രചന – റോസാ തോമസ്
അന്നക്കുട്ടി…. അന്നൂട്ടി… ഷീല വിളിച്ചു. അന്ന അപ്പോഴും മറ്റൊരു ലോകത്തായിരുന്നു. തങ്ങൾ നാലുപേരും കൂടെ ഉള്ള ആ കൊച്ചു ലോകം… ഗൈനക്കോളജിസ്റ്റ് ആയിരുന്ന ചിത്രമാമിന്റെ അസിസ്റ്റന്റ് ആയി നടന്ന ആ ദിവസങ്ങൾ…. ഏറ്റവുമൊടുവിൽ ജീനയുടെ അമ്മച്ചിയുടെ ചൂടുപറ്റി ഉറങ്ങിയ ദിവസം…എല്ലാം അവളുടെ കണ്മുൻപിൽ കൂടെ ഓടി നടന്നു. ഹലോ മോളെ അന്നകുട്ടി… ഇത് ഏതു ലോകത്താ …. ഷീല ഒന്നൂടെ വിളിച്ചു. ആഹ്… ആന്റി വിളിച്ചോ.. അന്നാ ഞെട്ടി കൊണ്ട് ചോദിച്ചു. ഉം…നമ്മൾ എത്തി കേട്ടോ. ആണോ… അന്നയുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. ഉം… പിന്നെ ആനിയുടെ പ്ലാനിൽ ചെറിയൊരു മാറ്റമുണ്ട് ഷീല പറഞ്ഞു. എന്താ….ആന്റി..
എബിൻ ലീവ് എടുക്കുന്ന ദിവസം വരാൻ ആയിരുന്നു നമ്മുടെ പ്ലാൻ.. എബിനോ അതാരാണ്… എംഡി ആണോ… അന്ന ചോദിച്ചു. അതെ.. എബിൻ ലീവ് എടുക്കുന്നത് നോക്കിയിരുന്ന ആനി മടുത്തു… അവസാനം ഇന്ന് അവൻ എന്തോ അത്യാവശ്യം ഉണ്ട്…അത് മുൻകൂട്ടിക്കണ്ട് അവൾ പ്ലാൻ ചെയ്തതാണ് ഇന്ന്… പക്ഷേ അവൻ ഇന്ന് ഹാഫ് ഡേ ലീവ് ഉള്ളൂ… അതുകൊണ്ട് ഉച്ചവരെയുള്ള സമയത്തിനുള്ളിൽ കാര്യങ്ങളെല്ലാം ചെയ്യണം.. പ്രൊസീജർ എല്ലാം തീർക്കണം.. പിന്നെ കാര്യങ്ങളെല്ലാം ഓർമയുണ്ടല്ലോ….ആർക്കും ഒരു സംശയവും തോന്നരുത്.. ആനിയെ ഫോൺ വിളിക്കാനോ കോൺടാക്ട് ചെയ്യാനോ ശ്രമിക്കരുത്.. എന്റെ മകൾ ആണെന്നുള്ള സ്വാതന്ത്ര്യം അവൾക്ക് കാണിക്കാൻ പറ്റും… അത് നോക്കി കണ്ട് നീയും ചെയ്തോണം… ആനി ആന്റി എന്ന് വിളിക്കണം. എന്നാൽ ഇറങ്ങിക്കോ സ്ഥലമെത്തി.
അന്ന മുന്നിൽ കാണുന്ന കൂറ്റൻ കെട്ടിടത്തിലേക്ക് ഒന്ന് നോക്കി. പിന്നെ ഷീലയുടെ കയ്യിൽ പിടിച്ച് നടന്നു…. തന്നെ നടക്കാൻ എന്തോ ഉള്ളിൽ ഒരു ഭയം… അതറിഞ്ഞ പോലെ ഷീല അവളെ ചേർത്ത് പിടിച്ചു…. അവർ നേരെ റിസപ്ഷനിസ്റ്റ്ന്റെ അടുത്തേക്ക് പോയി, ആനി മാഡത്തിന്റെ റൂം ചോദിച്ചിട്ട് അങ്ങോട്ടേക്ക് നടന്നു.
ആനി ഇളംറോസ് കളറുള്ള ഒറ്റ കളർ കോട്ടൺ സാരിയും അതിനു ചേർന്ന റോസ് കളർ ബ്ലൗസും ആണ് അന്ന് ധരിച്ചിരുന്നത്…അധികം അലങ്കാരങ്ങൾ ഒന്നുമില്ല… മുഖത്ത് പതിവിൽക്കവിഞ്ഞ ഗൗരവം… ആനി അവരോട് ഇരിക്കാൻ പറഞ്ഞു. ഷീല ഇരിക്കുന്നതിനു മുമ്പ് അവരുടെ അടുത്ത് ചെന്ന് ആനിയെ ഹഗ് ചെയ്തു.. ആനി യുടെ കണ്ണുകൾ അന്നയിലായിരുന്നു. അമ്മയെ കണ്ട നിമിഷം അന്നയ്ക്ക് ഒന്ന് വിറച്ചു.. എത്രയോ നാളുകൾ കഴിഞ്ഞാണ് താൻ അമ്മയെ ഒന്നു കാണുന്നത്…. കണ്ടിട്ട് ഇപ്പോ ഒരു വർഷത്തോളമായി…. അമ്മയുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല..നോക്കിയാൽ ചിലപ്പോൾ സഹിക്കാൻ പറ്റിയെന്നു വരില്ല… കൈവിട്ടു പോകും… ആനി കല്ലുപോലെ ഇരിക്കുകയാണ്. ആനി പെട്ടെന്നുതന്നെ ഫോണെടുത്ത് മാലിനിയെ വിളിച്ചു.
മാലിനി പ്ലീസ് കം…വിളി വന്നതും പുറത്ത് കാത്തു നിന്നിരുന്ന മാലിനി ഓടിയെത്തി. മാലിനി…ഇത് എന്റെ ക്ലോസ് ഫ്രണ്ട് ആണ് ഷില.. ഇത് ഇവളുടെ മകൾ അന്ന. അന്ന ഇവിടെ ഗൈനക്കോളജിസ്റ്റ് ആയി ചാർജ് എടുക്കാൻ വന്നതാണ്. എബിൻ ഇല്ലാത്തതുകൊണ്ട് ഇവളുടെ സർട്ടിഫിക്കറ്റ് എല്ലാം ചെക്ക് ചെയ്ത് ഞാൻ ഫയലിൽ വച്ചിട്ട് വരാം…ബാക്കിയുള്ള ഫോർമാലിറ്റീസ് മുഴുവൻ മാലിനിയെ ഏൽപ്പിക്കുകയാണ്.
മാലിനി അവരെ സന്തോഷത്തോടുകൂടി പുറത്തേക്ക് ആനയിച്ചു. ഇറങ്ങുന്നതിനു മുമ്പ് അന്ന, ആനിയുടെ മുഖതേക്ക് ഒന്ന് നോക്കി.. അമ്മയും മകളും മുഖാമുഖം ഒന്നു നോക്കി..അതിനുശേഷം ഇറങ്ങി..എങ്ങനെയെങ്കിലും ഉച്ചയോടു കൂടി എല്ലാ കാര്യങ്ങളും ഭദ്രമായി തീർക്കണം എന്ന പരിഭ്രമം ആയിരുന്നു ആനിക്ക്.
മാലിനി അവരെ എച് ആർ ഡിപ്പാർട്ട്മെന്റ് ലേക്കും അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കും ഒക്കെ കൊണ്ടുപോയി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വെച്ച് ചെറിയ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.. അങ്ങനെ എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് പ്രശ്നങ്ങളൊന്നുമില്ലാതെ അവർ തിരിച്ച് ആനിയുടെ അടുത്തെത്തി. ആ നി അവരെ കണ്ടതും താഴേക്ക് പോകാം എബിൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു തിരക്കിട്ട് താഴേക്ക് കൊണ്ടുപോയി. എബിൻ കയറിവരുന്നത് ഉണ്ടായിരുന്നുള്ളൂ വഴിയിൽ വെച്ച് തന്നെ ആനി അവരെ പരിചയപ്പെടുത്തി. എബിൻ..ഇത് എന്റെ ക്ലോസ് ഫ്രണ്ട് ഷില.. ഇതു ഇവളുടെ മകൾ അന്ന. ഞാൻ പറഞ്ഞിരുന്നല്ലോ ഗൈനക്കോളജിസ്റ്റ്ന്റെ പോസ്റ്റിൽ വരുന്ന…
ഓ മനസ്സിലായി… ഞാൻ ഇന്ന് ലീവ് ആയിരുന്നു..അവരെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു. എബിൻ….പിന്നെ സർട്ടിഫിക്കറ്റ് എല്ലാം ഞാൻ ക്ലിയർ ചെയ്ത് ഫയൽ ആക്കി വെച്ചിട്ടുണ്ട്. പിന്നെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു. ഷീലയ്ക്ക് ഇന്നുതന്നെ പോണം. ഒക്കെ ആന്റി.തന്റെ പേരെന്താണ്? എബിൻ അന്നയോട് ചോദിച്ചു. ഹായ് എബിൻ.. പുറകിൽ ഒരു സ്വരം കേട്ട് അവർ തിരിഞ്ഞു നോക്കി. സുമി… പുറകിൽ ടോമിച്ചനും റീനയും. ഹായ്… സുമി എന്നാണ് വന്നത് എന്ന് എബിൻ ചോദിച്ചു. ഞാൻ ഇന്നലെ വന്നതേയുള്ളൂ..അപ്പൊ എബിനെ കാണാം എന്ന് വിചാരിച്ച് ഇങ്ങോട്ട് ഇറങ്ങിയതാണ്. സുമി പറഞ്ഞു.
ഇന്നലെ വന്നപ്പോൾ തൊട്ട് എബിനെ കാണണം എന്ന് പറഞ്ഞ് ഭയങ്കര വഴക്കായിരുന്നു..സമയം ഇല്ലാത്തതു കൊണ്ട് ഇന്ന് ഇറങ്ങി എന്നേ ഉള്ളൂ. റീന പറഞ്ഞതും എബിൻ വിളറി ചിരിച്ചു. ടോമിച്ചൻ അങ്കിൾ വെറുതെ വന്നതേയുള്ളോ…അവൻ ചോദിച്ചു. അത് മോനെ..ഇവരുടെ കൂടെ വെറുതെ ഇറങ്ങിയതെ ഉള്ളൂ.. ടോമിച്ചൻ എന്ന പേര് കേട്ടതും അന്നക്ക് ഒരു നടുക്കം ഉണ്ടായി. അവളുടെ കൈ മുറുകുന്നത് അനുസരിച്ച് ഷീലയ്ക്ക് അത് മനസ്സിലായി. അവർക്കും ടെൻഷനായി. അവർ രണ്ടുപേരും ആനി യുടെ മുഖത്തേക്ക് നോക്കി. അവിടെ പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ല… കൂളായി നിൽക്കുന്നു. അതു കണ്ടപ്പോൾ അവർക്ക് രണ്ടുപേർക്കും കുറച്ച് ആശ്വാസം തോന്നി.
അല്ല ഇതാരാ…റീന അറിയാനായി എബിയോട് ചോദിച്ചു. ഇത് ആനി ആന്റിയുടെ പ്രിയപ്പെട്ട ഫ്രണ്ട് ഷീല.. ഇത് മകൾ. ഇയാൾ ഇവിടെ പുതിയതായിട്ട് ചാർജ് എടുക്കാൻ വന്ന ഡോക്ടറാണ്. അല്ലാ…തന്റെ പേര് പറഞ്ഞില്ലല്ലോ…എബിൻ അന്നയോട് ചോദിച്ചു. അന്ന മരിയ ടോം.. അന്ന വി റയലോടെ പറഞ്ഞു. ഇവളുടെ പപ്പാ തോമാച്ചായന് ഇന്ന് വരാൻ പറ്റിയില്ല…. കുറച്ചു തിരക്കുണ്ടായിരുന്നു…അതുകൊണ്ട് എനിക്ക് ഇന്ന് തന്നെ പോണം…. സംശയം ഒന്നും ഉണ്ടാവാതിരിക്കാൻ ആയി ഷീല പെട്ടെന്ന് ചാടി കേറി പറഞ്ഞു. എന്നാൽ ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോട്ടെ.. ഇവർക്ക് ഭദ്രനെ കൂടി ഒന്ന് കാണണം. എന്നാ ശരി…എനിക്ക് കുറച്ചു തിരക്കുണ്ട്… എന്ന് പറഞ്ഞു കൊണ്ട് എബിൻ പോയി.
എന്തു സുന്ദരിയാ അമ്മേ.. ആ പെണ്ണ്…അന്നയെ നോക്കിക്കൊണ്ട് സുമി റീനയോട് ചോദിച്ചു. നീ അവിടെ വായിനോക്കി നിന്നോ… എബിൻ പോയി…അവന്റെ പുറകെ ഓടി ചെല്ല്… റിന എബിയുടെ ക്യാബിനിലേക്ക് സുമിയെ തള്ളിവിട്ടു. പുറകെ റീനയും. ഹായ് എബിൻ.. സുമി ക്യാബിനിലോട്ട് കേറി കൊണ്ട് വിളിച്ചു.
എബിൻ…. എന്താ ഇന്ന് ഉച്ചവരെ ലീവ് ആയിരുന്നോ… സുമി ചോദിച്ചു. അതെ… അതുകൊണ്ട് എനിക്ക് കുറച്ചു തിരക്കുണ്ട്.. നിങ്ങൾ ഇങ്ങോട്ടേക്ക് വന്നതാണോ.. എബിൻ ചോദിച്ചു.
ആണോ..എന്നാൽ ഞങ്ങൾ പൊയ്ക്കോളാം… ഞങ്ങൾ എബിന്റെ വീട്ടിൽ ഒന്ന് കയറിയിട്ട് പോകുന്നുള്ളൂ എന്നു പറഞ്ഞു സുമി ഇറങ്ങി… നീ എന്തിനാ ഇത്ര പെട്ടെന്ന് ഇറങ്ങിയേ എന്ന് ചോദിച്ചു കൊണ്ട് പുറകെ റീനയും… അവർ ഇറങ്ങിയ ഉടനെ ആനി എബിന്റെ ക്യാബിനിലേക്ക് കയറി. തിരക്കുണ്ടോ എബിൻ… ആനി ചോദിച്ചു. കുഴപ്പമില്ല.. ആന്റി പറഞ്ഞോ..എബിൻ പറഞ്ഞു. ഞാൻ അന്നയുടെ കാര്യം പറയാൻ വന്നതാ.. അവൾക്ക് ഇവിടെ പരിചയം ഇല്ലാത്തതുകൊണ്ട് ഡോക്ടേഴ്സ് സൈഡിൽ ഒഴിഞ്ഞു കിടന്ന ഒരു റൂം കൊടുത്തിട്ടുണ്ട്… തൽക്കാലം അവൾ അത് എടുക്കട്ടെ… പിന്നെ സർട്ടിഫിക്കറ്റ് ഞാൻ ഒരു ഫയൽ ആക്കി വെച്ചിട്ടുണ്ട്…കാണിക്കട്ടെ?….
വേണമെന്നില്ല ആന്റി…. ആന്റി എല്ലാം ചെക്ക് ചെയ്തതല്ലേ…. അതെ എന്നാലും വെറുതെ ഒന്ന് കാണണോ… എനിക്ക് ഡോക്ടേഴ്സ്ന്റെ സർട്ടിഫിക്കറ്റ് അത്ര പിടുത്തം ഇല്ല… ആനി സർട്ടിഫിക്കറ്റ് ഫയൽ എടുത്തു കൊണ്ട് പറഞ്ഞു. കാണിച്ചേ..എന്നുപറഞ്ഞ് എബിൻ നോക്കി. ഫ്രണ്ട് പേജ് മറിച്ച് വിട്ട് രജിസ്ട്രഷൻ സർട്ടിഫിക്കറ്റും എംബിബിഎസ് ന്റെ യും എം ഡി യുടെയും സർട്ടിഫിക്കറ്റ്സിന്റെ അവസാനത്തെ പേജും മാത്രം കണ്ണോടിച്ചു ഫയൽ തിരികെ വച്ചു. വലിയ ഒരു യുദ്ധം കഴിഞ്ഞ രീതിയിൽ ആനി യാത്ര പറഞ്ഞിറങ്ങി. അവരെ ഭദ്രന്റെ റൂമിലേക്ക് പറഞ്ഞു വിട്ടിട്ടാണ് പോന്നത്. ആനി അങ്ങോട്ട് ചെന്നു.
ഭദ്രൻ.. ഇത് എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും മകളുമാണ്. ഇവിടെ ഡോക്ടർ ആയിട്ട് കയറുകയാണ്. ആനി പറഞ്ഞു. ഭദ്രൻ മനസ്സിലായത് പോലെ കണ്ണുകളടച്ചു കാണിച്ചു. ഞാൻ പറഞ്ഞിരുന്നു… ഭദ്രൻ ചേട്ടന് മനസ്സിലാവുന്നുണ്ട് എന്ന് തോന്നുന്നു. ഷീല പറഞ്ഞു കൊണ്ട് യാത്രപറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി…പുറകെ അവരും. കാറിന് അടുത്തെത്തിയപ്പോൾ ഷില പെട്ടെന്ന് ആനി യുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. എന്റെ പൊന്നു ആനി… അതാണല്ലേ…ടോമിച്ചൻ….പെട്ടുപോയി എന്ന ഞാൻ വിചാരിച്ചത്.. ഇവൾ പേരുകൂടി പറഞ്ഞപ്പോഴേക്കും എന്റെ ചങ്ക് ഇടിച്ചു പോയി.. ഷീ ല അ പ്പോഴും വിശ്വാസം വരാതെ പറഞ്ഞു. സാരമില്ല…. എന്തായാലും ആ കടമ്പ കഴിഞ്ഞു കിട്ടിയില്ലേ…. ആനി പറഞ്ഞു. അത് ശരിയാ… ഷീല ആലോചിച്ചു കൊണ്ട് പറഞ്ഞു. നീ എന്താ ഇങ്ങനെ ടൾ ആയിട്ട് ഇരിക്കുന്നത്. ആനി അന്നയെ നോക്കി ചോദിച്ചു. അതൊന്നും സാരമില്ല ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം… ഞങ്ങൾ റസ്റ്റോറന്റ്ലേക്ക് ആണ്… നിന്റെ സാമ്രാജ്യം ഒക്കെ ഒന്ന് കാണട്ടെ …ഷീല പറഞ്ഞു.
ഞാനും വരാം എന്ന് വിചാരിച്ചതാ… പക്ഷേ ടോമിച്ചൻ ഉം റീനയും വന്ന സ്ഥിതിക്ക ഭദ്ര നെ ഒറ്റയ്ക്ക് ഇട്ടിട്ടു പോകുന്നത് ശരിയാകില്ല… ഞാൻ ഇപ്പൊ വരുന്നില്ല..ആനി പറഞ്ഞു. ഓക്കേ ഡി…അത് സാരമില്ല…ഞങ്ങൾ ജസ്റ്റ് അവിടെ ഒന്ന് പോയിട്ട് വരാം…പിന്നെ ടെസ്റ്റെയിൽസ് കൂടി കാണണം ആരുന്നു.. പക്ഷെ ഇപ്പൊ പോകാൻ നേരം ഇല്ല ഞാൻ ഇവളെ കൊണ്ട് പോയിട്ട് തിരിച്ചുവന്ന് പെട്ടെന്ന് തിരിച്ചു പോകും കേട്ടോ. ഷീല പറഞ്ഞു. ഷീലയും അന്നയും കൂടി റസ്റ്റോറന്റ് ചുറ്റിനടന്ന് കണ്ടു. അവസാനം ദോശ കടയിൽ കയറി.. നിനക്ക് എന്താ വേണ്ടത് അന്ന.. ഇവിടെ ദോശയുടെ തന്നെ വറൈറ്റിസ് ആണ് ഇഷ്ടമുള്ള ദോശ പറഞ്ഞോ ഷീല പറഞ്ഞു.
ഉള്ളി ദോശ മതി ആന്റി…ആന്റിക്കോ.. ഓ…. അമ്മക്കുട്ടി തന്നെ…. ആനിയുടെ ഫേവറിറ്റ് ആണ് ഉള്ളി ദോശ..എങ്കിൽ പിന്നെ എനിക്കും അത് മതി എന്നു പറഞ്ഞുകൊണ്ട് ഷീല ഉള്ളി ദോശ ഓർഡർ ചെയ്തു. എന്തുപറ്റി അന്ന… അന്നയുടെ വിഷാദ മുഖം കണ്ടിട്ട് ഷീല ചോദിച്ചു. ഒന്നുമില്ല ആന്റി… എനിക്കറിയാം കുട്ടി… നിന്റെ മനസ്സിൽ എന്താണെന്ന്…. അയാളെ കണ്ടതുകൊണ്ട് ആണോ.. ആണെങ്കിൽ അങ്ങനെ ഒന്നും വിചാരിക്കണ്ട.. ഏയ് അങ്ങനെയൊന്നുമില്ല ആന്റി.. അന്ന പറഞ്ഞു. എങ്കിൽ എന്റെ കുട്ടി പോയിട്ട് കൈ കഴുകിയിട്ട് വാ… നമുക്ക് പോവാം… അങ്ങനെ അവർ യാത്ര തിരിച്ചു. ഷീല അന്നയെ ഹോസ്പിറ്റലിൽ വിട്ടിട്ട് പോയി.. ഷീലയ്ക്ക് അന്നയെ വിട്ടു പോകുമ്പോൾ സഹിക്കാൻ പറ്റിയില്ല. അവൾക്ക് എല്ലാംകൊണ്ടും നല്ല വിഷമമായി എന്നറിയാം.. പക്ഷേ താൻ നിസ്സഹായ ആണ് .. എന്തായാലും അവൾ അവളുടെ അമ്മയുടെ അടുത്ത് അല്ലേ…. ആ വിശ്വാസത്തിൽ അവർ തിരിച്ചു പോയി.
അന്ന റൂമിലേക്ക് നടന്നു.. മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു അവൾ കട്ടിലിലേക്ക് ചാഞ്ഞു.. ചങ്ക് പൊട്ടുന്ന പോലെ തോന്നി അവൾക്ക്… സ്വന്തം പപ്പയെ കൺമുന്നിൽ കണ്ടപ്പോൾ നല്ല വിഷമം തോന്നി…… പക്ഷേ അതിനേക്കാളേറെ അവിടുന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസവും… അതൊന്നും കുഴപ്പമില്ല… അതൊക്കെ പ്രതീക്ഷിച്ചതാണ്… പക്ഷേ തന്റെ അമ്മ… എത്ര നാളായിട്ട് കൊതിച്ചതാണ് തന്റെ അമ്മയുടെ അടുത്ത് വരാൻ…… അത് ഇങ്ങനെയൊക്കെ ആയിപ്പോയി.. ആന്റി എല്ലാം പറഞ്ഞതാണ് എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല… തന്റെ അമ്മയുടെ മുൻപിൽ ഇങ്ങനെ നിൽക്കാൻ.. അമ്മ പുറമേ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിലും അമ്മയ്ക്ക് എന്ത് വിഷമം കാണും…. വയ്യ ഇങ്ങനെ വയ്യ…. മറ്റൊരു മുറിയിൽ ഇരുന്ന് ആ അമ്മ മനവും തേങ്ങുകയായിരുന്നു…

by