട്ട് ഉച്ച കഴിഞ്ഞപ്പോൾ ജീന അവരോട് യാത്ര പറഞ്ഞു പോയി. അവരെ ബുദ്ധിമുട്ടിച്ചു എന്ന വിഷമം ഉണ്ടായിരുന്നെങ്കിലും അന്നയുടെ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ്മ തോന്നി.. അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ലായിരുന്നു.. അത്രയും നേരം ആരുമില്ലാതെ വിഷമിച്ച അവൾക്ക് സ്വർഗ്ഗം കിട്ടിയത് പോലെ തോന്നി…ആ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു..ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ച്ങ്കിലും ഒരാളുടെ ഹെൽപ്പ് ഇല്ലാതെ അവൾക്ക് പറ്റുന്നില്ലായിരുന്നു..

ഡിസ്ചാർജ് അവന്ന വരെ ആരുമില്ലാതെ എങ്ങനെ പിടിച്ചുനിൽക്കും എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു..അതിലുപരി വീട്ടുകാർ എവിടെ എന്നുള്ള ചോദ്യം അവളെ തളർത്തിയിരുന്നു.. പിടിച്ചുനിൽക്കാൻ ആവാതെ മനസ്സ് കൈവിട്ടു പോകുമെന്ന് തോന്നിയ അവസരത്തിൽ അവരെ കൊണ്ട് വന്നതിന് അവൾ ദൈവത്തോട് മനസ്സ് നിറഞ്ഞു നന്ദി പറഞ്ഞു. മെഡിസിനും അവർക്കുള്ള ഭക്ഷണവും മറ്റും എബിൻ ചെയ്തു തരുന്നത് കൊണ്ട് ജീനയുടെ അമ്മയ്ക്ക് എളുപ്പമായി… അവർ അവളെ നന്നായിട്ട് നോക്കി.. അവളുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു.. ഭക്ഷണം വാരികൊടുത്ത് നിർബന്ധിച്ചു കഴിപ്പിച്ചു.. ആ രാത്രി ജീനയുടെ അമ്മച്ചി അവളുടെ ഇടതു കൈക്ക് കുഴപ്പം ഉള്ളതുകൊണ്ട് വലത് സൈഡിൽ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ കൂടെ കിടന്നുറങ്ങി.. അവളുടെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു.. നഷ്ടപ്പെട്ടുപോയ ഈ ചൂടും തണലുമാണ് തന്നെ എപ്പോഴും നൊമ്പരപ്പെടുത്തുന്നതെന്ന് അവൾ ഓർത്തു..

വീണ്ടും വീണ്ടും കെട്ടിപ്പിടിച്ച് അവൾ കിടന്നു..സന്തോഷത്തോടെ.. മനസ്സ് നിറഞ്ഞ്… ആനിയുടെ നെഞ്ചോരം തല ചേർത്തുവെച്ച് ഉറങ്ങുന്നതു സ്വപ്നം കണ്ട് അവൾ ഉറങ്ങി. പിറ്റേദിവസം തിങ്കളാഴ്ച ആയിരുന്നതുകൊണ്ട് ലീവിന് പോയവർ എല്ലാം തിരിച്ചു വന്നു.. മുമ്മു അവളുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നു.. ജൂലിയും വനജയും അഭിലാഷും സച്ചിയും എല്ലാം ഇടയ്ക്കിടയ്ക്ക് അവളെ പോയി കാണുന്നുണ്ടായിരുന്നു.. അന്ന് ഹോസ്പിറ്റലിലേക്ക് വന്ന മാലിനിയോടു ആനിയെ ഇതൊന്നും അറിയിക്കരുതെന്ന് അന്ന കട്ടായം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ അന്ന് രാവിലെ ജൂലി വന്നു.. ആനി വന്നിട്ട് ആനിയെ കണ്ട് എല്ലാം തുറന്നു പറഞ്ഞു അമ്മയും മോളെയും ഒരുമിപ്പിച്ചിട്ട് വരുന്നുള്ളൂ.. ഇനിയും ഇത് വെച്ചുകൊണ്ട് ഇരിക്കാൻ പറ്റില്ല.. എന്നു പറഞ്ഞ അമ്മച്ചിയെ ജീന ഒരുതരത്തിൽ പിടിച്ചുകൊണ്ട് പോയി.. പോവാൻ ഇറങ്ങിയപ്പോഴേക്കും എബിൻ വന്ന ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവർ സ്നേഹത്തോടെ നിരസിച്ചു.

വൈകുന്നേരം ആയപ്പോൾ എബിൻ വീണ്ടും വന്നു.. ജൂലിയെ ഇവിടെ നിർത്താം എന്ന് പറഞ്ഞു.. വേണ്ട സാർ ജൂലിക്ക് എന്തോ അത്യാവശ്യം ഉണ്ട് ഇന്ന് വൈകിട്ട് വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു.. എനിക്ക് ഇവിടെ ഓക്കെയാണ്..ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. ആന്റി ഇതാണോ.. ഈ എബിൻ അങ്കിൾ ആണോ..ആന്റിമാര് പറഞ്ഞ മഞ്ഞമല.. അവിടെനിന്ന മുമ്മു പെട്ടെന്ന് ചോദിച്ചു. മോളെ മിണ്ടാതിരി… അന്ന മിണ്ടരുത് എന്ന് കണ്ണുകൾ കൊണ്ട് അവളെ കാണിച്ചു. എന്താ മോളെ…എബിൻ അവളുടെ അടുത്ത് ചെന്നു ചോദിച്ചു.. അത് ഒന്നുമില്ല സാർ…മോള് അറിയാതെ.. ചുമ്മാ.. ഓരോന്ന്.. ആണോ മോളെ.. അല്ലെന്നേ..ഇവര് ചുമ്മാ പറഞ്ഞതാ..ഞാൻ കണ്ടിട്ടുണ്ടല്ലോ ഫോർ ദ പീപ്പിൾ ഫോൺ വിളിക്കുമ്പോൾ മഞ്ഞുമല..മഞ്ഞുമല..എന്ന് പറയുന്നത്.. അന്ന പെട്ടല്ലോ എന്ന ഭാവത്തിൽ ഇരുന്നു ആണോ..ആരാണ് ഈ ഫോർ ദ പിപിൾ… എബിൻ കുസൃതിയോടെ ചോദിച്ചു. അത് അന്നാന്റിയും ഫ്രണ്ട്സുമാ..എന്ന് പറഞ്ഞപ്പോഴേക്കും വനജ അങ്ങോട്ട് കയറി വന്നു.. അപ്പൊ ഓക്കേ.. ഇന്ന് വൈകിട്ട് ടോമിച്ചൻ അങ്കിളിന്റെ വീട്ടിൽ ഒരു പാർട്ടിയുണ്ട്….. അതുകൊണ്ട് എനിക്ക് അങ്ങോട്ട് പോകണം..എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്ക് എന്നു പറഞ്ഞ് എബിൻ അന്നയുടെ കയ്യിൽ തന്റെ നമ്പർ കൊടുത്തിട്ട് പോയി.

വല്യമ്മച്ചിയുടെ കേക്കുമുറി കഴിഞ്ഞപ്പോൾ തന്നെ മറിയാമ്മ സിസ്റ്റർ യാത്ര പറഞ്ഞു പോയി.. റീനയും ടോമിച്ചനും കൂടി വന്നിരിക്കുന്ന അതിഥികളെ എല്ലാം സ്വീകരിച്ചിരുത്തി.. സുമി എബിന്റെ പുറകെ കുറെ നടന്നെങ്കിലും എബിൻ മൈൻഡ് ചെയ്തില്ല. ഹായ് സുമി എന്താ ഇവിടെ മാറിനിൽക്കുന്നെ? എന്തുപറ്റി.. മാറി ഒരിടത്തുനിന്ന സുമിയുടെ അടുത്തേക്ക് വന്നിട്ട് ടോമിച്ചന്റെ ഫ്രണ്ട് ആയ തമ്പിയുടെ മകൻ ജ്യോതിഷ് ചോദിച്ചു. ഏയ് ഒന്നുമില്ല..ഞാൻ വെറുതെ..അല്ല ജ്യോതിഷ് എന്താ ഇവിടെ.. അത്..എടോ.. എനിക്കൊരു ഉപകാരം ചെയ്യാമോ.. എന്റെ ഫോണിന് ഇവിടെ റേഞ്ച് കിട്ടുന്നില്ല അതുകൊണ്ടാ..തന്റെ ഫോൺ ഒന്ന് തരുമോ? ഒരു അത്യാവശ്യ കോൾ ഉണ്ടായിരുന്നു. സുമി ഫോൺ കൊടുത്തതും ജ്യോതിഷ് അവളുടെ മുമ്പിൽ വച്ച് തന്നെ ഫോൺ ചെയ്തിട്ട് ഫോൺ തിരിച്ച് കൊടുത്തു. തനിക്ക് എന്താ പറ്റിയെന്ന് പറഞ്ഞില്ലല്ലോ..

അവളുടെ മുഖത്ത് നിന്ന് കണ്ണുകൾ മാറി പോകാതിരിക്കാൻ പാടുപെട്ടു കൊണ്ട് ജ്യോതിഷ വീണ്ടും ചോദിച്ചു.. എനിക്ക് കുഴപ്പമൊന്നുമില്ല.. എന്നാൽ ഞാൻ പറയട്ടെ..എബിൻ അല്ലേ തന്റെ പ്രശ്നം.. അതു കേട്ടപ്പോൾ സുമി ഒന്നും ഞെട്ടി.. താൻ പേടിക്കൊന്നും വേണ്ട..ഞാൻ ചുമ്മാ പറഞ്ഞെന്നേയുള്ളൂ..തന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി അത്രേ ഉള്ളൂ.സുമി ഒന്നും പറഞ്ഞില്ല. എടൊ..നമ്മൾ സ്നേഹിക്കുന്നവർ അല്ല.. നമ്മളെ സ്നേഹിക്കുന്നവരെയാണ് ചേർത്തു പിടിക്കേണ്ടത്.. അത്രയും പറഞ്ഞ് പെട്ടെന്ന് അവനവിടെ നിന്നു പോയി. ഹായ് എബിൻ.. എബിൻ ഡ്രിംഗ്സ് കഴിക്കുമോ.. റീന എബിന്റെ പുറകെ ചെന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞുകൊണ്ട് എബിൻ പോയതും റീനയ്ക്ക് ഒരു അൺ നോൺ നമ്പറിൽ നിന്ന് ഒരു കോൾ വന്നു..

📞 ഹലോ ആരാണ്.. 📞 എന്റെ സ്വരം കേട്ടിട്ട് നിനക്ക് മനസ്സിലായില്ലേ.. റീന.. 📞ഇല്ലല്ലോ ആരാണിത്.. 📞ഞാൻ സതീശനാണ്.. അതു കേട്ടതും വലിയൊരു നടുക്കം അവരിലുണ്ടായി..റീന പെട്ടെന്ന് കോൾ കട്ട് ചെയ്തു.. റീനയുടെ അടുത്തുന്ന് രക്ഷപ്പെട്ട എബിനെ ടോമിച്ചൻ നിർബന്ധിച്ച് ഒരു ഗ്ലാസ് കുടിപ്പിച്ചു.. ഒരു ഗ്ലാസ് കുടിച്ചതും മതിയെന്ന് പറഞ്ഞ് അവൻ പെട്ടെന്ന് അവിടെ നിന്ന് സ്കൂട്ടായി.. ഡ്രൈവ് ചെയ്യാൻ പറ്റില്ലാത്തതുകൊണ്ട് അവൻ സച്ചിയെ വിളിച്ചു വരുത്തി.. തുടരും…