രചന – റോസാ തോമസ്
പിറ്റേന്ന് രാവിലെ മുതൽ വല്യമ്മച്ചിയും ആനിയും കൂടി അന്നയെ കുത്തി തീറ്റിക്കാൻ തുടങ്ങി… ഇടതുകൈ ആയതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു.. എങ്കിലും പ്ലാസ്റ്റർ റിമൂവ് ചെയ്തു നന്നായിട്ട് ഭേദമായിട്ട് മാത്രം ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് പോയാൽ മതിയെന്ന് അവർ എല്ലാവരും പറഞ്ഞത് അന്നയ്ക്ക് അനുസരിക്കേണ്ടി വന്നു… അതുവരെ കുറച്ചുദിവസം ആനിയും വീട്ടിൽ തന്നെ അവളുടെ കൂടെ ഇരിക്കാൻ തീരുമാനിച്ചു.. കാലിലെ മുറിവ് വേഗം തന്നെ ശരിയായി.. കുറച്ചു കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ റിമൂവ് ചെയ്തു.. പിന്നെ കുറച്ചു ദിവസം കൂടി റസ്റ്റ് എടുക്കാമെന്ന് തീരുമാനമായി… നടക്കാൻ പറ്റുന്നതുകൊണ്ട് ആനി അവളെ ടെക്സ്റ്റൈൽസും റസ്റ്റോറന്റും ഒക്കെ കൊണ്ട് കാണിച്ചു.. ഷീലാന്റിയുടെ കൂടെ അവൾ റസ്റ്റോറന്റ് കണ്ടിരുന്നു.. എന്നാലും ആനിയുടെ കൂടെ പോകുമ്പോൾ വേറൊരു സുഖമാണ്.. ആനി അവൾക്ക് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു.. മുസ്തഫ അവൾക്ക് സ്‌പെഷ്യൽ കൊഞ്ച് ബിരിയാണി ഉണ്ടാക്കിക്കൊടുത്തു കഴിപ്പിച്ചാണ് വിട്ടത്.. അവരുടെ ഒക്കെ സ്നേഹം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു..
സത്യത്തിൽ എത്ര ആൾക്കാരാണ് തനിക്കു വേണ്ടി കാത്തിരുന്നത്..എല്ലാം തന്റെ അമ്മയുടെ നന്മ കൊണ്ടാണ്. ടെക്സ്റ്റൈൽസിൽ നിന്ന് കുറെ തുണികൾ എടുത്തു.. അന്നയ്ക്ക്.. ഒന്ന് രണ്ട് സാരിയും കുറേ കുർത്തയും ടോപ്സും പിന്നെ തയ്ക്കാനുള്ള കുറച്ച് ചുരിദാർ പീസും ജീൻസും ടോപ്പും എല്ലാം എടുത്തു… ഭദ്രന് ആക്സിഡന്റ് ഉണ്ടായപ്പോൾ മുതൽ അന്നയ്ക്ക് ഡ്രസ്സ് എടുത്തു കൊടുക്കാൻ സാധിച്ചില്ല ആനിക്ക്… ആവശ്യത്തിനുള്ളത് കൊണ്ട് തന്നെ അന്നയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു… പക്ഷേ ആനിക്ക് ഒരു വീർപ്പുമുട്ടൽ ആയിരുന്നു.. വല്യമ്മച്ചിക്കും ഭദ്രനുമുള്ള ഡ്രസ്സ് കൂടി അവർ എടുത്തു.. അന്ന നിർബന്ധിച്ചു ആനിക്കും ഒന്ന് രണ്ട് സാരി എടുത്തു..അപ്പോളേക്കും അന്ന മടുത്തതു കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ അന്നക്ക് ഡ്യൂട്ടിക്ക് പോണം.. ആനിക്കും.. ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അന്നയും ഭദ്രനും തമ്മിൽ നല്ല കൂട്ടായി.. വല്യമ്മച്ചി തനിച്ച് വയ്യെങ്കിലും അന്നയുടെ പുറകെ നടന്ന് ഓരോന്ന് ചെയ്തുകൊടുക്കും.. പ്ലാസ്റ്റർ എടുത്തതിൽ പിന്നെ അന്ന വലിയമ്മച്ചിയെ അനങ്ങാൻ സമ്മതിച്ചില്ല.. അവൾ തിരിച്ച് എല്ലാം ചെയ്തു കൊടുത്തു..
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം കിട്ടിയും തിരിച്ചുകൊടുത്തും അവർ എല്ലാവരും കൂടി ആ വീട് ഒരു സ്വർഗ്ഗമാക്കി. പിറ്റേന്ന് രാവിലെ ആനിയും അന്നയും ഹോസ്പിറ്റലിൽ പോവാൻ റെഡിയായി നിന്നു.. ആനി അന്നയുടെ മുടി ചീകി ഒരുക്കി കൊടുത്തു… പെൺകുട്ടികളായാൽ കുറച്ചൊക്കെ ഒരുങ്ങി നടക്കണമെന്നാണ് ആനിയുടെ അഭിപ്രായം… ആനി ഐലൈനർ ഒക്കെ മാറ്റിവെച്ച് കണ്മഷി വെച്ച് കണ്ണ് എഴുതി കൊടുത്തു… ചെറിയ ചമ്മൽ ഉണ്ടെങ്കിലും അന്ന എല്ലാം പുഞ്ചിരിയോടെ നിന്നു കൊടുത്തു…. കുഞ്ഞുനാളിൽ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങളാണ് ഇതൊക്കെ… അമ്മ മുടി ചീകി തരുന്നതും കണ്ണെഴുതി പൊട്ടു തൊട്ടു തരുന്നതും സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ തനിക്ക് വേണ്ടി കാത്തിരുന്ന് പലഹാരങ്ങൾ ഉണ്ടാക്കി തരുന്നതും ഒക്കെ എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു… ഇതൊക്കെ കണ്ടുകൊണ്ട് നിന്ന വെല്യമ്മച്ചി അന്നയുടെ മുടി വളരാൻ ഏതെണ്ണ കാച്ചണമെന്ന് ആലോചിക്കുകയായിരുന്നു.. കാർ വന്നതും അവരതിൽ കയറി പോയി..
ഇടയ്ക്കുവെച്ചു മാലിനിയും കയറി.. ആഷ് കളർ ഉള്ള തുഷാർ സിൽക്കിന്റെ ഒരു സാരിയും പതിവുപോലെ കോളർ ഉള്ള എംബ്രോയിഡറി ചെയ്ത ബ്ലൗസും ആണ് ആനി ധരിച്ചിരുന്നത്.. ഇളംമഞ്ഞ കളർ ഉള്ള ചെറിയ എംബ്രോയ്ഡറി വർക്കുള്ള ഒരു സിമ്പിൾ അനാർക്കലിയാണ് അന്ന ധരിച്ചിരുന്നത്… എങ്കിലും നേരത്തെതിനേക്കാളും ഡ്രസിങ്ങിലൊക്കെ ഒരു വ്യത്യാസം ഉണ്ടായിരുന്നു.. എന്നും ധരിച്ചിരുന്ന സിമ്പിൾ ചെയിനും കുഞ്ഞിക്കാപ്പുമൊക്കെ മാറ്റി വേറൊരു സിമ്പിൾ ചെയ്നും കുഞ്ഞിക്കാപ്പും ഒക്കെ ധരിച്ചിട്ടുണ്ട്..പഴയതിലും തിളക്കവും ഭംഗിയും പ്രസരിപ്പും സന്തോഷവും ഒക്കെ രണ്ടുപേരുടെ മുഖത്തും കാണുന്നുണ്ടായിരുന്നു… മാഡം.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. മാലിനിയുടെ ശബ്ദം രണ്ടുപേരെയും ചിന്തയിൽ നിന്നുണർത്തി.. കഴിഞ്ഞ ദിവസം പെണ്ണ് കാണാൻ ആള് വന്നിട്ടുണ്ടായിരുന്നു.. ആഹാ.. എന്നിട്ടോ.. ആനിക്ക് ഉത്സാഹമായി. രണ്ടുകൂട്ടർക്കും ഇഷ്ടപ്പെട്ടു..
ഏകദേശം ഉറപ്പിച്ച മട്ടാ.. മാഡം അറിയുന്ന ആള..കാണാൻ വന്നപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.. ആണോ..അതാരാ.. അത് പിന്നെ ടെക്സ്റ്റൈൽസിലെ അക്കൗണ്ടന്റ് മനോജ് ചേട്ടൻ.. മാലിനി ചെറിയ ചമ്മലോടെ പറഞ്ഞു.. ഏഹ്.. നേരോ… ആഹാ… കൊള്ളാലോ…മനോജ് നല്ല പയ്യനാ… അപ്പൊ പിന്നെ കല്യാണം കഴിഞ്ഞാലും മാലിനി എന്റെ അടുത്ത് തന്നെ ഉണ്ടാവുമല്ലോ.. ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. കേട്ടോ അന്നാ… ഈ കല്യാണം നമുക്ക് അടിച്ചുപൊളിക്കണം കേട്ടോ.. ആനി അന്നയോട് പറഞ്ഞു. അന്ന ചിരിയോടെ സമ്മതം മൂളി ..ആനിയും മാലിനിയും പിന്നീട് ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ അന്ന പുറത്തേക്ക് ചിരിയോടെ നോക്കിയിരുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ ആണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്..
കാറിൽ നിന്നിറങ്ങിയ അവർ രണ്ടുപേരും ഹോസ്പിറ്റലിലേക്ക് പോകുന്നതും അവരുടെ മുഖത്തെ ചിരിയും സന്തോഷവും കൈപിടിച്ചുള്ള നടപ്പും ഒക്കെ ഒന്ന് കാണേണ്ടതായിരുന്നു… എല്ലാവരും ഒളിഞ്ഞും തിരിഞ്ഞും അവരെ നോക്കുനിന്നിരുന്നു.. അത്രയ്ക്ക് രസമായിരുന്നു അവർ രണ്ടുപേരും കൂടി പുഞ്ചിരിച്ചു കൊണ്ടുള്ള ആ വരവ്.. മുമ്മുനെ കുറച്ചുദിവസം തന്റെ കൂടെ വീട്ടിൽ വിടണം എന്ന് വനജയോട് അന്ന ചോദിച്ചു…വനജ സമ്മതിക്കുകയും ചെയ്‌തു…പിന്നീടുള്ള ദിവസങ്ങൾ എല്ലാം അവരുടേതായിരുന്നു…. കുറച്ചുദിവസത്തേക്ക് ടോമിച്ചനും റീനയും അങ്ങോട്ട് വരാത്തത് പലരും ശ്രദ്ധിച്ചു…
റീന.. രാത്രിയിൽ കിടക്കാൻ തുടങ്ങിയ റിനയെ ടോമിച്ചൻ വിളിച്ചു. എന്താ.. നിനക്ക് ദേഷ്യവും ടെൻഷനും ഒക്കെ ഉണ്ടെന്നറിയാം..പക്ഷെ അവരോട് പ്രശ്നമൊന്നും ഉണ്ടാക്കരുത്.. ഓഹോ… മുൻഭാര്യയോടും മകളോടും സിംപതിയാണോ… അതൊ പേടിയാണോ.. അതോ ഇനി സ്വന്തം മകൾ മുന്നിൽ വന്നു നിന്നപ്പോൾ മനസ്സലിഞ്ഞോ.. നീ എന്തെങ്കിലും വിചാരിക്ക്…..എനിക്ക് ഒന്നുമില്ല.. തൽക്കാലം ഒന്നിനും അങ്ങോട്ട് പോകരുതെന്നാണ് ഞാൻ പറഞ്ഞത്… എനിക്ക് എന്തായാലും ഒന്നിനും താല്പര്യം ഇല്ല.. അഹ്… അതാ ഞാൻ പറഞ്ഞത് നിങ്ങൾക്ക് നല്ല മാറ്റം ഉണ്ട്…. റീന വൈരാഗ്യത്തോടെ പറഞ്ഞു. സ്റ്റേഷനിൽ എനിക്ക് പരിചയമുള്ള ഒന്ന് രണ്ട് പോലീസുകാരുണ്ട്..അവരു വഴി ഒരു കാര്യം അറിഞ്ഞു.. മറിയാമ്മയുടെ പേരിൽ ഒരു കേസ് ഉണ്ടല്ലോ… അത് വെറും കേസ് അല്ല.. മറിയാമ്മയ്ക്ക് അന്നയോട് എന്തെങ്കിലും മുൻവൈരാഗ്യമോ പകയോ ആരുടെയെങ്കിലും പ്രേരണയോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും തന്റെ മകൾക്ക് ജീവനിൽ ആപത്ത് ഉണ്ടോ എന്ന് സംശയമുണ്ട് എന്നുമാണ് അവൾ കേസ് കൊടുത്തിരിക്കുന്നത്.. മാത്രമല്ല കേസ് അന്വേഷണം തൽക്കാലം ഇല്ല എന്നുമാണ് അറിയാൻ കഴിഞ്ഞത്…
അതിന്റെ അർത്ഥം എപ്പോ വേണേലും കേസ് റീ സ്റ്റാർട്ട് ചെയ്യാമെന്ന്…. അതുകൊണ്ടാണ് നിന്നോട് അടങ്ങിയിരിക്കാൻ പറഞ്ഞത്… ഓഹോ… അതു കൊള്ളാമല്ലോ… അവൾ അത്രയ്ക്ക് ആയോ… അത് നമ്മളെ ഉദ്ദേശിച്ചായിരിക്കും അവൾ അങ്ങനെ ചെയ്യുന്നത്… ഇവിടെ ആരും അവളെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല… റീന കലിപ്പോടെ പറഞ്ഞു. ആ..അതുതന്നെയാ ഞാനും പറഞ്ഞത് അടങ്ങിയിരിക്കണം എന്ന്…മാത്രമല്ല നിന്റെ നാക്ക് വായിലിടുകയും ചെയ്യണം…. ആവശ്യമില്ലാതെ ഓരോന്നും വിളിച്ചു പറയരുത്.. ഇതാ ഞാൻ പറഞ്ഞത്…..നിങ്ങൾക്ക് അവളോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഇപ്പോ ഉണ്ടെന്ന്. എനിക്ക് ആരോടും ഒന്നും ഇല്ല… പിന്നെ ഞാൻ ഉപേക്ഷിച്ചത്… ഉപേക്ഷിച്ചത് തന്നെയാ.. ഇങ്ങോട്ട് ഒന്നിനും വരാത്തിടത്തോളം കാലം ഞാനും ഇനി ഒന്നിനും പോവില്ല.. ഇങ്ങോട്ട് വന്നാൽ അങ്ങോട്ട് തിരിച്ചടിക്കുക തന്നെ ചെയ്യും.. നീ കിടക്കാൻ നോക്ക്.. എന്ന് പറഞ്ഞ് അയാൾ ഫോൺ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി. റീന ഓരോന്ന് ആലോചിച്ചിരുന്നതും പെട്ടെന്ന് റീനയുടെ ഫോൺ ബെൽ അടിച്ചു.. നോക്കിയപ്പോൾ അൺനോൺ നമ്പർ… റീന കട്ട് ചെയ്തു.. എങ്കിലും ഫോൺ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.. മൂന്നാല് പ്രാവശ്യം ആയപ്പോൾ അവൾ ഫോണെടുത്തു..കാരണം ടോമിച്ചൻ പുറത്ത് എവിടെയോ നിന്ന് ഫോൺ ചെയ്യുകയാണ്….എങ്ങാനും കണ്ടാൽ സംശയം തോന്നും… മാത്രമല്ല വിളിക്കുന്നത് മിക്കവാറും അയാൾ തന്നെ ആയിരിക്കും… ഇതെങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിച്ചേ പറ്റൂ… റീന കോൾ എടുത്തു.
📞ഹലോ… 📞ഹലോ..ആരാണ്… 📞 ആരാണെന്ന് റീനക്ക് മനസ്സിലായില്ലേ…ഞാൻ സതീശനാണ്.. നീയെന്താ ഫോൺ വിളിച്ചാൽ എടുക്കാത്തത്….. ഞാൻ നിന്നെ എത്ര വിളിച്ചുന്ന് അറിയോ..എത്ര സിം മാറ്റി മാറ്റി വിളിച്ചു… 📞 അത്… അതിന്… നിങ്ങൾ വിളിക്കുമ്പോൾ ഞാൻ എന്തിന് എടുക്കണം.. ഞാനും നിങ്ങളുമായി ഒരു ബന്ധവുമില്ല…..ദയവുചെയ്ത് എന്നെ വിളിക്കല്ല്.. 📞 എന്താ…എന്താ പറഞ്ഞെ?.. ഒരു ബന്ധവുമില്ലേ…. നമ്മൾ തമ്മിൽ…അത് കേട്ടതും റീനയുടെ ചങ്കിടിച്ചു… അപ്പോൾ പേടിച്ചത് തന്നെ സംഭവിക്കുകയാണ്.. 📞അത്…പിന്നെ….അത് പിന്നെ…എന്നെ ഉപേക്ഷിച്ചവരെ ഞാനും ഉപേക്ഷിച്ചു.. ദയവുചെയ്ത് ഇനി എന്നെ വിളിക്കരുത്.. 📞ഇല്ല… ഇനി വിളിക്കില്ല… എത്രയും പെട്ടെന്ന് നമ്മൾ നേരിൽ കാണും…… ഞാൻ നാട്ടിലേക്ക് വരികയാണ്…അതും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു…
റീനയ്ക്ക് ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും പറ്റാതെ നിന്നു പോയി.. ഇനി എന്ത് ചെയ്യും.. ഇതുവരെ കെട്ടിപ്പടുക്കിവെച്ചതെല്ലാം തകർന്നടിയാൻ പോകുന്നു.. അവർ വല്ലാത്ത ഭയത്തോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. നിനക്ക് ഇതുവരെ കിടക്കാറായില്ലേ…. അല്ല നീ എന്താ വിയർക്കുന്നത്.. നിനക്കെന്തു പറ്റി…മുഖമൊക്കെ എന്തോ പോലെ.. റൂമിലേക്ക് വന്ന ടോമിച്ചൻ റീനയോട് ചോദിച്ചു. എന്ത്…. എനിക്കൊന്നും പറ്റിയില്ല ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു… അതാ..റീന മുഖത്തെ ഭാവം മാറ്റിക്കൊണ്ട് പറഞ്ഞു. ആ…എന്നാ നിനക്ക് സന്തോഷമുള്ള ഒരു കാര്യം പറയാം.. സുമിയുടെ കാര്യം നമുക്ക് ഇനി ആലോചിച്ചു വേഗം നടത്തിയേക്കാം… ഞാൻ ജോസേട്ടനോട് ഒന്ന് ചോദിക്കാം..എബിന്റെ കാര്യം.. അവർക്ക് ഇഷ്ടമാണോ എന്ന് അറിയണ്ടേ.. എന്നാൽ പിന്നെ നാളെ തന്നെ പോയി ചോദിക്ക്…..വേഗം നടത്തിയേക്കാം..റീന സന്തോഷത്തോടെ പറഞ്ഞു. റീനക്ക് അത് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒരു വഴി തെളിഞ്ഞു കിട്ടിയത് പോലെ.. അവളുടെ കാര്യം വേഗം കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല….അതാവുമ്പോൾ റിസ്ക് കുറയും… അല്ലെങ്കിൽ എല്ലാം അവതാളത്തിൽ ആവും.. അവർ ഓരോന്ന് കണക്കുകൂട്ടി. തുടരും….

by