രചന – റോസാ തോമസ്
മോളേ… നി എന്താ എന്നെ വിളിക്കാഞ്ഞത്… ഏഹ്… എന്താ പറ്റിയത്. മോളെ നിനക്ക്.. കയ്യുടെ വേദന എങ്ങനുണ്ട്.. ആനി അന്നയെ അങ്ങനെ കണ്ട ഷോക്കിൽ ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു. ഏയ്.. എന്താ അമ്മെ ഇത്… ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ.. ബിസിനസ് ട്രിപ്പ് ഒക്കെ മുടക്കി ഇങ്ങനെ ഓടി വരാൻ..എനിക്ക് കുഴപ്പമൊന്നുമില്ല.. മിണ്ടരുത്..കയ്യും കാലും.. വയ്യാണ്ടിരിക്കുവാ.. എന്നിട്ടും കുഴപ്പമില്ലെന്ന്.. ആനിയിൽ ഒരമ്മയുടെ പരിഭവം മുഴുവൻ നിറഞ്ഞു.. രണ്ടുപേരും സംസാരിച്ചത് മതി.. മീറ്റിംഗ് തുടങ്ങാറായി… ഭദ്രൻ പെട്ടെന്ന് പറഞ്ഞു.. യ്യോ…ഭദ്രൻ അങ്കിൾ എന്തിനാ വയ്യാതെ ഇരിക്കുന്നിടത്തു നിന്നു വന്നത്… അന്ന ഭദ്രേനെ നോക്കി പറഞ്ഞു.. മോളെ കൊണ്ടുപോകാൻ ആണ് വന്നത്… അങ്ങ് ആലത്തറയിലേക്ക്… ഭദ്രൻ ചിരിയോടെ പറഞ്ഞതും അന്ന ഭദ്രനെ സംശയത്തോടെ നോക്കി..
അപ്പോഴാണ് പുറകിൽ നിൽക്കുന്ന ആളെ കണ്ടത്.. ഷീലാന്റിയുടെ മകൻ അബി തോമസ് ഐപിഎസ്.. ഏയ്.. അബി…വാട്ട് എ സർപ്രൈസ്.. അന്ന അടക്കാനാവാത്ത ആഹ്ലാദത്തോടെ പറഞ്ഞു.. നീ ഇവിടെ ഇങ്ങനെ ഓരോന്ന് കാട്ടിക്കൂട്ടും…പിന്നെ ഞാൻ എങ്ങനെ വരാതിരിക്കും..അബി കുസൃതിയോടെ പറഞ്ഞു. പോ അബി… അന്ന കേറുവോടെ പറഞ്ഞു. ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം…ഇപ്പോൾ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ് അവിടെ.. ആനി പറഞ്ഞു. നമ്മൾ മീറ്റിങ്ങിനു പോണോ.. ഞാനും വരണോ.. സംശയത്തോടു കൂടി നോക്കിയ അന്നയുടെ മുമ്പിലേക്ക് വീൽചെയർ വന്നു കഴിഞ്ഞു. വീൽ ചെയറിൽ കേറുന്നതിനു മുമ്പ് നീ ഇതിലൊന്ന് സൈൻ ചെയ്തെ… കാര്യമൊക്കെ പിന്നെ പറയാം..എന്നു പറഞ്ഞുകൊണ്ട് ആനി രണ്ടുപേപ്പർ അന്നയുടെ മുമ്പിലേക്ക് നീട്ടി അതിൽ സൈൻ ചെയ്യിപ്പിച്ചു..
ഇതേസമയം മുകളിലത്തെ നിലയിൽ മീറ്റിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്.. ഇപ്പോൾ നമ്മൾ ഈ മീറ്റിംഗ് വിളിച്ചു കൂട്ടിയത് നമ്മുടെ ഹോസ്പിറ്റലിൽ ഡ്യൂട്ടി ചെയ്യുന്ന ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിലുള്ള ഡോക്ടർ അന്നയുടെ ആക്സിഡന്റിനെ കുറിച്ച് പറയാനാണ്.. ബോർഡ് അംഗങ്ങളിൽ ഒരാളായ ആനി ആന്റി കൂടി വരാൻ ഉണ്ട്… ആന്റി വന്നോളാം തുടങ്ങിക്കോളൂ എന്ന് പറഞ്ഞിട്ടാണ് ഈ മീറ്റിംഗ് തുടങ്ങുന്നത്..എബിൻ തുടർന്നു.. അപ്പോൾ ഡയറക്ട് ആയിട്ട് കാര്യത്തിലേക്ക് വരാം…മറിയാമ്മ സിസ്റ്റർക്കു ഇതിനെക്കുറിച്ച് പറയാൻ എന്താണ് ഉള്ളത്.. മറിയാമ്മ സിസ്റ്റർ തള്ളിയിട്ടതാണെന്ന് എനിക്കും അറിയാം.. ഇവിടെ പലർക്കും അറിയാം.. പറയാൻ ബുദ്ധിമുട്ടാണെങ്കിൽ സിസിടിവി വിഷൽസ് കാണിക്കാം… എബിൻ ചോദിച്ചു. മറിയാമ്മ സിസ്റ്റർ നിസ്സാരമായി എഴുന്നേറ്റു കൊണ്ട് സംസാരിക്കാൻ തുടങ്ങി.. ഈ പറയുന്ന സംഭവം ഞാൻ തള്ളിക്കളയുന്നൊന്നുമില്ല.. നടന്നത് തന്നെയാണ്.. പക്ഷേ ഈ സംഭവം നിങ്ങളിൽ പലരും വളച്ചൊടിച്ചു എന്നു മാത്രം…
സംഭവം നടക്കുന്ന ദിവസം സീരിയസായി ഒരു രോഗിയെ ഒരു സ്ട്രക്ച്ചറിൽ കൊണ്ടുപോയി കൊണ്ടിരുന്നപ്പോൾ റാമ്പിന്റെ സൈഡിൽ വച്ച് സൈഡ് തരാതെ നിന്ന അന്നയെ അറിയാതെ ഒന്ന് തട്ടി.. അവൾ മാറി തരികയാണെങ്കിൽ ആ സംഭവമെ ഉണ്ടാവില്ലായിരുന്നു. ഇതാണ് സംഭവം. മറിയാമ്മ സിസ്റ്റർ പറഞ്ഞു നിർത്തി. ശരി അപ്പൊ നമുക്ക് സിസിടിവി വിഷൽസ് കാണണം.. എന്നു പറഞ്ഞുകൊണ്ട് എബിൻ സിസിടിവി വിഷൽസ് അവിടെയുള്ള മോണിറ്ററിലേക്ക് കണക്ട് ചെയ്തു. ഉടനെ റീന ചാടി എണീറ്റ് സംസാരിക്കാൻ തുടങ്ങി. ഒരു മിനിറ്റ്.. എബിൻ.. മറിയാമ്മ പറഞ്ഞല്ലോ.. അറിയാതെ സംഭവിച്ചതാണെന്ന്.. ആ പറയുന്നത് കേട്ടാൽ തന്നെ മനസ്സിലാവും ആ കുട്ടിയുടെ കൈയിൽ നിന്നും തെറ്റ് സംഭവിച്ചതാണെന്ന്.. സീരിയസ് ആയിട്ട് ഒരു രോഗിയെ കൊണ്ടുപോകുമ്പോൾ ഒഴിഞ്ഞുമാറേണ്ട ബാധ്യസ്ഥത നടന്നുപോകുന്ന ഒരാൾക്ക് ഉണ്ട്..പ്രത്യേകിച്ച് ഒരു ഡോക്ടർക്ക്.. അപ്പോൾ തന്നെ മനസ്സിലായല്ലോ ആ കുട്ടിയുടെ ആക്സിഡന്റ് ആ കുട്ടി തന്നെ സ്വയംവരുത്തി വച്ചതാണെന്ന്…
അതുമാത്രമല്ല….ഇത്രയും ആൾക്കാരുടെ സമയവും നഷ്ടപ്പെടുത്തിട്ട് അതിനെക്കുറിച്ച് ചർച്ച വയ്ക്കാൻ മീറ്റിംഗ് വെക്കുക എന്ന് പറഞ്ഞാൽ.. അവൾ ആരാണ്.. വെറുമൊരു ഡോക്ടർക്ക് ഇത്ര പ്രത്യേകത കൊടുക്കേണ്ട യാതൊരു കാര്യവുമില്ല… കഴിഞ്ഞ രണ്ട് മീറ്റിംഗ്കളിലും ഈ കുട്ടി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്..അതായത് ഈ കുട്ടി വന്ന അന്ന് തൊട്ട് ഉള്ളത് ആണെന്ന്.. ഓരോ പ്രശ്നങ്ങളും.. പിന്നെ ചിലരുടെ ഒക്കെ റെക്കമെന്റെഷൻ ഉള്ളതുകൊണ്ട് ഇവിടെ ആരും വിഐപി ആവുന്നില്ല… ഉടനെ സ്റ്റെല്ല സിസ്റ്റർ എഴുന്നേറ്റു നിന്നുകൊണ്ട് സംസാരിച്ചു… അതെങ്ങനെ ശരിയാവും റീന. റീന എന്നുള്ള വിളി കേട്ടപ്പോൾ തന്നെ റീനയുടെ മുഖം കറുത്തു.. സ്റ്റെല്ല തുടർന്നു… കഴിഞ്ഞ രണ്ട് മീറ്റിംഗ്കളിലും അന്ന ഡോക്ടറായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.. പ്രശ്നങ്ങൾ താനെ വന്നതാണ്.. വന്നതെല്ലാം ഒന്നും മിണ്ടാതിരുന്നതു കൊണ്ട് അന്ന ഡോക്ടർടെ തലയിൽ ആയി..
കഴിഞ്ഞ മീറ്റിങ്ങിൽ അന്ന ഡോക്ടർടെ ഭാഗത്തുനിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നുള്ളത് ക്ലാരിഫൈ ചെയ്തതുമാണ്.. മാത്രമല്ല ആ കാരണങ്ങളെല്ലാം മറിയാമ്മ സിസ്റ്റർ മൂലമാണ് ഉണ്ടായത് എന്നും തെളിവായതാണ്… അപ്പോൾ പിന്നെ ആ സിസിടിവി വിഷ്വൽസ് കാണുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.. എന്നു പറഞ്ഞുകൊണ്ട് സ്റ്റെല്ല സിസ്റ്റർ ഇരുന്നു. വിഷൽസ് സ്റ്റാർട്ട് ചെയ്യുന്നതിനു മുമ്പ് ഒരു മിനിറ്റ്.. മറിയമ്മ സിസ്റ്ററോട് ഒന്ന് ചോദിച്ചോട്ടെ.. എബിൻ സംസാരിച്ചു തുടങ്ങി. അന്ന് ഒരു ശനിയാഴ്ചയായിരുന്നു അല്ലേ… ഡ്യൂട്ടി സമയം കഴിഞ്ഞതുമാണ്.. മാത്രമല്ല പേഷ്യന്റിനെ സ്ട്രക്ചറിൽ കൊണ്ടുപോകുന്ന ഡ്യൂട്ടി സിസ്റ്ററിനല്ല താനും.. പിന്നെങ്ങനെ സിസ്റ്റർ ആ സമയത്ത് അവിടെ എത്തി.. അത് പിന്നെ ഡ്യൂട്ടി സമയം കഴിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ് പേഷ്യന്റ് സീരിയസായി കൊണ്ടുവന്നത്… ശനിയാഴ്ച ആയതു കൊണ്ട് ആൾക്കാർ കുറവായിരുന്നു.. അതുകൊണ്ടാണ് ഞാൻ സഹായിച്ചത്..
അല്ലാതെ അന്നയെ ഉപദ്രവിക്കാൻ മനപ്പൂർവ്വം ചെയ്തത് അല്ല അല്ലേ.. ഇതാണ് ഞാൻ പറഞ്ഞത് കാര്യങ്ങൾ ചിലർ മനപൂർവ്വം വളച്ചുകെട്ടി സംസാരിക്കുകയാണെന്ന്… മറിയാമ്മ തർക്കിച്ചു. ശരി നമുക്ക് വിഷ്വൽസ് കണ്ടു നോക്കാം. എന്നുപറഞ്ഞ് എബിൻ വിഷൽസ് സ്റ്റാർട്ട് ചെയ്തു. എല്ലാവരും വിഷൽസ് കാണാൻ തുടങ്ങി.. അതിൽ ഉണ്ടായിരുന്നു.. അന്ന നടന്നു വരുന്നത്.. അന്നയുടെ പുറകിൽ മറിയാമ്മ നടന്ന വരുന്നത്.. അതു കണ്ടതിനു ശേഷം പുറകെ വന്ന സ്ട്രക്ചറിൽ പിടിച്ചിരുന്ന വാർഡ് ബോയ് യോട് മാറാൻ പറഞ്ഞ് മറിയാമ്മ അതിൽ പിടിച്ചതും അന്നയെ തള്ളിയതും എല്ലാം… വിഷൽസ് ഓഫ് ചെയ്തിട്ട് എബിൻ ഡോക്ടർ ആ വാർഡ് ബോയയെ ക്വസ്റ്റ്യൻ ചെയ്തതോടുകൂടി സത്യങ്ങൾ തെളിഞ്ഞു. മറിയാമ്മ സിസ്റ്റർടെ മുഖം വിളറി വെളുത്തു. ഇനിയെന്റെ അഭിപ്രായം ഞാൻ പറയാം.. എബിൻ തുടർന്നു.. ഇതിനുമുമ്പും പല പ്രശ്നങ്ങളും ഉണ്ടായതുകൊണ്ടും മുൻപ് പറഞ്ഞതുപോലെ കഴിഞ്ഞ രണ്ടു മീറ്റിങ്ങിലും പ്രശ്നങ്ങളുണ്ടാക്കിയ ആൾ എന്ന നിലയിലും ഇവിടെ ജോലി ചെയ്യുന്ന ഡോക്ടറെ തള്ളിയിട്ട് അപകടപെടുത്താൻ ശ്രമിച്ചതിനാലും മറിയാമ്മ സിസ്റ്ററെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നാണ് എന്റെ അഭിപ്രായം.. എബിൻ പറഞ്ഞു നിർത്തി.
പ്രശ്നങ്ങൾ ഉണ്ടായെന്നുള്ളത് നേരാണ്.. മറിയാമ്മ സിസ്റ്ററുടെ കയ്യിൽ നിന്ന് പിഴവ് സംഭവിച്ചിട്ടുണ്ട്… അതിനുള്ള ശിക്ഷയും ആവാം.. പക്ഷേ പിരിച്ചുവിടുന്നത് ശരിയല്ല… അതു ക്രൂരമാണ്.. തെറ്റുകൾ സംഭവിക്കാം…ആരുടെ കയ്യിൽ നിന്നും.. പക്ഷേ പിരിച്ചുവിടാനുള്ള തീരുമാനം മനപ്പൂർവമാണെന്ന് ഞാൻ പറയും… ആരുടെ എങ്കിലും റെക്കമെന്റേഷൻ ഉള്ള കുട്ടി ആണെന്ന് വിചാരിച്ചു ആ പേരിൽ മറിയാമ്മ സിസ്റ്ററെ പറഞ്ഞുവിടേണ്ട കാര്യമില്ല… ടോമിച്ചൻ എഴുന്നേറ്റു നിന്നു സംസാരിച്ചു. എബിന് അടക്കാനാവാത്ത ദേഷ്യം വന്നു.. ടോമിച്ചൻ എഴുന്നേറ്റു പറഞ്ഞാൽ പിന്നെ തനിക്കു തനിയെ ഒരുപാട് എതിർക്കാനാവില്ല.. ആനിയോടുള്ള ദേഷ്യമാണ് ടോമിച്ചൻ ഇപ്പോൾ തീർക്കുന്നത്. ഉടനെ റീന എഴുന്നേറ്റു നിന്ന് സംസാരിച്ചു. ടോമിച്ചായൻ പറഞ്ഞത് ശരിയാണ്.. ആരുടെയെങ്കിലും റെക്കമെന്റ്ഷന്റെ പേരിൽ ഒരാൾക്ക് ഇത്ര പ്രാധാന്യം കൊടുക്കുകയോ മറ്റൊരാൾക്ക് ക്രൂരമായി ശിക്ഷ കൊടുക്കുകയും ചെയ്യേണ്ട കാര്യമില്ല. വേറെ ആർക്കു എങ്കിലും ഇതിൽ അഭിപ്രായം ഉണ്ടെങ്കിൽ പറയാം.. എബിൻ പെട്ടെന്ന് എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു.
അതു കേട്ട് ഉടൻ അഭിലാഷ് എഴുന്നേറ്റ് സംസാരിച്ചു.. ആ സംഭവം നടന്നപ്പോൾ അന്നയെ ആ നിലയിൽ കണ്ടത് ഞാനാണ്.. വളരെ പരിതാപകരമായിരുന്നു അന്നയുടെ അവസ്ഥ.. റാമ്പിൽ നിന്ന് താഴേക്ക് വീണ് കൈക്ക് ഫ്രാക്ചർ ഉണ്ട്.. കാലിൽ കമ്പികുത്തി കയറി മുറിവുമുണ്ട്.. ഇതൊക്കെ മറിയമ്മ സിസ്റ്റർ ഒരാളു മൂലം ഉണ്ടായതാണ്… ഇതിനുമുമ്പും അന്നയെ അവർ മോശമാക്കി ചിത്രീകരിച്ചിട്ടുണ്ട്… അതുകൊണ്ട് മറിയാമ്മ സിസ്റ്റർനേ പിരിച്ചു വിടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഉടനെ സച്ചിൻ എഴുന്നേറ്റു സംസാരിച്ചു.. എന്റെയും അഭിപ്രായങ്ങൾ അതു തന്നെയാണ്.. ഉടനെ മറ്റു പലരും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ.. ടോമിച്ചൻ സംസാരിച്ചു.. എല്ലാവരുടെയും അഭിപ്രായം അങ്ങനെ ആണെങ്കിൽ അത് തന്നെ ചെയ്യാം. അതെന്തിനാണെന്നാണ് ഞാൻ ചോദിച്ചത്.. അതിന്റെ ആവശ്യമില്ല..അവൾ ആനിയുടെ റെക്കമെന്റേഷൻ ആണെന്ന് വെച്ച് ആനി അന്നയ്ക്ക് ഇത്ര ഇമ്പോർട്ടൻസ് കൊടുക്കേണ്ട കാര്യമില്ല.. റീന എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
” അന്ന, ആനിയുടെ മകളാണ്… ആനി പ്രസവിച്ച ആനിയുടെ സ്വന്തം മകൾ…”അവിടെയുള്ള എല്ലാവരും ഞെട്ടിത്തിരിഞ്ഞ് വാതിലിന് അടുത്തേക്ക് നോക്കി.ഭദ്രന്റെതായിരുന്നു ആ വാക്കുകൾ… ഭദ്രന് പുറകിലായി ആനിയും അന്നയും ഷീലയുടെ മകൻ അബി തോമസ് ഐപിഎസും. ഒരു നിമിഷം എല്ലാവരും നിശബ്ദരായി നിന്നുപോയി.. അത്രയേറെ ഓരോരുത്തരെയും ഞെട്ടിക്കുന്നതായിരുന്നു ആ വാക്കുകൾ… ടോമിച്ചനും ആനിയും ഒക്കെ ആ ഹോസ്പിറ്റലിലെ മാത്രമല്ല നാട്ടിലെയും പ്രശസ്തർ ആയതുകൊണ്ട് കഥകളെല്ലാം എല്ലാവർക്കും അറിയാമായിരുന്നു.. ഒരിക്കൽ നഷ്ടപ്പെട്ടു എന്ന് വിചാരിച്ച ആനിയുടെ മകളാണ് അന്ന എന്നത് എല്ലാവരെയും ഞെട്ടിതരിപ്പിച്ചു.. ടോമിച്ചന്റെ രക്തയോട്ടം പോലും നിന്നതുപോലെ അയാൾക്ക് തോന്നി..അയാൾ ഒരു നിമിഷം ശിലപോലെ അവിടെ നിന്നുപോയി.. റീനയ്ക്ക് തന്റെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയത് പോലെ തോന്നി… ഒരു നിമിഷം കൊണ്ട് എല്ലാം അസ്തമിച്ചത് പോലെ.. അവിടെനിന്ന ഓരോരുത്തർക്കും അതൊരു ഭയങ്കര സംഭവമായി തോന്നി..
പതിയെ പതിയെ അവിടെ….ആ ഹാൾ മുഴുവൻ പിറുപിറുക്കലുകൾ ഉയർന്നു തുടങ്ങി… ആനി പതിയെ അന്നയെ കൊണ്ട് ഹാളിലേക്ക് നടന്നു.. അബി ഭദ്രനെയും .. ആനി സംസാരിച്ചു തുടങ്ങി.. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല.. തെറ്റ് ചെയ്ത ആളുടെ പേരിൽ നടപടി എടുക്കുന്നത് ഹോസ്പിറ്റലിന്റെ ഉത്തരവാദിത്തമാണ്.. അത് എന്റെ റെക്കമെന്റേഷൻ ആയതുകൊണ്ട് അല്ലെങ്കിൽ എന്റെ മകൾ ആയതുകൊണ്ടോ വേണ്ട.. പിന്നെ എന്റെ മകൾക്ക് സംഭവിച്ചതിൽ എനിക്ക് വിഷമം ഉണ്ട്.. ഒരു അമ്മ എന്ന നിലയിൽ അതിന്റെ പേരിൽ ഒരു കേസ് ഫയൽ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.. പിന്നെ കേസ് കൊടുക്കാനുള്ള ഉപദേശം എനിക്ക് കിട്ടിയത് എന്റെ ഫ്രണ്ട് ഷീലയുടെ മകൻ ദാ ഈ നിൽക്കുന്ന അബി തോമസ് ഐപിഎസ് ആണ് കേട്ടോ… എന്ന് പറഞ്ഞ് ആനി ഇരുന്നു. മുകളിൽ നിന്നുമുള്ള വിളിയുമായി ആരും വരണ്ട എന്നാണ് ഐപിഎസ് എന്ന പേര് പറഞ്ഞ് ആനി ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും അത് കേട്ടപ്പോൾ മനസ്സിലായി..
ടോമിച്ചൻ നിന്നു വിയർത്തു… മറിയമ്മയെ പിരിച്ചു വിട്ടോളാൻ എബിയുടെ ചെവിയിൽ പറഞ്ഞിട്ട് അയാൾ ആ നിമിഷം തന്നെ അവിടം വിട്ടുപോയി.. പുറകെ ഇടറിയ പാദങ്ങളുമായി റീനയും.. ടോമിച്ചൻ നടക്കുന്നതിനിടയിൽ ഇടറുന്നുണ്ടായിരുന്നു.. ഭയങ്കരമായ മാനസിക സമ്മർദ്ദതിനടിമപ്പെട്ടു എന്ന് അയാളുടെ മുഖം കാണുമ്പോൾ തന്നെ അറിയാം.. 23 വർഷങ്ങൾക്ക് ശേഷം മുമ്പിൽ വന്നു നിന്നത് സ്വന്തം ചോരയാണല്ലോ.. എങ്ങനെയോ അയാൾ കാറിനടുത്ത് എത്തിയതും കാർ പോകുന്നതും കണ്ടുകൊണ്ട് മുകളിലത്തെ നിലയിലെ തൂണിൽ ചാരി കൊണ്ട് ആനി കണ്ടു.. തോളിൽ ഒരു കരസ്പർശം അറിഞ്ഞപ്പോഴാണ് അവർ കണ്ണുകൾ ഉയർത്തി നോക്കിയത്.. അന്ന. എന്താ അമ്മ ഒരു സങ്കടം..എന്ന് അന്ന ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞ് അവർ കണ്ണുകൾ തുടച്ചു.
രണ്ടു പേരും കൂടി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും എല്ലാവരും കൂടി വന്ന് അവരെ വളഞ്ഞു.. മാലിനിയും വനജയും ജൂലിയും സ്റ്റെല്ല സിസ്റ്ററും അഭിലാഷും സച്ചിയും എല്ലാവരും അവരുടെ സന്തോഷം പങ്കുവച്ചു. അന്നക്കും ഭദ്രനും വയ്യാത്തതുകൊണ്ട് അവർ എല്ലാവരോടും യാത്രപറഞ്ഞ് ആലത്തറയിലേക്ക് യാത്രയായി. മറിയാമ്മ പതിയെ പുറത്തേക്ക് നടന്നു… റീനയുടെ കൂടെ കൂടുമെങ്കിലും ആനിയോട് ദേഷ്യം ഉണ്ടെങ്കിലും ആനിയുടെ മകളോട് തനിക്ക് ദേഷ്യം ഒന്നുമില്ല എന്ന് മാത്രമല്ല.. എന്തൊക്കെ പറഞ്ഞാലും ആ കുട്ടി എവിടെ ആയിരിക്കും എന്ന് ഒരിക്കലെങ്കിലും എല്ലാവരെയും പോലെ താനും ചിന്തിച്ചിട്ടുണ്ട്… എന്നിട്ടും തന്റെ ക്രൂരത കൊണ്ട് ആ കുട്ടിയെ തന്നെ തന്റെ സ്വന്തം കൈകളാൽ…. മാപ്പ് പറയാൻ പോലുമുള്ള അർഹത തനിക്ക് അവരോടില്ല.. ഓരോന്നോർത്ത് കൊണ്ട് മറിയാമ്മ സിസ്റ്റർ പുറത്തേക്കു നടന്നു..
ആരോ തനിക്ക് അഭിമുഖം നിൽകുന്നുണ്ടെന്ന് തോന്നിയപ്പോൾ അവർ തലയുയർത്തി നോക്കി.. രാവിലെ ജോലിക്ക് പോയ തന്റെ സ്വന്തം ഭർത്താവ്.. എല്ലാം കണ്ടുകൊണ്ട് എരിയുന്ന കണ്ണുകളാൽ തന്നെ നോക്കുകയാണ്..തന്റെ തകർച്ച പൂർത്തിയായി എന്ന് അവർക്ക് മനസ്സിലായി. അമ്മ.. അമ്മ എന്തായി കാണിക്കുന്നത് റീനയുടെ രൂപമാറ്റം കണ്ട് സുമി പേടിച്ചുകൊണ്ട് ചോദിച്ചു. ഇത്രയും നാളും ഇല്ലാത്ത ഒരു മകൾ ഇപ്പോൾ അവൾക്ക് എവിടുന്നു വന്നു..കള്ളം പറയുകയാണ്….. അവൾ കള്ളം പറയുകയാണ്…. തന്റെ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് റീന അലറി… തുടരും…

by