രചന – റോസാ തോമസ്
അഭിലാഷ് റിസൈൻ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. മാനേജ്മെന്റ്നെ കംപ്ലൈന്റ് പറഞ്ഞുകൊണ്ട് ഒരാൾ റിസൈൻ ചെയ്താൽ അത് ഹോസ്പിറ്റലിനു മാനക്കേടാണ്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ട് ടോമിച്ചൻ അഭിലാഷ്നോട് സംസാരിച്ചു. കാരണം ഇത്രയും ആൾക്കാരുടെ മുൻപിൽ വച്ച് ആണ് അവൻ സംസാരിച്ചത്. തനിയെ റിസൈൻ ചെയ്ത് പോവുകയായിരുന്നെങ്കിൽ നാണക്കേട് ഒഴിവാക്കാമായിരുന്നു. ഇതിപ്പോ എല്ലാവരുടെയും മുമ്പിൽ വച്ച് പറഞ്ഞതുകൊണ്ട് എല്ലാവരും എല്ലാം അറിഞ്ഞു… ഇനി ഇവൻ റിസൈൻ ചെയ്താൽ തങ്ങൾക്ക് തന്നെയാണ് മോശം…ടോമിച്ചൻ സംസാരിച്ചുതുടങ്ങി. അഭിലാഷ്, താൻ ഇങ്ങനെ ഒരു നിസ്സാര പ്രശ്നത്തിന് റിസൈൻ ചെയ്യേണ്ട കാര്യമുണ്ടോ.. ടോമിച്ചൻ ചോദിച്ചു. സാർ ഇതൊരു നിസ്സാര പ്രശ്നമാണ് എന്നാണോ പറയുന്നത്.. അഭിലാഷ് തിരിച്ചു ചോദിച്ചു.
അഭിലാഷ്, ഞാൻ അങ്ങനെയല്ല പറഞ്ഞത്… ടോമിച്ചന് ഉത്തരം മുട്ടി. സർ ഈ ദിവസങ്ങളിൽ ഞങ്ങൾ അനുഭവിച്ച മാനസിക പ്രയാസം… അത് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട്.. അതുകൊണ്ട് താൻ റിസൈൻ ചെയ്യുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നോ.. റീന ചാടിക്കയറി പറഞ്ഞു. വിവരമില്ലായ്മ പറയരുതെന്ന് അവളുടെ ചെവിയിൽ പറഞ്ഞു ടോമിച്ചൻ അടക്കിയിരുത്തി. സാഹചര്യം മോശം ആവുകയാണെന്ന് മനസിലായപ്പോൾ ആനി ഇടപെട്ടു. അഭിലാഷ്.. തനിക്ക് പരാതി ഉള്ള സ്ഥിതിക്ക് നമുക്ക് അത് ഒന്നുകൂടി ചർച്ചക്ക് വെക്കാം .. പരിഹാരമുണ്ടാക്കാം.. അതിനുശേഷം താൻ ആലോചിക്കൂ റിസൈൻ വേണമോ വേണ്ടയോ എന്ന്. നിങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്നം ഉണ്ടായിട്ടില്ലെങ്കിൽ നിങ്ങൾക്ക് അത് തുറന്നു പറയാം…. തെറ്റ് ചെയ്തവർ ആരാണെങ്കിലും അത് പുറത്തുവരട്ടെ. ആ പ്രശ്നം ഒന്ന് ചർച്ച ചെയ്തത് അല്ലേ.. ആ മീറ്റിംഗ് അവസാനിച്ചു.
അതിനുള്ള പണിഷ്മെന്റ് എല്ലാം കഴിഞ്ഞിട്ട് ഇനി വീണ്ടും അതെല്ലാം കുത്തി പോക്കുകയാണെന്ന് വെച്ചാൽ മനുഷ്യൻ ഇവിടെ വേറെ ജോലി ഉണ്ട്. റീന വീണ്ടും ചാടിക്കേറി പറഞ്ഞു. ജോലിത്തിരക്കുള്ളവർക്ക് പോകാം… അതല്ല ഇനി സമയം ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടെ തുടരാം.. ആനി പറഞ്ഞു. അതുകേട്ട് റീനയുടെ മുഖം കടുത്തു എങ്കിലും കാര്യങ്ങൾ അറിയാനുള്ള വ്യഗ്രതയിൽ അവൾ അവിടെ തന്നെ ഇരുന്നു. ആനി തുടർന്നു…അഭിലാഷിന് എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറഞ്ഞോളൂ… മാഡം.. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചവരാണ് ഞാനും അന്നയും. ആ പേഷ്യന്റിനെ കിട്ടിയത് ഞങ്ങൾക്ക് അല്ല.. അവസാന ദിവസം പേഷ്യന്റിനെ കണ്ടത് ഞങ്ങളാണ്… അതുകൊണ്ട് കുറ്റം ഞങ്ങളുടെ തലയിലായി. ആ പേഷ്യന്റിനെ ആദ്യം കണ്ടത് ആരാണ്.. ടോമിച്ചൻ ചോദിച്ചു. ഗ്യാസ്ട്രോളജിയിലെ സീനിയർ ഡോക്ടർ ഗോപൻ വേഗം എണീറ്റ് കൊണ്ട് തനിക്ക് ആണ് രോഗിയെ ആദ്യം കിട്ടിയതെന്നും, ചെക്കപ്പ് ചെയ്തിട്ട് ഗ്യാസ്ട്രോളജിയുമായി ബന്ധപ്പെട്ട കുഴപ്പങ്ങളൊന്നും അല്ലെന്ന് ബോധ്യപ്പെടുകയും, ചില സംശയങ്ങൾ കൊണ്ട് താൻ ഗയിനകോളേജിലേക്ക് റഫർ ചെയ്തതാണെന്നും പറഞ്ഞു.
റഫർ ചെയ്യുന്ന ദിവസം താൻ ഇല്ലാതിരുന്നതുകൊണ്ട് അഭിലാഷിനെ ഏൽപ്പിച്ചത് ആണെന്നും പറഞ്ഞു. അപ്പോൾ അഭിലാഷ്, ഈ കാര്യങ്ങളെല്ലാം ഗൈനക്കോളജിസ്റ്റായ സാജൻ ഡോക്ടറെ, താൻ പറഞ്ഞ ഏൽപ്പിച്ച് ആണ്, റഫർ ചെയ്തതെന്ന് വ്യക്തമായി ഒന്നുകൂടി പറഞ്ഞു. സാജൻ ഡോക്ടർക്ക് എന്തെങ്കിലും പറയാനുണ്ടോ… എന്ന് ടോമിച്ചൻ ചോദിച്ചപ്പോൾ സാജൻ ഡോക്ടർ എഴുന്നേറ്റു, തനിക്ക് കിട്ടിയ രോഗിക്ക് എല്ലാ ടെസ്റ്റുകളും സ്കാനിങ് അടക്കം എഴുതി, പിറ്റേദിവസം ചെയ്യാൻ പറഞ്ഞിരുന്നു എന്നും, പക്ഷേ അത് എല്ലാം, താൻ ലീവ് ആയതുകൊണ്ട്, ഡോക്ടർ അന്നയെ ഏൽപ്പിച്ചിട്ട് പോയി എന്നും പറഞ്ഞു. അന്ന ഡോക്ടർ റിസൾട്ട് അറിയുന്നതിനു മുൻപ് തന്നെ പേഷ്യന്റ് ഡിസ്ചാർജ് ആയി പോയിരുന്നു എന്നും സാജൻ ഡോക്ടർ പറഞ്ഞു.
ആഹാ അപ്പോൾ ആരുടെ കൈയിലും കുഴപ്പം ഇല്ലെന്നാണോ നിങ്ങളെല്ലാവരും കൂടി പറയുന്നത്..ടോമിച്ചൻ ചോദിച്ചു. അന്നയ്ക്ക് എന്താണ് പറയാനുള്ളത്.. ടോമിച്ചൻ അന്നയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. അന്നാ തന്നോട് ആണ് ചോദിച്ചത്.. ടോമിച്ചൻ ഒന്നൂടെ ചോദിച്ചു. സാർ.. അത്.. അന്നക്ക് ഒന്നും പറയാൻ സാധിച്ചില്ല. സാജൻ സാർ, തന്നെ ഏൽപ്പിച്ച് പോയി എന്നാണ് പറഞ്ഞത്…തന്റെ കൈയിലാണ് പേഷ്യൻറ് അവസാനം വന്നത്.. അപ്പോൾ താൻ വേണം ഇനി സമാധാനം പറയാൻ.. അന്നക്ക് തല പെരുത്തു തുടങ്ങി… എന്തെല്ലാമോ പറയണം എന്ന് വിചാരിച്ച് തന്നെ എഴുന്നേറ്റത് ആണ്.. പക്ഷേ ടോമിച്ചന്റെ മുഖത്തോട്ട് നോക്കിയപ്പോൾ പറയാൻ വന്നത് മുഴുവൻ ആവിയായിപ്പോയി..ആ മുഖത്തുനോക്കി സംസാരിക്കാൻ പറ്റുന്നില്ല.
ഒന്നും ഓർക്കരുത് എന്ന് വിചാരിച്ചതാണ്.. പക്ഷെ.. അന്ന എന്താണ് മറുപടി പറയാത്തത്.. ടോമിച്ചൻ വീണ്ടും ചോദിച്ചു. തനിക്ക് എന്തെങ്കിലും പറയാനുണ്ടോ.. അതോ ഒന്നുമില്ലേ… ഇല്ലെന്ന് അവൾ തലയാട്ടി.. താൻ പരാജയപ്പെട്ടുപോയി.. എത്ര ദുർബല ആണെങ്കിലും തന്റെ ഭാഗം പറഞ്ഞ് ക്ലിയർ ചെയ്യേണ്ടതാണ്.. പക്ഷെ ആ മുഖത്തുനോക്കിയപ്പോൾ എല്ലാം ബ്ലാങ്ക് ആയി പോയി.. ഒരു പുകമറ പോലെ.. ഇന്നത്തോടെ എല്ലാം അവസാനിച്ചു.. ഒരു അവസരം കൂടി കിട്ടിയതായിരുന്നു അവസാനമായി.. അതു നശിപ്പിച്ചു.. അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി. എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് പോലും തോന്നി… അവൾ അവിടെ തോറ്റു ഒരു സദസ്സിന് മുമ്പിൽ നിൽക്കുമ്പോൾ, കണ്ടുനിന്നവർ അവളുടെ ഭാഗത്താണ് തെറ്റ് എന്ന് പോലും വിചാരിച്ചപ്പോൾ.. അവളുടെ ആ തകർന്ന മുഖം കണ്ടു ആനിയിലെ അമ്മ ഉണർന്നു..
തന്റെ മകളുടെ മുഖം പറയുന്നത് ആ അമ്മയ്ക്ക് മനസ്സിലായി.. തന്റെ മൗനം തുടർന്നാൽ ഇനിയും ശരിയാവില്ല എന്ന് ആ അമ്മയ്ക്ക് തോന്നി. ആനി പെട്ടെന്ന് എഴുന്നേറ്റു സംസാരിക്കാൻ തുടങ്ങി. അന്ന…എന്താ ഒന്നും പറയാത്തത്.. തന്റെ കയ്യിൽ നിന്ന് എന്തെങ്കിലും പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ അത് തുറന്നു പറയണം.. ഒന്നും പറ്റിയിട്ടില്ലെങ്കിൽ അതും ഈ സദസിനു മുൻപിൽ ഇപ്പോൾ തന്നെ പറയണം.. പറഞ്ഞേ പറ്റൂ. അന്നയ്ക്ക് പെട്ടു പോയതുപോലെ തോന്നി. അവൾ ആനിയുടെ മുഖത്തേക്ക് ദയനീയമായി നോക്കി… പക്ഷേ ആ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ഒരു ഉറച്ച ഭാവം ആണ്.. അന്ന ഒരുനിമിഷം അങ്ങനെ തന്നെ നോക്കിനിന്നു പോയി.. തന്റെ ഭയവും പേടിയും എവിടെയോ പോയതുപോലെ… നിന്റെ കൂടെ ഞാനുണ്ട് എന്ന് ആ മുഖം പറയുന്നതുപോലെ…. ആനി വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഒരു മാത്ര ഞെട്ടി.. ധൈര്യമായി പറയൂ അന്ന,…താൻ പേഷ്യന്റിനെ കണ്ടതിനുശേഷം എന്താണ് സംഭവിച്ചത്… ടെസ്റ്റുകളെല്ലാം എഴുതി കൊടുത്തിരുന്നോ… ഇല്ല മാഡം.. പിന്നെ.. ആനി സംശയത്തോടെ ചോദിച്ചു.
സാജൻ സാർ തലേദിവസം തന്നെ പിറ്റേ ദിവസത്തേക്ക് ചെയ്യാനുള്ള ടെസ്റ്റ് എഴുതിവെച്ചിരുന്നു. എന്നിട്ടോ.. മാഡം..അങ്ങനെ എഴുതി വയ്ക്കുകയാണെങ്കിൽ.. പിറ്റേന്ന് രാവിലെ തന്നെ ടെസ്റ്റുകൾ തുടങ്ങാൻ സാധിക്കും.. അതായത് ഞാൻ റൗണ്ട്സിനു വന്ന് രോഗിയെ ചെക്ക് ചെയ്യുന്നതിനു മുൻപ് തന്നെ.. എന്നുവച്ചാൽ ഫാസ്റ്റിംഗിൽ ചെയ്യാൻ എന്തെങ്കിലും ടെസ്റ്റ് ഉണ്ടെങ്കിൽ അത് അതിരാവിലെ തന്നെ ചെയ്യാം.. ബാക്കിയുള്ള ടെസ്റ്റുകൾ ഫുഡ് കഴിച്ചതിനു ശേഷം… അത്രയും പറഞ്ഞപ്പോൾ തന്നെ അവൾക്ക് ആത്മവിശ്വാസം വന്നതിനാൽ പിന്നീട് ആനി ഓരോന്ന് ചോദിക്കാതെതന്നെ അവൾ ധൈര്യത്തോടെ എല്ലാം പറയാൻ തുടങ്ങി.
ശാരദാമ്മയുടെ ബ്ലഡ് ടെസ്റ്റിന് ശേഷം സ്കാനിംഗ് ഉണ്ടായിരുന്നു.. എന്തായാലും ഉച്ചയ്ക്ക് മുന്നേ അതിന്റെ എല്ലാ റിസൾട്ട് വരേണ്ടതാണ്… പിന്നെ എന്താണ് ആക്ച്വലി നടക്കേണ്ടത് എന്ന് വെച്ചാൽ.. രോഗിയുടെ റിസൾട്ട് അപ്പോഴത്തെ ഡോക്ടർ എന്ന നിലയിൽ ഞാൻ കാണണം.. റിസൾട്ട് പറഞ്ഞതിനുശേഷം രോഗിക്കോ റിലേറ്റീവ്നോ റഫർ ചെയ്തു പോകണം എന്നാണെങ്കിൽ അത് എന്നോട് പറയുകയും ഞങ്ങൾ തമ്മിൽ സംസാരിക്കുകയും രോഗിയോ റിലേറ്റീവിന്റെയോ സമ്മതപത്രം വാങ്ങി,….സാധാരണരീതിയിൽ ഡോക്ടർ ആയ എന്റെ ലെറ്റർ കൂടി ഞാൻ കൊടുത്ത്… ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ രോഗിയുടെ ഡോക്ടർ എന്ന നിലയിൽ സാജൻ സാറിനെ വിളിച്ചു പറഞ്ഞു.. അങ്ങനെയുള്ള ഫോർമാലിറ്റീസ് എല്ലാം ചെയ്തതിനുശേഷം എന്റെ അറിവോടുകൂടി മാത്രമേ രോഗിയെ റഫർ ചെയ്യാൻ പറ്റൂ… ഇവിടെ ഇപ്പോൾ റിസൾട്ട് വെയിറ്റ് ചെയ്ത ഞാൻ… പേഷ്യന്റ് റഫർ ചെയ്ത് പോയി എന്നാണ് അറിഞ്ഞത്. അന്ന പറഞ്ഞു നിർത്തി.
ഇവർക്ക് പണിഷ്മെന്റ് കൊടുത്ത ആൾ എന്ന നിലയിൽ എബിന് എന്താണ് പറയാനുള്ളത്.. ആനി ചോദിച്ചു. എനിക്ക് അന്നയോട് ആണ് ചോദിക്കാനുള്ളത്… എബിൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. എബിൻ ചോദിക്കൂ…. ആനി പറഞ്ഞു. ഉച്ചയ്ക്കുശേഷം വരേണ്ട റിസൾട്ട് താൻ പിന്നെ അന്വേഷിച്ചോ.. എബിൻ ചോദിച്ചു. അന്വേഷിച്ചു സാർ….. അപ്പോൾ പറഞ്ഞത് റിസൾട്ട് ആയിട്ടില്ല എന്നാണ്… ഒരു മണിക്കൂർ ശേഷം വീണ്ടും വിളിച്ചു.. അപ്പോൾ പറഞ്ഞത് റിസൽട്ട് കുറച്ച് സംശയമുണ്ട്..റിപ്പീറ്റ് ചെയ്യണം..അതിന് രണ്ടു മണിക്കൂർ വീണ്ടും താമസമുണ്ട് എന്നാണ്…. അതിനുശേഷം രോഗി റഫർ ചെയ്തു എന്നാണ് അറിയുന്നത്… അന്ന പറഞ്ഞു. ഇത് താൻ നേരത്തെ പറയാത്തത് എന്താ… എബിൻ ചോദിച്ചു. എനിക്ക് പറയാൻ പറ്റിയില്ല.. ക്ഷമിക്കണം സാർ.. അന്നാ പതിയെ പറഞ്ഞു.
അത് അന്നയുടെ ഭാഗത്തെ തെറ്റാണ്… തന്റെ സമ്മതമില്ലാതെ തന്റെ പേഷ്യന്റ് പോയാൽ.. അത് തനിക്ക് എന്നോട് പറയാമായിരുന്നു… അത് ചെയ്യാതെ മിണ്ടാതെ നിന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്. താൻ മാത്രമല്ല അഭിലാഷും.. തെറ്റ് ചെയ്യാത്തവർ ആരെയും ഭയക്കേണ്ട കാര്യമില്ല.. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആരുടെ മുഖത്ത് നോക്കിയും പറയണം.. പക്ഷെ സാർ.. അന്ന് ആ പേഷ്യന്റന്റെ ഉത്തരവാദിത്വം എനിക്കായിരുന്നു… ഞാൻ മറുപടി പറഞ്ഞേ പറ്റൂ എന്ന് എനിക്കറിയാം… അതുകൊണ്ടാണ് ഞാൻ മിണ്ടാത്തത്… അതുകൊണ്ടാണ് ഞാൻ നിങ്ങളെ ശിക്ഷിച്ചത്… എന്തൊക്കെ ആയാലും ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളോട് ഉത്തരവാദിത്വം തനിക്കുണ്ട്.. അതുകൊണ്ട് നിങ്ങൾക്ക് പണിഷ്മെന്റ് തന്നു എന്ന കാര്യത്തിൽ എനിക്ക് യാതൊരു കുറ്റബോധവും ഇല്ല… തെറ്റ് ചെയ്യുന്നവരെ ഞാനെപ്പോഴും കാർക്കശ്യത്തോടെ മാത്രമാണ് ഇവിടെ കണ്ടിട്ടുള്ളത്.. അത് എന്റെ ശൈലിയാണ്…
പിന്നെ ഞാൻ ഇത്രയും ക്ഷമിച്ചത് നിങ്ങൾ പ്രതികരിക്കട്ടെ എന്ന ഓർത്തിട്ടാണ്.. എന്തായാലും നിങ്ങൾ പ്രതികരിച്ച സ്ഥിതിക്ക്.. നിങ്ങളുടെ ശിക്ഷ ഞാൻ അവസാനിപ്പിക്കുകയാണ്.. ഇനി കാര്യത്തിലേക്ക് കടക്കാം എന്ന് പറഞ്ഞുകൊണ്ട് അവൻ സദസ്സിന് നേരെ തിരിഞ്ഞു. ഉച്ചയ്ക്ക് മുൻപ് റിസൾട്ട് വരേണ്ടതാണ് എന്നിട്ടും വന്നില്ല.. പിന്നെ രോഗിയുടെ ഡോക്ടർ അറിയാതെയാണ് രോഗി റഫർ ചെയ്തു പോയത്.. ഇതിന്റെ സത്യാവസ്ഥയാണ് ഇനി അറിയേണ്ടത്… ഇതിനു പിന്നിലുള്ള ആളുകൾ നേരിട്ട് വന്നാൽ കൊള്ളാം.. അല്ലെങ്കിൽ ഞാൻ ഓരോരുത്തരെയും ക്വസ്റ്റ്യൻ ചെയ്യും.. പണിഷ്മെന്റ് തരും… പിന്നെ ഒരു കാര്യം.. ഇതിന് പിന്നിൽ ഉള്ള ആൾ ആരാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം… അതിനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിൽ ഉണ്ട്.. തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം… എന്നു തന്നെയാണ് എന്റെ അഭിപ്രായം… പിന്നെ ഒരു കാര്യം കൂടി…ഇത്രയും വലിയ ഒരു ഹോസ്പിറ്റലിലെ ഉത്തരവാദിത്വം മുഴുവൻ തലയിൽ വന്നാലുള്ള ടെൻഷൻ… .. അത് അനുഭവിച്ചുതന്നെ അറിയണം..
നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചുനോക്കൂ.. ആ രോഗി ഗുരുതര അവസ്ഥയിൽആയിരുന്നു മെഡിക്കൽ കോളേജിൽ എത്തിയത്. ആ രോഗിയുടെ ജീവന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.. അതിന്റെ സമാധാനം ഞാൻ പറയണമായിരുന്നു…. ഒരാഴ്ചയായി ഈ ഹോസ്പിറ്റലിൽ ആ രോഗി കിടന്നു. വയറുവേദന ആയിട്ട് ആണ് ആ രോഗി വന്നത്.. വയറുവേദന ആയിട്ട് വരുന്ന ഒരു രോഗിക്ക് തന്റെ രോഗം ഗൈനക്കോളജി സംബന്ധമായി ആണെന്നോ ഗ്യാസ്ട്രോളജി സംബന്ധമായ ആണെന്നോ അറിയാനുള്ള കഴിവ് കാണില്ല.. അതിന് ആണല്ലോ ഇവിടെ വരുന്നത്. എന്നിട്ട് രോഗി ഒരു കാര്യവുമില്ലാതെ ഗ്യാസ്ട്രോളജിയിൽ ഒരു ആഴ്ച്ച കിടന്നു എന്ന് പറഞ്ഞാൽ അത് ഗ്യാസ്ട്രോളജി ഡോക്ടർസിന്റെ കുറവ് തന്നെയാണ്… വലിച്ചു നീട്ടുന്നില്ല… ചുരുക്കി പറയുകയാണെങ്കിൽ.. ഗ്യാസ്ട്രോളജിയിലെ ഡോക്ടർസ്ന്റെ ഭാഗത്തുനിന്ന് പിഴവ് വന്നിട്ടുണ്ട്.. ഗൈനക്കോളജിയിലെ ഡോക്ടർസും ഇതിൽ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കാമായിരുന്നു..
പക്ഷേ രോഗിക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഇങ്ങനെ ഓരോരുത്തർക്കും… കൈ കഴുകാം.പക്ഷെ എനിക്ക് പറ്റില്ല.. കാരണം എനിക്ക് ഓരോ രോഗിയുടേയും ജീവൻ വിലപ്പെട്ടതാണ്…. കാശിനു വേണ്ടിയല്ല ഞാൻ ഈ പ്രൊഫഷണൻ തിരഞ്ഞെടുത്തത്…ഞാൻ ആത്മാർത്ഥമായിട്ടാണ് ഇന്ന് വരെ ജോലി ചെയ്തിട്ടുള്ളത്… അതുപോലെതന്നെ അന്നയും അഭിലാഷും… മനസ്സിൽ ഇത്തിരിയെങ്കിലും ആത്മാർത്ഥത ഇല്ലായിരുന്നെങ്കിൽ അവർക്കും ഒഴിവായി പോകാമായിരുന്നു.. പക്ഷേ അവർ അത് ചെയ്തില്ല… അത് അവരുടെ നല്ല മനസ്സ് തന്നെയാണ്. പക്ഷേ എനിക്ക് ഉത്തരവാദിത്വം പറയാതെ പറ്റില്ല.. എന്ന് ഉള്ളതുകൊണ്ടും ആത്മാർത്ഥത ഉള്ളതുകൊണ്ടുമാണ് ഞാൻ തെറ്റ് ചെയ്യുന്നവർക്ക് പണിഷ്മെന്റും വഴക്കും ഒക്കെ കൊടുക്കുന്നത്..
ഞാൻ, ഈ പ്രശ്നത്തിൽ കുറച്ചു കൂടുതൽ പണിഷ്മെന്റ് കൊടുത്തിട്ടുണ്ട്..പ്രത്യേകിച്ച് അന്നയ്ക്കും അഭിലാഷിനും.. നിങ്ങൾ ഓരോ ദിവസവും ഡ്യൂട്ടി കഴിഞ്ഞ് എന്റെ ക്യാബിനിൽ പണിഷ്മെന്റ് ആയി വരുമ്പോൾ ഞാനും അവിടെ വെയിറ്റ് ചെയ്യുകയാണ്.. നിങ്ങൾക്ക് ഓരോരുത്തർക്കും അവരവരുടെ ടേൺ കഴിയുമ്പോൾ പോകാം.. പക്ഷേ എനിക്ക് ഏറ്റവും അവസാനം മാത്രമേ പോകാൻ പറ്റൂ.. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഞാൻ ഒന്ന് വിശ്രമിക്കുപോലും ചെയ്യാൻ എഴുന്നേറ്റു പോകുന്നത്.. ഈ ഒരു പ്രശ്നം വന്നതിനുശേഷം ഞാൻ വീട്ടിൽ പോലും പോയിട്ടില്ല… പിന്നെ അതൊക്കെ എന്റെ കാര്യമാണ്…ഞാൻ പറഞ്ഞെന്നേയുള്ളൂ.. നമുക്ക് വീണ്ടും കാര്യത്തിലേക്ക് വരാം.. അന്നയുടേയും അഭിലാഷ്ന്റെയും ഇതിലുള്ള പങ്കാളിത്തം എല്ലാവർക്കും മനസ്സിലായി കാണുമല്ലോ.. അതുകൊണ്ട് അവരെ വിട്ടേരെ…ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ സകല തെളിവുകളും എന്റെ പക്കലുണ്ട്.. നിങ്ങളായിട്ട് മുന്നോട്ടുവന്നാൽ നിങ്ങൾക്ക് കൊള്ളാം..
ആരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ എബിൻ തന്നെ തുടർന്നു സംസാരിച്ചുതുടങ്ങി. അന്ന പറഞ്ഞത് അനുസരിച്ച് സ്കാനിംഗ് റിപീറ്റ് ചെയ്തു എന്നാണ്… സ്കാനിങ് ഡിപ്പാർട്ട്മെന്റ് ഉള്ളവർക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് എബിൻ ചോദിച്ചപ്പോൾ സ്കാനിംഗ് റിപ്പീറ്റ് ചെയ്തിട്ടില്ല എന്നാണ് അവർ പറഞ്ഞത്…അതോടുകുടി കൂടി രംഗം കൂടുതൽ വഷളായി.. എബിൻ എല്ലാവരെയും ക്വസ്റ്റ്യൻ ചെയ്തു.. അതിന്റെ ഫലമായി രോഗിയെ നോക്കിയ നഴ്സുമാർ, തങ്ങൾ എല്ലാ റിസൾട്ടും കാര്യങ്ങളുംഇൻചാർജ്നെ ഏൽപ്പിച്ചത് ആണെന്നും ബാക്കിയെല്ലാം ഇൻചാർജ് ആണ് ചെയ്തതു എന്നും റഫർ ചെയ്യുന്ന കാര്യം തങ്ങളും അവസാനമാണ് അറിയുന്നത് എന്നും പറഞ്ഞു… പിന്നീടുള്ള ക്വസ്റ്റ്യൻ ചെയ്യലിൽ ഇൻ ചാർജ് സുമലത കുറ്റങ്ങളെല്ലാം ഏൽക്കുകയും മറിയാമ്മ സിസ്റ്റർ പറഞ്ഞിട്ടാണ് താനിതെല്ലാം ചെയ്യുന്നതെന്ന് പരസ്യമായി പറയുകയും ചെയ്തു… മറിയാമ്മ സിസ്റ്റർ അതൊന്നും സമ്മതിച്ചില്ല എങ്കിലും തന്റെ കയ്യിൽ സിസിടിവി വിഷ്വൽസ് ഉണ്ട് എന്ന് എബിൻ പറഞ്ഞപ്പോൾ മറിയാമ്മ കുറ്റം എല്ലാം സമ്മതിച്ചു.
രോഗം കുറയാത്തത് കൊണ്ട് വേറെ ഹോസ്പിറ്റലിൽ പോകാൻ താൻ പറഞ്ഞു എന്നും.. അന്ന ഡോക്ടർക്ക് ഒരു ഡോസ് കൊടുക്കാം എന്ന് വിചാരിച്ചു എന്നും മറിയാമ്മ പറഞ്ഞപ്പോൾ..മറിയാമ്മ സിസ്റ്റർ ഇത് അന്നയ്ക്കിട്ട് മനഃപൂർവ്വം ചെയ്തതാണെന്ന് എല്ലാവർക്കും മനസ്സിലായി. എന്തുകൊണ്ടാണ് മറിയാമ്മക്ക് അന്നയോട് വിരോദം എന്നുപോലും എല്ലാവരും ചിന്തിച്ചു. എന്തായാലും സത്യം തെളിഞ്ഞ സ്ഥിതിക്ക്.. ഇനി എന്തുവേണമെന്ന് ബോർഡ് അംഗങ്ങൾ മാറി ഇരുന്ന് ചർച്ച ചെയ്തു.. പത്തു മിനിറ്റ്സ് ബ്രേക്ക് എന്ന് പറഞ്ഞ് അവർ മാറിയിരുന്ന ചർച്ചചെയ്തു ആ സമയം അഭിലാഷ്, അന്നയെ മാറ്റിനിർത്തിക്കൊണ്ട് സംസാരിച്ചു. എന്തു പണിയാ അഭിലാഷ് നീ കാണിച്ചത്.. എന്തു പണി..നിന്നോട് ഞാൻ ആദ്യമേ തന്നെ പറഞ്ഞതല്ലേ..നമുക്ക് കംപ്ലൈന്റ് ചെയ്യാം എന്ന്…..അപ്പോൾ നീ കേട്ടില്ല.. അതുകൊണ്ട് ഞാൻ തന്നെ പറയാം എന്ന് വെച്ചു.
നിനക്കിപ്പോൾ നല്ല നാക്ക് ഉണ്ടല്ലോ അവിടെ വച്ച് ഈ നാക്ക് എവിടെ പോയി.. ഒന്നും മിണ്ടാതെ വന്നിരുന്നെങ്കിൽ നിന്നെ ഞാൻ എടുത്തെറിഞ്ഞേനെ.. അത് പിന്നെ… നമ്മൾ ഇപ്പൊ ഫ്രണ്ട്സ് അല്ലേ.. അതുപോലെയാണോ അവിടെവച്ച്… സംസാരിക്കണമെന്ന് വിചാരിച്ചിട്ടും നടക്കാതെ വന്നു.. അതുപോട്ടെ, നിനക്ക് നേരിട്ട് എബിൻ ഡോക്ടർടെ അടുത്ത് പറഞ്ഞപോരായിരുന്നോ…ഇത്രയും പേരുടെ മുന്നിൽ വെച്ച്……അതിനുള്ള ധൈര്യം നിനക്ക് ഉണ്ടോ..ഞാൻ ശരിക്കും ഞെട്ടി.. എടി.. അത് എബിൻ ഡോക്ടർടെ പ്ലാൻ ആണ്… എന്താ പറഞ്ഞേ… എബി ഡോക്ടർ പറഞ്ഞത് അനുസരിച്ചാണ് ഞാൻ ഇന്ന് ഇവിടെ വച്ച് ആ ഷോ നടത്തിയത്.. എന്തൊക്കെയാണ് അഭിലാഷ് ഈ പറയുന്നത്…ഒന്ന് തെളിച്ചു പറ.. എടി അതൊരു രഹസ്യമാണ്…പക്ഷേ നീ ആരോടും പറയല്ലേ.. ഞാൻ സത്യത്തിൽ ഇന്നലെ വൈകിട്ട് എബിൻ ഡോക്ടർടെ ക്യാബിനിൽ പോയി റിസൈൻ ലെറ്റർ കൊടുത്തതാണ്.. അപ്പോൾ അങ്ങേര് ചോദിക്കുവാണ്… ഇപ്പോഴാണോ പ്രതികരിക്കാൻ തോന്നിയത് എന്ന്…
പിന്നെ ഒന്നും മിണ്ടാതെ എല്ലാ പണിഷ്മെന്റ് വാങ്ങിയതിന് കുറെ ചീത്ത വിളി.. എന്നിട്ട് അങ്ങേരു പറയുകയാണു നമ്മൾ പ്രതികരിക്കുന്നത് വരെ അങ്ങെർ നോക്കി ഇരിക്കുകയായിരുന്നു എന്ന്.. പിന്നെ ബാക്കി ഇന്ന് നടന്നതെല്ലാം പുള്ളിടെ പ്ലാൻ മാത്രമാണ്… എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു.. എന്ത് വന്നാലും പുള്ളി മാനേജ് ചെയ്തോളാം എന്ന് പറഞ്ഞു. ദേ അവർ വരുന്നുണ്ട്.. ബാക്കി പിന്നെ പറയാം എന്നു പറഞ്ഞു അവൻ അവളെ വിളിച്ചു കൊണ്ടുപോയി. അങ്ങനെ തെറ്റ് ചെയ്തവർക്ക് എല്ലാം ശിക്ഷ കൊടുക്കും എന്ന് അവർ പ്രഖ്യാപിച്ചു. മറിയാമ്മ സിസ്റ്ററെ സൂപ്രണ്ട് സ്ഥാനത്തുനിന്ന് മാറ്റുകയും പകരം വോട്ട് ചെയ്ത് ആൾക്കാരെ എടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനൊപ്പം എബിൻ, തന്റെ ഭാഗത്ത് തെറ്റ് ഉള്ളതിനാൽ… അതായത് താൻ ആവശ്യമില്ലാതെ പണിഷ്മെന്റ് കൊടുത്തതിനാൽ താനും മാറിക്കോളാം എന്നും…എം ഡി സ്ഥാനത്തിനും വോട്ടിംഗ് വേണമെന്ന് പറഞ്ഞു എങ്കിലും ആരും അവൻ മാറാൻ സമ്മതിച്ചില്ല..
അതിനാൽ അവൻ അടങ്ങി.. മറിയാമ്മ സിസ്റ്റർക്കു പകരം സ്റ്റെല്ലാ സിസ്റ്റർ നഴ്സിങ് സൂപ്രണ്ട് ആയി തിരഞ്ഞെടുക്കപ്പെടുകയും മറിയാമ്മ സിസ്റ്റർ അസിസ്റ്റന്റ് ആയി മാറുകയും ആ വാർഡിലെ ഇൻചാർജ് ആയ സുമലതയെ സ്ഥാനം മാറ്റുകയും പകരം വേറൊരാളെ എടുക്കുകയും ചെയ്തു. അങ്ങനെ ആ മീറ്റിംഗ് അവസാനിച്ചു. മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ അന്നയെയും അഭിലാഷനെയും കണ്ട് എബിൻ ജസ്റ്റ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പഴയതുപോലെ മൈൻഡ് ചെയ്യാതെ നടന്നു. അന്നു വൈകിട്ട് ആനി, അന്നയുടെ റൂമിൽ ചെന്നു…അവൾ ഒന്ന് ഞെട്ടിയെങ്കിലും ഓടി പോയി അമ്മയെ കെട്ടിപ്പിടിച്ചു.. നിനക്ക് വിഷമം ഉണ്ടോ എന്ന് ചോദിച്ചു അവർ..വിഷമം എല്ലാം മാറി എന്ന് അവൾ പറഞ്ഞു. കഴിഞ്ഞ പോയതൊക്കെ മറന്നേരേ…സാരമില്ല എന്ന് പറഞ്ഞ് അവർ അവളെ ആശ്വസിപ്പിച്ചു. കുറെ നേരം അന്ന അമ്മയുടെ മടിയിൽ കിടന്നു.. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം..
തന്റെ കുറേ ദിവസങ്ങളിലെ വേദനയും വിഷമവും എല്ലാം മാഞ്ഞു പോകുന്നതു പോലെ അന്നക്ക് തോന്നി.. ഭദ്രൻ അങ്കിളിനു എങ്ങനെയുണ്ട് അമ്മ.. പോവാൻ നേരം അന്ന ചോദിച്ചു. അതുകൂടി പറയാനാണ് മോളെ ഞാൻ വന്നത്.. കൈകൾ അനങ്ങി..ഇപ്പോൾ അരയ്ക്ക് കീഴ്പോട്ട് മാത്രമേ തളർച്ച ഉള്ളു…. ഇനി വീൽചെയറിൽ ആക്കാൻ സാധിക്കും.. ഇത്രയും ചികിത്സ തന്നെ മാക്സിമം ആണ്…ഇനി കൊണ്ടു പോയ്ക്കോളാൻ അവർ പറഞ്ഞു… ഇതു തന്നെ വലിയ അത്ഭുതം അല്ലേ.. ദൈവാനുഗ്രഹം….ഇപ്പോൾ പോയിട്ട് മൂന്നു മാസത്തോളമായി… മിക്കവാറും അടുത്ത ആഴ്ച കൊണ്ടുവരും.. ഓണം വരുവല്ലേ… മാത്രമല്ല ആൾക്ക് നല്ല മാറ്റം ഉണ്ട്. സ്വഭാവത്തിൽ… എന്നോട് ഒരുപാട് പ്രാവശ്യം മാപ്പ് പറഞ്ഞു. ഓണത്തിന് ഞാൻ മോളെ വന്ന് വീട്ടിലോട്ട് കൂട്ടാ.. ഓണം നമുക്ക് ആഘോഷിക്കാം ഒരുമിച്ച്.. എന്തെങ്കിലും കാര്യം പറഞ്ഞ് വീട്ടിൽ പോകുന്നില്ല എന്ന് പറഞ്ഞാൽ മതി… എന്റെ ഫ്രണ്ടിന്റെ മകൾ ആയതുകൊണ്ട് ആരും സംശയിക്കില്ല… മാത്രമല്ല ഭദ്രന്റെ മാറ്റം ശരിക്കുമുള്ളത് ആണെങ്കിൽ പിന്നെ നീ എന്റെ മകൾ ആണെന്ന് ഞാൻ പുറത്തു പറയും.. ഈ ഒളിച്ചുകളി കുറച്ചു നാളുകൾ കൂടിയേ കാണൂ എന്ന് എന്റെ മനസ്സ് പറയുന്നു… എന്നാ ശരി. പിന്നെ കാണാം എന്ന് പറഞ്ഞ് അവർ പോയി.
ടോമിച്ചായ.. എനിക്കൊരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് റീന ടോമിച്ചന്റെ അടുത്തേക്ക് ചെന്നു. എന്താ കാര്യം.. ടോമിച്ചൻ ഗൗരവത്തിൽ ചോദിച്ചു. അടുത്ത ആഴ്ച സുമി മോളുടെ ബർത്ത് ഡേ അല്ലെ…നമുക്ക് അതൊന്ന് ആഘോഷിക്കണം. അത് എല്ലാവർഷവും ആഘോഷിക്കുന്ന അല്ലേ..പിന്നെന്താ.. അങ്ങനെയല്ല നമുക്ക് കുറച്ചു പേരൊക്കെ വിളിച്ചു ആഘോഷം ആക്കണം..അവൾക്ക് 25 വയസ്സ് ആവുകയല്ലേ.. എബിൻ മോനെയും വിളിക്കണം.. അപ്പൊ അതാണ് ഉദ്ദേശിച്ചത്.. എബി മോനെ വിളിക്കണം…അതിനു ആണല്ലേ ആഘോഷം.. ടോമിച്ചൻറെ സ്വരം കടുത്തു.. അതിനു നിങ്ങൾ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്…ഞാൻ ഒന്നു പറഞ്ഞതല്ലേ ഉള്ളൂ.. എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന് നീ വിചാരിക്കരുത്.. ഹോസ്പിറ്റൽ നടന്ന സംഭവത്തെക്കുറിച്ച് ആണ് ഞാൻ ഉദ്ദേശിച്ചത്..
മറിയാമ്മയുടെ പിന്നിൽ നീ ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം.. അവിടെവച്ച് അപമാനിക്കണ്ടാ എന്ന് വെച്ച് മിണ്ടാതിരുന്നു എന്നേയുള്ളൂ..ടോമിച്ചൻ പറഞ്ഞു. യ്യോ.. സത്യം ആയിട്ടും ഞാൻ അറിയാത്ത കാര്യം ആണ്..വെറുതെ എന്നെ കുറ്റപ്പെടുത്തരുത്…എന്നുപറഞ്ഞ് റീന കരയാൻ തുടങ്ങി. നീ പറയാതെ വെറുതെ മറിയാമ്മ ചെയ്യില്ല എന്ന് എനിക്കറിയാം… നീ വെറുതെ ഉരുണ്ട് കളിക്കണ്ട… അത്… ഞാൻ പിന്നെ.. ആനിയുടെ റെക്കമെന്റേഷൻ ആയതുകൊണ്ട് ഒന്ന് പേടിപ്പിക്കണം എന്ന് പറഞ്ഞായിരുന്നു.. അത്രയേ ഉള്ളൂ..അതിന് അവൾ ഇങ്ങനെയൊക്കെ കാണിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. എന്നുപറഞ്ഞ് റീന തലയൂരി. റീന പതിയെ അടുക്കളയിലേക്ക് നടന്നു.. എന്തായാലും മറിയാമ്മ തന്റെ പേര് പറഞ്ഞില്ല.. അതുകൊണ്ട് താൻ രക്ഷപ്പെട്ടു.. അതോടൊപ്പം തന്നെയോട് അവൾക്ക് വൈരാഗ്യവും തോന്നി.. തുടരും…

by