രചന : ശ്രീനിധി
നീരവ് എഴുന്നേറ്റ് പുറത്തേക്ക് പോയി, വേണുവിനെ ഒന്ന് നോക്കിയ ശേഷം നേത്രയും പുറത്തേക്ക് നടന്നു.മുറ്റത്തിന്റെ അറ്റത്തെ അത്തിമര ചുവട്ടിൽ നേത്രയേ കാത്ത് അക്ഷമനായി നിലക്കുകയായിരുന്നു നീരവ്, നേത്ര അടുത്ത് എത്തിയതും അവൻ അവൾക്ക് അഭിമുഖമായി നിന്നു. എടൊ താൻ ഒട്ടും പ്രതീക്ഷിച്ചുകാണില്ലെന്ന് എനിക്ക് അറിയാം, ഞാൻ തനിക്ക് ഒരു സൂചന പോലും തന്നിരുന്നില്ലല്ലോ” നീരവ് സംസാരത്തിന് തുടക്കമിട്ടു.എന്നാലും ഇത് മോശമായിപ്പോയി മാഷേ, എന്നോട് ഇത് നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഞാൻ മറുപടി അപ്പോഴേ തരില്ലായിരുന്നോ, ഇത്രയും പേരെ വെറുതെ ബുദ്ധിമുട്ടികണമായിരുന്നോ ” നേത്ര ചോദിച്ചു.
” താൻ എന്താ പറഞ്ഞുവരുന്നേ,തനിക്ക് എന്നെ ഇഷ്ടമല്ലേ ” നീരവ് ചോദിച്ചു.ഞാൻ പറയാൻപോകുന്ന കാര്യം കേട്ട് മാഷ്ക്ക് ഒന്നും തോന്നരുത് ” നേത്ര പറഞ്ഞു.അവളുടെ വാക്കുകൾ അവന്റെ ചങ്കിൽ തീകോരി ഇട്ടു.” എന്തായാലും താൻ പറഞ്ഞോ, അത് ഉൾകൊള്ളാൻ എനിക്ക് പറ്റും.ആദ്യം തന്നെ തന്റെ മനസ്സ് അറിയാൻ നിൽക്കാതെ ഇങ്ങനെ ഒരു കാര്യം എടുത്തുചാടി ചെയ്തതിന് ഞാൻ തന്നോട് സോറി പറയുന്നു” നീരവ് പറഞ്ഞു.എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല ” നേത്ര പറഞ്ഞു.
നേത്രയുടെ വാക്കുകൾ വളരെ വേദനയോടെയാണ് നീരവ് സ്വീകരിച്ചത്.തമ്മിൽ കണ്ടുമുട്ടിയത് അത്ര രസത്തിൽ അല്ലെങ്കിലും, പിന്നീട് നമ്മൾ നല്ല ബന്ധത്തിലായിരുന്നല്ലോ, താനുമായുള്ള അടുപ്പം എന്നുമുതലാണ് ഒരു പ്രണയമായി മാറിയതെന്ന് എനിക്ക് അറിയില്ല, എന്റെ ജീവിതത്തിൽ തനിക്ക് എന്തോ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് തോന്നി, എന്തായാലും ഒരു വിവാഹം വേണം, അത് എന്നെയും എന്റെ കുടുംബത്തെയും വളരെ നന്നായി അറിയുന്ന, മനസ്സിലാക്കാൻ പറ്റുന്ന ഒരാളാവണണമെന്ന് എനിക്ക് നിർബദ്ധമുണ്ടായിരുന്നു.
മറ്റാരേക്കാളും തനിക്ക് അത് കഴിയുമെന്ന് തോന്നി, ഞാൻ പോലും അറിയാതെ എന്റെ മനസ്സ് തന്നിലേക്ക് അടുക്കുന്നത് ഞാനും ഒരുപാട് വൈകിയാണ് തിരിച്ചറിഞ്ഞത്.
ആദ്യം ഈ കാര്യം സൂചിപ്പിച്ചത് അമ്മയോട്തന്നെയാണ്, അമ്മയാണ് കുമാർ സാറിനോട് സംസാരിക്കാൻ പറഞ്ഞത്.സർനോട് കാര്യം പറഞ്ഞപ്പോ വളരെ നല്ല റെസ്പോൺസ് ആയിരുന്നു.സാറാണ് വേണുസാറിനോട് കാര്യങ്ങൾ സംസാരിച്ചത്.ഞാൻ തന്നെയാണ് എല്ലാവരോടും പറഞ്ഞത് തത്കാലം ഇതൊന്നും തന്നോട് പറയേണ്ടെന്ന്, അവരൊക്കെ അതിന് കൂട്ടുനിന്നു.
എന്റെ ഭാഗത്താണ് തെറ്റ്, തന്റെ മനസ്സ് ഞാൻ അറിയണമായിരുന്നു, തനിക്കും എന്നെ ഇഷ്ടമാണെന്നാണ് ഞാൻ കരുതിയിരുന്നത്, എന്തായാലും സാരില്ല, എന്റെ ഓവർകോൺഫിഡൻസ് കാരണം ഒരുപാട് പേർക്ക് ബുദ്ധിമുട്ടായെന്ന് ഓർക്കുമ്പോഴാണ് ഒരു വിഷമം,ഞാൻ വേണുസാറിനോട് സംസാരിക്കാം, കാര്യം പറഞ്ഞാൽ സാറിന് മനസിലാകും ” നീരവ് പറഞ്ഞു.
” അല്ല മാഷേ നിങ്ങളുടെയൊക്കെ നാട്ടിൽ കല്യാണം കഴിക്കാൻ പോകുന്ന കുട്ടീടെ അച്ഛനെ സർ എന്നാണോ വിളിക്കാറ്….?ഇനി ഇപ്പോ അവിടെ അങ്ങനെ ആണെങ്കിൽ തന്നെ എന്റെ അച്ഛന് അത് ഇഷ്ടവാൻ ചാൻസില്ല ” നേത്ര നീരവിനെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.അയ്യോ അങ്ങനല്ലടോ സർ എന്ന് വിളിച്ചല്ലേ ശീലം അതുകൊണ്ട് ഞാൻ….. ” പകുതി പറഞ്ഞു വന്നപ്പോഴാണ് നേത്ര എന്താ പറഞ്ഞതെന്ന് അവന് മനസ്സിലായത്,
നീരവ് അത്ഭുതത്തോടെ നേത്രയേ നോക്കി.താൻ ഇപ്പോ എന്താ പറഞ്ഞേ……..” നീരവ് ചോദിച്ചു.
എന്റെ അച്ഛനെ ഈ സാറേന്നോ മാഷേന്നോ ഒന്നും വിളിക്കണ്ടെന്ന്, അച്ഛൻ…… അങ്ങനെ വിളിച്ചാൽ മതി ” നേത്ര പറഞ്ഞു.” താൻ എന്താ പറഞ്ഞുവരുന്നത് ” നീരവ് ചോദിച്ചു.”എനിക്ക് ഈ വിവാഹത്തിന് പൂർണ്ണ സമ്മതമാണ് “നേത്ര പുഞ്ചിരിയോടെ പറഞ്ഞു.ഹോ…….. തന്റെ സംസാരം കേട്ടപ്പോ ഞാൻ അങ്ങ് പേടിച്ച്പ്പോയി…….” നീരവ് പറഞ്ഞു.” അഹ് കുറച്ച് പേടിപ്പിക്കാൻവേണ്ടി തന്നെയാണ് അങ്ങനെ പറഞ്ഞത്, എല്ലാവരും കൂടി എന്നോട് മറച്ച് വച്ചില്ലേ, അപ്പോ പിന്നെ ചെറിയ ഒരു പണി ഞാനും തരേണ്ട ” നേത്ര ചോദിച്ചു.
” എന്തായാലും നല്ല പണിയായി പോയി……. കുറച്ച് സമയം ഞാൻ അങ്ങ് ഇല്ലാണ്ടായിപ്പോയി” നീരവ് പറഞ്ഞു.” എനിക്ക് അത് മനസ്സിലായി……
മാഷിനോട് എനിക്ക് അങ്ങനെ പ്രണയമൊന്നും ഇല്ല, പക്ഷെ നമ്മള് തമ്മിലുള്ള അടുപ്പം വെച്ച്, മാഷിനെ എനിക്ക് നന്നായി അറിയാം.പരസ്പരം അറിയുന്നവർ തമ്മിൽ വിവാഹം ചെയുന്നതിൽ തെറ്റില്ലല്ലോ, പിന്നെ ഇതുവരെ ഞാൻ വിവാഹത്തേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല, അതുകൊണ്ട് ആ ഒരു ലൈഫിനെപറ്റി ഞാൻ സ്വപ്നങ്ങളൊന്നും കണ്ടിട്ടില്ല, മാഷിനെ എല്ലാവർക്കും വലിയ ഇഷ്ട്ടാണ്, മാഷിന് എന്നെ മനസ്സിലാക്കാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം ” നേത്ര പറഞ്ഞു.
” എനിക്കും അങ്ങനെതന്നെയാണ് വിശ്വാസം.
സ്വപ്നങ്ങൾ കാണാനും, പരസ്പരം കൂടുതൽ അറിയാനും പ്രണയിക്കാനുമൊക്കെ ഇനിയും നമ്മുടെ മുന്നിൽ ഒരുപാട് സമയമുണ്ടല്ലോ “നീരവ് പറഞ്ഞു.
നേത്ര ഒരു പുഞ്ചിരിയോടെ അവനെ നോക്കി.
നമുക്ക് അകത്തേക്ക് പോവാം, ഒരുപാട് സമയമായി ഇങ്ങോട്ട് പോന്നിട്ട് ” നീരവ് അതേ ചിരിയോടെ പറഞ്ഞു.രണ്ടുപേരും ഉമ്മറത്തേക്ക് ചെല്ലുമ്പോൾ എല്ലാവരും പരസ്പരം കാര്യങ്ങളൊക്കെ പറഞ്ഞിരിക്കുവായിരുന്നു.എന്നാ നമുക്ക് ഇറങ്ങാം, ബാക്കി കാര്യങ്ങൾ ജാതകം നോക്കി ഡേറ്റ് കുറിച്ചിട്ടാവാം ” കുമാർ സർ പറഞ്ഞു.
” അങ്ങനെ ആവട്ടെ, ഞാൻ മോന്റെ ജാതകം കുമാർ സാറിനെ ഏല്പിക്കാം ” രാധാമണി പറഞ്ഞു.
വേണു, നമുക്ക് മറ്റന്നാൾ തന്നെ പോയി ജാതകം നോക്കി ഡേറ്റ് കുറിക്കാം ” കുമാർ പറഞ്ഞു. ശരി ” വേണു പറഞ്ഞു.രാധാമണി നേത്രയുടെ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു.”അമ്മ പോയിട്ടവരാട്ടോ, മോളെ അമ്മക്ക് ഒരുപാട് ഇഷ്ട്ടായി,കണ്ണൻ പറഞ്ഞ് മോളെക്കുറിച്ച് അമ്മക്ക് ഒരു സങ്കൽപം ഉണ്ടായിരുന്നു, ദാ ഇപ്പോ നേരിട്ട് കണ്ടപ്പോ അതുപോലെതന്നെ ഒരു മാറ്റവുമില്ല” രാധാമണി പറഞ്ഞു. മാഷ് പറഞ്ഞ്, എനിക്കും അമ്മയെ അറിയാം, ഒരിക്കൽ അമ്മയെ കാണാൻ വരണം എന്ന കരുതി ഇരിക്കുവായിരുന്നു” നേത്ര പറഞ്ഞ്.ഇനി ഇപ്പോ എന്നും കാണാലോ,അമ്മക്ക് ഒരു കൂട്ടുമായി ” കലേഷ് പറഞ്ഞു.
അവര് യാത്ര പറഞ്ഞു പോയതും, എല്ലാവരും ഉമ്മറത്ത് നിന്നും അകത്തേക്ക് കയറി.
ശ്രീജയും ഗോപികയും എല്ലാവർക്കും ചായ എടുത്തു.
ഊണ് മേശയുടെ ചുറ്റുമായി എല്ലാവരും ഇരുന്നു.
നല്ല പയ്യനാണ് അല്ലേ വേണുവേട്ടാ ” ശ്രീജ ചോദിച്ചു.അതേ……കുമാറും അത് തന്നെയാ പറഞ്ഞത്, നേത്രക്ക് ഇതിലും നല്ലൊരു പയ്യനെ നമുക്ക് കിട്ടാനില്ലെന്ന്, കുമാർ അങ്ങനെ വെറും വാക്ക് പറയാറില്ല, അതുകൊണ്ട് വേറെ ഒന്നും ചിന്തിക്കാനില്ല ” വേണു പറഞ്ഞു.ഇത് നേത്ര അറിയാതെയുള്ള ആലോചനയാണെന്ന് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല, ഇവര് രണ്ടാളുംകൂടി നമ്മുടെ കണ്ണിൽ പോടീ ഇടാൻ നോക്കുന്നതാ അമ്മേ ” ഗോപിക പറഞ്ഞു.
അയ്യോ അല്ല ഏട്ടത്തി, ഞാൻ അറിഞ്ഞിട്ടില്ല, എനിക്ക് അങ്ങനെ ഒന്നും ഇല്ല, ഞങ്ങള് നല്ല അടുപ്പത്തിലാണ് അതിൽ കൂടുതൽ ഒന്നുമില്ല ” നേത്ര പറഞ്ഞു.
” അത് വിശ്വസിക്കാൻ ഇത്തിരി പാടാണ്, എന്തായാലും കാര്യങ്ങൾ നിങ്ങൾ ഉദേശിച്ചപോലെ തന്നെ വന്നല്ലോ, സന്തോഷമായില്ലേ” ഗോപിക ചോദിച്ചു. അച്ഛാ……. ഈ ഏട്ടത്തി പറയും പോലെ ഒന്നും അല്ല, മാഷ് എന്നോട് ഇതേപറ്റി ഒന്നും പറഞ്ഞിട്ടില്ല “നേത്രപറഞ്ഞു.അതിനെന്താ………. ഇനി ഇപ്പോ അങ്ങനെയാണെങ്കിലും ഇവിടെ ആർക്കാ വിരോധം, നല്ല പയ്യൻ, നല്ല ജോലി, സാധാ കുടുംബം.ഇതിൽ കൂടുതൽ എന്താ വേണ്ടേ, നീ ഇവള് പറയുന്നതൊന്നും കേൾക്കണ്ട ” ആദി പറഞ്ഞു.
” എന്നാലും പെട്ടെന്ന് ഒരു കല്യാണം എന്ന പറയുമ്പോൾ, ചേച്ചിക്ക് ജോലി ആയിട്ട് മതിയായിരുന്നു ” ഋഷി പറഞ്ഞു.അത് ഇവള് പഠിച്ചില്ലെങ്കിലും നീരവ് പഠിപ്പിച്ചോളും, ആ കാര്യത്തിലൊക്കെ നീരവിന് ശ്രദ്ധയുണ്ട് ” ആദി പറഞ്ഞു.അവരെ ആകെ ഈ ഒരു കാര്യം മാത്രമാണ് പറഞ്ഞത്,അത് അംഗീകരിച്ചില്ലെങ്കിൽ മോശം അല്ലേ, എന്തായാലും ഞങ്ങള് അടുത്ത ദിവസം പോയി ഒരു ഡേറ്റ് എടുക്കാം, എന്നിട്ട് ബാക്കി തീരുമാനിക്കാം ” വേണു പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ട് ദിവസങ്ങൾക്ക് ശേഷം ജാതകം നോക്കാൻ എത്തിയതായിരുന്നു വേണും കുമാറും.
ജാതകങ്ങൾ ചേർത്ത് വച്ച് എന്തോ ചിന്തിച്ചിരിക്കുന്ന തിരുമേനിയെ കണ്ടതും വേണുവിന് എന്തോ പന്തികേട് തോന്നി. എന്താ തിരുമേനി……… ജാതകം നോക്കിട്ട് എന്താ ” വേണു ചോദിച്ചു. അത് മാഷേ………ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല, ചേരാൻ പാടില്ല ” അദ്ദേഹം പറഞ്ഞു.വേണു കുമാറിനെ നോക്കി.എന്താ തീരുമേനി കാര്യം ” കുമാർ തിരക്കി.ഈ പയ്യന്റേത് ശുദ്ധജാതകമാണ്,പെൺകുട്ടിയുടേത് പാപജാതകവും, മാത്രല്ല കുട്ടിക്ക് ചൊവ്വാദോഷവും കാണുന്നുണ്ട്. അതുകൊണ്ട് ഈ ജാതകക്കാര് തമ്മിൽ വിവാഹം ചെയ്താൽ പയ്യന് ആയുസ്സ് ഉണ്ടാവില്ല, കുട്ടിക്ക് വിധവയാവേണ്ടി വരും” അദ്ദേഹം പറഞ്ഞു.
വേണു നിസ്സഹായനായി കുമാറിനെ നോക്കി.
ഇതിന് എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുവോ ” കുമാർ തിരക്കി.ഇല്ല…… ഇത് തമ്മിൽ ചേർക്കാതിരിക്കുന്നതാണ് നല്ലത്.പിന്നെ ഇപ്പഴത്തെ കാലത്ത് ആരും ഇതൊന്നും നോക്കില്ല, മാഷിനെ അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്, ബാക്കി നിങ്ങളുടെ ഇഷ്ടം ” അദ്ദേഹം പറഞ്ഞു.
ജാതകങ്ങൾ തിരികെ വാങ്ങി അവിടെ നിന്ന് ഇറങ്ങുമ്പോൾ വേണുവിന്റെ മനസ്സ് ആസ്വസ്ഥമായിരുന്നു.വേണു……നമുക്ക് വേറെ ഒരാളെ കൂടി കണ്ടാലോ, ഒരു അഭിപ്രായം കൂടി അറിയുന്നത് നല്ലതല്ലേ ” കുമാർ ചോദിച്ചു.
” ഹേയ്……. ഇദ്ദേഹം വളരെ അറിവുള്ള മനുഷ്യനാണ്, എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ പറഞ്ഞേനെ, അതുകൊണ്ട് വേറെ ആരെങ്കിലും കാണുന്നതിൽ ഗുണമുണ്ടെന്ന് തോന്നുന്നില്ല ” വേണു പറഞ്ഞുഇനി ഇപ്പോ എന്താ ചെയ്യുക” കുമാർ തിരക്കി അദ്ദേഹം പറഞ്ഞത് നീയും കേട്ടില്ലേ, എല്ലാം അറിഞ്ഞുവച്ചുകൊണ്ട് നമ്മൾ കുട്ടികളെ ഒരു അപകടത്തിലേക്ക് വിടണോ….? അതിന് എനിക്ക് കഴിയില്ല “വേണു പറഞ്ഞു.അത് നീ പറഞ്ഞത് നേരാ…….ഇതിപ്പോ എല്ലാവരും വിവാഹത്തിന് വേണ്ടി കാത്തിരിക്കുവല്ലേ, അവരോടൊക്കെ നമ്മള് എന്ത് പറയും, കുട്ടികളുടെ മനസ്സിലും പ്രീതിക്ഷ വളർന്ന് കാണില്ലേ ” കുമാർ പറഞ്ഞു.
” അതാ ഞാനും ആലോചിക്കുന്നേ…….
എന്തായാലും പറയാതിരിക്കാൻ കഴിയില്ലല്ലോ, നമുക്ക് അവരോട് പറയാം നീട്ടികൊണ്ട് പോവുന്നതിൽ അർത്ഥമില്ല ” വേണു പറഞ്ഞു.ഞാൻ നീരവിനോട് കാര്യം പറയാം, നീ എന്തായാലും ഇപ്പോ ആരോടും പറയണ്ട, വീട്ടിൽ ചെന്നിട്ട് സമാധാനത്തോടെ പറയാം. ഇപ്പോ സ്കൂളിലേക്ക് പോകാൻ നോക്ക് ” കുമാർ പറഞ്ഞു.രണ്ടുപേരും സ്കൂളിലേക്ക് മടങ്ങി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓഫീസിൽ എത്തിയ കുമാറിന്റെ മനസ്സ് മുഴുവൻ, കാര്യം എങ്ങനെ നീരവിനോട് പറയുമെന്നുള്ളതായിരുന്നു. നീരവിന് താൻ ഒരു ഹെഡ് മാസ്റ്റർ മാത്രമായിരുന്നില്ല അവന്റെ അച്ഛന്റെ സ്ഥാനമാണ് തനിക്ക് തരുന്നത്, അതുകൊണ്ട് വൈകിപ്പിക്കാതെ കാര്യം അവനോട് പറഞ്ഞേ പറ്റു എന്ന് കുമാർ മനസ്സിൽ ഉറപ്പിച്ച്,നീരവിനെ റൂമിലേക്ക് വിളിച്ചു വരുത്തി.റൂമിലേക്ക് വന്ന നീരവ് കാണുന്നത്, ആസ്വസ്ഥനായി ഇരിക്കുന്ന കുമാറിനെയാണ്. എന്ത് പറ്റി, സാറിന്റെ മുഖത്ത് എന്താ ഒരു ടെൻഷൻ” നീരവ് തിരക്കി.
“അത്……. ഞങ്ങള് ഇന്ന് നിങ്ങളുടെ ജാതകം നോക്കാൻ പോയിരുന്നു ” കുമാർ പറഞ്ഞു.എന്നിട്ട് എന്തായി, ഡേറ്റ് എടുത്തോ…..” നീരവ് തിരക്കി.
ഇല്ല…….. അതിൽഒരുപ്രശ്നമുണ്ട്…..നിങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ല ” കുമാർ പറഞ്ഞു. ജാതകം ചേരിലെന്നോ….. ” ഈ കാലത്ത് ആരെങ്കിലും ജാതകമൊക്കെ നോക്കുവോ സർ” നീരവ് ചോദിച്ചു.കുമാർ നടന്നതൊക്കെ നീരവിനോട് പറഞ്ഞു.ഇങ്ങനെയൊക്കെ കേട്ടിട്ട് വേണുവിന് നല്ല വിഷമമുണ്ട്, അതുകൊണ്ട് ഇത് നമുക്ക് ഇവിടെ വച്ച് അവസാനിപ്പിക്കാമെന്നാണ് വേണു പറഞ്ഞത് ”
കുമാർ പറഞ്ഞു വേണു മാഷിനെ ഞാൻ പോയി കണ്ട് സംസാരിക്കാം, എനിക്ക് ഈ ജാതകത്തിലും സമയത്തിലുമൊന്നും വിശ്വാസമില്ല” നീരവ് പറഞ്ഞു.
” നിനക്ക് വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ, അവർക്ക് അതിൽ വിശ്വാസമാണ് ” കുമാർ സർ പറഞ്ഞുആയിക്കോട്ടെ എങ്കിലും ഞാൻ ഒന്ന് സംസാരിക്കാം, വൈകുന്നേരം നമുക്ക് ഒരുമിച്ച് പോവാം വേണു മാഷിന്റെ അടുത്തേക്ക് ” നീരവ് പറഞ്ഞു.നീ ഇങ്ങനെ പറയുന്ന സ്ഥിതിക്ക് വേണുവിനെ പോയി കണ്ട് സംസാരിക്കാം, പക്ഷെ ഞാനായിട്ട് വേണുവിനെ നിർബന്ധിക്കില്ല ” കുമാർ സർ പറഞ്ഞു.ശരി…… വേണു മാഷിനെ ഒന്ന് വിളിച്ച് പറഞ്ഞേക്ക്, നമുക്ക് പോയി കാണാം ” നീരവ് പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വൈകുനേരം ഇന്ത്യൻ കോഫി ഹൌസിൽ, ഒരു ടേബിളിന്റെ ചുറ്റും ഇരിക്കുകയായിരുന്നു നീരവും വേണുവും കുമാർ സാറും.മോനെ…… കുമാർ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ,ഇതൊക്കെ അറിഞ്ഞു വച്ചുകൊണ്ട് ഞാൻ എങ്ങനാ നിങ്ങളുടെ കല്യാണം നടത്തുന്നേ, നമുക്ക് ഇത് ഇവിടെ വച്ച് അവസാനിപ്പിക്കാം, അതാണ് രണ്ടുപേർക്കും നല്ലത് ” വേണു പറഞ്ഞു. എന്റെ പൊന്ന് മാഷേ, നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്, ഇപ്പൊ ആരെങ്കിലും ഈ ജാതകമൊക്കെ നോക്കുവോ.ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല.
നമ്മുടെ കർമ്മങ്ങളാണ് നമ്മുടെ മുന്പോട്ട് ഉള്ള ജീവിതം നിശ്ചയിക്കുന്നതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരാള് പറഞ്ഞതുകൊണ്ട് മാത്രം ഒന്നും സംഭവിക്കാൻ പോകുന്നില്ല, വെറുതെ ഇതിന്റെ പേരിൽ നേത്രയേ എന്നിൽനിന്ന് അകറ്റരുത് ” നീരവ് പറഞ്ഞു.
” നിങ്ങള് പുതിയ പിള്ളാരാണ്, നിങ്ങൾക്ക് ചിലപ്പോ ഇതിൽ വിശ്വാസം കാണില്ല, പക്ഷെ ഞാൻ അങ്ങനെ അല്ല ഇതിലൊക്കെ അല്പം വിശ്വസിക്കുന്ന ആളാണ്, അതുകൊണ്ട് ഈ വിവാഹം നടത്താൻ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട് ” വേണു പറഞ്ഞു. ശരി……. മാഷ് പറഞ്ഞത് ഞാൻ അംഗീകരിക്കാം…..ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ നാളെ നേത്രക്ക് വേണ്ടി മാഷ് വേറെ ഒരാളെ കണ്ടുപിടിച്ചു എന്ന് ഇരിക്കട്ടെ, ഈ പറയുന്ന ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന് കരുതിക്കോ,പക്ഷെ ആ അയാളോടൊപ്പം നേത്ര സന്തോഷത്തോടെ ജീവിക്കുമെന്ന് മാഷിന് ഉറപ്പ് പറയാൻ പറ്റുവോ…..?അയാൾക്ക് ദീർഘായുസ്സ് ഉണ്ടാവുമെന്ന് ഉറപ്പ് തരാൻ കഴിയുവോ…… ” നീരവ് ചോദിച്ചു.
” അതിപ്പോ………. ” വേണു പറഞ്ഞു തുടങ്ങിയതും നീരവ് ഇടക്ക് കയറി.പറ്റില്ല അല്ലേ…….. എല്ലാം ഇത്രേ ഉള്ളൂ…..ഒന്നിന്നും നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല , നമ്മൾ എത്രയൊക്കെ തടയാൻ ശ്രമിച്ചാലും വരാൻ ഉള്ളത് വരും.എന്റെ അച്ഛനും അമ്മയും ഈ ജാതകം നോക്കി കല്യാണം കഴിച്ചവരാണ്, എന്നിട്ട് എന്തുണ്ടായി ജീവിതം ഒന്നുമാകുന്നതിന് മുൻപ് തന്നെ അച്ഛൻ ഞങ്ങളെ വിട്ട് പോയില്ലേ,അവര് തമ്മിൽ പത്തിൽ പത്ത് പൊരുത്തമായിരുന്നു അന്നത്തെ ജ്യോത്സ്യൻ പറഞ്ഞത്. ആ പൊരുത്തം കൊണ്ട് അച്ഛന്റെ ആയുസ്സ് പിടിച്ച് നിർത്താൻ പറ്റിയോ.
ഇതൊക്കെ ഇത്രയുള്ളു…അതുകൊണ്ട് മാഷ് അധികം ചിന്തിക്കാൻ നിൽക്കണ്ട, നേത്ര എന്റെ കൂടെ സന്തോഷത്തോടെ ജീവിക്കും. മാഷ് ഒന്ന് സമ്മതിക്ക്.
ഒന്നുമില്ലെങ്കിലും പുതിയ തലമുറക്ക് അറിവ് പകർന്ന കൊടുക്കുന്ന നമ്മൾ ഇങ്ങനെ അന്ധവിശ്വാസകൾ പ്രോത്സാഹിപ്പിക്കാൻ പാടില്ല ” നീരവ് പറഞ്ഞു.
വേണു ആകെ ആശയകുഴപ്പത്തിലായി.നീരവ് പറയുന്നതിലും കാര്യമുണ്ടെന്ന് വേണുവിന് തോന്നി. മാഷേ…….നമ്മള് ഈ ജാതകംകൊണ്ട് വേറെ ഒരാളുടെ അടുത്ത് പോയാൽ അയാൾ വേറൊന്നാവും പറയുന്നത്,പത്ത് പേരെ കാണിച്ചാൽ പത്ത് കാര്യം പറയും.ശരിക്കും ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടെങ്കിൽ എല്ലാവരും ഒരു കാര്യം തന്നെ പറയേണ്ടേ……?നമ്മള് കുട്ടികളെ പഠിപ്പിക്കുന്നവരല്ലേ, പത്ത് പേര് കണക്കിലെ ഒരു ഇക്വേഷൻ വച്ച് ഒരു പ്രോബ്ലം ചെയ്താൽ പത്ത് പേർക്കും കിട്ടുന്നത് ഒരുത്തരമായിരിക്കില്ലേ, അതിന് കാരണം എന്താ അതിൽ ഒരു ലോജിക് ഉണ്ട്, വളരെ നാളത്തെ പഠനങ്ങൾക്ക് ശേഷം കണ്ടെത്തിയ യൂണിവേഴ്സൽ ഫോർമുലയാണ്. അതുപോലെ എന്തെങ്കിലും ഒരു ലോജിക് ഈ പറയുന്ന കാര്യത്തിൽ ഉണ്ടെങ്കിൽ എല്ലാവരും ഒന്ന് തന്നെ പറയേണ്ടേ, അതാ ഞാൻ പറഞ്ഞത് ഇതിലൊന്നും കാര്യമില്ലെന്ന്, നേത്രയേ എനിക്ക് തന്നുടെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം ” നീരവ് വേണുവിന്റെ കൈകളിൽ പിടിച്ചു.
” മോനെ…….നിന്നെ എനിക്ക് വലിയ ഇഷ്ട്ടാണ്, നിന്നെക്കാൾ നല്ലൊരു വരനെ ഇനി എനിക്ക് നേത്രക്ക് വേണ്ടി കണ്ടെത്താൻ കഴിയുമോ എന്നും അറിയില്ല, പക്ഷെ ” വേണു ഒന്ന് നിർത്തി. ഒരു പക്ഷെയുമില്ല……. ഇതൊക്കെ നമ്മള് തീരുമാനിക്കുന്നതാണ് ഞാൻ നേത്രക്ക് ചേരുന്നവനാണെന്ന് മാഷ്ക്ക് ഉറപ്പുണ്ടല്ലോ, അപ്പോ പിന്നെ വേറെ ചിന്തിക്കണ്ട ” നീരവ് പറഞ്ഞു.വേണു കുമാറിനെ നോക്കി. ഞാൻ എന്താ വേണ്ടേ കുമാറേ” വേണു തിരക്കി.നമുക്ക് നാളെ ഒരാളെ കൂടി പോയി കാണാം അയാൾ എന്താ പറയുന്നതെന്ന് നോക്കാം, എന്നിട്ട് ഒരു തീരുമാനം എടുക്കാം ” കുമാർ പറഞ്ഞു.
വേണുവിന് ആ അഭിപ്രായം ശരിയാണെന്ന് തോന്നി.
നാളെ തന്നെ മറ്റൊരാളെ കാണാം എന്ന തീരുമാനത്തിൽ അവർ പിരിഞ്ഞു.
തുടരും
കരുതിയതാ, പക്ഷെ കുറച്ചൂടി ഉണ്ട് അതുകൊണ്ട് നാളെ തീർക്കാം ബോറാവുന്നില്ലലോ അല്ലേ
അഭിപ്രായം പറയണേ.

by